പിഎം ഇന്ത്യ
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ)യും, സര്‍ട്ടിഫൈഡ് പ്രൊഫഷണല്‍ അക്കൗണ്ടന്റ്‌സ് അഫ്ഗാനിസ്ഥാന്‍ (സി.പി.എ അഫ്ഗാനിസ്ഥാന്‍) ഉം തമ്മിലുള്ള ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. അഫ്ഗാന്‍ അക്കൗണ്ടന്‍സി ബോര്‍ഡിന്റെ ശേഷി വര്‍ദ്ധന, വിജ്ഞാന കൈമാറ്റം, വിദ്യാര്‍ത്ഥികളുടെയും അക്കൗണ്ടന്റ്മാരുടെയും വിനിമയ പരിപാടികള്‍, ഇരുകൂട്ടര്‍ക്കും പ്രയോജനകരമാകുന്ന തരത്തില്‍ സെമിനാറുകള്‍, സമ്മേളനങ്ങള്‍, സംയുക്ത പ്രവര്‍ത്തനങ്ങള്‍ മുതലാവയിലൂടെ അഫ്ഗാനിസ്ഥാന്റെ വിവരസാങ്കേതികവിദ്യാശേഷി വര്‍ദ്ധിപ്പിക്കലും, ഗുണനിലവാരം ഉറപ്പ് വരുത്തലും ധാരണാപത്രത്തില്‍ ഉള്‍പ്പെടും.
ലക്ഷ്യങ്ങള്‍ :
1. അക്കൗണ്ടിംഗ് തൊഴില്‍ മേഖലയില്‍ ഉരുത്തിരിയുന്ന പുതിയ വികാസങ്ങളെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്കും ഇന്‍സ്റ്റിറ്റ്യൂട്ട് അംഗങ്ങള്‍ക്കും വിനിമയ പരിപാടിയിലൂടെ അറിവ് പകരല്‍.
2. രാജ്യാന്തര തരത്തിലെ മികച്ച സമ്പദായങ്ങളെ പ്രോത്സാഹിപ്പിക്കല്‍
3. കാലാകാലങ്ങളിലെ അവലോകനത്തിലൂടെ ഗുണനിയന്ത്രണ സമ്പ്രദായങ്ങള്‍ നടപ്പിലാക്കല്‍.
പ്രധാന നേട്ടങ്ങള്‍ :
ചരിത്രപരവും, സാംസ്‌കാരികപരവുമായ ബന്ധങ്ങളെ അടിസ്ഥാനമാക്കിയുള്ള വളരെ കരുത്തുറ്റ ഒരു പങ്കാളിത്തമാണ് ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ളത്. അഫ്ഗാനിസ്ഥാനില്‍ നിക്ഷേപമിറക്കിയും, കാബൂളിന്റെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തിയും, മേഖലാ ബന്ധങ്ങള്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടുമുള്ള ഒരു ബഹുമുഖ സമീപനത്തിലൂടെ അഫ്ഗാനിസ്ഥാനോടുള്ള ഇന്ത്യയുടെ നയത്തില്‍ മാറ്റം വരുത്തിയപ്പോള്‍ ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ പുതിയ ഉയരങ്ങള്‍ കൈവരിച്ചു.
ഇന്ത്യന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്മാര്‍ക്ക് അഫ്ഗാനിസ്ഥാനിലെ തൊഴിലുടമകളുടെ അംഗീകാരം ലഭ്യമാക്കിക്കൊണ്ട് പരോക്ഷ തൊഴില്‍ ഉല്‍പ്പാദനത്തിന് ഇന്ത്യയെയും, ഐ.സി.എ.ഐ.യെയും അഫ്ഗാനിസ്ഥാന്‍ സഹായിക്കും.
പശ്ചാത്തലം :
ഇന്ത്യയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സി തൊഴിലിനെ നിയന്ത്രിക്കാന്‍ പാര്‍ലമെന്റ് പാസാക്കിയ 1949 ലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് നിയമ പ്രകാരം സ്ഥാപിക്കപ്പെട്ട സംഘടനയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ. അഫ്ഗാനിസ്ഥാനിലെ ധനമന്ത്രാലയത്തിന്റെ മേല്‍ നോട്ടത്തില്‍ ആ രാജ്യത്തെ അക്കൗണ്ടന്‍സി തൊഴിലുകള്‍ നിയന്ത്രിക്കുന്ന സ്വതന്ത്ര സ്ഥാപനമാണ് സി.പി.എ. അഫ്ഗാനിസ്ഥാന്‍.