Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അഞ്ചാമത് ഇന്ത്യ അന്താരാഷ്ട്ര ശാസ്‌ത്രോത്സവത്തെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നടത്തിയ പ്രസംഗം


മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ ജി, ശാസ്ത്ര സമൂഹവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ലോകമെമ്പാടുമുള്ള സുഹൃത്തുക്കളെ, വിജ്ഞാന്‍ ഭാരതിയുടെ പ്രതിനിധികളെ, വിദ്യാര്‍ത്ഥികളെ, രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് എത്തിയിരിക്കുന്ന പ്രതിനിധികളെ, മഹതികളെ, മഹാന്മാരെ,
ഇന്ന് ഞാന്‍ നിങ്ങളെ അഭിസംബോധന ചെയ്യുന്നത് ആധുനിക സാങ്കേതിക വിദ്യ വഴിയാണെങ്കിലും നിങ്ങളുടെ ആവേശവും ഉത്സാഹവും ഇവിടെ നിന്നുപോലും എനിക്ക് നന്നായി അനുഭവിക്കാന്‍ കഴിയുന്നു.
സുഹൃത്തുക്കളെ,
ശാസ്ത്രത്തിന്റെയും വിജ്ഞാനത്തിന്റെയും മേഖലയില്‍ മനുഷ്യരാശിക്ക് സേവനമര്‍പ്പിച്ച മഹാത്മാക്കള്‍ക്ക് ജന്‍മം നല്‍കിയ സ്ഥലത്താണ് ഇന്ത്യ അന്താരാഷ്ട്ര ശാസ്‌ത്രോത്സവത്തിന്റെ അഞ്ചാം പതിപ്പ് ഇന്ന് നടക്കുന്നത്. നവംബര്‍ 7 ന് സി. വി രാമന്റെയും നവംബര്‍ 30ന് ജഗദീഷ് ചന്ദ്ര ബോസിന്റെയും ജന്മവാര്‍ഷികാഘോഷങ്ങള്‍ക്കു മുമ്പാണ് ഈ ഉത്സവം നടക്കുന്നത്.
ശാസ്ത്രത്തിലെ ഈ മഹാ പണ്ഡിതരുടെ പൈതൃകം ആഘോഷിക്കുന്നതിനും, 21 -ാം നൂറ്റാണ്ടിന് അവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നതിനും ഇതിലും നല്ല യാദൃശ്ചികത വേറെയില്ല. ഗവേഷണം, നവീനത, ശാസ്ത്രം ( റിസര്‍ച്ച്, ഇന്നൊവേഷന്‍, സയന്‍സ് എംപവറിംങ് ദി നേഷന്‍) എന്ന ഇംഗ്ലീഷ് വാക്കുകളുടെ ആദ്യക്ഷരങ്ങളെ കൂട്ടിയിണക്കി ‘റിസണ്‍’ എന്ന് ഈ ഉത്സവത്തിനു പേരു നല്കിയ സംഘാടകരെ ഞാന്‍ അനുമോദിക്കുന്നു. 21-ാം നൂറ്റാണ്ടിലെ ഇന്ത്യയ്ക്കു യോജിച്ചതും നമ്മുടെ ഭാവിയുടെ സത്തയുമാണ് ഈ പ്രമേയം.
