പിഎം ഇന്ത്യ
അടല്‍ നവീനാശയ ദൗത്യം (എ.ഐ.എം) തുടരുന്നതിനും സ്‌കൂള്‍ തലത്തില്‍ വന്‍ വിജയമായി മാറിയ അടല്‍ ടിങ്കറിംഗ് ലാബുകള്‍ പതിനായിരം സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കാന്‍ അടല്‍ നവീനാശയ ദൗത്യത്തിന് 2019- 20 വരെ 1000 കോടി രൂപ വരെ അനുവദിക്കാനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
വിശദാംശങ്ങള്‍:
– രാജ്യത്ത് നവീനാശയങ്ങള്‍ പ്രോല്‍സാഹിപ്പിക്കാനും പിന്തുണ നല്‍കാനും എഐഎമ്മിന് ബഹുതല പരിപാടികളുണ്ട്.
– അടല്‍ ടിങ്കറിംഗ് ലാബുകള്‍ (എ.ടി.എല്‍) ആയിരക്കണക്കിനു സ്‌കൂളുകളില്‍ സ്ഥാപിക്കുന്നു, ലോക നിലവാരമുള്ള അടല്‍ ഇന്‍കുബേഷന്‍ കേന്ദ്രങ്ങളും (എ.ഐ.സി) അടല്‍ സാമൂഹിക നവീനാശയ കേന്ദ്രങ്ങളും (എ.സി.ഐ.സി) സര്‍വകലാശാലകള്‍ക്കും വ്യവസായങ്ങള്‍ക്കും വേണ്ടി സ്ഥാപിക്കുന്നു.
– ദേശീയ പ്രസക്തിയും സാമൂഹിക പ്രാധാന്യവുമുള്ള മേഖലകളില്‍ അടല്‍ ന്യൂ ഇന്ത്യാ ചാലഞ്ചസ് മുഖേന ഉല്‍പ്പന്ന വികസന പ്രോല്‍സാഹനം.
സാമ്പത്തിക ബാധ്യതകള്‍:
– ഓരോ എ.ടി.എല്ലിനും ആദ്യ വര്‍ഷം 12 ലക്ഷം രൂപയുടെ തിരിച്ചടയ്‌ക്കേണ്ടാത്ത സഹായവും പിന്നീടു തുടര്‍ച്ചയായി നാലു വര്‍ഷം എ.ടി.എല്‍ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കും നടത്തിപ്പു ചെലവിനുമായി രണ്ടു ലക്ഷം രൂപ വീതവും ലഭിക്കും.
– തെരഞ്ഞെടുക്കപ്പെട്ട ഓരോ എ.ഐ.സിക്കും മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ അവലോകനത്തിന്റെയും ഉദ്ദേശിച്ച നാഴികക്കല്ലില്‍ എത്തിച്ചേരുന്നു എന്ന തെളിവിന്റെയും അടിസ്ഥാനത്തില്‍ പത്ത് കോടി രൂപ വരെ ലഭിക്കും.
– നവീനാശയങ്ങള്‍ കൊണ്ടുവരുന്നവര്‍ക്ക് വാണിജ്യവല്‍ക്കരണത്തിനും വിന്യാസത്തിനുമുള്ള ഗ്രാന്റായി ഒരു കോടി രൂപ വരെ എ.എന്‍.ഐകള്‍ക്കു കീഴില്‍ ലഭിക്കും.
ഫലപ്രാപ്തി:
– അടല്‍ ടിങ്കറിംഗ് ലാബുകള്‍, അടല്‍ ഇന്‍കുബേഷന്‍ കേന്ദ്രങ്ങള്‍ എന്നിവ പോലുള്ള ഉറച്ചതും പുരോഗമനപരവുമായ സംരംഭങ്ങള്‍ ഈ ദൗത്യം ഏറ്റെടുക്കുകയും വന്‍തോതില്‍ ശ്രദ്ധ നേടുകയും ചെയ്തു.
– എ.ഐ.എമ്മിന്റെ സഹായത്തോടെ കേന്ദ്ര ഗവണ്‍മെന്റിന്റെ നിരവധി മന്ത്രാലയങ്ങളും വകുപ്പുകളും നവീനാശയവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി.
– എ.ടി.എല്‍ പദ്ധതിക്ക് കീഴില്‍ പതിനായിരത്തിലധികം സ്‌കൂളുകളില്‍ 2020 ഓടെ ഈ ലാബുകള്‍ സ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
– രാജ്യവ്യാപകമായി നൂറിലേറെ അടല്‍ ഇന്‍കുബേഷന്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കുക വഴി ആദ്യ അഞ്ചു വര്‍ഷം 50-60 സ്റ്റാര്‍ട്ടപ്പുകളെയെങ്കിലും പിന്തുണയ്ക്കാന്‍ സാധിക്കും.
– സ്വന്തം നവീനാശയങ്ങള്‍ ഉല്‍പ്പന്നമാക്കി മാറ്റുന്നതിന് നൂറിലധികം ഇന്നവേറ്റര്‍മാര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷ.
– മന്ത്രാലയങ്ങള്‍ മുഖേന പിന്തുണയ്ക്കപ്പെടുന്ന മറ്റു പരിപാടികള്‍ക്കും കൂടുതല്‍ ഗുണഭോക്താക്കള്‍ ഉണ്ടാകും.
– ഓരോ നാലു വര്‍ഷത്തിലും ഓരോ ഇന്‍കുബേറ്ററും സാങ്കേതികവിദ്യയാല്‍ നടപ്പാക്കപ്പെടുന്ന 50-60 നവീനാശയ സ്റ്റാര്‍ട്ടപ്പുകള്‍ വികസിപ്പിക്കുമെന്നു പ്രതീക്ഷ.
