Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യയും ജപ്പാനും തമ്മിലുള്ള ഉഭയകക്ഷി കൈമാറ്റ സംവിധാനത്തിനു മന്ത്രിസഭയുടെ അനുമതി


ഇന്ത്യയും ജപ്പാനും തമ്മില്‍ ഉഭയകക്ഷി കൈമാറ്റ സംവിധാനം (ബി.എസ്.എ.) രൂപീകരിക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി. 7500 കോടി യു.എസ്.ഡോളര്‍ വരെയുള്ള തുകയ്ക്ക് ഉഭയകക്ഷി കൈമാറ്റ സംവിധാനത്തിനു ബാങ്ക് ഓഫ് ജപ്പാനുമായി കരാര്‍ ഒപ്പുവെക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെ ചുമതലപ്പെടുത്തുകയും ചെയ്തു.
സവിശേഷതകള്‍:

വിദേശനാണ്യ ശേഖരത്തിലെ ഇടക്കാല ന്യൂനത പരിഹരിക്കുന്നതിന് അടവുശിഷ്ട നില ഭദ്രമായി നിലനിര്‍ത്തുന്നതിനായി ആഭ്യന്തര കറന്‍സിക്കു പകരമായി പരമാവധി 7500 കോടി യു.എസ്. ഡോളര്‍ എക്‌സ്‌ചേഞ്ചും റീ-എക്‌സ്‌ചേഞ്ചും ചെയ്യുന്നതിനായി ഇന്ത്യയും ജപ്പാനുമായുള്ള കരാറാണ് ഇത്.

നേട്ടങ്ങള്‍:

പ്രതിസന്ധിഘട്ടങ്ങളില്‍ പരസ്പരം സഹായിക്കുന്നതിനും രാജ്യാന്തരതലത്തില്‍ ആത്മവിശ്വാസം നിലനിര്‍ത്തുന്നതിനും പരസ്പരം സഹകരിക്കുന്നതിനായി ഇന്ത്യയും ജപ്പാനും ചേര്‍ന്ന നടപ്പാക്കുന്ന തന്ത്രപരമായ ലക്ഷ്യത്തോടുകൂടിയ നീക്കത്തിന്റെ മികച്ച ഉദാഹരണമാണ് ഇത്. ഇതിലൂടെ ധനലഭ്യത ഉണ്ടാകുമെന്ന നേട്ടം ഇന്ത്യക്കുണ്ട്. ഇന്ത്യയുടെ വിനിമയ നിരക്കിന്റെ സുസ്ഥിരതയില്‍ വിശ്വാസം വര്‍ധിക്കുമെന്നതിനാല്‍ വിദേശ മൂലധനം നേടിയെടുക്കുന്നതിന് ഇന്ത്യന്‍ കമ്പനികള്‍ക്കു കൂടുതല്‍ അവസരം ലഭിക്കും. അടവുശിഷ്ടം സംബന്ധിച്ച വെല്ലുവിളികള്‍ നേരിടാന്‍ കൈമാറ്റ പദ്ധതി നിലവിലുണ്ട് എന്നതിനാല്‍ ആഭ്യന്തര കറന്‍സിക്കു മേലുള്ള ഊഹക്കച്ചവടം കുറയും. ഇത് വിനിമയ നിരക്കിലുള്ള ചാഞ്ചാട്ടം പിടിച്ചുനിര്‍ത്താന്‍ ആര്‍.ബി.ഐക്കു സഹായകമായിത്തീരും.

ഇന്ത്യയും ജപ്പാനുമായുള്ള സാമ്പത്തിക സഹകരണത്തിലും സവിശേഷവും തന്ത്രപരവുമായ ആഗോള പങ്കാളിത്തത്തിലും പുതിയ നാഴികക്കല്ലാണ് ഈ കരാര്‍.

***