പിഎം ഇന്ത്യ
കേരള ഗവണ്‍മെന്റിന് എഫ്എസിടിയുടെ 481. 79 ഏക്കര്‍ ഭൂമി വില്‍ക്കാനുള്ള തീരുമാനത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭയുടെ അനുമതി. ഇതില്‍ 150 ഏക്കര്‍ ഭൂമി ഏക്കറിന് ഒരു കോടി രൂപ നിരക്കിലായിരിക്കും വില്‍ക്കുക. 143. 22 ഏക്കര്‍ ഭൂമി ഫാക്ടിനു സ്വതന്ത്രമായി വിനിയോഗിക്കാവുന്നതാണ് എന്നു കേരള ഗവണ്‍മെന്റ് സമ്മതിച്ചിട്ടു്. ബാക്കി 331. 79 ഏക്കറിന്റെ വില 2.4758 കോടി രൂപയാണ് എന്നാണ് എറണാകുളം ജില്ലാ കളക്ടര്‍ കണക്കാക്കിയിരിക്കുന്നത്.
പ്രവര്‍ത്തന മൂലധനക്കുറവ് പരിഹരിക്കുന്നതിനും നഷ്ടം നികത്താനും കമ്പനിയുടെ സുസ്ഥിര വളര്‍ച്ചയ്ക്ക് ആവശ്യമായ ശേഷി വികസന പദ്ധതികള്‍ നടപ്പാക്കുന്നതിന് പ്രവര്‍ത്തനപരവും സാമ്പത്തികവുമായ പ്രകടനം മെച്ചപ്പെടുത്തുന്നതിനുമാണ് ഭൂമി വില്‍ക്കാന്‍ ഫാക്ട് തീരുമാനിച്ചത്.
ഫാക്ടിനു ബാങ്കുകളിലെ ബാധ്യതകള്‍ തീര്‍ക്കാനും വളം ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കാനും അസംസ്‌കൃത വസ്തുക്കള്‍ കൈകാര്യം ചെയ്യാനുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും ഇത് സഹായകമാകും.
ഫാക്ടിന്റെ പുനരുജ്ജീവനം കമ്പനിയുടെ വികസനത്തിനും വൈവിധ്യവല്‍ക്കരണത്തിനുമുള്ള അവസരങ്ങള്‍ സൃഷ്ടിക്കും. ഇത് നേരിട്ടും പരോക്ഷമായും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. കേരളത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പൊതുമേഖലാ സ്ഥാപനം മെച്ചപ്പെടുന്നത് ദക്ഷിണേന്ത്യയില്‍ വളം ലഭ്യത വര്‍ധിപ്പിക്കും. വളം ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയും. വളത്തിന്റെ ലഭ്യത വര്‍ധിക്കുന്നത് ഭക്ഷ്യസുരക്ഷയ്ക്കും ഗുണകരമാകും. ഭൂമി വില്‍പ്പനയ്ക്കു ശേഷം മാനേജ്‌മെന്റിന്റെ പ്രകടന മികവ് കൂടുതല്‍ ഉറപ്പാകും. സ്ഥാപനത്തിന്റെ ഊര്‍ജ്ജക്ഷമത മെച്ചപ്പെടുത്തുകയും പരിസ്ഥിതി സൗഹൃദപരമാക്കുകയും ചെയ്യുന്ന വിധത്തില്‍ എല്‍എന്‍ജി ഇന്ധന വിനിയോഗത്തിലേക്ക് ഇപ്പോള്‍ത്തന്നെ മാറിക്കഴിഞ്ഞു.