Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബോഡോ കരാര്‍ ബോഡോ ജനതയ്ക്ക് പുതിയ തുടക്കത്തിന്റെ നാന്ദി കുറിക്കും; അസമിന്റെ ഐക്യവും അഖണ്ഡതയും ശക്തിപ്പെടുത്തും: പ്രധാനമന്ത്രി


അസമിന്റെ സമാധാനത്തിനും വികസനത്തിനും ചരിത്രപരമായ അധ്യായമാണ് ബോഡോ കരാര്‍ എന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിശേഷിപ്പിച്ചു. ‘ എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം’ എന്ന മുദ്രാവാക്യവും ‘ഏകഭാരതം-ശ്രേഷ്ഠഭാരതം’ മുദ്രാവാക്യത്തിന്റെ ഊര്‍ജ്ജവുമാണ് ബോഡോ കരാറിനു പ്രചോദനമെന്നും അദ്ദേഹം പറഞ്ഞു.

‘ആദരണീയനായ ബാപ്പുവിനെ ഇന്ത്യ അദ്ദേഹത്തിന്റെ വിയോഗ ദിനത്തില്‍ സ്മരിക്കുമ്പോള്‍ സമാധാനത്തിന്റെയും വികസനത്തിന്റെയും ചരിത്രപരമായ അധ്യായത്തിന് അസം സാക്ഷ്യം വഹിക്കുകയാണ്. അമ്പത് വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം, നമ്മുടെ ബോഡോ സുഹൃത്തുക്കളുമായി ഉണ്ടാക്കിയ കരാര്‍ പുതിയ ഒരു തുടക്കത്തിന് ഇടയാക്കും. ഇത് അസമിന്റെ ഐക്യം, അഖണ്ഡത എന്നിവയെ ശക്തിപ്പെടുത്തുകയും വികസനം കൊണ്ടുവരികയും തിളക്കമാര്‍ന്ന ഭാവിക്ക് കളമൊരുക്കുകയും ചെയ്യും.

‘ബോഡോ സംഘടകളുമായി ഈ കരാര്‍ ഒപ്പുവച്ചതോടെ ബോഡോ മേഖലകളുടെ വികസനം എന്നത് നമ്മുടെ ഗവണ്‍മെന്റിന്റെ മുന്‍ഗണനയില്‍ പ്രധാനപ്പെട്ടതായി മാറി. 1500 കോടി രൂപയുടെ സമഗ്ര പാക്കേജിന്റെ പ്രവര്‍ത്തനം തുടങ്ങി. ബുദ്ധിമുട്ടില്ലാതെ ആളുകള്‍ക്ക് ജീവിക്കാന്‍ സാധിക്കുക എന്നതും ബോഡോകള്‍ക്ക് ഗവണ്‍മെന്റ് പദ്ധതികളില്‍ നിന്ന് അര്‍ഹമായതെല്ലാം ലഭ്യമാക്കുകയുമാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം.

അക്രമത്തിന്റെ പാത ഉപേക്ഷിച്ച് വിട്ടുവീഴ്ചയുടെയും ജനാധിപത്യപരവും ഭരണഘടനാപരവുമായ വഴികള്‍ സ്വീകരിച്ചാല്‍ പ്രശ്‌നങ്ങള്‍ക്കു പരിഹാരം സാധ്യമാണ് എന്നതിന്റെ വ്യക്തമായ സന്ദേശമാണ് ബോഡോ സുഹൃത്തുക്കള്‍ സമാധാനത്തിന്റെ പാതയില്‍ നമുക്കൊപ്പം ചേര്‍ന്നതിലൂടെ നല്‍കുന്നത്. ഞാന്‍ എന്റെ ബോഡോ സുഹൃത്തുക്കളെ മുഖ്യധാരയിലേക്ക് സ്വാഗതം ചെയ്യുന്നു. ബോഡോ മേഖലകളുടെ വികസനം ഉറപ്പുവരുത്താന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.
ബാപ്പുവിന്റെ വിയോഗ ദിനമായ ഇന്നാണ് അഞ്ചു പതിറ്റാണ്ട് പഴക്കമുള്ള ബോഡോ പ്രശ്‌നത്തിനു പരിഹാരമാകുന്നത്. ബോഡോ ഗ്രൂപ്പുകളും ഗവണ്‍മെന്റും തമ്മിലുള്ള കരാര്‍ അസമിന്റെ ഐക്യത്തെയും അഖണ്ഡതയെയും ശക്തിപ്പെടുത്തും. അക്രമം ഉപേക്ഷിച്ച് ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും പാതയിലേക്കു വന്ന ബോഡോ സുഹൃത്തുക്കളുടെ തീരുമാനത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു.

അസമിനും രാജ്യത്തെ അക്രമ ബാധിതമായ മറ്റു മേഖലകള്‍ക്കും നമ്മുടെ ബോഡോ സുഹൃത്തുക്കളുമായുള്ള കരാര്‍ ഒരു സന്ദേശമാണ്. അക്രമരഹിതവും ഭയരഹിതവുമായ അന്തരീക്ഷത്തില്‍ മാത്രമേ രാഷ്ട്രത്തിന്റെ വികസനം സാധ്യമാവുകയുള്ളു. ബോഡോ സുഹൃത്തുക്കളുടെ മുഴുവന്‍ ശേഷിയും ഇനി അസമിന്റെ വികസനത്തിനു വേണ്ടി വിനിയോഗിക്കാം എന്നതില്‍ സന്തോഷമുണ്ട്.

അസമിലെ മറ്റു സമുദായങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടാണ് ബോഡോ സുഹൃത്തുക്കളുമായി കരാര്‍ ഉണ്ടാക്കിയത്. ഇത് എല്ലാവരുടെയും വിജയമാണ്, ഇത് മാനവികതയുടെ വിജയമാണ്. ‘എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം’ എന്ന മുദ്രാവാക്യത്തിന്റെയും ‘ഏകഭാരതം-ശ്രേഷ്ഠഭാരതം’ മുദ്രാവാക്യത്തിന്റെയും വിജയമാണ് ഇത്. ” ‘ ട്വീറ്റ് പരമ്പരയിലൂടെ പ്രധാനമന്ത്രി പറഞ്ഞു.