Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഗുജറാത്തിലെ ആനന്ദില്‍ അമുലിന്റെ ചോക്കളേറ്റ് പ്ലാന്റും മറ്റു പദ്ധതികളും ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നടത്തിയ പ്രസംഗം.


വേദിയില്‍ സന്നിഹിതരായിരിക്കുന്ന വിശിഷ്ട വ്യക്തികളേ, ഇവിടെ എത്തിച്ചേര്‍ന്നിരിക്കുന്ന എന്റെ അസംഖ്യം സഹോദരീ സഹോദരന്മാരേ,

എന്തുണ്ട് നിങ്ങള്‍ക്കു വിശേഷം? കവിഞ്ഞൊഴുകുന്ന ഈ ജനസഞ്ചയത്തെ ഉള്‍ക്കൊള്ളാന്‍ വിശാലമായ ഈ പന്തല്‍ പോലും അപര്യാപ്തമാണെന്ന് ഞാന്‍ കാണുന്നു. നിരവധിയാളുകള്‍ പുറത്തു നില്‍ക്കുകയാണ്. നിങ്ങളുടെ അനുഗ്രഹങ്ങള്‍ അര്‍പ്പിക്കുന്നതിന് ഇത്രയധികം പേര്‍ ഇവിടെ എത്തിച്ചേര്‍ന്നതില്‍ ഞങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ആഹ്ലാദഭരിതരാണ്. ഇന്ന് 1100 കോടിയോളം രൂപയ്ക്കുള്ള പദ്ധതികളുടെ ഉദ്ഘാടന, പ്രഖ്യാപന,ശിലാസ്ഥാപന പരിപാടികള്‍ക്കാണ് നിങ്ങള്‍ എനിക്ക് അവസരം നല്‍കിയത്. സഹകരണ പ്രസ്ഥാനവുമായി സഹകരിക്കുകയും ഇന്നെനിക്ക് ഈ ആദരം നല്‍കുകയും ചെയ്ത മുഴുവന്‍ കര്‍ഷക കുടുംബങ്ങളെയും ഞാന്‍ അഭിവാദ്യം ചെയ്യുകയും നന്ദി അറിയിക്കുകയും ചെയ്യുന്നു.

ഇന്ന് അമുല്‍ ബ്രാന്‍ഡിന്റെ പെരുമ ലോകമെമ്പാടും നാല്‍പ്പത് രാജ്യങ്ങളില്‍ മുദ്രണം ചെയ്യപ്പെട്ടിരിക്കുന്നു. മറ്റു ചില രാജ്യങ്ങളിലെ എന്റെ സന്ദര്‍ശന വേളകളില്‍ അവിടത്തെ പ്രതിനിധികളും ആ നാടുകളിലെ ഇന്ത്യന്‍ വംശജരും അവിടത്തുകാരില്‍ ചിലര്‍ പോലും അമുല്‍ ഉല്‍പ്പന്നങ്ങളുടെ വിതരണം അവിടെയും ഉറപ്പാക്കാന്‍ വേണ്ടതു ചെയ്യമമെന്ന് ആവശ്യപ്പെടുന്നതുകേട്ട് സത്യമായും ഞാന്‍ ആശ്ചര്യപ്പെട്ട്‌പോയിട്ടുണ്ട്. അതു കേള്‍ക്കുമ്പോഴെല്ലാം കര്‍ഷകരുടെ സഹകരണ പ്രസ്ഥാനത്തെയും രാജ്യത്തിന് അകത്തും പുറത്തും സ്വന്തം മുദ്ര പതിപ്പിക്കാന്‍ അമുല്‍ നടത്തിയ ഏഴ് പതിറ്റാണ്ടു നീണ്ട ഇടവേളകളില്ലാത്ത പ്രയത്‌നത്തെയും കുറിച്ചു ഞാന്‍ അഭിമാനപുളകിതനാകും. അമുല്‍ അനിവാര്യതയുടെ ഒരു പ്രചോദനമായി മാറിയിരിക്കുന്നു. ഇത് ചെറിയ ഒരു നേട്ടമല്ല, ബൃഹത്തായ ഒന്നാണ്. ഒരു വ്യവസായത്തില്‍ നിന്നുണ്ടാകുന്ന ഉല്‍പ്പന്നങ്ങളോ ഒരു ക്ഷീര സംസ്‌കരണ യൂണിറ്റോ മാത്രമല്ല ഇത്, സമാന്തര ബദല്‍ സമ്പദ്ഘടനയുടെ ഒരു മാതൃക കൂടിയാണ്.

ഒരു തരത്തില്‍ ഒരു സോഷ്യലിസ്റ്റ് സമ്പദ്ഘടനാ രൂപരേഖയും മറ്റൊരു തരത്തില്‍ ഒരു മുതലാളിത്ത സമ്പദ്ഘടനാ ചട്ടക്കൂടും ഇതിലുണ്ട്; ഒരു നിലയ്ക്ക് സമ്പദ്ഘടന ഗവണ്‍മെന്റിന്റെ മേധാവിത്വത്തിലുള്ളതാണ്, മറ്റൊരു വഴിക്ക് സമ്പദ്ഘടന സ്വകാര്യ സംരംഭകരുടെ കൈകളിലാണ്. ലോകത്തിന് ഈ രണ്ടു തരം സമ്പദ്ഘടനയും പരിചിതമാണ്. ഗവണ്‍മെന്റിനോ സമ്പന്ന മുതലാളിമാര്‍ക്കോ മേധാവിത്വമില്ലാത്ത ഒരു മൂന്നാം സമ്പദ്ഘടനാ രൂപരേഖയുടെ വിത്ത് മഹാനായ സര്‍ദാര്‍ സാഹിബിനെപ്പോലുള്ളവര്‍ വിതച്ചിരുന്നു. അതാണ് കര്‍ഷകരുടെയും മറ്റുള്ളവരുടെയും സഹകരണത്തോടെ സഹകരണ പ്രസ്ഥാനവും സമ്പദ്ഘടനയും വളര്‍ന്നത്. എല്ലാവരും അതിന്റെ ഭാഗമായി മാറി.

