Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഐ.ഐ.ടി ഡൽഹിയുടെ 57-ാമത് ബിരുദദാന ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു


ഐ.ഐ.ടി ഡൽഹിയുടെ 57-ാമത് ബിരുദദാന ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. ചടങ്ങിന്റെ ആഴമേറിയ  വൈകാരിക പ്രാധാന്യത്തെ എടുത്തുപറഞ്ഞ പ്രധാനമന്ത്രി, കാമ്പസിന്റെ ഊർജ്ജസ്വലവും സ്വപ്നങ്ങൾ നിറഞ്ഞതുമായ അന്തരീക്ഷത്തെക്കുറിച്ച് ഓർമ്മിച്ചു. കോവിഡ് മഹാമാരിയുടെ കാലത്ത് ചടങ്ങിൽ വിർച്വലായി പങ്കെടുത്ത കാര്യം അനുസ്മരിച്ച അദ്ദേഹം, ബിരുദം നേടുന്ന വിദ്യാർത്ഥികൾകളോടൊപ്പം ചടങ്ങിൽ നേരിട്ട് പങ്കെടുക്കാൻ കഴിഞ്ഞതിലുള്ള തന്റെ വ്യക്തിപരമായ സംതൃപ്തി പ്രകടിപ്പിച്ചു. “ഇന്ന് ഈ കാമ്പസിൽ നിങ്ങളോടൊപ്പം ഈ അവിസ്മരണീയമായ അനുഭവം പങ്കിടുന്നത് എനിക്കും വളരെ സവിശേഷമായ ഒന്നാണ്,” ശ്രീ മോദി പറഞ്ഞു.  

വിദ്യാർത്ഥികളെയും അവരുടെ കുടുംബങ്ങളെയും ഈ മഹത്തായ അക്കാദമിക് നേട്ടത്തിൽ അഭിനന്ദിച്ച പ്രധാനമന്ത്രി, അവരുടെ ബിരുദങ്ങൾ കേവലം അക്കാദമിക് വിജയത്തിന് അപ്പുറമാണെന്നും രാജ്യത്തിന് സംഭാവന നൽകാനുള്ള വലിയ ഉത്തരവാദിത്തമാണെന്നും എടുത്തുപറഞ്ഞു. മെഡൽ ജേതാക്കളെ പ്രത്യേകമായി പ്രശംസിച്ച അദ്ദേഹം, ഇൻസ്റ്റിറ്റ്യൂട്ടിലെ പുതിയ നിർമ്മിത ബുദ്ധി സംരംഭങ്ങൾക്ക് തുടക്കം കുറിച്ചതിനെയും അഭിനന്ദിച്ചു. “രാജ്യത്തിനായി ഒരുപാട് കാര്യങ്ങൾ ചെയ്യണമെന്ന സ്വപ്നവുമായാണ് നിങ്ങൾ ഇവിടെനിന്ന് പുറത്തേക്ക് ഇറങ്ങുന്നത്,” ശ്രീ മോദി  പറഞ്ഞു.  

വിദ്യാർത്ഥികളുടെ അവിസ്മരണീയമായ ഈ പഠന പ്രയാണത്തെക്കുറിച്ച് സംസാരിക്കവേ, ഓറിയന്റേഷൻ ദിനം മുതൽ ബിരുദദാന ചടങ്ങ് വരെയുള്ള പരിവർത്തനങ്ങൾ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ആദ്യ ശമ്പളം വാങ്ങൽ, സ്റ്റാർട്ടപ്പുകൾ കെട്ടിപ്പടുക്കൽ, തുടർ മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കൽ തുടങ്ങി അവരുടെ മനസ്സിലുള്ള വൈവിധ്യമാർന്ന ലക്ഷ്യങ്ങളും അദ്ദേഹം പരാമർശിച്ചു. “ഈ മഹത്തായ യാത്രയിൽ നിങ്ങൾക്ക് വലിയ സംതൃപ്തിയും ജീവിതത്തിലെ പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കുന്നതിന്റെ വലിയ ആവേശവും തീർച്ചയായും ഉണ്ടാകും,” ശ്രീ മോദി പറഞ്ഞു.  

