Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഉത്തര്‍ പ്രദേശിലെ പ്രയാഗ്‌രാജില്‍ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ഉത്തര്‍ പ്രദേശിലെ പ്രയാഗ്‌രാജില്‍ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ഉത്തര്‍ പ്രദേശിലെ പ്രയാഗ്‌രാജില്‍ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ഉത്തര്‍ പ്രദേശിലെ പ്രയാഗ്‌രാജില്‍ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നടത്തിയ പ്രസംഗം


വേദിയില്‍ സന്നിഹിതരായിരിക്കുന്ന ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ശ്രീ രാം നായിക് ജി, ഉത്തര്‍പ്രദേശിന്റെ ജനകീയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ജി, ഉത്തര്‍പ്രദേശ് മന്ത്രിസഭാംഗവും പാര്‍ലമെന്റില്‍ എന്റെ സഹപ്രവര്‍ത്തകനുമായ ശ്രീ ശ്യാമചരന്‍ ഗുപ്താ ജി, വിനോദ് കുമാര്‍ സോനാകര്‍ ജി, വീരേന്ദ്ര ജി, പ്രയാഗ് രാജ്് മേയര്‍ അഭിലാഷാ ഗുപ്താ ജി, വലിയ തോതില്‍ ഇവിടെ എത്തിച്ചേര്‍ന്നിരിക്കുന്ന എന്റെ സഹോദരീ സഹോദരന്മാരേ,

തപശ്ചര്യയുടെയും സംസ്‌കാരത്തിന്റെയും മൂല്യങ്ങളുടെയും ഭൂമിയായ പ്രയാഗിലെ ജനങ്ങളെ ഞാന്‍ വന്ദിക്കുന്നു. പ്രയാഗ് രാജ് സന്ദര്‍ശിക്കാന്‍ ഒരിക്കല്‍ അവസരം ലഭിക്കുന്നവരുടെ മനസ്സ് പൂര്‍ണമായും വ്യത്യസ്ഥമായൊരു ഊര്‍ജ്ജത്താല്‍ നിറയും. ഈ സ്ഥലത്തിന്റെ ഓരോ ഇടവും ഋഷിവര്യന്മാരുടെയും വിശുദ്ധന്മാരുടെയും പുണ്യം പ്രതിഫലിപ്പിക്കുന്നു; അത് വിനോദസഞ്ചാരികള്‍ക്ക് ചരിത്രാതീതകാലം മുതല്‍ അനുഭവവേദ്യമാകുന്നുണ്ട്. 
പ്രയാഗ് രാജിന്റെ ഫലപ്രാപ്തിയെയും മഹത്വത്തെയും നിര്‍വചിക്കുക പ്രയാസകരമാണ് എന്ന് അര്‍ത്ഥം വരുന്ന ചൊല്ലുണ്ട്. പാപങ്ങളുടെ ആനയെ കൊല്ലാന്‍ സാധിക്കുന്ന സിംഹവുമായാണ് അതിനെ താരതമ്യം ചെയ്യപ്പെടുന്നത്. ആനന്ദത്തിന്റെ സാഗരമായ ഭഗവാന്‍ രാമന് പോലും നിര്‍വൃതി നല്‍കിയ വിശുദ്ധ തീര്‍ത്ഥാടന കേന്ദ്രമാണിത്.

സഹോദരീ സഹോദരന്മാരേ,

അര്‍ധ കുംഭിന് ഇവിടെ എത്തിയ സ്ഥിതിക്ക് നിങ്ങള്‍ക്കൊരു സന്തോഷ വാര്‍ത്ത തരാന്‍ ഞാന്‍ ആഗ്രക്കുന്നു. ഇത്തവണ എല്ലാ തീര്‍ത്ഥാടകര്‍ക്കും അര്‍ധകുംഭത്തിന് അക്ഷയവാത് കാണാന്‍ സാധിക്കും. നിരവധി തലമുറകളായി അക്ഷയവാട് കോട്ടയ്ക്കുള്ളില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവിടെ എത്തുന്ന മുഴുവന്‍ ഭക്തര്‍ക്കും  പ്രയാഗ് രാജിലെ ത്രിവേണിയില്‍ കുളിച്ച ശേഷം അക്ഷയവാട് കാണാനുള്ള അവസരം ലഭിക്കും.

അതിലുമധികമായി, ഇപ്പോള്‍ അക്ഷയവാടിനൊപ്പം സരസ്വതീകുംഭവും ആളുകള്‍ക്ക് കാണാന്‍ സാധിക്കും. കുറച്ചു കാലം മുമ്പ് ഞാന്‍ അക്ഷയവാട് കാണാന്‍ പോയിരുന്നു. ആഴത്തിലോടുന്ന വേരുകളാല്‍ വീണ്ടും വീണ്ടും പുഷ്പിക്കുന്ന ഈ മരം ഏറെ ജീവവത്തായ ഒരു മാനസികാവസ്ഥ തന്ന് നമ്മെ പ്രചോദിപ്പിക്കുന്നു.