സുഹൃത്തുക്കളെ,
ശാസ്ത്ര സാങ്കേതിക വിദ്യ കൂടാതെ പുരോഗതി നേടിയ ഒരു രാജ്യവും ഇന്നു ലോകത്തില്ല. ഈ മേഖലയില്‍ ഇന്ത്യയ്ക്കും വളരെ സമ്പന്നമായ ഭൂതകാലം ഉണ്ട്. വലിയ ശാസ്ത്രജ്ഞര്‍ക്ക് ജന്മം നല്കിയ രാജ്യമാണിത്. ശ്രേഷ്ഠമായിരുന്നു നമ്മുടെ ഭൂതകാലം. നമ്മുടെ വര്‍ത്തമാനമാകട്ടെ, ശാസ്ത്ര സാങ്കേതിക വിദ്യയുടെ സ്വാധീനത്തിലുമാണ്. ഇതിനെല്ലാം ഇടയ്ക്ക് ഭാവിയോടുള്ള നമ്മുടെ ഉത്തരവാദിത്തം പല മടങ്ങ് വര്‍ധിക്കുകയും ചെയ്തു. ഈ ഉത്തരവാദിത്തങ്ങള്‍ മാനവികം മാത്രമല്ല, ശാസ്ത്രത്തെയും സാങ്കേതിക വിദ്യയെയും ഒപ്പം കൊണ്ടുപോകുക എന്നതു കൂടിയാണ് പ്രതീക്ഷിക്കുന്നത്്. ഈ ഉത്തരവാദിത്തം മനസിലാക്കിയാണ് ഗവണ്‍മെന്റ് കണ്ടുപിടിത്തങ്ങള്‍ക്കും നവീനാശയങ്ങള്‍ക്കും പിന്തുണ നല്കുന്നത്.
സുഹൃത്തുക്കളെ,
രാജ്യത്തെ ശാസ്ത്ര സാങ്കേതിക വ്യവസ്ഥ വളരെ ശക്തമായിരിക്കണം. ഇവ രണ്ടും വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതും ഒപ്പം തലമുറകളെ പ്രചോദിപ്പിക്കുന്നതുമായ ഒരു വ്യവസ്ഥയിലേയ്ക്കാണ് നാം നീങ്ങുന്നത്.
ആറാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുതല്‍ അടല്‍ തിങ്കറിംങ് ലാബില്‍ പോകാനാകും എന്നുറപ്പു വരുത്താനാണ് നാം ശ്രമിക്കുന്നത്. അവര്‍ കോളജ് പഠനം പൂര്‍ത്തിയാക്കുമ്പോള്‍ ഇന്‍കുബേഷന്‍, സ്റ്റാര്‍ട്ടപ്പ്് വ്യവസ്ഥയ്ക്ക് ഒരുങ്ങിയിരിക്കുകയും ചെയ്യും. ഈ ആശയം മുന്നില്‍ കണ്ട് രാജ്യമെമ്പാടും ചുരുങ്ങിയ സമയത്തിനുള്ളില്‍ 5000 ത്തിലധികം അടല്‍ തിങ്കറിംങ് ലാബുകള്‍ സ്ഥാപിച്ചു. ഇതിനും പുറമെ, 200 അടല്‍ ഇങ്കുബേഷന്‍ സെന്ററുകളും ഒരുക്കി. ലക്ഷക്കണക്കിനു വിദ്യാര്‍ത്ഥികള്‍ക്കാണ് വ്യത്യസ്ത ഹാക്കത്തോണുകളില്‍ പങ്കെടുക്കാന്‍ അവസരം നല്കിയിട്ടുള്ളത്. രാജ്യം നേരിടുന്ന വെല്ലുവിളികള്‍ക്ക് അവരുടെതായ പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ അവര്‍ക്കു സാധിക്കും. കൂടാതെ നയങ്ങളും സാമ്പത്തിക സഹായങ്ങളും വഴി ആയിരക്കണക്കിനു നവ സംരംഭങ്ങള്‍ക്ക് ഗവണ്‍മെന്റ് പിന്തുണയും നല്കിയിരിക്കുന്നു.
സുഹൃത്തുക്കളെ,
കഴിഞ്ഞ മൂന്നു വര്‍ഷമായി നാം നടത്തുന്ന സമാന പരിശ്രമങ്ങളുടെ ഫലമായി ആഗോള നവീനാശയ സൂചികയില്‍ നമ്മുടെ സ്ഥാനം 81 ല്‍ നിന്ന് 52 ലേയ്ക്ക് ഉയര്‍ത്തുവാന്‍ നമുക്കു സാധിച്ചു. ഇന്ന് ലോകത്തിലെ തന്നെ വലിയ, വിജയകരമായ സ്റ്റാര്‍ട്ടപ്പ ആവാസ വ്യവസ്ഥയുള്ള മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. ഇതു കൂടാതെ ഉന്നതവിദ്യാഭ്യാസ ഗവേഷണ മേഖലകളില്‍ അഭൂതപൂര്‍വമായ പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. അതിനു പുറമെ, ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പുതിയ സ്ഥാപനങ്ങള്‍ സൃഷ്ടിച്ച് നാം അവയുടെ പ്രവര്‍ത്തന സ്വയംഭരണാവകാശം ഉയര്‍ത്തുകയും ചെയ്തു.