ഈ നിമിഷങ്ങളെ മനസ്സിൽ ചേർത്തുപിടിക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിച്ച പ്രധാനമന്ത്രി, കുമാവോൺ, ആര, കര, വിന്ധ്യ, നീലഗിരി, കൈലാഷ്, ഹിമാദ്രി എന്നീ ഹോസ്റ്റലുകൾ തമ്മിലുള്ള മത്സരങ്ങളും, ജിയാ സരായിലെ പോഹയും സാത്പുര മെസ്സിലെ പൊറോട്ടയും അടക്കമുള്ള പ്രിയപ്പെട്ട കാമ്പസ് ഓർമ്മകളെ നർമ്മത്തോടെ പരാമർശിച്ചു. “വരുംദിവസങ്ങളിൽ വലിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടിവരുമ്പോൾ, ഇവിടുത്തെ ഓർമ്മകൾ തീർച്ചയായും നിങ്ങൾക്ക് പുതിയ ഊർജ്ജം പകരും,” ശ്രീ മോദി കൂട്ടിച്ചേർത്തു. 

സ്ഥാപന പിന്തുണാ സംവിധാനത്തോട് ആഴമേറിയ നന്ദി പ്രകടിപ്പിച്ച പ്രധാനമന്ത്രി, ബിരുദം നേടുന്നവർ തങ്ങളുടെ സഹപാഠികളെയും പ്രൊഫസർമാരെയും മെന്റർമാരെയും സഹായ ജീവനക്കാരെയും തങ്ങളുടെ സ്വന്തം കുടുംബത്തെപ്പോലെ കരുതണമെന്നും അവർ ജീവിതകാലം മുഴുവൻ വലിയൊരു സമ്പത്താണെന്നും ഓർമ്മിപ്പിച്ചു. “നിങ്ങളുടെ ഭാവിയിലെ ഓരോ വിജയത്തിലും ഈ വ്യക്തികളെയെല്ലാം നിങ്ങൾ  ഓർക്കുകയും അവരോട്  നന്ദിയുള്ളവരായിരിക്കുകയും ചെയ്യും,” ശ്രീ മോദി അഭിപ്രായപ്പെട്ടു.  

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഭൗമരാഷ്ട്രീയവും, തന്ത്രപരവുമായ സാഹചര്യങ്ങളെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി, സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള മുന്നേറ്റമാണ് ഈ വലിയ ആഗോള മാറ്റങ്ങളുടെ പ്രധാന പ്രേരകശക്തിയെന്ന് ചൂണ്ടിക്കാട്ടി. വേഗത്തിലുള്ള ഈ മാറ്റത്തിന്റെ യുഗത്തെ അഭൂതപൂർവ്വമായ വെല്ലുവിളികളുടെയും വിശാലമായ പുതിയ അവസരങ്ങളുടെയും ഒരു പുതിയ ഘട്ടമായി അദ്ദേഹം വിശേഷിപ്പിച്ചു. “ഈ ദ്രുതഗതിയിലുള്ള മാറ്റങ്ങൾക്കിടയിലും, എന്റെ ഈ വാക്കുകൾ ഓർക്കുക: നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നവൻ മാത്രമായിരിക്കും വിജയിക്കുക,” ശ്രീ മോദി പറഞ്ഞു.  ഐ.ഐ.ടി ബിരുദത്തിന്റെ യഥാർത്ഥ മൂല്യം പുനർനിർവ്വചിച്ച പ്രധാനമന്ത്രി, ഈ യോഗ്യത ഉയർന്ന സി.ജി.പി.എ യോ ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനമോ നേടുന്നതിലും അപ്പുറമാണെന്നും, സങ്കീർണ്ണമായ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള മികച്ച ശേഷിയുടെ ആഗോള സാക്ഷ്യപത്രമാണെന്നും എടുത്തുപറഞ്ഞു. “വളരെ പ്രയാസമേറിയ പ്രശ്നങ്ങൾ എങ്ങനെ കൃത്യമായി പരിഹരിക്കണമെന്ന് നിങ്ങൾക്കറിയാമെന്ന് നിങ്ങളുടെ ഈ ബിരുദം ലോകത്തോട് വിളിച്ചുപറയുന്നു,” ശ്രീ മോദി നിരീക്ഷിച്ചു.