സുഹൃത്തുക്കളേ,

കുറച്ചുമുമ്പാണ് ഏകദേശം 4500 കോടി രൂപയുടെ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചതും  ഇതുപോലെ ദൈവികവും പ്രോജ്ജ്വലവുമായ പ്രയാഗ് രാജ് കൂടുതല്‍ ആകര്‍ഷകവും ആധുനികവുമാക്കുന്നതിനു വേണ്ടി ശിലാസ്ഥാപനം നടത്തിയതും. റോഡുകള്‍, റെയില്‍പ്പാതകള്‍, സ്മാര്‍ട് സിറ്റി, ഗംഗാ മാതാവിന്റെ ശുചീകരണം എന്നിവ ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ ഉള്‍ക്കൊള്ളുന്നതാണ് അത്. 
നിങ്ങളുടെ ജീവിതം സുഗമമാക്കുന്നതിനുവേണ്ടി സൃഷ്ടിക്കപ്പെടുന്ന മുഴുവന്‍ സൗകര്യങ്ങള്‍ക്കും ഞാന്‍ പ്രയാഗ് രാജിലെ ജനങ്ങളെ അഭിനന്ദിക്കുന്നു. ഈ പദ്ധതികള്‍ കുംഭിനു മാത്രമല്ല ഗുണകരമാവുക, കല്‍പവാസികള്‍ക്കു കൂടിയാണ്.

സുഹൃത്തുക്കളേ,

കുംഭ സമയത്തില്‍ കണക്റ്റിവിറ്റി മുതല്‍ അടിസ്ഥാനസൗകര്യങ്ങള്‍വരെയുള്ള കാര്യത്തില്‍ ബി.ജെ.പി ഗവണ്‍മെന്റ് ശ്രദ്ധയൂന്നുന്നുണ്ട്. റെയില്‍പ്പാതയാകട്ടെ, വിമാനത്താവളത്തിലേക്കുള്ള റോഡാകട്ടെ, താല്‍ക്കാലികമായി നന്നാക്കുന്ന റോഡുകളാകട്ടെ, പ്രയാഗ് രാജിലേക്കുള്ള എല്ലാ പാതകളും ബലപ്പെടുത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനുള്ള ശ്രമങ്ങളാണ് ഞങ്ങളുടേത്. ഇത്തവണ കുംഭിനു പ്രത്യേകമായി കൂടുതല്‍ പുതിയ ട്രെയിനുകള്‍ തുടങ്ങാന്‍ പോവുകയാണു റെയില്‍വേ മന്ത്രാലയം. വലിയ മേല്‍പ്പാലങ്ങള്‍, റെയില്‍വേ മേല്‍പ്പാലങ്ങള്‍, അടിപ്പാതകള്‍, വൈദ്യുതി, ജലവിതരണ സൗകര്യം ഇതെല്ലാം ഈ പ്രദേശത്തെ അടിസ്ഥാന സൗകര്യവും ഇവിടേക്കുള്ള കണക്റ്റിവിറ്റിയും ഒരുപോലെ മെച്ചപ്പെടുത്തും.

ഈ പരിപാടിക്കുശേഷം ഞാന്‍ നിങ്ങളുടെ പ്രയാഗ് രാജ് വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലിന്റെ ഉദ്ഘാടനത്തിനു പോവുകയാണ്. ഒരു വര്‍ഷമെന്ന റെക്കോഡ് സമയത്തിനുള്ളിലാണ് ഈ പുതിയ ടെര്‍മിനല്‍ പൂര്‍ത്തിയായത്. ഈ ടെര്‍മിനല്‍ യാത്രക്കാര്‍ക്ക് വന്‍തോതില്‍ ഗുണകരമാണ്, അതേസമയം, മറ്റു നഗരങ്ങളില്‍ നിന്ന് പ്രയാഗ് രാജിലേക്കുള്ള യാത്രാബന്ധം മെച്ചപ്പെടുകയും ചെയ്യും. അതിന്റെ പേരില്‍ പ്രയാഗ് രാജിലെ ജനങ്ങളെ ഞാന്‍ മുന്‍കൂട്ടി അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളേ,

ഈ സൗകര്യങ്ങള്‍ അര്‍ധ കുംഭിനു മുമ്പായാണ് വരുന്നതെങ്കിലും അതിന്റെ ഫലപ്രാപ്തി അതില്‍ മാത്രം ഒതുങ്ങുകയില്ല. ഭാവിയില്‍, പ്രയാഗ് രാജിലെ ജനങ്ങളുടെ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഇതിന്റെ ഗുണകരമായ പ്രതിഫലനം ഉണ്ടാകും. മുമ്പത്തേതില്‍ നിന്നു വ്യത്യസ്ഥമായി ഇത്തവണത്തെ ഒരു പ്രത്യേകത, എല്ലാ സൗകര്യങ്ങളും സ്ഥിരമായുള്ളതാണ് എന്നതാണ്. ഇതൊരു താല്‍ക്കാലിക പ്രവൃത്തിയല്ല. നൂറു കോടിയിലധികം രൂപ ചെലവിട്ടു നിര്‍മിക്കുന്ന സംയോജിത കമാന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ പ്രയാഗ് രാജിന്റെ പ്രാചീനതയും ആധുനികതയും തമ്മിലുള്ള ഒരു മിശ്രണമാണ്. സ്മാര്‍ട് പ്രയാഗ് രാജിന്റെ ഒരു പ്രധാന കേന്ദ്രമാണത്. റോഡുകളും വൈദ്യുതിയും ജലവിതരണവുമായി ബന്ധപ്പെട്ട എല്ലാം ഈ കേന്ദ്രത്തില്‍ നിന്ന് പ്രവര്‍ത്തിപ്പിക്കും.

