Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കാബൂളിലെ നവീകരിച്ച സ്റ്റോര്‍ കൊട്ടാരത്തിന്റെ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയുള്ള ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം.

കാബൂളിലെ നവീകരിച്ച സ്റ്റോര്‍ കൊട്ടാരത്തിന്റെ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയുള്ള ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം.


ഹിസ് എക്‌സലെന്‍സി പ്രസിഡന്റ് മുഹമ്മദ് അഷ്‌റഫ് ഘനി

വിദേശകാര്യമന്ത്രി എക്‌സലെന്‍സി റബ്ബാനി

എന്റെ പ്രിയപ്പെട്ട അഫ്ഗാന്‍ സുഹൃത്തുക്കളേ സഹോദരിസഹോദരന്‍മാരേ,

ഒരിക്കല്‍കൂടി നിങ്ങളോടൊപ്പം ഒത്തു ചേരാന്‍ കഴിഞ്ഞത് തീര്‍ച്ചയായും വളരെയേറെ സന്തോഷം നല്‍കുന്ന കാര്യമാണ്. അഫ്ഗാനിസ്ഥാന്‍ ഇന്ത്യയുടെ തൊട്ടയല്‍പക്കമാണ്. അതുപോലെ തന്നെയാണ് നമ്മുടെ ഹൃദയങ്ങളും മനസുകളും. ഇന്ത്യാക്കാരും അഫ്ഗാനിസ്ഥാന്‍കാരും എക്കാലവും അടുത്ത സുഹൃത്തുക്കളായിരുന്നു.

നമ്മുടെ സൗഹൃദത്തിന്റെ മറ്റൊരു നേട്ടം ആഘോഷിക്കാന്‍ നാം ഇന്ന് വീണ്ടും ഒത്തുചേര്‍ന്നിരിക്കുകയാണ്. നമ്മുടെ സഹകരണത്തിന്റെ ഫലവത്തായ യാത്രയും മറ്റൊരു ചുവടുവയ്പ്പ് കൂടിയാണിത്.

എക്‌സലെന്‍സി ഘനി,

സംയുക്ത സംരംഭങ്ങളുടെ വിജയകരമായ പരിസമാപ്തി നല്ല സുഹൃത്തുക്കളു മൊത്ത് ആഘോഷിക്കുന്നതിനെക്കാള്‍ സന്തോഷം പകരുന്നത് വളരെ കുറച്ച് കാര്യങ്ങള്‍ മാത്രമാണ്. ഇക്കഴിഞ്ഞ മാസങ്ങളില്‍ ഇത്തരം പ്രധാന വേളകളില്‍ പങ്കാളികളാകാന്‍ എനിക്കും താങ്കള്‍ക്കും ഭാഗ്യമുണ്ടായിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അഫ്ഗാന്‍ പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യാന്‍ താങ്കളും അഫ്ഗാന്‍ ജനതയും എന്നോടൊപ്പം ഉണ്ടായിരുന്നു.

ആധുനിക അഫ്ഗാനിസ്ഥാന്റെ അടിത്തറ ശക്തിപ്പെടുത്തുന്നതില്‍ നമ്മുടെ സംയുക്ത പ്രതിബദ്ധതയാണ് ആ ഉദ്ഘാടനം കാഴ്ചവച്ചത്. ഇക്കൊല്ലം മേയില്‍ നാം ഒപ്പുവച്ച ഇന്ത്യ – അഫ്ഗാനിസ്ഥാന്‍ – ഇറാന്‍ വാഹന ഇടനാഴി കരാര്‍ നമ്മുടെ പങ്കാളിത്തത്തിന്റെ മറ്റൊരു നാഴികക്കല്ലാണ്.

