Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

‘ആരോഗ്യ മന്ഥന്‍’ സമാപന ചടങ്ങില്‍ പ്രധാനമന്ത്രി ചെയ്ത പ്രസംഗം


വേദിയിലുള്ള എന്റെ  മന്ത്രിസഭാ സഹപ്രവര്‍ത്തകര്‍ ഡോ. ഹര്‍ഷവര്‍ധന്‍ ജി,  അശ്വിനി കുമാര്‍ ഛൗബേ ജി, വിവിധ സംസ്ഥാനങ്ങളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികള്‍, ആയുഷ്മാന്‍ ഭാരതുമായി സഹകരിക്കുന്ന മുഴുവന്‍ സുഹൃത്തുക്കള്‍, ഇന്നിവിടെ സന്നിഹിതരായിരിക്കുന്ന ഈ പദ്ധതിയുടെ ഗുണഭോക്താക്കളേ,

സഹോദരീ സഹോദരന്മാരേ,
ഇന്ന് നവരാത്രിയുടെ മൂന്നാം ദിനമാണ്. അമ്മയുടെ ചന്ദ്രഗന്ധ ഭാവം ഇന്നാണ് ഉപാസിക്കപ്പെടുന്നത്. പത്ത് കൈകളുള്ള ചന്ദ്രഗന്ധാ ദേവി ലോകത്തിന്റെ മുഴുവന്‍ പ്രശ്‌നങ്ങളെയും ചന്ദ്രന്റെ ശീതളിമയോടെയും മൃദുവായും പരിഹരിച്ചു എന്നാണ് വിശ്വാസം. ഇന്ത്യയിലെ അമ്പത് കോടി പാവപ്പെട്ടവരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിച്ച ആയുഷ്മാന്‍ ഭാരത് യോജന പദ്ധതിയുടെ ഒന്നാം വാര്‍ഷികമാണ് ഇത് എന്നത് മനോഹരമായ ഒരു യാദൃശ്ചികതയാണ്.

സുഹൃത്തുക്കളേ,
ആയുഷ്മാന്‍ ഭാരതിന്റെ ഈ ഒരു വര്‍ഷം ദൃഢനിശ്ചയത്തിന്റെയും സമര്‍പ്പണത്തിന്റെയും പഠനപ്രക്രിയയുടേതുമായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷാ പദ്ധതി ഇന്ത്യയില്‍ വിജയകരമായി നടപ്പാക്കുന്ന ഇഛാശക്തിയുടെ കരുത്താണ് അത്. സമര്‍പ്പണബോധവും സദുദ്ദേശവുമാണ് ഈ വിജയത്തിനു പിന്നില്‍. രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയുമാണ് ഈ വിജയം; രാജ്യത്തെ ആയിരക്കണക്കിന് ഗവണ്‍മെന്റ്, സ്വകാര്യ ആശുപത്രികളുടെയുമാണ്; മുഴുവന്‍ ജീവനക്കാരുടെയും എല്ലാ ചികില്‍സകരുടെയും ആയുഷ്മാന്‍ സുഹൃത്തുക്കളുടെയും ആശാ പ്രവര്‍ത്തകരുടെയും സാമൂഹിക സംഘടനകളുടെയും ജന പ്രതിനിധികളുടെയും, എല്ലാവരുടെയുമാണ്.

സഹോദരീ സഹോദരന്മാരേ,

ഈ സമര്‍പ്പണം മൂലം രാജ്യം ഇന്ന് ആത്മവിശ്വാസത്തോടെ പറയുന്നു, ‘സാല്‍ ഏക്, ആയുഷ്മാന്‍ അനേക്’.
ആരോഗ്യകരമായ ജീവിതത്തില്‍ നിന്ന് രോഗങ്ങളുടെ നിസ്സഹായതയിലേക്കു കൂപ്പുകുത്തിയ രാജ്യമെമ്പാടുമുള്ള 46 ലക്ഷം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതീക്ഷ നല്‍കാന്‍ കഴിഞ്ഞു എന്നതാണ് ഇതിന്റെ മഹത്തായ നേട്ടം.ഈ ഒരു വര്‍ഷക്കാലം രോഗചികില്‍സയ്ക്കു വേണ്ടി സ്ഥലമോ ആഭരണങ്ങളോ വില്‍ക്കുകയോ പണയപ്പെടുത്തേണ്ടി വരികയോ ചെയ്യുന്നതില്‍ നിന്ന് രാജ്യത്തെ ആരെയെങ്കിലും രക്ഷിക്കാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ ആയുഷ്മാന്‍ മഹത്തായ വിജയമായി കണക്കാക്കാം.