സഹോദരീ സഹോദരന്മാരേ,

ലേകമെമ്പാടുമുള്ള ആളുകള്‍ക്ക് കുംഭില്‍ ആത്മീയത മുതല്‍ സാങ്കേതികവിദ്യ വരെ അനുഭവവേദ്യമാക്കാനാണ് ഗവണ്‍മെന്റ് ശ്രമിക്കുന്നത്. അവര്‍ക്ക് ആത്മീയതയും സാങ്കേതികവിദ്യയും അനുഭവവേദ്യമാകണം.
ഈ സ്ഥലം സന്ദര്‍ശിക്കുന്നവര്‍ക്ക് ആത്മീയതയുടെയും വിശ്വാസത്തിന്റെയും ആധുനികതയുടെയും ഉജ്ജ്വലവും സമാനതകളില്ലാത്തതുമായ സംഗമം അനുഭവിച്ച് തിരിച്ചുപോകാനാകുമെന്ന് ഉറപ്പാക്കാനാണ് എല്ലാ ശ്രമങ്ങളും. 
ഇവിടെ സൃഷ്ടിച്ചിരിക്കുന്ന സെല്‍ഫി പോയിന്റ് മറ്റൊരു ആകര്‍ഷണകേന്ദ്രമാണ്. കുറച്ചു മുമ്പ് വിശിഷ്ടാതിഥികളുമായി ഞാന്‍ ദിവ്യകുംഭിലും ഭവ്യകുംഭിലുമുള്ള സെല്‍ഫി പോയിന്റില്‍ നിന്നു സെല്‍ഫിയെടുത്തു.

സുഹൃത്തുക്കളേ,

ത്രിവേണി സംഗമം ഉജ്ജ്വലമായി അനുഭവിച്ചാലല്ലാതെ അര്‍ധ കുംഭിന്റെ ലയനവും സെല്‍ഫിയും പൂര്‍ണമാകില്ല. ഗംഗാ മാതാവ് ഊര്‍ജ്ജത്തിന്റെ മഹത്തായ ഒരു സ്രോതസ്സാണ്. ഗംഗാ മാതാവിനെ ശുചീകരിക്കുകയും വൃത്തിയാക്കുകയും അതിന്റെ ഒഴുക്ക് തടസ്സമില്ലാതാക്കുകയും വേണം. ഇത് നേടിയെടുക്കുന്നതിന് ദ്രുതഗതിയിലാണ് ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നത്. 
ഇന്ന് ഉദ്ഘാടനം ചെയ്യുന്ന ആയിരക്കണക്കിനു കോടി രൂപയുടെ പദ്ധതികളില്‍ ഗംഗാ മാതാവിന്റെ ശുചീകരണത്തിനും അതിന്റെ തീരങ്ങളുടെ സൗന്ദര്യവല്‍ക്കരണത്തിനും വേണ്ടി മാത്രമായി ഒരു പദ്ധതി നടപ്പാക്കുന്നുണ്ട്. 1700 കോടി രൂപ ചെലവിട്ട് നിര്‍മിക്കുന്ന മലിനജല സംസ്‌കരണ പ്ലാന്റ് ഗംഗാജിയിലേക്ക് നഗരത്തിലെ ഡസന്‍ കണക്കിനു ഓവുചാലുകളില്‍ നിന്ന് മലിനജലം നേരിട്ട് ഒഴുകി എത്തുന്നത് തടയും. അതേസമയംതന്നെ, ഏകദേശം 150 തീരങ്ങള്‍ നമാമി ഗംഗേ പദ്ധതിയില്‍പ്പെടുത്തി സുന്ദരമാക്കും. ഇതില്‍ അമ്പതെണ്ണം പൂര്‍ത്തിയായി. അതില്‍ ആറെണ്ണം ഇന്ന് ഉദ്ഘാടനം ചെയ്യുകയാണ്.

സഹോദരീ സഹോദരന്മാരേ,

പ്രയാഗും കാശിയും കാണ്‍പൂരും യുപിയിലെ മറ്റു നഗരങ്ങളും ഉള്‍പ്പെടെ ഗംഗാനദിയുടെ തീരങ്ങളില്‍ സ്ഥിതി ചെയ്യുന്ന എല്ലാ സംസ്ഥാനങ്ങളിലും ഈ സൗകര്യങ്ങള്‍ സൃഷ്ടിക്കും. നമാമി ഗംഗേ പദ്ധതിയില്‍പ്പെടുത്തി ഇതുവരെ 24500 കോടിയിലധികം രൂപയുടെ പദ്ധതികള്‍ക്കാണ് അനുമതി നല്‍കിയത്. ആയിരക്കണക്കിനു രൂപ കോടി മതിപ്പുവരുന്ന 150 പദ്ധതികളുടെ പ്രവര്‍ത്തനം ദ്രുതഗതിയില്‍ നടന്നുവരുന്നു.

സുഹൃത്തുക്കളേ,

ഗംഗാ മാതാവിനെ ശുചീകരിക്കുന്നതിനും തടസ്സമില്ലാത്ത ഒഴുക്ക് ഉറപ്പാക്കുന്നതിനും ഗവണ്‍മെന്റിന്റെ പങ്കിനു പുറമേ കോടിക്കണത്തിനു സ്വച്ഛഗ്രാഹികളുടെയും ഗംഗാ മാതാവിന്റെ സേവകരുടെയും പങ്കും നിര്‍ണായകമാണ്. ജനങ്ങള്‍ ഈ പ്രചാരണ പരിപാടിയുമായി സ്വന്തം നിലയില്‍ ചേരുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. പൊതുജന പങ്കാളിത്തവും ഗംഗാജിയോടുള്ള ഉത്തരവാദിത്തവും നമ്മുടെ ശ്രമങ്ങള്‍ക്ക് ഉത്തേജനം പകരുന്നു. ഇപ്പോള്‍ ഗംഗാ നദിയുടെ തീരങ്ങളിലെ ഏകദേശം മുഴുവന്‍ ഗ്രാമങ്ങളെയും വെളിയിട വിസര്‍ജ്ജന മുക്തമായി പ്രഖ്യാപിച്ചു കഴിഞ്ഞു. 

