Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ആദ്യ മന്ത്രിസഭാ യോഗത്തില്‍ ചരിത്രപരമായ തീരുമാനം- പി.എം.-കിസാന്‍ യോജന എല്ലാ കര്‍ഷകര്‍ക്കുമായി വിപുലപ്പെടുത്തി; കര്‍ഷകര്‍ക്കു നല്‍കിയ ഒരു വലിയ വാഗ്ദാനം പ്രധാനമന്ത്രി മോദി നിറവേറ്റി; പദ്ധതി 14.5 കോടി കര്‍ഷകര്‍ക്കു ഗുണകരമായിത്തീരും.


പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി(പിഎം-കിസാന്‍)യുടെ പരിധി സമഗ്രമായി വികസിപ്പിക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഈ തീരുമാനത്തോടെ ഭൂമി കൈവശമുള്ള അര്‍ഹരായ എല്ലാ കര്‍ഷക കുടുംബങ്ങള്‍ക്കും (മുഖ്യ ഒഴിച്ചുനിര്‍ത്തല്‍ മാനദണ്ഡങ്ങള്‍ക്കു വിധേയമായി) പദ്ധതിയുടെ നേട്ടം ലഭിക്കും.

കൂടുതല്‍ ഗുണഭോക്താക്കള്‍, കൂടുതല്‍ പുരോഗതി:

2019-20ല്‍ 87,217.50 കോടി രൂപ കേന്ദ്ര ഗവണ്‍മെന്റിനു ചെലവു പ്രതീക്ഷിക്കുന്ന പിഎം.കിസാന്‍ പദ്ധതിയുടെ നേട്ടം രണ്ടു കോടി കര്‍ഷകര്‍ക്കുകൂടി ലഭ്യമാക്കുന്നതിലൂടെ ആകെ ഗുണഭോക്താക്കളുടെ എണ്ണം 14.5 കോടിയായി ഉയരും.

വ്യാപ്തിയേറിയ പ്രധാന വാഗ്ദാനം അതിവേഗം നിറവേറ്റി:

2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ഇന്ത്യന്‍ ജനതയ്ക്കു നല്‍കിയ ഒരു പ്രധാന വാഗ്ദാനം നടപ്പാക്കുകയാണ് പി.എം.-കിസാന്‍ പദ്ധതിയ വിപുലപ്പെടുത്താന്‍ ഇന്നു മന്ത്രിസഭ കൈക്കൊണ്ട തീരുമാനത്തിലൂടെ സംഭവിച്ചിരിക്കുന്നത്. ബി.ജെ.പി. തെരഞ്ഞെടുപ്പു പ്രകടന പത്രികയിലും നയപരമായ ഈ തീരുമാനം പരാമര്‍ശിക്കപ്പെട്ടിരുന്നു.

ഝാര്‍ഖണ്ഡില്‍ ഭൂരേഖകള്‍ പുതുക്കാതിരുന്നതും അസം, മേഘാലയ, ജമ്മു-കശ്മീര്‍ സംസ്ഥാനങ്ങളില്‍ പലയിടത്തും ആധാര്‍ ലഭ്യമായിട്ടില്ലെന്നതും പോലെയുള്ള നടത്തിപ്പിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടു എന്നതും ശ്രദ്ധേയമാണ്.

പി.എം.-കിസാന്‍: കര്‍ഷകര്‍ക്കായുള്ള പുതുമയാര്‍ന്ന പ്രോല്‍സാഹന പദ്ധതി:
2019-2020ലെ ഇടക്കാല ബജറ്റിലാണു പി.എം.-കിസാന്‍ യോജനയ്ക്കു തുടക്കമിട്ടത്.

രാജ്യത്താകമാനമുള്ള, രണ്ടു ഹെക്ടറില്‍ താഴെ മാത്രം ഭൂമിയുള്ള എല്ലാ ചെറുകിട-ഇടത്തരം കര്‍ഷകര്‍ക്കും വരുമാന സഹായമായി ആറായിരം രൂപ നല്‍കുന്നു എന്നതാണ് പി.എം.-കിസാന്‍ പദ്ധതിയുടെ പ്രധാന സവിശേഷത. (ഇത് ഇന്നു വികസിപ്പിക്കപ്പെട്ടു)

പ്രതിവര്‍ഷം, നാലു മാസത്തിനിടെയുള്ള മൂന്നു ഗഡുക്കളായി രണ്ടായിരം രൂപ വീതം നേരിട്ടുള്ള ആനുകൂല്യ വിതരണ പദ്ധതിയിലൂടെ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു ലഭ്യമാക്കും.

കേവലം മൂന്നാഴ്ചത്തെ തയ്യാറെടുപ്പുകളുമായി ഉത്തര്‍പ്രദേശിലെ ഘോരഖ്പൂരില്‍ ഫെബ്രുവരി 24നു നടന്ന ബൃഹത്തായ ചടങ്ങിലാണു പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ടത്. അവിടെവെച്ച് ഒട്ടേറെ കര്‍ഷകര്‍ക്ക് ആദ്യ ഗഡു വിതരണം ചെയ്യപ്പെട്ടു.

ഇതുവരെയായി 3.11 കോടി ഗുണഭോക്താക്കള്‍ക്കുള്ള ആദ്യ ഗഡുവും 2.66 കോടി ഗുണഭോക്താക്കള്‍ക്കുള്ള രണ്ടാം ഗഡുവും അവരവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു നേരിട്ടു കൈമാറപ്പെട്ടു.

ഇന്ത്യയുടെ അന്നദാതാക്കളെ പുത്തന്‍ ഉണര്‍വോടെ സേവിക്കല്‍:

ഇന്ത്യന്‍ കര്‍ഷകരെക്കുറിച്ചു ബഹുമാനപൂര്‍വമാണു പ്രധാനമന്ത്രി ശീ. നരേന്ദ്ര മോദി സംസാരിക്കാറുള്ളത്. 130 കോടി ഇന്ത്യക്കാര്‍ക്കു ഭക്ഷണം ഒരുക്കുന്നതിനായി കഠിനാധ്വാനം ചെയ്യുന്ന നമ്മുടെ അന്നദാതാക്കളാണു കര്‍ഷകരെന്ന് അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്.

2014നും 2019നുമിടെ, കഠിനാധ്വാനികളായ കര്‍ഷകരെ ശാക്തീകരിക്കുന്നതിനായി പല നടപടികളും കൈക്കൊണ്ടിട്ടുണ്ട്. 22 വിളകളുടെ തറവില ഉയര്‍ത്തല്‍, സോയില്‍ ഹെല്‍ത്ത് കാര്‍ഡുകളും പി.എം. കിസാന്‍ കൃഷി സീഞ്ചായി യോജനയും പി.എം. കിസാന്‍ സമ്പദ യോജനയും മെച്ചപ്പെട്ട വിപണി കണ്ടെത്തുന്നതിനായി ഇ-നാമും നടപ്പാക്കല്‍ എന്നിവ ഇവയില്‍ പെടുന്നു. ഇത്തരം ചുവടുകള്‍ കൃഷിയുടെ അഭിവൃദ്ധി ഉറപ്പാക്കാനും കര്‍ഷകരുടെ ഉല്‍പാദനക്ഷമത ഉയര്‍ത്താനും സഹായകമായി. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്ന 2022 ആകുമ്പോഴേക്ക് കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കുക എന്ന പ്രധാനമന്ത്രിയുടെ സ്വപ്‌നം പ്രാവര്‍ത്തികമാക്കുന്നതിന് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറെ സഹായകമാകും.