സോഷ്യലിസത്തിനും മുതലാളിത്തത്തിനും ഒരു വിജയകരമായ ബദല്‍ മാതൃകാ സമ്പദ്ഘടന ഇത് ലഭ്യമാക്കി. സ്വാതന്ത്യത്തിന് ഏകദേശം ഒരു വര്‍ഷം മുമ്പാണ് അമുലിന്റെ ഔപചാരിക രൂപം തയ്യാറായത് എന്ന യാഥാര്‍ത്ഥ്യം നമുക്കെല്ലാം അറിയാമല്ലോ. എന്നാല്‍ സഹകരണ പ്രസ്ഥാനം അതിലും മുമ്പേ ഉണ്ടായിരുന്നു.

സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ അഹമ്മദാബാദ് നഗരസഭയുടെ അധ്യക്ഷനായിരുന്നിട്ടുണ്ട് എന്ന് വളരെക്കുറച്ച് ആളുകള്‍ക്കു മാത്രമേ അറിയൂ. അക്കാലത്ത് കോര്‍പറേഷനല്ല, നഗരപാലികയോ നഗരസഭയോ ആണുള്ളത്. നമ്മുടെ കൗശിക് ഭായ് വിജയിച്ച ദരിയാപൂരില്‍ നിന്നാണ് അദ്ദേഹം വിജയിച്ചത്. ഒരൊറ്റ വോട്ടിനാണ് സര്‍ദാര്‍ സാഹിബ് വിജയിച്ചത്, അദ്ദേഹം പിന്നീട് അധ്യക്ഷനാവുകയും ചെയ്തു.

നഗരവികസനത്തിന്റെ ആസൂത്രണ കാഴ്ചപ്പാട് ഗുജറാത്തില്‍ ആദ്യമായി മുന്നോട്ടുവച്ചത് സര്‍ദാര്‍ സാഹിബ് അഹമ്മദാബാദ് നഗരസഭ അധ്യക്ഷനായിരുന്നപ്പോഴാണ്. സഹകരണ ഭവനനിര്‍മാണ സംഘമായിരുന്നു അക്കാലത്ത് അദ്ദേഹത്തിന്റെ ആദ്യ അനുഭവം. സഹകരണ സംഘങ്ങളിലൂടെ ഇടത്തരക്കാര്‍ക്ക് വീടുകള്‍ നിര്‍മിച്ചു കൊടുക്കുന്ന പദ്ധതിയായിരുന്നു അത്. സര്‍ദാര്‍ സാ ഹി ബ് ഒരു പ്രീതം റായ് ദേശായിയെ വീട് നിര്‍മാണച്ചുമതല ഏല്‍പ്പിക്കുകയും സര്‍ദാര്‍ സാഹിബിന്റെ നേതൃത്വത്തിലും മാര്‍ഗനിര്‍ദേശത്തിലും ഗുജറാത്തിലെ വര്‍ദേശില്‍ ആദ്യത്തെ ഭവന നിര്‍മാണ സഹകരണ സംഘം രൂപീകരിക്കുകയും ചെയ്തു. 1927 ജനുവരി 28ന് സര്‍ദാര്‍ സാഹിബ് അത് ഉദ്ഘാടനം ചെയ്തു. ഇത് വികസനത്തിന്റെ ഒരു പുതിയ മാതൃകയാണ് എന്ന് മനസ്സിലാക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം ജനങ്ങളോടു പറഞ്ഞു. പ്രീതം റായ് ദേശായിയുടെ പ്രവര്‍ത്തനത്തോടുള്ള ആദര സൂചകമായി സംഘത്തിന് അദ്ദേഹം പ്രീതം നഗര്‍ എന്ന് പേരിട്ടു.

ഇന്നും സഹകരണ പ്രസ്ഥാനത്തിന്റെ ആദ്യ നേട്ടം സ്മരിക്കപ്പെടുന്നത് അഹമ്മദാബാദിലെ പ്രീതം നഗറിന്റെ രൂപത്തിലാണ്. ക്രമേണ സഹകരണ പ്രസ്ഥാനം എല്ലാ പ്രദേശങ്ങളിലേക്കും പ്രത്യേകിച്ചും ഗുജറാത്തിലും മഹാരാഷ്ട്രയിലും വ്യാപിച്ചു. അന്ന് മഹാരാഷ്ട്ര വലുതായിരുന്നു. മുഴുവന്‍ പ്രദേശങ്ങളിലും സഹകരണ പ്രസ്ഥാനം കേവലമായ ഒരു സംവിധാനമോ ചട്ടങ്ങളുടെയും നിയന്ത്രണങ്ങളുടെയും അടിസ്ഥാനത്തിലുള്ള ഒരു സങ്കല്‍പ്പമോ ആയിരുന്നില്ല. രാഷ്ട്രത്തിനു മുഴുവന്‍ ഗുജറാത്ത് നല്‍കിയ മാതൃക എന്ന നിലയില്‍ ജനങ്ങള്‍ സഹകരണ പ്രസ്ഥാനവുമായി സഹകരിച്ചതിന്റെ ഫലമായി പൊതുജനങ്ങളുടെ അഭിപ്രായത്തെ സ്വാധീനിക്കുന്ന ഒരു പാരമ്പര്യം തന്നെയായിരുന്നു.