സഹോദരീ സഹോദരന്മാരേ,

നമ്മുടെ ശാസ്ത്രങ്ങളില്‍ ശുചിത്വം ദൈവികത്വവുമായി കണ്ണി ചേര്‍ക്കപ്പെട്ടതാണ്. കുംഭ സമയത്ത് ദൈവ സാന്നിധ്യമുണ്ടാകും. അപ്പോള്‍ കുംഭ് സജ്ജീകരണങ്ങളില്‍ ഒന്നിവും ഒരു കുറവും വരരുത്. ഗംഗാ മാതാവിനെ ശുചീകരിക്കുന്നതിനും വൃത്തിയുള്ള കുംഭിനും വേണ്ടിയാകണം അത്. 
ഇവിടെ വരുന്നതിനു മുമ്പ് ‘സ്വച്ഛ് കുംഭ് അഥവാ’ ‘ശുചിത്വ കുംഭി’ന്റെ ഒരു പ്രദര്‍ശനത്തില്‍ ഞാന്‍ പങ്കെടുത്തു. കുംഭ് കാലത്ത് ശുചിത്വം ഉറപ്പാക്കുന്നതിന് കോംപാക്റ്ററുകളും മറ്റ് ആധുനിക രീതികളും ഉപയോഗിക്കുന്ന പദ്ധതിയും തുടങ്ങി. 

സുഹൃത്തുക്കളേ,

സജ്ജീകരണങ്ങള്‍ സൂക്ഷ്മവും പ്രൗഢവും പരമോന്നതവുമാകുന്നുവെന്ന് ഉറപ്പു വരുത്താന്‍ ഉത്തര്‍പ്രദേശ് ഗവണ്‍മെന്റുമായി ചേര്‍ന്ന് കേന്ദ്ര ഗവണ്‍മെന്റ് പരിശ്രമിക്കുന്നു. ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ വിശുദ്ധമായ ഭൂതകാലത്തിന്റെയും മനോഹരമായ ഭാവിയുടെയും മിന്നലാട്ടങ്ങള്‍ പ്രദര്‍ശിപ്പിച്ച് പ്രഭ പരത്തുന്നതിനുള്ള എല്ലാ ശ്രമങ്ങളും ഗവണ്‍മെന്റ് നടത്തുന്നു.
ഗവണ്‍മെന്റിന്റെ ഈ ശ്രമങ്ങളുമായി പ്രയാഗ് രാജിലെ മുഴുവനാളുകളും സഹകരിക്കുന്നു എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. നിങ്ങളെല്ലാവരും വ്യക്തിപരമായ നിലയില്‍ ശ്രമങ്ങള്‍ നടത്തുന്നവരാണ്. നഗരത്തിന്റെ ശുചിത്വത്തിനും ആതിഥേയത്വത്തിനും ഒരു പ്രസാദാത്മക പരിസരം സൃഷ്ടിക്കുന്നതിന് നിങ്ങളെല്ലാവരും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. നഗരത്തെ മോടി പിടിപ്പിക്കാന്‍ ആകര്‍ഷകമായ ചിത്രങ്ങള്‍ ഉപയോഗിച്ചിരിക്കുന്നത് പ്രദര്‍ശനത്തില്‍ ഞാന്‍ കണ്ടു. പ്രയാഗ് രാജിനെയും ഇന്ത്യയെയും ചിത്രങ്ങളിലൂടെ അവതരിപ്പിക്കാനുള്ള മനോഹരമായ ശ്രമങ്ങള്‍ പരാമര്‍ശിക്കപ്പെടേണ്ടതതാണ്. ഈ അനുഭവം ഇവിടെ എത്തുന്ന സഞ്ചാരികള്‍ക്ക് വേറിട്ട അനുഭവവുമാണ്.

സുഹൃത്തുക്കളേ,

പ്രയാഗ് രാജിലെ ജനങ്ങളുടെ ഈ വികാരങ്ങള്‍ തൊട്ടറിഞ്ഞും നിങ്ങളുടെ സ്‌നേഹം കണക്കിലെടുത്തും ലോകമെമ്പാടുമുള്ള ആളുകളെ ഇവിടെ വരാനും അര്‍ധ കുംഭില്‍ പങ്കെടുക്കാനും ഞാന്‍ ക്ഷണിച്ചിരിക്കുന്നു. കഴിഞ്ഞ ഒന്നൊന്നര വര്‍ഷമായി എവിടെയൊക്കെ ഞാന്‍ സന്ദര്‍ശിക്കുന്നുണ്ടോ അവിടെയൊക്കെയുള്ള ഇന്ത്യക്കാരെ വിദേശ സുഹൃത്തുക്കളുമായി പ്രയാഗ് രാജ് സന്ദര്‍ശിക്കാനും സാംസ്‌കാരിക പൈതൃകവുമായി കണ്ണി ചേര്‍ക്കാനും ക്ഷണിക്കാറുണ്ട്. എന്തുകൊണ്ടെന്നാല്‍ ഇപ്പോഴും ഞാന്‍ ഉത്തര്‍പ്രദേശുകാരനാണ്.

