പിഎം ഇന്ത്യ
ഇന്ത്യയ്ക്കും ഗ്രീസിനുമിടയില്‍ വിമാന സര്‍വ്വീസ് നടത്തുന്നതിന് കരാര്‍ ഒപ്പിടാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി.
സിവില്‍ വ്യോമയാന രംഗത്തെ വികസനങ്ങള്‍ക്കനുസൃതമായി രണ്ടു രാജ്യങ്ങള്‍ക്കുമിടയില്‍ വര്‍ദ്ധിച്ച തോതില്‍ വ്യാപാരം, നിക്ഷേപം, വിനോദ സഞ്ചാരം, സാംസ്‌കാരിക വിനിമയം എന്നിവയ്ക്കുള്ള സാധ്യത കരാറില്‍ അന്തര്‍ലീനമാണ്. ഇരുഭാഗത്തെയും ചരക്ക് മേഖലകള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കിക്കൊണ്ടുള്ള ഇടമുറിയാത്ത ബന്ധപ്പെടലിനും വാണിജ്യ സാധ്യതകള്‍ക്കും കരാര്‍ കളമൊരുക്കും.
കരാറിന്റെ മുഖ്യസവിശേഷതകള്‍ ഇവയാണ്:
1. രണ്ട് രാജ്യങ്ങള്‍ക്കും ഒന്നോ അതിലധികമോ വിമാന കമ്പനികളെ നാമനിര്‍ദ്ദേശം ചെയ്യാന്‍ അവകാശമുണ്ടാകും.
2. ഇരു രാജ്യങ്ങളും നാമനിര്‍ദ്ദേശം ചെയ്ത വിമാന കമ്പനികള്‍ക്ക് തങ്ങളുടെ വിമാന സര്‍വ്വീസുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി മറുരാജ്യത്ത് ഓഫീസ് തുടങ്ങാന്‍ അവകാശമുണ്ടാകും.
3. പരസ്പരം അംഗീകരിച്ച നിശ്ചിത റൂട്ടുകളില്‍ സര്‍വ്വീസ് നടത്താന്‍ ഇരു രാജ്യങ്ങളും നാമനിര്‍ദ്ദേശം ചെയ്യുന്ന വിമാന കമ്പനികള്‍ക്ക് തുല്യ അവസരം ഉണ്ടായിരിക്കും.
4. ഓരോ രാജ്യവും നാമനിര്‍ദ്ദേശം ചെയ്ത വിമാന കമ്പനിക്ക് സ്വന്തം രാജ്യത്തേയോ മറുരാജ്യത്തേയോ മൂന്നാമതൊരു രാജ്യത്തെയോ വിമാന കമ്പനികളുമായി സഹകരണ വിപണന ധാരണകളില്‍ ഏര്‍പ്പെടാവുന്നതാണ്.
5. റൂട്ട് ഷെഡ്യൂള്‍ പ്രകാരം ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് ഏഥന്‍സ്, തെസലോനിക്കി, ഹെരാക്ലിയോണ്‍ എന്നിവിടങ്ങളിലേയ്ക്കും പിന്നീട് നിശ്ചയിക്കുന്ന ഗ്രീസിലെ മൂന്ന് സ്ഥലങ്ങളിലേയ്ക്കും വിമാന സര്‍വ്വീസ് നടത്താവുന്നതാണ്. അതേ സമയം ഗ്രീസിന് ഇന്ത്യയിലെ ആറ് മെട്രോ നഗരങ്ങളായ ന്യൂ ഡല്‍ഹി, മുംബൈ, ബംഗലൂരൂ, കൊല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലേയ്ക്ക് നേരിട്ട് സര്‍വ്വീസ് നടത്താം.
നിലവില്‍ ഇന്ത്യയ്ക്കും ഗ്രീസിനുമിടയില്‍ വിമാന സര്‍വ്വീസ് കരാറുകളൊന്നും നിലവിലില്ല. രണ്ട് രാജ്യങ്ങളുടെയും പ്രതിനിധി സംഘങ്ങള്‍ 2016, സെപ്റ്റംബര്‍ 6, 7 തീയതികളില്‍ ന്യൂ ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് കരാറിന് അന്തിമ രൂപം നല്‍കിയത്. അന്താരാഷ്ട്ര സിവില്‍, വ്യോമയാന സംഘടനയുടെ ഏറ്റവും പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വ്യോമഗതാഗത ബന്ധം മെച്ചപ്പെടുത്തുന്ന തരത്തിലുള്ളതാണ് കരാര്‍.