Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം.


ഇത്ര പ്രൗഢ ഗംഭീരവും അത്യാധുനികവുമായ ഒരു മന്ദിരം നിര്‍മ്മിച്ചതിന് ആദ്യമായി നിങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു. ഈ സ്ഥാപനത്തിനു 150 വര്‍ഷത്തെ പഴക്കമുണ്ട്. ഈ സ്ഥാപനം തന്നെ പുരാവസ്തു ഗവേഷണത്തിന് വിഷയമാക്കാവുന്നതാണ്. കഴിഞ്ഞ 150 വര്‍ഷം കൊണ്ട് ഈ സ്ഥാപനം അതിന്റേതായ രീതിയില്‍ വളരുകയും വികസിക്കുകയും ചെയ്തിരിക്കുന്നു. ഇതിനോടകം നിരവധി ബഹുമതികളും നേടിക്കഴിഞ്ഞു. നിങ്ങളുടേതുപോലുള്ള ഒരു സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം 150 വര്‍ഷം എന്നത് ഒരു നീണ്ട കാലഘട്ടം തന്നെയാണ്.

ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ അതിന്റെ കഴിഞ്ഞ 150 വര്‍ഷത്തെ ചരിത്രം രേഖപ്പെടുത്തിവെച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല. ഇനി അത്തരത്തില്‍ രേഖകള്‍ ഇല്ലെങ്കില്‍, അതു രേഖപ്പെടുത്തുക എന്നത് മഹത്തായ ആശയമാണ്. കഴിഞ്ഞുപോയ വര്‍ഷങ്ങളില്‍ എത്രയോ പേര്‍ ഈ സ്ഥാപനത്തില്‍ ജോലി ചെയ്തു. ഈ സ്ഥാപനം നിലവില്‍ വരുമ്പോള്‍ വിഭാവനം ചെയ്യപ്പെട്ടിരിക്കുന്ന ഒരാശയമുണ്ട്. ഇതിന്റെ വിപുലീകരണം, ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയും അതില്‍ വന്നിട്ടുള്ള മാറ്റങ്ങളും, സമൂഹത്തില്‍ ഇന്ന് ഈ സ്ഥാപനത്തിനുള്ള സ്വാധീനം, ലോകമെമ്പാടും ഈ മേഖലയിലുള്ള ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റുന്ന രീതികള്‍ തുടങ്ങിയ വേറെയും നിരവധി ഘടകങ്ങള്‍ ഉണ്ട്. കഴിഞ്ഞ കാലത്തെ യാഥാര്‍ത്ഥ്യങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ ലോകത്തിന് നമ്മുടെ രാജ്യത്തിന്റെ പുരാവസ്തു ഉപകരണങ്ങള്‍ ഇന്നും ഉള്‍ക്കാഴ്ച്ച നല്‍കുന്നു. ശാസ്ത്രത്തിന്റെയും ബഹിരാകാശ സാങ്കേതിക വിദ്യയുടെയും വികാസത്തോടു കൂടി മനുഷ്യ ജീവിത വുമായി ബന്ധപ്പെട്ട് നേരത്തെയുണ്ടായിരുന്ന പല സങ്കീര്‍ണതകളും ഇപ്പോള്‍ തകര്‍ക്കപ്പെട്ടിരിക്കുന്നു. സരസ്വതി നദി ഉണ്ടായിരുന്നില്ലെന്ന വാദം അത്തരത്തിലൊന്നാണ്. പക്ഷേ ഈ വീക്ഷണം തെറ്റാണെന്ന് ബഹിരാകാശ സാങ്കേതിക വിദ്യ ഉറപ്പാക്കുന്നു. സരസ്വതി നദി സാങ്കല്‍പികമല്ല. ആര്യന്‍മാരുടെ ഉത്പ്പത്തിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നു. ചില ആളുകള്‍ അവര്‍ക്ക് ഇഷ്ടമുള്ള വിഷയങ്ങളില്‍ കടിച്ചു തൂങ്ങുന്നു. ഇത് വിശാലമായ ഒരു മേഖലയാണ്. സാങ്കേതിക വിദ്യ, പുരാവസ്തു വകുപ്പിനെ വളരെയധികം സഹായിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഈ മേഖലയില്‍ പുതിയ ചര്‍ച്ചകളും സംവാദങ്ങളും ഉണ്ടാകുന്നത്.