അഫ്ഗാനിസ്ഥാന്റെ സാമ്പത്തിക പുരോഗതിക്കും സമൃദ്ധിക്കുമുള്ള പുതിയ പാതകള്‍ നിര്‍മ്മിക്കുന്നതില്‍ നമ്മുടെ വ്യക്തമായ പൊതു പ്രതിബദ്ധതയുടെ നിദര്‍ശനവുമായിരുന്നു അത്. ഒരു മാസത്തിന് ശേഷം ഇക്കൊല്ലം ജൂണില്‍ നാം കൈകോര്‍ക്കുകയും അഫ്ഗാനിസ്ഥാന്‍ – ഇന്ത്യ അണക്കെട്ടിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു.

സല്‍മാ അണക്കെട്ട് അഫ്ഗാനിസ്ഥാന്റെ ഹെറാത്ത് മേഖലയുടെ സമ്പദ്ഘടനയും കൃഷിയും മാത്രം പുനരുജീവിപ്പിക്കുകയല്ല. മറിച്ച് അഫ്ഗാനിസ്ഥാന്റെ സമഗ്ര വളര്‍ച്ചയ്ക്കും വികസനത്തിനുമുള്ള കരുത്തുറ്റതും സുസ്ഥിരവുമായ പിന്‍തുണയുടെ നെടുംതൂണുകൂടിയാണിത്.

എക്‌സലെന്‍സി,

വീഡിയോ കോണ്‍ഫറന്‍സിലൂടെ ഇന്ന് നടന്ന സ്റ്റോര്‍ കൊട്ടാരത്തിന്റെ ഉദ്ഘാടനം തികച്ചും വ്യത്യസ്തമെങ്കിലും നമ്മുടെ പലതരത്തിലുമുള്ള ഇടപെടലുകളുടെയും അടിസ്ഥാനപരമായ മാനം നല്‍കുന്ന ഒന്നാണ്. അഫ്ഗാനിസ്ഥാന്റെ സാംസ്‌കാരിക പൈതൃകത്തിലെ ഒരു വിലയേറിയ അതിരടയാളത്തിന് അത് പുനര്‍ജീവനേകിയത് കൊണ്ടാണ് ഞാന്‍ ഇങ്ങനെ പറയുന്നത്.

ചരിത്ര പ്രാധാന്യമുള്ള നിരവധി സംരംഭങ്ങള്‍ക്ക് സ്റ്റോര്‍ കൊട്ടാരം വേദിയായിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ അക്രമത്തിന്റെ നിഴലുകള്‍ക്കപ്പുറം കാണാന്‍ കഴിയാത്തവര്‍ക്ക് അഫ്ഗാനിസ്ഥാനിലെ സമ്പന്നമായ പാരമ്പര്യത്തിന്റെ മഹത്തായ ഓര്‍മ്മപ്പെടുത്തലാണ് സ്റ്റോര്‍ കൊട്ടാരം.

അഫ്ഗാന്‍ സമൂഹത്തിന്റെ നഷ്ട സ്മൃതികളുടെ സൗന്ദര്യവും സമ്പന്നതയും മഹത്വവും നമ്മുടെ അഫ്ഗാന്‍ സഹോദരി സഹോദരന്‍മാര്‍ക്ക് അത് പുനരുജീവിപ്പിക്കുന്നു.

നമ്മുടെ ബന്ധത്തിന്റെ അടിത്തറയെന്നപോലെ നമ്മുടെ സൗഹൃദത്തിന്റെ ഇന്നിനെ അത് ചരിത്രപരമായ കൂട്ടുകെട്ടുമായി ബന്ധിപ്പിക്കുന്നു. ഈ അതിലോലമായ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുന്നതിനുവേണ്ടി രാവും പകലും ജോലി ചെയ്ത എല്ലാ കലാകാരന്‍മാരെയും, വിദഗ്ദ്ധരേയും, കണ്‍സള്‍ട്ടന്‍മാരെയും ഞാന്‍ അഭിനന്ദിക്കുക തന്നെ വേണം.

സുഹൃത്തുക്കളേ,

അഫ്ഗാനിസ്ഥാന്‍ അടുത്ത ഒരു സുഹൃത്താണ്. നമ്മുടെ സമൂഹവും ജനങ്ങളും തമ്മില്‍ കാലാകാലങ്ങളായുള്ള ബന്ധമാണ്.

