Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രണ്ടാമത് അനൗദ്യോഗിക ഇന്ത്യ-ചൈന ഉച്ചകോടി


1. പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ശ്രീ. സീ ജിന്‍പിങ്ങും 2019 ഒക്ടോബര്‍ 11, 12 തീയതികളില്‍ ചൈന്നൈയില്‍ തങ്ങളുടെ രണ്ടാമത് അനൗദ്യോഗിക ഉച്ചകോടി നടത്തി. 
2. സൗഹൃദപൂര്‍ണമായ അന്തരീക്ഷത്തില്‍ ഇരു നേതാക്കളും തമ്മില്‍ നടന്നത് ആഗോള, മേഖലാതല പ്രാധാന്യം അര്‍ഹിക്കുന്ന ഏറ്റവും ഗൗരവമേറിയതും ദീര്‍ഘകാലീനവും തന്ത്രപ്രധാന പരവുമായ വിഷയങ്ങള്‍ സംബന്ധിച്ച വീക്ഷണങ്ങളുടെ ആഴത്തിലുള്ള വിനിമയമാണ്. 
3. ദേശീയ വികസനം സംബന്ധിച്ച കാഴ്ചപ്പാടും പങ്കുവെക്കപ്പെട്ടു. 
4. ഇരുനേതാക്കളും ഉഭയകക്ഷി ബന്ധം ഗുണകരമായ വികസിക്കുന്നതു വിലയിരുത്തുകയും ആഗോളതലത്തില്‍ വര്‍ധിച്ചുവരുന്ന ഇരു രാജ്യങ്ങളുടെയും പങ്കിനെ പ്രതിഫലിപ്പിക്കുംവിധം ഇന്ത്യ-ചൈന ബന്ധം എങ്ങനെ വിപുലപ്പെടുത്താന്‍ സാധിക്കുമെന്നു ചര്‍ച്ച നടത്തുകയും ചെയ്തു. 
5. രാജ്യാന്ത സാഹചര്യം ശ്രദ്ധേയമായ പുനഃക്രമീകരണത്തിനു സാക്ഷ്യം വഹിക്കുകയാണെന്ന നിരീക്ഷണം ഇരുവരും പങ്കുവെച്ചു. നിയമാധിഷ്ഠിതമായ രാജ്യാന്തര ക്രമത്തിനു വിധേയമായി എല്ലാ രാജ്യങ്ങള്‍ക്കും വികസനം നേടിയെടുക്കാന്‍ സാധിക്കുന്ന ശാന്തവും സുരക്ഷിതവും അഭിവൃദ്ധി ആര്‍ജിക്കുന്നതുമായ ലോകത്തിനായി പ്രയത്‌നിക്കുക എന്ന പൊതുലക്ഷ്യമാണ് ഇന്ത്യയും ചൈനയും വെച്ചുപുലര്‍ത്തുന്നതെന്ന് അവര്‍ നിരീക്ഷിച്ചു. 
6. നിലവിലുള്ള രാജ്യാന്തര സാഹചര്യത്തില്‍ സ്ഥിരത നിര്‍ണയിക്കുന്ന ഘടകങ്ങളാണ് ഇന്ത്യയും ചൈനയും എന്നും ഇരു ഭാഗവും തമ്മിലുള്ള ഭിന്നതകള്‍ തര്‍ക്കത്തിലേക്കു നയിക്കപ്പെടുന്ന സാഹചര്യം സൃഷ്ടിക്കില്ലെന്നും 2018 ഏപ്രിലില്‍ ചൈനയിലെ വുഹാനില്‍ നടന്ന പ്രഥമ അനൗദ്യോഗിക ഉച്ചകോടിക്കിടെ കൈക്കൊണ്ട തീരുമാനം ഇരു നേതാക്കളും ആവര്‍ത്തിച്ചു. ആഗോള തലത്തില്‍ അംഗീകരിക്കപ്പെട്ട വ്യാപാര ക്രമത്തിലെയും വ്യവസ്ഥകളിലെയും ചില ഭാഗങ്ങള്‍ മാത്രം ചോദ്യംചെയ്യപ്പെടുന്ന അവസരത്തില്‍, നിയമാധിഷ്ഠിത ബഹുരാഷ്ട്ര വ്യാപാര സംവിധാനത്തെ പിന്‍തുണയ്ക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതു പ്രധാനമാണെന്ന് ഇരുപക്ഷവും അംഗീകരിച്ചു. എല്ലാ രാജ്യങ്ങള്‍ക്കും ഗുണകരമാകുന്ന, തുറന്നതും എല്ലാവരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതുമായ വ്യാപാര സംവിധാനം ഒരുക്കുന്നതിനായി ഒരുമിച്ചു നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയും ചൈനയും തുടരും. 