സുഹൃത്തുക്കളേ,

ഇതിന്റെ ചില ഗുണഭോക്താക്കളുമായി സംസാരിക്കാന്‍ കുറച്ചു മുമ്പ് എനിക്ക് അവസരം ലഭിച്ചു. കഴിഞ്ഞ ഒരു വര്‍ഷം, തെരഞ്ഞെടുപ്പുകാലത്തു പോലും രാജ്യമാകെയുള്ള അത്തരം സുഹൃത്തുക്കളുമായി ആശയവിനിമയം നടത്താന്‍ സ്ഥിരമായി ഞാന്‍ ശ്രമിച്ചു.  പാവപ്പെട്ടവരുടെ ജീവിതത്തില്‍ ആയുഷ്മാന്‍ ഭാരത്-‘പിഎംജെവൈ’ ഉണ്ടാക്കിയ മാറ്റത്തേക്കുറിച്ച് അവരോടു സംസാരിക്കുന്ന ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയും. പാവപ്പെട്ടവരുടെ മക്കള്‍ ആരോഗ്യമുള്ളവരാണെങ്കില്‍, കുടുംബത്തിനു വേണ്ടി പണമുണ്ടാക്കുന്നവര്‍ക്ക് ആരോഗ്യത്തോടെ ജോലി ചെയ്യുന്നുവെങ്കില്‍, ആരോഗ്യത്തിന്റെ അര്‍ത്ഥം അതു കാണുന്നവര്‍ക്ക് മനസ്സിലാക്കാനാകും. അതുകൊണ്ട്, ആയുഷ്മാന്‍ ഭാരത്- ‘പിഎംജെവൈ’ യുടെ വിജയത്തിനു വേണ്ടി സമര്‍പ്പിത മനസ്സോടെ പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും രാജ്യത്തെ കോടിക്കണക്കിന് ആളുകളുടെ ആശംസകളുണ്ട്. ഈ മഹത്തായ  പ്രവര്‍ത്തനത്തില്‍ പങ്കാളികളായ മുഴുവനാളുകളെയും ഞാന്‍ അഭിനന്ദിക്കുന്നു.

സഹോദരീ സഹോദരന്മാരേ,

ദൃഢനിശ്ചയത്തോടെയും സമര്‍പ്പണത്തോടെയും ഈ ഒരു വര്‍ഷം പ്രവര്‍ത്തിച്ചതില്‍ നിന്ന് വളരെയധികം അനുഭവങ്ങള്‍ നമുക്കുണ്ടായി. ഒരു വര്‍ഷത്തെ ആ യാത്രയുടെ പ്രദര്‍ശനം ഇവിടെ എത്തുന്നതിനു മുമ്പ് ഞാന്‍ കണ്ടു. നാം അതിജീവിച്ച വെല്ലുവിളികള്‍, തുടര്‍ച്ചയായി നിര്‍വഹിച്ച സാങ്കേതിക വികാസങ്ങള്‍, ഓരോ പങ്കാളിയുമായും തുടര്‍ച്ചയായി നിലനിര്‍ത്തിയ ആശയവിനിമയം, സംശയങ്ങളും ആശങ്കകളും നീക്കിക്കൊടുത്തത് എല്ലാം അതില്‍ ചിത്രീകരിച്ചിരിക്കുന്നു. പഠന പ്രക്രിയ, സംഭാഷണം, പുരോഗതി എന്നിവ തുടര്‍ച്ചയായിരുന്നു.

