Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ആദ്യത്തെ പിഐഒ പാര്‍ലമെന്റേറിയന്‍ സമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ആദ്യത്തെ പിഐഒ പാര്‍ലമെന്റേറിയന്‍ സമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ആദ്യത്തെ പിഐഒ പാര്‍ലമെന്റേറിയന്‍ സമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ആദ്യത്തെ പിഐഒ പാര്‍ലമെന്റേറിയന്‍ സമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം


 

പ്രവാസി ഭാരതീയ ദിവസത്തിന്റെ ഈ വേളയില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ആശംസകള്‍. പ്രവാസി ദിവസത്തിന്റെ ഈ പാരമ്പര്യത്തില്‍ ഈ ആദ്യത്തെ പ്രവാസി പാര്‍ലമെന്റേറിയന്‍ സമ്മേളനം ഇന്ന് ഒരു പുതിയ അധ്യായം കൂട്ടിച്ചേര്‍ക്കുകയാണ്. വടക്കേ അമേരിക്ക, ദക്ഷിണാഫ്രിക്ക, ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ, പസഫിക് മേഖല എന്നിവിടങ്ങളില്‍നിന്നും ലോകത്തിന്റെ എല്ലാ മുക്കുമൂലകളില്‍നിന്നും ഇവിടെ എത്തിച്ചേര്‍ന്നിരിക്കുന്ന മുഴുവന്‍ സുഹൃത്തുക്കള്‍ക്കും ഞാന്‍ ഊഷ്മളമായ സ്വാഗതം ആശംസിക്കുന്നു.
ഇന്ത്യയിലേക്കു സ്വാഗതം! സ്വവസതിയിലേക്കു സ്വാഗതം!
നിങ്ങളുടെ പൂര്‍വ്വികരും നിങ്ങളുടെ പൂര്‍വ്വസ്മരണകളും ഈ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങളില്‍ ചിലരുടെ പൂര്‍വ്വികര്‍ വ്യാപാരത്തിനും വിദ്യാഭ്യാസത്തിനുമായി കടല്‍ കടന്നുപോയി. അവരില്‍ ചിലര്‍ രാജ്യത്തുനിന്ന് നിര്‍ബന്ധപൂര്‍വം പുറത്താക്കപ്പെട്ടു, ചിലരെ മോഹിപ്പിച്ച് വശംവദരാക്കി പുറത്താക്കി. അവര്‍ ാരീരികമായി ഇവിടെ നിന്നു വിട്ടുപോയിട്ടുണ്ടാകാമെങ്കിലും സ്വന്തം ആത്മാവിന്റെയും ഹൃദയത്തിന്റെയും ഒരു ഭാഗം ഇവിടെ ഈ മണ്ണില്‍ അവശേഷിപ്പിച്ചിട്ടുണ്ടാകും. അതുകൊണ്ട് നിങ്ങള്‍ ഇന്ത്യയിലെ ഏത് വിമാനത്താവളത്തില്‍ ഇറങ്ങുമ്പോഴും നിങ്ങളെ ഈ മണ്ണില്‍ക്കണ്ട് അവരുടെ ആത്മാവ് ആഹ്ലാദിക്കും.
അപ്പോള്‍ നിങ്ങള്‍ ഗദ്ഗദകണ്ഠരാകും, വികാരങ്ങള്‍ കണ്ണീരിന്റെ രൂപത്തില്‍ പുറത്തുവരും. ആ വികാരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ കിണഞ്ഞു ശ്രമിച്ചാലും നിങ്ങള്‍ വിജയിക്കില്ല. നിങ്ങളുടെ കണ്ണുകള്‍ കണ്ണീരുകൊണ്ട് ഈറനണിയുമെങ്കിലും ഇന്ത്യയില്‍ എത്തിയതിന്റെ ആഹ്ലാദത്തില്‍ അവ വിടരുകയും ചെയ്യും. നിങ്ങളുടെ വികാരങ്ങള്‍ എനിക്കു മനസ്സിലാകും. ഈ മമത, ഈ സ്‌നേഹം, ഈ ബഹുമാനം, ഇവിടുത്തെ കാറ്റിന്റെ സുഗന്ധം, ഈ മണ്ണിന്റെ മണം, ആ യാഥാര്‍ഥ്യത്തെ ഞാന്‍ നമിക്കുന്നു. നിങ്ങളെ ഇന്ന് ഇവിടെ കാണുന്നതില്‍ നിങ്ങളുടെ പൂര്‍വികര്‍ എത്രമാത്രം സന്തോഷിക്കുമായിരുന്നു എന്ന് നമുക്കെല്ലാം സങ്കല്‍പ്പിക്കാന്‍ സാധിക്കും. അവര്‍ എവിടെ ആയിരുന്നാലും, നിങ്ങളെ ഈ മണ്ണില്‍ കാണുന്നതില്‍ ഏറെ സന്തോഷിക്കുന്നവര്‍ തന്നെയായിരിക്കും.

സുഹൃത്തുക്കളേ,

നൂറുകണക്കിനു വര്‍ഷങ്ങളായി ഇന്ത്യയില്‍നിന്നു പുറത്തുപോയവരുടെ ഹൃദയങ്ങളില്‍നിന്ന് ഇന്ത്യ ഒരിക്കലും പുറത്തുപോയിട്ടില്ല. ലോകത്തിന്റെ ഏതുഭാഗത്ത് അവര്‍ സ്ഥിരതാമസമാക്കിയാലും ഇന്ത്യയുടെ സംസ്‌കാരവും മൂല്യങ്ങളും അവരില്‍ സജീവമായി നിലനില്‍ക്കുന്നു. ഇന്ത്യന്‍ വംശജര്‍ എവിടെ ജീവിച്ചാലും ആ സ്ഥലത്തെ സ്വന്തം വീടായി ഏറ്റെടുത്ത് പൂര്‍ണമായും ഉള്‍ച്ചേരുന്നു എന്നതും അത്ഭുതമില്ലാത്ത കാര്യമാണ്.
ഒരു കൈയില്‍ ഇന്ത്യയുടെ മൂല്യങ്ങള്‍ സ്വന്തം ഉള്ളില്‍ സജീവമായിരിക്കെത്തന്നെ മറുകൈയില്‍ അവര്‍ ജീവിക്കുന്ന രാജ്യത്തെ ഭാഷയുമായും ഭക്ഷണവുമായും വേഷവിധാനങ്ങളുമായും പൂര്‍ണമായി ഇഴുകിച്ചേരുന്നു.
കായികം, കല, സിനിമ എന്നീ രംഗങ്ങളില്‍ ആഗോള വേദിയില്‍ ഇന്ത്യന്‍ വംശജര്‍ അവരുടെ കഴിവുകള്‍ പുറത്തെടുക്കുന്നു. ഇനി രാഷ്ട്രീയത്തെക്കുറിച്ചു പറയുകയാണെങ്കില്‍, ഇന്ത്യന്‍ വംശജരുടെ ഒരു ചെറു ലോക പാര്‍ലമെന്റ് എങ്ങനെയായിരിക്കും എന്ന് എനിക്കെന്റെ കണ്‍മുന്നില്‍ കാണാന്‍ കഴിയുന്നു. ഇന്ന് മൗറീഷ്യസ്, പോര്‍ച്ചുഗല്‍, അയര്‍ലന്റ് എന്നിവിടങ്ങളിലെ പ്രധാനമന്ത്രിമാര്‍ ഇന്ത്യന്‍ വംശജരാണ്. നിരവധി രാജ്യങ്ങളില്‍ വകുപ്പു തലവന്‍മാരും സംസ്ഥാന തലവന്‍മാരുമായി ഇന്ത്യന്‍ വംശജര്‍ പ്രവര്‍ത്തിക്കുന്നു. ഗയാനയുടെ മുന്‍ പ്രസിഡന്റ് ശ്രീ ഭരത് ജഗ്‌ദേവ്ജി ഇന്ന് ഇവിടെ നമുക്കൊപ്പമുണ്ട് എന്നത് മഹത്തായ അഭിമാനമാണ്. ആദരണീയരായ നിങ്ങള്‍ ഓരോരുത്തരും സ്വന്തം രാജ്യങ്ങളിലെ രാഷ്ട്രീയത്തില്‍ സുപ്രധാന പങ്കാളിത്തം വഹിക്കുന്നവരാണ്.