ശിലാലിഖിതങ്ങളും പുരാതന ശില്പമാതൃകകളും ശിലകളും നിര്‍ജ്ജീവ വസ്തുക്കളാണ് എന്നു ഞാന്‍ കരുതുന്നില്ല. ഈ ലോകത്തിലെ കല്ലുകള്‍ക്കു പോലും എന്തെങ്കിലും പറയാനുണ്ട്. പുരാവസ്തുവുമായി ബന്ധപ്പെട്ട എല്ലാ കടലാസുകള്‍ക്കുമുണ്ടാവും അവയുടേതായ കഥ. പുരാവസ്തു വകുപ്പ് കണ്ടെടുത്തിട്ടുള്ള ഓരോ വസ്തുവും മനുഷ്യന്റെ സ്വപ്‌നങ്ങളുടെയും കഠിനാധ്വാനത്തിന്റെയും കഥകള്‍ വര്‍ണിക്കുന്നവയാണ്. പുരാവസ്തു ഗവേഷണവുമായി ബന്ധപ്പെട്ട ആളുകള്‍ അവരുടെ ജോലി ആരംഭിക്കുന്നത് ശൂന്യമായ, വളരെ വര്‍ഷങ്ങളോളം മനുഷ്യ ശ്രദ്ധ ആകര്‍ഷിക്കാത്ത സ്ഥലങ്ങളിലാണ്. പരീക്ഷണശാലയില്‍ ശാസ്ത്രജ്ഞന്‍ ഭാവിയെ കുറിച്ചുള്ള തന്റെ ഗവേഷണത്തില്‍ പൂര്‍ണമായും മുഴുകി ഇരിക്കുന്നതു പോലെ പുരാവസ്തു ഗവേഷകന്‍ ബാഹ്യലോകത്തെ വിസ്മരിച്ച് വിജനമായ വനാന്തരങ്ങളിലും മലകളിലും തന്റെ ഗവേഷണത്തില്‍ മുഴുകുന്നു. ഈ പ്രക്രിയയ്ക്കിടെ പത്തും ഇരുപതും വര്‍ഷങ്ങള്‍ കടന്നു പോകുന്നതു പോലും അവര്‍ അറിയുന്നില്ല. ഒരു സുപ്രഭാതത്തില്‍ അവര്‍ പുതിയ ഒരു വിഷയത്തില്‍ തങ്ങളുടെ ഗവേഷണ പ്രബന്ധവുമായി പുറത്തു വരുന്നു. അത് ലോകശ്രദ്ധയാകര്‍ഷിക്കുന്നു. ചണ്ഡീഢിന് സമീപം ചെറിയ ഒരു കുന്നുണ്ട്. അവിടെ ജീവശാസ്ത്രത്തില്‍ വിദഗ്ധരായ ഏതാനും ഫ്രഞ്ച് ശാസ്ത്രജ്ഞരും രാജ്യത്തിനകത്തും പുറത്തു നിന്നുമുള്ള പുരാവസ്തു ശാസ്ത്രജ്ഞരും ഗവേഷണം ആരംഭിച്ചു. ഇവിടെ ഈ ചെറിയ കുന്നില്‍ ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജീവിയുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു എന്ന് അവര്‍ ലോകത്തെ അറിയിച്ചു. അതിനു ലക്ഷക്കണക്കിനു വര്‍ഷത്തെ പഴക്കമുണ്ടായിരുന്നു. തന്റെ രാജ്യത്തെ പൗരന്മാര്‍ കൂടി പങ്കാളികളായ ഈ കണ്ടുപിടുത്തം നടന്ന സ്ഥലം സന്ദര്‍ശിക്കാന്‍ ഫ്രഞ്ച് പ്രസിഡന്റ് ആഗ്രഹം പ്രകടിപ്പിക്കുകയുണ്ടായി. ഞാന്‍ അദ്ദേഹത്തെ അവിടെ കൊണ്ടുപോയി. ചുരുക്കിപ്പറഞ്ഞാല്‍ ഇക്കാര്യങ്ങളെല്ലാം വിശ്വാസത്തിനുമപ്പുറമാണ്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ വഴി വലിയ മാറ്റങ്ങളുണ്ടാക്കുന്നു.

ചിലപ്പോള്‍ ചരിത്രത്തെ വെല്ലുവിളിക്കാനുള്ള ശക്തി ആ കല്ലില്‍ നിന്ന് ഉണ്ടായേക്കാം. അത് തുടക്കത്തില്‍ ആരും അംഗീകരിച്ചു എന്നു വരില്ല. എന്നാല്‍ നമുക്ക് ഈ വസ്തുക്കളെല്ലാം ചിരപരിചിതമായതുകാരണം അതിന് വലിയ പ്രാധാന്യം നല്‍കുന്നതിന് നമുക്ക് സാധിക്കുന്നില്ല.

