പിഎം ഇന്ത്യ
സോമനാഥ് കീ ജയ്!
സോമനാഥ് കീ ജയ്!
ഹർ ഹർ മഹാദേവ്!
ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര ഭായ് പട്ടേൽ, ഉപമുഖ്യമന്ത്രി ഭായ് ഹർഷ് സാംഘവി ജി, ഗുജറാത്ത് ഗവൺമെന്റിലെ മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ, നിയമസഭാംഗങ്ങൾ, വിശിഷ്ടാതിഥികളേ, സഹോദരീസഹോദരന്മാരേ,
ഇന്ന് പ്രഭാസ് പാടൻ എന്ന പുണ്യഭൂമി ഒരു ദിവ്യപ്രഭയാൽ നിറഞ്ഞിരിക്കുന്നു. മഹാദേവന്റെ ഈ ദർശനം, ഈ സൗന്ദര്യം, ഭൂമിയിൽ നിന്നും ആകാശത്തു നിന്നുമുള്ള പുഷ്പവൃഷ്ടി, കാവിപ്പതാകകളുടെ തിളക്കം, കലയുടെയും സംഗീതത്തിന്റെയും നൃത്തത്തിന്റെയും ഗംഭീരമായ അവതരണങ്ങൾ, വേദമന്ത്രോച്ചാരണം, ശ്രീകോവിലിനുള്ളിലെ ശിവാക്ഷരി മന്ത്രത്തിന്റെ തടസ്സമില്ലാത്ത ജപം, ഇതിനെല്ലാമൊപ്പം കടലലകളുടെ ഗർജ്ജനം – മുഴുവൻ പ്രപഞ്ചവും ഒരേ സ്വരത്തിൽ സംസാരിക്കുന്നതുപോലെ തോന്നുന്നു: സോമനാഥ് കീ ജയ്! സോമനാഥന് സ്തുതി!
സുഹൃത്തുക്കളേ,
ഇന്ന് നമ്മൾ മഹാദേവന്റെ വിഗ്രഹ പ്രതിഷ്ഠയുടെ 75 വർഷങ്ങൾ ആഘോഷിക്കുകയാണ്. ആരുടെ ഇച്ഛയാൽ കാലം സ്വയം പ്രത്യക്ഷപ്പെടുന്നുവോ അവൻ ശാശ്വതനാണ്, അവൻ കാലത്തിന്റെ തന്നെ മൂർത്തീഭാവമാണ്. ഈ പ്രപഞ്ചം ആരിൽ നിന്നാണോ സൃഷ്ടിക്കപ്പെട്ടത് അവനിലേക്ക് തന്നെ ലയിക്കുന്നു:
“യതോ ജായതേ പാല്യതേ യേന വിശ്വം, തമീശം ഭജേ ലീയതേ യത്ര വിശ്വം.”
ഇന്ന് നമ്മൾ അവന്റെ പുണ്യ വാസസ്ഥലത്തിന്റെ പുനർനിർമ്മാണം ആഘോഷിക്കുകയാണ്. വിഷം കുടിച്ച് നീലകണ്ഠനായി മാറിയവൻ – അവന്റെ സങ്കേതത്തിൽ, ഈ സോമനാഥ് അമൃത് മഹോത്സവം ഇന്ന് ആഘോഷിക്കപ്പെടുന്നു. . ഇതെല്ലാം സദാശിവ ഭഗവാന്റെ ദിവ്യ ലീലകൾ മാത്രമാണ്.
