പിഎം ഇന്ത്യ
ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ(ഐ.ആര്‍.ഡി.എ.ഐ.)യും ഫെഡറല്‍ ഇന്‍ഷുറന്‍സ് ഓഫീസ് (എഫ്.ഐ.ഒ.) യു.എസ്.എയും തമ്മില്‍ ധാരണാപത്രം ഒപ്പുവെക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി.
പ്രയോജനങ്ങള്‍ : സഹകരണത്തിനായും ഇരു സ്ഥാപനങ്ങളുടെയും വീക്ഷണങ്ങളുടെയും മറ്റു നിയമപരമായ ഉത്തരവാദിത്തങ്ങളുടെയും അടിസ്ഥാനത്തില്‍ വിവരങ്ങളും ഗവേഷണണ സഹായവും കൈമാറുന്നതിന് ഉള്‍പ്പെടെയുള്ള ഏകോപനത്തിനുള്ള ചട്ടക്കൂട് ഒരുക്കുന്നതാണ് ഈ ധാരണാപത്രം. കരാര്‍ പ്രകാരം, ഇരു രാജ്യങ്ങളും നിയന്ത്രണ സംവിധാനങ്ങള്‍ സംബന്ധിച്ഛ അനുഭവജ്ഞാനം കൈമാറുന്നതിനും പരിശീലന കാര്യങ്ങളില്‍ ഉള്‍പ്പെടെ പരസ്പരം സഹായിക്കുന്നതിനും ലക്ഷ്യം വെക്കുന്നു. രാജ്യാന്തര മാനദണ്ഡങ്ങള്‍ ഒരുക്കുന്നതിനും ഇന്‍ഷുറന്‍സ് മേഖലയുടെ ഫലപ്രദമായ നിയന്ത്രണത്തിലൂടെ സാമ്പത്തികസ്ഥിരതയും വികസനവും ഉപഭോക്തൃസംരക്ഷണവും ഉറപ്പാക്കുന്നതിനായി സഹകരിക്കുന്നതിനും തുടര്‍ന്നും ശ്രമിക്കാന്‍ ഇന്ത്യയും യു.എസ്.എയും പരസ്പരം സമ്മതിച്ചു.
പശ്ചാത്തലം:
ഇന്ത്യയിലെ ഇന്‍ഷുറന്‍സ്, റീ-ഇന്‍ഷുറന്‍സ് ബിസിനസിന്റെ ക്രമമായ വളര്‍ച്ചയെ നിയന്ത്രിക്കുന്നതിനും പ്രോല്‍സാഹിപ്പിക്കുന്നതിനുമായി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ആക്റ്റ് 1999 പ്രകാരം സ്ഥാപിക്കപ്പെട്ടതാണ് ഐ.ആര്‍.ഡി.എ.ഐ. സമാനമായി, യു.എസ്.എയിലെ ഇന്‍ഷുറന്‍സ് മേഖലയുടെ സമഗ്ര നിരീക്ഷണത്തിനായും രാജ്യാന്തര ഇന്‍ഷുറന്‍സ് മേഖലയില്‍ യു.എസ്.എയെ അര്‍ഹമായ വിധത്തില്‍ പ്രതിനിധാനം ചെയ്യുന്നതിനായും സ്ഥാപിക്കപ്പെട്ടതാണ് എഫ്.ഐ.ഒ.
ഇന്ത്യയും യു.എസ്.എയും തമ്മില്‍ ദൃഢമായ വ്യാപാരബന്ധമുണ്ട്. രാഷ്ട്രീയ, ഔദ്യോഗിക തലങ്ങളില്‍ ഇരു രാഷ്ട്രങ്ങളും തമ്മില്‍ സ്ഥിരമായി ചര്‍ച്ചകള്‍ നടന്നുവരുന്നുമുണ്ട്. പല മേഖലകളിലായുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനായി വിവിധ സംവിധാനങ്ങള്‍ ഒരുക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ വിദേശനിക്ഷേപം ഏറ്റവും കൂടുതല്‍ ലഭ്യമാക്കുന്ന രാജ്യങ്ങളില്‍ ഒന്നാണെന്നു മാത്രമല്ല, യു.എസ്.എ. കേന്ദ്രമാക്കിയുള്ള പല ഇന്‍ഷുറന്‍സ് കമ്പനികളുമായി ചേര്‍ന്നു പല കമ്പനികളും സംയുക്തസംരഭങ്ങള്‍ ആരംഭിച്ചിട്ടുമുണ്ട്. വിദേശനിക്ഷേപ പരിധി 49 ശതമാനത്തിലേക്ക് ഉയര്‍ത്തിയതോടെ ഇന്ത്യയില്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ കൂടുതല്‍ വിദേശ കമ്പനികള്‍, വിശേഷിച്ച് യൂ.എസ്.എ. കേന്ദ്രീകരിച്ചുള്ളവ, കൂടുതല്‍ നിക്ഷേപം നടത്താന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ഐ.ആര്‍.ഡി.എ.ഐയും യു.എസ്.എയിലെ എഫ്.ഐ.ഒയും തമ്മിലുള്ള ഉഭയകക്ഷി ധാരണാപത്രം ഇരു രാജ്യങ്ങള്‍ക്കും ഏറെ സാധ്യതകള്‍ തുറന്നിടുന്നു.