അക്കാദമിക് സ്ഥിരോത്സാഹവും ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന പ്രതിരോധശേഷിയും തമ്മിൽ താരതമ്യം ചെയ്തുകൊണ്ട്, സങ്കീർണ്ണമായ ലാബ് പരീക്ഷണങ്ങൾ ലളിതമായ രീതിയിൽ ഘട്ടം ഘട്ടമായി പരിഹരിക്കുന്നതുപോലെ ജീവിതത്തിലെ വലിയ വെല്ലുവിളികളെയും ചെറുഘട്ടങ്ങളായി വിഭജിച്ച് നേരിടാൻ പ്രധാനമന്ത്രി യുവാക്കളെ ഉപദേശിച്ചു. “ജീവിതത്തിൽ പ്രതിസന്ധികൾ അനിവാര്യമാണെങ്കിൽ, തികച്ചും പുതിയ അവസരങ്ങളും അവിടെ ഉയർന്നുവരും; നിങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് മാത്രം,” ശ്രീ മോദി പറഞ്ഞു.

വ്യവസ്ഥാപിതമായ അക്കാദമിക് അന്തരീക്ഷത്തെ പ്രവചനാതീതമായ യഥാർത്ഥ ലോക സാഹചര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സർവ്വകലാശാലാ പരീക്ഷകളിൽ നിന്ന് വ്യത്യസ്തമായി ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ വെല്ലുവിളികൾ ‘സിലബസിന് പുറത്തുനിന്നുള്ളവ’  ആയിരിക്കുമെന്ന് പ്രധാനമന്ത്രി ബിരുദധാരികൾക്ക് മുന്നറിയിപ്പ് നൽകി. മുൻകൂട്ടി നിശ്ചയിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിൽ മാത്രമല്ല, സമൂഹം ചോദ്യം ചെയ്യാതെ അംഗീകരിച്ചുപോന്ന പ്രശ്നങ്ങളെ തിരിച്ചറിഞ്ഞ് പരിഹരിക്കുന്നതിലാണ് യഥാർത്ഥ വിജയം കുടികൊള്ളുന്നതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.”ലോകം സംശയം പ്രകടിപ്പിച്ചിരുന്ന അത്തരം നിർണ്ണായക വിഷയങ്ങളെ ധൈര്യപൂർവ്വം തിരിച്ചറിഞ്ഞു അവസാനിപ്പിച്ചു എന്നതായിരുന്നു പല പൂർവ്വവിദ്യാർത്ഥികളുടെയും വിജയത്തിന്റെ അടിസ്ഥാനം,” ശ്രീ മോദി പറഞ്ഞു.

കഴിഞ്ഞ തലമുറകൾ പേറിയ ചരിത്രപരമായ ബുദ്ധിമുട്ടുകളെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, സ്വാതന്ത്ര്യം നേടുക എന്ന ഒറ്റ ലക്ഷ്യം വലിയ ത്യാഗങ്ങളും തപസ്യയും നിറഞ്ഞ ഒരു കാലഘട്ടത്തെ എങ്ങനെ നിർവ്വചിച്ചുവെന്ന് ഓർമ്മിപ്പിച്ചു. അടുത്ത മൂന്ന് ദശകങ്ങളിലെ തങ്ങളുടെ ഔദ്യോഗിക ജീവിതത്തെ രാജ്യത്തിന്റെ വികസന ലക്ഷ്യങ്ങളുമായി നേരിട്ട് ബന്ധിപ്പിച്ചുകൊണ്ട് സ്വന്തം പാരമ്പര്യം അടയാളപ്പെടുത്താൻ അദ്ദേഹം ഈ തലമുറയോട് ആഹ്വാനം ചെയ്തു. “നിങ്ങളുടെ ഓരോ തീരുമാനത്തിന്റെയും അടിസ്ഥാനം രാജ്യത്തിന് എന്താണ് പ്രയോജനം എന്നും ഏത് ദേശീയ ആവശ്യമാണ് അത് നിറവേറ്റുന്നത് എന്നതുമായിരിക്കണം,” ശ്രീ മോദി വ്യക്തമാക്കി.

സാമ്പത്തിക, സാങ്കേതിക, വ്യാവസായിക മേഖലകളിലുടനീളം സമഗ്രമായ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള ഗവണ്മെന്റിന്റെ ശക്തമായ മുന്നേറ്റം വിശദീകരിച്ച പ്രധാനമന്ത്രി, യുവാക്കളുടെ ശാക്തീകരണമാണ് ‘വികസിത ഭാരതത്തിന്റെ’ ആത്യന്തികമായ അടിത്തറയെന്ന് അടിവരയിട്ടു. പരമ്പരാഗതമായി നിയന്ത്രണങ്ങളുണ്ടായിരുന്ന മേഖലകൾ ജനകീയവൽക്കരിക്കാനും നവീനാശയങ്ങളുള്ള യുവാക്കൾക്ക്  തുറന്നുകൊടുക്കാനുമുള്ള ഗവണ്മെന്റിന്റെ തന്ത്രപരവും നയപരവുമായ തീരുമാനങ്ങളെ അദ്ദേഹം പ്രശംസിച്ചു. “രാജ്യത്തെ യുവാക്കൾ എത്രത്തോളം ശാക്തീകരിക്കപ്പെടുന്നുവോ, അത്രത്തോളം മുഴുവൻ രാജ്യവും ശാക്തീകരിക്കപ്പെടും,” ശ്രീ മോദി നിരീക്ഷിച്ചു.

തന്ത്രപരമായ ഗവണ്മെന്റ് പരിഷ്കാരങ്ങളെത്തുടർന്ന് ബഹിരാകാശ മേഖലയിലുണ്ടായ വൻ വളർച്ച ചൂണ്ടിക്കാണിച്ച പ്രധാനമന്ത്രി, മുമ്പ് ചില വിരലെണ്ണാവുന്ന രാജ്യങ്ങൾക്ക് മാത്രം സാധ്യമായിരുന്ന സ്വന്തം റോക്കറ്റുകൾ രൂപകൽപ്പന ചെയ്യുകയും വിക്ഷേപിക്കുകയും ചെയ്യുന്ന യുവ എഞ്ചിനീയർമാരുടെ മഹത്തായ നേട്ടങ്ങളെ അഭിനന്ദിച്ചു. “ഇന്ന്, അതേ ബഹിരാകാശ മേഖല നമ്മുടെ ആയിരക്കണക്കിന് ചെറുപ്പക്കാർക്ക് പുതിയ അവസരങ്ങളുടെ മനോഹരമായ വിഹായസായി മാറിയിരിക്കുന്നു,” ശ്രീ മോദി ഓർമ്മിപ്പിച്ചു.

സെമികണ്ടക്ടർ ഉൽപ്പാദനത്തിൽ രാജ്യത്തുണ്ടായ ദ്രുതഗതിയിലുള്ള പുരോഗതിയിലേക്ക് വിരൽചൂണ്ടിയ പ്രധാനമന്ത്രി, മുൻകാലങ്ങളിലെ സംശയങ്ങളെ തള്ളിക്കളയുകയും, പ്രാരംഭ ഉൽപ്പാദന യൂണിറ്റുകൾ പ്രവർത്തനം ആരംഭിക്കുകയും ദേശീയ ആത്മവിശ്വാസത്തിന് വഴിവെക്കുകയും ചെയ്തതായി അഭിമാനത്തോടെ ചൂണ്ടിക്കാട്ടി. “‘ഇന്ത്യയിൽ ഒരു ചിപ്പ് നിർമ്മിക്കുന്ന എന്റെ പരമ്പരയിലെ ആദ്യത്തെയാൾ ഞാനാണ്’ എന്ന് തികഞ്ഞ ആത്മവിശ്വാസത്തോടെയും അഭിമാനത്തോടെയും ഇന്ന് യുവാക്കൾ പറയുന്നു,” ശ്രീ മോദി അഭിപ്രായപ്പെട്ടു.

ഡ്രോൺ മേഖലയിലുണ്ടായ വിപ്ലവാത്മകമായ മാറ്റങ്ങൾ എടുത്തുകാണിച്ച പ്രധാനമന്ത്രി, കൃഷി, വൈദ്യസഹായ വിതരണം മുതൽ പ്രതിരോധം വരെയുള്ള മേഖലകളിൽ നൂതനാശയങ്ങളുള്ള യുവജനങ്ങൾ എങ്ങനെയാണ് മാറ്റങ്ങൾ കൊണ്ടുവരുന്നതെന്ന് വിശദീകരിച്ചു. “ഇന്ന്, ഈ മേഖലയിൽ വലിയ പ്രചോദനം ഉൾക്കൊണ്ട ചെറുപ്പക്കാർ വിസ്മയിപ്പിക്കുന്ന പുതിയ സാധ്യതകൾ സജീവമായി സൃഷ്ടിക്കുകയാണ്,” ശ്രീ മോദി ഉറപ്പിച്ചു പറഞ്ഞു.

ഇന്ത്യയുടെ സ്റ്റാർട്ടപ്പ് വിപ്ലവത്തിന് കരുത്തുപകരുന്നതിൽ ഈ തലമുറയെ അഭിനന്ദിച്ച പ്രധാനമന്ത്രി, യൂണികോണുകൾ, ഡിജിറ്റൽ പേയ്മെന്റുകൾ, ഫിൻടെക് മുന്നേറ്റം എന്നിവ സൃഷ്ടിച്ച വൻ സാമ്പത്തിക ചലനങ്ങളെ അതിശയകരമെന്നു വിശേഷിപ്പിച്ചു. ഇത് ദശലക്ഷക്കണക്കിന് ആളുകൾക്ക് സമാനതകളില്ലാത്ത സംരംഭകത്വ വേദികളാണ് ഒരുക്കി നൽകിയത്. “ഈ വിപ്ലവങ്ങളെല്ലാം രാജ്യത്തെ ദശലക്ഷക്കണക്കിന് യുവാക്കൾക്ക് ആദ്യമായി തികച്ചും പുതിയ എന്തെങ്കിലും ചെയ്യാനുള്ള മികച്ച അവസരമാണ് നൽകിയിരിക്കുന്നത്,” ശ്രീ മോദി വ്യക്തമാക്കി.

ഭാവി സാങ്കേതിക ആധിപത്യത്തിന്റെ പുതിയ മേഖലകളെ അടയാളപ്പെടുത്തിയ പ്രധാനമന്ത്രി, നിർമ്മിത ബുദ്ധി, ഡാറ്റാ സെന്ററുകൾ, നിർണായക ധാധുക്കൾ, ആഴക്കടൽ പര്യവേഷണം, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ഊർജ്ജ സുരക്ഷ തുടങ്ങിയ വളർന്നുവരുന്ന തന്ത്രപ്രധാന മേഖലകളെ എടുത്തുപറഞ്ഞു. “ഇത്തരം അത്യാധുനിക മേഖലകൾ നിങ്ങളുടെ മികച്ച കഴിവുകൾക്കായും, ധീരമായ നൂതനാശയങ്ങൾക്കായും, ശക്തമായ നേതൃത്വത്തിനായും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്,” ശ്രീ മോദി നിരീക്ഷിച്ചു.

നൂതന ഗവേഷണങ്ങളിലേക്കുള്ള രാജ്യത്തിന്റെ വലിയൊരു മാറ്റത്തെ എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ‘പ്രൈം മിനിസ്റ്റേഴ്‌സ് റിസർച്ച് ഫെലോഷിപ്പ്’, ലക്ഷം കോടി രൂപ വരെയുള്ള അഭൂതപൂർവ്വമായ സാമ്പത്തിക ലക്ഷ്യത്തോടെയുള്ള ‘അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷന്റെ’ രൂപീകരണം എന്നിവയുൾപ്പെടെയുള്ള ശക്തമായ പിന്തുണാ സംവിധാനങ്ങൾ വിശദീകരിച്ചു. “ഇന്ന് രാജ്യത്തിന് പുതിയ ഗവേഷണങ്ങൾ അത്യന്താപേക്ഷിതമാണ്, നമ്മുടെ ഭരണപരമായ ശ്രദ്ധയും അത്രതന്നെ ശക്തമായി ഗവേഷണങ്ങളിൽ തന്നെയാണ്,” ശ്രീ മോദി നിരീക്ഷിച്ചു.