സുഹൃത്തുക്കളേ,
സോമനാഥ് ദാദയുടെ ഒരു പരമഭക്തൻ എന്ന നിലയിൽ ഞാൻ എണ്ണമറ്റ തവണ ഇവിടെ വരികയും പലതവണ അവിടുത്തെ മുമ്പിൽ ശിരസ്സ് നമിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇന്ന് ഇവിടെ വരുമ്പോൾ കാലത്തിലൂടെയുള്ള ഈ യാത്ര എനിക്ക് സവിശേഷവും ആനന്ദദായകവുമായ ഒരു അനുഭൂതിയാണ് സമ്മാനിച്ചത്. ഏതാനും മാസങ്ങൾക്ക് മുമ്പ്, നാം സോമനാഥ് സ്വാഭിമാൻ പർവ് ആഘോഷിച്ചപ്പോൾ ഞാൻ ഇവിടെ വന്നു. ആദ്യത്തെ തകർച്ചയ്ക്ക് ആയിരം വർഷങ്ങൾക്ക് ശേഷവും നമ്മൾ സോമനാഥിന്റെ അമരത്വത്തിന്റെ പെരുമ ആഘോഷിച്ചു. ഇന്ന് ഈ ആധുനിക രൂപത്തിന്റെ വിഗ്രഹ പ്രതിഷ്ഠയുടെ 75 വർഷങ്ങളും നാം ആഘോഷിക്കുന്നു. നമ്മൾ വെറും രണ്ട് ചടങ്ങുകളിൽ പങ്കെടുക്കുന്നവർ മാത്രമല്ല; അമരത്വത്തിന്റെ ആയിരം വർഷത്തെ സുദീർഘമായ യാത്ര അനുഭവവേദ്യമാക്കാനുള്ള അവസരമാണ് ശിവഭഗവാൻ നമുക്ക് നൽകിയിരിക്കുന്നത്.
സുഹൃത്തുക്കളേ,
എഴുപത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പ്, ഇതേ ദിവസം സോമനാഥ് ക്ഷേത്രത്തിന്റെ പുനരുദ്ധാരണം എന്നത് ഒരു സാധാരണ സംഭവമായിരുന്നില്ല. 1947-ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചുവെങ്കിൽ 1951-ലെ സോമനാഥിലെ വിഗ്രഹ പ്രതിഷ്ഠ ഇന്ത്യയുടെ സ്വതന്ത്രമായ ആത്മാവിന്റെ ഉണർവ്വിനെയാണ് പ്രഖ്യാപിച്ചത്. സ്വാതന്ത്ര്യകാലത്ത് സർദാർ വല്ലഭായ് പട്ടേൽ അഞ്ഞൂറിലധികം നാട്ടുരാജ്യങ്ങളെ ഒന്നിപ്പിച്ചുകൊണ്ട് അഖണ്ഡ ഇന്ത്യയുടെ ആധുനിക രൂപത്തിന് രൂപം നൽകി. അതോടൊപ്പം സോമനാഥിന്റെ പുനർനിർമ്മാണത്തിലൂടെ ഇന്ത്യ കേവലം സ്വതന്ത്രമാവുക മാത്രമല്ല ചെയ്തത്, തന്റെ പുരാതനമായ പ്രതാപം വീണ്ടെടുക്കുന്നതിനുള്ള പാതയിലേക്ക് ഇന്ത്യ ചുവടുവെച്ചുകഴിഞ്ഞുവെന്നും അദ്ദേഹം ലോകത്തോട് വിളിച്ചോതി.
സുഹൃത്തുക്കളേ,
അതുകൊണ്ട് ഈ സന്ദർഭത്തിൽ ഞാൻ കേവലം 75 വർഷങ്ങളുടെ ദൃശ്യമല്ല കാണുന്നത്. സോമനാഥ് സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതന്ന, തകർച്ചകൾക്കിടയിലും തളരാത്ത സൃഷ്ടിയുടെ ദൃഢനിശ്ചയമാണ് ഞാൻ ഇവിടെ കാണുന്നത്. പ്രഭാസ് പാടൻ ആവർത്തിച്ച് ജീവിച്ചുകാണിച്ച, അസത്യത്തിന് മേലുള്ള സത്യത്തിന്റെ വിജയമാണ് ഞാൻ ഇവിടെ കാണുന്നത്. മുഴുവൻ മനുഷ്യരാശിയുടെയും നന്മ ലോകത്തിന് പകർന്നുനൽകിയ ആയിരക്കണക്കിന് വർഷത്തെ ആത്മീയ ചൈതന്യമാണ് ഞാൻ ഇവിടെ കാണുന്നത്. നൂറ്റാണ്ടുകളായി അസൂയയോടെയുള്ള ശ്രമങ്ങൾ നടന്നിട്ടും തകർക്കാനോ തോൽപ്പിക്കാനോ കഴിയാത്ത ഇന്ത്യയുടെ ആ അമർത്യ ചൈതന്യത്തെയാണ് ഞാൻ ഇവിടെ കാണുന്നത്. കൂടാതെ ഈ സോമനാഥ് അമൃത് മഹോത്സവം കേവലം കഴിഞ്ഞകാലത്തിന്റെ ഒരു ആഘോഷം മാത്രമല്ല; വരാനിരിക്കുന്ന ആയിരം വർഷങ്ങളിലേക്ക് ഇന്ത്യയ്ക്കുള്ള പ്രചോദനത്തിന്റെ ഒരു മഹാ ഉത്സവം കൂടിയാണെന്ന് ഞാൻ കാണുന്നു. ഈ ശുഭവേളയിൽ രാജ്യത്തെ എല്ലാ പൗരന്മാർക്കും സോമനാഥ് ദാദയുടെ ദശലക്ഷക്കണക്കിന് ഭക്തർക്കും ഞാൻ എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു.
