പിഎം ഇന്ത്യ
ഇന്ത്യം ബെലാറസും തമ്മില്‍ നിക്ഷേപങ്ങള്‍ സംബന്ധിച്ച് ഉഭയകക്ഷി നിക്ഷേപ കരാര്‍ ഒപ്പിടാനും സാധുകരിക്കാനുമുള്ള നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
ഇരു രാജ്യങ്ങള്‍ക്കുമിടയിലെ നിക്ഷേപങ്ങളുടെ ഒഴുക്ക് വര്‍ദ്ധിപ്പിക്കാന്‍ കരാര്‍ വഴിയൊരുക്കും. നിക്ഷേപകരുടെ ആത്മവിശ്വാസം മെച്ചപ്പെടുത്തുന്നതു വഴി നേരിട്ടുള്ള വിദേശ നിക്ഷേപത്തിനും (എഫ്.ഡി.ഐ) വിദേശങ്ങളിലെ നേരിട്ടുള്ള നിക്ഷേപത്തിനും (ഒ.ഡി.ഐ.) ഉള്ള അവസരങ്ങള്‍ വര്‍ദ്ധിക്കുകയും അതിലൂടെ തൊഴില്‍ ഉല്‍പ്പാദനത്തിന് അനുഗുണമായ സാഹചര്യമുണ്ടാവുകയും ചെയ്യും. യൂറേഷ്യന്‍ സാമ്പത്തിക യൂണിയനിലെ (ഇ.എ.ഇ.യു) അംഗമായതിനാല്‍ ബെലാറസുമായി ഒരു ഉഭയകക്ഷി നിക്ഷേപ ഉടമ്പടി ഒപ്പിടുന്നത് തന്ത്രപരമായ സംരംഭമായും വര്‍ത്തിക്കും. ഒരു മാതൃക ഉഭയകക്ഷി നിക്ഷേപ ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ കിര്‍ഗിസ്ഥാനുമായി ഇന്ത്യ ഇതിനകം ചര്‍ച്ച തുടങ്ങി കഴിഞ്ഞു. ഒപ്പം റഷ്യന്‍ ഫെഡറേഷനുമായി ഒരു പുതിയ ഉഭയകക്ഷി നിക്ഷേപ കരാര്‍ സംബന്ധിച്ച ചര്‍ച്ചയും നടത്തി വരികയാണ്.