Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യയും യു.എസ്.എയും തമ്മില്‍ നിയമം നടപ്പാക്കുന്നതിനുള്ള പരിശീലനത്തിനു സഹകരിക്കാനുള്ള ധാരണാപത്രം ഒപ്പുവെക്കുന്നതിനു മന്ത്രിസഭാ അനുമതി


യു.എസ്.എയിലെ ഫെഡറല്‍ ലോ എന്‍ഫോഴ്‌സ്‌മെന്റ് ട്രെയിനിങ് സെന്ററുകളും (എഫ്.എല്‍.ഇ.ടി.സി.) ഇന്ത്യയിലെ ബ്യൂറോ ഓഫ് പൊലീസ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റും (ബി.പി.ആര്‍. ആന്‍ഡ് ഡി.) തമ്മില്‍ സഹകരിച്ച്, നിയമം നടപ്പാക്കുന്നതിനുള്ള പരിശീലനം നടത്തുന്നതിനുള്ള ധാരണാപത്രം ഒപ്പുവെക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി.
ഇന്ത്യ-യു.എസ്. ഹോംലാന്‍ഡ് സെക്യൂരിറ്റി ഡയലോഗിന്റെ നേതൃത്വത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സുരക്ഷ സംബന്ധിച്ച കാര്യങ്ങളിലുള്ള സഹകരണം മെച്ചപ്പെടുന്നതിന് ഇതു വഴിവെച്ചു.
പരിശീലനം, പരിശീലന സാമഗ്രികള്‍, പരിശീലകരുടെ മികവ് തുടങ്ങിയ കാര്യങ്ങളുടെ നിലവാരം മെച്ചപ്പെടാന്‍ സഹകരണ ധാരണാപത്രം സഹായകമാകും. ഇതു വഴി രാജ്യത്തെ പൊലീസ് സേനയുടെ പ്രവര്‍ത്തനം മെച്ചപ്പെടുകയും സ്മാര്‍ട് പൊലീസ് എന്ന സങ്കല്‍പം യാഥാര്‍ഥ്യമായിത്തീരുകയും ചെയ്യും.
ഭീകരവാദത്തെയും രാജ്യാന്തര കുറ്റങ്ങളെയും എല്ലാ രൂപത്തിലും നേരിടാനും ഭീകരവാദ സംഘടനകളുടെ വളര്‍ച്ച തടയാനും ഇന്ത്യയും യു.എസും ഒരുപോലെ താല്‍പര്യപ്പെടുന്നു. രാഷ്ട്രത്തിനൊപ്പം പ്രധാന അടിസ്ഥാനസൗകര്യങ്ങല്‍ സംരക്ഷിക്കുന്നതിനും ഭീകരാക്രമണത്തിലൂടെ ആഗോള വിതരണ ശൃംഖലകള്‍ തകര്‍ക്കപ്പെടുന്ന സാഹചര്യം ഇല്ലാതാക്കാനും ഇരു രാജ്യങ്ങളും ആഗ്രഹിക്കുന്നു.
ഇന്ത്യ-യു.എസ്.എ. ഭീകരവാദ വിരുദ്ധ മുന്നേറ്റത്തിന്റെ തുടര്‍ച്ചയായി ഹോംലാന്‍ഡ് സെക്യൂരിറ്റി ഡയലോഗ് (എച്ച്.എസ്.ഡി.) നടത്താന്‍ 2010 നവംബറില്‍ യു.എസ്. പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ തീരുമാനിച്ചിരുന്നു.
ഇതു പ്രകാരം ആഗോള വിതരണ ശൃംഖല, ഗതാഗതം, തുറമുഖം, അതിര്‍ത്തി, നാവികസുരക്ഷ, മെഗാസിറ്റി പൊലീസിങ്, ഫെഡറല്‍ സ്റ്റേറ്റുകളും പ്രാദേശിക പങ്കാളികളും തമ്മില്‍ വിവരങ്ങള്‍ പങ്കുവെക്കല്‍, നിയമവിരുദ്ധമായ ധനം, അനധികൃത പണം കള്ളക്കടത്ത്, സാമ്പത്തിക തട്ടിപ്പുകള്‍, കള്ളനോട്ട്, സൈബര്‍ വിവരങ്ങള്‍, ശേഷി വര്‍ധിപ്പിക്കല്‍, സാങ്കേതിക വിദ്യ പരിഷ്‌കരിക്കല്‍ എന്നീ മേഖലകളെ ഉള്‍പ്പെടുത്തി ആറ് എച്ച്.എസ്.ഡി. ഉപഗ്രൂപ്പുകള്‍ രൂപീകരിച്ചിരുന്നു.
എച്ച്.എസ്.ഡിയില്‍ ഉള്‍പ്പെടുത്തിയ ആറ് ഉപഗ്രൂപ്പുകളുമായി ബന്ധപ്പെട്ട, ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന നിയമം നടപ്പാക്കുന്ന ഏജന്‍സികളുടെ സമഗ്ര ശേഷി വര്‍ധിപ്പിക്കുന്നതിനായി, യു.എസ്. അധികൃതരുമായി ഏകോപനം നടത്തുന്നതിനു ശേഷിവര്‍ധന സംബന്ധിച്ച ഒരു സബ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നു. ശേഷിവര്‍ധന കൈകാര്യം ചെയ്യുന്ന ഇന്ത്യയിലെയും യു.എസിലെയും പ്രമുഖ സ്ഥാപനങ്ങള്‍ തമ്മിലുള്ള ശേഷിവര്‍ധന സംബന്ധിച്ച സഹകരണം പ്രധാനമാണ്. ഇതു പ്രകാരം യു.എസിലെ എഫ്.എല്‍.ഇ.ടി.സിയും ഇന്ത്യന്‍ പങ്കാളിയായ ബി.പി.ആര്‍. ആന്‍ഡ് ഡിയും തമ്മില്‍ സഹകരണ ധാരണാപത്രം വേണമെന്നു യു.എസ്. നിര്‍ദേശിച്ചിരുന്നു.

****