പിഎം ഇന്ത്യ
നമ്മൾ ഇന്ന് ഒത്തുചേർന്നിരിക്കുന്ന ഈ ഭൂമിയുടെ പരമ്പരാഗത ഉടമകളെ കൃതജ്ഞതയോടെ സ്മരിച്ചുകൊണ്ട് ആരംഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഒപ്പം അവരുടെ മുൻകാലങ്ങളിലെയും ഇപ്പോഴത്തെയും ഉയർന്നുവരുന്നതുമായ മുതിർന്ന നേതാക്കൾക്ക് ഞാൻ എന്റെ ആദരമർപ്പിക്കുകയും ചെയ്യുന്നു.
വണക്കം മെൽബൺ
നമസ്കാരം സുഹൃത്തുക്കളേ!
നിങ്ങൾക്കെല്ലാവർക്കും സുഖം തന്നെയല്ലേ?
കെം ഛോ? (സുഖമാണോ?)
ഈ പരിപാടി ഹൗസ് ഫുള്ളാണ്, ഇതൊരു ബ്ലോക്ക്ബസ്റ്റർ തന്നെയാണ്.
ഞാൻ എന്റെ പ്രസംഗം ആരംഭിക്കുന്നതിന് മുമ്പ് നിങ്ങളെല്ലാവരും നിങ്ങളുടെ മൊബൈൽ ഫോൺ ഫ്ലാഷ്‌ലൈറ്റുകൾ ഓൺ ചെയ്ത് വിക്ടോറിയയിലെ പ്രീമിയറെയും എന്റെ സുഹൃത്തായ പ്രധാനമന്ത്രിയെയും ആദരിക്കുന്നതിൽ എന്നോടൊപ്പം പങ്കുചേരാൻ ഞാൻ അഭ്യർത്ഥിക്കുന്നു.
സുഹൃത്തുക്കളേ,
ഇതിന് മുമ്പ് ഞാൻ നിങ്ങളെ രണ്ട് തവണ സിഡ്നിയിൽ വെച്ച് കണ്ടിരുന്നു. മെൽബണിലെ ജനങ്ങളെ കാണാൻ ഞാനും ഏറെ ആഗ്രഹിച്ചിരിക്കുകയായിരുന്നു. അതുകൊണ്ട്, ഇത്തവണ മെൽബണിലെ ജനങ്ങൾക്കൊപ്പം ഒരു കപ്പ് ‘ഫ്ലാറ്റ് വൈറ്റ് കോഫി’ കുടിച്ച് ആസ്വദിക്കാമെന്ന് ഞാൻ വിചാരിച്ചു.
സുഹൃത്തുക്കളേ,
നിങ്ങളെല്ലാവരും – നമ്മുടെ ഓസ്ട്രേലിയൻ സുഹൃത്തുക്കളും – എത്രത്തോളം ഊർജ്ജസ്വലതയോടെയാണ് ഞങ്ങളെ സ്വാഗതം ചെയ്തത് എന്നത് ശരിക്കും അത്ഭുതപ്പെടുത്തുന്നതാണ്. ഒരു തരത്തിൽ പറഞ്ഞാൽ മെൽബൺ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നു.
സുഹൃത്തുക്കളേ,
എന്റെ സുഹൃത്തും ഇന്ത്യയുടെ നല്ലൊരു സുഹൃത്തുമായ പ്രധാനമന്ത്രി ആന്തണി ആൽബനീസിനോടും ഞാൻ കൃതജ്ഞതയുള്ളവനാണ്. താങ്കൾ സിഡ്നിയിൽ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു, ഇന്ന് വീണ്ടും ഇവിടെ മെൽബണിൽ ഇന്ത്യൻ സമൂഹത്തിന് നടുവിലും എത്തിയിരിക്കുകയാണ്. ഒരു തരത്തിൽ പറഞ്ഞാൽ നമ്മൾ ഒരു വൃത്തം പൂർത്തിയാക്കിയതുപോലെ തോന്നുന്നു.
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന അഹമ്മദാബാദും ഐതിഹാസികമായ സ്റ്റേഡിയം നിലകൊള്ളുന്ന മെൽബണും — നമ്മൾ ഒന്നിലധികം വഴികളിലൂടെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. സുഹൃത്തുക്കളേ, പ്രധാനമന്ത്രി ആൽബനീസ് സംസാരിക്കുമ്പോഴെല്ലാം അദ്ദേഹം ഇന്ത്യക്കാരുടെ ഹൃദയവും മനസ്സും കീഴടക്കാറുണ്ടെന്ന് നമ്മളെല്ലാവരും കണ്ടിട്ടുള്ളതാണ്. താങ്കൾ സിഡ്നിയിൽ വലിയൊരു തരംഗം സൃഷ്ടിച്ചു, ഇപ്പോൾ ഇവിടെ മെൽബണിലും അത് ആവർത്തിച്ചിരിക്കുന്നു.
വിക്ടോറിയയിലെ പ്രീമിയറുടെ ഊർജ്ജസ്വലമായ വാക്കുകൾക്കും ഇന്ത്യയോട് അവർ പ്രകടിപ്പിച്ച ഊഷ്മളതയ്ക്കും സ്നേഹത്തിനും ഞാൻ എന്റെ നന്ദി അറിയിക്കുന്നു.
സുഹൃത്തുക്കളേ,
2014-ൽ ഞാൻ ഓസ്‌ട്രേലിയ സന്ദർശിച്ചപ്പോൾ 28 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമായിരുന്നു ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഇവിടെയെത്തിയത്. അങ്ങനെയൊരു സന്ദർശനത്തിനായി ഇനി നിങ്ങൾക്ക് മറ്റൊരു 28 വർഷം കൂടി കാത്തിരിക്കേണ്ടിവരില്ലെന്ന് അന്ന് ഞാൻ പറഞ്ഞത് ഒരുപക്ഷേ നിങ്ങൾ ഓർക്കുന്നുണ്ടാകാം.
കഴിഞ്ഞ 12 വർഷത്തിനിടയിൽ ഇത് എന്റെ മൂന്നാമത്തെ ഓസ്‌ട്രേലിയൻ സന്ദർശനമാണ് – മറ്റൊരു രീതിയിൽ പറഞ്ഞാൽ ഇത്തവണ ഞാൻ ഒരു ഹാട്രിക് അടിച്ചിരിക്കുകയാണ്. ഇന്ത്യ-ഓസ്‌ട്രേലിയ ബന്ധം കൈവരിച്ചിട്ടുള്ള ശ്രദ്ധേയമായ ഉയരങ്ങളെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ഇതിന്റെ ഏറ്റവും വലിയ ക്രെഡിറ്റ് ആർക്കാണെന്ന് നിങ്ങൾക്കറിയാമോ? മോദിക്കല്ല. എന്റെ സുഹൃത്തുക്കളായ നിങ്ങൾക്ക്, അതായത് ഇവിടുത്തെ ഇന്ത്യൻ പ്രവാസികൾക്കാണ് അതിന്റെ പൂർണ്ണമായ ക്രെഡിറ്റ്.