ഒന്നും ഇല്ലാത്തവര്‍ കാര്യങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ ശ്രമിക്കുന്നു. ഞാന്‍ കൃത്യമായി ഓര്‍ക്കുന്നു, ഒരിക്കല്‍ അമേരിക്കന്‍ ഗവണ്‍മെന്റിന്റെ ക്ഷണമനുസരിച്ച് ഒരു പ്രതിനിധി സംഘത്തോടൊപ്പം ഞാന്‍ അവിടേക്കു പോകുകയുണ്ടായി. എവിടെയൊക്കയാണ് എനിക്കു പോകേണ്ടത് എന്നും എന്തൊക്കെയാണ് എനിക്കു കാണേണ്ടതും പഠിക്കേണ്ടതും എന്നും അവര്‍ എന്നോട് ആരാഞ്ഞു. അവരുടെ ചെറിയ ഗ്രാമങ്ങളിലെ സ്‌കൂളും ആശുപത്രിയും കാണാന്‍ എനിക്കു താല്‍പര്യമുണ്ട് എന്നു ഞാന്‍ പറഞ്ഞു. പിന്നെ അവര്‍ ഏറ്റവും അഭിമാനപൂര്‍വം കാണുന്ന അവരുടെ ചരിത്ര സ്മാരകത്തിലേയ്ക്കും കൊണ്ടുപോകണം എന്നു ഞാന്‍ ആവശ്യപ്പെട്ടു. പെന്‍സില്‍വാനിയയിലേക്കാണ് അവര്‍ എന്നെ കൊണ്ടുപോയത് എന്നു ഞാന്‍ കരുതുന്നു. അവിടെ 400 വര്‍ഷം പഴക്കമുള്ള ചരിത്ര സ്മാരകങ്ങള്‍ അവര്‍ എനിക്കു കാണിച്ചു തന്നു. അവരെ സംബന്ധിച്ചിടത്തോളം അത് ചരിത്രപ്രാധാന്യമുള്ളതും അഭിമാനത്തിനു വക നല്കുന്നതും ആയിരുന്നു. നമുക്ക് രണ്ടായിരവും അയ്യായിരവും വര്‍ഷം പഴക്കമുള്ള വിസ്മയകരമായ ചരിത്രമുണ്ട്. ഒറ്റപ്പെട്ടു നില്‍ക്കല്‍ നമുക്ക് വലിയ ക്ഷതം നല്കി.

സ്വാതന്ത്ര്യത്തിനു ശേഷം നാം ഈ ചിന്താഗതിക്കു പുറത്തു വരേണ്ടതായിരുന്നു. പക്ഷെ ദൗര്‍ഭാഗ്യവശാല്‍ അത് രാജ്യത്തെ പിടിമുറുക്കിക്കളഞ്ഞു. നമ്മുടെ ചരിത്ര ബോധത്തെ അടിമത്തമായിട്ടാണ് അവര്‍ പരിഗണിച്ചത്. നാം നമ്മുടെ പൈതൃകത്തെയും സംസ്‌കാരത്തെയും കുറിച്ച് അഭിമാനം കൊള്ളുന്നില്ലെങ്കില്‍ അതു സംരക്ഷിക്കാനുള്ള താല്പര്യവും നമുക്ക് ഉണ്ടാവില്ല എന്നാണ് എന്റെ വിശ്വാസം. ഒന്നിനെക്കുറിച്ച് നമുക്ക് അഭിമാനമുണ്ടെങ്കില്‍ മാത്രമെ അതിനെ നവീകരിക്കാന്‍ നമുക്ക് താല്പര്യം ഉണ്ടാവുകയുള്ളു. അല്ലെങ്കില്‍ അതു വെറും ഒരു പാറക്കഷണം മാത്രം. ഞാന്‍ ജനിച്ച ഗ്രാമത്തിന് ജീവിക്കുന്ന ഒരു ചരിത്രമുണ്ട് എന്നതില്‍ ഞാന്‍ ഭാഗ്യവാനാണ്. മനുഷ്യര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ ഇവിടെ വികസിച്ചിരുന്നു. ബുദ്ധ സന്യാസിമാര്‍ക്കായി ഇവിടെ ഒരു സര്‍വകലാശാല പ്രവര്‍ത്തിച്ചിരുന്നു എന്ന് ചൈനീസ് സഞ്ചാരിയായ ഹ്യുയാങ് സാങ്ങിന്റെ യാത്ര രേഖകളിലുണ്ട്. ഇതെല്ലാം ഇപ്പോഴും അവിടെ ഉണ്ട്. ഞങ്ങളുടെ സ്‌കൂളില്‍ ഒരു അധ്യാപകന്‍ ഉണ്ടായിരുന്നു. ഏതെങ്കിലും സ്ഥലം സന്ദര്‍ശിക്കുമ്പോള്‍ അവിടെയെങ്ങാനും വല്ല കല്ലിലും ഏതെങ്കിലും അക്ഷരങ്ങളോ അടയാളങ്ങളോ കാണുന്ന പക്ഷം ആ കല്ല് എടുത്തു കൊണ്ടുവന്ന് സ്‌കൂളില്‍ വയ്ക്കണം എന്ന് അദ്ദേഹം ഞങ്ങളോടു പറയുമായിരുന്നു. ഞങ്ങളെല്ലാവരും മത്സരിച്ച് ഇത്തരത്തിലുള്ള കല്ലുകള്‍ ശേഖരിച്ച് സ്‌കൂളിലെ ഒരു മൂലയില്‍ കൂട്ടിയിട്ടിരുന്നു. ഇപ്പോള്‍ അതിന്റെ അവസ്ഥ എന്താണ് എന്ന് എനിക്കറിയില്ല. പക്ഷെ അന്ന് ഞങ്ങളെ അങ്ങനെ ശീലിപ്പിച്ചിരുന്നു. പക്ഷെ അതിനു ശേഷം ഒരു കാര്യം എനിക്കു മനസിലായി, റോഡില്‍ കാണുന്ന ഏതു കല്ലിനും വളരെ മൂല്യമുണ്ട് എന്ന്. ഈ അറിവ് ഞങ്ങള്‍ക്കു നല്കിയത് ആ അധ്യാപകനാണ്. അന്നു മുതല്‍ ഇക്കാര്യം എന്റെ മനസില്‍ എപ്പോഴും ഉണ്ട്.