സുഹൃത്തുക്കളേ,

എങ്ങനെയാണ് ഈ പദ്ധതിയുടെ വ്യാപ്തിയും വിലയിരുത്തലും ഫലപ്രദമാക്കിയത്; ഗുണഭോക്താക്കള്‍ക്ക് അത് എങ്ങനെയാണ് വേഗത്തില്‍ പ്രാപ്യമായത്; ആശുപത്രികളുടെ പ്രശ്‌നങ്ങള്‍ എങ്ങനെയാണ് മറികടന്നത്- കഴിഞ്ഞ രണ്ടു ദിവസം ഇത്തരം കാര്യങ്ങളെല്ലാം വിശദമായിത്തന്നെ ഇവിടെ ചര്‍ച്ച ചെയ്തു. ഗുണനിലവാരവും ശേഷി കെട്ടിപ്പടുക്കലും അടക്കമുള്ള കാര്യങ്ങളിലെ കാഴ്ചപ്പാടുകള്‍ തുറന്ന മനസ്സോടെ ചര്‍ച്ച ചെയ്തു. ആഗോളതലത്തിലെ ആരോഗ്യപരിരക്ഷാ പദ്ധതികളുമായി ബന്ധപ്പെടുത്തിയാണ് ചില സംസ്ഥാനങ്ങള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചത്. എല്ലാ കുടുംബങ്ങളിലേക്കും ഇത് എത്തിക്കാനുള്ള സാധ്യതയും അവര്‍ ആരാഞ്ഞു. അത് ഗൗരവത്തോടെ പരിഗണിക്കേണ്ട കാര്യമാണ്. പാവപ്പെട്ട എല്ലാവര്‍ക്കും, മുഴുവന്‍ പൗരന്മാര്‍ക്കും പ്രയാസങ്ങളുടെ സമയത്ത് എല്ലാ ആശുപത്രികളുടെയും വാതില്‍ തുറന്നുകിട്ടുകയും അവര്‍ക്ക് നല്ല ചികില്‍സ ലഭിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പു വരുത്തേണ്ടത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ്.

സഹോദരീ സഹോദരന്മാരേ,

നവഭാരതത്തിന്റെ വിപ്ലകരമായ ചുവടുവയ്പുകളിലൊന്നാണ് ആയുഷ്മാന്‍ ഭാരത്. രാജ്യത്തെ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും ജീവന്‍ രക്ഷിക്കുന്നു എന്നതുകൊണ്ടു മാത്രമല്ല ഇന്ത്യയെ പ്രതനിധീകരിക്കുന്ന 130 കോടി ജനതയുടെ കൂട്ടായ പ്രതിബദ്ധതയുടെയും കരുത്തിന്റെയും പ്രതീകമാണ് ഇത് എന്നതുകൊണ്ടു കൂടിയാണ്. അതുകൊണ്ടാണ് പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ ചെലവില്‍ മികച്ച ആരോഗ്യ പരിരക്ഷ നല്‍കാനുള്ള യത്‌നം നമുക്ക് വിജയിപ്പിക്കാനായത്. എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സാധിക്കാവുന്നതെല്ലാം എല്ലാ തലങ്ങളിലും നിര്‍വഹിച്ചു. ചികില്‍സാ അടിസ്ഥാനസൗകര്യങ്ങള്‍ മികച്ചതല്ലാതിരുന്നിട്ടുപോലും പാവപ്പെട്ടവര്‍ക്ക് ഈ പദ്ധതിയുടെ ഗുണം ലഭിക്കുക എന്ന സദുദ്ദേശം മാത്രം മുന്‍ നിര്‍ത്തിയാണ് സംസ്ഥാനങ്ങള്‍ പ്രവര്‍ത്തിച്ചത്. ഇന്ത്യ കൂട്ടായ കരുത്ത് പ്രയോഗിച്ചാല്‍ അതിന്റെ ഗുണഫലത്തിനും ശേഷിക്കും ഫലപ്രദമായി എത്തിക്കാന്‍ കഴിയും എന്ന് ആയുഷ്മാന്‍ ഭാരത് തെളിയിച്ചു. രാജ്യത്തിന്റെ ഏതു ഭാഗത്തുള്ള രോഗിക്കും ഈ പദ്ധതിയുടെ നേട്ടം ലഭിക്കുമെന്ന, മുമ്പ് അസാധ്യമായിരുന്ന കാര്യം ആയുഷ്മാന്‍ ഭാരത് ഉറപ്പു വരുത്തി. കഴിഞ്ഞ ഒരു വര്‍ഷംകൊണ്ട് സംസ്ഥാനങ്ങള്‍ക്കു പുറത്തുള്ള മികച്ച ആശുപത്രികളിലും അമ്പതിനായിരത്തോളം ആളുകള്‍ക്ക് ചികില്‍സ ലഭിച്ചതിനു കാരണം ഇതാണ്.

