Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അടല്‍ ജല്‍ യോജനയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ


 

മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ശ്രീ രാജ്‌നാഥ് സിംഗ് ജി, ശ്രീ ഗജേന്ദ്ര ഷേഖാവത്ത് ജി, മറ്റ് വിശിഷ്ടാതിഥികളെ, ഇവിടെ സന്നിഹിതരായിരിക്കുന്ന മഹതികളെ, മഹാന്മാരെ!
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ നിരവധി പൊതുസേവന കേന്ദ്രങ്ങളില്‍ നിന്നുള്ള ജനങ്ങളെ, പ്രത്യേകിച്ച് ഈ സമയത്ത് ഞങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന ഗ്രാമങ്ങളിലെ അഞ്ച് സര്‍പഞ്ചുമാരെ.
കൂടാതെ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍ ജി, വനമന്ത്രി ശ്രീ ഗോവിന്ദ്‌സിംഗ് താക്കുര്‍ ജി, എം.പിയായ രാംപ്രസാദ് സ്വരൂപ് ശര്‍മ്മ എന്നിവരും സാങ്കേതിക വിദ്യയിലൂടെ ഈ പരിപാടിയുമായി ബന്ധപ്പെടുന്നുണ്ട്.
അടല്‍ജിയുടെ പ്രിയപ്പെട്ട ഗ്രാമത്തില്‍ നിന്നുള്ള കുറച്ച് ആളുകളും ഇതുമായി ബന്ധപ്പെട്ടിട്ടുണ്ട്. 
എല്ലാവര്‍ക്കും ആഭിവാദ്യങ്ങള്‍! ഞാന്‍ നിങ്ങളെയെല്ലാം സ്വാഗതം ചെയ്യുന്നു.
ഇന്ന് ഈ വേദിയില്‍ നിന്നുകൊണ്ട് ആദ്യമായി രാജ്യത്തേയും ലോകത്തേയും ജനങ്ങള്‍ക്ക് സന്തോഷകരമായ ക്രിസ്മസ് ആശംസിക്കുന്നു. ആനന്ദകരമായ ക്രിസ്മസ്!!!
ഇന്ന് ഇന്ത്യയുടെ രണ്ട് രത്‌നങ്ങളായ അടല്‍ജിയുടെയും മഹാത്മാ മദന മോഹന മാളവ്യജിയുടെയും ജന്മവാര്‍ഷികവുമാണ്.
രാജ്യത്തിന് വേണ്ടി ഞാന്‍ അവര്‍ക്ക് മുന്നില്‍ തലകുനിക്കുന്നു, അവര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു.
ഇന്ന് പ്രിനിയില്‍ അടല്‍ജിയുടെ സ്മരണയ്ക്കായി ഒരു ഹവന്‍ ചടങ്ങുണ്ടായിരുന്നതായി എനിക്ക് അറിയാന്‍ കഴിഞ്ഞു. മറ്റ് ചില പരിപാടികളും നടക്കുന്നുണ്ട്.
സുഹൃത്തുക്കളെ,
ഇന്ന് രാജ്യത്തിന് വളരെ പ്രാധാന്യമുള്ള ഒരു പ്രധാനപ്പെട്ട പദ്ധതി അടല്‍ജിയ്ക്കായി സമര്‍പ്പിക്കുകയാണ്.
ഹിമാചല്‍ പ്രദേശിനെ ലഡാക്കും ജമ്മു കാശ്മീരുമാരും അതോടൊപ്പം മണാലിയെ ലേഹുമായി ബന്ധിപ്പിക്കുന്ന റോഹ്താങ് തുരങ്കം ഇനി മുതല്‍ അടല്‍ ടണല്‍ എന്ന് അറിയപ്പെടും.
അടല്‍ജിയുടെ ജന്മവാര്‍ഷികത്തില്‍ ഗവണ്‍മെന്റില്‍ നിന്ന് ഹിമാചല്‍പ്രദേശിലെയും പ്രിനിയിലേയും ജനങ്ങള്‍ക്കുള്ള ഒരു ചെറിയ സമ്മാനമാണിത്.
ഈ തുരങ്കത്തിന്റെ പ്രധാന്യം മനസിലാക്കി ഇതിന്റെ നിര്‍മ്മാണത്തിന് വഴിയൊരുക്കിയത് അടല്‍ജിയാണ്.
ഈ തുരങ്കത്തിന് അടല്‍ജിയുടെ പേര് നല്‍കുന്നത് അദ്ദേഹത്തിന് ഹിമാചല്‍ പ്രദേശിനോടുള്ള സ്‌നേഹത്തിന്റെയും നിങ്ങള്‍ക്ക് അദ്ദേഹത്തോടുള്ള അതിയായ ബഹുമാനത്തിന്റെയും സ്‌നേഹത്തിന്റെയും അടയാളമാണ്.