ഡോ. ഹരി ഭായി ഗോധാനി അഹമ്മദാബാദിലാണ് ജീവിച്ചത്. അദ്ദേഹം ഡോക്ടറായിരുന്നു. പുരാവസ്തു മൂല്യമുള്ള സാധനങ്ങള്‍ ശേഖരിക്കുന്നകാര്യത്തില്‍ പ്രശസ്തനായിരുന്നു അദ്ദേഹം. ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോയിരുന്നു. തന്റെ 20 ഫിയറ്റ് കാറുകള്‍ കേടായതായി അദ്ദേഹം എന്നോടു പരാതി പറഞ്ഞു. അന്ന് ഫിയറ്റ് മാത്രമായിരുന്നു ജനപ്രിയ കാറുകള്‍. ആധുനിക കാറുകള്‍ ഒന്നും അന്നില്ല. അദ്ദേഹം ശനി ഞായര്‍ ദിവസങ്ങളില്‍ കാടുകളും മലകളും കുന്നുകളും സന്ദര്‍ശിക്കാന്‍ പോയിരുന്നത് ഫിയറ്റിലായിരുന്നു. അദ്ദേഹത്തിന് ഒരു കാര്‍ വാങ്ങിയാല്‍ മൂന്നു വര്‍ഷത്തേയ്ക്കു മാത്രമെ യാത്രചെയ്യാന്‍ ആകുമായിരുന്നുള്ളു. കാരണം അത്ര മോശപ്പെട്ട റോഡുകളിലൂടെയായിരുന്നു യാത്രകള്‍. ഇത്ര ബൃഹത്തായ പുരാവസ്തുശേഖരം മറ്റാര്‍ക്കും കാണില്ല എന്നാണ് എന്റെ വിശ്വാസം. അദ്ദേഹം എന്നെ കുറച്ച് സ്ലൈഡുകള്‍ കാണിച്ചു. ഞാന്‍ അന്നു ചെറുപ്പമാണ്, പക്ഷെ വലിയ ജിഞ്ജാസു. കരിങ്കല്ലില്‍ കൊത്തിയ, ഗര്‍ഭിണിയുടെ രൂപം ചിത്രീകരിച്ച ഒരു സ്ലൈഡ് അദ്ദേഹം എനിക്കു കാണിച്ചു തന്നു. ആ ശില്പത്തിന് 800 വര്‍ഷമെങ്കിലും പഴക്കം കാണുമെന്ന് ഡോക്ടര്‍ എന്നോടു പറഞ്ഞു. ഒരു ശസ്ത്രക്രിയ നടത്തിയതുപോലെയായിരുന്നു ആ സ്ത്രീയുടെ ഉദരം. അതിന്റെ ഒരു വശം തുറന്നിരുന്നു. ത്വക്കിന്റെ വിവിധ പാളികള്‍ പോലും അതി സൂക്ഷ്മമായി ആ കല്ലില്‍ കൊത്തി വച്ചിരുന്നു. എന്തിന് ഗര്‍ഭാശയത്തിനുള്ളില്‍ ഉറങ്ങുന്ന ശിശുവിന്റെ രൂപം പോലും ആ ശില്പത്തില്‍ മനോഹരമായി ചിത്രീകരിച്ചിരുന്നു.