സഹോദരീ സഹോദരന്മാരേ,

നിര്‍ബന്ധിത സാഹചര്യത്തിലല്ലാതെ ഈ രാജ്യത്തെ ഒരാളും സ്വന്തം വീട്ടില്‍ നിന്നോ ജില്ലയില്‍ നിന്നോ സംസ്ഥാനത്തു നിന്നോ ചികില്‍സയ്ക്കായി പുറത്തു പോകേണ്ടതില്ല. വീടിനടുത്തുതന്നെ മികച്ച ആരോഗ്യ പരിരക്ഷാ സൗകര്യങ്ങള്‍ പൗരന്മാര്‍ക്ക് ലഭ്യമാക്കാന്‍ രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളും ശ്രമിക്കുന്നു. രാജ്യത്തെ ഏതെങ്കിലും സ്ഥലത്ത് കൂടുതല്‍ നല്ല ചികില്‍സ ലഭിക്കുമെങ്കില്‍ അവിടെ തിരക്കുണ്ടാകും എന്നത് ശരിയാണ്.പക്ഷേ, രാജ്യത്തെ ഒരു പൗരനും ആധുനിക ചികില്‍സ നിഷേധിക്കപ്പെടാതിരിക്കുക എന്നത് രാജ്യത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തമാണ്. ഈ വൈകാരികതയിലാണ് ആയുഷ്മാന്‍ ഭാരത് ഊന്നുന്നത്.

സുഹൃത്തുക്കളേ,

ഇന്ത്യയാകെ ഒരു ആരോഗ്യമുള്ള രാജ്യമാക്കുന്നതിനുള്ള സമഗ്ര പരിഹാരമാണ് ആയുഷ്മാന്‍ ഭാരത്. ഇന്ത്യയുടെ പ്രശ്‌നങ്ങളും വെല്ലുവിളികളും നേരിടുന്നതിന് ഒറ്റക്കുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ ആലോചിക്കുന്നതിനു പകരം കൂട്ടായും സമഗ്രമായും പ്രവര്‍ത്തിക്കുക എന്ന ഗവണ്‍മെന്റിന്റെ സമീപനത്തിന്റെ ഭാഗമാണിത്.  ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഐക്യരാഷ്ട്ര സഭ സംഘടിപ്പിച്ച ആഗോള ആരോഗ്യ പരിരക്ഷ സംബന്ധിച്ച പരിപാടിയില്‍ ഇന്ത്യയേക്കുറിച്ചു സംസാരിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. ആരോഗ്യ പരിരക്ഷാ രംഗത്ത് ഇന്ത്യ സ്വീകരിക്കുന്ന സവിശേഷ സമീപനത്തെയും അതിന്റെ വന്‍തോതിലുള്ള നടത്തിപ്പിനെയും കുറിച്ചു കേട്ട് ലോകം വിസ്മയിക്കുകയും അത്ഭുതപ്പെടുകയും ചെയ്തു.