– നൂറിനു മുകളില്‍ ഇന്‍കബേറ്ററുകള്‍ സജ്ജീകരിക്കുന്നതിലൂടെ 5000-6000 നവീനാശയ സ്റ്റാര്‍ട്ടപ്പുകള്‍ വികസിപ്പിക്കപ്പെടുകയും ഇത് പുതിയ ഇന്‍കുബേറ്ററുകളുടെ സഹായത്തോടെ ഇരട്ടിയാവുകയും ചെയ്യും.
– ഈ നവീനാശയ സ്റ്റാര്‍ട്ടപ്പുകള്‍ ലഭ്യമാക്കുന്ന തൊഴിലവസര സൃഷ്ടി ഉയര്‍ന്നതായിരിക്കും.
നടപ്പാക്കല്‍ രീതിയും ലക്ഷ്യവും:
എ.ഐ.എം ഓരോ ഗുണഭോക്താവിനെയും തുറന്നതും മല്‍സരാധിഷ്ഠിതവുമായ ഓണ്‍ലൈന്‍ അപേക്ഷകളിലൂടെ തെരഞ്ഞെടുക്കുകയും ഗ്രാന്റുകള്‍ നേരിട്ട് നല്‍കുകയും ചെയ്യും. എ.ടി.എല്‍, എ.ഐ.സി എന്നിവിടങ്ങളില്‍ ശേഷി കെട്ടിപ്പടുക്കുന്നതിന് എ.ഐ.എം അതിന്റെ വിദഗ്ധരെയും ശൃംഖലയും രാജ്യമാകെ പ്രയോജനപ്പെടുത്തും. അക്കാദമികള്‍ക്കും നവീനാശയങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇടയില്‍, എ.ഐ.എം സംരംഭങ്ങളുടെ വിജയം ഉറപ്പാക്കുന്ന പിന്തുണ നല്‍കിക്കൊണ്ട് വിവരങ്ങളുടെയും സാങ്കേതികവിദ്യയുടെയും ഒഴുക്ക് ഉറപ്പാക്കാനും വിവിധ തരം ജനവിഭാഗങ്ങളെയും കോര്‍പറേറ്റ്, അന്താരാഷ്ട്ര പങ്കാളികളെയും എ.ഐ.എം ഗുണഭോക്താക്കളുമായി ബന്ധിപ്പിക്കും. ഇതുവരെ രാജ്യവ്യാപകമായി 5441 അടല്‍ ടിങ്കറിംഗ് ലാബുകള്‍ തെരഞ്ഞെടുത്തു. ഇതില്‍ 623 ജില്ലകളില്‍ നിന്നുള്ള 2171 എണ്ണത്തിന് തങ്ങളുടെ സ്‌കൂളുകളില്‍ ലാബുകള്‍ സ്ഥാപിക്കുന്നതിന് ആദ്യ ഗഡു ഗ്രാന്റ് ഇന്‍ എയിഡ് ലഭിച്ചു. 101 അടല്‍ ഇന്‍കുബേഷന്‍ കേന്ദ്രങ്ങള്‍ ദേശവ്യാപകമായി തെരഞ്ഞെടുത്തതില്‍ 31 എണ്ണത്തിന് ആദ്യ ഗഡു ഗ്രാന്റ് ലഭിച്ചു.
24 പുതിയ അടല്‍ ന്യൂ ഇന്ത്യാ ചാലഞ്ചസ് തുടങ്ങുകയും 800ല്‍ അധികം അപേക്ഷകള്‍ ലഭിക്കുകയും ചെയ്തു. വ്യത്യസ്ഥ പ്രൊഫഷണല്‍ പശ്ചാത്തലമുള്ളവരും മികച്ച യോഗ്യതകളുള്ളവരുമായ പരിശീലകരെ എ.ടി.എല്‍ വിദ്യാര്‍ത്ഥികളുടെ മികവിനു വേണ്ടിയുള്ള പരിശീലനത്തിന് തെരഞ്ഞെടുത്തു. എ.ഐ.എം നിര്‍ദേശിക്കുന്ന രീതിയില്‍ എ.ടി.എല്ലുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പരിശീലകര്‍ സ്‌കൂള്‍ അധികൃതരുമായും ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു. ഇതുവരെ 1300 എ.ടി.എല്‍ സ്‌കൂളുകളിലായി 25000ല്‍ അധികം പരിശീലകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സജീവ പരിശീലനം നല്‍കുന്നു.
പശ്ചാത്തലം:
രാജ്യവ്യാപകമായി സ്‌കൂള്‍, സര്‍വകലാശാല, ഗവേഷണ സ്ഥാപനങ്ങള്‍, എം.എസ.്എം.ഇ, വ്യവസായ തലങ്ങളില്‍ നവീനാശയങ്ങളുടെയും സംരംഭകത്വത്തിന്റെയും പരിസ്ഥിതി സൃഷ്ടിക്കുകയും പ്രോല്‍സാഹിപ്പിക്കുകയുമാണ് അടല്‍ നവീനാശയ ദൗത്യം ( എ.ഐ.എമ്മുകള്‍) ലക്ഷ്യമിടുന്നത്. 2015ലെ ബഡ്ജറ്റ് പ്രസംഗത്തില്‍ ബഹുമാനപ്പെട്ട ധനമന്ത്രി പ്രഖ്യാപിച്ചതുപ്രകാരം നിതി ആയോഗിനു കീഴിലാണ് ദൗത്യം സജ്ജീകരിച്ചിരിക്കുന്നത്.