ഏതാനും നൂറ്റാണ്ടു മുമ്പാണ് വൈദ്യശാസ്ത്രം അത് കണ്ടെത്തിയത്. ഏതോ ശില്പി 800 വര്‍ഷം മുമ്പ് കൊത്തിയുണ്ടാക്കിയ അക്കാര്യം വൈദ്യശാസ്ത്രം വളരെ പിന്നീടാണ് സാക്ഷ്യപ്പെടുത്തിയത്. അതായത് ത്വക്കിന്റെ വിവിധ പാളികള്‍, അമ്മയുടെ ഉദരത്തിലെ ഗര്‍ഭസ്ഥ ശിശുവിന്റെ നിദ്രാ സ്വഭാവം തുടങ്ങിയവ. നിങ്ങള്‍ ഒന്നു ചിന്തിച്ചു നോക്കൂ, എത്രമാത്രം വികസിച്ചതായിരുന്നു അക്കാലത്തെ നമ്മുടെ വൈദ്യശാസ്ത്രം എന്ന്. അതായിരുന്നു ഈ സ്ലൈഡുകള്‍ വ്യക്തമാക്കിയത്.

അത്ഭുതകരമായിരുന്നു നമ്മുടെ ഈ പൈതൃകം. അന്നത്തെ പണ്ഡിതരുടെ അറിവ് അത്യഗാധമായിരുന്നു. അല്ലെങ്കില്‍ എങ്ങിനെയാണ് ഒരു ശില്പി സ്ത്രീയുടെ ഉദരത്തിന്റെ ചര്‍മ്മപാളികളെ കുറിച്ച് അറിയുകയും അത് അതി സൂക്ഷ്മമായി ശിലയില്‍ കൊത്തുകയും ചെയ്യുക.നമ്മുടെ ശാസ്ത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. നാം അതേക്കുറിച്ച് അഭിമാനം കൊള്ളണം.

ഈ വിഷയത്തില്‍ താല്പര്യമുള്ളവരെ സംബന്ധിച്ച് ഒരു നല്ല കാര്യമുണ്ട്. ഈ മേഖലയില്‍ ധാരാളം പൊതു ജന പങ്കാളിത്തം ഉണ്ട്. ലോകത്തില്‍ ഏതു സ്മാരകം സന്ദര്‍ശിച്ചാലും ഒരു കാര്യം കാണാനാവും, അതായത് ജോലിയില്‍ നിന്നു വിരമിച്ചവര്‍ യൂണിഫോം ഒക്കെ ധരിച്ച് ടൂറിസ്റ്റ് ഗൈഡുകളായി വന്ന് ഈ സ്ഥലങ്ങളൊക്കെ കാണിച്ചു തരും. അതായത് സമൂഹം ഈ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. മുതിര്‍ന്ന പൗരന്മാര്‍ക്കായി ക്ലബ് പോലുള്ള സംവിധാനങ്ങള്‍ രൂപീകരിച്ച് ഇവരുടെ സേവനത്തിന് അംഗീകാരം നലാകാനുള്ള സാഹചര്യം നാം സൃഷ്ടിച്ച് ഇവരെ പ്രോത്സാഹിപ്പിക്കണം. കാരണം പൊതു സമൂഹത്തിന്റെ പങ്കാളിത്തത്തോടെ മാത്രമെ നമുക്ക് നമ്മുടെ പൈതൃകം സംരക്ഷിക്കാന്‍ സാധിക്കൂ. ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ ഈ മേഖലയിലേയ്ക്കു കടന്നു വന്നാല്‍ അതു സാധിക്കും. പ്രവര്‍ത്തന രീതി അതു തന്നെ. കാവല്‍ക്കാരന്‍ എത്ര ശ്രമിച്ചാലും, സന്ദര്‍ശകര്‍ ചെടികളും പൂക്കളും ചവിട്ടി നശിപ്പിക്കാതിരിക്കാന്‍ ബോധപൂര്‍വം കരുതല്‍ എടുത്താന്‍ മാത്രമെ തോട്ടം സംരക്ഷിക്കപ്പെടുകയുള്ളു. അത്തരം തോട്ടങ്ങള്‍ തൊടാന്‍ പോലും ആര്‍ക്കുമാവില്ല. അതായത് പൊതു സമൂഹത്തിന്റെ പങ്കാളിത്തത്തിനാണ് ശക്തി. അതുകൊണ്ട് പൊതു ജീവിതത്തില്‍ ഇത്തരം കാര്യങ്ങള്‍ നാം സ്ഥാപനവത്ക്കരിക്കുകയും പൊതുജനങ്ങള്‍ക്ക് ഈ സേവനങ്ങള്‍ നല്‍കുന്നവരെ ക്ഷണിക്കുകയും ചെയ്താല്‍ അത് മഹത്തായ കാര്യമായിരിക്കും.