സഹോദരീ സഹോദരന്മാരേ,

കരുത്തുറ്റ നാല് തൂണുകളില്‍ ആരോഗ്യമുള്ള ഇന്ത്യ നാം കെട്ടിപ്പടുക്കുന്നതിനേക്കുറിച്ച് ഞാന്‍ പ്രതിനിധികളോടു പറഞ്ഞു. ഒന്ന്, പ്രതിരോധ ചികില്‍സ, രണ്ട്, ചെലവുകുറഞ്ഞ ചികില്‍സ, മൂന്ന്, വിതരണ രംഗത്തെ പരിഷ്‌കരണങ്ങള്‍, നാല്, ദേശീയ പോഷകാഹാര പ്രചാരണ പരിപാടി പോലെ ദൗത്യമായി ഏറ്റെടുത്ത് ഇടപെടുന്ന രീതി.
ഒന്നാമത്തേതിനേക്കുറിച്ചു പറഞ്ഞാല്‍, ഇന്നു നാം ശുചിത്വവും യോഗയും ആയുഷും പ്രതിരോധ മരുന്നും ശാരീരിക സൗഖ്യത്തിലും ഊന്നല്‍ നല്‍കുന്നതുകൊണ്ട് ജീവിതശൈലീ രോഗങ്ങള്‍ കുറഞ്ഞു. മൃഗങ്ങളില്‍ നിന്നു പകരുന്ന രോഗങ്ങളും മനുഷ്യരെ പ്രശ്‌നത്തിലാക്കുന്നുണ്ട്. അതുകൊണ്ട് മൃഗങ്ങളിലെ കുളമ്പുരോഗം നിര്‍മാര്‍ജ്ജനം ചെയ്യുക എന്നത് ദൗത്യമായി ഏറ്റെടുത്ത് പ്രവര്‍ത്തിക്കുകയാണ് നാം. അതായത്, നാം മൃഗങ്ങളെയും പരിഗണിക്കുന്നു, അവയെ മറക്കുന്നില്ല.
മറ്റൊരു തൂണിനേക്കുറിച്ചും ഞാനവിടെ പറഞ്ഞു. രാജ്യത്തെ മുഴുവന്‍ സാധാരണക്കാര്‍ക്കും മികച്ചതും ചെലവ് കുറഞ്ഞതുമായ ചികില്‍സ ഉറപ്പാക്കാന്‍ തുടര്‍ച്ചയായി നടത്തുന്ന ശ്രമങ്ങളാണ് രണ്ടാമത്തെ തൂണ്‍.

സഹോദരീ സഹോദരന്മാരേ,
ആയുഷ്മാന്‍ ഭാരത് ഈ തൂണുകള്‍ക്ക് വലിയ പ്രോല്‍സാഹനമാണ് നല്‍കുന്നത്. രാജ്യമാകെ ഒന്നര ലക്ഷം സൗഖ്യചികില്‍സാ കേന്ദ്രങ്ങള്‍ സ്ഥാപിച്ചതിലാകട്ടെ, എല്ലാ വര്‍ഷവും അഞ്ച് ലക്ഷം രൂപയുടെ വരെ സൗജന്യ ചികില്‍സാ സൗകര്യം നല്‍കുന്നതിലാകട്ടെ, ആയുഷ്മാന്‍ ഭാരതിന്റെ പങ്ക് പ്രധാനമാണ്.

സുഹൃത്തുക്കളേ,

വിതരണ രംഗം എന്ന നമ്മുടെ മൂന്നാമത്തെ തൂണും ആയുഷ്മാന്‍ ഭാരത് ശക്തിപ്പെടുത്തുന്നു. ആയുഷ്മാന്‍ ഭാരത് മൂലം രാജ്യത്തെ ആരോഗ്യ പരിരക്ഷാ സേവനങ്ങള്‍ വര്‍ധിച്ചു. ചികില്‍സയേക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യാതിരുന്ന പാവപ്പെട്ട രോഗികളും ഇപ്പോള്‍ ആശുപത്രിയില്‍ എത്തുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികില്‍സിക്കുന്നതിനേക്കുറിച്ച് അവര്‍ സങ്കല്‍പ്പിക്കുക പോലും ചെയ്തിട്ടില്ല. ഇന്നിപ്പോള്‍ പിഎംജെഎവൈയിലെ പതിനെണ്ണായിരത്തിലധികം ആശുപത്രികളില്‍ പതിനായിരത്തോളം സ്വകാര്യ ആശുപത്രികളാണ്. ഈ പങ്കാളിത്തം ഭാവിയില്‍ വര്‍ധിക്കുകയും ചെയ്യും.