ഇന്നലെ എഴുപത് രാജ്യങ്ങളുടെ പതാക സംഗമത്തില്‍ പാറിയത് നിങ്ങള്‍ കണ്ടിരിക്കും. എഴുപത് രാജ്യങ്ങളുടെ ഇന്ത്യയിലെ പ്രതിനിധികളും നയതന്ത്രജ്ഞരും മുഴുവന്‍ കുംഭ് മേഖലയും വീക്ഷിക്കുകയും ഇവിടുത്തെ സവിശേഷമായ അന്തരീക്ഷം ആസ്വദിക്കുകയും ചെയ്തു. 
ഇത്തരം പരിശ്രമങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ കുംഭിന്റെ പ്രശസ്തി വര്‍ദ്ധിപ്പിക്കും. 

സുഹൃത്തുക്കളേ,

ലോകത്തെ രണ്ട് പുരാതന സാംസ്‌കാരിക പട്ടണങ്ങളില്‍ ഇത്തവണ പ്രധാനപ്പെട്ട രണ്ട് സംഭവങ്ങള്‍ ഒരേസമയത്ത് നടക്കുകയാണ്: പ്രയാഗ് രാജിലും കാശിയിലും. ലോകമെമ്പാടുമുള്ളവര്‍ അര്‍ധ കുംഭില്‍ ഒന്നു ചേരുമ്പോള്‍ ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍ പ്രവാസി ഭാരതീയ ദിവസിനു വേണ്ടി കാശിയില്‍ ഒന്നു ചേരും. ഈ സ്ഥലവും സന്ദര്‍ശിക്കാന്‍ അവര്‍ ആസൂത്രണം ചെയ്യുമെന്ന് ഉറപ്പാണ്.

സഹോദരീ സഹോദരന്മാരേ,

അര്‍ധ കുംഭ് എന്നത് കോടിക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ഒരു ഉല്‍സവം മാത്രമല്ല, അവരില്‍ പരസ്പര ബന്ധവും ആശയവിനിമയവും വികസിപ്പിക്കുന്നതിനു സഹായം ചെയ്യുകവഴി നമ്മുടെ രാജ്യത്തിന് ഒരു ദിശ നല്‍കുക കൂടി ചെയ്യുന്നു. കുംഭ് സന്ദര്‍ശിക്കുന്ന കോടിക്കണക്കിന് ആളുകള്‍ക്കൊപ്പം കോടിക്കണക്കിന് ആശയങ്ങളുടെ ഒഴുക്കും ഇന്ത്യയെ കൂടുതല്‍ സമൃദ്ധവും ശാക്തീകൃതവുമാക്കും. 
കുംഭ മേള ഇന്ത്യയുടെയും ഇന്ത്യത്വത്തിന്റെയും മഹത്തായ തെളിവാണ്. ഭാഷയുടെയും ആചാരങ്ങളുടെയും വ്യത്യാസങ്ങള്‍ ഒന്നൊന്നായി മറക്കാന്‍ ഈ മേള നമുക്ക് പ്രചോദനമാകും. ഈ മേള നമ്മെയും ഗ്രാമങ്ങളെയും നഗരങ്ങളെയും ഐക്യപ്പെടുത്തുന്നു. ഇവിടെ ആര്‍ക്കും ‘ഏകഭാരതം, ശ്രേഷ്ഠ ഭാരത’ത്തിന്റെ യഥാര്‍ത്ഥ ചിത്രം കാണാനാകും. ഈ സാഹചര്യത്തില്‍ ഇവിടെ എത്തുന്ന അതിഥികള്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ഈ മേള ഭക്തിക്കു വേണ്ടി മാത്രമല്ല, ഇത് ഇന്ത്യയുടെ അഭിമാനത്തിന്റെ ചോദ്യം കൂടിയാണ്. അവര്‍ക്കൊപ്പം ആളുകള്‍ ഇന്ത്യയുടെ പുതിയ ഒരു പ്രതിഛായ തിരിച്ചറിയുന്നുവെന്ന് ഉറപ്പാക്കാന്‍ നമുക്ക് കഴിയണം.

ഈ വേളയില്‍, ആയിരക്കണക്കിനു വിദ്യാര്‍ത്ഥികള്‍ ഇവിടെ മാനേജ്‌മെന്റ് പഠനത്തിന് എത്തും. ലോകത്തെ ഏറ്റവും വലിയ മാനേജ്‌മെന്റ് സര്‍വകലാശാല അവരുടെ കുട്ടികള്‍ക്ക് ഈ മേളയുടെ വിശാലതയുടെയും വൈവിധ്യത്തിന്റെയും വിജയത്തിന്റെയും സൂത്രം പഠിപ്പിക്കുന്നു. 

സുഹൃത്തുക്കളേ,

ഇന്ത്യ അറിയപ്പെടുന്നത് അതിന്റെ സാസ്‌കാരിക പൈതൃകത്തിന്റെയും വിജ്ഞാന ശേഖരത്തിന്റെയും പേരിലാണ്. ഈ കരുത്ത് ലോകത്തിനു പരിചയപ്പെടുത്തിക്കൊടുക്കാന്‍ സ്വാമി വിവേകാനന്ദന്‍ ഉള്‍പ്പെടെ നിരവധി താപസന്മാര്‍ അവരുടെ ജീവിതം സമര്‍പ്പിച്ചിരുന്നു. രാജ്യത്തിന്റെ വിഭവങ്ങള്‍ക്കൊപ്പം സാംസ്‌കാരികവും ആത്മീയവുമായ പാരമ്പര്യത്തിന്റെ ഫലപ്രാപ്തി വര്‍ധിപ്പിക്കാനാണ് കഴിഞ്ഞ നാല് നാലര വര്‍ഷമായി കേന്ദ്ര ഗവണ്‍മെന്റ് വിട്ടുവീഴ്ചയില്ലാതെ ശ്രമിച്ചുകൊണ്ടിരുന്നത്.