സുഹൃത്തുക്കളേ,

നിങ്ങളുടെ പൂര്‍വികരുടെ മാതൃഭൂമിയായ ഇന്ത്യ നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു. നിങ്ങളുടെ നേട്ടങ്ങളും വിജയങ്ങളും ഞങ്ങള്‍ അഭിമാനകരമായും ബഹുമാനിക്കപ്പെടേണ്ടതായും കാണുന്നു. നിങ്ങള്‍ ഏതെങ്കിലും പദവികള്‍ ഏറ്റെടുക്കുമ്പോഴോ അല്ലെങ്കില്‍ പദവികളിലേക്കു നാമനിര്‍ദേശ പത്രിക നല്‍കുമ്പോഴോ വരുന്ന മാധ്യമ വാര്‍ത്തകള്‍ക്ക് ഇന്ത്യയില്‍ വായനക്കാരും പ്രേക്ഷകരും വളരെയധികമാണ്. എല്ലാ മേഖലകളിലെയും രാഷ്ട്രീയം നിങ്ങളെ എങ്ങനെയാണ് ബാധിക്കുന്നത് എന്നും നിങ്ങള്‍ എങ്ങനെയാണ് ഓരോ രാജ്യത്തെയും നയങ്ങള്‍ രൂപപ്പെടുത്തുന്നത് എന്നുമുള്ള റിപ്പോര്‍ട്ടുകള്‍ ഇന്ത്യയിലെ വായനക്കാര്‍ വലിയ താല്‍പര്യത്തോടെയാണ് വായിക്കുന്നത്. ഈ സംഭവവികാസങ്ങളെക്കുറിച്ച് അവര്‍ ചര്‍ച്ച ചെയ്യുന്നത് ഈ വിധമാണ്: നോക്കൂ, നമ്മിലൊരാള്‍ ഉന്നത സ്ഥാനത്ത് എത്തിയിരിക്കുന്നു. ഈ സന്തോഷവും അഭിമാനവും ഞങ്ങള്‍ക്കു നല്‍കുന്നതിന് നിങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നു.

സഹോദരീ സഹോദരന്മാരേ,

ദീര്‍ഘകാലമായി നിങ്ങള്‍ വിവിധ രാജ്യങ്ങളില്‍ ജീവിക്കുകയാണ്. കഴിഞ്ഞ മൂന്നു നാല് വര്‍ഷങ്ങളായി ഇന്ത്യയെക്കുറിച്ചുള്ള സമീപനം മാറിയെന്നതിന് നിങ്ങള്‍ അനുഭവസ്ഥരാണ്. ഇന്ത്യയെക്കുറിച്ച് മഹത്തായ ഒരു ലക്ഷ്യകേന്ദ്രീകരണമുണ്ട്; നമുക്കു ചുറ്റുമുള്ള ലോകത്തിന്റെ സമീപനം മാറിയിരിക്കുന്നു. ഇതിനു പിന്നിലെ പ്രധാന കാരണം ഇന്ത്യ സ്വന്തം നിലയില്‍ മാറുന്നു എന്നതാണ്, ഇന്ത്യ സ്വയം പരിവര്‍ത്തനത്തിനു വിധേയമാകുന്നു എന്നതാണ്. സാമ്പത്തിക, സാമൂഹിക തലങ്ങളിലെ മാറ്റങ്ങള്‍ക്കു പുറമേ ആശയങ്ങളുടെ തലത്തിലും ഈ മാറ്റം വന്നുകൊണ്ടിരിക്കുന്നു. ‘ഒന്നും മാറില്ല; ഇതുവരെ എങ്ങനെയാണോ അങ്ങനെതന്നെ തുടരും; ഒന്നും സംഭവിക്കാന്‍ പോകുന്നില്ല’ എന്ന തരത്തിലാണ് ദീര്‍ഘകാലം ഇന്ത്യ ചിന്തിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ ഇന്ത്യക്കാരുടെ പ്രത്യാശകളും പ്രതീക്ഷകളും ഉയര്‍ന്നതാണ്. സംവിധാനങ്ങളില്‍ നിങ്ങള്‍ക്ക് പൂര്‍ണമായ ഒരു പരിവര്‍ത്തനം കാണാനാകും; തിരിച്ചുപോകാനാകാത്ത മാറ്റത്തിന്റെ ഫലപ്രാപ്തി എല്ലാ മേഖലകളിലും നിങ്ങള്‍ക്കു കാണാനാകും.

– ഇതിന്റെ ഫലമായി ഇന്ത്യക്കു മുമ്പു ലഭിച്ചിട്ടില്ലാത്തവിധം ആറു കോടി ഡോളര്‍ നേരിട്ടുള്ള വിദേശ നിക്ഷേപം ലഭിച്ചു.

– വ്യവസായം നടത്തുന്നത് അനായാസമാക്കുന്നതു സംബന്ധിച്ച പട്ടികയിലെ സ്ഥാനം കഴിഞ്ഞ മൂന്നു വര്‍ഷംകൊണ്ട് 42 സ്ഥാനം മുകളിലേക്കെത്തി.