അക്കാദമിക് വിഭവങ്ങൾ ഏവർക്കും ലഭ്യമാക്കുന്നതിനുള്ള ഉദ്യമങ്ങൾ വിശദീകരിച്ച പ്രധാനമന്ത്രി, ‘ഒരു രാജ്യം ഒരു സബ്സ്ക്രിപ്ഷൻ’  പദ്ധതി എടുത്തുപറഞ്ഞു. പ്രശസ്തമായ ആഗോള ഗവേഷണ ജേണലുകൾ അധിക ചിലവുകളില്ലാതെ ചെറിയ നഗരങ്ങളിൽ പോലും ലഭ്യമാകുന്നുണ്ടെന്ന് ഇത് ഉറപ്പാക്കുന്നു. മുന്നിൽ  ദീർഘയാത്രയാണുള്ളതെന്ന് അംഗീകരിച്ച അദ്ദേഹം, ഈ ഗവേഷണ നവീകരണത്തിന് നേതൃത്വം നൽകാനുള്ള യുവാക്കളുടെ പ്രതിബദ്ധതയിൽ പൂർണ്ണ വിശ്വാസം അർപ്പിച്ചു. “ഗവേഷണവുമായി ബന്ധപ്പെട്ട ഈ മഹത്തായ ദൗത്യം നിങ്ങളുടെയെല്ലാം അചഞ്ചലമായ പ്രതിബദ്ധതയിലൂടെ മാത്രമേ സാധ്യമാകൂ,” ശ്രീ മോദി വ്യക്തമാക്കി.

സാമൂഹ്യ മാധ്യമയുഗത്തിലെ ഹാനികരമായ ശ്രദ്ധതിരിക്കലുകൾക്കെതിരെ ബിരുദധാരികൾക്ക് മുന്നറിയിപ്പ് നൽകിയ പ്രധാനമന്ത്രി, തങ്ങളുടെ ശമ്പളമോ ജോലിയോ സ്റ്റാർട്ടപ്പ് നേട്ടങ്ങളോ സഹപാഠികളുമായി താരതമ്യം ചെയ്യുന്നത് പൂർണ്ണമായും ഒഴിവാക്കാൻ അഭ്യർത്ഥിച്ചു. സ്വയം മെച്ചപ്പെടുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ തന്നെ, മാനസികവും ശാരീരികവുമായ ക്ഷേമത്തിന് മുൻഗണന നൽകാൻ അദ്ദേഹം അവരെ ഉപദേശിച്ചു. “ഓർക്കുക, ജീവിതം ഒരു ലീഡർ ബോർഡ് അല്ല; നിങ്ങളുടെ യഥാർത്ഥ മത്സരം മറ്റാരുമായുമല്ല, അത് നിങ്ങളോടുതന്നെയാണ്,” ശ്രീ മോദി പറഞ്ഞു.

പ്രസംഗം ഉപസംഹരിച്ചുകൊണ്ട് വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കും അധ്യാപകർക്കും ഈ നാഴികക്കല്ലിലേക്ക് അവരെ നയിച്ച മുഴുവൻ സ്ഥാപന പിന്തുണാ ശൃംഖലയ്ക്കും പ്രധാനമന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു.”നിങ്ങളുടെ ഭാവി ശോഭനമായിരിക്കട്ടെ, നിങ്ങൾക്ക് തുടർച്ചയായി പുതിയ ഉയരങ്ങൾ ധൈര്യപൂർവ്വം കീഴടക്കാൻ സാധിക്കട്ടെ,” ശ്രീ മോദി ആശംസിച്ചു.

********

-SK-