8. കാലാവസ്ഥാ വ്യതിയാനവും സുസ്ഥിര വികസന ലക്ഷ്യങ്ങളും ഉള്‍പ്പെടെയുള്ള ആഗോള വികസന വെല്ലുവിളികളെ നേരിടുന്നതിനായി തങ്ങളുടെ രാഷ്ട്രങ്ങള്‍ നടത്തിവരുന്ന പ്രധാന ശ്രമങ്ങള്‍ ഇരു പക്ഷവും ഉയര്‍ത്തിക്കാട്ടി. തങ്ങള്‍ നടത്തിവരുന്ന ശ്രമങ്ങള്‍ ലക്ഷ്യത്തിലേക്ക് എത്താന്‍ രാജ്യാന്തര സമൂഹത്തിനു സഹായകമാകുമെന്ന് ഇരുവരും ഊന്നിപ്പറഞ്ഞു.
9. ഭീകവാദം പൊതു ഭീഷണിയായി തുടരുന്നത് ഇരു നേതാക്കളെയും ആശങ്കയിലാഴ്ത്തുന്നു. വലിപ്പമേറിയതും വൈജാത്യങ്ങള്‍ നിറഞ്ഞതുമായ രാഷ്ട്രങ്ങളെന്ന നിലയില്‍, ലോകത്താകമാനം ഭീകരവാദ പ്രസ്ഥാനങ്ങള്‍ക്കു പരിശീലനമോ പണമോ പിന്‍തുണയോ ലഭ്യമാക്കുന്നതിനെതിരായ ചട്ടക്കൂട് ഒരു വേര്‍തിരിവുമില്ലാതെ രാജ്യാന്തര സമൂഹം ശക്തിപ്പെടുത്തുന്നു എന്ന് ഉറപ്പുവരുത്തുന്നതിനുള്ള സംയുക്ത ശ്രമം തുടരേണ്ടതിന്റെ പ്രാധാന്യം ഇരുപക്ഷവും തിരിച്ചറിഞ്ഞു. 
10. മഹത്തായ പാരമ്പര്യത്തോടുകൂടിയ പ്രധാന സമകാലിക സംസ്‌കാരങ്ങളെന്ന നിലയില്‍ ഇരു രാജ്യത്തെയും ജനതകള്‍ തമ്മിലുള്ള സാംസ്‌കാരിക വിനിമയം പ്രോല്‍സാഹിപ്പിക്കുന്നതിനായി ചര്‍ച്ചകള്‍ വര്‍ധിപ്പിക്കേണ്ടതു പ്രധാനമാണെന്ന് ഇരു നേതാക്കളും വിലയിരുത്തി. ചരിത്രത്തിലെ പ്രധാന സംസ്‌കാരങ്ങളെന്ന നിലയില്‍ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള സംസ്‌കാരങ്ങളും നാഗരികതകളുമായി വര്‍ധിച്ച രീതിയിലുള്ള ചര്‍ച്ചകളും തിരിച്ചറിവുകളും സാധ്യമാക്കുന്നതിനായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് ഇരുപക്ഷവും പരസ്പരം സമ്മതിച്ചു. 
11. മേഖലാതലത്തില്‍ അഭിവൃദ്ധിയും സുരക്ഷയും ഉറപ്പാക്കാന്‍ തുറന്നതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും അഭിവൃദ്ധി നിറഞ്ഞതും സുസ്ഥിരവുമായ സാഹചര്യം അനിവാര്യമാണെന്ന വീക്ഷണം ഇരുവരും പങ്കുവെച്ചു. പരസ്പരം ഗുണകരവും സമീകൃതവുമായ മേഖലാതല സമഗ്ര സാമ്പത്തിക പങ്കാളിത്തത്തിനുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കേണ്ടതിന്റെ പ്രാധാന്യം പരസ്പരം അംഗീകരിച്ചു. 