– കഴിഞ്ഞ രണ്ടു വര്‍ഷത്തില്‍ ലോക സാമ്പത്തിക ഫോറത്തിന്റെ ആഗോള മല്‍സര സൂചികയില്‍ നാം 32ാം സ്ഥാനത്തെത്തി.
– കഴിഞ്ഞ രണ്ടു വര്‍ഷംകൊണ്ട് നമ്മുടെ ആഗോള നവീനാശയ സൂചിക 21 പോയിന്റ് മെച്ചപ്പെട്ടു.
– ലോജിസ്റ്റിക്‌സ് മികവ് സൂചിക 19 പോയിന്റ് മികവ് നേടി.
– ഇന്ന് ലോകബാങ്കും ഐഎംഎഫും പോലുള്ള സ്ഥാപനങ്ങള്‍ ഇന്ത്യയെ വളരെ അനുകൂല മനോഭാവത്തോടെയാണ് കാണുന്നത്.
– നിര്‍മാണം, വ്യോമഗതാഗതം, ഖനനം, കമ്പ്യൂട്ടര്‍ – സോഫ്റ്റുവെയറും ഹാര്‍ഡുവെയറും, വൈദ്യുത ഉപകരണങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ആകെയുണ്ടായ നിക്ഷേപത്തിന്റെ പകുതിയിലധികവും കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍കൊണ്ട് മാത്രമാണു വന്നത്.

ഇന്ത്യന്‍ സമ്പദ്ഘടനയുടെ എല്ലാ രംഗങ്ങളിലും വിപുലമായ നയപരിഷ്‌കരണങ്ങള്‍ ഞങ്ങള്‍ കൊണ്ടുവരുന്നതുകൊണ്ടാണ് ഇതെല്ലാം സാധ്യമാകുന്നത്. നമ്മുടെ മാര്‍ഗ്ഗനിര്‍ദേശക തത്വം ‘പരിവര്‍ത്തനത്തിനായി പരിഷ്‌കരണം’ എന്നതാണ്. സംവിധാനങ്ങളെയാകെ സുതാര്യവും ഉത്തരവാദിത്തപൂര്‍ണവുമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അഴിമതി പൂര്‍ണമായും നിര്‍മാര്‍ജ്ജനം ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

സുഹൃത്തുക്കളേ,

ചരക്കു സേവന നികുതി നടപ്പാക്കി നാം നൂറുകണക്കിന് നികുതിക്കുരുക്കുകള്‍ ഇല്ലാതാക്കുകയും സാമ്പത്തികമായി രാജ്യത്തെ സംയോജിപ്പിക്കുകയും ചെയ്തു. ഖനനം, വളങ്ങള്‍, വസ്ത്രനിര്‍മാണം, വ്യോമയാനം, ആരോഗ്യം, പ്രതിരോധം, നിര്‍മാണം, ഭൂമി ഇടപാട്, ഭക്ഷണ സംസ്‌കരണം തുടങ്ങി ഒരു മേഖലയില്‍പ്പോലും ഞങ്ങള്‍ പരിഷ്‌കരണം കൊണ്ടുവരാതിരുന്നിട്ടില്ല.

സുഹൃത്തുക്കളേ,

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാജ്യമാണ് ഇന്ന് ഇന്ത്യ. യുവജനങ്ങള്‍ക്ക് പരിധികളില്ലാത്ത സ്വപ്‌നങ്ങളും പ്രതീക്ഷകളുമുണ്ട്. ഗവണ്‍മെന്റ് തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നതുകൊണ്ട് അവര്‍ക്ക് സ്വന്തം ഊര്‍ജം ശരിയായ മേഖലയിലേക്ക് തിരിച്ചുവിടാം, അതുകൊണ്ട് സ്വന്തം നിലയില്‍ അവര്‍ക്ക് സംരംഭങ്ങള്‍ നടത്താം.
നൈപുണ്യ ഇന്ത്യ ദൗത്യം, സ്റ്റാര്‍ട്ടപ്പ് പദ്ധതി, സ്റ്റാന്റപ്പ് പദ്ധതി, മുദ്ര പദ്ധതി എന്നിവ പോലുള്ളവ കൃത്യമായും തുടങ്ങിയത് ഈ കാരണത്താലാണ്. സ്വയംതൊഴിലിന് പത്ത് കോടിയില്‍പ്പരം വായ്പകള്‍ മുദ്ര പദ്ധതിക്കു കീഴില്‍ അനുവദിച്ചു. ഒരു ബാങ്ക് ഗ്യാരന്റിയുമില്ലാതെ നാല് ലക്ഷം കോടിയില്‍പ്പരം രൂപ വായ്പ നല്‍കി. ഇന്ത്യയുടെ 21ാം നൂറ്റാണ്ടിലെ ആവശ്യങ്ങള്‍ മനസ്സില്‍വച്ചുകൊണ്ട് അടിസ്ഥാന സൗകര്യ, ഗതാഗത മേഖലകളില്‍ ഇന്ത്യ നിക്ഷേപം വര്‍ധിപ്പിച്ചു. ഇന്ത്യക്കു ഭാവിയില്‍ ആവശ്യമുള്ളത് ഏതുതരം വിന്യാസമാണ് എന്നു നിര്‍ണയിക്കുന്ന നയത്തിന് ഇക്കാര്യത്തില്‍ പ്രത്യേക പ്രാധാന്യം നല്‍കി. ദേശീയപാതകള്‍, റെയില്‍വേ, വ്യോമപാതകള്‍, ജലപാതകള്‍, തുറമുഖങ്ങള്‍ ഈ നിലയില്‍ വികസിപ്പിക്കുകയും അവ പരസ്പരം ബന്ധിപ്പിക്കുകയും പരസ്പരം പിന്തുണയ്ക്കാന്‍ പ്രാപ്തമാക്കുകയും ചെയ്യുന്നു.

സുഹൃത്തുക്കളേ,

ഇന്ന് രണ്ടിരട്ടി വേഗത്തിലാണ് ഇന്ത്യയില്‍ പുതിയ റെയില്‍പ്പാതകള്‍ നിര്‍മിക്കുന്നത്. രണ്ടിരട്ടി വേഗത്തില്‍ പാത ഇരട്ടിപ്പിക്കല്‍ നടക്കുന്നു. ദേശീയപാതകള്‍ രണ്ടിരട്ടി വേഗത്തില്‍ നിര്‍മിക്കുന്നു. ഇരട്ടിയിലധികം പുതിയ നവീകരിക്കാവുന്ന ഊര്‍ജ്ജ ശേഷി ഗ്രിഡുമായി ബന്ധിപ്പിക്കുന്നു.
കപ്പല്‍വഴിയുള്ള വ്യവസായത്തില്‍ ചരക്ക് കൈകാര്യം ചെയ്യല്‍ വളര്‍ച്ച മുമ്പ് നിഷേധാത്മക തലത്തിലായിരുന്നത് ഈ ഗവണ്‍മെന്റ് 11 ശതമാനത്തില്‍ എത്തിച്ചു. ഈ പ്രയത്‌നങ്ങളുടെയെല്ലാം ഫലമായി പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടായി. എല്ലാ മേഖലകളിലും ചെറുകിട വ്യവസായങ്ങളില്‍ പുതിയ ജോലികള്‍ ലഭിച്ചു. ഉദാഹരണത്തിന് നാം ഉജ്ജ്വല പദ്ധതിയേക്കുറിച്ചു പറയുകയാണെങ്കില്‍ അത് പാവപ്പെട്ട സ്ത്രീകള്‍ക്ക് സൗജന്യ പാചകവാതക കണക്ഷന്‍ ലഭ്യമാക്കുന്നതില്‍ ഒതുങ്ങുന്നില്ല. മൂന്നു കോടിയിലധികം സ്ത്രീകള്‍ക്ക് ഈ പദ്ധതി അടുപ്പുപുകയില്‍ നിന്ന് ആശ്വാസം നല്‍കുന്നു. അത് രാജ്യത്തെ മണ്ണെണ്ണ മുക്തമാക്കുക മാത്രമല്ല ചെയ്യുന്നത്, മറ്റൊരു മെച്ചംകൂടിയുണ്ട്. പുതിയ പാചകവാതക വിതരണക്കാര്‍ നിയമിക്കപ്പെടുകയും ഉജ്ജ്വല പദ്ധതി നടപ്പാക്കുകവഴി ഗ്യാസ് എത്തിക്കുന്ന ആളുകളുടെ എണ്ണം കൂടുകയും ചെയ്തു. സാമൂഹിക പരിഷ്‌കരണങ്ങള്‍ക്കു പുറമേ സമൂഹത്തിന്റെ സാമ്പത്തിക ശാക്തീകരണവും നടപ്പാകുന്നു എന്നാണ് ഇതിന്റെ അര്‍ഥം.

സഹോദരീ സഹോദരന്മാരേ,

ചുറ്റുപാടുകള്‍ക്ക് ഒട്ടേറെ പകര്‍ന്നുനല്‍കുന്ന ഒരു കുടുംബമാണ് ലോകമാകെയും എന്നു വിശ്വസിക്കുന്നതാണ് നമ്മുടെ സംസ്‌കാരം. ഐക്യരാഷ്ട്ര സംഘടനയില്‍ ആദ്യമായി പോയപ്പോള്‍ ഒരു അന്താരാഷ്ട്ര യോഗാ ദിനം ആചരിക്കുന്നതിനേക്കുറിച്ചുള്ള നിര്‍ദേശമാണ് ഞാന്‍ ലോകത്തിനു മുന്നില്‍ വച്ചത്. നിങ്ങള്‍ക്കെല്ലാം അറിയാവുന്നതുപോലെ 75 ദിവസങ്ങള്‍ക്കുള്ളില്‍ ആ നിര്‍ദേശം ഏകകണ്ഠമായി അംഗീകരിക്കപ്പെട്ട് നടപ്പാകുക മാത്രമല്ല ഉണ്ടായത്, 177 രാജ്യങ്ങള്‍ സഹ പ്രയോക്താക്കളാവുകയും ചെയ്തു. ഇന്ന് ലോകമാകെയുള്ള ദശലക്ഷക്കണക്കിനാളുകള്‍ ജൂണ്‍ 21 യോഗാ ദിനമായി ആചരിക്കുന്നു. നിങ്ങള്‍ക്കും ഞങ്ങള്‍ക്കും അഭിമാനകരമായ ഒരു കാര്യമാണ് അത്.
ഈ ആത്മീയവും ശാരീരികവുമായ ജീവിതരീതി ഇന്ത്യയുടെ സമ്പന്നമായ പൈതൃകത്തിന്റെ സമ്മാനമാണ്.

സുഹൃത്തുക്കളേ,

ഒരു അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യം രൂപീകരിക്കുന്നതിനേക്കുറിച്ച് കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള പാരീസ് കരാറിന്റെ സമയത്ത് ഞാനും ഫ്രഞ്ച് പ്രസിഡന്റും നിര്‍ദേശിച്ചിരുന്നു. ഇപ്പോള്‍ അത് യാഥാര്‍ഥ്യമായി. സൗരോര്‍ജ്ജ സാങ്കേതികവിദ്യക്കുവേണ്ടി നാം ഒരു ആഗോള വേദി രൂപീകരിക്കുകയും സൗരോര്‍ജ്ജ സമ്പന്നമായ രാജ്യങ്ങളുടെ സഹായത്തോടെ അതിനു സാമ്പത്തിക സഹായം ചെയ്യുകയുമാണ്.
പ്രകൃതിയുമായുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്തുന്ന ഈ ജീവിത രീതിയും കാലങ്ങളായുള്ള ഒരു ഇന്ത്യന്‍ സംഭാവനയാണ്.

സഹോദരീ സഹോദരന്മാരേ,

ഒരു ഭൂകമ്പം നേപ്പാളിനെ പിടിച്ചുകുലുക്കിയാല്‍, ശ്രീലങ്കയില്‍ ഒരു പ്രളയം ഉണ്ടായാല്‍, അല്ലെങ്കില്‍ മാലിദ്വീപില്‍ ജല ദൗര്‍ലഭ്യം നേരിട്ടാല്‍ ആദ്യ പ്രതികരണവുമായി ഇന്ത്യ അവിടെ എത്തും. യെമനില്‍ ഒരു പ്രതിസന്ധി ഉണ്ടായപ്പോള്‍ നാം നമ്മുടെ 4,500 പൗരന്മാരെ ഒഴിപ്പിച്ചു. ഒപ്പം മറ്റു 48 രാജ്യങ്ങളില്‍ നിന്നുള്ള രണ്ടായിരം പൗരന്മാരെക്കൂടി നാം ഒഴിപ്പിച്ചു.
ലോകത്തെ ഒരു കുടുംബമായിക്കാണുന്ന ഇന്ത്യന്‍ പാരമ്പര്യത്തിന്റെ ഭാഗമാണ് കടുത്ത പ്രതിസന്ധി വേളകളില്‍പ്പോലും മാനുഷിക മൂല്യങ്ങളെ സംരക്ഷിക്കുക എന്നത്.

സുഹൃത്തുക്കളേ,

ഒന്നാം ലോകമഹായുദ്ധത്തിന്റെ നൂറാം വാര്‍ഷികമാണ് 2018ല്‍. ഒന്നും രണ്ടും ലോകയുദ്ധങ്ങളിലായി ഒന്നര ലക്ഷത്തിലധികം ഇന്ത്യന്‍ സൈനികര്‍ ജീവത്യാഗം ചെയ്തു. ഇന്ത്യ ആ യുദ്ധങ്ങളില്‍ നേരിട്ടു ഭാഗഭാക്കായിരുന്നില്ല. രണ്ടു ലോകയുദ്ധങ്ങളിലെയും ഏതെങ്കിലും രാജ്യത്തിന്റെ ഒരിഞ്ചു ഭൂമിയില്‍പ്പോലും ഇന്ത്യക്ക് താല്‍പര്യവുമുണ്ടായിരുന്നില്ല. ഇന്ത്യ ചെയ്തത് എന്തുതരം ത്യാഗമാണ് എന്ന് ലോകം അംഗീകരിക്കുകതന്നെ ചെയ്തു. സ്വാതന്ത്ര്യത്തിനു ശേഷം പോലും ഈ പാരമ്പര്യം തുടര്‍ന്നു. യു.എന്‍. സമാധാനപാലന സേനകളില്‍ പരമാവധി പങ്കാളിത്തം വഹിച്ചിട്ടുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. മാനുഷികമൂല്യങ്ങള്‍ക്കും സമാധാനത്തിനും വേണ്ടി ലോകത്തിന് ഇന്ത്യ നല്‍കുന്ന ത്യാഗത്തിന്റെ സന്ദേശമാണ് ഇത്.
സ്വാര്‍ഥ താല്‍പര്യങ്ങളുടെ ഈ നിരാകരണവും സേവനത്തിന്റെയും നിരാകരണത്തിന്റെയും ഈ വികാരവും നമ്മുടെ വ്യക്തിത്വമാണ്.
ഈ മാനുഷിക മൂല്യങ്ങള്‍ കാരണം ലോകത്ത് ഇന്ത്യക്ക് ഒരു പ്രത്യേക സ്വീകാര്യതയുണ്ട്. ഇന്ത്യക്കൊപ്പം, ഇന്ത്യന്‍ വംശജരായ നിങ്ങള്‍ക്കും ഒരു പ്രത്യേക സ്വീകാര്യതയുണ്ട്.

സുഹൃത്തുക്കളേ,

ഞാന്‍ എപ്പോള്‍ ഏതു രാജ്യം സന്ദര്‍ശിച്ചാലും ആ രാജ്യത്തു ജീവിക്കുന്ന ഇന്ത്യന്‍ വംശജരെ കാണാന്‍ ശ്രമിക്കാറുണ്ട്. അത്തരം ചില സന്ദര്‍ശനങ്ങളില്‍ നിങ്ങളില്‍ ചിലരെ കാണാന്‍ എനിക്കു ഭാഗ്യമുണ്ടായി. ഓരോ രാജ്യവുമായി ഇന്ത്യയുടെ ബന്ധങ്ങള്‍ മെച്ചപ്പെടുത്താനുള്ള സ്ഥിരം സ്ഥാനപതിയുണ്ടെങ്കില്‍ അത് ഈ ഇന്ത്യന്‍ വംശജരാണ് എന്ന വിശ്വാസമാണ് എന്റെ ആ ശ്രമത്തിനു പ്രധാന കാരണം. പ്രവാസി ഇന്ത്യക്കാരുമായി സ്ഥിരബന്ധം നിലനിര്‍ത്താനും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും തുടര്‍ച്ചയായി ശ്രമിക്കുന്നത് നമ്മുടെ സുസ്ഥിര രീതിയാണ്.
വിദേശകാര്യ മന്ത്രാലയവുമായുള്ള ഏകോപനത്തില്‍ ഒരു പ്രശ്‌നമുണ്ടെന്ന പ്രതികരണം പ്രവാസി ഇന്ത്യക്കാരില്‍നിന്നു ഞങ്ങള്‍ക്കു ലഭിച്ചിരുന്നു. നേരത്തേ പ്രവാസി ഇന്ത്യക്കാര്‍ക്കു വേണ്ടി പ്രത്യേക മന്ത്രാലയമാണ് ഉണ്ടായിരുന്നതെങ്കില്‍, നിങ്ങളുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടു മന്ത്രാലയങ്ങളെയും ഞങ്ങള്‍ ലയിപ്പിച്ചു. പിഒഐ, ഒസിഐ എന്നീ രണ്ട് വ്യത്യസ്ത പദ്ധതികള്‍ ഉണ്ടായിരുന്നതായി നിങ്ങള്‍ക്കെല്ലാം അറിയാവുന്നതാണ്. ഈ രണ്ടും തമ്മിലുള്ള വ്യത്യാസം ഭൂരിപക്ഷം പേര്‍ക്കും അറിയുക പോലുമില്ലായിരുന്നു. ഒരു പദ്ധതിയെ മറ്റേതില്‍ ലയിപ്പിച്ച് ഒറ്റ പദ്ധതിയാക്കി ഞങ്ങള്‍ അതിന്റെ നടപടിക്രമങ്ങള്‍ ലളിതമാക്കി.

ഞങ്ങളുടെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ജി ഇന്ത്യന്‍ പൗരന്മാരുടെ പ്രശ്‌നങ്ങളിലേക്കു മാത്രമല്ല നോക്കുന്നത് ഇന്ത്യന്‍ വംശജരുടെമേലും അവരുടെ നോട്ടം ചെന്നെത്തും. 24 മണിക്കൂറും നിങ്ങള്‍ക്ക് അവരെ വളരെ കര്‍മനിരതയായി കാണാനാകും. മുഴുവന്‍ സമയ മേല്‍നോട്ടത്തിനും പരാതികള്‍ക്ക് പരിഹാരമുണ്ടാക്കി സഹായിക്കുന്നതിനും അവരുടെ നേതൃത്വത്തിനു കീഴില്‍ ഒരു പോര്‍ട്ടല്‍ രൂപീകരിച്ചു. എല്ലാ ഒന്നിടവിട്ട വര്‍ഷങ്ങളിലും ഇപ്പോള്‍ പ്രവാസി ഭാരതീയ ദിവസം സംഘടിപ്പിക്കുന്നു. ഇതിനു പുറമേ മേഖലാതലങ്ങളിലും പ്രവാസി ഭാരതീയ ദിവസങ്ങള്‍ സംഘടിപ്പിക്കുന്നു. സിംഗപ്പൂരില്‍ അത്തരമൊരു സമ്മേളനത്തില്‍ പങ്കെടുത്ത് സുഷമാജി മടങ്ങി എത്തിയിട്ടേയുള്ളു.

