Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അധ്യാപക ദിനത്തില്‍ പ്രധാനമന്ത്രിയുടെ സന്ദേശം


അധ്യാപക ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം:

‘നിങ്ങള്‍ക്കേവര്‍ക്കും, അധ്യാപക സമൂഹത്തിനും, സന്തോഷകരമായ ഒരു അധ്യാപക ദിനം ആശംസിക്കുന്നു!.

തങ്ങളുടെ കഠിന പ്രയത്‌നത്തിനും, സമര്‍പ്പണത്തിനും, പ്രതിബദ്ധതയ്ക്കും, മുഴുവന്‍ അധ്യാപകസമൂഹത്തെയും അഭിവാദ്യം ചെയ്യേണ്ട ദിവസമാണിന്ന്. ക്ലാസ്സ് മുറികളില്‍ വിഷയങ്ങള്‍ പഠിപ്പിക്കുന്നത് കൂടാതെ, വിദ്യാര്‍ത്ഥികളുടെ ജീവിതങ്ങളില്‍ പ്രമുഖമായ പങ്കുവഹിക്കുന്ന അനിതരസാധാരണമായ വഴികാട്ടികളും മാര്‍ഗ്ഗദര്‍ശകരുമാണ് അധ്യാപകര്‍.

അധ്യാപകരുടെ നിസ്വാര്‍ത്ഥ സ്വഭാവം, സാര്‍വ്വത്രികമായി പ്രകീര്‍ത്തിക്കപ്പെട്ടതാണ്. കുടുംബപരമായ ചുമതലകളും, തിരക്കിട്ട സമയക്രമവുമാണെങ്കിലും, വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ ആശയങ്ങളും ധാരണകളും, പഠിക്കാന്‍ കഴിയുന്നുവെന്ന് അധ്യാപകര്‍ ഉറപ്പുവരുത്തും.

പരിണത ഫലങ്ങള്‍ക്ക് ഊന്നല്‍:

ഇന്ത്യയിന്ന് വിദ്യാഭ്യാസ രംഗത്ത്, അടിസ്ഥാനപരമായ മാറ്റം ദര്‍ശിക്കുകയാണ്. കേവലം ചെലവിടലിന് ഊന്നല്‍ നല്‍കുന്ന വ്യവസ്ഥാനുരൂപമായ സമീപനത്തില്‍ നിന്ന് മാറിക്കൊണ്ട്, നാമിപ്പോള്‍ പരിണതഫലങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. ഈ പശ്ചാത്തലത്തില്‍ യുവമനസ്സുകളില്‍ ഗവേഷണത്തിന്റെയും നവീനാശയങ്ങളുടെയും ആവേശം ജ്വലിപ്പിക്കാന്‍ നമ്മുടെ അധ്യാപകര്‍ കഠിനമായി യത്‌നിക്കുന്നത് കാണുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. തങ്ങള്‍ക്കുവേണ്ടിയും രാഷ്ട്രത്തിന് വേണ്ടിയും അനിതരസാധാരണമായ കാര്യങ്ങള്‍ ചെയ്യാന്‍ നമ്മുടെ യുവജനങ്ങള്‍ക്ക് കരുത്ത് നല്കുന്നത് ഈ ആവേശമാണ്.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിയന്ത്രിക്കാന്‍ സഹായം:

ഇക്കൊല്ലത്തെ അധ്യാപകദിനത്തില്‍ എന്റെ സഹ അധ്യാപകരോട് എന്റെ ഒരു അഭ്യര്‍ത്ഥനയുണ്ട്. നിങ്ങള്‍ക്കറിയാവുന്നതുപോലെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിര്‍മാര്‍ജ്ജനം ചെയ്യുന്നതിന് ഒരു ബഹുജന പ്രസ്ഥാനത്തിനുതന്നെ തുടക്കമിട്ടിട്ടുണ്ട്. ഈ പ്രസ്ഥാനത്തിന് അധ്യാപക സമൂഹത്തിന്റെ സജീവ പിന്തുണയും പങ്കാളിത്തവും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് മൂലം നമ്മുടെ പരിസ്ഥിതിക്കുണ്ടാവുന്ന നാശത്തെക്കുറിച്ച് അധ്യാപകര്‍ കുട്ടികളോട് വിശദീകരിക്കുകയും, അവ ഉപേക്ഷിക്കാന്‍ ഉപദേശിക്കുകയും ചെയ്താല്‍ അവര്‍ക്കത് ഈ വിഷയത്തില്‍ പങ്കാളികളാവാന്‍ പ്രചോദനമേകും. പ്രിയപ്പെട്ട ബാപ്പുവിന് അദ്ദേഹത്തിന്റെ 150ാം ജയന്തിയില്‍ നല്‍കാവുന്ന മഹത്തായ ശ്രദ്ധാഞ്ജലി ആയിരിക്കുമത്.

ഈ ദിവസത്തില്‍ സമര്‍ത്ഥനായ ഒരു അധ്യാപകനും, മാര്‍ഗ്ഗദര്‍ശിയുമായിരുന്ന മഹാനായ ഡോ. എസ് രാധാകൃഷ്ണനും ഞാന്‍ ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നു. അദ്ദേഹത്തിന്റെ ജീവിതം കൂടുതല്‍ പേരെ അധ്യാപനവൃത്തിയില്‍ ചേരാനും, യുവമനസ്സുകളെ കരുപ്പിടിപ്പിക്കാനും പ്രചോദനമാകട്ടെ.