സുഹൃത്തുക്കളേ,

ഇന്ന് പ്രയാഗ് രാജിന്റെ ഈ വിശുദ്ധ ഭൂമിയില്‍ വച്ച് നിങ്ങളെല്ലാവരോടും മറ്റൊരു സുപ്രധാന വിഷയത്തേക്കുറിച്ച് എനിക്ക് സംസാരിക്കാനുണ്ട്. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജ് അറിയപ്പെടുന്നത് നീതിയുടെ ക്ഷേത്രം എന്നുകൂടിയാണ്. നീതിന്യായ സംവിധാനത്തിനു മേല്‍ ഇക്കാലത്ത് ചിലപ്പോള്‍ സമ്മര്‍ദം സൃഷ്ടിക്കപ്പെടുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ ജനങ്ങളെയും രാജ്യത്തെ യുജനങ്ങളെയും അതിനേക്കുറിച്ച് ജാഗരൂഗരാക്കേണ്ടത് ആവശ്യമാണ്. 

സുഹൃത്തുക്കളേ,

ദീര്‍ഘകാലം രാജ്യം ഭരിച്ച പാര്‍ട്ടി സ്വയം കണക്കാക്കുന്നത് എല്ലാ നിയമങ്ങള്‍ക്കും നീതിപീഠത്തിനും സ്ഥാപനങ്ങള്‍ക്കും രാജ്യത്തിനു പോലും അതീതരായാണ്. ആ പാര്‍ട്ടി അവരുടെ ചട്ടങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കുമനുസരിച്ച് പ്രവര്‍ത്തിക്കാത്ത ഭരണഘടനാ സ്ഥാപനങ്ങളെ ഉള്‍പ്പെടെ തകര്‍ത്തു.

സഹോദരീ സഹോദരന്മാരേ,

ഈ സ്വേഛാപരതയ്‌ക്കൊപ്പം നമ്മുടെ രാജ്യത്തിന്റെ നീതിന്യായ സംവിധാനത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങളുമുണ്ടായി. നീതിന്യായ സംവിധാനവും അതിന്റെ സ്ഥാപനങ്ങളും ആ പാര്‍ട്ടിയുടെ അഴിമതിക്കും അധികാര ഹുങ്കിനും എതിരേ നിലകൊണ്ടു എന്നതു മാത്രമാണ് കാരണം. കോണ്‍ഗ്രസ് എന്തുകൊണ്ട് നീതീപീഠത്തെ ഇഷ്ടപ്പെടുന്നില്ല എന്ന് പ്രയാഗ് രാജിലെയും യുപിയിലെയും ജനങ്ങളെക്കാള്‍ നന്നായി ആര്‍ക്കറിയാം? പൊതുജനാഭിപ്രായത്തെ അട്ടിമറിക്കാന്‍ ആ പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ ശ്രമിച്ച കാലം യുപിയിലെ ജനങ്ങള്‍ നിര്‍ബന്ധമായും ഓര്‍ക്കണം. അത് ജനാധിപത്യത്തെ അപമാനിക്കലായിരുന്നില്ലേ?

സുഹൃത്തുക്കളേ,

ജനാധിപത്യത്തെ കശാപ്പു ചെയ്യാനുള്ള അവരുടെ ശ്രമത്തിനെതിരേ പാര്‍ലമെന്റില്‍നിന്ന് അവരെ പുറത്താക്കിക്കൊണ്ട് പ്രയാഗ് രാജ് ഹൈക്കോടതി സത്യം ഉയര്‍ത്തിപ്പിടിച്ച ദിവസം രാജ്യത്തിന് ഒരിക്കലും മറക്കാനാകില്ല. അവര്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അവര്‍ രാജ്യത്തിന്റെ ഭരണഘടനയില്‍ മാറ്റം വരുത്തുക കൂടി ചെയ്തു. തിരഞ്ഞെടുപ്പ് ഹര്‍ജി കേള്‍ക്കാനുള്ള അവകാശം നീതിപീഠത്തില്‍ നിന്ന് തട്ടിയെടുക്കാനുള്ള ശ്രമങ്ങളുമുണ്ടായി.

സുഹൃത്തുക്കളേ,

ഇതാണ് കോണ്‍ഗ്രസ് നേതാക്കളുടെ രീതി. അതുപ്രകാരം രാജ്യത്ത ഭരണഘടനാ സ്ഥാപനളുടെ കൈ അവര്‍ കെട്ടിയിട്ടു. വിധേയരാകാത്തവര്‍ ആരായാലും തകര്‍ക്കാന്‍ അവര്‍ ശ്രമിച്ചു. നിഷ്പക്ഷമായി നില്‍ക്കുന്ന സ്ഥാപനങ്ങളെ നശിപ്പിക്കുക എന്നത് അവരുടെ ഫ്യൂഡല്‍, നാടുവാഴിത്ത മനോഭാവത്തില്‍ നിന്നുണ്ടായതാണ്. നീതിപീഠത്തിന്റെ അന്തസ്സ് ഇല്ലാതാക്കാന്‍ ആ പാര്‍ട്ടി മസില്‍ക്കരുത്ത് മാത്രമല്ല ഉപയോഗിച്ചത്; ചതിയും കാട്ടി. അവരുടെ നയങ്ങള്‍ വിജയത്തിലെത്തിക്കാന്‍ ചതിയുടെയും ചൂഷണത്തിന്റെയും തന്ത്രങ്ങളുടെയും എല്ലാ പരിധികളും അവര്‍ ലംഘിച്ചു. ഭരണത്തിലിരിക്കുമ്പോള്‍ കാര്യങ്ങളെ അവര്‍ മറവിയിലാഴ്ത്തുകയും പ്രതിപക്ഷത്തായിരിക്കുമ്പോള്‍ ഭീഷണപ്പെടുത്താനും ശ്രമിച്ചു. 