12. കഴിഞ്ഞ രണ്ടു സഹസ്രാബ്ദങ്ങളായി ഇന്ത്യയിലെയും ചൈനയിലെയും ജനങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന, വിശേഷിച്ചും കടല്‍മാര്‍ഗമുള്ള വ്യാപാര ബന്ധത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. ശതകങ്ങളായി തുടര്‍ന്നുവരുന്ന വിപുലമായ ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയും ഇന്ത്യയും തമ്മിലുള്ള നാവിക ബന്ധത്തെക്കുറിച്ചു ഗവേഷണം നടത്താന്‍ തീരുമാനിച്ചു. ഇതിനായി അജന്ത-ദുന്‍ഹോങ് മാതൃകയില്‍ തമിഴ്‌നാടും ഫ്യൂജിയന്‍ പ്രവിശ്യയും തമ്മില്‍ സഹോദര-സംസ്ഥാനങ്ങളെന്ന നിലയിലുള്ള ബന്ധം സ്ഥാപിക്കുന്നതിനും മഹാബലിപുരവും ഫ്യൂജിയന്‍ പ്രവിശ്യയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു പഠിക്കാന്‍ അക്കാദമി ആരംഭിക്കുന്നതിന്റെ സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നതിനും തീരുമാനിച്ചു. 
13. അതതു സമ്പദ്‌വ്യവസ്ഥകളുടെ വികാസത്തിനായുള്ള വികസന ലക്ഷ്യങ്ങള്‍ സംബന്ധിച്ചുള്ള കാഴ്ചപ്പാടുകള്‍ ഇരു നേതാക്കളും പങ്കുവെച്ചു. ഇന്ത്യയും ചൈനയും ഒരുമിച്ചു വികസിക്കുന്നതു പരസ്പരം ഗുണകരമായ അവസരങ്ങള്‍ ലഭ്യമാക്കുമെന്നു പരസ്പരം സമ്മതിച്ചു. ഇരുപക്ഷവും സൃഷ്ടിപരവും പ്രായോഗികവും തുറന്നതുമായ നിലപാടു കൈക്കൊള്ളുകയും സൗഹൃദവും പങ്കാളിത്തവും നിലനിര്‍ത്തി നയങ്ങളെ പരസ്പരം അംഗീകരിച്ചു മുന്നോട്ടുപോകുന്ന രീതി പുഷ്ടിപ്പെടുത്തുകയും ചെയ്യും. ഇതിനായി പരസ്പര താല്‍പര്യമുള്ള തന്ത്രപ്രധാനമായ കാര്യങ്ങള്‍ സംബന്ധിച്ച ആശയവിനിമയം വര്‍ധിപ്പിക്കാനും ചര്‍ച്ചകള്‍ക്കുള്ള സംവിധാനം പരമാവധി ഉപയോഗപ്പെടുത്തുകവഴി ഉന്നതതല വിനിമയങ്ങള്‍ വര്‍ധിപ്പിക്കാനും പരസ്പരം സമ്മതിച്ചു. 
14. ബന്ധങ്ങള്‍ ഗുണപരമായ ദിശയിലേക്കു മാറിയത് ഉഭയകക്ഷിബന്ധത്തെ പുതിയ ഉയരങ്ങളിലേക്കു കൊണ്ടുപോകാനുള്ള സധ്യതകള്‍ തുറന്നിടുന്നതായി നേതാക്കള്‍ വിലയിരുത്തി. ഈ ശ്രമത്തിന് ഇരു രാജ്യങ്ങളിലെയും ജനതകളുടെ പിന്‍തുണ ആവശ്യമാണെന്ന് അവര്‍ നിരീക്ഷിച്ചു. 2020 വര്‍ഷം ഇന്ത്യ-ചൈന സാംസ്‌കാരിക വിനിമയത്തിനും ജനങ്ങള്‍ തമ്മിലുള്ള വിനിമയത്തിനും ഉള്ള വര്‍ഷമായി മാറ്റിവെക്കാന്‍ ഇരുനേതാക്കളും തീരുമാനിച്ചു. 2020ല്‍ ഇന്ത്യ-ചൈന ബന്ധത്തിന്റെ 70ാം വാര്‍ഷികം ആഘോഷിക്കുമ്പോഴേക്കും നിയമനിര്‍മാണ സഭ, രാഷ്ട്രീയ പാര്‍ട്ടികള്‍, സാംസ്‌കാരിക-യുവജന സംഘടനകള്‍, സൈന്യങ്ങള്‍ എന്നീ മേഖലകളില്‍ പരസ്പരം വിനിമയം വര്‍ധിപ്പിക്കും. ഇരു സംസ്‌കൃതികളും തമ്മിലുള്ള ചരിത്രപരമായ ബന്ധം അന്വേഷിക്കുന്നതിനായുള്ള കപ്പല്‍യാത്രാ സമ്മേളനം ഉള്‍പ്പെടെ 70 പ്രവര്‍ത്തനങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 70ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. 
15. സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിനും വികസന പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനുമായി ഉന്നതതല സാമ്പത്തിക വ്യാപാര ചര്‍ച്ചാ സംവിധാനം രൂപീകരിക്കാന്‍ തീരുമാനിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, വാണിജ്യ ബന്ധവും വ്യാപാര സന്തുലനവും മെച്ചപ്പെടുത്തുക എന്നതാണു ലക്ഷ്യം. ഉല്‍പാദന പങ്കാളിത്തം വികസിപ്പിക്കുക വഴി തെരഞ്ഞെടുക്കപ്പെട്ട മേഖലകളില്‍ നിക്ഷേപം നടത്തുന്നതു പരസ്പരം പ്രോല്‍സാഹിപ്പിക്കാനും തീരുമാനിച്ചു. ഉന്നതതല സാമ്പത്തിക വ്യാപാര സംവാദത്തിന്റെ ആദ്യ യോഗത്തില്‍ ഈ ആശയം വികസിപ്പിച്ചെടുക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. 
16. അതിര്‍ത്തി ഉള്‍പ്പെടെ തീരുമാനിക്കപ്പെടാത്ത കാര്യങ്ങളെക്കുറിച്ചുള്ള ആശയങ്ങള്‍ ഇരു നേതാക്കളും പങ്കുവെച്ചു. പ്രത്യേക പ്രതിനിധികളുടെ പ്രവര്‍ത്തനത്തെ സ്വാഗതം ചെയ്ത ഇരുവരും 2005ല്‍ ഇരുപക്ഷവും അംഗീകരിച്ച രാഷ്ട്രീയ മാനദണ്ഡങ്ങളും മാര്‍ഗനിര്‍ദേശക തത്വങ്ങളും അടിസ്ഥാനമാക്കി നീതിപൂര്‍ണവും യുക്തവും ഇരുപക്ഷത്തിനും സ്വീകാര്യവുമായ, പരസ്പരം അംഗീകരിക്കാവുന്ന ചട്ടക്കൂട് നിര്‍മിക്കാനായി അവര്‍ നടത്തിവരുന്ന ശ്രമങ്ങള്‍ തുടരാന്‍ ആഹ്വാനം ചെയ്തു. അതിര്‍ത്തിപ്രദേശങ്ങളില്‍ സമാധാനം ഉറപ്പാക്കാനുള്ള ശ്രമം തുടരുമെന്നാണു മനസ്സിലാക്കുന്നതെന്ന് ഇരുവരും പ്രതികരിച്ചു. ഈ ലക്ഷ്യം മുന്‍നിര്‍ത്തി ആത്മവിശ്വാസം സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതലായി നടത്താന്‍ ഇരുപക്ഷവും തയ്യാറാകുമെന്നു തീരുമാനിക്കുകയും ചെയ്തു. 
17. ‘വുഹാന്‍ സ്പിരിറ്റ്’, ‘ചെന്നൈ കണക്റ്റ്’ എന്നിവയുടെ മാതൃകയിലുള്ള അനൗദ്യോഗിക ഉച്ചകോടികള്‍ നേതൃതലത്തിലുള്ള ചര്‍ച്ചകളുടെ ആഴം വര്‍ധിപ്പിക്കാനും പരസ്പരം തിരിച്ചറിയാനും ഉപകാരപ്പെടുന്നതായി പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് സീയും വിലയിരുത്തി. ഈ പ്രവര്‍ത്തനം തുടരാന്‍ പരസ്പരം സമ്മതിച്ചു. മൂന്നാമത് അനൗദ്യോഗിക ഉച്ചകോടിക്കായി ചൈന സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി മോദിയെ പ്രസിഡന്റ് സീ ക്ഷണിച്ചു. പ്രധാനമന്ത്രി മോദി ക്ഷണം സ്വീകരിക്കുകയും ചെയ്തു.