Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഐ.എസ്.ആര്‍.ഒ. യും ബൊളീവിയന്‍ സ്‌പെയിസ് ഏജന്‍സിയും തമ്മില്‍ ബഹിരാകാശ രംഗത്തെ സഹകരണം സംബന്ധിച്ച ധാരണാപത്രത്തിന് മന്ത്രിസഭയുടെ അംഗീകാരം


 

സമാധാനപരമായ ആവശ്യങ്ങള്‍ക്ക് ബഹിരാകാശത്തെ ഉപയോഗിക്കുന്നതിനും, പര്യവേക്ഷണം നടത്തുന്നതിനുമുള്ള സഹകരണം സംബന്ധിച്ച് ഇന്ത്യയും, ബൊളീവിയയും തമ്മില്‍ ഒപ്പു വച്ച ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കി. 

ഇന്ത്യന്‍ രാഷ്ട്രപതിയുടെ ബൊളീവിയ സന്ദര്‍ശന വേളയില്‍ 2019 മാര്‍ച്ച് 29 ന് ഐ.എസ്.ആര്‍.ഒ. യും, ബൊളീവിയന്‍ ബഹിരാകാശ ഏജന്‍സിയും തമ്മില്‍ സാന്റാക്രൂസ് ഡി ലാ സിയാറായില്‍ വച്ചാണ് കരാര്‍ ഒപ്പ് വച്ചത്. 

വിശദാംശങ്ങള്‍
·    ബഹിരാകാശ ശാസ്ത്രം, സാങ്കേതികവിദ്യകള്‍ മുതലായവ ഭൂമിയുടെ വിദൂര സംവേദനം, ഗോളാന്തര പര്യവേക്ഷണം, ഉപഗ്രഹവാര്‍ത്താ വിനിമയം, ഉപഗ്രഹാധിഷ്ടിത ഗതിനിര്‍ണ്ണയം മുതലായവ ഉള്‍പ്പെടെയുള്ള മേഖലകളില്‍ സഹകരണത്തിന് ധാരണാപത്രം വിഭാവനം ചെയ്യുന്നു.
·    ധാരണാപത്രത്തിന്റെ നടത്തിപ്പിനുള്ള മാര്‍ഗ്ഗങ്ങള്‍, സമയക്രമം എന്നിവയടക്കമുള്ള കര്‍മ്മ പദ്ധതി നടപ്പിലാക്കുന്നതിന് ഐ.എസ്.ആര്‍.ഒ. യിലേയും ബൊളീവിയന്‍ സ്‌പെയിസ് ഏജന്‍സിയിലേയും അംഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് സംയുക്ത പ്രവര്‍ത്തക ഗ്രൂപ്പിന് രൂപം നല്‍കാന്‍ ധാരണാപത്രം വ്യവസ്ഥ ചെയ്യുന്നു. 

നടത്തിപ്പ് തന്ത്രവും ലക്ഷ്യവും
·    ധാരണാപത്രത്തിന്റെ നടത്തിപ്പിനായി വ്യക്തമായ നടപ്പാക്കല്‍ കരാറും, സംയുക്ത പ്രവര്‍ത്തക ഗ്രൂപ്പിന്റെ രൂപീകരണവും സമയക്രമം ഉള്‍പ്പെടെയുള്ള കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കലിലേയ്ക്ക് നയിക്കും. 

പ്രധാന ഗുണങ്ങള്‍
·    ഭൂമിയുടെ വിദൂര സംവേദനം, ഉപഗ്രഹവാര്‍ത്താ വിതരണം, ഉപഗ്രഹ ഗതിനിര്‍ണ്ണയം, ബഹിരാകാശ ശാസ്ത്രം, ഗോളാന്തര പര്യവേക്ഷണം എന്നീ മേഖലകളില്‍ പുതിയ ഗവേഷണ പ്രവര്‍ത്തനങ്ങളും, പ്രയോഗ സാധ്യതകളും കണ്ടെത്താന്‍ ധാരണാപത്രം ആക്കമേകും.

ചെലവ്
സംയുക്ത പ്രവര്‍ത്തനത്തിന്റെ സ്വഭാവമനുസരിച്ചായിരിക്കും ചെലവ് വേണ്ടി വരിക. നടപ്പാക്കല്‍ കരാറുകളില്‍ ഇവ വിശദീകരിക്കും.

പ്രയോജനങ്ങള്‍
ബഹിരാകാശ സാങ്കേതികവിദ്യ മനുഷ്യരാശിക്കായി പ്രയോജനപ്പെടുത്തുന്നതിനായി സംയുക്ത പദ്ധതികള്‍ വികസിപ്പിക്കുന്നതിന് ധാരണാപത്രം വഴിയൊരുക്കും. ഇതുവഴി രാജ്യത്തിന്റെ എല്ലാ മേഖലകള്‍ക്കും പ്രയോജനം ലഭിക്കും. 

പശ്ചാത്തലം :
·    ഐ.എസ്.ആര്‍.ഒ. യുമായി ബഹിരാകാശ സഹകരണത്തിന് താല്‍പ്പര്യം പ്രകടിപ്പിച്ച് കൊണ്ട് 2016 ഡിസംബറില്‍ ബൊളീവിയന്‍ സ്‌പെയിസ് ഏജന്‍സി ബൊളീവിയയിലെ ഇന്ത്യന്‍ സ്ഥാനപതിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഐ.എസ്.ആര്‍.ഒ. യില്‍ നിന്നുള്ള രണ്ടംഗ പ്രതിനിധി സംഘം 2017 ജൂണ്‍ 5, 6 തീയതികളില്‍ ഭൗമ നിരീക്ഷണം, ഉപഗ്രഹ വാര്‍ത്താ വിനിമയം എന്നീ രംഗങ്ങളിലെ സഹകരണത്തിനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്തിരുന്നു. ബൊളീവിയന്‍ ബഹിരാകാശ ഏജന്‍സിയുടെ പ്രതിനിധി സംഘവും, ബംഗലൂരുവിലെ ഐ.എസ്.ആര്‍.ഒ. യുടെ സാങ്കേതിക വിഭാഗങ്ങള്‍ സന്ദര്‍ശിച്ചു. ഇന്ത്യയുമായി ബഹിരാകാശ സഹകരണത്തിന് വലിയ തോതില്‍ താല്‍പര്യം പ്രകടിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ബഹിരാകാശ രംഗത്തെ സഹകരണം സംബന്ധിച്ച വിശദാംശങ്ങള്‍ ഐ.എസ്.ആര്‍.ഒ. യോട് ആരായുകയും അവ ബൊളീവിയന്‍ ബഹിരാകാശ ഏജന്‍സിക്ക് കൈമാറുകയും ചെയ്തു.
·    ബൊളീവിയന്‍ ബഹിരാകാശ ഏജന്‍സിയുടെ അഭ്യര്‍ത്ഥനയുടെ പ്രാധാന്യം കണക്കിലെടുത്ത് ഇന്ത്യ-ബൊളീവിയ സഹകരണം സംബന്ധിച്ച് കരട് ധാരണാപത്രം ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്റെയും, ബഹിരാകാശ സെക്രട്ടറിയുടെയും അംഗീകാരത്തോടെ ബൊളീവിയയ്ക്ക് നല്‍കി. തുടര്‍ന്ന് ബൊളീവിയ സമ്മതം അറിയിക്കുകയും ഇരു രാജ്യങ്ങളും പരസ്പരം യോജിച്ച് കൊണ്ടുള്ള ധാരണാപത്രത്തിന് രൂപം നല്‍കുകയും ചെയ്തു.