സുഹൃത്തുക്കളേ,

നിര്‍ണായകമായ കേശവാനന്ദ ഭാരതി കേസ് രാജ്യത്തെ ഓര്‍മിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വിധി പുറപ്പെടുവിക്കേണ്ട ജഡ്ജിമാര്‍ സമ്മര്‍ദത്തിനു വഴങ്ങി അഭിപ്രായം മാറ്റാന്‍ തയ്യാറാകാതിരുന്നപ്പോള്‍ പഴക്കം ചെന്ന നമ്മുടെ നീതിന്യായ പാരമ്പര്യത്തെ അവര്‍ തകിടം മറിച്ചു.
ഏറ്റവും മുതിര്‍ന്ന ജഡ്ജിയെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആക്കുന്നതിനു പകരം സീനിയോറിറ്റില്‍ മുന്നാമനായ മറ്റൊരു ജഡ്ജിയെ അവര്‍ നിശ്ചയിച്ചു. അതാണ് അവരുടെ പ്രവര്‍ത്തന സംസ്‌കാരം. നീതിപീഠത്തിനു അങ്ങനെയാണ് അവര്‍ സമ്മര്‍ദം ചെലുത്തുന്നത്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള അവരുടെ തീരുമാനം ജസ്റ്റിസ് ഖന്ന അംഗീകരിക്കാതിരുന്നപ്പോള്‍ ഇതേ കാര്യം അദ്ദേഹത്തിനും സംഭവിച്ചു; അദ്ദേഹത്തിന്റെ സീനിയോറിറ്റി തിരസ്‌കരിക്കപ്പെട്ടു. 

സഹോദരീ സഹോദരന്മാരേ,

അവര്‍ രാജ്യത്തിന്റെ ക്ഷേമം കണക്കിലെടുത്തില്ലെന്നു മാത്രമല്ല തങ്ങളുടെ സ്വന്തം താല്‍പര്യങ്ങള്‍ക്കു വേണ്ടി ജനാധിപത്യത്തെയും അവഗണിച്ചു. നിയമത്തോടെ പാരമ്പര്യങ്ങളോടോ അവര്‍ക്ക് യാതൊരു ബഹുമാനവുമുണ്ടായിരുന്നില്ല. അവരുടെ നേതാക്കളിലൊരാള്‍ പുറപ്പെടുവിച്ച ഒരു പ്രസ്താവന വാര്‍ത്താ തലക്കെട്ടിലിടം പിടിച്ചു.  അദ്ദേഹം പറഞ്ഞു- ഞങ്ങളുടെ ആശയവും ഞങ്ങളുടെ കാഴ്ചപ്പാടുകളും അംഗീകരിക്കുകയും ഞങ്ങളുടെ നിര്‍ദേശങ്ങള്‍ പ്രകാരം പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ മാത്രമേ ചീഫ് ജസ്റ്റിസ് ആക്കാന്‍ ഞങ്ങള്‍ അനുവദിക്കുകയുള്ളു. 

സുഹൃത്തുക്കളേ,

രാജ്യത്തിന്റെ ഭരണഘടനയെ പരമോന്നതമായി പരിഗണിച്ചാണ് നമ്മുടെ രാജ്യത്തെ നീതിപീഠം പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടി അത്യാര്‍ത്തി, വിദ്വേഷം, അധികാരം എന്നിവ എല്ലാം നീതിപീഠത്തെ അതിന്റെ ഇച്ഛാശക്തിയില്‍ നിന്നു വ്യതിചലിപ്പിക്കാന്‍ എങ്ങനെയാണ് ഉപയോഗിക്കുന്നതെന്നതിനു രാജ്യം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ആ പാര്‍ട്ടിക്ക് നീതിപീഠത്തെ തടയാനും തെറ്റിദ്ധരിപ്പിക്കാനും ഉപദ്രവിക്കാനും നിരവധി വഴികളുണ്ട്. 
രാജ്യത്തെ പരമോന്നത നീതീപീഠത്തിനെതിരേ ഒരു ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരാന്‍ അവര്‍ ശ്രമിക്കുന്നത് എങ്ങനെയാണെന്നും സമീപകാലത്ത് നാം കണ്ടു. ജഡ്ജിമാരെ ഭയപ്പെടുത്തുന്നതും ഭീഷണിപ്പെടുത്തുന്നതും മുന്‍കാലങ്ങളില്‍ അവരുടെ സമീപനത്തിന്റെ ഭാഗമായിരുന്നു.

വാര്‍ത്തയായ ഒരു പ്രസ്താവന ഞാന്‍ ഇന്നും ഓര്‍ക്കുന്നു. അവരുടെ നേതാക്കളിലൊരാളുടെ വിചാരണാ വേളയില്‍, ജഡ്ജിയുടെ ഭാര്യ കര്‍വാ ചൗത്ത് ആഘോഷിക്കേണ്ടെയെന്ന് ചോദിക്കുകയുണ്ടായി. അതൊരു ഭീഷണിയായിരുന്നില്ലേ?

സഹോദരീ സഹോദരന്മാരേ,

എല്ലാ സ്ഥാപനങ്ങളെയും തകര്‍ത്ത ശേഷം ഇപ്പോളവര്‍ ജനാധിപത്യത്തേക്കുറിച്ച് കരയുന്നു. ഇപ്പോഴും അവര്‍ സ്വയം കണക്കാക്കുന്നത് രാജ്യത്തിനും ജനാധിപത്യത്തിനും നീതിപീഠത്തിനും ജനങ്ങള്‍ക്കു പോലും മുകളിലായാണ്  എന്നാണ് അവരുടെ പെരുമാറ്റവും ഗൂഢാലോചനകളും വീണ്ടും തെളിയിക്കുന്നത്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് അത്തരമൊരു ഉദാഹരണം കണ്ടു. അതുകൊണ്ട് ഈ പാര്‍ട്ടിയെയും ആളുകളെയും കുറിച്ച് ശ്രദ്ധയും ജാഗ്രതയും പാലിക്കണമെന്ന് ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നു. 

സഹോദരീ സഹോദരന്മാരേ,

കോണ്‍ഗ്രസിന്റെ വര്‍ത്തമാനകാലം ഭൂതകാലത്തെപ്പോലെതന്നെ പങ്കിലമാണ്. സ്വാര്‍ത്ഥ താല്‍പര്യത്തില്‍ മുഴുകിയിരിക്കുന്ന അവര്‍ രാജ്യനിവാസികളെയോ രാജ്യത്തെയോ രാജ്യത്തിന്റെ സാമ്പത്തിക, സാംസ്‌കാരിക പുരോഗതിയേയോ കണക്കിലെടുക്കുന്നില്ല. അവര്‍ രാജ്യത്തേക്കുറിച്ചു ചിന്തിക്കുന്നത് പ്രത്യേക വേളകളില്‍ മാത്രമാണ്. എന്നാല്‍ നമുക്ക് രാജ്യവും അതിന്റെ സമൃദ്ധിയും വിശുദ്ധിയും ആത്മീയ വളര്‍ച്ചയും ചിന്തയുടെ ഭാഗമാണ്. 
അതേ മൂല്യങ്ങളുടെ ഭാഗമായി പ്രസാദ് യോജനയ്ക്കു കീഴില്‍ യുപിയിലെ നിരവധി സ്ഥലങ്ങളില്‍ ഉള്‍പ്പെടെ രാജ്യമാകെ ഭക്തിയും ആത്മീയതയുമായി സഹകരിക്കുന്നു. ഈ സ്ഥലങ്ങളില്‍ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നു. പ്രയാഗ് രാജ്, കാശി, അയോധ്യ, വൃന്ദാവന്‍, കേദാര്‍നാഥ്, കാമാഖ്യ, ശബരിമല തുടങ്ങിയ മതപരമായി പ്രാധാന്യമള്ള നിരവധി കേന്ദ്രങ്ങള്‍ പകിട്ടേറിയതും പ്രൗഢവുമാക്കുന്നു. 

സഹോദരീ സഹോദരന്മാരേ,

എങ്ങനെയാണ് ഇന്ത്യ മാറുന്നതെന്നും എങ്ങനെയാണ് പുതിയ ഇന്ത്യ പ്രാചീനതയുടെയും ആധുനികതയുടെയും മിശ്രണമാകുന്നതും എന്നതില്‍ നിങ്ങള്‍ക്കൊരു മിന്നൊളി അര്‍ധ കുംഭില്‍ ലഭിക്കും.
 
ആധുനികതയെ ആത്മീതയുമായും വികസനവുമായും വിശ്വാസവുമായും വിശ്വസ്ഥതയുമായും ലയിപ്പിച്ച് കുംഭിനെ വിജയകരമാക്കണമെന്ന് ഞാന്‍ പ്രയാഗിലെ ജനങ്ങളോട് ആവശ്യപ്പെടുന്നു.
ഗവണ്‍മെന്റ് അതിന്റെ ഉത്തരവാദിത്തം നിറവേറ്റുന്നുണ്ട്. എങ്കിലും ഇത്തരമൊരു വലിയ മേള ഗവണ്‍മെന്റിനു തനിച്ചു വിജയിപ്പിക്കാന്‍ കഴിയില്ല. നിങ്ങളുമായി കൈകോര്‍ത്തു പ്രവര്‍ത്തിച്ച് ഞാനും യോഗി ജിയും ഞങ്ങളുടെ മുഴുവന്‍ സഹപ്രവര്‍ത്തകരും ഇത്തവണത്തെ അര്‍ധ് കുംഭിനെ ഒരു വിജയമാക്കി മാറ്റും. 
ഈ പ്രതീക്ഷയോടെ, ഒരിക്കല്‍ക്കൂടി വിവിധ വികസന പദ്ധതികളുടെ പേരില്‍ നിങ്ങളെല്ലാവരെയും, പ്രയാഗ് രാജിനെയും അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. 

ജയ് ഗംഗാ മയ്യ- ജയ്!

ജയ് യമുനാ മയ്യ- ജയ്!

ജയ് സരസ്വതി മയ്യ- ജയ്!

ജയ് തീര്‍ത്ഥരാജ്- ജയ് തീര്‍ത്ഥരാജ്!

ജയ് തീര്‍ത്ഥരാജ്- ജയ് തീര്‍ത്ഥരാജ്!

അമ്മ ഭാരതാംബ നീണാള്‍ വാഴട്ടെ!

അമ്മ ഭാരതാംബ നീണാള്‍ വാഴട്ടെ!

അമ്മ ഭാരതാംബ നീണാള്‍ വാഴട്ടെ!
***