സുഹൃത്തുക്കളെ,
ഇന്നു നാം ചരിത്രത്തിലെ ഒരു വഴിത്തിരിവില്‍ നില്ക്കുകയാണ്്. ഇതു നമ്മുടെ ഭരമഘടനയുടെ 70-ാം വാര്‍ഷികമാണ്. ശാസ്ത്രമനോഭാവം വികസിപ്പിക്കുക എന്നത്് ഓരോ പൗരന്റെയും കടമയായി നമ്മുടെ ഭരണഘടന വിഭാവനം ചെയിട്ടുണ്ട്.
മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, ഇതു നമ്മുടെ മൗലിക കടമയുടെ ഭാഗമാണ്. ഈ കടമ നിറവേറ്റുവാന്‍, അത് ഓര്‍മ്മിക്കുവാന്‍, നമ്മുടെ ഭാവി തലമുറകളെ ഇതേക്കുറിച്ച് ബോധവത്ക്കരിക്കുവാന്‍ നമുക്ക് എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്.
ശാസ്ത്രാഭിമുഖ്യം വര്‍ദ്ധിക്കുന്ന സമൂഹത്തില്‍ വികസനം അതെ വേഗത്തില്‍ സംഭവിക്കും. ശാസ്ത്ര മനോഭാവം അന്ധവിശ്വാസങ്ങളെ ഉന്മൂലനം ചെയ്യും. ശാസ്ത്ര മനോഭാവം സമൂഹത്തിലെ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കും. അത് പരീക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കും.
അത് എല്ലാത്തിലും യുക്തി കണ്ടെത്തും, വസ്തുതകളിലും യുക്തിയിലും അധിഷ്ഠിതമായി വ്യക്തികളുടെ അഭിപ്രായ രൂപീകരണത്തിനുള്ള അറിവ് സൃഷ്ടിക്കും. അതിലും പ്രധാനമായി, അജ്ഞാത ഭയത്തെ വെല്ലുവിളിക്കാന്‍ അതു ശക്തി പകരും. ഈ അജ്ഞാത ഭയത്തെ വെല്ലുവിളിക്കാനുള്ള ശേഷി പ്രാചീനകാലം മുതല്‍ അനേകം പുതിയ വസ്തുതകള്‍ വെളിപ്പെടുത്തുവാന്‍ സഹായിച്ചിട്ടുണ്ട്.
സുഹൃത്തുക്കളെ,
നമ്മുടെ രാജ്യത്ത് ഇന്ന് ശാസ്ത്ര മനോഭാവം വിവിധ തലങ്ങളിലാണ് എന്നതില്‍ എനിക്കു സന്തോഷമുണ്ട്. അടുത്ത കാലത്തുണ്ടായ ഒരു ഉദാഹരണം പറയട്ടെ. നമ്മടെ ശാസ്ത്രജ്ഞര്‍ ചന്ദ്രയാന്‍ 2 നു വേണ്ടി വളരെ അധ്വാനിച്ചു. അത് വളരെയധികം പ്രതീക്ഷകളും ജനിപ്പിച്ചു.പക്ഷെ, എല്ലാം പദ്ധതി പ്രകാരം നടന്നില്ല, എന്നിട്ടും ദൗത്യം വിജയമായി.