നമുക്ക് സഹകരണ മേഖലയില്‍ നിന്ന് സഹായം തേടാം. നമുക്ക് അവരുടെ ജോലിക്കാരുടെ സേവനം ആവശ്യപ്പെടാം. ഇത്തരം സ്മാരകങ്ങള്‍ സംരക്ഷിക്കുന്നതിനായി മാസത്തില്‍ 10-15 മണിക്കൂര്‍ സേവനം നല്കാന്‍ അവര്‍ക്കു താല്പര്യമാണെങ്കില്‍ അവര്‍ക്കു സ്വാഗതം. മെല്ലെ ഇത്തരം കാര്യങ്ങള്‍ക്ക് പ്രാധാന്യം ലഭിക്കും.

മറ്റൊരു കാര്യം കൂടി നാം ചിന്തിക്കണം. പക്ഷെ ഇതു പൂരാവസ്തു വകുപ്പിന്റെതല്ല. വിനോദ സഞ്ചാരവകുപ്പ്, സാംസ്‌കാരിക വകുപ്പ്, കേന്ദ്ര ഗവണ്‍മെന്റിന്റെയും സംസ്ഥാന ഗവണ്‍മെന്റിന്റെയും ബന്ധപ്പെട്ട വകുപ്പുകള്‍ ഇവര്‍ക്കെല്ലാം ഇതില്‍ ചേരാം. രാജ്യത്തെ 100 പൈതൃക നഗരങ്ങളില്‍ നല്ല വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഉണ്ടെന്നിരിക്കട്ടെ, അവിടുത്തെ വിദ്യാര്‍ത്ഥികളെ ആ നഗരങ്ങളുടെ ചരിത്രവും പുരാവസ്തു ശാസ്ത്രവും പഠിപ്പിക്കുക. ഓരോ തലമുറയുടെയും കാലഗണന കൂടി പഠിപ്പിക്കണം. ആഗ്രയിലെ വിദ്യാര്‍ത്ഥികളെ താജ്മഹലിന്റെ ചരിത്രം പഠിപ്പിച്ചാല്‍ അതില്‍ വിട്ടുപോക്കലോ കൂട്ടിചേര്‍ക്കലോ ഉണ്ടാവില്ല. ഓരോ തലമുറയെക്കുറിച്ചും അവര്‍ നല്ല ബോധ്യമുള്ളവരാകും.

രണ്ടാമത്തെ കാര്യം, ആ നഗരത്തില്‍ നമുക്ക് ഓരോ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ ആരംഭിക്കാം. വിജയിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ സ്വന്തം നഗരങ്ങളുടെ സൂക്ഷ്മ വിവരങ്ങള്‍ പോലും അറിയുന്നവരാകും, മികച്ച ടൂറിസ്റ്റ് ഗൈഡുകളും ആകും.

ഞാന്‍ പ്രധാമന്ത്രിയാകുന്നതിനും മുമ്പ് ഒരിക്കല്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു. ഞാന്‍ അവരോടു പറഞ്ഞു, നിങ്ങള്‍ ചാനലുകള്‍ തോറും സംഗീതത്തിനും നൃത്തത്തിനും മറ്റും കുട്ടികള്‍ക്കായി ടാലന്റ് ഷോ നടത്താറുണ്ടല്ലോ. അതി സമര്‍ത്ഥരായ കുട്ടികളാണ് ഇതില്‍ വിജയികളാകുന്നത്. മികച്ച ടൂറിസ്റ്റ് ഗൈഡുകള്‍ക്കായി ഇത്തരം ഒരു ടാലന്റ് ഷോ നടത്തി കൂടെ. അവര്‍ ഗൈഡായി ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്ന നഗരത്തിന്റെ മാപ്പ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ച് ചോദ്യങ്ങള്‍ ചോദിക്കുക. മികച്ച ഗൈഡുകള്‍ക്ക് നല്ല യൂണിഫോം ഉണ്ടാവണം, പുതിയ ഭാഷകള്‍ പഠിക്കണം, സ്ഥലങ്ങള്‍ കാണിച്ചുകൊടുക്കാന്‍ കഴിയണം. ഇത്തരം മത്സരം നടത്തുക. കാലക്രമേണ ഇത് ഇന്ത്യയുടെ വിനോദ സഞ്ചാര മേഖലയെ വികസിപ്പിക്കും. പ്രഫഷണല്‍ ഗൈഡുമാര്‍ ഉണ്ടാകും. ഗൈഡുമാരില്ലാതെ ഇത്തരം കാര്യങ്ങള്‍ നടത്തികൊണ്ടു പോകുക അസാധ്യം.