അമുലിന്റെ കാര്യത്തില്‍, വടക്കന്‍ ഗുജറാത്ത് അതിന്റെ സ്വന്തം വഴി തന്നെ ഉണ്ടാക്കി. ദൂഗ്ധ് സാഗര്‍ ഡയറിയും ബനാസ് ഡയറിയും രൂപീകരിച്ചു. ജനങ്ങളുടെ നേതൃത്വത്തില്‍ സഹകരണ പ്രസ്ഥാനം ഉണ്ടായിരുന്നില്ലെങ്കില്‍ എന്തായിരിക്കും സംഭവിച്ചിരിക്കുക എന്ന് ചിലപ്പോഴൊക്കെ ഞാന്‍ അത്ഭുതപ്പെടാറുണ്ട്. പത്തില്‍ ഏഴ് വര്‍ഷവും ഒരുകാലത്ത് ഗുജറാത്ത് വരള്‍ച്ചയുടെ പിടിയിലായിരുന്നു. എന്നാലിന്ന് സ്ഥിതി മാറി. വരള്‍ച്ചാ കാലത്തിന്റെ തോത് കുറഞ്ഞു. കര്‍ഷകരും കാലി വളര്‍ത്തുന്നവരും നിരവധി പ്രശ്‌നങ്ങളിലൂടെയാണ് കടന്നുപോയിരുന്നത്. പാലുല്‍പ്പാദകരുടെ കൂട്ടായ്മ കര്‍ഷകരുടെ ഈ പ്രശ്‌നത്തിന് ഒരു പരിഹാരം കണ്ടെത്തി. അതോടെ കര്‍ഷകര്‍ക്ക് കാലി വളര്‍ത്തലിലൂടെയും പാല്‍ വില്‍പ്പനയിലൂടെയും വേനല്‍ക്കാലത്തു പോലും സ്വന്തം ഉപജീവനത്തിനുള്ളത് സമ്പാദിക്കാന്‍ സാധിച്ചു. അങ്ങനെ അവര്‍ ജീവിച്ചു പോന്നു.

പിന്നീട് ഗാന്ധിനഗറില്‍ അധികാരത്തിലെത്തിയ ചില ഗവണ്മെന്റുകള്‍ സഹകരണ പ്രസ്ഥാനത്തിനും പാല്‍ വ്യവസായത്തിനും മുന്നില്‍ പ്രതിബന്ധങ്ങളുണ്ടാക്കുന്ന നിയമങ്ങള്‍ രൂപീകരിച്ചു. കച്ച്- സൗരാഷ്ട്ര മേഖലയില്‍ പ്രവര്‍ത്തിച്ച പാല്‍ വ്യവസായം പിന്നീട് കച്ച്- സൗരാഷ്ട്രാ മേഖലയെ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രമെന്ന പ്രചാരത്തിലേക്ക് എത്തിക്കുക പോലും ചെയ്തു.

നമുക്ക് ജനങ്ങളെ സേവിക്കാന്‍ അവസരം ലഭിച്ചപ്പോള്‍, നാം പൂര്‍ണമായും സ്ഥിതി മാറ്റിമറിച്ചു. നാം എല്ലായിടത്തും ഇത് പ്രോല്‍സാഹിപ്പിച്ചു. ഇന്നിപ്പോള്‍ ഏതാണ്ട് ഗുജറാത്തിലെ എല്ലാ ജില്ലകളിലും കാലി വളര്‍ത്തലിന്റെ വലിയ തോതിലുള്ള അവസരങ്ങള്‍ അനുഭവിക്കുന്നുണ്ട്.

ചില ആളുകള്‍ അവരേക്കുറിച്ച് സ്വയം കരുതുന്നത് വലിയ കൗശലക്കാരും ബുദ്ധിയുള്ളവരുമായാണ്. പക്ഷെ. ചില കാര്യങ്ങള്‍ അവരുടെ പരിധിക്കും അപ്പുറമാകുന്ന സ്ഥിതിയുണ്ടാകുമ്പോള്‍ അവരുടെ ഞാനെന്ന ഭാവം അവരെ അത് സ്വീകരിക്കുന്നതില്‍ നിന്നു തടയും. അതിനെ എതിര്‍ക്കാനുള്ള ധൈര്യം അവര്‍ക്ക് ഇല്ലെങ്കില്‍ അവര്‍ അതിനെ അനുകരിക്കാന്‍ തുടങ്ങുകയും അത് നമ്മുടെ സങ്കല്‍പ്പത്തിന് അപ്പുറം അത് തമാശയാക്കി മാറ്റുകയും ചെയ്യും.