സുഹൃത്തുക്കളേ,

രാജ്യത്തെ ചെറു പട്ടണങ്ങളില്‍ ആധുനിക ചികില്‍സാ അടിസ്ഥാന സൗകര്യ ശൃംഖല ആവശ്യമാകുന്ന വിധത്തില്‍ ആവശ്യക്കാര്‍ വര്‍ദ്ധിക്കുന്നു. നിരവധി പുതിയ ആശുപത്രികള്‍ ഭാവിയില്‍ വരാന്‍ പോകുന്നു. പുതിയ തൊഴിലവസരങ്ങള്‍ വരുന്നു. ആയുഷ്മാന്‍ ഭാരത് സൃഷ്ടിച്ച ആവശ്യങ്ങളുടെ തുടര്‍ച്ചയായി അടുത്ത അഞ്ച് മുതല്‍ ഏഴ് വരെ വര്‍ഷംകൊണ്ട് പതിനൊന്ന് ലക്ഷത്തോളം തൊഴിലവസരങ്ങള്‍ പുതിയതായി സൃഷ്ടിക്കപ്പെടും എന്നാണ് ഒരു കണക്ക്. ഇതൊരു വലിയ സംഖ്യയാണ്. റെയില്‍വേ സൃഷ്ടിച്ച കൂടുതല്‍ തൊഴിലവസരങ്ങള്‍ വച്ച് ആര്‍ക്കും ഈ വസ്തുത കണക്കുകൂട്ടാവുന്നതാണ്.

സഹോദരീ സഹോദരന്മാരേ,

ഈ തൊഴിലവസരങ്ങള്‍ക്കു വേണ്ടി നിങ്ങളുടെ യുവസുഹൃത്തുക്കള്‍ക്ക് പരിശീലനം നല്‍കുക എന്നത് വളരെ പ്രധാനമാണ്. അടിസ്ഥാനസൗകര്യവുമായി ബന്ധപ്പെട്ട മെഡിക്കല്‍ വിദ്യാഭ്യാസം വികസിപ്പിക്കുകയും നയം പതിവായി നവീകരിക്കുകയും ചെയ്യുന്നതിന്റെ കാരണം ഇതാണ്. ഒരു വശത്ത് രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് സീറ്റുകളുടെ എണ്ണം വര്‍ധിച്ചു വരികയും മറുവശത്ത് പ്രവേശനം മുതല്‍ നിയന്ത്രണം വരെ നിശ്ചയിക്കുന്നതില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ ഇല്ലാത്തതും സുതാര്യവുമായ സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യുന്നു.രാജ്യത്ത് പുതുതായി എഴുപത്തിയഞ്ച് മെഡിക്കല്‍ കോളജുകള്‍ സജ്ജീകരിക്കുന്നതാകട്ടെ, പുതിയ ദേശീയ മെഡിക്കല്‍ കമ്മീഷന്‍ രൂപീകരിക്കുന്നതാകട്ടെ ആരോഗ്യ മേഖലയ്ക്ക് ഇതെല്ലാം ഗുണകരമാകാനാണ് പോകുന്നത്.
ദേശീയ മെഡിക്കല്‍ കമ്മീഷന്‍ രാജ്യത്തെ ആരോഗ്യ വിദ്യാഭ്യാസത്തിന്റെ വ്യാപനത്തിനും ഗുണനിലവാര വര്‍ധനവിനും അഴിമതി നിര്‍മാര്‍ജ്ജനത്തിനും വേഗത കൂട്ടും.