നമുക്ക് അറിയുന്ന കാര്യങ്ങളോട് നമ്മുടെ മനസ്സില്‍ അടുപ്പമുണ്ടാവും. അടച്ചിട്ട മുറിയില്‍ ഒരു മനുഷ്യന്‍ ഉണ്ടെന്നു കരുതുക. അയാള്‍ക്ക് കൈ കടത്താന്‍ മാത്രം വലിപ്പമുള്ള ഒരു ദ്വാരം ഭിത്തിയില്‍ ഉണ്ടെന്നും കരുതുക. പുറത്ത് കുറെ ആളുകള്‍. അവര്‍ക്ക് അറിയില്ല, അകത്ത് ആരാണെന്ന്. എല്ലാവരും അകത്തു നിന്നു നീട്ടുന്ന കൈയില്‍ ഹസ്ത ദാനം ചെയ്യുന്നു. അതു ഒരു മൃതദേഹത്തിനു ഹസ്തദാനം നല്കുന്നതു പോലെ ആയിരിക്കും. പുറത്തുള്ളവരോട് പറയുക, അകത്തുനിന്നു നീളുന്ന കൈ സച്ചിന്‍ ടെണ്ടുല്‍ക്കറുടേതാണ് എന്ന്. അപ്പോള്‍ ഹസ്തദാനത്തിന് ഇടിയായിരിക്കും. ഇതിനര്‍ത്ഥം വിവരം അഥവാ അറിവ് വലിയ ശക്തിയാണ് എന്നതാണ്. നമുക്ക് നമ്മുടെ സംസ്‌കാരത്തെ കുറിച്ച് നല്ല അറിവുണ്ടായിരിക്കണം.
ഒരിക്കല്‍ കച്ച് മേഖലയിലെ മരുഭൂമി പ്രദേശം വികസിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. മരുഭൂമിയില്‍ വിനോദസഞ്ചാരം വികസിപ്പിക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. ഞാന്‍ കുട്ടികളെ ഗൈഡുമാരായി പരിശീലിപ്പിച്ചു. ഉപ്പുണ്ടാക്കാന്‍ അവരെ പഠിപ്പിച്ചു. അവര്‍ മറ്റള്ളവരെ ഉപ്പുണ്ടാക്കാന്‍ പഠിപ്പിക്കും എന്നായിരുന്നു കണക്കു കൂട്ടല്‍. എട്ടിലും ഒന്‍പതിലും പഠിക്കുന്ന ആ കുട്ടികള്‍ വിനോദ സഞ്ചാരികള്‍ക്ക് ആ മേഖലയെ കുറിച്ച് വിവരിക്കുകയും അവരെ ഉപ്പുണ്ടാക്കാന്‍ പഠിപ്പിക്കുകയും ചെയ്യുന്നതു അത്ഭുതകരമായിരുന്നു. ആദ്യ സന്ദര്‍ശകര്‍ ഇംഗ്ലീഷുകാര്‍ ആയിരുന്നു. കുട്ടികളുടെ വിവരണം കേട്ട് അവര്‍ക്ക് വലിയ ഉത്സാഹമായി. കുട്ടികള്‍ക്കും ജോലി ലഭിച്ചു. ഇപ്പോള്‍ സാങ്കേതിക വിദ്യ മാറി. ആധുനിക സാങ്കേതിക വിദ്യയുടെ ഫലങ്ങള്‍ അനന്തമാണ്. ഇന്ന് ഡല്‍ഹിയിലെ ഇടുങ്ങിയ തെരുവോരത്ത് പാര്‍ക്കു ചെയ്തിരിക്കുന്ന സ്‌കൂട്ടറിന്റെ നമ്പര്‍ പ്ലേറ്റിന്റെ ഫോട്ടോ ബഹിരാകാശ സാങ്കേതികവിദ്യയുടെ സഹായത്തോടെ നഗരത്തില്‍നിന്ന് ആയിരക്കണക്കിനു കിലോമീറ്റര്‍ അകലെ ലഭ്യമാകും. എന്നിരുന്നാലപം ഫോട്ടോഗ്രഫി നിരോധിച്ചിരിക്കുന്നു എന്ന് സ്മാരകത്തിനു മുന്നില്‍ എഴുതി വച്ചിരിക്കുന്നു. കാലം മാറി, സാങ്കേതിക വിദ്യ മുന്നേറിയിരിക്കുന്നു