അങ്ങനെയുള്ള ആളുകള്‍ പുറത്താകും. ഭൂകമ്പത്തിനു ശേഷം കച്ചിലെ സാമ്പത്തിക നില തിരിച്ചുകൊണ്ടുവരാന്‍ ഞങ്ങള്‍ നടത്തിയ ശ്രമവും നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതും ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു. ധവള മരുഭൂമി റാണോല്‍സവം ഉദ്ഘാടനം ചെയ്ത് എന്റെ പ്രസംഗത്തില്‍ ഞാന്‍ പറഞ്ഞത് ‘ഒട്ടകപ്പാലും വളരെ പോഷകപ്രദമാണെന്ന് എനിക്കറിയാം, അത് നിശ്ചയമായും നമ്മുടെ കുട്ടികളുടെ വികാസത്തെ സഹായിക്കും’ എന്നാണ്. എവിടെപ്പോകുമ്പോഴും ജനങ്ങള്‍ എന്നെ കളിയാക്കുകയും ഒട്ടകപ്പാലിനേക്കുറിച്ച് പറഞ്ഞത് ചൂണ്ടിക്കാട്ടി രോഷത്തോടെ പ്രതികരിക്കുകയും ചെയ്യാന്‍ മാത്രം അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദി എന്തു തെറ്റാണ് ചെയ്തത് എന്ന് എനിക്കു മനസ്സിലാകുന്നില്ല. ഒട്ടകപ്പാലില്‍ ഉണ്ടാക്കിയ അമുല്‍ ചോക്ലേറ്റിന് വലിയ പ്രിയമാണ് എന്നറിയുന്നതില്‍ ഇന്നെനിക്ക് സന്തോഷമുണ്ട്. പശുവിന്റെ പാലിനേക്കാള്‍ ഒട്ടകപ്പാലിന് ഇരട്ടി വില അധികമാണെന്ന് ഇപ്പോള്‍ രാംസിംഗ് ഭായ് എന്നോടു പറഞ്ഞതേയുള്ളു.

ജനങ്ങള്‍ക്ക് കാര്യവിവരമില്ലെങ്കില്‍ എന്ത് സംഭവിക്കും എന്നതിന് ഇതൊരു ഉദാഹരണമാണ്. ഉറച്ച ജീവിതോപാധി ഉള്ളതുകൊണ്ട് മരുഭൂമിയിലെ ഒട്ടകം വളര്‍ത്തുകാരനായിരിക്കുമ്പോള്‍ വലിയ വിപണി ലഭിക്കും. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടായാലും അമുല്‍ എന്റെ സ്വപ്‌നങ്ങള്‍ പൂര്‍ത്തീകരിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. നമ്മുടെ രാജ്യത്ത് പോഷകത്തിനുള്ള നിരവധി സംരംഭങ്ങള്‍ ആവശ്യമാണെന്ന് ഞങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ട്.

ഞാന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പോഷന്‍ ദൗത്യത്തിനു കീഴില്‍ നിരവധി സംരംഭങ്ങള്‍ ഏറ്റെടുത്തിരുന്നു. നമ്മുടെ അമ്മമാരും കുട്ടികളും ആരോഗ്യമുള്ളവരായിരുന്നാല്‍ മാത്രമേ ഇന്ത്യ ആരോഗ്യമുള്ളതായിരിക്കുകയുള്ളു എന്നത് എന്റെ ഏറ്റുപറച്ചിലാണ്. ഇന്ത്യ ഒരിക്കലും രോഗത്തില്‍പ്പെടില്ല.

സൗരോര്‍ജ്ജവും സഹകരണ പ്രസ്ഥാനവും ഇവിടെ കൂട്ടായ പ്രവര്‍ത്തനത്തിലാണ് എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. വയലുകളില്‍ ധാന്യങ്ങള്‍ വളരുമെങ്കില്‍ വൈദ്യുതി പോലും വയലുകളില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കാം. ഒന്നിച്ചു കൈകോര്‍ക്കുകയും സഹകരണ സംഘം രൂപീകരിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുകയും അത് വയലുകളില്‍ ഉപയോഗിക്കുകയും ചെയ്ത പതിനൊന്ന് കര്‍ഷകരെ ഞാന്‍ അഭിനന്ദിക്കുന്നു. മിച്ചമുള്ള വൈദ്യുതി നിയമപ്രകാരം സംസ്ഥാന ഗവണ്‍മെന്റ് വിലയ്ക്ക് വാങ്ങും. ഈ സഹകരണ സംഘത്തിന് പ്രതിവര്‍ഷം അമ്പതിനായിരം രൂപ അധിക വരുമാനമുണ്ട് എന്നാണ് എനിക്ക് അറിയാനായത്. സഹകരണ മേഖലയില്‍ ചറോത്താറുടെ ഭൂമി എപ്പോഴും പുതിയ പരീക്ഷണങ്ങള്‍ക്കുള്ള മാധ്യമമാണ്.

കേന്ദ്ര ഗവണ്‍മെന്റ് മൂന്നു പ്രധാന പദ്ധതികള്‍ പ്രോല്‍സാഹിപ്പിക്കുന്നു – ഒന്ന് ജന്‍ധന്‍ യോജന, രണ്ടാമത്തേത് വന്‍ ധന്‍ യോജന, മൂന്നാമത്തേത് ഗോബര്‍ധന്‍ യോജന. ജന്‍ ധന്‍, വന്‍ ധന്‍, ഗോബര്‍ധന്‍. മാലിന്യത്തില്‍ നിന്നു സമ്പത്ത് – മൃഗ മാലിന്യത്തില്‍ നിന്ന് പണമുണ്ടാക്കാന്‍ പറ്റും; പശുച്ചാണകത്തില്‍ നിന്ന് പാചക വാതകവും വൈദ്യുതിയും വളവും ഉല്‍പ്പാദിപ്പിക്കാം. 10- 12 ഗ്രാമങ്ങളില്‍ നിന്ന് പശുച്ചാണകം ശേഖരിക്കുന്ന പദ്ധതി തുടങ്ങിയ ധകോര്‍ ഉംറേത്തിനു വളരെ അടുത്തുള്ള ഉന്മേഷവാനായ തൊഴിലാളിയെ ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു. ഒരു വാതക പ്ലാന്റ് സ്ഥാപിച്ച് പാചക വാതകം ഉല്‍പ്പാദിപ്പിച്ച് സമീപ ഗ്രാമങ്ങളില്‍ വിതരണം ചെയ്തു. ഇന്ന് പതിനൊന്ന് കര്‍ഷകര്‍ സൗരോര്‍ജ്ജ പമ്പുകള്‍ക്ക് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയും മിച്ചമുള്ളത് വില്‍ക്കുകയും ചെയ്യുന്നു. ധാന്യങ്ങളുടെ വിളവെടുപ്പും സൗരോര്‍ജ്ജവും കൈകള്‍ മാറിമാറി പോകുന്നു. ഇതുപോലെ പതിനൊന്ന് ഗ്രാമങ്ങളിലെ വെവ്വേറെ സംഘങ്ങള്‍ക്ക് ഗോബര്‍ധന്‍ പ്രവര്‍ത്തനം ദൗത്യമായി ഏറ്റെടുത്ത് കൂട്ടായി ചെയ്യാവുന്നതാണ്.

