പിഎം ഇന്ത്യ
2019 സെപ്റ്റംബര്‍ 11നു മഥുരയില്‍ കുളമ്പുരോഗവും ബ്രൂസെല്ലോസിസും നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ദേശീയ കൃത്രിമ ബീജാധാന പദ്ധതിയും ചടങ്ങില്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യും.
പശു വിജ്ഞാന്‍ ഏവം ആരോഗ്യമേള പ്രധാനമന്ത്രി സന്ദര്‍ശിക്കും. ബാബുഗഢ് സെക്‌സ് സെമണ്‍ സംവിധാനത്തോടൊപ്പം പ്രതിരോധ കുത്തിവെപ്പും രോഗചികില്‍സയും പ്രതിരോധവും, കൃത്രിമ ബീജാധാനം, ഉല്‍പാദനക്ഷമത തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ചു രാജ്യത്ത് ആകെയുള്ള 687 ജില്ലകളിലുമുള്ള കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങളില്‍ നടക്കുന്ന ശില്‍പശാലകളുടെയും ഉദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും.
2019 മുതല്‍ 2024 വരെയുള്ള കാലത്തേക്ക് 12,652 കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന, നൂറു ശതമാനവും കേന്ദ്ര ഫണ്ടോടുകൂടിയ പദ്ധതിയാണ് കുളമ്പുരോഗവും ബ്രൂസെല്ലോസിസും നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി. ഇതുവഴി കുളമ്പുരോഗവും ബ്രൂസെല്ലോസിസും 2025 ആകുമ്പോഴേക്കും നിയന്ത്രണവിധേയമാക്കാനും 2030 ആകുമ്പോഴേക്കും നിര്‍മാര്‍ജനം ചെയ്യാനുമാണു ലക്ഷ്യംവെക്കുന്നത്.