സുഹൃത്തുക്കളേ,
മെൽബണിൽ ഒരൊറ്റ ദിവസം കൊണ്ട് തന്നെ നാല് ഋതുക്കളും അനുഭവിക്കാൻ കഴിയുമെന്ന് ആളുകൾ പറയാറുണ്ട്. എന്നാൽ ഇന്ത്യൻ സമൂഹം തങ്ങളുടെ സമ്പന്നമായ സാംസ്കാരിക വർണ്ണങ്ങൾ കൊണ്ട് ഈ നഗരത്തെ കൂടുതൽ ഊർജ്ജസ്വലമാക്കിയിരിക്കുകയാണ്.
ഇവിടെ മെൽബണിലും അതിന്റെ പരിസര പ്രദേശങ്ങളിലും ഇന്ത്യയുടെ ആത്മാവ് തുടിക്കുന്ന നിരവധി സ്ഥലങ്ങളും വിപണികളുമുണ്ട്. ചിലർ അതിനെ ‘ലിറ്റിൽ ഇന്ത്യ’ എന്ന് വിളിക്കുന്നു, മറ്റു ചിലർ ‘മിനി ഇന്ത്യ’ എന്നും വിളിക്കുന്നു. പേര് എന്തുതന്നെയായാലും അവയിലെല്ലാം ഇന്ത്യൻ സംസ്കാരത്തിന്റെ നിറങ്ങൾ പടർന്നുകിടക്കുന്നു.
അടുത്തയിടെ ഒരാൾ അത്തരം ഒരു വിപണിയുടെ വീഡിയോ എന്നെ കാണിക്കുകയുണ്ടായി. അവിടെ എപ്പോഴും വലിയ രീതിയിലുള്ള വില്പനകൾ നടക്കാറുണ്ടെന്ന് ആ വീഡിയോയിൽ പറയുന്നുണ്ടായിരുന്നു. ആളുകൾ അവിടെ വലിയൊരു ഷോപ്പിംഗ് ആവേശത്തിൽ മുഴുകാറുമുണ്ട്. സാധനങ്ങൾ വാങ്ങാൻ ഉദ്ദേശ്യമില്ലാതെ പോകുന്നവർ പോലും എന്തെങ്കിലുമൊക്കെ വാങ്ങിയിട്ടേ അവിടെ നിന്ന് മടങ്ങാറുള്ളൂ. ഞാൻ പറയുന്നത് ശരിയല്ലേ?
സുഹൃത്തുക്കളേ,
നിങ്ങളിൽ പലരും ആദ്യമായി ഓസ്‌ട്രേലിയയിലേക്ക് വന്നു, എന്നാൽ മറ്റു പലരും ഇവിടെത്തന്നെ ജനിച്ചുവളർന്നവരാണ്. തലമുറകൾ മാറിയിട്ടുണ്ടാകാം, എങ്കിലും നിങ്ങൾക്കുള്ളിലെ ഇന്ത്യക്കാരന്റെ ആത്മാവ് എപ്പോഴും സജീവമായി നിലനിൽക്കുന്നുണ്ട്. നിങ്ങളുടെ വീടുകളിൽ ഒരേസമയം കുറഞ്ഞത് രണ്ട് ടൈം സോണുകളെങ്കിലും പിന്തുടരുന്നുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇവിടെ കുട്ടികൾ ഓസ്‌ട്രേലിയൻ സമയമനുസരിച്ച് സ്കൂളിൽ നിന്ന് മടങ്ങിയെത്തുമ്പോൾ ഇന്ത്യയിലുള്ള മുത്തശ്ശനും മുത്തശ്ശിയും ഒരു വീഡിയോ കോളിനായി ആകാംഷയോടെ കാത്തിരിക്കുകയാവും. ഇവിടെ അത് വാരാന്ത്യമായിരിക്കാം. എന്നാൽ ഇന്ത്യയിൽ നടക്കുന്ന ഒരു കുടുംബ കല്യാണം നിങ്ങൾ തത്സമയം കാണുകയായിരിക്കും. ദൂരം പതിനായിരക്കണക്കിന് കിലോമീറ്ററുകൾ ആയിരിക്കാം, എങ്കിലും നിങ്ങളുടെ ദൈനംദിന ജീവിതം ഇപ്പോഴും ഇന്ത്യയുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. ആ ബന്ധം നിലനിർത്തിക്കൊണ്ടുതന്നെ നിങ്ങളെല്ലാവരും ഓസ്‌ട്രേലിയയുടെ വളർച്ചയ്ക്കും പുരോഗതിക്കും പൂർണ്ണമനസ്സോടെ സംഭാവന നൽകുന്നു. നിങ്ങളിൽ ഓരോരുത്തരെയും ഓർത്ത് ഞാൻ അഭിമാനിക്കുന്നു.
സുഹൃത്തുക്കളേ,
നമ്മൾ ഇന്ത്യക്കാർ അങ്ങനെയാണ്. പഞ്ചസാര പാലിൽ ലയിച്ചുചേർന്ന് അതിനെ കൂടുതൽ മധുരമുള്ളതാക്കുന്നത് പോലെ, നമ്മൾ ഇന്ത്യക്കാർ പോകുന്നിടത്തെല്ലാം സ്നേഹം പകരുന്നു.
വീട്ടിലെ പാൽ ഒരുപക്ഷേ ഓസ്‌ട്രേലിയയിലേതായിരിക്കാം, എന്നാൽ ചായ ഇന്ത്യൻ ശൈലിയിലുള്ളതാണ്. പച്ചക്കറികളും പരിപ്പുവർഗ്ഗങ്ങളും ഓസ്‌ട്രേലിയയിൽ നിന്നുള്ളതായിരിക്കാം, എന്നാൽ അവ പാകം ചെയ്യുന്നത് ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങൾ ചേർത്താണ്.
സുഹൃത്തുക്കളേ,
ഈ ദിവസങ്ങളിൽ ഇന്ത്യയിൽ ‘ഭജൻ ക്ലബ്ബിംഗ്’ എന്നൊരു പുതിയ പ്രവണത പ്രചാരത്തിലാകുന്നത് നിങ്ങൾ കേട്ടിട്ടുണ്ടാകും. നമ്മുടെ പുതുതലമുറയാണ് ഇതിന് നേതൃത്വം നൽകുന്നത്. ഇവിടെ ഓസ്‌ട്രേലിയയിലും നിങ്ങളുടെ വാരാന്ത്യങ്ങൾ വിശ്വാസത്താലും ആത്മീയതയാലും നിറഞ്ഞതാണെന്ന് ഞാൻ കേട്ടിട്ടുണ്ട്.
എവിടെയെങ്കിലും ഒരു കുടുംബം സത്യനാരായണ കഥയ്ക്ക് ആതിഥേയത്വം വഹിക്കുകയായിരിക്കും; മറ്റൊരു സ്ഥലത്ത് ഗുരുദ്വാരയിൽ പ്രാർത്ഥനകൾ നടക്കുകയായിരിക്കും; വേറൊരുടത്ത് കുട്ടികൾ ബാംഗ്രയോ ഭരതനാട്യമോ അവതരിപ്പിക്കുകയായിരിക്കും; മറ്റൊരിടത്താകട്ടെ ഒരു ക്രിക്കറ്റ് ടൂർണമെന്റ് ആവേശത്തോടെ പുരോഗമിക്കുകയായിരിക്കും.
ഇപ്പോൾ ഇന്ത്യൻ ചലച്ചിത്രമേള പോലും മെൽബണിന്റെ സാംസ്കാരിക കലണ്ടറിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇവിടെ മെൽബണിൽ ഇന്ത്യൻ ചലച്ചിത്രമേള ആരംഭിക്കുകയാണ്. ഈ മേള വൻ വിജയമാകട്ടെയെന്ന് ഞാൻ മുൻകൂട്ടി ആശംസിക്കുന്നു.
സുഹൃത്തുക്കളേ,
നിങ്ങളെല്ലാവരും നിങ്ങളുടെ കഠിനാധ്വാനത്തിലൂടെ ഓസ്‌ട്രേലിയയുടെ വളർച്ചയ്ക്ക് സംഭാവന നൽകുന്നു. എങ്കിലും നിങ്ങളുടെ ഒരു കണ്ണ് എപ്പോഴും ഇന്ത്യയിലാണെന്ന് എനിക്കറിയാം. ഇന്ത്യയിൽ എന്താണ് സംഭവിക്കുന്നത് – അതിന്റെ പുരോഗതിയും വേഗതയും നേട്ടങ്ങളും – നിങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.
സുഹൃത്തുക്കളേ,
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ ഒരു വ്യക്തമായ ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത് — ഒരു വികസിത രാഷ്ട്രമായി മാറുക എന്നത്. ഈ യാത്രയുടെ ഭംഗി എന്തെന്നാൽ ഒരു സ്വപ്നം യാഥാർത്ഥ്യമാകുന്ന നിമിഷം തന്നെ പുതിയൊരു സ്വപ്നം ജന്മമെടുക്കുന്നുവെന്നതാണ്.
“ഒരു വിളക്ക് മറ്റൊന്നിന് വെളിച്ചം പകരുന്നു, അങ്ങനെ ആയിരങ്ങൾ ഒന്നിച്ച് പ്രകാശിക്കുന്നു” എന്ന് നമ്മൾ പറഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന് ഞാൻ പറയുന്നു: “ഒരു സ്വപ്നം മറ്റൊരു സ്വപ്നത്തിലേക്ക് നയിക്കുന്നു, വൈകാതെ ആയിരക്കണക്കിന് സ്വപ്നങ്ങൾ ജന്മമെടുക്കുന്നു.” ഓരോ തവണയും നമ്മൾ ഒരു ലക്ഷ്യം കൈവരിക്കുമ്പോൾ അതിനേക്കാൾ വലിയൊരു ലക്ഷ്യത്തിലേക്കാണ് നമ്മൾ കണ്ണ് വെക്കുന്നത്.
കൂടുതൽ വളരുക, കൂടുതൽ നേടുക എന്ന് വിശ്വസിക്കുന്ന ഇന്ത്യയാണിത്.
നമ്മൾ 140 കോടി ജനങ്ങളുടെ ആഗ്രഹങ്ങളുള്ള ഒരു രാജ്യമാണ്. മുന്നോട്ട് കുതിക്കാൻ നമ്മൾ അക്ഷമരാണ്, കൂടുതൽ നേടാൻ നമ്മൾ ആഗ്രഹിക്കുന്നു. നമ്മൾ ഇപ്പോൾത്തന്നെ ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാണ്, എന്നാൽ എത്രയും പെട്ടെന്ന് ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി മാറാൻ നമ്മൾ ആഗ്രഹിക്കുന്നു. കാരണം നമ്മുടെ പ്രചോദനം ലളിതമാണ്: കൂടുതൽ വളരുക, കൂടുതൽ നേടുക.
സുഹൃത്തുക്കളേ,
മറ്റൊരു രാജ്യത്തിനും കൈവരിക്കാനാകാത്ത വിധം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇന്ത്യ ചന്ദ്രയാനെ വിജയകരമായി ഇറക്കിയത് നിങ്ങൾ സ്വയം കണ്ടതാണ്. എന്നാൽ ഇന്ത്യ അവിടെക്കൊണ്ടും അവസാനിപ്പിച്ചില്ല, കാരണം ഇന്ത്യ വിശ്വസിക്കുന്നത് കൂടുതൽ വളരുക, കൂടുതൽ നേടുക എന്നാണ്.
അതുകൊണ്ടാണ് എന്റെ സുഹൃത്തുക്കളേ, ഇന്ത്യ ഇപ്പോൾ അതിന്റെ ഗഗൻയാൻ ദൗത്യം ബഹിരാകാശത്തേക്ക് അയക്കാൻ തയ്യാറെടുക്കുന്നത്. നമ്മുടെ സ്വന്തം ബഹിരാകാശ നിലയം നിർമ്മിക്കുക എന്ന ലക്ഷ്യവുമായും നമ്മൾ മുന്നോട്ട് പോവുകയാണ്.
സുഹൃത്തുക്കളേ,
ഏതാനും വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിലെ 5ജി സാങ്കേതികവിദ്യയെക്കുറിച്ച് നിരവധി ചോദ്യങ്ങൾ ഉണ്ടായിരുന്നു. അത് എപ്പോൾ ആരംഭിക്കും? അത് എങ്ങനെ നടപ്പിലാക്കും? അതിന് എത്ര സമയമെടുക്കും? 2022-ന്റെ അവസാനത്തോടെ നമ്മൾ 5ജി നടപ്പിലാക്കാൻ ആരംഭിച്ചു. ഇന്ന് ഇന്ത്യയിലെ 99 ശതമാനം ജില്ലകളിലും ഇത് ലഭ്യമാണ്. എന്റെ സുഹൃത്തുക്കളേ, ലോകത്തിൽ ഏറ്റവും വേഗത്തിൽ 5ജി നടപ്പിലാക്കിയ രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഇന്ത്യയെന്ന് അറിയുന്നതിൽ നിങ്ങൾക്ക് സന്തോഷമുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.
ഇന്ന് ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ 5ജി വിപണിയായി മാറിയിരിക്കുന്നു. അത് മാത്രമല്ല – ഇന്ത്യ ഇപ്പോൾ പൂർണ്ണമായും ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്ന 6ജി സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിലേക്ക് അതിവേഗം നീങ്ങുകയാണ്. കാരണം നമ്മൾ വിശ്വസിക്കുന്നത് കൂടുതൽ വളരുക, കൂടുതൽ നേടുക എന്നാണ്.
സുഹൃത്തുക്കളേ,
കഴിഞ്ഞ 12 വർഷത്തിനിടയിൽ ഇന്ത്യയിലുടനീളമുള്ള രണ്ട് ഡസനിലധികം നഗരങ്ങളിലേക്ക് മെട്രോ റെയിൽ ശൃംഖലകൾ വ്യാപിപ്പിച്ചിട്ടുണ്ട്. ഇന്ന് ഒരൊറ്റ ദിവസം കൊണ്ട് 1.25 കോടിയിലധികം ആളുകളാണ് മെട്രോയിൽ യാത്ര ചെയ്യുന്നത്. ഇന്ത്യക്ക് ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ മെട്രോ റെയിൽ ശൃംഖലയുണ്ട്. എന്നാൽ നമ്മൾ ഇന്ത്യക്കാർ അതിലും സംതൃപ്തരല്ല. നമ്മൾ വിശ്വസിക്കുന്നത് കൂടുതൽ വളരുക, കൂടുതൽ നേടുക എന്നാണ്.
അതുകൊണ്ടാണ് നമ്മൾ രാജ്യത്തുടനീളം ‘നമോ ഭാരത് റാപ്പിഡ് റെയിൽ’ പോലുള്ള അതിവേഗ ഗതാഗത സംവിധാനങ്ങളും ‘വന്ദേ ഭാരത്’ പോലുള്ള സെമി-ഹൈ-സ്പീഡ് ട്രെയിനുകളും അതിവേഗം വ്യാപിപ്പിക്കുന്നത്.
മറ്റൊരു ഉദാഹരണം മേക്ക് ഇൻ ഇന്ത്യയുടെ വിജയമാണ്. കഴിഞ്ഞ 12 വർഷത്തിനിടയിൽ മേക്ക് ഇൻ ഇന്ത്യ ഒരു ആഗോള ബ്രാൻഡായി വളർന്നുകഴിഞ്ഞു. ഇന്ത്യയിൽ നിർമ്മിച്ച മൊബൈൽ ഫോണുകളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും ലോകമെമ്പാടുമുള്ള വിപണികളിൽ എത്തിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ വാഹനങ്ങളും ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളും തങ്ങളുടെ ആഗോള സാന്നിധ്യം വർധിപ്പിച്ചിട്ടുണ്ട്. ഇന്ന് ഇന്ത്യയുടെ പ്രതിരോധ പ്ലാറ്റ്‌ഫോമുകളുടെ ശേഷിക്കും വിശ്വാസ്യതയ്ക്കും ലോകം സാക്ഷ്യം വഹിക്കുകയാണ്.
ഓപ്പറേഷൻ സിന്ദൂർ സമയത്തും ഇതിന്റെ തെളിവ് നിങ്ങൾ കണ്ടതാണ്. സ്ഫോടനങ്ങൾ ഭീകരരുടെ ഒളിത്താവളങ്ങളിലായിരുന്നു, എന്നാൽ അവയുടെ ആഘാതം ലോകമെമ്പാടും പ്രതിധ്വനിച്ചു. ഭീകര ക്യാമ്പുകൾക്ക് നേരെ നടത്തിയ ആ നിർണ്ണായകമായ ആക്രമണങ്ങൾ നിങ്ങളെ അഭിമാനം കൊള്ളിച്ചോ?
സുഹൃത്തുക്കളേ,
ഇന്ത്യ അവിടെക്കൊണ്ട് നിർത്താൻ ആഗ്രഹിക്കുന്നില്ല; ഇന്ത്യ പറയുന്നത് “കൂടുതൽ വളരുക, കൂടുതൽ നേടുക” എന്നാണ്. അതിനാൽ ഇന്ന് ഇന്ത്യയിൽ ചിപ്പുകൾ മുതൽ കപ്പലുകൾ വരെ നിർമ്മിക്കുന്ന ഒരു പുതിയ ഉൽപാദന ആവാസവ്യവസ്ഥ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
സുഹൃത്തുക്കളേ,
ഇന്ത്യയുടെ വലിയ സ്വപ്നങ്ങളുടെയും ധീരമായ ആഗ്രഹങ്ങളുടെയും അടിത്തറ അവിടുത്തെ ജനങ്ങളാണ്. ഇന്ത്യയിലെ പൗരന്മാരായ നമ്മൾ ജനങ്ങളാണ് ഈ സ്വപ്നങ്ങൾക്ക് ഊർജ്ജം നൽകുന്നത്. ജനങ്ങൾക്ക് പ്രഥമ പരിഗണന അല്ലെങ്കിൽ നാഗരിക് ദേവോ ഭവഃ – പൗരനാണ് പരമ പ്രധാനി എന്നത് ഇന്നത്തെ ഇന്ത്യയിലെ ഭരണനിർവഹണത്തിന്റെ മാർഗ്ഗരേഖയായി മാറിയിരിക്കുന്നു.
ഞാൻ നിങ്ങൾക്കൊരു ഉദാഹരണം നൽകാം. ഏതാനും വർഷങ്ങൾക്ക് മുമ്പുവരെ രേഖകൾ സാക്ഷ്യപ്പെടുത്തുന്നത് ഒരു പൊതു ആവശ്യമായിരുന്നു. നിങ്ങൾക്ക് എന്തിനെങ്കിലും അപേക്ഷിക്കണമെങ്കിലോ ഏതെങ്കിലും ഔദ്യോഗിക രേഖ സമർപ്പിക്കണമെങ്കിലോ ആദ്യം ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥനെക്കൊണ്ട് അത് സാക്ഷ്യപ്പെടുത്തണമായിരുന്നു.
തങ്ങൾ അവകാശപ്പെടുന്ന വ്യക്തി താൻ തന്നെയാണെന്ന് തെളിയിക്കാൻ വേണ്ടി മാത്രം ആളുകൾ അതിരാവിലെ മുതൽ നീണ്ട ക്യൂവിൽ നിൽക്കുമായിരുന്നു. എന്നാൽ ഞങ്ങളെ സംബന്ധിച്ചിടത്തോളം പൗരനാണ് പ്രഥമ പരിഗണന. ഇപ്പോൾ സ്ഥിതി അതല്ല. ഇന്ന് മിക്ക ആവശ്യങ്ങൾക്കും സ്വയം സാക്ഷ്യപ്പെടുത്തൽ മാത്രം മതിയാകും.
വിശ്വാസത്തിന്റെ ആ യാത്ര ഇപ്പോൾ ‘ഡിജിലോക്കർ’ ആയി വികസിച്ചിരിക്കുന്നു – ഇന്ത്യക്കാർക്ക് അവരുടെ രേഖകൾ ഡിജിറ്റൽ രൂപത്തിൽ സുരക്ഷിതമായി സൂക്ഷിക്കാൻ കഴിയുന്ന ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോം. വെറും ഒരൊറ്റ ക്ലിക്കിലൂടെ രേഖകൾ പങ്കുവെക്കാനും പരിശോധിക്കാനും അംഗീകരിക്കാനും സാധിക്കും.
സുഹൃത്തുക്കളേ,
ഒരു സംവിധാനം ഉണ്ടാക്കുക എന്നത് ഒരു കാര്യമാണ്. എന്നാൽ സുരക്ഷിതത്വത്തോടും വിശ്വാസ്യതയോടും കൂടി അത് വലിയ തോതിൽ നിർമ്മിച്ചെടുക്കുക എന്നത് അതിലും വലിയൊരു നേട്ടമാണ്. ഇന്ന് ഇന്ത്യയിൽ എത്രപേർ ഡിജിലോക്കർ ഉപയോഗിക്കുന്നുണ്ടെന്ന് നിങ്ങൾക്കറിയാമോ? അത് ഓർത്തുവെക്കാൻ എളുപ്പമുള്ള ഒരു സംഖ്യയല്ലെന്ന് എനിക്കറിയാം.
ഇന്നത്തെ കണക്കനുസരിച്ച് ഡിജിലോക്കറിന് 70 കോടിയിലധികം ഉപഭോക്താക്കളുണ്ട്. അവരെല്ലാവരും ചേർന്ന് 850 കോടിയിലധികം രേഖകളാണ് ഈ പ്ലാറ്റ്‌ഫോമിൽ സൂക്ഷിച്ചിരിക്കുന്നത്.
സുഹൃത്തുക്കളേ,
നമ്മുടെ നാഗരിക് ദേവോ ഭവഃ എന്ന തത്വശാസ്ത്രത്തിന്റെ മറ്റൊരു ഉദാഹരണമാണ് ഇന്ത്യയുടെ ആരോഗ്യ പരിപാലന രംഗം. ഇന്ന് ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് സുരക്ഷിതമായ ഒരു ഡിജിറ്റൽ ഹെൽത്ത് ഐഡിയുണ്ട്. അതിൽ അവരുടെ സമ്പൂർണ്ണ മെഡിക്കൽ പശ്ചാത്തലം ഡിജിറ്റലായി സൂക്ഷിച്ചിരിക്കുന്നു. ഇത് കൃത്യമായ രോഗനിർണ്ണയത്തിന് സഹായിക്കുകയും രാജ്യത്തുടനീളമുള്ള ആരോഗ്യ പരിപാലന സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യുന്നുണ്ട്.
അത് മാത്രമല്ല, ടെലി-കൺസൾട്ടേഷനും അതിവേഗം വളരുകയാണ്. ഗവൺമെന്റിൻ്റെ ‘ഇ-സഞ്ജീവനി’ പ്ലാറ്റ്‌ഫോമിലൂടെ ഇതുവരെ 48 കോടിയിലധികം ടെലി-കൺസൾട്ടേഷനുകൾ നടത്തിക്കഴിഞ്ഞു. 2,25,000-ത്തിലധികം ആരോഗ്യ സേവന ദാതാക്കൾ ഈ പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ടിരിക്കുന്നു.
സുഹൃത്തുക്കളേ,
ഒരു കാലത്ത് നിങ്ങളെല്ലാവരും പാസ്‌പോർട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ടാകും. ഒരു പാസ്‌പോർട്ട് ലഭിക്കാൻ എത്ര ആഴ്ചകൾ എടുത്തിരുന്നുവെന്ന് ഓർക്കുന്നുണ്ടോ? എന്നാൽ ഇന്ന് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഒരു പാസ്‌പോർട്ട് അനുവദിക്കപ്പെടുന്നു. ഇതാണ് പൗരന് പ്രഥമ പരിഗണന നൽകുന്ന ഭരണനിർവഹണം. ഇതാണ് നാഗരിക് ദേവോ ഭവഃ എന്ന മന്ത്രത്തിന്റെ വിജയം.
സുഹൃത്തുക്കളേ,
ഇന്ത്യ എത്രത്തോളം ശക്തമാകുന്നുവോ അത്രത്തോളം അത് മനുഷ്യരാശിക്ക് ആകമാനം ഗുണം ചെയ്യുമെന്ന് ഞാൻ പലപ്പോഴും പറയാറുണ്ട്. നമ്മുടെ കാലാതീതമായ തത്വം സർവേ ഭവന്തു സുഖിനഃ എന്നതാണ്, അതായത് എല്ലാവരും സന്തുഷ്ടരും സമൃദ്ധിയുള്ളവരുമായിരിക്കട്ടെ. ഈ ശാശ്വതമായ മൂല്യമാണ് ഇന്നത്തെ ഇന്ത്യയുടെ നയങ്ങൾക്കും പ്രവർത്തനങ്ങൾക്കും തുടർന്നും മാർഗ്ഗനിർദ്ദേശം നൽകുന്നത്.
സുഹൃത്തുക്കളേ,
കഴിഞ്ഞ മാസമാണ് വെനസ്വേലയിൽ വിനാശകരമായ ഭൂകമ്പമുണ്ടായത്. നാശനഷ്ടങ്ങൾ വളരെ വലുതായിരുന്നു, നൂറുകണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. ദൂരം ഒരു തടസ്സമാകാൻ നമ്മൾ അനുവദിച്ചില്ല. വെനസ്വേലയിലെ ജനങ്ങളുടെ ദുരിതത്തെ നമ്മൾ നമ്മുടേതായിത്തന്നെയാണ് കണ്ടത്. ദുരിതബാധിതരെ സഹായിക്കുന്നതിനായി ഇന്ത്യ ഒരു ദുരിതാശ്വാസ-രക്ഷാപ്രവർത്തനം ആരംഭിച്ചു.
നമ്മൾ എത്രയും വേഗം സഹായം എത്തിക്കുകയും നമ്മുടെ വിദഗ്ധരെ വിന്യസിക്കുകയും ചെയ്തു. ഒപ്പം നമ്മുടെ മെഡിക്കൽ സംഘങ്ങൾ കാലതാമസമില്ലാതെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ഈ ശ്രമങ്ങൾ നിരവധി ജീവനുകൾ രക്ഷിക്കാൻ സഹായിച്ചുവെന്നതിൽ എനിക്ക് അതീവ സംതൃപ്തിയുണ്ട്.
സുഹൃത്തുക്കളേ,
ഇതുപോലെ തന്നെ തുർക്കിയെയിലും സിറിയയിലും വിനാശകരമായ ഭൂകമ്പങ്ങൾ ഉണ്ടായപ്പോൾ ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങൾ എത്തിച്ചുകൊണ്ട് ഇന്ത്യ അതിവേഗം പ്രതികരിച്ചിരുന്നു. ഇത്തരത്തിലുള്ള നിരവധി ഉദാഹരണങ്ങളുണ്ട്. കഴിഞ്ഞ വർഷം മ്യാൻമറിനെ പിന്തുണയ്ക്കുന്നതിനായി നമ്മൾ ഓപ്പറേഷൻ ബ്രഹ്മ ആരംഭിച്ചു. ശ്രീലങ്കയിൽ വിനാശകരമായ ചുഴലിക്കാറ്റ് വീശിയടിച്ചപ്പോൾ ദുരിതാശ്വാസവും സഹായവും എത്തിക്കുന്നതിനായി നമ്മൾ ഓപ്പറേഷൻ സാഗർ ബന്ധു നടത്തി.
സുഹൃത്തുക്കളെ,
കോവിഡ്-19 മഹാമാരിയുടെ ഓർമ്മകൾ ഇപ്പോഴും നമ്മുടെ മനസ്സിൽ മായാതെ നിൽക്കുന്നു. ആ പ്രയാസകരമായ സമയത്ത് ഇന്ത്യ സ്വന്തം പൗരന്മാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കുക മാത്രമല്ല, മറ്റ് നിരവധി രാജ്യങ്ങളിലെ പൗരന്മാരെ അവരുടെ രാജ്യങ്ങളിലേക്ക് സുരക്ഷിതമായി മടങ്ങാൻ സഹായിക്കുകയും ചെയ്തു. നമ്മൾ വൻതോതിലുള്ള രക്ഷാപ്രവർത്തനങ്ങൾ നടത്തുകയും ആവശ്യമുള്ളവർക്ക് മരുന്നുകൾ എത്തിക്കുകയും നൂറിലധികം രാജ്യങ്ങളിലേക്ക് വാക്സിനുകൾ വിതരണം ചെയ്യുകയും ചെയ്തു. സംഘർഷ മേഖലകളിൽ പോലും പ്രതിസന്ധിയിൽ അകപ്പെട്ട ആളുകളെ ഒഴിപ്പിക്കുന്നതിനായി ഇന്ത്യ എപ്പോഴും സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ട്.
സുഹൃത്തുക്കളേ,
ഇന്ത്യ ഒരു സഹായഹസ്തം നീട്ടുമ്പോൾ അത് പാസ്‌പോർട്ടുകൾ നോക്കാറില്ല. ഇന്ത്യ സഹായം അയക്കുമ്പോൾ പാസ്‌പോർട്ടിന്റെ നിറം നോക്കാറില്ല. അതുകൊണ്ടാണ് ലോകം ഇന്ത്യയെ ഇത്രയധികം വിശ്വാസമർപ്പിക്കുന്നത്.
സുഹൃത്തുക്കളേ,
മാനവസേവയിൽ ഓസ്‌ട്രേലിയയും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് എനിക്കറിയാം. ഈ പങ്കുവെക്കപ്പെട്ട പ്രതിബദ്ധത നമ്മുടെ ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തിന്റെ പ്രധാന സ്തംഭങ്ങളിലൊന്നാണ്.
നമ്മുടെ ബന്ധത്തെ കൂടുതൽ ദൃഢമാക്കുന്ന മറ്റൊരു മേഖല കൂടിയുണ്ട് – കായികരംഗം. കായിക ലോകത്ത് ഓസ്‌ട്രേലിയ എന്നത് ഒരു ബ്രാൻഡാണ്. ഇന്ത്യയിലും കായിക രംഗത്തിന്റെ ആവാസവ്യവസ്ഥ ശ്രദ്ധേയമായ ഒരു മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്.
സുഹൃത്തുക്കളെ,
നിങ്ങൾ ഖേലോ ഇന്ത്യ മിഷനെ കുറിച്ച് കേട്ടിട്ടുണ്ടാകും. ഇത് വെറുമൊരു കായിക നയം മാത്രമല്ല, സ്കൂൾ തലം മുതൽ തന്നെ യുവ അത്‌ലറ്റുകളുടെ ശക്തമായൊരു നിരയെ വാർത്തെടുക്കുന്ന ഒരു രാജ്യവ്യാപക പ്രസ്ഥാനമാണിത്. ലക്ഷക്കണക്കിന് അത്‌ലറ്റുകൾ പങ്കെടുക്കുന്ന ഖേലോ ഇന്ത്യ ഗെയിംസ് സ്കൂൾ, സർവകലാശാല, ദേശീയ തലങ്ങളിൽ സംഘടിപ്പിക്കപ്പെടുന്നു.
ഈ മിഷന് കീഴിൽ ഇന്ത്യയുടെ വിദൂര പ്രദേശങ്ങളിൽ പോലും കായിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചുവരുന്നു. ഇത് അത്‌ലറ്റുകൾക്ക്, പ്രത്യേകിച്ച് നമ്മുടെ പെൺമക്കൾക്ക് കൂടുതൽ മികച്ച അവസരങ്ങൾ സൃഷ്ടിക്കുന്നു. ഈ ശ്രമം നഗരങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല. ‘സൻസദ് ഖേൽ മഹാകുംഭ്’ പോലുള്ള സംരംഭങ്ങളിലൂടെ രാജ്യത്തുടനീളമുള്ള ഗ്രാമങ്ങളിൽ കായികരംഗവും കായികക്ഷമതയും പ്രോത്സാഹിപ്പിക്കപ്പെടുകയും അവയെ കരിയർ അവസരങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു.
ഇതിന്റെ ഫലങ്ങൾ കളിസ്ഥലങ്ങളിൽ ഇപ്പോൾ വ്യക്തമായി ദൃശ്യമാണ്. ഇന്ത്യയുടെ അത്‌ലറ്റുകളും കായിക ടീമുകളും മെച്ചപ്പെട്ട നിലയിൽ നിന്നും ഏറ്റവും മികച്ച നിലയിലേക്ക് ഉയർന്നുകൊണ്ടിരിക്കുകയാണ്.
സുഹൃത്തുക്കളെ,
ഈ ആത്മവിശ്വാസമാണ് ആഗോള കായികരംഗത്ത് ഇന്ത്യയെ അടുത്ത തലത്തിലേക്ക് എത്തിക്കുന്നത്. 2030-ലെ കോമൺവെൽത്ത് ഗെയിംസിന് ഇന്ത്യ ആതിഥേയത്വം വഹിക്കും. ഒപ്പം 2036 ലെ ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാനും ഞങ്ങൾ ശ്രമിക്കുന്നു. കായികരംഗത്ത് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള പങ്കാളിത്തം തുടർന്നും കൂടുതൽ ശക്തമായി വളരുമെന്ന് എനിക്ക് ഉറപ്പുണ്ട്.
സുഹൃത്തുക്കളേ,
ഇന്ത്യയും ഓസ്‌ട്രേലിയയും ഒന്നിച്ച് ചെയ്യുന്നതെന്തും ഇരു രാജ്യങ്ങൾക്കും ഒരുപോലെ ഗുണകരമാണ്. ഇതിനൊരു പ്രധാന ഉദാഹരണമാണ് ഇന്ത്യ-ഓസ്‌ട്രേലിയ വ്യാപാര കരാർ. ഈ ഷായരി (sher) ഒരുപക്ഷേ നിങ്ങൾ ഓർക്കുന്നുണ്ടാകാം:
‘മേം അകേലാ ഹി ചലാ ഥാ ജാനിബ്-ഇ-മൻസിൽ,
ലോഗ് സാഥ് ആത്തേ ഗയേ ഔർ കർവാൻ ബൻതാ ഗയാ.’
(ലക്ഷ്യത്തിലേക്ക് ഞാൻ ഒറ്റയ്ക്കാണ് നടന്നുതുടങ്ങിയത്, എന്നാൽ ആളുകൾ എന്നോടൊപ്പം ചേരുകയും അതൊരു വലിയ സംഘമായി മാറുകയും ചെയ്തു).
ഇതേ രീതിയിൽ ഇന്ത്യ-ഓസ്‌ട്രേലിയ കരാർ എന്നത് ഒരു തുടക്കം മാത്രമായിരുന്നു. ഇന്ന് ഇത് ലോകമെമ്പാടുമുള്ള നാൽപ്പതോളം രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകളായി വളർന്നുപന്തലിച്ചിരിക്കുകയാണ്.
സുഹൃത്തുക്കളേ,
നമ്മൾ വെറുമൊരു വ്യാപാര രാഷ്ട്രമല്ല. നവീനാശയത്തിനും ശാസ്ത്ര സാങ്കേതിക വിദ്യകൾക്കും നമ്മൾ വലിയ പ്രാധാന്യം നൽകുന്നു. ഓസ്‌ട്രേലിയയ്ക്ക് നിരവധി ശ്രദ്ധേയമായ നേട്ടങ്ങളുണ്ട്. ശ്രവണ സഹായികൾ, വൈ-ഫൈ, ഗർഭാശയഗള അർബുദ വാക്സിൻ, ഫ്ലൈറ്റ് ബ്ലാക്ക് ബോക്സ്, രഹസ്യ ബാലറ്റ് വോട്ടിംഗ് സമ്പ്രദായം തുടങ്ങിയ നവീനാശയനാശയങ്ങൾ ലോകത്തെ കൂടുതൽ മികച്ചൊരു ഇടമാക്കാൻ സഹായിക്കുന്നു.
സുഹൃത്തുക്കളേ,
ഇന്ത്യയും അതിന്റെ ശാസ്ത്ര, സാങ്കേതിക, നവീനാശയ മേഖലയെ മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് ഇന്ത്യയിലുടനീളമുള്ള പതിനായിരത്തിലധികം സ്കൂളുകളിൽ അടൽ ടിങ്കറിംഗ് ലാബുകൾ ഉണ്ടെന്നറിയുന്നത് നിങ്ങൾക്ക് സന്തോഷം നൽകും. ഈ ലാബുകൾ സ്കൂൾ തലം മുതൽ തന്നെ നവീനാശയത്തിന്റെ ഒരു മാനസികാവസ്ഥ വളർത്തിയെടുക്കുന്നു.
കഴിഞ്ഞ 12 വർഷത്തിനിടയിൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമായി മാറിയിരിക്കുന്നു. എന്നാൽ ഞാൻ ഇതിന്റെ കണക്കുകൾ പറയുകയാണെങ്കിൽ നിങ്ങളും അത്ഭുതപ്പെടും. ആ വിവരങ്ങൾ കേൾക്കാൻ നിങ്ങൾക്ക് താല്പര്യമുണ്ടോ?
ഇന്ന് ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത രണ്ട് ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകളുണ്ട്. ഓരോ മാസവും നാലായിരത്തിലധികം പുതിയ സ്റ്റാർട്ടപ്പുകളാണ് രാജ്യത്ത് രജിസ്റ്റർ ചെയ്യപ്പെടുന്നത്. പ്രതിരോധം, ബഹിരാകാശം തുടങ്ങിയ മേഖലകളിലും നൂറുകണക്കിന് സ്റ്റാർട്ടപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ഈ ഉദാഹരണങ്ങൾ ഞാൻ പങ്കുവെക്കാൻ കാരണം, ഈ മേഖലകളെല്ലാം ഒരു കാലത്ത് ഇന്ത്യയിൽ അടച്ചുപൂട്ടപ്പെട്ട നിലയിലായിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി മാത്രമാണ് ഇവ സ്വകാര്യ സംരംഭകത്വത്തിനായി തുറന്നുകൊടുത്തത്. ഇപ്പോൾ ഒരു ഇന്ത്യൻ ബഹിരാകാശ സ്റ്റാർട്ടപ്പ് ചരിത്രത്തിലാദ്യമായി സ്വന്തം റോക്കറ്റിൽ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ തയ്യാറെടുക്കുകയാണ്.
സുഹൃത്തുക്കളേ,
വിദ്യാഭ്യാസം, നൈപുണ്യം, നവീനാശയം എന്നീ മേഖലകളിലെ ഇന്ത്യ-ഓസ്‌ട്രേലിയ പങ്കാളിത്തം കൂടുതൽ ആഴത്തിലുള്ളതും ശക്തവുമായി മാറുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഇന്ന് ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളാണ് ഓസ്‌ട്രേലിയയിൽ വിദ്യാഭ്യാസം നടത്തുന്നത്. ഇപ്പോൾ ഓസ്‌ട്രേലിയൻ സർവകലാശാലകൾ ഇന്ത്യയിലും ക്യാമ്പസുകൾ ആരംഭിക്കുകയാണ്.
ഡീക്കിൻ സർവകലാശാലയുടെയും യൂണിവേഴ്സിറ്റി ഓഫ് വൊലൊങ്കോങ്ങിന്റെയും ക്യാമ്പസുകൾ ഇതിനകം തന്നെ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. കൂടുതൽ ഓസ്‌ട്രേലിയൻ സർവകലാശാലകൾ ഇതേ ദിശയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇത് പുതിയ ക്യാമ്പസുകൾ തുറക്കുന്നത് മാത്രമല്ല. മറിച്ച്, ആഗോള നേതാക്കളെ സജ്ജരാക്കുന്നതിനും ലോകത്തിനായി നൈപുണ്യവും നവീനാശശേഷിയുമുള്ള പ്രതിഭകളുടെ ഒരു നിരയെ സൃഷ്ടിക്കുന്നതിനുമുള്ള ഒരു ദൗത്യം കൂടിയാണ്.
സുഹൃത്തുക്കളേ,
ഇന്ത്യയെക്കുറിച്ച് ഇത്രയധികം കാര്യങ്ങൾ ഞാൻ നിങ്ങളുമായി പങ്കുവെച്ചു. ഇനി എനിക്കൊരു അഭ്യർത്ഥന കൂടി നടത്താനുണ്ട്. കുറച്ചുകാലം മുമ്പ് നമ്മുടെ ഇന്ത്യൻ പ്രവാസികളുടെ കുട്ടികൾക്കായി നമ്മൾ ‘ഭാരത് കോ ജാനിയേ ക്വിസ്’ ആരംഭിച്ചിരുന്നു. ഈ ക്വിസ് ഇന്ത്യയുടെ വൈവിധ്യത്തെ ലോകത്തിന് പരിചയപ്പെടുത്തുകയും അതേസമയം തന്നെ ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങളെയും അവരുടെ കുടുംബങ്ങളെയും അവരുടെ പൈതൃകവുമായി ബന്ധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഈ വർഷം ഓസ്‌ട്രേലിയയിലെ നിരവധി യുവ സുഹൃത്തുക്കൾ ഈ പരിപാടിയുടെ പ്രാഥമിക ഘട്ടത്തിൽ പങ്കെടുത്തതായി അറിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. ഈ മത്സരത്തിന്റെ ആറാമത് പതിപ്പ് ഇപ്പോൾ ആരംഭിക്കാൻ പോവുകയാണ്. ഇത്തവണ നിരവധി മത്സരങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഗെയിമിഫൈഡ് രൂപത്തിലായിരിക്കും ഇത് അവതരിപ്പിക്കുക. ഓസ്‌ട്രേലിയയിലുള്ള എല്ലാ ഇന്ത്യൻ കമ്മ്യൂണിറ്റി കുടുംബങ്ങളും ഇതിൽ പങ്കെടുക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. അതേസമയം നിങ്ങളുടെ ഓസ്‌ട്രേലിയൻ സുഹൃത്തുക്കളെയും സ്കൂളിലെയും കോളേജിലെയും സുഹൃത്തുക്കളെയും ഈ മത്സരത്തിൽ പങ്കെടുക്കാൻ ക്ഷണിക്കണമെന്നും ഞാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.
സുഹൃത്തുക്കളേ,
ഇന്ത്യ-ഓസ്‌ട്രേലിയ ബന്ധം ശക്തമാക്കുന്നതിൽ നിങ്ങളെല്ലാവരും കഠിനാധ്വാനം ചെയ്യുകയും വലിയ സംഭാവന നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ നിങ്ങളുടെ പങ്ക് ഇവിടെ അവസാനിക്കുന്നില്ല. വാസ്തവത്തിൽ നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ ഇപ്പോൾ കൂടുതൽ വർധിച്ചിരിക്കുന്നു. ഇന്ത്യ-ഓസ്‌ട്രേലിയ പങ്കാളിത്തം ഇപ്പോൾ ഒരു പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്.
അതിനാൽ, ഇതേ ആവേശത്തോടെ ഇന്ത്യ-ഓസ്‌ട്രേലിയ ബന്ധത്തിന് തുടർന്നും ഊർജ്ജം പകരുക. ഫോറുകളും സിക്സറുകളും അടിക്കുന്നത് തുടരുക. നിങ്ങളുടെ വിജയം ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും വിജയമാണ്.
സുഹൃത്തുക്കളേ,
ഇന്നത്തെ ഈ പരിപാടിക്ക് പ്രധാനമന്ത്രി ആൽബനീസിനും എന്റെ സുഹൃത്തുക്കളായ നിങ്ങൾക്കേവർക്കും ഞാൻ ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
ഭാരത് മാതാ കീ ജയ്
വന്ദേ മാതരം!
നിരാകരണം: ഇത് പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ പരിഭാഷ മാത്രമാണ്. യഥാർത്ഥ പ്രസംഗം ഹിന്ദിയിലായിരുന്നു.
-SK-
Excited to be among the Indian community in Melbourne. Their energy and enthusiasm are truly unmatched. They are one of the strongest pillars of India-Australia friendship. https://t.co/dG9F5vj5jr
— Narendra Modi (@narendramodi) July 9, 2026
The India of the 21st century is working towards becoming a developed nation. pic.twitter.com/Q53rgrGt6R
— PMO India (@PMOIndia) July 9, 2026
This is the India that says...
— PMO India (@PMOIndia) July 9, 2026
Grow More. Achieve More. pic.twitter.com/3oUoOEmO7r
Today, from chips to ships, India is developing a new manufacturing ecosystem. pic.twitter.com/z3paGO6j9p
— PMO India (@PMOIndia) July 9, 2026
The foundation of India's big dreams and great aspirations is its people... We, the People. pic.twitter.com/zoxCPv5133
— PMO India (@PMOIndia) July 9, 2026
"People First"... the mantra of "Nagrik Devo Bhava" has become the guiding principle of governance in India. pic.twitter.com/eeNst5lqkq
— PMO India (@PMOIndia) July 9, 2026
When India extends a helping hand, it does not look at passports... nor the colour of those passports.
— PMO India (@PMOIndia) July 9, 2026
That is why the world places such immense trust in India. pic.twitter.com/wkvfFB7L17
Thank you Melbourne!
— Narendra Modi (@narendramodi) July 9, 2026
Thank you Australia!
Today was electrifying… pic.twitter.com/O83XPoScgb
The community programme in Melbourne was made even more special with the presence of PM Albanese. His speech was outstanding, reflecting his deep commitment to India-Australia friendship and the immense value he places on our partnership.@AlboMP pic.twitter.com/U0krUPZTGm
— Narendra Modi (@narendramodi) July 9, 2026
विकसित होने के लक्ष्य को लेकर आगे बढ़ रहे भारत की प्रेरणा है- Grow More, Achieve More. pic.twitter.com/3btTfUXF8a
— Narendra Modi (@narendramodi) July 9, 2026
यही सिटिजन फर्स्ट गवर्नेंस है, यही नागरिक देवो भव के मंत्र की सफलता है… pic.twitter.com/hrjzZB4A5I
— Narendra Modi (@narendramodi) July 9, 2026
भारत जब मदद का हाथ बढ़ाता है तो पासपोर्ट का रंग नहीं देखता। इसलिए भारत पर दुनिया का भरोसा बढ़ता ही जा रहा है। pic.twitter.com/4QSSPRVZWZ
— Narendra Modi (@narendramodi) July 9, 2026
स्पोर्ट्स एक ऐसा सेक्टर है, जिससे भारत और ऑस्ट्रेलिया की साझेदारी को बहुत मजबूती मिलती है। मुझे पूरा विश्वास है कि दोनों देशों के बीच इस पार्टनरशिप का और विस्तार होगा। pic.twitter.com/VG5eA91jmq
— Narendra Modi (@narendramodi) July 9, 2026
मुझे खुशी है कि एजुकेशन, स्किल और इनोवेशन जैसे क्षेत्रों में भारत-ऑस्ट्रेलिया का रिश्ता और गहरा हो रहा है। pic.twitter.com/gwcFa2z7Zm
— Narendra Modi (@narendramodi) July 9, 2026