ഇന്ന് ഞാന്‍ ഇവിടെ ഛറോത്താറിന്റെ മണ്ണിലാണ്. സര്‍ദാര്‍ സാഹിബിന്റെയും നിരവധി മഹദ് വ്യക്തിത്വങ്ങളുടെയും തപശ്ചര്യകൊണ്ട് സഹകരണ മേഖലയില്‍ ഈ സ്ഥലത്തിന്റെ പാരമ്പര്യം എല്ലാവര്‍ക്കും മാര്‍ഗ്ഗനിര്‍ദേശം നല്‍കാന്‍ അമുലിനെ സഹായിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഗോബര്‍ധന്‍ യോജനയാകട്ടെ അതിന്റെ യഥാര്‍ത്ഥ ഉള്ളടക്കത്തില്‍ ശുചിത്വഭാരത ദൗത്യം തന്നെയാണു താനും. മാലിന്യത്തില്‍ നിന്നും നവോര്‍ജ്ജത്തില്‍ നിന്നും നമുക്ക് പണമുണ്ടാകും. ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്കുവേണ്ടി നമുക്ക് വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ടതില്ല. ഇത് രാഷ്ട്രത്തിനു വേണ്ടിയുള്ള സേവനത്തിന് ഒരു വഴി തുറന്നു തരും. വരും ദിവസങ്ങളില്‍ പ്രാദേശികമായി ആളുകള്‍ക്ക് തൊഴില്‍ ലഭിക്കുമെങ്കില്‍ ഇത് രാജ്യത്തിന് മികച്ച ഒരു ഉദാഹരണമായിരിക്കും.

അമുല്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ 75 വര്‍ഷം പൂര്‍ത്തീകരിക്കും. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം 2022ല്‍ ആഘോഷിക്കും. അമുല്‍ നിലയ്ക്കാത്തതായാണ് ഞാന്‍ കാണുന്നത്. നവീനമായി ചിന്തിക്കുകയും കാര്യങ്ങള്‍ വ്യത്യസ്ഥമായും ധീരമായും ചെയ്യുകയുമാണ് അമുലിന്റെ പ്രകൃതം. ഞാന്‍ അതിന്റെ കൂട്ടായ്മയുമായും അതിന്റെ തൊഴില്‍ സംസ്‌കാരവുമായും പ്രൊഫഷണലുകളുമായും സഹകരണ പ്രസ്ഥാനത്തിന്റെ നേതാക്കളുമായും നിരവധി വര്‍ഷങ്ങളായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു. എനിക്ക് എപ്പോഴും അതിനെ മനസ്സിലാക്കാന്‍ ശ്രമിച്ചു. പുതിയ കാര്യങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന ധൈര്യവും ശീലവും അവര്‍ക്കുണ്ട്.

അമുല്‍ സഹകരണപ്രസ്ഥാനത്തിന്റെ മുഴുവന്‍ പ്രൊഫഷണലുകളോടും നേതാക്കളോടും ഒരു അഭ്യര്‍ത്ഥന നടത്താനാണ് ഇന്ന് ഞാന്‍ ഇവിടെ വന്നത്. അമുല്‍ സ്ഥാപിച്ചതിന്റെ 75 വര്‍ഷവും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷവും ചേര്‍ന്നു വരുന്നത് കണക്കിലെടുത്ത് പുതിയ ഒരു ലക്ഷ്യം ഉന്നം വയ്ക്കാന്‍ കഴിയുമോ? നമുക്കു മുന്നില്‍ രണ്ട്-മൂന്ന് വര്‍ഷമാണുള്ളത്. നമുക്ക് പുതിയ ഒരു ലക്ഷ്യം ക്രമീകരിക്കാനും ഒന്നിച്ചു നിന്ന് രാജ്യത്തിനും ലോകത്തിനും വേണ്ടി പുതിയ ചിലത് നല്‍കാനും സാധിക്കുമോ?

പാല്‍ സംസ്‌കരണത്തില്‍ ലോകത്ത് പത്താം സ്ഥാനത്താണ് നാം. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ ഈ പത്താം സ്ഥാനത്തെ മൂന്നാം സ്ഥാനമാക്കി ഉയര്‍ത്തുക എന്ന ലക്ഷ്യം വയ്ക്കാന്‍ അമുലിനു സാധിക്കുമോ? അതൊരു ബുദ്ധിമുട്ടുള്ള കടമയായിരിക്കും എന്ന് ഞാന്‍ കരുതുന്നില്ല.