സുഹത്തുക്കളെ,
അടല്‍ജി വളരെ പ്രാധാന്യം നല്‍കിയിരുന്നതും അദ്ദേഹത്തിന്റെ ഹൃദയവുമായി ചേര്‍ന്നുനിന്നിരുന്ന വിഷയവുമാണ് ജലം.
ജലം സംബന്ധിച്ച അദ്ദേഹത്തിന്റെ വീക്ഷണം ഇന്നും നമ്മെ പ്രചോദിപ്പിക്കുന്നു.
അടല്‍ ജല്‍ യോജനയോ അല്ലെങ്കില്‍ ജല്‍ ജീവന്‍ മിഷനുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളോ ആയിക്കോട്ടെ ഇതെല്ലാം 2024 ഓടെ രാജ്യത്തെ എല്ലാ കുടുംബങ്ങള്‍ക്കും ജലം നല്‍കുക എന്ന പ്രതിജ്ഞ നടപ്പാക്കുന്നതിനായി കൈക്കൊള്ളുന്ന നടപടികളുടെ തെളിവുകളാണ്.
സുഹൃത്തുക്കളെ,
കുടംബങ്ങളേയും, പാടങ്ങളേയും വ്യവസായങ്ങളേയും-എല്ലാത്തിനെയും ബാധിക്കുന്നതാണ് ഈ വെള്ളം
നമ്മുടെ ജലസ്രോതസിന്റെ സ്ഥിതി ആരില്‍ നിന്നും ഒളിച്ചുവച്ചിട്ടുമില്ല.
ഈ ജലപ്രതിസന്ധി ഒരു കുടുംബം എന്ന നിലയിലും ഒരു പൗരന്‍ എന്ന നിലയിലും മാത്രമല്ല ആശങ്കയുണ്ടാക്കുന്നത്, ഒരു രാജ്യം എന്ന നിലയില്‍ അത് വികസനത്തേയും ബാധിക്കുന്നുണ്ട്.
ജലപ്രതിസന്ധിയിലൂടെ ഉയര്‍ന്നുവരുന്ന ഏത് സ്ഥിതിവിശേഷത്തേയും നേരിടാന്‍ നവ ഇന്ത്യയെ നമുക്ക് തയാറാക്കേണ്ടതുണ്ട്.
ഇതിനായി നാം അഞ്ചുതലത്തില്‍ പ്രവര്‍ത്തിക്കുകയാണ്.
ആദ്യമായി ജലവുമായി ബന്ധപ്പെട്ട് വകുപ്പുകളുടെ ഗൂഢമായമനോനില തകര്‍ക്കേണ്ടതുണ്ട്.
രണ്ടാമതായി, ഇന്ത്യയെപ്പോലെ വൈവിദ്ധ്യമുള്ള ഒരു രാജ്യത്ത് ഓരോ പ്രദേശങ്ങളുടെയും അടിസ്ഥാനസാഹചര്യങ്ങള്‍ മനസിലാക്കികൊണ്ടുള്ള പദ്ധതികള്‍ രൂപീകരിക്കുന്നതിനാണ് നാം ഊന്നല്‍ നല്‍കുന്നത്.
മൂന്നാമതായി, ലഭ്യമായ ജലത്തിന്റെ ശരിയായ സംഭരണത്തിനും വിതരണത്തിനുമാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്.
നാലാമതായി, ഓരോ തുള്ളി വെള്ളത്തിന്റെയും ഉപയോഗവുമായി ബന്ധപ്പെട്ട പദ്ധതികളുടെ മുന്‍ഗണനവല്‍ക്കരണവും വെള്ളത്തിന്റെ പുനര്‍ചംക്രമണവും.
അഞ്ചാമതും ഏറ്റവും പ്രധാനമായും ബോധവല്‍ക്കരണവും പൊതുപങ്കാളിത്തവും.
സുഹൃത്തുക്കളെ,
തെരഞ്ഞെടുപ്പിന് മുമ്പായി, ജലത്തിന് സമര്‍പ്പിതമായി ജലശക്തി മന്ത്രാലയത്തെക്കുറിച്ച് നമ്മള്‍ സംസാരിച്ചപ്പോള്‍, ഇത് ഏത് തരത്തിലുള്ള വാഗ്ദാനമാണെന്ന് ചില ആളുകള്‍ ചിന്തിച്ചു.
എന്നാല്‍ ഇതിന്റെ ആവശ്യകതയെക്കുറിച്ച് വളരെ കുറച്ചുപേര്‍ മാത്രമേ ഈ ആവശ്യകതയെക്കുറിച്ച് ശ്രദ്ധിച്ചുള്ളു.