സുഹൃത്തുക്കളെ,
ഒരു ദൗത്യം എന്നതിനുപരി ഇത് ഇന്ത്യയുടെ ശാസ്ത്രചരിത്രത്തിലെ വഴിത്തിരിവു തന്നെ ആയേക്കാം. എങ്ങിനെ? അനേകം രക്ഷിതാക്കള്‍ സാമൂഹിക മാധ്യമങ്ങളില്‍ ട്വീറ്റ് ചെയ്തത് ഞാന്‍ കാണുകയുണ്ടായി. തങ്ങളുടെ കൊച്ചു കുട്ടികള്‍ പോലും ചന്ദ്രയാനുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു ആ ദിവസങ്ങളില്‍ ചര്‍ച്ച ചെയ്തത് എന്നാണ് അവര്‍ പറഞ്ഞത്. ചിലര്‍ ചന്ദ്രന്റെ ഭൂപ്രകൃതി ചര്‍ച്ച ചെയ്തു. മറ്റു ചിലര്‍ ഉപഗ്രഹ സഞ്ചാര പഥത്തെക്കുറിച്ചു ചര്‍ച്ച ചെയ്തു. വേറെ കുറെപ്പേര്‍ ചോദിച്ചുകൊണ്ടിരുന്നത് ചന്ദ്രന്റെ ദക്ഷിണ ധൃവത്തില്‍ ജല സാന്നിധ്യം ഉണ്ടാവുമോ എന്നാണ്. അനേകം പേര്‍ ചന്ദ്രന്റെ ഭ്രമണപഥത്തെ കുറിച്ച് ചര്‍ച്ചകള്‍ നടത്തി. ചെറു പ്രായത്തില്‍ തന്നെ കുട്ടികള്‍ എങ്ങിനെ ഇക്കാര്യങ്ങളെ കുറിച്ചു ഇത്ര ബോധ്യങ്ങള്‍ പുലര്‍ത്തുന്നു എന്നു മാതാപിതാക്കള്‍ പോലും അത്ഭുതപ്പെട്ടു. സ്വന്തം കുട്ടികളിലുയര്‍ന്ന ഈ ജിജ്ഞാസ തന്നെ ചന്ദ്രയാന്‍ 2 -ന്റെ വിജയമായി രാജ്യത്തെ എല്ലാ മാതാപിതാക്കള്‍ക്കും അനുഭവപ്പെട്ടു. ഇത് നമ്മുടെ വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രത്തെക്കുറിച്ച് പുതിയ താല്പര്യവും ആവേശവും ഉയര്‍ത്തിയിരിക്കുന്നു. ഈ ഊര്‍ജ്ജത്തെയും ശക്തിയെയും ശരിയായ ദിശയിലൂടെ നയിച്ച് 21-ാം നൂറ്റാണ്ടിലെ ശാസ്ത്ര പരിസരത്തിന്റെ കൃത്യമായ വേദിയില്‍ തന്നെ എത്തിക്കുക എന്നാണ് നമ്മുടെ ഉത്തരവാദിത്തം.
സുഹൃത്തുക്കളെ,
ആവശ്യമാണ് കണ്ടുപിടുത്തങ്ങളുടെ മാതാവ് എന്നു പറയുന്ന ഒരു കാലമുണ്ടായിരുന്നു. ഒരര്‍ത്ഥത്തില്‍ ഇതു ശരിയുമായിരുന്നു. പക്ഷെ കഴിഞ്ഞ കുറെ കാലമായി ആവശ്യങ്ങളുടെ പേരില്‍ കണ്ടുപിടുത്തങ്ങളിലേയ്ക്കു നീങ്ങുന്നതിനുപരി അറിവിനെയും ശാസ്ത്രത്തെയും ശക്തിയും വിഭവവും ആയി ഉപയോഗിച്ചുകൊണ്ട് വളരെ ധീരമായ പ്രവര്‍ത്തനമാണ് മനുഷ്യര്‍ നടത്തുന്നത്. യഥാര്‍ത്ഥത്തില്‍ കണ്ടുപിടുത്തങ്ങള്‍ നമ്മുടെ ആവശ്യങ്ങളെ വിപുലമാക്കിയിരിക്കുന്നു. ഇന്റര്‍നെറ്റിന്റെ കടന്നു വരവോടെ പുതിയ തരം ആവശ്യങ്ങള്‍ ആവിര്‍ഭവിച്ചിരിക്കുന്നു. ഇന്ന്് കൂടുതല്‍ ഗവേഷണങ്ങളും വികസനവും നടക്കുന്നത് ഇന്റര്‍നെറ്റിന്റെ കടന്നു വരവിനു ശേഷമുള്ള ആവശ്യങ്ങള്‍ നിര്‍വഹിക്കപ്പെടുന്നതിനായാണ്. ആരോഗ്യ പരിപാലനം, ഹോട്ടല്‍ വ്യവസായം തുടങ്ങിയ മനുഷ്യരുടെ ജീവിതം കൂടുതല്‍ ആയാസരഹിതമാക്കുന്നതിനുള്ള പല മേഖലകളിലും ഇന്റര്‍നെറ്റാണ് ഇന്ന് അടിസ്ഥാനം. ഇന്റര്‍നെറ്റ് ഇല്ലാത്ത നിങ്ങളുടെ മൊബൈല്‍ ഫോണിനെ കുറിച്ച് ചിന്തിച്ചു നോക്കൂ. അപ്പോള്‍ നിങ്ങള്‍ക്കു ഊഹിക്കാന്‍ സാധിക്കും എങ്ങിനെയാണ് ഒരു കണ്ടുപിടുത്തം ആവശ്യാധിഷ്ഠിതമായി വികസിപ്പിക്കുന്നത് എന്ന്്. അതുപോലെയാണ് നിര്‍മ്മിത ബുദ്ധിയും നമ്മുടെ ആവശ്യങ്ങള്‍ക്ക് വാതിലുകള്‍ തുറക്കുന്നത്, പുതിയ മാനങ്ങള്‍ വിപുലമാക്കുന്നത്.
സുഹൃത്തുക്കളെ,
ഇങ്ങനെ പറയാറുണ്ട്്
തത് രൂപ യത് ഗുണ എന്ന്
സമൂഹത്തെ സംബന്ധിച്ച് ശാസ്ത്രം എന്താണ് എന്നറിയാന്‍ ചില ചോദ്യങ്ങള്‍ക്ക് നാം ഉത്തരം പറയണം. പ്ലാസ്റ്റിക്കില്‍ നിന്നുള്ള പരിസര മലിനീകരണത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാം. പ്ലാസ്റ്റിക്കിനു ബദലായി ഉപയോഗിക്കാന്‍ സാധിക്കുന്ന ചെലവു കുറഞ്ഞതും അളവും ആകൃതിയും മാറ്റാന്‍ സാധിക്കുന്നതും ഫപ്രദവുമായ ഒരു സാമഗ്രി കണ്ടുപിടിക്കുക എന്ന വെല്ലുവിളി നമ്മുടെ ശാസ്ത്രജ്ഞര്‍ക്ക് ഏറ്റെടുക്കാമോ? വൈദ്യുതിയും ഊര്‍ജ്ജവും കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ സൂക്ഷിച്ചു വയ്ക്കാന്‍ സാധിക്കുന്ന മാര്‍ഗ്ഗം കണ്ടെത്തുക എന്ന വെല്ലുവിളി ഏറ്റെടുക്കാമോ? സൗരോര്‍ജ്ജ ഉപയോഗം വര്‍ധിപ്പിക്കാനുള്ള മാര്‍ഗ്ഗം ലഭ്യമാക്കാമോ? ഇലക്്്ട്രിക് വാഹനങ്ങളുടെ ബാറ്ററികളും മറ്റ് ഘടകങ്ങളും സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കാനുള്ള എന്തെങ്കിലും കണ്ടുപിടുത്തങ്ങള്‍ നമുക്ക് ഉണ്ടോ?
സുഹൃത്തുക്കളെ,
കോടിക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതങ്ങള്‍ കൂടുതല്‍ ആയാസരഹിതമാക്കുന്നതിന് നമ്മുടെ പരീക്ഷണ ശാലകളില്‍ നമുക്ക് എന്തു ചെയ്യാന്‍ സാധിക്കും എന്ന് നാം ചിന്തിക്കണം. പ്രാദേശിക തലത്തില്‍ ശുദ്ധജല പ്രശ്‌നം പരിഹരിക്കുന്നതിനുള്ള മാര്‍ഗ്ഗം കണ്ടെത്താന്‍ നമുക്കു സാധിക്കുമോ? ജനങ്ങള്‍ക്ക് എങ്ങിനെ ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാന്‍ നമുക്ക് സാധിക്കും? ആരോഗ്യ പരിചരണ ചെലവുകള്‍ കുറയ്ക്കാന്‍ എന്തെങ്കിലും മാര്‍ഗ്ഗം കണ്ടുപിടിക്കാന്‍ നമുക്കു സാധിക്കുമോ? നമ്മുടെ ഏതെങ്കിലും കണ്ടുപിടുത്തങ്ങള്‍ കൃഷിക്കാര്‍ക്ക് പ്രയോജനമുള്ളതാണോ?അവരുടെ അധ്വാനം കുറച്ച് വരുമാനം വര്‍ധിപ്പിക്കുമോ.
ജന ജീവിതം കൂടുതല്‍ എളുപ്പമാക്കുന്നതിന് ശാസ്ത്രത്തെ എങ്ങിനെ ഉപയോഗിക്കാന്‍ സാധിക്കും എന്നു നാം ചിന്തിക്കേണ്ടിയിരിക്കുന്നു. അപ്പോള്‍ ശാസ്ത്രത്തിന് സമൂഹത്തില്‍ വലിയ പ്രാധാന്യം ഉണ്ട്.
രാജ്യത്തെ എല്ലാ ആളുകളും ശാസ്ത്രജ്ഞരും ഈ ആശയവുമായി മുന്നോട്ടു നീങ്ങിയാല്‍ അതു രാജ്യത്തിനു മാത്രമല്ല, മനുഷ്യവംശത്തിനു മുഴുവന്‍ പ്രയോജനപ്പെടും.
സുഹൃത്തുക്കളെ,
മറ്റൊരു പ്രധാന കാര്യം കൂടി നിങ്ങള്‍ ഓര്‍ക്കണം. എന്തു കാര്യങ്ങളും ഉടന്‍ നടക്കണം എന്നു ശഠിക്കുന്ന കാലത്തിലാണ് ഇന്നു നാം ജീവിക്കുന്നത്. നമുക്ക് രണ്ടു മിനിറ്റിനുള്ളില്‍ നൂഡില്‍സ്് തയാറാവണം, അരമണിക്കൂറിനുള്ളില്‍ പിസ തയാറാവണം. പക്ഷെ ശാസ്ത്രജ്ഞരുടെയോ ശാസ്ത്രീയ നടപടികളുടെയോ കാര്യത്തില്‍ ഈ ഇന്‍സ്റ്റന്റ് സംസ്‌കാരം എന്ന സങ്കല്പം സാധിക്കില്ല.