നമ്മുടെ രാജ്യം ക്ഷാമത്തിലായിരുന്ന ഒരു കാലമുണ്ടായിരുന്നു. ക്ഷാമത്തിന്റെ പ്രശ്‌നം നാം കൈകാര്യം ചെയ്തു. അതേസമയം, തീരുമാനമെടുക്കലിന്റെയും ചിന്തിക്കുന്നതിന്റെയും പ്രവര്‍ത്തിക്കുന്നതിന്റെയും പ്രക്രിയ വ്യത്യസ്ഥമാണ്. ആ സാഹചര്യത്തില്‍ നിന്ന് വേഗം പുറത്തു വരേണ്ടത് രാജ്യത്തിന് അത്യന്താപേക്ഷിതമായിരുന്നു. ഇന്ന് ക്ഷാമത്തിന്റെ പ്രശ്‌നമൊന്നും രാജ്യം അഭിമുഖീകരിക്കുന്നില്ല. ഇന്ന് സമൃദ്ധിയാണ് രാജ്യത്തിനു മുന്നിലുള്ള വെല്ലുവിളി. കര്‍ഷകര്‍ വന്‍തോതില്‍ ധാന്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നു. ചിലപ്പോള്‍ വിലയിടിയുന്നതുകൊണ്ട് സമൃദ്ധി മൂലം കര്‍ഷകര്‍ക്ക് നഷ്ടം സംഭവിക്കുന്നു.

ഉല്‍പ്പാദനം വളരെക്കുറവായിരിക്കുകയും ഉപയോഗിക്കാനുള്ള ഗോതമ്പ് പോലും നാം ഇറക്കുമതി ചെയ്യേണ്ടി വേണ്ടി വന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. ധവള വിപ്ലവം പോലെ നമുക്കൊരു ഹരിത വിപ്ലവവും ഉണ്ടായിരുന്നു. ഭക്ഷ്യ ധാന്യങ്ങളുടെ കലവറ നിറഞ്ഞു. ഇപ്പോള്‍ നാം ഉല്‍പ്പാദിപ്പിക്കുന്ന ചില വസ്തുക്കള്‍ മിച്ചമാണ്. മൂല്യവര്‍ധന പ്രക്രിയയാണ് പരിഹാരങ്ങളിലൊന്ന്. ഡയറി വ്യവസായം വ്യാപിപ്പിക്കുകയും പുതിയ സംസ്‌കരിക്കപ്പെട്ട പാല്‍ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാതിരിക്കുകയും ചെയ്തില്ലെങ്കില്‍ മിക്കവാറും കര്‍ഷകര്‍ക്ക് പാല്‍ ഉല്‍പാദനത്തില്‍ നിന്നു പിന്മാറേണ്ടി വരും. വിപണിയില്‍ ലാഭകരമായി മല്‍സരിക്കാന്‍ സാധിക്കാത്തതുകൊണ്ട് അവര്‍ കാലി വളര്‍ത്തലില്‍ നിന്നും പിന്മാറും. എന്നിട്ടും ഈ സംവിധാനം മൂലം ഇപ്പോഴും കര്‍ഷകര്‍ ആവേശത്തോടെ പാല്‍ ഉല്‍പ്പാദനവുമായി സഹകരിക്കുന്നു.

സമാനമായി, കാര്‍ഷിക ഉല്‍പ്പന്നങ്ങളിലും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ തുല്യമായി നമുക്ക് പ്രധാനമാണ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഞാന്‍ ആനന്ദില്‍ കൃഷി മഹോല്‍സവത്തില്‍ പങ്കെടുത്തിരുന്നു. അതുകൊണ്ട് എന്റെ പഴയ സുഹൃത്തുക്കളില്‍ ഒരാളെ കണ്ടുമുട്ടാനും സാധിച്ചു. ഞാനും അദ്ദേഹത്തെ കണ്ട് ആശ്ചര്യത്തിലായി. അദ്ദേഹം കോട്ടും നിക്കറും ടൈയും ധരിച്ചിരുന്നു. സഹോദരാ, നിങ്ങള്‍ ഒരുപാട് മാറിപ്പോയല്ലോ എന്നു ഞാന്‍ പറഞ്ഞു. ഇപ്പോള്‍ എന്താണ് നിങ്ങള്‍ ചെയ്യുന്നത്? ‘ശരത്’, ‘പണ്ട്ര’എന്നിവയുടെ പൊടി ഉണ്ടാക്കി വില്‍ക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു; അങ്ങനെയാണ് എന്റെ വരുമാനം വര്‍ധിച്ചത്. ഇതിനാണ് മൂല്യവര്‍ധന എന്ന് പറയുന്നത്. മുമ്പൊക്കെ പഴങ്ങള്‍ നിലത്തു വീണു പോവുകയാണ് ചെയ്തിരുന്നത്. ആര്‍ക്കും അവയുടെ പോഷകമൂല്യത്തേക്കുറിച്ച് അറിയുമായിരുന്നില്ല. പക്ഷേ, ചിലര്‍ അതിന്റെ മൂല്യം തിരിച്ചറിയുകയും ഉപയോഗിക്കുകയും ചെയ്തു. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് വന്‍തോതില്‍ ശക്തിയുണ്ട്. തക്കാളി അധികം ഉല്‍പ്പാദിപ്പിക്കുകയും വിപണിയില്‍ വില ഇടിയുകയും ചെയ്താല്‍ തക്കാളി വിപണി ഇടിയും. രണ്ടോ മുന്നോ ദിവസംകൊണ്ട് തക്കാളി ചീത്തയാകും. എന്നാല്‍ ആ തക്കാളി സംസ്‌കരിച്ച് കെച്ചപ്പ് ആക്കി മാറ്റി കുപ്പിയിലാക്കി സൂക്ഷിച്ചാല്‍ നിരവധി മാസങ്ങള്‍ കഴിഞ്ഞാലും ചീത്തയാകില്ല. അത് ലോക വിപണിയില്‍ വില്‍ക്കാന്‍ സാധിക്കും. നമ്മുടെ കര്‍ഷകര്‍ക്ക് നഷ്ടം വരികയുമില്ല; കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണവും മൂല്യവര്‍ധനവും ഭാവിയില്‍ നമുക്ക് അത്യാവശ്യമാണ്. കിസാന്‍ സമ്പാദ യോജനയ്ക്കു കീഴില്‍ കാര്‍ഷികോല്‍പ്പാദനം ശക്തിപ്പെടുത്തുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് ഈ ദിശയില്‍ പ്രവര്‍ത്തിക്കുന്നു.

