പിഎം ഇന്ത്യ
ഇന്ത്യന്‍ സമൂഹ ക്ഷേമ ഫണ്ട് (ഐ.സി.ഡബ്ല്യു.എഫ്.) മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി.
വിദേശരാഷ്ട്രങ്ങളിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സഹായം നല്‍കുന്നതിനായി 2009ലാണ് ഐ.സി.ഡബ്ല്യു.എഫിനു തുടക്കമിട്ടത്. ഫണ്ട് ഉപയോഗിച്ചുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താന്‍ ഉദ്ദേശിച്ചാണു വ്യാപ്തി വര്‍ധിപ്പിച്ചുകൊണ്ട് പുതുക്കിയ മാര്‍ഗനിര്‍ദേശം തയ്യാറാക്കിയത്. പ്രതിസന്ധിഘട്ടങ്ങളില്‍ വിദേശ ഇന്ത്യക്കാരെ സഹായിക്കുക, സാമൂഹ്യക്ഷേമ പദ്ധതികള്‍ നടപ്പാക്കുക, കോണ്‍സുലാര്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തുക എന്നീ മൂന്നു മേഖലകള്‍ മാര്‍ഗനിര്‍ദേശത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് വിദേശ ഇന്ത്യക്കാരുടെ ആവശ്യങ്ങളോട് എളുപ്പത്തില്‍ പ്രതികരിക്കാന്‍ അന്യരാഷ്ട്രങ്ങളിലുള്ള ഇന്ത്യന്‍ മിഷനുകളെയും പോസ്റ്റുകളെയും സജ്ജമാക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
വിദേശ രാജ്യങ്ങളില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്ന ഇന്ത്യന്‍ പൗരന്മാരെ സഹായിക്കുന്നതിനൊപ്പം ലിബിയ, ഇറാഖ്, യെമന്‍, ദക്ഷിണ സുഡാന്‍ എന്നിവിടങ്ങളിലെ സംഘര്‍ഷമേഖലകളില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ അടിയന്തരമായി ഒഴിപ്പിക്കുന്നതിലും 2013ല്‍ നിതാഖത്ത് പ്രഖ്യാപിച്ചപ്പോഴും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പൊതുമാപ്പ് ഈ വര്‍ഷം പ്രഖ്യാപിച്ചപ്പോഴും മതിയായ രേഖകളില്ലാതെ സൗദി അറേബ്യയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ സഹായിക്കുന്നതിലും ഐ.സി.ഡബ്ല്യു.എഫിന്റെ പ്രവര്‍ത്തനം നിര്‍ണായകമായി.
ഫണ്ട് മുഖാന്തിരം ഒഴിപ്പിക്കലും സഹായമെത്തിക്കലും അതിവേഗം നടക്കുന്നു എന്നത് എല്ലാവരും അംഗീകരിച്ചിട്ടുള്ള കാര്യമാണ്. പ്രതിസന്ധിഘട്ടങ്ങളില്‍ ഇന്ത്യയില്‍നിന്നു സഹായം ലഭിക്കുമെന്ന പ്രതീക്ഷ വിദേശത്തേക്കു തൊഴില്‍തേടി പോകുന്നവരില്‍ വളര്‍ത്തിയെടുക്കാന്‍ ഫണ്ടിനു സാധിക്കുകയും ചെയ്തു.
വിദേശ രാഷ്ട്രങ്ങളിലുള്ള എല്ലാ ഇന്ത്യന്‍ മിഷനുകളിലേക്കും പോസ്റ്റുകളിലേക്കും ഐ.സി.ഡബ്ല്യു.എഫിന്റെ സേവനം വ്യാപിപ്പിച്ചിട്ടുണ്ട്. രാജ്യത്തിനു പുറത്തുള്ള ഇന്ത്യന്‍ മിഷനുകളും പോസ്റ്റുകളും നല്‍കുന്ന കോണ്‍സുലാര്‍ സേവനങ്ങള്‍ക്ക് ഈടാക്കുന്ന സര്‍വീസ് ചാര്‍ച്ച് ഉപയോഗപ്പെടുത്തിയാണ് ഐ.സി.ഡബ്ല്യു.എഫിനുള്ള പണം കാര്യമായും കണ്ടെത്തുന്നത്.