സുഹൃത്തുക്കളെ,
വര്‍ഷങ്ങളായി, ജലവുമായി ബന്ധപ്പെട്ട് നമുക്ക് നിരവധി പ്രശ്‌നങ്ങളുണ്ട്, അത് സ്രോതസായിക്കോട്ടെ, സംരക്ഷണമായിക്കോട്ടെ, പരിപാലനമായിക്കോട്ടെ-എല്ലാ പദ്ധതികളും പ്രവര്‍ത്തനങ്ങളും വ്യത്യസ്ത വകുപ്പുകളും മന്ത്രാലയങ്ങളുമാണ് കൈകാര്യം ചെയ്യുന്നത്.
ഇതാണ് ഞാന്‍ സ്ഥിരം സംസാരിക്കുന്ന ഇരുള്‍മൂടലിന്റെ ഒരുതരത്തിലുള്ള ഉദാഹരണമാണ്.
ഇതുകൊണ്ട്‌കേന്ദ്ര ഗവണ്‍മെന്റിന്റെ വിവിധ വകുപ്പുകളും മന്ത്രാലയങ്ങളും തമ്മിലും മറ്റുചിലസമയത്ത് കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ തമ്മിലും നിരന്തരം ഏറ്റുമുട്ടല്‍ ഉണ്ടാകുന്നുണ്ട്.
ഇതിന്റെ പോരായ്മ എന്തെന്നാല്‍, ഒരു സമഗ്രമായ സമീപനം പിന്തുടരേണ്ടത് അനിവാര്യമായ ജലംപോലെ അടിസ്ഥാന ആവശ്യമുള്ള ഒന്നിന്റെ കാര്യത്തില്‍ അത്തരമൊരു സമീപനം തുടരാന്‍ മുന്‍ ഗവണ്‍മെന്റുകളുടെ ഭരണകാലത്ത് കഴിഞ്ഞിരുന്നില്ല.
ജലശക്തിമന്ത്രാലയം ജലത്തിന്റെ ഈ പ്രശ്‌നത്തെ പല വിഭാഗങ്ങളായി സമീപിക്കുന്നതില്‍ നിന്നും പുറത്തുകൊണ്ടുവരികയും  സമഗ്രമായ ഒരു സമീപനത്തിന് ഊന്നല്‍ നല്‍കുകയും ചെയ്തു.
ഈ മണ്‍സൂണില്‍, സമൂഹവും ജലശക്തി മന്ത്രാലയവും ജലസംരക്ഷണത്തിന് വേണ്ടി സ്വീകരിച്ച വിശാലമായ പരിശ്രമങ്ങള്‍ നാം കണ്ടതാണ്.
സുഹൃത്തുക്കളെ,
ഞാന്‍ സംസാരിച്ച പ്രാദേശിക വൈവിദ്ധ്യം ജലവുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്ക് വളരെ പ്രധാനപ്പെട്ടതാണ്.
ഓരോ മൈലിലും ഇവിടെ ജലത്തിന് മാറ്റം സംഭവിക്കുയാണെന്ന് പറയാറുണ്ട്.
ഇത്രയധികം വൈവിദ്ധ്യമുള്ള, വിശാലമായ ഒരു രാജ്യത്ത് ഇപ്പോള്‍ ജലംപോലെയുള്ളൊരുവിഷയത്തെക്കുറിച്ച് പരിഗണിക്കുമ്പോള്‍, ഓരോ മേഖലയിലേയും ആവശ്യം മനസില്‍ സൂക്ഷിച്ചുകൊണ്ടുവേണം നമുക്ക് മുന്നോട്ടുപോകാന്‍.
ഈ ചിന്തയാണ് അടല്‍ ജല്‍ യോജനയ്ക്ക് അടിത്തറയിട്ടത്.
അതായത്,  എല്ലാ വീടുകളിലും പൈപ്പുവെള്ളം എത്തിക്കുന്ന ജല്‍ ജീവന്‍ മിഷന്‍ ഒരു ഭാഗത്തും ഭൂഗര്‍ഭജലനിരപ്പ് കുറവുള്ള മേഖലകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കുന്ന അടല്‍ ജല്‍ യോജന മറുവശത്തുമുണ്ടാകും.
മഹാരാഷ്ട്ര, ഹരിയാന, കര്‍ണ്ണാടക, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ്, ഗുജറാത്ത് എന്നീ ഏഴു സംസ്ഥാനങ്ങളിലെ ഭൂര്‍ഗര്‍ഭ ജലനിരപ്പ് ഉയര്‍ത്തുന്നതിന് ഈ പദ്ധതി ബഹുദൂരം മുന്നോട്ടുകൊണ്ടുപോകും.
ഈ ഏഴു സംസ്ഥാനങ്ങളിലെ 78 ജില്ലകളിലെ 83,000ലധികം ഗ്രാമപഞ്ചായത്തുകളിലെ ഭൂഗര്‍ഭ ജലനിരപ്പ് അപകടരകമായ സ്ഥിതിയിലാണ്.
നമ്മളുമായി ഇന്ന് നേരിട്ട് ബന്ധപ്പെടുത്തിയിരിക്കുന്ന ജനങ്ങള്‍ക്കറിയാം ഇതിന്റെ കഷ്ടപാടുകള്‍ അവര്‍ എങ്ങനെയാണ് സഹിക്കുന്നതെന്ന്.
കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, കന്നുകാലി പരിപാലകര്‍, ചെറുകിട സംരംഭകര്‍, വനിതകള്‍ തുടങ്ങി ഈ മേഖലയിലുള്ളവരുടെ പ്രശ്‌നങ്ങള്‍ ആരില്‍ നിന്നും മറച്ചുവയ്‌ക്കേണ്ടതില്ല.
സുഹൃത്തുക്കളെ,
ജനങ്ങള്‍ക്ക് ഈ പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷനേടാനും ജലനിരപ്പുകള്‍ വര്‍ദ്ധിപ്പിക്കാനും ബോധവല്‍ക്കര പ്രചരണപരിപാടികള്‍ നമ്മള്‍ സംഘടിപ്പിക്കുകയും നിര്‍മ്മിത ബുദ്ധി, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് ആവശ്യത്തിനുള്ള വിവരങ്ങള്‍ എന്നിവ കൂട്ടിച്ചേര്‍ക്കുകയും വേണം.
ഏറ്റവും പ്രധാനമായി, ഓരോ തുള്ളി വെള്ളവും നീതിയുക്തമായി ഉപയോഗിക്കുന്നതിനായി നമ്മള്‍ ജലസംരക്ഷണത്തിനും പ്രോത്സാഹനത്തിനും ഊന്നല്‍ നല്‍കുകയും വേണം.
ഇത് എങ്ങനെ സംഭവിക്കും? ഈ ടീമിനെ ആരു നയിക്കും? ഓഫീസര്‍മാരോ, തൊഴിലാളികളോ, ബ്യൂറോക്രാറ്റുകളോ? അല്ല.
ഇതിനായി നമ്മള്‍ ജനങ്ങളിലേക്ക് പോകുകയും ജലം ഉപയോഗിക്കുന്നവരെയൂം ജലപ്രതിസന്ധി ബാധിച്ചിട്ടുള്ളവരെയും ഇതില്‍ ഉള്‍പ്പെടുത്തുകയും വേണം.
ഇതിനായി നമ്മള്‍ കുടുംബങ്ങളിലെ യഥാര്‍ത്ഥ തലവരായ അമ്മമാരെയൂം സഹോദരിമാരെയും സമീപിക്കണം. വീടുകളില്‍ ജലം ആവശ്യത്തിനനുസരിച്ച് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു. കഴിയുന്നത്ര ജലം പുനചംക്രമണം നടത്തണം. ഈ അച്ചടക്കം വീടുകള്‍ക്കുള്ളില്‍ തന്നെ കൊണ്ടുവരണം.
ഇതിനായി നമ്മള്‍ കര്‍ഷകരെയൂം സമീപിക്കണം.
നമ്മുടെ കൃഷി വലിയതോതില്‍ ഭൂഗര്‍ഭജലത്തിനെയാണ് ആശ്രയിക്കുന്നത്.
എന്നാല്‍ നമ്മുടെ പഴയ ജലസേചനരീതികള്‍ വലിയതോതിലുള്ള ജലനഷ്ടമുണ്ടാക്കുന്നുവെന്നതും സത്യമാണ്.
ഇതിന് പുറമെ കരിമ്പ്, നെല്ല് തുടങ്ങി നിരവധി വിളകള്‍ക്ക് ധാരാളം വെള്ളം ആവശ്യവുമുണ്ട്.
ഇത്തരം വിളകള്‍ വളരുന്നിടത്തെല്ലാം ഭൂഗര്‍ഭജലനിരപ്പ് അതിവേഗം കുറഞ്ഞുവരുന്നതായി പലപ്പോഴും കാണാനാകും.