അംറേലിയിലെയും ബനാറസിലെയും ഡയറികളിലെ തൊഴിലാളികളോട് ഒരിക്കല്‍ ഞാന്‍ ചില കാര്യങ്ങള്‍ പറഞ്ഞത് അവര്‍ പ്രവര്‍ത്തിച്ചു കാണിച്ചിരുന്നു. മിക്കവാറും മറ്റുള്ളവരും അത് പിന്തുടര്‍ന്നിട്ടുണ്ടാകണം. പക്ഷേ, അതിനേക്കുറിച്ച് എനിക്ക് അറിയില്ല. ധവള വിപ്ലവം പോലെ നമുക്കൊരു മധുര വിപ്ലവവും തുടങ്ങിയേ തീരൂ എന്നാണ് ഞാന്‍ അവരോടു പറഞ്ഞത്. ക്ഷീര സഹകരണ പ്രസ്ഥാനത്തിലെ നമ്മുടെ കര്‍ഷക സഹോദരന്മാര്‍ക്ക് തേനീച്ച വളര്‍ത്തല്‍ പരിശീലനവും നല്‍കണം. അതോടെ നമുക്ക് പാലിനൊപ്പം തേനും വാങ്ങാന്‍ കഴിയും. തേനിന് നമുക്ക് സാദൃശ്യമുള്ള പാക്കേജ് രീതി ഉപയോഗിക്കാം. അംറേലി, ബനാസ് ജില്ലകളിലെ കര്‍ഷകര്‍ ഒരുപോലെ തേനുല്‍പ്പാദനത്തില്‍ വന്‍തോതില്‍ സംഭാവന ചെയ്തു. ഇന്ത്യയിലെ തേനുല്‍പ്പാദനം വന്‍തോതില്‍ വര്‍ധിക്കുകയും നിരവധി രാജ്യങ്ങളിലേക്ക് കയറ്റുമതി സാധ്യമാവുകയും ചെയ്തു. തേനില്‍ ഒരു ഭാഗം വില്‍ക്കാന്‍ സാധിക്കാതെ വന്നാല്‍ അത് വീട്ടില്‍ ഉപയോഗിക്കാം; കുട്ടികളുടെ പോഷകത്തിന് അത് വളരെ ഗുണകരമാണ്. ഒരു അധിക പരിശ്രമവും വേണ്ട. പാടം ചെറുതാണെങ്കില്‍ ഒരു സൗരോര്‍ജ്ജ പാനല്‍ സ്ഥാപിക്കുന്നത് അധികം പണം സമ്പാദിക്കാന്‍ സഹായിക്കും. അതേ പാടത്തുതന്നെ തേനീച്ച വളര്‍ത്തലിന് ആവശ്യമായ ഉപകരണങ്ങള്‍ കൂടി സ്ഥാപിച്ചാല്‍ അത് വലിയ വരുമാനം ഉറപ്പുതരും. 2022ല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയായാല്‍ അതാകും സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷത്തെ അടയാളപ്പെടുത്തുക. പുതിയ നിരവധി സംരംഭങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ നാം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

നാം സ്വന്തം നിലയില്‍ത്തന്നെ അതുമായി സഹകരിക്കും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. മുമ്പ് ഞാന്‍ ഒരു ആലോചന മുന്നോട്ടു വച്ചിരുന്നെങ്കിലും അതിന്റെ നടപ്പാക്കല്‍ വിജയകരമായില്ല. പക്ഷേ, നമുക്കത് പൂര്‍ത്തിയാക്കാന്‍ പറ്റും. വീട്ടിലെ ആഹാരവീതത്തില്‍ നിന്ന് കുട്ടികളുടെ പോഷകത്തിന് ബാല അമുല്‍ ഉണ്ടാക്കുന്ന മനോഹരമായ ഒരു കാര്യം ചെയ്താല്‍ ഉച്ച ഊണിന്റെ കാര്യത്തില്‍ നമുക്ക് സുപ്രധാനമായ ഒരു കാര്യം നിര്‍വഹിക്കാന്‍ സാധിക്കും. പാലെടുക്കുന്ന ഗ്രാമങ്ങളില്‍ വലിയ ഒരു പാചകപ്പുര സ്ഥാപിക്കുക. രാവിലെ പാല്‍ സംഭരിക്കാന്‍ പോകുന്ന വാഹനത്തില്‍ അടുത്തുള്ള സ്‌കൂളുകളിലെ കുട്ടികള്‍ക്കു വേണ്ടി നല്ല ഉച്ചഭക്ഷണവും എത്തിച്ചു കൊടുക്കാന്‍ സാധിക്കും. ചൂടുള്ളതായിരിക്കും ഉച്ചഭക്ഷണം. പിറ്റേന്ന് പാല്‍പ്പാത്രങ്ങള്‍ക്കൊപ്പം കാലിയായ ഉച്ചഭക്ഷണ പാത്രവും തിരിച്ചെത്തിക്കുന്നു. അധികം കടത്തു ചെലവില്ലാതെതന്നെ ഇത് ചെയ്യാന്‍ കഴിയും. ക്ഷീര സഹകരണ സംഘങ്ങളുള്ള പ്രദേശങ്ങളിലെ സ്‌കൂളുകള്‍ക്ക് ഗവണ്‍മെന്റ് പണം അനുവദിക്കുന്നുണ്ട്. നാം അത് വിനിയോഗിച്ചാല്‍ മതി.

