Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഒഡിഷയിലെ ഫോനി ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങളില്‍ പ്രധാനമന്ത്രി വ്യോമ നിരീക്ഷണം നടത്തി


ഫോനി ചുഴലിക്കാറ്റ് ഈ മാസം മൂന്നിന് നാശം വിതച്ച ഒഡിഷയിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് വിലയിരുത്തി. പിപ്പിലി, പുരി, കൊണാര്‍ക്, നിമപാദ, ഭുവനേശ്വര്‍ എന്നിവിടങ്ങളില്‍ പ്രധാനമന്ത്രി വ്യോമ നിരീക്ഷണം നടത്തി. ഗവര്‍ണര്‍ പ്രൊഫ. ഗണേശി ലാല്‍, മുഖ്യമന്ത്രി ശ്രീ. നവീന്‍ പട്‌നായിക്, കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ശ്രീ. ധര്‍മ്മേന്ദ്രേ പ്രധാന്‍ എന്നിവരും വ്യോമ നിരീക്ഷണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയൊടൊപ്പം ഉണ്ടായിരുന്നു.

പിന്നീട് സംസ്ഥാനത്തെയും, കേന്ദ്രത്തിലെയും മുതിര്‍ന്ന ഒരു ഉദ്യോഗസ്ഥരുടെ ഒരു യോഗത്തില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളും, രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും പ്രധാനമന്ത്രി വിലയിരുത്തി. സംസ്ഥാനത്തിന് സാധ്യമായ എല്ലാ സഹായവും പ്രധാനമന്ത്രി ഉറപ്പ്‌നല്‍കി. ആയിരം കോടി രൂപയുടെ അടിയന്തിര സഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം 29 ന് സംസ്ഥാന ഗവണ്‍മെന്റിന് അനുവദിച്ച 341 കോടി രൂപയ്ക്ക് പുറമെയാണിത്. കേന്ദ്രത്തില്‍ നിന്നുള്ള അന്തര്‍ മന്ത്രാലയ സംഘത്തിന്റെ വിലയിരുത്തലിന് ശേഷം കൂടുതല്‍ വാഗ്ദാനം അദ്ദേഹം ഉറപ്പ് നല്‍കി.

ഒഡിഷയിലെ ജനങ്ങളോട് പ്രധാനമന്ത്രി പൂര്‍ണ്ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. അടിയന്തിര സഹായം ലഭ്യമാക്കുന്നതില്‍ മാത്രമല്ല സംസ്ഥാനത്തിന്റെ പുനര്‍ നിര്‍മ്മാണം ഉറപ്പാക്കുന്നതിലും കേന്ദ്ര ഗവണ്‍മെന്റ് പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. കൂടുതല്‍ ജീവഹാനി ഒഴിവാക്കുന്നതില്‍ ഉപഗ്രഹ ചിത്രങ്ങളും ആധുനിക കാലാവസ്ഥാ പ്രവചന സങ്കേതങ്ങളും വഹിച്ച പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു. ഒരു ദശലക്ഷത്തിലധികം പേരെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റുന്നതിന് സംസ്ഥാന ഗവണ്‍മെന്റിന്റെ ശ്രമങ്ങളെയും, സൂക്ഷ്മമായ കാലാവസ്ഥാ പ്രവചനങ്ങള്‍ നല്‍കുന്നതില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെയും അദ്ദേഹം പ്രകീര്‍ത്തിച്ചു. പൂര്‍വ്വാവസ്ഥയില്‍ എത്താനുള്ള ജനങ്ങളുടെ കഴിവിനെയും തീരമേഖലകളില്‍ കഴിയുന്ന മത്സ്യതൊഴിലാളികളെയും അദ്ദേഹം അഭിനന്ദിച്ചു. ജീവഹാനി പരമാവധി കുറയ്ക്കുന്നതില്‍ കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകള്‍ തമ്മില്‍ ഉണ്ടായ മികച്ച ഏകോപനത്തിനും അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി. ഒരു തീര സംസ്ഥാനത്തെ മുഖ്യമന്ത്രിയായിരുന്ന തനിക്ക് ഇത്തരം ഒരു ചുഴലിക്കാറ്റ് വരുത്താന്‍ ഇടയുള്ള നാശ നഷ്ടങ്ങളുടെ തോത് വ്യക്തമായി അറിയാമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

അടിസ്ഥാന സൗകര്യങ്ങള്‍, ഭവനങ്ങള്‍, മത്സ്യ തൊഴിലാളി മേഖല എന്നിവയ്ക്ക് ഉണ്ടായ നാശനഷ്ടങ്ങളുടെ ഉണ്ടായ തോത് വിലയിരുത്താനും ഒരു കേന്ദ്ര സംഘം അടുത്ത് തന്നെ സംസ്ഥാനം സന്ദര്‍ശിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി. വൈദ്യുതി, വാര്‍ത്താ വിനിമയം, റെയില്‍വെ മുതലായ സേവനങ്ങള്‍ എത്രയും വേഗം പുനസ്ഥാപിക്കാന്‍ കേന്ദ്ര, സംസ്ഥാന ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്തെ താറുമാറായ റോഡുകള്‍ നന്നാക്കുന്നതിന് ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളാനും സംസ്ഥാനത്തിന് സാധ്യമായ എല്ലാ സഹായവും നല്‍കാനും കേന്ദ്ര റോഡ് ഉപരിതല ഗതാഗത മന്ത്രാലയത്തിന് അദ്ദേഹം നിര്‍ദ്ദേശം നല്‍കി. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് വിളഇന്‍ഷ്വറന്‍സുമായി ബന്ധപ്പെട്ട കൃഷിക്കാരുടെ ക്ലെയിമുകള്‍ പരിശോധിക്കുന്നതിന് നിരീക്ഷകരെ ഉടനെ അയയ്ക്കാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കി.

ചുഴലിക്കാറ്റില്‍ ഗുരുതരമായി പരിക്കേറ്റവരുടെ ആശ്രിതര്‍ക്ക് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ ആശ്വാസ ധനം പ്രഖ്യാപിച്ചു. ഈ ദുരിത വേളയില്‍ കേന്ദ്ര ഗവണ്‍മെന്റ് സംസ്ഥാനത്തെ ജനങ്ങളോടൊപ്പം തോളോട്‌തോള്‍ ചേര്‍ന്ന് നില്‍ക്കുകയാണെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി.