Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കര്‍ണാടകത്തിലെ തുങ്കൂറില്‍ നടന്ന യുവജന കണ്‍വെന്‍ഷനില്‍ 2018 മാര്‍ച്ച് 4-ന് വിഡിയോ കോണ്‍ഫറണ്‍സിങ്ങിലൂടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗം.


സംപൂജ്യനയ സ്വാമി ഗൗതമാനന്ദ്ജി മഹാരാജ്, സ്വാമി ജിദ്കമനാനന്ദ്ജി മഹാരാജ്, സ്വാമി പരമാനന്ദ്ജി മഹാരാജ്, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പൂജനീയരെ, പണ്ഡിതരെ, സമ്മേളത്തിന് എത്തിയിരിക്കുന്ന എന്റെ ആയിരക്കണക്കിനു
യുവ സുഹൃത്തുക്കളെ,

കന്നഡ ഭാഷയില്‍ ആശംസകള്‍.

തുങ്കൂറിലെ ഈ സ്റ്റേഡിയം അനേകായിരം വിവേകാനന്ദ സ്വാമിമാരുടെയും, നിവേദിത സിസ്റ്റര്‍മാരുടെയും ഊര്‍ജ്ജം കൊണ്ടു തിളങ്ങുകയാണ്. ഈ കുങ്കുമ വര്‍ണ്ണമകട്ടെ അതിന്റെ ആവേശം ഒരു പടികൂടി വര്‍ധിപ്പിക്കുന്നു. ഈ ഊര്‍ജ്ജത്തിന്റെ അനുഗ്രഹം വ്യക്തിപരമായി ഞാന്‍ തേടുകയാണ്. മൂന്നു ദിവസം മുമ്പ് സ്വാമി വിരേഷാനന്ദ്ജിയുടെ കത്ത് ലഭിച്ചപ്പോള്‍ നിങ്ങളോടൊപ്പം സന്നിഹിതനാകണമെന്ന് ഞാന്‍ വളരെ ആഗ്രഹിച്ചതാണ്. പക്ഷെ പെട്ടെന്ന് ചില തടസങ്ങള്‍ നേരിട്ടു. നാളെ മുതല്‍ പാര്‍ലമെന്റ് സമ്മേളനം തുടങ്ങുകയാണ് എന്നു നിങ്ങള്‍ക്ക് അറിയാമല്ലോ. അതുകൊണ്ട് നിങ്ങളുടെ അടുത്ത് എത്തിച്ചോരാന്‍ കുറച്ചു ബുദ്ധിമുട്ടുണ്ട്. എന്നാല്‍ നിങ്ങളുമായി സംവദിക്കാന്‍ എനിക്ക് അവസരം ലഭിച്ചിരിക്കുന്നു. അതിന് ആധുനിക സാങ്കേതിക വിദ്യയ്ക്ക് ഞാന്‍ നന്ദി പറയുന്നു.
ചെറുപ്പക്കാരുമായി സംവദിക്കുമ്പോള്‍ എന്തെങ്കിലും കാര്യങ്ങള്‍ പഠിക്കാന്‍ എപ്പോഴും എനിക്കു സാധിക്കുന്നു. അതിനാല്‍ യുവാക്കളുമായി കൂടുതല്‍ ഇടപെടാനും, അവരുടെ അനുഭവങ്ങള്‍ ശ്രവിക്കാനും അവരില്‍ നിന്നു പഠിക്കാനും ഞാന്‍ ശ്രമിക്കാറുണ്ട്. അതുകൊണ്ടാണ് അവരുടെ പ്രതീക്ഷകള്‍ക്കും സ്വപ്‌നങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും യോജിച്ച വിധം അവരുടെ ക്ഷേമത്തിനായി വിശ്രമമെന്യേ പ്രവര്‍ത്തിക്കാന്‍ എനിക്കു കഴിയുന്നത്.
ഈ മഹാ യുവജന കണ്‍വന്‍ഷനും സാധു ഭക്ത പരിപാടിയും ഉദ്ഘാടനം ചെയ്യാന്‍ അവസരം ലഭിച്ചത് ഭാഗ്യമായി ഞാന്‍ കരുതുന്നു. മൂന്നു വര്‍ഷം മുമ്പ് ശിവകുമാര്‍ സ്വാമിജിയുടെ അനുഗ്രഹം തേടി തുംങ്കൂറിലെത്തിയ അവസരത്തില്‍ അവിടുത്തെ യുവാക്കളും ജനങ്ങളും എനിക്കു നല്കിയ സ്‌നേഹം ഞാന്‍ ഇപ്പോഴും ഓര്‍മ്മിക്കുന്നു. ബാസവേശ്വര ഭഗവാന്റെയും സ്വാമി വിവേകാനന്ദജിയുടെയും അനുഗ്രഹം കൊണ്ട് രാജ്യനിര്‍മ്മാണത്തിനായി ബഹുമാന്യനായ ശിവകുമാര്‍ സ്വാമിജി നിഷ്ഠയോടെ തപസനുഷ്ഠിക്കുകയാണ്. രാജ്യത്തിന്റെ ക്ഷേമത്തിനായി ജീവിതത്തിലെ ഓരോ നിമിഷവും അദ്ദേഹം നീക്കിവച്ചിരിക്കുന്നു. അദ്ദേഹത്തിന് ദീര്‍ഘായുസും ആരോഗ്യവും നല്കാന്‍ ഞാന്‍ ഈശ്വരനോടു പ്രാര്‍ത്ഥിക്കുന്നു.
സുഹൃത്തുക്കളെ,
വളരെ അപൂര്‍വമായി മാത്രമാണ് മൂന്ന് പ്രധാന ആഘോഷങ്ങള്‍ ഒന്നിച്ച് വരിക. തുംങ്കൂറില്‍ ഇന്ന് മൂന്ന് ആഘോഷങ്ങളുടെ ദിവ്യമായ സംഗമമാണ്. രാമകൃഷ്ണ മിഷന്റെ 25-മത് വാര്‍ഷികം, സ്വാമി വിവേകാനന്ദജിയുടെ ഷിക്കാഗോ പ്രസംഗത്തിന്റെ 125-ാം വാര്‍ഷികം, ഒപ്പം സിസ്റ്റര്‍ നിവേദിതയുടെ 150-ാം ജന്മവാര്‍ഷികം ഇതെല്ലാം കൂടി ഒന്നിച്ചു വന്നതിന് വലിയ സാംഗത്യമുണ്ട്. ഈ മഹാ സംഭവത്തിന്റെ ആഘോഷത്തില്‍ പങ്കെടുക്കുന്നതിന് ആയിരക്കണക്കിന് യുവാക്കള്‍ എത്തിയതു തന്നെ വലിയ നേട്ടമാണ്. ബഹുമാനപ്പെട്ട സ്വാമിജിക്കും, രാമകൃഷ്ണ മിഷനും, മുതിര്‍ന്ന പൗരന്മാര്‍ക്കും, ഇവിടെ സന്നിഹിതരായിട്ടുള്ള എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി എന്റെ ആശംസകള്‍ അര്‍പ്പിക്കുന്നു.
ഇന്നത്തെ പരിപാടിയുടെ കേന്ദ്രബിന്ദു സ്വാമി വിവേകാനന്ദജിയാണ്. സ്വാമിജിക്ക് കര്‍ണാടകത്തോടുള്ള സ്‌നേഹത്തെ കുറിച്ച് നമുക്കെല്ലാം അറിയാം. അമേരിക്കയ്ക്കും കന്യാകുമാരിക്കും പുറപ്പെടുന്നതിനു മുമ്പ് അദ്ദേഹം കുറച്ചു ദിവസം കര്‍ണാടകത്തില്‍ ചെലവഴിച്ചിരുന്നു. നമ്മുടെ ആധ്യാത്മിക ചിന്തകളെ മാറുന്ന കാലവുമായി ബന്ധിപ്പിച്ചത് സ്വാമി വിവേകാനന്ദജിയാണ്. മഹത്തായ നമ്മുടെ ഭൂതകാലത്തെ വര്‍ത്തമാനവുമായി അദ്ദേഹം ബന്ധിപ്പിച്ചു. സാധു ഭക്ത പരിപാടികളിലൂടെയും യുവ ജന സമ്മേളനങ്ങളിലൂടെയും ആധ്യാത്മിക വ്യാപനത്തെ വര്‍ത്തമാന തലമുറയുമായി ബന്ധിപ്പിച്ചുകൊണ്ട്, രാജ്യത്തെ മുന്നോട്ടു നയിക്കാന്‍ സാധിക്കുന്നു എന്നതില്‍ എനിക്ക് സന്തോഷമുണ്ട്.
രാജ്യത്തിന്റെ വിദൂര ദേശങ്ങളില്‍ നിന്നു പോലുമുള്ള സന്യാസിമാരും യുവാക്കളും ഇവിടെ സമ്മേളിച്ചിരിക്കുന്നു. തീര്‍ത്ഥാനടത്തെയും ഒപ്പം സാങ്കേതിക വിദ്യയെയും കുറിച്ച് ഒരേ വേദിയില്‍ ചര്‍ച്ച ചെയ്യാന്‍ നമുക്കു സാധിക്കും. ഒരു വശത്ത് നാം ദൈവത്ത കുറിച്ച് സംസാരിക്കും, മറുവശത്ത് നാം പുതിയ കണ്ടുപിടുത്തങ്ങളെ കുറിച്ചും സംസാരിക്കും. യുവജനോത്സവത്തിന്റെയും ആധ്യാത്മികോത്സവത്തിന്റെയും മാതൃക വികസിച്ചു വരികയാണ്. ഈ പരിപാടി നമ്മുടെ രാജ്യത്തെ മറ്റ് ആളുകള്‍ക്കും പ്രചോദനമാകും എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. പഴയ പാരമ്പര്യങ്ങളുടെയും വര്‍ത്തമാന തലമുറയുടെയും ഈ സംഗമം എത്രയോ ഹൃദയഹാരിയാണ്.
19-20 നൂറ്റാണ്ടുകളില്‍ നടന്ന ഇന്ത്യയുടെ സ്വാതന്ത്ര്യ സമര കാലത്തേയ്ക്കു നോക്കുമ്പോള്‍ വിവിധ തലങ്ങളില്‍ സംഘടിതമായ പ്രതിജ്ഞ നമുക്കു കാണാന്‍ സാധിക്കും. അടിമത്തത്തിന്റെ ചങ്ങലകളില്‍ നിന്നു രാജ്യത്തെ മോചിപ്പിക്കാനുള്ള കൂട്ടായ തീരുമാനമായിരുന്നു അത്. സമൂഹത്തിലുള്ള എല്ലാവരും പുണ്യപുരുഷനാകട്ടെ, ഭക്തനാകട്ടെ, ഈശ്വര വിശ്വാസിയാകട്ടെ നിരീശ്വരനാകട്ടെ, ഗുരുവാകട്ടെ ശിഷ്യനാകട്ടെ, തൊഴിലാളിയാകട്ടെ ഉദ്യോഗസ്ഥനാകട്ടെ ഈ പൊതു പ്രതിജ്ഞയില്‍ എല്ലാവരും പങ്കാളികളായി.
വിവിധ വിഭാഗങ്ങള്‍ വേര്‍തിരിഞ്ഞുനില്ക്കുന്ന സമൂഹത്തിന് ബ്രിട്ടീഷ് ഭരണാധികാരികള്‍ക്കെതിരെ പോരാടാന്‍ സാധിക്കില്ല എന്ന് ആ സമയത്ത് നമ്മുടെ എല്ലാ മഹാ പുരുഷന്മാര്‍ക്കും ബോധ്യമുണ്ടായിരുന്നു. ഈ ദൗര്‍ബല്യത്തെ മറികടക്കാന്‍ അവര്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വിവിധ സാമൂഹ്യ മത നവീകരണ പ്രസ്ഥാനങ്ങള്‍ ആരംഭിച്ചു. ഈ പ്രസ്ഥാനങ്ങളുടെ സഹായത്തോടെ രാജ്യം ഏകീകരിക്കപ്പെട്ടു. രാജ്യത്തെ അതിന്റെ ആഭ്യന്തര ദൗര്‍ബല്യത്തില്‍ നിന്നു രക്ഷപ്പെടുത്താന്‍ ഈ പ്രചാരണപരിപാടികള്‍ ആരംഭിച്ചു. ഈ പ്രസ്ഥാനത്തിന്റെ നേതാക്കള്‍ ജനങ്ങളെ ഒന്നിപ്പിച്ചു. പൊതു വേദിയിലേ്ക്ക് അവരുടെ മനസുകളെ ഉയര്‍ത്തി, എല്ലാവര്‍ക്കും തുല്യ ആദരവു നല്കി. രാജ്യത്തിന്റെ ആവശ്യകത മനസിലാക്കിയ അഒക്ത, അവരുടെ ആധ്യത്മിക യാത്ര രാഷ്ട്ര നിര്‍മ്മാണത്തിനൊപ്പമാക്കി. ജനസേവനം എന്നാല്‍ ഈശ്വര സേവയായി.
സുഹൃത്തുക്കളെ,
വിദ്യാര്‍ത്ഥികള്‍, ജോലിക്കാര്‍, അധ്യാപകര്‍, അഭിഭാഷകര്‍, ശാസ്ത്രജ്ഞര്‍, ഡോക്ടര്‍മാര്‍, എന്‍ജിനിയര്‍മാര്‍ തുടങ്ങി എല്ലാ ജീവിത രംഗങ്ങളിലുമുള്ളവര്‍ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സ്വാതന്ത്ര്യ സമരത്തില്‍ ചേര്‍ന്ന കാലമായിരുന്നു അത്. ഈ ഉദ്യോഗസ്ഥരാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിന് പുതിയ ദിശാബോധം നല്കിയതും സ്വാതന്ത്ര്യാനന്തരം രാഷ്ട്രനിര്‍മ്മാണത്തിന്റെ അടിത്തറ ശക്തിപ്പെടുത്തിയതും.
ഈ ഉദ്യമങ്ങള്‍ ഉയര്‍ന്നു വന്നപ്പോള്‍ രാഷ്ട്രം സാമൂഹികമായും ബൗദ്ധികമായും ഉയര്‍ന്നു. ഇന്ത്യയിലെ ഒന്നിച്ചു നിന്ന ജനങ്ങള്‍ തങ്ങളുടെ പ്രതിജ്ഞ പൂര്‍ത്തിയാക്കി കൊണ്ട് അവര്‍ തീരുമാനിച്ച പോലെ ബ്രിട്ടീഷുകാര ഇന്ത്യയില്‍ നിന്നു തുരത്തി. സ്വാതന്ത്ര്യത്തിനു ശേഷം നിരവധി പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും രാജ്യം അതെ ശക്തി, അതെ പ്രതിജ്ഞ, അതെ നിശ്ചയദാര്‍ഢ്യം ഇന്നും കാണിക്കുന്നു. ഇന്നും ചിലപ്പോള്‍ നാം ആ പ്രതിജ്ഞയുടെ ശക്തി നാം കാണാറുണ്ട്. കഴിഞ്ഞ ദിവസം, രാജ്യം മുഴുവന്‍ ഹോളിയുടെ നിറത്തിലായിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഇന്നലെ വന്ന തെരഞ്ഞെടുപ്പു ഫലം രാജ്യത്തുടനീളം ഉത്സവ ഛായ പകര്‍ന്നു.
ഞാന്‍ എന്തിനാണ് ഈ വിഷയം ഇവിടെ പറയുന്നത് എന്നു നിങ്ങള്‍ അത്ഭുതപ്പെട്ടേക്കാം. എന്റെ വികാരം പ്രകടിപ്പിക്കണം എന്നു വിശ്വസിക്കുന്നയാളാണ് ഞാന്‍. വടക്കു കിഴക്ക് സംസ്ഥാനങ്ങളിലെ വിജയം രാഷ്ട്രീയത്തിന്റെ കണ്ണാടിയിലൂടെയല്ല ഞാന്‍ കാണുന്നത്. പ്രധാന കാര്യം വടക്കു കിഴക്കന്‍ മേഖലയിലെ ജനങ്ങളുടെ ആഹ്ലാദത്തില്‍ രാജ്യവും പങ്കു ചേര്‍ന്നു എന്നതാണ്. വടക്കു കിഴക്കന്‍ മേഖലയിലെ ജനങ്ങളുടെ സാഫല്യം രാജ്യത്തിന്റെ മുഴുവന്‍ സാഫല്യമായി മാറുന്ന ഇത്തരം സന്ദര്‍ഭങ്ങള്‍ വളരെ അപൂര്‍വമാണ്. രാവിലെ മുതല്‍ ജനം മുഴുവന്‍ വടക്കു കിഴക്കന്‍ മേഖലയിലെ ജനങ്ങളുടെ വികാരങ്ങളോടു ചേര്‍ന്ന് അവിടുത്തെ തെരഞ്ഞെടുപ്പില്‍ പങ്കാളികളായതുപോലെ ടെലിവിഷനില്‍ കണ്ണും നട്ട് ഇരിക്കുകയായിരുന്നു. ഓരോ ഇന്ത്യക്കാരനും ഇതെ വികാരമാണ്.
വടക്കു കിഴക്കന്‍ മേഖലയിലെ എന്റെ സഹോദരി സഹോദരന്മാര്‍ക്ക് ലഭിച്ച അധികാരം അതില്‍ തന്നെ ഒരു വലിയ മാറ്റമാണ് എന്നു ഞാന്‍ വിശ്വസിക്കുന്നു. രാമകൃഷ്ണ മിഷന്‍, വിവേകാനന്ദ കേന്ദ്രം തുടങ്ങിയവയിലെ ധാരാളം പ്രവര്‍ത്തകര്‍, യുവാക്കള്‍ മുതല്‍ സന്യാസിമാര്‍ വരെ വടക്കു കിഴക്കന്‍ മേഖലയിലെ ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി ജീവിതം സമര്‍പ്പിച്ചവരാണ്. അതിനാല്‍ അവിടെയിരിക്കുന്നവര്‍ യാഥാര്‍ത്ഥ്യങ്ങളെ കുറിച്ച് നല്ല ബോധ്യമുള്ളവരാണ്. വടക്കു കിഴക്കന്‍ മേഖലയിലെ തെരഞ്ഞെടുപ്പു ഫലം വന്നതോടെ രാജ്യത്തിന്റെ മൊത്തത്തിലുള്ള വികാരം അവിടുള്ള ജനങ്ങളുടെ വികാരങ്ങളുമായി കെട്ടുപിണഞ്ഞിരിക്കുന്നു. ഈ വികാരത്തിന്റെ ശക്തി രാജ്യത്തിന്റെ ഐക്യത്തിനും ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന വികാരം പ്രോത്സാഹിപ്പിക്കാനും ധാരാളമാണ്.
സുഹൃത്തുക്കളെ,
മുമ്പ് നയങ്ങളും പദ്ധതികളും മുഖ്യധാരയില്‍ നിന്നു വടക്കു കിഴക്കു മേഖലയിലെ ജനങ്ങളെ അന്യമാക്കിയിരുന്നു. മുഖ്യധാരയിലെ വികസനത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടിരിക്കുന്നു എന്ന ഒരു വികരമായിരുന്നു അവരുടേത്. ഈ ചിന്തയാണ് മറ്റു പല പ്രശ്‌നങ്ങള്‍ക്കും അടിസ്ഥാന കാരണം. കഴിഞ്ഞ നാലു വര്‍ഷമായി,നമ്മുടെ ഗവണ്‍മെന്റ് ഈ വിടവുകള്‍ നികത്താനും അന്യവത്ക്കരണ വികാരം ഇല്ലാതാക്കാനുമുള്ള പരിശ്രമത്തിലായിരുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ വൈകാരിക ഉദ്ഗ്രഥനത്തിനായി നാം പ്രതിജ്ഞയെടുത്തു. അതു നാം നേടുകയും ചെയ്തു.
ത്രിപുരയിലെ ഗോത്രവര്‍ഗ്ഗ മേഖലയില്‍ നിന്നുള്ള തെരഞ്ഞെടുപ്പു ഫലങ്ങളില്‍ ഞാന്‍ പൂര്‍ണ തൃപ്തനാണ്. ഇതെക്കുറിച്ച് വിശദീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സുഹൃത്തുക്കളെ ത്രിപുര എന്ന ചെറിയ സംസ്ഥാനത്ത് 20 അസംബ്ലി സീറ്റുകളെയുള്ളു. ഗോത്രവര്‍ഗ്ഗ പ്രദേശങ്ങള്‍ നക്‌സലുകള്‍ അല്ലെങ്കില്‍ മാവോയിസ്റ്റുകള്‍ കേന്ദ്രീകരിച്ചിരിക്കുന്ന ഇടതു തീവ്രവാദ പ്രദേശങ്ങളാണ് എന്നു നമ്മുടെയൊക്കെയുള്ളില്‍ ഒരു മിഥ്യാധാരണയുണ്ട്. ഇത്തരം കിംവദന്തികളാണ് ഈ പ്രദേശങ്ങളെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കു പിന്നില്‍. അങ്ങനെ ഈ മേഖലകള്‍ വിഘടനവാദികളുടെ സങ്കേതങ്ങളായി.എന്തായാലും വടക്കു കിഴക്ക് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലം ഒരു നല്ല മാതൃക നല്കി. ഭാരതീയ ജനതാ പാര്‍ട്ടിക്കുവേണ്ടി വോട്ടു ചെയ്തുകൊണ്ട് വടക്കു കിഴക്കന്‍ മേഖലയിലെ ജനങ്ങള്‍ വെറുപ്പിന്റെ രാഷ്ട്രിയത്തെ പരാജയപ്പെടുത്തിയിരിക്കുന്നു.
സുഹൃത്തുക്കളെ,
ഏകീകരണം കൊണ്ടു മാത്രമെ തീവ്രവാദത്തെ നിയന്ത്രിക്കാന്‍ സാധിക്കൂ. രാജ്യത്തെ ഒരു സമൂഹത്തിനും അല്ലെങ്കില്‍ ഒരു വിഭാഗത്തിനും ഒറ്റപ്പെടുന്ന എന്ന തോന്നല്‍ ഉണ്ടാകാതിരിക്കാന്‍ നമ്മുടെ ഗവണ്‍മെന്റ് നടപടികള്‍ സ്വീകരിച്ചു തുടങ്ങി. ഐക്യത്തിന്റെ ആത്മാവിനെ ശക്തിപ്പെടുത്തുന്നതിന് മുഴുവന്‍ രാജ്യവും ഒന്നിച്ച് പരിശ്രമിക്കണം. കര്‍ണാടകത്തിലെ ഈ സ്റ്റേഡിയത്തില്‍ തീരുമാനങ്ങളുടെ ശക്തി നമുക്ക് അനുഭവിക്കാന്‍ സാധിക്കും. വേദിയിലിരിക്കുന്ന വിശിഷ്ഠ വ്യക്തികള്‍ക്ക് അതു കുറെക്കൂടി അനുഭവിക്കാന്‍ സാധിക്കും.
സുഹൃത്തുക്കളെ,
രാഷ്ട്രനിര്‍മാണത്തിനായുള്ള ഈ പ്രതിജ്ഞ സ്വാമി വിവേകാനന്ദന്റെ ഒരു ഉദ്ധരണിയില്‍ നിന്ന് കൂടുതല്‍ മനസിലാക്കാന്‍ സാധിക്കും. സ്വാമിജി പറഞ്ഞു:
‘ജീവിതം ഹ്രസ്വമാണ്. പക്ഷെ ആത്മാവ് അമര്‍ത്യവും നിത്യവുമാണ്. ഒരു കാര്യം ഉറപ്പാണ്. മരണം. അതിനാല്‍ മഹത്തായ ഒരു ആശയം സ്വീകരിക്കാം, അതിനായി നമ്മുടെ ജീവിതത്തെ മുഴുവന്‍ സമര്‍പ്പിക്കാം’.
ശരിയാണ് ജീവിതം ഹ്രസ്വവും അനിശ്ചിതവുമാണ്. പക്ഷെ മരണം ഉറപ്പാണ്. അതിനാല്‍ ഒരു പ്രതിജ്ഞ സ്വീകരിക്കാം, അതിനായി നമ്മുടെ ജീവിതം സമര്‍പ്പിക്കാം.
ഇന്ന് ആയിരക്കണക്കിനു ചെറുപ്പക്കാരുടെ സാന്നിധ്യത്തില്‍ നിങ്ങളോടെല്ലാവരോടും ഒരു ചോദ്യം ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
എന്തായിരിക്കണം ഈ പ്രതിജ്ഞ?.
ഈ ചോദ്യം ചെറുപ്പക്കാരോട് ചോദിച്ചപ്പോഴെല്ലാം ആര്‍ക്കും കൃത്യമായ ഉത്തരം നല്കാന്‍ സാധിച്ചിട്ടില്ല. പലപ്പോഴും ജീവിത ലക്ഷ്യത്തെ കുറിച്ചു തന്നെ അവര്‍ക്ക് സംശയങ്ങളാണ്. സുഹൃത്തുക്കളെ, നമ്മുടെ ജീവിത ലക്ഷ്യം വ്യക്തമാക്കണമെങ്കില്‍ നാം ചിലതെല്ലാം തെളിയിക്കണം, സമൂഹത്തിനു ചില സംഭാവനകള്‍ നല്കണം.
നമ്മുടെ ലക്ഷ്യങ്ങള്‍ വ്യക്തമല്ലെങ്കില്‍ അതു നേടാന്‍ നമുക്കാവില്ല. പ്ലാറ്റുഫോമില്‍ എത്തിയ ശേഷം നമുക്ക് കയറേണ്ട ട്രെയിന്‍ ഏതെന്നു സംശയിച്ചാല്‍, നിങ്ങള്‍ക്കു ലക്ഷ്യത്തില്‍ എത്താനും കഴിയില്ല, യാത്രാപരിപാടി നിശ്ചയിക്കാനും സാധിക്കില്ല.
സ്വാമി വിവേകാനന്ദജിയുടെ പ്രശസ്തമായ മറ്റൊരു വാചകമുണ്ട്,
‘ഒരാശയം എടുക്കുക, ആ ആശയമനുസരിച്ച് ജീവിക്കുക, അതെ കുറിച്ചു ചിന്തിക്കുക, അതെ കുറിച്ചു സ്പ്‌നം കാണുക, നിങ്ങളുടെ മസ്തിഷ്‌കവും പേശികളും ഞരമ്പുകളും ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും മുഴുവന്‍ ആ ആശയം നിറയണം. മറ്റ് ആശയങ്ങള്‍ എല്ലാം വെടിയണം. ഇതാണ് വിജയത്തിവേയ്ക്കുള്ള വഴി’.
ഈ യുവജനോത്സവത്തില്‍ പങ്കെടുക്കാന്‍ വന്നിരിക്കുന്ന എല്ലാ ചെറുപ്പക്കാരോടും ഒരു കാര്യം മാത്രമെ എനിക്കു പറയുവാനുള്ളു, നിങ്ങളുടെ തീരുമാനങ്ങളിലും ഭാവിയില്‍ നിങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സംബന്ധിച്ചും വ്യക്തത ഉണ്ടായിരിക്കട്ടെ.
സഹോദരീ സഹോദരന്മാരെ,
ഇന്ന് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രമാണ് ഇന്ത്യ. നമ്മുടെ ജനസംഖ്യയില്‍ 65 ശതമാനവും 35 വയസിനു താഴെ പ്രായമുള്ളവരാണ്. ഈ രാജ്യത്തിന്റെ ഭാഗഥേയം മാറ്റാന്‍ യുവശക്തിക്കു സാധിക്കും. രാജ്യത്തിനു മൊത്തം ഇന്ധനമാകുവാന്‍ അതിന് സാധിക്കും. 2014 ല്‍ തെരഞ്ഞെടുക്കപ്പെട്ട ശേഷം യുവാക്കളെ മനസില്‍ കണ്ട് പല പദ്ധതികളും ഞങ്ങള്‍ ആരംഭിച്ചു. രാഷ്ട്രനിര്‍മാണത്തിനായി ഈ യുവ ശക്തി ഉപയോഗിക്കുക എന്നതായിരുന്നു ലക്ഷ്യം.

ഞങ്ങള്‍ അധധികാരത്തിലെത്തിയ ഉടന്‍ ചെറുപ്പക്കാരുടെ ഭാവി മുന്നില്‍ കണ്ട് നൈപുണ്യ വികസനത്തിനായി ഒരു പ്രത്യേക മന്ത്രാലയം രൂപീകരിച്ചത് നിങ്ങള്‍ക്ക് അറിയാമായിരിക്കും. മുമ്പും നൈപുണ്യ വികസനം ഉണ്ടായിരുന്നു. പക്ഷെ 40 -50 മന്ത്രാലയങ്ങളിലായി അത് ചിതറി കിടക്കുകയായിരുന്നു. അവരുടെ ഉത്തരവാദിത്തങ്ങളും വ്യത്യസ്തങ്ങളായിരുന്നു. ചിലപ്പോള്‍ ഇവ തമ്മില്‍ പരസ്പരം സംഘട്ടനങ്ങളും ഉണ്ടായിരുന്നു. ഇന്ന് ഒരു പ്രത്യേക മന്ത്രാലയമാണ് നൈപുണ്യ വികസനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഈ മന്ത്രാലയത്തിന്റെ കീഴില്‍ നൈപുണ്യ വികസന കേന്ദ്രങ്ങള്‍ ഓരോ ജില്ലയിലും സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. യുവാക്കളുടെയും വ്യവസായങ്ങളുടെയും ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ദീര്‍ഘകാല ഹ്രസ്വ കാല പരിശീലന പരിപാടികള്‍ ആ കേന്ദ്രങ്ങളില്‍ ലഭ്യമാക്കുന്നുമുണ്ട്. ചെറുപ്പക്കാര്‍ക്ക് അവരുടെ സ്വന്തം വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് പ്രധാനമന്ത്രി മുദ്ര യോജനയുടെ കീഴില്‍ ജാമ്യമില്ലാത്ത വായ്പകള്‍ നല്കാനും ഗവണ്‍മെന്റ് മുന്നോട്ടു വന്നിരിക്കുന്നു. ഈ പദ്ധതി പ്രകാരം ഇതുവരെ 11 കോടി രൂപയാണ് വായ്പയായി നല്കിയിരിക്കുന്നത്.കര്‍ണാടകത്തില്‍ മാത്രമായി 1 കോടി 14 ലക്ഷം വായ്പകള്‍ അനുവദിച്ചിട്ടുണ്ട്. ഈപദ്ധതി പ്രകാരം രാജ്യത്തുടനീളം മൂന്നു കോടിയോളം പുതിയ സംരംഭകര്‍ ഉണ്ട്. എന്റെ യുവസുഹൃത്തുക്കളെ, ഇതൊരു വലിയ സൂചനയാണ്. ഇത്ര ചുരുങ്ങിയ സമയത്തിനുള്ളില്‍ മൂന്നു കോടി പുതിയ സംരംഭകര്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലേയ്ക്കു സംഭാവന നല്കി തുടങ്ങിയിരിക്കുന്നു.
നമ്മുടെ ഗവണ്‍മെന്റ് നൈപുണ്യ വികസനത്തെയും സ്വയം തൊഴിലിനെയും പ്രോത്സാഹിപ്പിക്കുക മാത്രമല്ല, ചെറുപ്പക്കാരുടെ ഉത്പ്പന്നങ്ങള്‍ക്ക് വിപണികള്‍ സൃഷ്ടിക്കുക കൂടി ചെയ്യുന്നു.
ഗവണ്‍മെന്റ് നയത്തില്‍ മാറ്റം വരുത്തിയതോടെ ഗവണ്‍മെന്റിന്റെ സംഭരണത്തില്‍ പരിഗണന പ്രാദേശികമായി നിര്‍മ്മിച്ച ഉത്പ്പന്നങ്ങള്‍ക്കാണ്. ഇതു കൂടാതെ ഗവണ്‍മെന്റ് ഈ – മാര്‍ക്കറ്റ് എന്ന പേരില്‍ ഒരു ഓണ്‍ ലൈന്‍ വിപണി കൂടി വികസിപ്പിച്ചിട്ടുണ്ട്. ഇതു വഴി ഏതു കുഗ്രാമത്തിലെയും ചെറുപ്പക്കാരായ സംരംഭകര്‍ക്ക് അവരുടെ ഉത്പ്പന്നങ്ങളും സേവനങ്ങളും നേരിട്ട് ഗവണ്‍മെന്റിനു വില്ക്കാം. ഇതിന് ഇടനിലക്കാര്‍ വേണ്ട, ദര്‍ഘാസുകള്‍ വേണ്ട, വലിയ കമ്പനികളും വേണ്ട. സാധാരണക്കാരില്‍ നിന്ന് ഗവണ്‍മെന്റ് നേരിട്ട് ഉത്പ്പന്നങ്ങള്‍ വാങ്ങുന്നു. ചെറുപ്പക്കാരായ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന ഗവണ്‍മെന്റുകളെയും ഈ പോര്‍ട്ടലുമായി ബന്ധിപ്പിക്കാന്‍ ഞങ്ങള്‍ ഉത്സാഹിക്കുന്നു. ഇതിനോടകം 20 സംസ്ഥാനങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റുമായി ഈ സംരംഭത്തില്‍ കൈ കോര്‍ത്തു കഴിഞ്ഞു.
ഗവണ്‍മെന്റിന്റെ ഈ പരിശ്രമങ്ങള്‍ മൂലം രാജ്യത്തെ യുവാക്കള്‍ക്ക് വ്യവസായങ്ങളുടെ ആവശ്യാനുസരണം പരിശീലനം നേടാന്‍ സാധിക്കുന്നു. കൂടാതെ സ്വന്തമായി നിര്‍മ്മിക്കുന്ന ഉത്പ്പന്നങ്ങള്‍ വിപണിയില്‍ വില്ക്കാനും കഴിയുന്നു. ഇത്തരം സാഹചര്യത്തിന്റെ പ്രാധാന്യം കര്‍ണാടകത്തിലെ ചെറുപ്പക്കാര്‍ക്ക് നന്നായി അറിയാം. നിങ്ങളെ പോലുള്ള കോടി കണക്കിനു ചെറുപ്പക്കാരുടെ ആഗ്രഹങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും ചിറകുകള്‍ നല്കുന്നതിനാണ് ഗവണ്‍മെന്റ് സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ തുടങ്ങിയ പദ്ധതികള്‍ ആരംഭിച്ചിരിക്കുന്നത്. ഇതാദ്യമായി ഗവണ്‍മെന്റ് തൊഴിലിനെ നികുതി ഇളവുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. ചെറുപ്പക്കാര്‍ക്ക് അപ്രന്റിസ്ഷിപ്പ് അനുവദിക്കുന്ന കമ്പനികള്‍ക്ക് ഗവണ്‍മെന്റ് നികുതിയില്‍ ഇളവു് അനുവദിക്കും. ചെറുപ്പക്കാര്‍ക്ക് ഗവണ്‍മെന്റ് പ്രോവിഡന്റ് ഫണ്ട് വിഹിതം നല്കുകയും നികുതിയില്‍ നിന്ന് കുറവു ചെയ്യുകയും ചെയ്യുന്നു. രണ്ടു കോടിയിലധികം രൂപയുടെ വിറ്റുവരവുള്ള കമ്പനികള്‍ക്കും ഡിജിറ്റലായി പണമിടപാടുകള്‍ നടത്തുകയും ചെയ്യുന്നവര്‍ക്കും ഈ നികുതി ഇളവു ലഭിക്കുന്നു.
നമ്മുടെ രാജ്യത്തെ യുവാക്കള്‍ക്ക് ചുമതലാ ബോധം കുറവാണെന്നു ഞാന്‍ കരുതുന്നില്ല. അവര്‍ അവരുടെ ആശയങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും കൂടുതല്‍ ഫലപ്രദവും ലാഭകരവുമായ രീതിയില്‍ പ്രദര്‍ശിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട് ആഗ്രഹിക്കുന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഗവണ്‍മെന്റ് അവരെ പ്രോത്സാഹിപ്പിക്കുന്നു.
സുഹൃത്തുക്കളെ,
നവീകരണമാണ് മെച്ചപ്പെട്ട ജീവിതത്തിന്റെ അടിസഥാനം. ഈ ചിന്ത നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ പ്രയോഗിച്ച് നമ്മുടെ സ്‌കൂള്‍ സംസ്‌കാരം പരിഷ്‌കരിക്കാനുള്ള പരിശ്രമത്തിലാണ് ഞങ്ങള്‍. കുട്ടികളുടെ ആശയങ്ങള്‍ കണ്ടുപിടുത്തങ്ങളായി മാറ്റാനുള്ള അടല്‍ ഇന്നൊവേഷന്‍ ദൗത്യം ഗവണ്‍മെന്റ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ഇതിനോടകം രാജ്യത്ത് 2400 അടല്‍ ലാബുകള്‍ അനുവദിച്ചു കഴിഞ്ഞു.
കേന്ദ്ര ഗവണ്‍മെന്റ് രാജ്യത്ത് ലോക നിലവാരത്തിലുള്ള 20 ഉന്നത വിദ്യാഭ്യാസ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ സ്ഥാപിക്കുക എന്ന് മറ്റൊരു മഹാ ദൗത്യം കൂടി നടപ്പാക്കാനുള്ള ആലോചനയിലാണ്. തെരഞ്ഞെടുക്കപ്പെടുന്ന 10 ഗവണ്‍മെന്റു സ്ഥാപനങ്ങള്‍ക്ക് ഈ ദൗത്യത്തിനു കീഴില്‍ സമയപരിധി നിശ്ചയിച്ചുകൊണ്ട് പതിനായിരം കോടി രൂപയുടെ സാമ്പത്തിക സഹായം നല്കും. ഈ ഉന്നത സ്ഥാപനങ്ങള്‍ ആധുനിക വിദ്യാഭ്യാസത്തില്‍ ഇന്ത്യയുടെ നിലവാരും ഉയര്‍ത്തും.
ഈ ബജറ്റില്‍ നാം ഒരു പുതിയ പദ്ധതി ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം പരിഷ്‌കരിക്കുന്നതിനായി അടുത്ത നാലു വര്‍ഷത്തേയ്ക്ക് ഗവണ്‍മെന്റ് ഒരു ലക്ഷം കേടി രൂപയാണ് ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്നത്.
പ്രധാന മന്ത്രിയുടെ റിസര്‍ച്ച് ഫെലോ പദ്ധതിയും ഈ ബജറ്റില്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പദ്ധതി അനുസരിച്ച് പ്രഗത്ഭരായ 1000 എന്‍ജിനിയറിംങ് വിദ്യാര്‍ത്ഥികള്‍ക്ക് പിഎച്ച് ഡി നേടുന്നതിനായി അടുത്ത അഞ്ചു വര്‍ഷത്തേയ്ക്ക് പ്രതിമാസം 70000 മുതല്‍ 80000 രൂപ വരെ സാമ്പത്തിക സഹായം നല്കും.
നമ്മുടെ മനുഷ്യ വിഭവ ശേഷി മനസില്‍ കണ്ടുകൊണ്ടും ഭാവിയുടെ ആവശ്യങ്ങള്‍ പരിഗണിച്ചും കേന്ദ്ര ഗവണ്‍മെന്റിന്റെ പദ്ധതികള്‍ കര്‍ണാടകത്തിലെ ചെറുപ്പക്കാര്‍ക്ക് വളരെ എളുപ്പത്തില്‍ പ്രയോജനപ്പെടുത്താവുന്നതാണ്. ഇപ്പോള്‍ കേന്ദ്ര ഗവണ്‍മെന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ്, ഇന്റര്‍നെറ്റ് തുടങ്ങിയ മേഖലകളില്‍ നടത്തുന്ന പരിശ്രമങ്ങള്‍ കര്‍ണാടകത്തിലെ ചെറുപ്പക്കാര്‍ക്ക് പുതിയ അവസരങ്ങളാണ് തുറക്കുന്നത്. കര്‍ണാടകത്തിലെ കഴിവുള്ള ചെറുപ്പക്കാരെ കണ്ടത്തുന്നതിനും അവരുടെ കഴിവുകള്‍ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തുന്നിനും സ്മാര്‍ട്ട് സിറ്റി മിഷന്‍ ദൗത്യം സഹായകരമാകും.
സുഹൃത്തുക്കളെ, ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മറ്റു രാജ്യങ്ങളിലെ ആശയങ്ങള്‍ കടം കൊള്ളാതിരിക്കാന്‍ എന്തു ചെയ്യണം എന്ന് ഒരിക്കല്‍ സിസ്റ്റര്‍ നിവേദിത ചോദിക്കുകയുണ്ടായി . അവര്‍ തുടര്‍ന്നു. അതിന് നിങ്ങളുടെ വിദ്യാഭ്യാസ സമ്പ്രദായം ബുദ്ധിക്ക് എന്ന പോലെ ഹൃദയത്തിനും ആത്മാവിനും നല്കുന്ന വിദ്യാഭ്യാസമാകണം. നിങ്ങളോടും നിങ്ങളുടെ കഴിഞ്ഞ കാലത്തോടും ആധുനിക കാലത്തോടും അതിന് ഒരു ജൈവ ബന്ധം ഉണ്ടാകണം.
അതായത്, നിങ്ങളുടെ ഭാവിയും ഭൂതവും തമ്മില്‍ ഒരു ബന്ധം സൃഷ്ടിക്കണം. നിങ്ങളുടെ പാരമ്പര്യവുമായുള്ള ഈ ബന്ധം എത്ര ശക്തമാണോ അത്ര ശക്തമായിരിക്കും ഈ രാജ്യത്തെ യുവത.
സഹോദരി സഹോദരന്മാരെ,
കേന്ദ്ര ഗവണ്‍മെന്റിന്റെ ഖേലോ ഇന്ത്യ പദ്ധതിയില്‍ നമ്മുടെ പാരമ്പര്യങ്ങളോടുള്ള ഈ വികാരം നിങ്ങള്‍ക്കു കാണാം. കളിക്കുന്നവര്‍ വിടരണം എന്ന് ഞാന്‍ പറയുന്നു. നാം നയത്തില്‍ ഒരു വലിയ മാറ്റം വരുത്തി. ഗുരു ശിഷ്യ പാരമ്പര്യം പ്രോത്സാഹിപ്പിക്കുന്നതിനായി ഗവണ്‍മെന്റ് കായിക താരങ്ങളുടെ നിലവിലുള്ള പരിശീലകനെ മാത്രമല്ല ആ താരത്തിന്റെ കായിക യാത്രയിലുടനീളം പങ്കു വഹിച്ച എല്ലാ പരിശീലകരെയും ഇനി മുതല്‍ രാജ്യം ആദരിക്കും. അന്താരാഷ്ട വിജയം നേടിയാല്‍ എല്ലാ പരിശീലകര്‍ക്കും നിശ്ചിത തുക സമ്മാനമായി നല്കും.
പാരമ്പര്യത്തെ മനസില്‍ വച്ച് നമ്മുടെ പ്രാദേശിക കായിക ഇനങ്ങളായ കബഡി, ഖോ ഖോ തുടങ്ങിയവയും ഇനി മുതല്‍ ഖേലോ-ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതാണ്. രാജ്യത്തിന്റെ ഓരോ കോണില്‍ നിന്നും എല്ലാ കായിക മേഖലയിലും ഉള്ള പ്രതിഭകളെ കണ്ടെത്തി അവര്‍ക്കു വേദി നല്കാന്‍ ഗവണ്‍മെന്റ് പരിശ്രമിച്ചു വരികയാണ്. തെരഞ്ഞെടുക്കപ്പെടുന്ന 1000 താരങ്ങള്‍ക്ക് എല്ലാ വര്‍ഷവും ഏറ്റവും മികച്ച പരിശീലനം നല്കും കൂടാതെ അഞ്ചു ലക്ഷം രൂപയും നല്കും.
സുഹൃത്തുക്കളെ,
വിദ്യാര്‍ത്ഥി ദേവോ ഭവ – ഈ ആപ്തവാക്യം നിങ്ങള്‍ക്കു മാത്രമുളളതല്ല, അതിനുപരി ഞങ്ങള്‍ക്ക് മന്ത്രമായിരിക്കണം. നിങ്ങളുടെ അനുവാദത്തോടെ ഞാന്‍ കൂട്ടിച്ചേര്‍ക്കട്ടെ, യുവ ദോവോ ഭവ, യുവശക്തി ദേവോ ഭവ.
യുവാക്കളെ ദിവ്യ ശക്തിയായിട്ടാണ് ഞാന്‍ പരിഗണിക്കുന്നത്. യുവത്വം ഒരു അവസ്ഥയോ പ്രായമോ അല്ല പകരം ഒരു മാനസിക നിലയാണ് എന്നു ഞാന്‍ വിശ്വസിക്കുന്നു. കഴിഞ്ഞതായിരുന്നു മെച്ചം എന്നു യുവ തലമുറ ചിന്തിക്കുന്നില്ല. അവര്‍ കഴിഞ്ഞ കാലത്തില്‍ നിന്നു പാഠങ്ങള്‍ ഉള്‍ക്കൊണ്ട് വര്‍ത്തമാനത്തെയും ഭാവിയെയും കുറെക്കൂടി മെച്ചപ്പെടുത്തുന്നു. ഈ രാജ്യത്തെയും ലോകത്തെ തന്നെയും നവീകരിക്കാനാണ് അവര്‍ പരിശ്രമിക്കുന്നത്. വര്‍ത്തമാന കാലത്തെയും ഭൂത കാലത്തെയും അപേക്ഷിച്ച് ഭാവി കൂടുതല്‍ ശോഭനമാകണം എന്ന് യുവത ആഗ്രഹിക്കുന്നു.
അതിനാല്‍ ഈ രാജ്യത്തെ യുവ ശക്തിയെ ഞാന്‍ വീണ്ടും അഭിവാദ്യം ചെയ്യുന്നു. ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്നു നിങ്ങള്‍ കേട്ടിരിക്കും. ഈ രാജ്യത്തെ ഏകീകരിക്കാന്‍ കഠിനാധ്വാനം ചെയ്ത മഹാനാണ് സര്‍ദാര്‍ വല്ലഭ ഭായി പട്ടേല്‍. ഈ ഏകീകൃത ഇന്ത്യയെ പൂര്‍വാധികം മെച്ചപ്പെടുത്താനുള്ള കടമ നമ്മുടേതാണ്. നിങ്ങളില്‍ ചിലര്‍ക്കെങ്കിലും സ്പാനീഷും ഫ്രഞ്ചുമൊക്കെ പഠിക്കാന്‍ താല്പര്യം ഉണ്ടായിരിക്കും. നല്ല കാര്യമാണ്. ലോകത്തിലെ ഏതു ഭാഷ പഠിക്കുന്നതും എപ്പോഴും നല്ലതാണ്. എന്നാല്‍ നമ്മുടെ രാജ്യത്തെ ഭാഷ പഠിക്കുന്നതിനെ കുറിച്ച് നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നൂറു ഭാഷകളും 1700 പ്രാദേശിക ഭേദങ്ങളും ഉള്ള വിശാലമായ ഒരു രാജ്യമാണ് ഇത്. നമ്മുടെ രാജ്യത്തെ ഭാഷയുടെ 5-50 വരികള്‍ പഠിക്കാന്‍ നമുക്കു സാധിക്കും. മറ്റു സംസ്ഥാനങ്ങളിലെ ചില ഗാനങ്ങള്‍ പഠിക്കാന്‍ നമുക്കു സാധിക്കും. ഈ ശക്തി നമ്മുടെ രാജ്യത്തിന്റെ ഐക്യത്തിന് അത്യാവശ്യമാണ് എന്നു ഞാന്‍ കരുതുന്നു. അതു സ്വാഭാവികമായി അനര്‍ഗ്ഗളമായി വികസിപ്പിക്കാന്‍ നമുക്കു സാധിക്കണം. കന്നഡ പോലും അല്പാല്പം സംസാരിക്കാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ ഞാന്‍ ആ ഭാഷയില്‍ സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ അതു നിങ്ങളുടെ ഹൃദയത്തെ സ്പര്‍ശിക്കുന്നു. എന്റെ വാക്കുകള്‍ ശരിയാണോ വ്യാകരണം ശരിയാണോ, പ്രയോഗം ശരിയാണോ, ശൈലികള്‍ ശരിയാണോ എന്നു നിങ്ങള്‍ ചിന്തിക്കാറില്ല. അദ്ദേഹം ഞങ്ങളുമായി ബന്ധപ്പെടാന്‍ പരിശ്രമിക്കുന്നു എന്നു മാത്രമാണ് നിങ്ങള്‍ക്കു തോന്നുക. ഇതിന് നമ്മുടെ രാജ്യത്തെ ഒന്നിപ്പിക്കാനുള്ള ശക്തിയുണ്ട്.
സങ്കല്പത്തില്‍ നിന്നു സിദ്ധിയിലേയ്ക്ക്, നവഭാരത സ്വ്പനം എന്നീ പ്രചാരണങ്ങള്‍ മുന്നോട്ടു കൊണ്ടു പോകേണ്ട ഉത്തരവാദിത്വം രാജ്യത്തെ യുവാക്കളുടെ കൈകളിലാണ്. രാജ്യത്തെ യുവതയ്ക്ക് ഞാന്‍ വീണ്ടും അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു. സ്വാമി വിവേകാനന്ദജിയുടെയും സിസ്റ്റര്‍ നിവേദിതയുടെയും ആദര്‍ശങ്ങള്‍ അവര്‍ അനുകരിക്കട്ടെ. ജനസേവനം ദൈവ സേവനമാണ് എന്നു നാം ഓര്‍മ്മിക്കുക. എല്ലാ ജീവജാലങ്ങളിലും ഭഗവാന്‍ ശിവനെ ദര്‍ശിക്കുക. നമ്മുടെ രാജ്യത്തെ നവീകരിക്കാന്‍ ഈ തത്വചിന്ത നമുക്ക് പ്രയോഗിക്കാം. അത് സ്വഛ്ഭാരത ദൗത്യമാകട്ടെ, ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ ആകട്ടെ, മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനുള്ള പദ്ധതികളാകട്ടെ, അല്ലെങ്കില്‍ കൃഷിക്കാര്‍ക്കു വേണ്ടിയുള്ള സാങ്കേതിക വിദ്യകളാകട്ടെ. ഒന്ന് അല്ലെങ്കില്‍ മറ്റൊരു ലക്ഷ്യം നമുക്ക് ഉണ്ടാവണം. ഇവിടെ സന്നിഹിതരായിരിക്കുന്ന ദിവ്യപുരുഷന്മാരില്‍ നിന്നും പണ്ഡിതരില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഈ യുവാക്കള്‍ തുംങ്കൂറിന്റെ പുണ്യ ഭൂമിയില്‍ നിന്ന് മുന്നോട്ടു നീങ്ങുമെന്നു ഞാന്‍ വിശ്വസിക്കുന്നു.
നിങ്ങള്‍ എല്ലാവരും നരേന്ദ്ര മോദി ആപ്പുപയോഗിക്കുന്നവരാണ് എന്നു ഞാന്‍ കരുതുന്നു. നിങ്ങള്‍ എല്ലാവരുമായി ബന്ധപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍ ദയവായി നരേന്ദ്രമോദി ആപ്പു വഴി ഞാനുമായി ബന്ധപ്പെടുക. എന്നോടു സംസാരിക്കുക, നിങ്ങളുടെ ചിന്തകള്‍ പങ്കുവയ്ക്കുക. നിങ്ങളോട് കന്നഡില്‍ സംസാരിക്കാന്‍ എനിക്കു സാധിക്കില്ലെങ്കിലും ഹിന്ദിയില്‍ സംസാരിക്കാം. ഈ പ്രസംഗം നിങ്ങളുടെ ഭാഷയില്‍ ശ്രവിക്കണമെന്നുണ്ടെങ്കില്‍ ഇതിലെ പ്രധാന ആശയങ്ങള്‍ കന്നഡയിലേയ്ക്കു പരിഭാഷപ്പെടുത്തി നരേന്ദ്ര മോദി ആപ്പില്‍ അപ് ലോഡു ചെയ്യാന്‍ ഞാന്‍ എന്റെ സംഘത്തോടു പറയാം. അപ്പോള്‍ നിങ്ങള്‍ക്ക് എന്റെ ചിന്തകളും വിചാരങങളും നിങ്ങളുടെ ഭാഷയില്‍ മനസിലാക്കാന്‍ സാധിക്കും.
ഇന്നത്തെ 10 ത്രിവേണി സംഗമം സംഘടിപ്പിച്ച രാമകൃഷ്ണ വിവേകാനന്ദ ആശ്രമത്തെ ഞാന്‍ ഒരിക്കല്‍ കൂടി അഭിനന്ദിക്കുന്നു. ഈ പുണ്യാത്മാക്കളെ, ശിവഗിരി മഠത്തെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു. എല്ലാ യുവാക്കള്‍ക്കും എന്റെ ആശംസകള്‍.
വളരെ നന്ദി.