സഹോദരീ സഹോദരന്മാരേ,

ഇന്ന് നമ്മള്‍ ഒത്തുചേര്‍ന്നിരിക്കുന്ന ഈ കെട്ടിടം നിങ്ങള്‍ക്കെല്ലാം വേണ്ടി സമര്‍പ്പിച്ചിരിക്കുന്നതാണ്; ഇന്ത്യന്‍ വംശജര്‍ക്കായി 2016 ഒക്ടോബര്‍ രണ്ടിനു സമര്‍പ്പിച്ചത്. കുറഞ്ഞ സമയംകൊണ്ടുതന്നെ ഈ കേന്ദ്രം ഇന്ത്യന്‍ വംശജരുടെ ഒരു സംഗമസ്ഥാനമായി വികസിച്ചത് വലിയ സന്തോഷമുള്ള കാര്യമാണ്. ഇവിടെ മഹാത്മാ ഗാന്ധിയുടെ ജീവിതത്തേക്കുറിച്ചു സംഘടിപ്പിച്ചിരിക്കുന്ന പ്രദര്‍ശനം നിര്‍ബന്ധമായും നിങ്ങള്‍ സന്ദര്‍ശിക്കണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്.
ഇന്ത്യയെ അറിയൂ എന്ന പേരില്‍ സംഘടിപ്പിച്ചിരുന്ന ക്വിസ് മല്‍സരത്തില്‍, പ്രവാസി ഇന്ത്യക്കാരുടെ മനസ്സുകളെ തമ്മില്‍ അടുപ്പിക്കാന്‍ നാം നടത്തുന്ന ശ്രമങ്ങളുടെ ഫലം കാണാന്‍ കഴിഞ്ഞു. നൂറിലധികം രാജ്യങ്ങളില്‍ നിന്നായി 5,700ല്‍ അധികം പ്രവാസി ഇന്ത്യക്കാരായ യുവജനങ്ങള്‍ ആ മല്‍സരത്തില്‍ പങ്കെടുത്തു. അവരുടെ ആവേശവും ഇന്ത്യയോടുള്ള ആകര്‍ഷണവും നമുക്ക് വളരെയധികം ഉല്‍സാഹജനകമായി. അവരില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഈ വര്‍ഷം ക്വിസ് കൂടുതല്‍ ഗംഭീരമായി സംഘടിപ്പിക്കുന്നു.

സുഹൃത്തുക്കളേ,

നിങ്ങള്‍ ജീവിക്കുന്ന രാജ്യങ്ങളിലെ വികസനത്തിന്റെ പേരിലും ഇന്ത്യക്ക് ആദരം ലഭിക്കുന്നു. പ്രവാസി ഇന്ത്യക്കാര്‍ക്ക് ലഭിക്കുന്ന ആദരം വര്‍ധിക്കുന്നത് ഇന്ത്യയുടെ പുരോഗതിയുടെയും വികാസത്തിന്റെയും ഫലവുമാണ്. ഇന്ത്യയുടെ വികസനത്തിലെ പങ്കാളികളായാണ് പ്രവാസി ഇന്ത്യക്കാരെ നാം പരിഗണിക്കുന്നത്. 2020 വരെയുള്ള ഇന്ത്യയുടെ വികസനത്തേക്കുറിച്ച് നിതി ആയോഗ് തയ്യാറാക്കിയ കാര്യപരിപാടിയില്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഒരു പ്രത്യേകം സ്ഥാനം നിര്‍ദേശിക്കപ്പെട്ടിരിക്കുന്നു.

സഹോദരീ സഹോദരന്മാരേ,

ഇന്ത്യയുടെ വികസനയാത്രയില്‍ പങ്കാളികളാകുന്നതിന് പ്രവാസി ഇന്ത്യക്കാര്‍ക്ക് നിരവധി വഴികളുണ്ട്. ലോകത്തില്‍ ഏറ്റവുമധികം പ്രവാസി വരുമാനം ലഭിക്കുന്ന രാജ്യമാണ് ഇന്ത്യ.
ഇന്ത്യയുടെ സമ്പദ്ഘടനയ്ക്ക് ഈ സുപ്രധാന സംഭാവന നല്‍കുന്നതിന് വിദേശത്തു ജീവിക്കുന്ന എല്ലാ ഇന്ത്യക്കാരോടും നാം കടപ്പെട്ടിരിക്കുന്നു. ഇന്ത്യന്‍ സമ്പദ്ഘടനയില്‍ നിക്ഷേപത്തിന് മറ്റൊരു വഴികൂടിയുണ്ട്. ഇന്ന്, നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് ലോകത്തിലെ ഏറ്റവും ആകര്‍ഷക രാജ്യമായി ഇന്ത്യ മാറിയിട്ടുണ്ടെങ്കില്‍ ഇതിനേക്കുറിച്ച് അവബോധം സൃഷ്ടിക്കാനും പ്രോല്‍സാഹിപ്പിക്കുന്നതിനും പ്രവാസി ഇന്ത്യക്കാര്‍ ചെയ്ത സംഭാവന വളരെ വലുതാണ്. നിങ്ങളുടെ സമൂഹങ്ങളില്‍ നിങ്ങള്‍ ആസ്വദിക്കുന്ന പ്രാധാന്യത്തെയാണ് ഈ കാര്യങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിനു വേണ്ടി നിങ്ങള്‍ വിനിയോഗിക്കുന്നത് എന്ന് ഞാന്‍ കരുതുന്നു. ഈ പശ്ചാത്തലത്തില്‍, വിദേശത്ത് ജീവിക്കുന്ന ഇന്ത്യക്കാര്‍ക്ക് വിനോദസഞ്ചാരം പ്രോല്‍സാഹിപ്പിക്കുന്നതിന് വലിയ സംഭാവന നല്‍കാന്‍ സാധിക്കും.

സുഹൃത്തുക്കളേ,

ലോകത്തിലെ പല ഉന്നത സ്ഥാപനങ്ങളുടെയും സിഇഒമാരും മേധാവികളും പ്രവാസി ഇന്ത്യക്കാരാണ്. അവര്‍ക്ക് ഇന്ത്യയുടെ സമ്പദ്ഘടനയെ പൂര്‍ണമായും മനസ്സിലാകും. അതുകൊണ്ട് ഇന്ത്യയുടെ വികസന യാത്ര സംബന്ധിച്ച അവരുടെ ശക്തമായ ആത്മവിശ്വാസത്തില്‍ നമുക്ക് നന്ദിയുണ്ട്. വിദേശത്തു ജീവിക്കുന്ന എല്ലാ ഇന്ത്യക്കാരും അവരെ പരിഗണിക്കുന്നത് ഇന്ത്യയുടെ വളര്‍ച്ചയിലെ പങ്കാളികളായാണ്. അവര്‍ക്ക് ഈ മാറ്റത്തിന്റെ ഒരു ഭാഗമായി മാറണം; അവര്‍ക്ക് അവരുടെ ഉത്തരവാദിത്തം നിറവേറ്റണം. ആഗോള വേദിയില്‍ അവര്‍ക്ക് അവരുടെ രാജ്യത്തിന്റെ കൂടുതല്‍ ഉയര്‍ച്ച കാണണം. രാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ മാറ്റങ്ങള്‍ക്കായി നിങ്ങളുടെ അനുഭവങ്ങള്‍ക്കു പകരാന്‍ കഴിയുന്ന സംഭാവനകളെക്കുറിച്ച് ഞങ്ങള്‍ക്ക് തികഞ്ഞ ബോധ്യമുണ്ട്. വിസിറ്റിങ് അഡ്ജങ്ന്റ് ജോയിന്റ് റിസര്‍ച്ച് ഫാക്കല്‍റ്റി – വജ്ര – എന്ന പേരില്‍ നിങ്ങളുടെ അനുഭവങ്ങളിലൂടെ ഇന്ത്യയെ സഹായിക്കുന്ന ഒരു പദ്ധതി ആരംഭിച്ചിരിക്കുന്നു.
ഈ പദ്ധതിക്കു കീഴില്‍ മൂന്നു മാസം വരെ നിങ്ങള്‍ക്ക് ഇന്ത്യന്‍ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കാം.

നിങ്ങള്‍ ഈ പദ്ധതിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കണം എന്നും നിങ്ങളുടെ രാജ്യത്തെ ഇന്ത്യക്കാരെ ഇതുമായി സഹകരിക്കാന്‍ പ്രോല്‍സാഹിപ്പിക്കണം എന്നും ഇന്ന് ഈ വേദിയില്‍ നിന്നുകൊണ്ട് ഞാന്‍ നിങ്ങളെല്ലാവരോടും അഭ്യര്‍ഥിക്കുന്നു. ഇന്ത്യയിലെ യുവതലമുറയ്ക്ക് നിങ്ങളുടെ അനുഭവ പരിചയങ്ങള്‍ നേട്ടമാകുമ്പോള്‍ നിങ്ങള്‍ക്കും അത് നല്ല അനുഭവമാകും. ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ ആവശ്യങ്ങളും ഇന്ത്യയുടെ കരുത്തും സവിശേഷതയും പരിചയപ്പെടുത്താന്‍ നിങ്ങളെപ്പോലെ മറ്റാര്‍ക്കും ശേഷിയില്ല.
ഈ പരിതസ്ഥിയില്‍ മുഴുവന്‍ ലോകത്തിനും മാര്‍ഗനിര്‍ദേശം നല്‍കാന്‍ ഇന്ത്യയുടെ നാഗരികതയുടെയും സംസ്‌കാരത്തിന്റെയും മൂല്യങ്ങള്‍ക്കു സാധിക്കും. ആരോഗ്യ പരിരക്ഷയേക്കുറിച്ചുള്ള ഉത്കണ്ഠ ലോകത്ത് വര്‍ധിച്ചുവരികയാണ്. നിങ്ങളുടെ പുരാതനമായ സന്തുലിത ജീവിത പാരമ്പര്യത്തെക്കുറിച്ച് നിങ്ങള്‍ക്ക് ലോകത്തോട് സംസാരിക്കുകയും ചെയ്യാം. ഈ സമയത്ത്, ലോക സമൂഹം വിവിധ ആശയങ്ങളിലും വ്യത്യസ്ത തലങ്ങളിലും ഭിന്നിച്ചിരിക്കുമ്പോള്‍ എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികസനം എന്ന ഇന്ത്യയുടെ ഉള്‍ക്കൊള്ളല്‍ തത്വചിന്തയുടെ ഉദാഹരണം എല്ലാവര്‍ക്കുമായി നല്‍കാന്‍ നിങ്ങള്‍ക്കു സാധിക്കും. തീവ്രവാദവും വിപ്ലവ പ്രവര്‍ത്തനങ്ങളും ലോകമാകെ വര്‍ധിക്കുമ്പോള്‍ എല്ലാ മതങ്ങളും തമ്മിലുള്ള സൗഹാര്‍ദത്തിന്റേതായ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ സന്ദേശത്തേക്കുറിച്ച് നിങ്ങള്‍ക്ക് ആവര്‍ത്തിച്ചു പറയാാം.

സുഹൃത്തുക്കളേ,

അലഹബാദിലെ പ്രയാഗില്‍ 2019ല്‍ സംഘടിപ്പിക്കുന്ന കുംഭമേളയേക്കുറിച്ച് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാമല്ലോ. മാനവികതയുടെ സാംസ്‌കാരിക പൈതൃകം സംബന്ധിച്ച യുനെസ്‌കോയുടെ പട്ടികയില്‍ കുംഭമേള സമീപകാലത്ത് ഉള്‍പ്പെടുത്തപ്പെട്ടു എന്നത് അഭിമാനകരമായ കാര്യമാണ്. ഉത്തര്‍പ്രദേശ് ഗവണ്‍മെന്റ് അതിനായുള്ള സമഗ്രമായ തയ്യാറെടുപ്പുകള്‍ വന്‍തോതില്‍ തുടങ്ങിക്കഴിഞ്ഞു. അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ പ്രയാഗില്‍ പോകാന്‍ തയ്യാറായി വരണമെന്ന് നിങ്ങളെ ഞാന്‍ പ്രേരിപ്പിക്കുന്നു. നിങ്ങളുടെ രാജ്യത്തെ മറ്റുള്ളവരോട് ഈ ഗംഭീര മേളയെക്കുറിച്ച് പറയുകയാണെങ്കില്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പൈതൃകത്തെക്കുറിച്ച് അവര്‍ക്കും അവബോധമുണ്ടാകും.

സഹോദരീ സഹോദരന്മാരേ,

ലോകം വലിയ ചില പ്രതിസന്ധികള്‍ നേരിടുകയാണ്, അവയെ മറികടക്കാന്‍ ഗാന്ധിജിയുടെ ആശയങ്ങള്‍ ഇപ്പോഴും പര്യാപ്തമായിരിക്കുകയും ചെയ്യുന്നു. അഹിംസയിലൂടെയും സഹിഷ്ണുതയോടെയുള്ള ചെറുത്തുനില്‍പ്പിലൂടെയും ഏതുതരം തര്‍ക്കങ്ങളും പരിഹരിക്കാനാകും. തീവ്രവാദത്തെയും വിപ്ലവവല്‍ക്കരണത്തെയും ചെറുക്കാന്‍ ഏതെങ്കിലും ആശയത്തിനു സാധിക്കുമെങ്കില്‍ അത് ഗാന്ധിജിയുടെ ആശയമാണ്; ഇന്ത്യന്‍ മൂല്യങ്ങളുടെ ആശയമാണ്.