അതിനാല്‍ നിങ്ങളുടെ അഭിമാന രാഷ്ട്രം പുറത്തുനിന്നുള്ള ശക്തികള്‍ പിന്‍തുണയ്ക്കുന്ന അക്രമങ്ങളാലും ഭീകരതയാലും വെല്ലുവിളികള്‍ നേരിടുന്നത് നമ്മെ ദുഖിപ്പിക്കുന്നു.

അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ക്ക് ഞാന്‍ വാക്കുതരട്ടെ സമ്പല്‍സമൃദ്ധമായ ഒരു അഫ്ഗാനിസ്ഥാന്‍ നിര്‍മ്മിക്കുന്നതിനും, നിങ്ങളുടെ സമൂഹത്തില്‍ സമാധാനവും, സുരക്ഷിതത്വവും, സ്ഥിരതയും കൊണ്ടുവരുന്നതിനും ഇന്ത്യയിലെ 125 കോടി ജനങ്ങള്‍ എക്കാലവും നിങ്ങളോടൊപ്പമുണ്ടാകും.

അഫ്ഗാനിസ്ഥാനുമായുള്ള നമ്മുടെ പങ്കാളിത്തത്തിന്റെ പ്രതിജ്ഞയും നമ്മുടെ സൗഹാര്‍ദ്ദത്തിന്റെ കരുത്തും ചാഞ്ചല്യമില്ലാത്തതാണ്.

നമ്മുടെ സഹകരണാത്മകമായ സംരംഭങ്ങളുടെ വൈപുല്യത്തിന്റെയും, ദൃഢതയുടെയും സാക്ഷ്യം കൂടിയാണ് ഇന്നത്തെ ചടങ്ങ്.

ഓരോ അഫ്ഗാന്‍ പൗരനും പുഷ്ടിപ്പെടണമെന്നും സാമ്പത്തിക വളര്‍ച്ചയുടെ ഫലങ്ങള്‍ നിങ്ങളുടെ സമൂഹത്തിന് ഗുണപ്രദമാകണമെന്നുമാണ് ഞങ്ങളുടെ ആഗ്രഹം.

വിഷമതകള്‍ എന്തൊക്കെയുണ്ടായാലും എല്ലാ അഫ്ഗാനികളുടെയും ശോഭനമായ ഭാവിക്ക് വേണ്ടി ഇന്ത്യ നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കും.

എക്‌സലെന്‍സി,

അവസാനമായി, അഫ്ഗാനിസ്ഥാനില്‍ ജോലി നോക്കുന്ന ഇന്ത്യന്‍ വിദഗ്ധരുടെ സുരക്ഷ ഉറപ്പാക്കുന്നതിലും ഇന്ത്യന്‍ എംബസിയും നയതന്ത്രകാര്യാലയങ്ങള്‍ സംരക്ഷിക്കുന്നതിനും താങ്കളെയും താങ്കളുടെ ഗവണ്‍മെന്റിനെയും നന്ദി അറിയിക്കാന്‍ ഈ അവസരം ഞാന്‍ വിനിയോഗിക്കുന്നു.

നമ്മുടെ അഫ്ഗാന്‍ സഹോദരന്‍മാരുടെ ത്യാഗങ്ങള്‍ ഒരിക്കലും വിസമരിക്കപ്പെടില്ല.

അങ്ങയുടെ സാന്നിദ്ധ്യത്തിന് ഞാന്‍ ഒരിക്കല്‍ കൂടി നന്ദിപറയുന്നു.

അങ്ങയെ നേരില്‍ കാണുന്നതിന് ഞാന്‍ ഉറ്റു നോക്കുന്നു. നവീകരിച്ച സ്റ്റോര്‍ കൊട്ടാരം എന്നെങ്കിലും സന്ദര്‍ശിക്കാനുള്ള അവസരത്തിനും ഞാന്‍ ഉറ്റുനോക്കുന്നു.

നന്ദി വളരെയധികം നന്ദി