പിഎം ഇന്ത്യ
ഇറ്റാലിയൻ പ്രസിഡന്റ് സിർജിയോ മാറ്ററെല്ലയുമായി റോമിലെ പ്രസിഡന്റിന്റെ കൊട്ടാരമായ ക്വിരിനാലിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച നടത്തി.
ഇന്ത്യ-ഇറ്റലി ബന്ധം ശക്തിപ്പെടുത്തുന്നതിന് നൽകിയ പിന്തുണയ്ക്കും നേതൃത്വത്തിനും പ്രസിഡന്റ് മാറ്ററെല്ലയ്ക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു. ഇന്ത്യ-ഇറ്റലി തന്ത്രപ്രധാന പങ്കാളിത്തത്തിലെ പുരോഗതി ഇരുനേതാക്കളും വിലയിരുത്തുകയും വ്യാപാരവും നിക്ഷേപവും, ശാസ്ത്രവും സാങ്കേതികവിദ്യയും, ഗവേഷണവും നൂതനാശയങ്ങളും, രാജ്യരക്ഷയും സുരക്ഷയും, ബഹിരാകാശം, ഊർജം, നിർമിതബുദ്ധിയും നിർണായക സാങ്കേതികവിദ്യകളും, വിദ്യാഭ്യാസം, സംസ്കാരം, ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയിലുടനീളം തുടരുന്ന സഹകരണത്തിൽ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. വളർന്നുവരുന്ന സാങ്കേതികവിദ്യകളെക്കുറിച്ചും നിർമിതബുദ്ധിയെക്കുറിച്ചും അവർ കാഴ്ചപ്പാടുകൾ പങ്കുവച്ചു.
ഇന്ത്യ-EU (യൂറോപ്യൻ യൂണിയൻ) സ്വതന്ത്ര വ്യാപാര കരാർ എത്രയും വേഗം ഒപ്പുവയ്ക്കുന്നത്, പങ്കാളിത്തത്തിനു പുതിയ കരുത്തുപകരുമെന്ന് ഇരുനേതാക്കളും വിലയിരുത്തി. സമുദ്രസുരക്ഷ, ഡിജിറ്റൽ കണക്റ്റിവിറ്റി, ഊർജവിതരണം എന്നിവ ഉറപ്പാക്കുന്നതിൽ ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയുടെ (IMEC) പ്രാധാന്യത്തെക്കുറിച്ചും അവർ ചർച്ചചെയ്തു.
ആഗോള-പ്രാദേശിക വിഷയങ്ങളും ചർച്ചചെയ്ത നേതാക്കൾ പശ്ചിമേഷ്യയിലെയും യൂറോപ്പിലെയും സംഘർഷങ്ങളെക്കുറിച്ചു കാഴ്ചപ്പാടുകൾ പങ്കുവച്ചു. അന്താരാഷ്ട്ര നിയമങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും കപ്പൽഗതാഗത സ്വാതന്ത്ര്യത്തിനും തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിനുമുള്ള പൊതുവായ പ്രതിജ്ഞാബദ്ധത അവർ ആവർത്തിച്ചു.
ഊഷ്മളമായ സ്വീകരണത്തിനും സൗമ്യമായ ആതിഥ്യമര്യാദയ്ക്കും പ്രസിഡന്റ് മാറ്ററെല്ലയ്ക്കു പ്രധാനമന്ത്രി നന്ദി അറിയിക്കുകയും പരസ്പരം സൗകര്യപ്രദമായ സമയത്ത് ഇന്ത്യ സന്ദർശിക്കാൻ അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു.
-SK-