ഈ സ്ഥിതി മാറ്റുന്നതിനായി നമുക്ക് കര്‍ഷകരെ മഴവെള്ള കൊയ്ത്ത്, ഇതരവിളകള്‍, എന്നിവയെക്കുറിച്ച് ബോധവല്‍ക്കരിക്കുകയും സൂക്ഷ്മ ജലസേചനത്തിലേക്ക് നാം കൂടുതല്‍ കൂടുതായി നീങ്ങണം. ഓരോ തുള്ളിക്കും കൂടുതല്‍ വിള എന്നത് നമുക്ക് പ്രോത്സാഹിപ്പിക്കുകയും വേണം.
സുഹൃത്തുക്കളെ,
നമ്മള്‍ വീടിന് വേണ്ടി എന്തെങ്കിലും ചെലവഴിക്കുമ്പോള്‍, നമ്മുടെ വരുമാനവയൂം ബാങ്കിലെ മിച്ചവും പരിഗണിച്ച് നമ്മുടേതായ ബജറ്റ് തയാറാക്കാറുണ്ട്. അതുപോലെ എവിടെയാണോ ജലത്തിന്റെ കുറവുള്ളത് അവിടെ ജല ബജറ്റ് തയാറാക്കാനും അതിന്റെ അടിസ്ഥാനത്തിലുള്ള വിളകള്‍ വളര്‍ത്താനും ആ ഗ്രാമങ്ങളിലെ ജനങ്ങളെ നാം പ്രോത്സാഹിപ്പിക്കണം.
ഇവിടെ ആ ഗ്രാമങ്ങളില്‍ നിന്ന് വന്നവരോടും നമ്മളുമായി നേരിട്ട് ഇപ്പോള്‍ ബന്ധിപ്പിച്ചിട്ടുള്ളവരോടും ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത് അടല്‍ ജല്‍ യോജനയില്‍ നിങ്ങള്‍ക്ക് വലിയ ഉത്തരവാദിത്വമാണുള്ളതെന്നതാണ്.
നിങ്ങളുടെ സത്പ്രവര്‍ത്തി ഗ്രാമങ്ങള്‍ക്ക് മാത്രമല്ല, ഗ്രാമപഞ്ചായത്തുകള്‍ക്കും നേട്ടമാകും
ജലവുമായി ബന്ധപ്പെട്ട് മികച്ചപ്രവര്‍ത്തനം നടത്തുന്ന ഗ്രാമപഞ്ചായത്തുകള്‍ക്ക് കൂടുതല്‍ നല്ല പ്രവര്‍ത്തനം കാഴ്ചവയ്ക്കാനായിഅധികഫണ്ട് നല്‍കുന്നതിനുള്ള വ്യവസ്ഥയും അടല്‍ ജല്‍ യോജനയിലുണ്ട്.
എന്റെ സര്‍പഞ്ച് സഹോദരി, സഹോദരന്മാരെ, 
രാജ്യത്തെ ഓരോ കുടുംബത്തിനും ജലം ലഭ്യമാക്കുന്നതിന് നിങ്ങളുടെ കഠിന പ്രവര്‍ത്തനവും പങ്കാളിത്തവും വളരെ പ്രധാനമാണ്.
അടല്‍ ജല്‍ യോജനയുമായി ബന്ധപ്പെടുന്ന 8,300 സര്‍പഞ്ചുമാരോടും ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്, നിങ്ങളുടെ നേട്ടങ്ങള്‍ അടല്‍ ജല്‍ യോജനയെ വിജയകരമാക്കുക മാത്രമല്ല, ജല ജീവന്‍ മിഷനെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നാണ്.
എങ്ങനെ?
നിങ്ങള്‍ ഇത് അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്.
രാജ്യത്തെ ഓരോ പൗരനും ഇത് അറിഞ്ഞിരിക്കേണ്ടതും പ്രധാനമാണ്.
സുഹൃത്തുക്കളെ,
സ്വാതന്ത്ര്യം കിട്ടി നിരവധി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും രാജ്യത്തെ വെറും 3 കോടി വീടുകളില്‍ മാത്രമാണ് പൈപ്പുകള്‍ വഴിയുള്ള വെള്ളം എത്തുന്നത്.
ഒന്നു ചിന്തിച്ചുനോക്കൂ !
ഗ്രാമീണമേഖലകളിലെ 18 കോടി കുടുംബങ്ങളില്‍ വെറും 3 കോടി കുടുംബങ്ങള്‍ക്ക് മാത്രം!
70 വര്‍ഷം കൊണ്ട് ഇതാണ് നേടിയെടുത്തത്.
ഇപ്പോള്‍ അടുത്ത അഞ്ചുവര്‍ഷം കൊണ്ട് നമുക്ക് പൈപ്പുകള്‍ വഴി 15 കോടി വീടുകളില്‍ ശുദ്ധജലം ലഭ്യമാക്കേണ്ടതുണ്ട്.