സുഹൃത്തുക്കളേ,

ആയുഷ്മാന്‍ ഭാരത് പദ്ധതി ഗുണഭോക്തൃ സൗഹൃദപരമാക്കുന്നതിനു വേണ്ടി തുടര്‍ച്ചയായ ശ്രമങ്ങളാണ് പൂര്‍ണാര്‍ത്ഥത്തില്‍ നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഐടി സംവിധാനം പിഎംജെഎവൈ 2.0 ആയി നിലവാരമുയര്‍ത്തുന്നതായും തുടര്‍ച്ചയായി അത് വികസിപ്പിക്കുന്നതായും എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചു. ഇന്ന് പ്രകാശനം ചെയ്ത ആപ്പ് ഗുണഭോക്താക്കള്‍ക്ക് വലിയ സഹായമാകും. പക്ഷേ, ഈ പദ്ധതി കൂടുതല്‍ കാര്യക്ഷമവും സമഗ്രവുമാക്കാന്‍ കൂടുതല്‍ സാങ്കേതിക മാര്‍ഗ്ഗങ്ങള്‍ നമുക്ക് ആവശ്യമാണ്. ആയുഷ്മാന്‍ ഭാരതിന് വ്യത്യസ്ഥ ഘടകങ്ങളുണ്ട്; ഇവ പരസ്പരം ബന്ധിപ്പിക്കുന്നതിന് കാര്യക്ഷമവും പ്രാപ്യവുമായ ഒരു സംവിധാനം ആവശ്യമാണ്. ആരോഗ്യ, ശുശ്രൂഷാ കേന്ദ്രങ്ങള്‍ മുതല്‍ പ്രധാന ആശുപത്രികളുടെ ഓപ്പറേഷന്‍ തിയേറ്റര്‍ വരെ രോഗനിര്‍ണത്തിനും ആശുപത്രി നിശ്ചയിക്കുന്നതിനും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കുമായി സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ സംവിധാനം നാം വികസിപ്പിക്കണം. ഗ്രാമങ്ങളിലെ ആരോഗ്യ ശുശ്രൂഷാ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുന്ന രോഗികളുടെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അവരുടെ രോഗാവസ്ഥ നിര്‍ണയിക്കാന്‍ സാധിക്കുന്ന വിധത്തില്‍ ആരോഗ്യ വിവര ശേഖരം സജ്ജമാക്കുന്ന നിലയിലേക്ക് നമുക്ക് മുന്നേറണം.വലിയ ആശുപത്രികളിലേക്ക് രോഗിയെ മാറ്റുമ്പോള്‍ കൂടുതല്‍ ചികില്‍സയ്ക്ക് ഈ വിവരങ്ങള്‍ ഫലപ്രദമായ പങ്ക് വഹിക്കും. ഇതിനു വേണ്ടി നാമെല്ലാവരും ചിന്തിക്കുകയും പുതിയ ഒരു സംഘം ആളുകളെക്കൂടി ഇതില്‍ ചേര്‍ക്കുകയും വേണം.

സുഹൃത്തുക്കളേ,

ഇന്ന് ഇവിടെ ഉദ്ഘാടനം ചെയ്ത പിഎംജെഎവൈ സ്റ്റാര്‍ട്ടപ്പ് ഗ്രാന്റ് ചലഞ്ച് പ്രധാനപ്പെട്ട ഒരു പങ്ക് വഹിക്കാന്‍ പോവുകയാണ്. മനുഷ്യത്വത്തിന്റെ ഈ ജോലി വെല്ലുവിളിയായി ഏറ്റെടുത്ത് ഭാവിയിലേക്ക് മികച്ച ഒരു പരിഹാരം കൊണ്ടുവരണമെന്ന് രാജ്യത്തിന്റെ യുവശക്തിയോട് പ്രത്യേകിച്ചും ഐടി രംഗത്ത് പ്രവര്‍ത്തിക്കുന്നവരോട് ഞാന്‍ ആവശ്യപ്പെടുന്നു. ഇതിലൂടെ, രാജ്യത്തെ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്റ്റാര്‍ട്ടപ്പുകളും ആയുഷ്മാന്‍ ഭാരതുമായി ബന്ധിപ്പിക്കപ്പെടും. ഈ അവസരത്തിന്റെ പ്രയോജനം നേടിയെടുക്കാന്‍ മുഴുവന്‍ യുവ സംരംഭകരോടും നവീനാശയങ്ങള്‍ ഉള്ളവരോടും ഒരിക്കല്‍ക്കൂടി ഞാന്‍ ആവശ്യപ്പെടുകയാണ്.

സഹോദരീ സഹോദരന്മാരേ,

നവഭാരതത്തിന്റെ ആരോഗ്യ പരിരക്ഷാ സംവിധാനം ശരിയായ അര്‍ത്ഥത്തില്‍ ലോകത്തിനു മുഴുവന്‍ ഒരു മാതൃകയാകാന്‍ പോവുകയാണ്. നമ്മുടെ പ്രതിബദ്ധത നമ്മുടെ രാജ്യത്തെ കോടിക്കണക്കിന് ആളുകളെ ആരോഗ്യമുള്ളവരായി നിലനിര്‍ത്തുകയും കൂടുതല്‍ കരുത്തരാക്കുകയും നമ്മുടെ പ്രയത്‌നങ്ങള്‍ വിജയിക്കുകയും ചെയ്യുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. ഈ പ്രതീക്ഷയോടെ ഞാന്‍ നിങ്ങള്‍ക്ക് എന്റെ ഹൃദയത്തില്‍ നിന്നുള്ള നന്ദി അറിയിക്കുകയും മുഴുവനാളുകള്‍ക്കും നന്മകള്‍ നേരുകയും ചെയ്യുന്നു.