ഉച്ച ഭക്ഷണ പദ്ധതി പോലെ ഡയറികള്‍ നമ്മുടെ കുട്ടികള്‍ക്ക് സാധ്യമാകുന്നത്ര മികച്ച രീതിയില്‍ ഭക്ഷണം എത്തിക്കുന്ന ഇസ്‌കോണ്‍ സംവിധാനത്തക്കുറിച്ചും ഞാന്‍ നിങ്ങള്‍ക്ക് വീണ്ടും ഉറപ്പു നല്‍കുന്നു. ഒരൊറ്റ സംവിധാനത്തിന്റെ ബഹുതല വിനിയോഗത്തിന് ഒരു ഉദാഹരണമാണ് ഇത്. ഇത് മനസ്സില്‍ വച്ച് നാം പദ്ധതികള്‍ തയ്യാറാക്കിയാല്‍ ചില മേഖലകളില്‍ മാത്രമായി നാം ചുരുങ്ങിപ്പോകില്ല എന്നും ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഫലപ്രാപ്തി ഉണ്ടാക്കാന്‍ സാധിക്കുമെന്നും ആത്മവിശ്വാസത്തോടെ പറയാന്‍ എനിക്ക് കഴിയും.

തരിശുഭൂമിയുടെ കാര്യത്തില്‍ രാജ്യമെമ്പാടും സാധാരണഗതിയില്‍ തര്‍ക്കമുണ്ട് എന്നാണ് ഞാന്‍ കണ്ടിട്ടുള്ളത്. ആളുകള്‍ ഈ ഭൂമികള്‍ കൈയേറുന്നു. എന്നാല്‍ ധര്‍മജിലെ നമ്മുടെ സഹോദരന്മാര്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് സഹകരണ സംഘം രൂപീകരിക്കുകയും സഹകരണാടിസ്ഥാനത്തില്‍ തരിശുനിലങ്ങള്‍ വികസിപ്പിക്കുകയും ചെയ്തു. ദൈനംദിന അടിസ്ഥാനത്തില്‍ അവര്‍ പച്ചപ്പുല്ല് വീടുകളില്‍ വിതരണം ചെയ്യാന്‍ തുടങ്ങി. ആളുകള്‍ അവരുടെ മൃഗങ്ങളുടെ ആവശ്യമനുസരിച്ച് ഓര്‍ഡര്‍ നല്‍കുകയും വീടുകളില്‍ പുല്ല് ലഭിക്കുകയും ചെയ്തു. ആ വരുമാനം ഉപയോഗിച്ച് തരിശുഭൂമിയുടെ ആധുനീകരണവും വികസനവും അവര്‍ തുടങ്ങി.

ചുരുക്കത്തില്‍, ജനങ്ങളുടെ ചിന്തകളില്‍ സഹകരണത്തിന്റെ സത്തയും മൂല്യങ്ങളും അടങ്ങിയിരിക്കുന്നു. നമുക്ക് സഹകരണ പ്രസ്ഥാനത്തെ എങ്ങനെ കൂടുതല്‍ വിശാലാടിസ്ഥാനത്തിലുള്ളതാക്കാം? അതിനെ നമുക്കെങ്ങനെ മറ്റു കാര്യങ്ങളുമായി കണ്ണി ചേര്‍ക്കാം? നമുക്കെങ്ങനെ അത് മുന്നോട്ടു കൊണ്ടുപോകാന്‍ പ്രവര്‍ത്തിക്കാം?

അമുല്‍ കുടുംബത്തിനും ഈ വിസ്മയകരമായ പാരമ്പര്യം വികസിപ്പിച്ച മഹാനായ സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിന്റെ സ്മരണയില്‍ ഛറോത്താറിലെ കര്‍ഷകരുടെ പുരോഗമനകാരികളായ മക്കള്‍ക്കും സഹകരണ പ്രസ്ഥാനത്തിന്റെ ഇതേ പാരമ്പര്യവുമായി സഹകരിക്കുന്ന എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി എന്റെ ആശംസകള്‍. വളരെയധികം അഭിമാനത്തോടെ ഈ പദ്ധതികള്‍ ഗുജറാത്തിനും ഇന്ത്യയ്ക്കും ഞാന്‍ സമര്‍പ്പിക്കുന്നു. മുന്നോട്ടു കൊണ്ടുപോകുന്ന ഈ പദ്ധതികള്‍ക്ക് ഒരിക്കലും പിന്നോട്ടു പോക്ക് ഉണ്ടാകില്ലെന്ന് കേന്ദ്ര ഗവണ്‍മെന്റിനു വേണ്ടി നിങ്ങള്‍ക്ക് ഞാന്‍ ആവര്‍ത്തിച്ച് ഉറപ്പ് നല്‍കുന്നു. കൈയോടു കൈ ചേര്‍ത്ത് കേന്ദ്ര ഗവണ്‍മെന്റ് കൂടെയുണ്ടാവുകയും ഈ പുരോഗതിയില്‍ പങ്കാളികളാവുകയും ചെയ്യും. നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി! എനിക്കൊപ്പം ഉച്ചത്തില്‍ പറയൂ-

ഭാരത് മാതാ കീ ജയ്!

എന്തു പറ്റി? ഇതെന്റെ ഛറോത്താര്‍ ആണ്. ശബ്ദം മൃദുവായാല്‍ പോരാ.

ഭാരത് മാതാ കീ ജയ്!

നിങ്ങള്‍ക്ക് നന്ദി!