ഇതിനായി കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ 3.5 ലക്ഷം കോടിയിലധികം രൂപ അടുത്ത അഞ്ചുവര്‍ഷം കൊണ്ട് ചെലവഴിക്കും.
തീര്‍ച്ചയായും ഈ തീരുമാനം വളരെ വലുതാണ്, എന്നാല്‍ നമുക്ക് മറ്റ് വഴിയില്ല വിജയിക്കുകയും വേണം. നമുക്ക് വിജയിക്കേണ്ടതുണ്ട്.
ഇത്തരത്തിലുള്ള ഒരു അവസ്ഥയില്‍ ഈ പ്രായോഗിക സാഹചര്യത്തിലുള്ള നമ്മുടെ 
പ്രതിജ്ഞാബദ്ധത പ്രകടിപ്പിക്കേണ്ടതും വളരെ പ്രധാനമാണ്. ഇത് ഓരോ ഗ്രാമത്തിലും കാണാനാകും.
ഇന്ന് പ്രകാശനം ചെയ്ത ജല്‍ ജീവന്‍ മിഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നമ്മുടെ പ്രയത്‌നങ്ങള്‍ക്ക് കൂടുതല്‍ സഹായകരമാകും.
സുഹൃത്തുക്കളെ,
ജല്‍ ജീവന്‍ മിഷന്‍ എന്നത് ഓരോ കുടുംബത്തിനും ശുദ്ധജലം ലഭ്യമാക്കുകയെന്നത് മാത്രമല്ല.
വെള്ളമെടുക്കാനായി നമ്മുടെ അമ്മമാരും സഹോദരിമാരും അധികദൂരം സഞ്ചരിക്കേണ്ടതില്ലെന്നതും അവര്‍ക്ക് അഭിമാനത്തോടെയും അന്തസ്സോടെയും ജീവിക്കാമെന്നും അവരുടെ ജീവിതം കൂടുതല്‍ സുഗമമാക്കുമെന്നതും ഈ ദൗത്യം ഉറപ്പാക്കിയിട്ടുണ്ട്, 
ഇന്നും പ്രായമയാ ഒരു അമ്മ വെള്ളത്തിനായി അലഞ്ഞുതിരിയുന്നതു കാണുമ്പോഴും, ഒരു സഹോദരി തലയില്‍ മണ്‍കുടവുമായി മൈലുകളോളം നടക്കുന്നതും കാണുമ്പോള്‍ കുട്ടിക്കാലത്തെ പല ഓര്‍മ്മകളും എനിലേക്ക് വീണ്ടും കടന്നുവരാറുണ്ട്.
 വെള്ളത്തിനായി അന്വേഷിച്ചുനടക്കുന്ന പ്രശ്‌നങ്ങളില്‍ നിന്നും ഇത്തരത്തിലുള്ള കോടിക്കണക്കിന് സഹോദരിമാരെ മോചിപ്പിക്കേണ്ടതുണ്ട്.
എല്ലാ കുടുംബത്തിന് ശൗച്യാലയം നല്‍കിയതുപോലെ, നമ്മള്‍ എല്ലാ വീടുകളിലും വെള്ളം വിതരണം ചെയ്യും. നമ്മള്‍ ആ പ്രതിജ്ഞയെടുത്തിട്ടുണ്ട്.
നമ്മള്‍ ഇത്തരത്തിലൊരു പ്രതിജ്ഞയെടുത്തതുകൊണ്ട് നമ്മള്‍ അത് പൂര്‍ത്തിയാക്കി തെളിയിക്കുകയും ചെയ്യും.
സുഹൃത്തുക്കളെ,
ഇത്തരത്തിലുള്ള പങ്കാളിത്തവും സഹവര്‍ത്തകവുമുള്ള ഗ്രാമങ്ങളുടെ പദ്ധതിയില്‍ ഗാന്ധിജിയുടെ ‘ഗ്രാമസ്വരാജി’ന്റെ മിന്നലൊളികളും ഉണ്ട്.
ഓരോ ഗ്രാമത്തിന്റെയൂം അവസ്ഥയനുസരിച്ചാണ് ജലവുമായി ബന്ധപ്പെട്ട പദ്ധതികള്‍ രൂപീകരിക്കേണ്ടത്. ജല്‍ ജീവന്‍ മിഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയാറാക്കുമ്പോള്‍ ഇതെല്ലാം പരിഗണിച്ചിരുന്നു.
എല്ലാത്തിനുപരിയായി, പഞ്ചായത്തുകള്‍ അല്ലെങ്കില്‍, ഗ്രാമപഞ്ചായത്തുകള്‍ രൂപീകരിക്കുന്ന  ജലകമ്മിറ്റികള്‍ ജലവുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്ക് രൂപം നല്‍കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യും.
