പിഎം ഇന്ത്യ
ലോക് കല്യാണ്‍മാര്‍ഗില്‍ തന്നെ സന്ദര്‍ശിക്കാനെത്തിയ കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ ജേതാക്കളുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശയവിനിമയം നടത്തി.
മെഡല്‍ ജേതാക്കളെ അഭിനന്ദിച്ച പ്രധാനമന്ത്രി, മികച്ച പ്രകടനം നടത്തുകയും എന്നാല്‍ മെഡല്‍ ലഭിക്കാതെ പോവുകയും ചെയ്തവര്‍ക്ക് ആശംസകള്‍ നേര്‍ന്നു.
കായികരംഗത്തെ നേട്ടങ്ങള്‍ ആരെയും പ്രചോദിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. മെഡല്‍ ജേതാക്കള്‍ കായികരംഗത്തുണ്ടാക്കിയ നേട്ടങ്ങള്‍ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിയിട്ടുണ്ടെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ കായികതാരങ്ങള്‍ ആഗോള കായിക വേദിയില്‍ നേട്ടമുണ്ടാക്കുമ്പോഴെല്ലാം ഉയരെപ്പറക്കുന്നത് ഇന്ത്യന്‍ പതാകയാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
കായിക താരങ്ങള്‍ക്കു ദശാബ്ദങ്ങളോളം മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുന്ന സാഹചര്യം ഇന്നുണ്ടെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. ഇതേക്കുറിച്ചു പറയവേ പാര്‍ലമെന്റ് അംഗമായിരിക്കെ, സ്വര്‍ണ മെഡലുകള്‍ നേടുന്ന മേരി കോമിന്റെ പ്രകടനം ഉദാഹരണമായി അദ്ദേഹം ഉയര്‍ത്തിക്കാട്ടി. ഒരു കളിക്കാരനെന്ന നിലയിലുള്ള വിജയകരമായ പ്രവര്‍ത്തനത്തിനുശേഷം എത്രയോ കളിക്കാരെ പരിശീലിപ്പിക്കുകയും വാര്‍ത്തെടുക്കുകയും ചെയ്യുന്ന പുല്ലേല ഗോപീചന്ദിനെയും മികച്ച ഉദാഹരണമായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
കഴിവ്, പരിശീലനം, ഏകാഗ്രത, കഠിനാധ്വാനം എന്നിവയ്‌ക്കൊപ്പം മനക്കരുത്തും ഇന്നു കായികതാരങ്ങള്‍ക്ക് അനിവാര്യമാണെന്നു ശ്രീ. മോദി പറഞ്ഞു. ഇതു നേടിയെടുക്കുന്നതിനു യോഗ കൊണ്ടുള്ള നേട്ടങ്ങളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.
കുട്ടിക്കാലം മുതല്‍ മാര്‍ഗനിര്‍ദേശം നല്‍കിയ വിവിധ ഗുരുക്കന്‍മാരെ ഓര്‍ക്കണമെന്നും അവരുമായുള്ള ബന്ധം നിലനിര്‍ത്തണമെന്നും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.
സ്വതന്ത്ര ചുമതലയുള്ള യുവജനക്ഷേ, കായിക വകുപ്പ് സഹമന്ത്രി കേണല്‍ രാജ്യവര്‍ധന്‍ റാത്തോഡ് ചടങ്ങില്‍ സംബന്ധിച്ചിരുന്നു.