പിഎം ഇന്ത്യ
ആന്ധ്രാപ്രദേശിലെയും പുതുതായി രൂപീകൃതമായ സംസ്ഥാനമായ തെലങ്കാനയിലെയും ഏതാനും ജാതികളെയും സമുദായങ്ങളെയും കൂട്ടിച്ചേര്‍ക്കുകയോ തിരുത്തുകയോ ഒഴിവാക്കുകയോ വഴി കേന്ദ്ര ഗവണ്‍മെന്റിന്റെ മറ്റു പിന്നോക്ക വിഭാഗ പട്ടിക ഭേദഗതി ചെയ്യുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന്റെ ഉപദേശം അനുസരിച്ചാണിത്.
ആന്ധ്രാപ്രദേശിനെ സംബന്ധിച്ച് എന്‍.സി.ബി.സി. ശുപാര്‍ശ ചെയ്ത 35 മാറ്റങ്ങളും തെലങ്കാന സംസ്ഥാനവുമായി ബന്ധപ്പെട്ട് 86 പുതിയ കൂട്ടിച്ചേര്‍ക്കലുകളും സംബന്ധിച്ച് ഉടന്‍ വിജ്ഞാപനമിറങ്ങും. ഇതോടെ ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും അര്‍ഹമായ ജാതികളില്‍ പെട്ടവര്‍ക്ക് ഗവണ്‍മെന്റ് ജോലികളിലും കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിലും സംവരണം ലഭിക്കും. മറ്റു പിന്നോക്ക സമുദായ വിഭാഗക്കാര്‍ക്ക് ഇപ്പോള്‍ ലഭിച്ചുവരുന്ന വിവിധ കേന്ദ്ര ക്ഷേമപദ്ധതികളും സ്‌കോളര്‍ഷിപ്പുകളും പട്ടികയില്‍ പുതുതായി ചേര്‍ക്കപ്പെടുന്നവര്‍ക്കും അര്‍ഹതപ്പെട്ടതായിത്തീരും.