അതുകൊണ്ട്, നമുക്ക് ഗ്രാമങ്ങളെ ആസൂത്രണം മുതല്‍ അതിന്റെ പരിപാലനം വരെ പൈപ്പുലൈനുകളുമായി ബന്ധിപ്പിക്കേണ്ടതുണ്ട്.
ഗ്രാമങ്ങളിലെ നമ്മുടെ സഹോദരി സഹോദരന്മാര്‍ക്കും മുതിര്‍ന്നവര്‍ക്കും ജലസംഭരണത്തേയും ജലസ്രോതസിനെയും കുറിച്ച് വളരെ സമ്പന്നമായ അറിവുണ്ടെന്നത് നാം എപ്പോഴും ഓര്‍ക്കണം.
ഗ്രാമങ്ങളിലെ ജനങ്ങളെക്കാള്‍ മറ്റേത് വിദഗ്ധരാണുള്ളത്?
അതുകൊണ്ട് ഗ്രാമത്തിലെ ജനങ്ങളുടെ പരിചയസമ്പന്നത നാം പൂര്‍ണ്ണമായും ഉപയോഗിക്കണം.
സുഹൃത്തുക്കളെ,
ജല്‍ ജീവന്‍ മിഷനില്‍ കൂടുതല്‍ കൂടുതല്‍ ആളുകളെ ശാക്തീകരിക്കുകയും അവരെ സ്വയംപര്യാപ്തരാക്കുന്നതിനുമാണ് നമ്മുടെ ഗവണ്‍മെന്റ് പരിശ്രമിക്കുന്നത്.
ഈ ദൗത്യത്തിനായി ഓരോ ഗ്രാമത്തിലും പ്രത്യേകം കമ്മിറ്റികള്‍ രൂപീകരിക്കുകയും ഓരോ ഗ്രാമതലത്തിലും കര്‍മ്മപദ്ധതികള്‍ രൂപീകരിക്കുകയും ചെയ്യും. കുറഞ്ഞപക്ഷം ഗ്രാമങ്ങളിലെ 50% സഹോദരിമാരും പുത്രിമാരും ഈ കമ്മിറ്റികളിലുണ്ടാകണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
എല്ലാത്തിനുപരിയായി ശുദ്ധിയായ ജലം വിതരണം ചെയ്യുന്നുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കാനായി ഗ്രാമവാസികളായ പുത്രന്മാരേയും പുത്രിമാരേയും ഇതിനായി പരിശീലിപ്പിക്കും.
അതുപോലെ നൈപുണ്യവികസന പദ്ധതിയിലൂടെ ഗ്രാമങ്ങളിലെ യുവജനങ്ങളെ ഫിറ്റര്‍മാരും, പ്ലബര്‍മാരും ഇലക്ട്രീഷ്യന്മാരും മെക്കാനിക്കുകളുമൊക്കെയാക്കുന്നതിന് വലിയതോതില്‍ പരിശീലനം നല്‍കും.
അതെ, കാലാവസ്ഥയും ഭൂമിശാസ്ത്രപരമായ സ്ഥിതിവിശേഷങ്ങളും മൂലം എത്തിപ്പെടാന്‍ കഴിയാത്ത ചില മേഖലകളിലും, വിദൂരമായ ചില പര്‍വതമേഖലകളിലും പൈപ്പലൈനുകള്‍ ഇടുന്നത് വലിയ ബുദ്ധിമുട്ടാണെന്നത് വസ്തുതായണ്.
അത്തരം സ്ഥലങ്ങളെ നമ്മള്‍ ഉപേക്ഷിക്കുമോ?
ഇല്ല.
അത്തരം സ്ഥലങ്ങളില്‍ പകരം സംവിധാനങ്ങള്‍ ഒരുക്കും.
അത്തരം പ്രദേശങ്ങളിലെ ജനങ്ങള്‍ക്കും നിര്‍മ്മലവും ശുദ്ധവുമായ വെള്ളം ഉറപ്പുവരുത്തും.
സുഹൃത്തുക്കളെ,
ജല്‍ ജീവന്‍ മിഷന്റെ കീഴില്‍ ഒരുകാര്യം കൂടി ചെയ്യുന്നുണ്ട്. പദ്ധതിയെ നിരീക്ഷിക്കുന്നതിനായി സാങ്കേതിക വിദ്യയും നിര്‍മ്മിത ബുദ്ധിയും ഉപയോഗിക്കുന്നുണ്ട്.
ഓരോ ഗ്രാമത്തിലും എത്ര ജലം സംഭരിച്ചിട്ടുണ്ട്, എത്ര ചെലവഴിച്ചു, ജലത്തിന്റെ സ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ എല്ലാം നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കും.
സുഹൃത്തുക്കളെ,
നിങ്ങളുടെ ഗ്രാമങ്ങളില്‍ പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ജല കമ്മിറ്റിയുടെ അക്കൗണ്ടില്‍ ഗവണ്‍മെന്റ് പണം നേരിട്ട്  ചെലവഴിക്കുമെന്ന് ജല്‍ജീവന്‍ മിഷന് കീഴില്‍ ഗവണ്‍മെന്റ് വ്യവസ്ഥ ചെയ്തിട്ടുണ്ട്, ഇതിലൂടെ ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് ജലവുമായി ബന്ധപ്പെട്ട സംവിധാനങ്ങളെ പരിപാലിക്കാനും നിയന്ത്രിക്കാനും കഴിയും.
ഒരു ജലകര്‍മ്മ പദ്ധതി തയാറാക്കുകയും ജലഫണ്ട് സൃഷ്ടിക്കുകയും വേണമെന്ന മറ്റൊരു അഭ്യര്‍ത്ഥനകൂടി എനിക്ക് ഓരോ ഗ്രാമങ്ങളിലേയും ജനങ്ങളോടുണ്ട്. നിങ്ങളുടെ ഗ്രാമങ്ങളില്‍ ജലവുമായി ബന്ധപ്പെട്ട നിരവധി പദ്ധതികള്‍ക്കായി ഫണ്ടുകള്‍ വരാറുണ്ട്. ഇത് എം.എല്‍.എമാരുടെയും എം.പിമാരുടെയും ഫണ്ടുകളില്‍ നിന്ന് വരാം, സംസ്ഥാന-കേന്ദ്ര ഗവണ്‍മെന്റുകളുടെ പദ്ധതികളിലൂടെയും വരാം.
ഈ പണമെല്ലാം ഒരു സ്ഥലത്ത് വരികയുഗ കണ്‍സോളിഡേറ്റഡ് ഫണ്ടില്‍ നിന്ന് അത് ചെലവഴിക്കുകയും ചെയ്യുന്ന ഒരു സംവിധാനം നമുക്കുണ്ടാക്കേണ്ടതുണ്ട്. ഇത് പണം ഘട്ടം ഘട്ടമായി ചെലവഴിക്കുന്നതിന് പകരം ഒരുപ്രാവശ്യം തന്നെ കൂടുതല്‍ ചെലവഴിക്കുന്നതിന് അനുവദിക്കും.
സുഹൃത്തുക്കളെ,
ഈ പരിപാവനമായ സംഘടിതപ്രവര്‍ത്തനത്തിന് സംഭാവനകള്‍ നല്‍കുന്നതിനായി ലോകത്തിലാകമാനമുള്ള ഇന്ത്യാക്കാരോട് ഈ അവസരത്തില്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
ജലസംരക്ഷിക്കുന്നതിനും ജല വിതരണ നിയന്ത്രണത്തിനും ജലത്തിന്റെ പുനചംക്രമണത്തിനുമായി മുന്നോട്ടുവരാന്‍ ഇന്ന് ഗ്രാമങ്ങളില്‍ താമസിക്കുന്ന എന്റെ സഹോദരി, സഹോദരന്മാരോട്, ഞാന്‍ ആഹ്വാനം ചെയ്യുകയാണ്.
നിങ്ങള്‍ നിങ്ങളുടെ സമയവും അദ്ധ്വാനവും സമര്‍പ്പിക്കും. നിങ്ങള്‍ ഒരു പടവ് നടക്കുകയാണെങ്കില്‍ ഗവണ്‍മെന്റ് ഒന്‍പത് പടവുകള്‍ നടക്കും.
രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ക്ക് ശുദ്ധജലത്തിനുള്ള അവകാശം ലഭ്യമാക്കുകയെന്ന കര്‍ത്തവ്യം സാക്ഷാത്കരിക്കാനായി നമുക്ക് ഒന്നിച്ച് പടി പടിയായി മുന്നേറാം.
രാജ്യത്തിന്റെ ജലസുരക്ഷയ്ക്കും ഭഷ്യസുരക്ഷയ്ക്കും നിങ്ങളുടെ പരിശ്രമവും വിജയവും വളരെ പ്രധാനമാണ്.
ഒരിക്കല്‍ കൂടി അടല്‍ ജല്‍ യോജനയ്ക്കും ജല്‍ ജീവന്‍ മിഷനു വേണ്ടി രാജ്യത്തിനാകെ എന്റെ ആശംസകള്‍

വളരെയധികം നന്ദി