.
സര്‍ദാര്‍ സരോവര്‍ അണക്കെട്ട് നിര്‍മ്മിച്ചപ്പോള്‍ ജനങ്ങള്‍ക്ക് അതു കാണാനാഗ്രഹിച്ചു. ചിലപ്പോള്‍ വെള്ളം അണകവിഞ്ഞൊഴുകിയിരുന്നു. ജനത്തിന് അതു കാണാനും ആഗ്രഹമുണ്ടായി. ഫോട്ടോഗ്രഫി നിരോധിച്ചിരിക്കുന്നു എന്ന കൂറ്റന്‍ ബോര്‍ഡുകളായിരുന്നു എങ്ങും. അന്നു ഞാന്‍ മുഖ്യ മന്ത്രിയാണ്. ഞാന്‍ നേര്‍ വിപരീതമായി പ്രവര്‍ത്തിച്ചു. മികച്ച ഫോട്ടോയ്ക്ക് സമ്മാനം നല്കുമെന്ന് ഞാന്‍ പ്രഖ്യാപിച്ചു. ഒരു വ്യവസ്ഥ മാത്രം ഫോട്ടോ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യണം. പൊതു ജന പങ്കാളിത്തത്തിന്റെ അവസ്ഥ അറിഞ്ഞാല്‍ നിങ്ങള്‍ അതിശയിക്കും. ജനം ഫോട്ടോ എടുത്ത് വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യാന്‍ തുടങ്ങി. ഡാം കാണുന്നതിന് ചെറിയ തുക ഫീസായി സന്ദര്‍ശകരോട് വാങ്ങിത്തുടങ്ങി. അഞ്ചു ലക്ഷം സന്ദര്‍ശകര്‍ പണം അടച്ച് രജിസ്റ്റര്‍ ചെയ്തു. കാശ്മീരിലെ ബാരമുള്ളയില്‍ നിന്നുള്ള ദമ്പതികളായിരുന്നു അഞ്ചു ലക്ഷം എന്ന നമ്പര്‍ തികച്ചത്. ആ ദമ്പതികളെ നാം ആദരിച്ചു. അവിടെയും 8 മുതല്‍ 10 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികളായിരുന്നു ഗൈഡുകള്‍. അവര്‍ ഡാമിനെക്കറിച്ചുള്ള സകല വിവരങ്ങളും സഞ്ചാരികള്‍ക്കു വിവരിച്ചു നല്കി. സ്ഥാപനം, അനുമതി, ഉപയോഗിച്ച സിമന്റും കമ്പിയും, ജല സംഭരണ ശേഷി. ആ കുട്ടികളെല്ലാം ആദിവാസികളായിരുന്നു. അവര്‍ നന്നായി ജോലി ചെയ്തു. സമാന പ്രവര്‍ത്തനം 100 നഗരങ്ങളിലും നടത്താവുന്നതാണ്. ഗൈഡുകളായി പ്രവര്‍ത്തിക്കാന്‍ മുന്നോട്ടു വരത്തക്ക രീതിയില്‍ പുതു തലമുറയെ പരിശീലിപ്പിക്കണം. ചരിത്രം അവരുടെ വിരല്‍തുമ്പുകളിലായാല്‍ ഇന്ത്യയുടെ മഹാ പൈതൃകവും ആയിരം വര്‍ഷത്തെ ചരിത്രവും ലോകത്ത് വലിയ അത്ഭുതങ്ങള്‍ സൃഷ്ടിക്കും. ലോകത്തിനു നാം മറ്റൊന്നും സമ്മാനിക്കേണ്ട. നമ്മുടെ പൂര്‍വികരുടെ പൈതൃകം ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചാല്‍ മാത്രം മതി. ഇന്ത്യയിലെ വിനോദ സഞ്ചാര വ്യവസായത്തിന്റെ വികസനത്തിനു പ്രതിബന്ധം സൃഷ്ടിക്കാന്‍ ആര്‍ക്കും സാധിക്കില്ല. നമമുടെ പൂര്‍വ്വികരുടെ പൈതൃകവും കഠിനാധ്വാനവും മറക്കുന്നവരല്ല നമ്മുടെ കുട്ടികള്‍. നമ്മുടെ പൂര്‍വികരുടെ പൈതൃകം മുന്നോട്ടു കൊണ്ടുപോകേണ്ടതും ലോകത്തിനു മുന്നില്‍ ആരാധനയോടെയും അഭിമാനത്തോടെയും അവതരിപ്പിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്തമാണ്. ഈ ആത്മവിശ്വാസവുമായി നമുക്കു മുന്നേറാം. ഈ ആശയം ഈ മന്ദിരത്തെ പ്രകാശപൂരിതമാക്കും എന്ന പ്രത്യാശയോടെ, നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു.