പിഎം ഇന്ത്യ
രാജ്യാന്തര തൊഴില്‍ സംഘടന(ഐ.എല്‍.ഒ.)യുടെ കുറഞ്ഞ പ്രായം സംബന്ധിച്ച കണ്‍വെന്‍ഷന്‍, 1973 (നമ്പര്‍: 138), ഏറ്റവും ഹീനമായ രീതിയിലുള്ള ബാലവേലകള്‍ സംബന്ധിച്ച കണ്‍വെന്‍ഷന്‍, 1999 (നമ്പര്‍: 182) എന്നിവ അംഗീകരിക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി. ഇതില്‍ ആദ്യത്തേതു തൊഴിലെടുപ്പിക്കാവുന്ന കുറഞ്ഞ പ്രായം സംബന്ധിച്ചും രണ്ടാമത്തേത് ബാലവേലയുടെ ഏറ്റവും ഹീനമായ രീതികള്‍ സംബന്ധിച്ചും ഉള്ളതാണ്. 1919ല്‍ നിലവില്‍ വന്ന ഐ.എല്‍.ഒയുടെ സ്ഥാപകാംഗമാണ് ഇന്ത്യ. നിലവില്‍ സംഘടനയില്‍ 187 അംഗങ്ങളുണ്ട്. കണ്‍വെന്‍ഷനുകള്‍, ശുപാര്‍ശകള്‍, നിബന്ധനകള്‍ എന്നീ മാര്‍ഗങ്ങളിലൂടെ രാജ്യാന്തര മാനദണ്ഡങ്ങള്‍ സൃഷ്ടിക്കുകയാണ് ഐ.എല്‍.ഒയുടെ പ്രധാന പ്രവര്‍ത്തനം. ഇന്ത്യ ഇതിനകം 45 കണ്‍വെന്‍ഷനുകള്‍ അംഗീകരിച്ചിട്ടുണ്ട്.
അവയില്‍ 42 എണ്ണം ഇപ്പോള്‍ പ്രാബല്യത്തിലുണ്ട്. ഇവയില്‍ നാലെണ്ണം അടിസ്ഥാനപരമായ കാര്യങ്ങള്‍ സംബന്ധിച്ചുള്ളവയാണ്.