ഒരു കണ്ടുപിടുത്തത്തിന്റെ സ്വാധീനം ഉടനടി ദൃശ്യമായി എന്നു വരില്ല. പക്ഷെ വരാനിരിക്കുന്ന അനേകം നൂറ്റാണ്ടുകളിലെ ജനങ്ങള്‍ക്ക് അതു പ്രയോജനപ്പെടും. ആറ്റത്തിന്റെ കണ്ടുപിടിത്തം മുതല്‍ ശാസ്ത്രത്തിന്റെ ഇന്നത്തെ സ്വഭാവവും സാധ്യതയും വരെ ഇതാണ് അനുഭവം നമ്മോടു പറയുന്നത്്. അതിനാല്‍ ശാസ്ത്ര അവബോധം കൊണ്ടുള്ള ദീര്‍ഘ ദൂര പ്രയോജനങ്ങളെക്കുറിച്ചും ദീര്‍ഘദൂര പരിഹാരങ്ങളെ കുറിച്ചും നിങ്ങള്‍ ചിന്തിക്കണം. ഈ പരിശ്രമങ്ങള്‍ക്കിടയിലും അന്താരാഷ്ട്ര നിയമങ്ങളും മാനദണ്ഡങ്ങളും നിങ്ങള്‍ ഓര്‍മ്മിക്കുകയും വേണം. നിങ്ങള്‍ നിങ്ങളുടെ കണ്ടുപിടിത്തങ്ങളെ സംബന്ധിച്ച അവബോധവും പ്രവര്‍ത്തനങ്ങളും, അതുമായി ബന്ധപ്പെട്ട നിയമങ്ങളും ബൗദ്ധിക സ്വത്തവകാശവും വര്‍ധിപ്പിക്കുകയും വേണം. നിങ്ങളുടെ ഗവേഷണങ്ങള്‍ പ്രധാനപ്പെട്ട വേദികളിലും അന്താരാഷ്ട്ര ശാസ്ത്ര ജേണലുകളിലും സ്ഥാനം പിടിക്കേണ്ടതിന് നിങ്ങള്‍ സ്ഥിരമായും കഠിനമായും അധ്വാനിക്കുകയും ജാഗ്രത പുലര്‍ത്തുകയും വേണം. നിങ്ങളുടെ പഠനങ്ങളും വിജയങ്ങളും സംബന്ധിച്ച് ശാസ്ത്ര ലോകം മുഴുവന്‍ അറിയുന്നതും ഇതുപോലെ പ്രധാനപ്പെട്ട സംഗതിയാണ്.
സുഹൃത്തുക്കളെ,
രണ്ടു വസ്തുക്കള്‍ ഇല്ലാതെ ശാസ്ത്രത്തിനു നിലനില്പ്പില്ല. അതില്‍ ഒന്ന് ‘പ്രശ്‌നമാ’ണ്. രണ്ടാമത്തെത് ‘തുടര്‍ച്ചയായ പരീക്ഷണ’ങ്ങളാണ്. പ്രശ്‌നങ്ങള്‍ ഇല്ലെങ്കില്‍ , എല്ലാ കാര്യങ്ങളും ഭംഗിയായി നടക്കുന്നുണ്ടെങ്കില്‍ ആര്‍ക്കും ആകാംക്ഷ ഇല്ല. ആകാംക്ഷ ഇല്ലാതെ പുതിയ കണ്ടുപിടിത്തങ്ങള്‍ക്ക് ആവശ്യവും ഉണ്ടാകുന്നില്ല.
അതേസമയം ഏതെങ്കിലും ഒരു പ്രവൃത്തി ആദ്യമായാണ് ചെയ്യുന്നതെങ്കില്‍, അത് കുറ്റമറ്റതാകന്‍ ഒരു വഴിയുമില്ല. പല വട്ടം ചെയ്താലും ആഗഹിക്കുന്ന ഫലം ലഭിച്ചെന്നു വരില്ല. സത്യത്തില്‍ ഇതു പരാജയമല്ല. വിജയവീഥിയിലെ സുപ്രധാന ഘട്ടം മാത്രമാണ്. അതിനാല്‍ ശാസ്ത്രത്തില്‍ പരാജയം ഇല്ല. പരിശ്രമങ്ങളും പരീക്ഷണങ്ങളും മാത്രം. ഒടുവില്‍ വിജയവും. ഇക്കാര്യങ്ങള്‍ മനസില്‍ വച്ച് നിങ്ങള്‍ മുന്നേറിയാല്‍ ശാസ്ത്രമേഖലയില്‍ നിങ്ങള്‍ക്ക് ഒരു പ്രശ്‌നവും ഉണ്ടാവില്ല. ജീവിതത്തില്‍ പ്രതിബന്ധങ്ങളും ഉണ്ടാവില്ല. നിങ്ങള്‍ക്കു ഭാവി ഭാവുകങ്ങള്‍ നേരുന്നു. ഈ ആഘോഷം വിജയത്തിലേയ്ക്കു മുന്നേറട്ടെ. ഇതോടു കൂടി ഞാന്‍ ഉപസംഹരിക്കുന്നു.
നിങ്ങള്‍ക്കു വളരെ നന്ദി.