Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അധ്യാപക ദിനത്തില്‍ അധ്യാപക സമൂഹത്തിനു പ്രധാനമന്ത്രി മോദിയുടെ കത്ത്


 

അധ്യാപക ദിനത്തില്‍ അധ്യാപക സമൂഹത്തിന് ആശംസകള്‍ നേരുകയും ഡോ.എസ്.രാധാകൃഷ്ണന് ബാഷ്പാഞ്ജലി അര്‍പ്പിക്കുകയും ചെയ്ത പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി, അധ്യാപകര്‍ പ്രചോദനമേകുന്നവരും അറിവും വിദ്യാഭ്യാസവും ബോധോദയവും പകരുന്നവരും ആണെന്നു വ്യക്തമാക്കി. 
ലക്ഷക്കണക്കിന് അധ്യാപകര്‍ക്ക് അയച്ച ഇ-മെയ്‌ലില്‍ വിദ്യാര്‍ഥികളുടെ ജീവിതത്തില്‍ അധ്യാപകര്‍ ചെലുത്തുന്ന അളവറ്റ സ്വാധീനത്തെക്കുറിച്ചു പരാമര്‍ശിച്ച പ്രധാനമന്ത്രി, അധ്യാപകര്‍ പകര്‍ന്നുനല്‍കുന്ന മൂല്യങ്ങള്‍  ജീവിതകാലം മുഴുവന്‍ വിദ്യാര്‍ഥികളില്‍ നിലനില്‍ക്കുമെന്നു ചൂണ്ടിക്കാട്ടി. 
മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുല്‍ കലാമിന്റെ വാക്കുകള്‍ ശ്രീ. നരേന്ദ്ര മോദി ഉദ്ധരിച്ചു: ‘ഒരു വ്യക്തിയുടെ സ്വഭാവവും ശേഷിയും ഭാവിയും രൂപപ്പെടുത്തുന്ന മഹത്തായ തൊഴിലാണ് അധ്യാപനം.’
വിദ്യാഭ്യാസം, ഗവേഷണം, പുതുമ എന്നിവയ്ക്കു പ്രാമുഖ്യം കല്‍പിക്കുന്ന സമൂഹങ്ങളാണ് 21ാം നൂറ്റാണ്ടിനെ രൂപപ്പെടുത്തുകയെന്നു പ്രധാനമന്ത്രി പറഞ്ഞു. ‘ഇതു നമ്മുടെ അധ്യാപകരുടെ പങ്ക് അങ്ങേയറ്റം പ്രാധാന്യമാര്‍ന്നതാക്കി മാറ്റുന്നു’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
‘നിങ്ങള്‍ സാങ്കേതികവദ്യയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടവും പിന്‍തുടരുന്നുണ്ടെന്നും സാങ്കേതിക വിദ്യയുടെ ഗതി വിദ്യാര്‍ഥികള്‍ക്കു പരിചയപ്പെടുത്തി നല്‍കുന്നുണ്ടെന്നും എനിക്ക് ഉറപ്പാണ്’, അധ്യാപകര്‍ക്ക് അയച്ച എഴുത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസ മേഖലയില്‍ സമൂലമായ പരിവര്‍ത്തനം സാധ്യമാക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് നടത്തിവരുന്ന ശ്രമങ്ങളില്‍ ചിലതും അദ്ദേഹം പരാമര്‍ശിച്ചു. 
‘നിങ്ങളെപ്പോലുള്ള അധ്യാപകരുടെ മഹത്തായ ശ്രമങ്ങള്‍ക്കു നന്ദി; എന്തു ചെലവു വരുന്നു എന്നതില്‍നിന്ന് എന്തു ഗുണം സൃഷ്ടിക്കുന്നു എന്നതിലേക്കും പഠിപ്പിക്കലില്‍നിന്നു പഠനത്തിലേക്കും ഊന്നല്‍ മാറിയിരിക്കുന്നു. അടല്‍ ടിങ്കറിങ് ലാബുകള്‍ നൈപുണ്യ വികസനം വളരെയധികം മെച്ചപ്പെടുന്ന സാഹചര്യം സൃഷ്ടിച്ചു. ഒരു യുവാവിനും മെച്ചമാര്‍ന്ന വിദ്യാഭ്യാസം നഷ്ടമാകരുതെന്ന ഉദ്ദേശ്യത്തോടെ ഇന്ത്യയിലാകമാനം ഒട്ടേറെ സര്‍വകലാശാലകള്‍ ആരംഭിച്ചുവരികയാണ്’, പ്രധാനമന്ത്രി പറഞ്ഞു. 
ഒക്ടോബര്‍ രണ്ടിന് മഹാത്മാ ഗാന്ധിയുടെ 150ാമതു ജന്മവാര്‍ഷികാഘോഷത്തിനു തുടക്കമിടുന്ന കാര്യം ഓര്‍മിപ്പിച്ച ശ്രീ. നരേന്ദ്ര മോദി, ബാപ്പുവിന്റെ ചിന്തകളെയും മഹത്തായ ആദര്‍ശത്തെയും പുതുമയാര്‍ന്ന രീതികളിലൂടെ വിദ്യാര്‍ഥികളില്‍ എത്തിക്കാന്‍ തയ്യാറാകണമെന്ന് അധ്യാപകസമൂഹത്തോട് ആഹ്വാനം ചെയ്തു. സ്വച്ഛ് ഭാരത് ദൗത്യം ശക്തിപ്പെടുത്തുന്നതില്‍ അധ്യാപക സമൂഹം വഹിക്കുന്ന മഹത്തായ പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു. 
നാം സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്ന 2022 ആകുമ്പോഴേക്കും പുതിയ ഇന്ത്യ സൃഷ്ടിക്കുക എന്ന ലക്ഷ്യം ആവര്‍ത്തിച്ച പ്രധാനമന്ത്രി, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ചവരുടെ സ്വപ്‌നങ്ങളും ദര്‍ശനങ്ങളും യാഥാര്‍ഥ്യമാക്കുന്നതിനായി  വരുന്ന നാലു വര്‍ഷം മാറ്റിവെക്കണമെന്ന് അധ്യാപകരോട് ആഹ്വാനം ചെയ്തു. 
‘നിങ്ങളുടെ മനസ്സിനെ സ്വാധീനിച്ച എതെങ്കിലും കാര്യത്തില്‍ ശ്രദ്ധയൂന്നാനും പ്രാദേശിക ജനസമൂഹത്തെ ഒന്നിപ്പിക്കാനും ചുറ്റുപാടുമുള്ളവരുടെ ജീവിതത്തില്‍ പരിവര്‍ത്തനം യാഥാര്‍ഥ്യമാക്കാനും ശ്രദ്ധിക്കണമെന്നു  ഞാന്‍ ആഹ്വാനം ചെയ്യുന്നു. ഇതു നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികള്‍ക്കുള്ള അനുയോജ്യമായ ശ്രദ്ധാഞ്ജലിയും പുതിയ ഇന്ത്യ സൃഷ്ടിക്കുന്നതിനുള്ള ദൃഢപ്രതിജ്ഞയും ആയിരിക്കും’, പ്രധാനമന്ത്രി പറഞ്ഞു.