സുഹൃത്തുക്കളേ,

ഒരു വികസിത ഇന്ത്യ സൃഷ്ടിക്കാനും പുതിയ ഇന്ത്യ എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാനും നിങ്ങളുമായി കൈകോര്‍ത്ത് മുന്നേറാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഈ സമ്മേളനത്തില്‍ നിങ്ങളുടെ അനുഭവങ്ങളില്‍ നിന്ന് നേട്ടമുണ്ടാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഒരു പുതിയ ഇന്ത്യയുടെ വികാസത്തെക്കുറിച്ച് നിങ്ങളെ അറിയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, സ്വന്തം നിലയില്‍ നിങ്ങളുമായി സഹകരിക്കണമെന്നുണ്ട് ഞങ്ങള്‍ക്ക്. നിങ്ങള്‍ എവിടെയായിരുന്നാലും, ഏതു രാജ്യത്താണ് നിങ്ങള്‍ ജീവിക്കുന്നതെങ്കിലും, നിങ്ങളുടെ വികസന യാത്രയില്‍ ഒരു പങ്കാളിയായി മാറാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്.

സുഹൃത്തുക്കളേ,

ഏഷ്യയുടെ നൂറ്റാണ്ട് എന്നാണ് 21ാം നൂറ്റാണ്ട് അറിയപ്പെടുന്നത്. ഇന്ത്യക്ക് തീര്‍ച്ചയായും അതിലൊരു പ്രധാന പങ്കാളിത്തമുണ്ട്. നിങ്ങള്‍ എവിടെ ജീവിച്ചാലും ഈ പങ്കാളിത്തത്തിന്റെ ഫലപ്രാപ്തി നിങ്ങള്‍ക്ക് അനുഭവപ്പെടും, ഇന്ത്യയുടെ ഉയരുന്ന അന്തസ്സിന്റെ ഫലപ്രാപ്തി നിങ്ങള്‍ക്ക് അനുഭവപ്പെടും. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്കും വര്‍ധിക്കുന്ന കരുത്തിനും സാക്ഷിയാകുമ്പോള്‍ ശിരസ് ഉയരും എന്നതുകൊണ്ട് എത്ര കഠിനാധ്വാനം ചെയ്യാനും ഞങ്ങള്‍ക്ക് സ്ഥൈര്യമുണ്ടാകും.

സഹോദരീ സഹോദരന്മാരേ,

ആഗോള വേദിയില്‍ എല്ലായ്‌പ്പോഴും ഒരു പ്രസാദാത്മക പങ്ക് വഹിക്കുന്ന രാജ്യമാണ് ഇന്ത്യ. ലാഭനഷ്ടങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു രാജ്യത്തിനു മുന്നിലും നാം നമ്മുടെ നയത്തെ വിലയിരുത്തിയിട്ടില്ല. മറിച്ച്, അതിനെ മാനവിക മൂല്യങ്ങളുടെ കണ്ണാടിയിലൂടെയാണ് നാം കണ്ടത്.
കൊടുക്കല്‍ വാങ്ങല്‍ അടിസ്ഥാനത്തിലല്ല ഞങ്ങളുടെ വികസന സഹായ മാതൃക. പകരം, സ്വീകരിക്കുന്ന രാജ്യത്തിന്റെ ആവശ്യങ്ങളും മുന്‍ഗണനകളും അനുസരിച്ചായിരിക്കും. ആരുടെയും വിഭവങ്ങള്‍ ചൂഷണം ചെയ്യാനോ ഏതെങ്കിലും രാജ്യത്തിന്റെ ഭൂമിയില്‍ അഭയം കണ്ടെത്താനോ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. ഞങ്ങളുടെ ഉന്നം എപ്പോഴും ശേഷി വികസനത്തിലും വിഭവ വികസനത്തിലുമാണ്. എല്ലാ വേദികളെയും- അതൊരു ഉഭയ കക്ഷി അല്ലെങ്കില്‍ ബഹുതല വേദിയാകട്ടെ, കോമണ്‍വെല്‍ത്ത് ആകട്ടെ, ഇന്ത്യ- ആഫ്രിക്ക ഫോറം ഉച്ചകോടിയാകട്ടെ, ഇന്ത്യ- പസഫിക് ദ്വീപുകളുടെ സഹകരണമാകട്ടെ, എല്ലാവരെയും ചേര്‍ത്തുനിര്‍ത്തിയുള്ള മുന്നേറ്റത്തിനാണ് ഞങ്ങള്‍ ശ്രമിക്കുക.
ഇപ്പോള്‍ത്തന്നെ ശക്തമായ ആസിയാന്‍ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനാണ് ഞങ്ങളുടെ മുന്നോട്ടുള്ള ശ്രമം. ഇന്ത്യയും ആസിയാന്‍ രാജ്യങ്ങളുമായുള്ള ബന്ധം എത്ര കരുത്തുറ്റതാണെന്ന് നിങ്ങള്‍ക്കു കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളില്‍ കാണാനാകും.

സുഹൃത്തുക്കളേ,

മുഴുവന്‍ ലോകത്തിന്റെയും സന്തോഷം, സമാധാനം, സമൃദ്ധി, ജനാധിപത്യ മൂല്യങ്ങള്‍, ഉള്‍ക്കൊള്ളല്‍, സഹകരണം, സാഹോദര്യം എന്നിവയെ ഇന്ത്യ പിന്തുണയ്ക്കുന്നു. ഇതേ മൂല്യങ്ങള്‍ തന്നെയാണ് ജനപ്രതിനിധികള്‍ എന്ന നിലയില്‍ നിങ്ങളുടെ വോട്ടര്‍മാരുമായി നിങ്ങളെ ബന്ധിപ്പിക്കുന്നത്. ലോകസമാധാനത്തിനും പുരോഗതിക്കും ഐശ്വര്യത്തിനും വേണ്ടി സംഭാവന ചെയ്യുന്നത് തുടരുക എന്നത് ഒരേ സമയം ഞങ്ങളുടെ ശ്രമവും പ്രതിബദ്ധതയുമാണ്.

സുഹൃത്തുക്കളേ,

ഞങ്ങളുടെ ക്ഷണം സ്വീകരിച്ചതിനും നിങ്ങളുടെ തിരക്കുകള്‍ക്കിടയില്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സമയം കണ്ടെത്തിയതിനും ഒരിക്കല്‍ക്കൂടി ഞാന്‍ എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. നിങ്ങളുടെ സജീവ പങ്കാളിത്തംകൊണ്ട് ഈ സമ്മേളനം വിജയമാകുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്. അടുത്ത വര്‍ഷത്തെ പ്രവാസി ഭാരതീയ ദിവസത്തില്‍ നിങ്ങളെ സന്ധിക്കാന്‍ മറ്റൊരു അവസരം കൂടി ലഭിക്കുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു.

നിങ്ങള്‍ക്ക് വളരെ നന്ദി.

ജയ് ഹിന്ദ്.