സുഹൃത്തുക്കളേ,
മറ്റൊരു കാരണം കൊണ്ടുക്കൂടി ഇന്ന് സവിശേഷമാണ്. ഇതേ ദിവസം അതായത് 1998 മെയ് 11-നാണ് ഇന്ത്യ പൊഖ്‌റാനിൽ ആണവ പരീക്ഷണങ്ങൾ നടത്തിയത്. മെയ് 11-ന് രാജ്യം അതിന്റെ ആദ്യത്തെ മൂന്ന് ആണവ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കി. നമ്മുടെ ശാസ്ത്രജ്ഞർ ഇന്ത്യയുടെ കരുത്തും ശേഷിയും ലോകത്തിന് മുന്നിൽ തെളിയിച്ചു. അത് ആഗോളതലത്തിൽ ഒരു കൊടുങ്കാറ്റ് തന്നെ സൃഷ്ടിച്ചു. ലോകം ഇതിനോട് ആക്രോശത്തോടെയാണ് പ്രതികരിച്ചത് – ആണവ പരീക്ഷണം നടത്താൻ ഇന്ത്യയ്ക്ക് എങ്ങനെ ധൈര്യം വന്നു? ഇന്ത്യയെ സമ്മർദ്ദത്തിലാക്കാൻ ലോകമെമ്പാടുമുള്ള ശക്തരായ രാജ്യങ്ങൾ മുന്നോട്ടുവന്നു. വിവിധ ഉപരോധങ്ങൾ ഏർപ്പെടുത്തി. സാമ്പത്തിക ഭദ്രതയിലേക്കുള്ള വഴികൾ തടസ്സപ്പെടുത്തി. അത്തരം കടുത്ത സമ്മർദ്ദങ്ങൾക്ക് കീഴിൽ ആരും പതറിപ്പോകുമായിരുന്നു. എന്നാൽ നമ്മൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത് മറ്റൊരു മണ്ണാലാണ്. മെയ് 11-ന് ശേഷം ലോകം മുഴുവൻ നമുക്കെതിരെ തിരിഞ്ഞു. ശാസ്ത്രജ്ഞർ അവരുടെ ജോലി മെയ് 11-ന് തന്നെ പൂർത്തിയാക്കിയിരുന്നു, എന്നാൽ മെയ് 13-ന് വീണ്ടും രണ്ട് ആണവ പരീക്ഷണങ്ങൾ കൂടി നടത്തിക്കൊണ്ട് ഇന്ത്യയുടെ രാഷ്ട്രീയ ഇച്ഛാശക്തി എത്രത്തോളം ദൃഢമാണെന്ന് ലോകത്തിന് കാണിച്ചുകൊടുത്തു. ആഗോള സമ്മർദ്ദങ്ങൾക്കിടയിലും അടൽ ജിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി ഗവൺമെന്റ് നമുക്ക് എപ്പോഴും രാജ്യമാണ് പ്രഥമമെന്ന് തെളിയിച്ചുതന്നു. ലോകത്തിലെ ഒരു ശക്തിക്കും ഇന്ത്യയെ സമ്മർദ്ദത്തിലാക്കാനോ കീഴടക്കാനോ കഴിഞ്ഞില്ല.
സുഹൃത്തുക്കളേ,
പൊഖ്‌റാൻ ആണവ പരീക്ഷണങ്ങൾക്ക് നൽകിയ പേര് “ഓപ്പറേഷൻ ശക്തി” എന്നായിരുന്നു. കാരണം ശിവനോടൊപ്പം ശക്തിയെയും ആരാധിക്കുക എന്നത് എക്കാലത്തും നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗമാണ്. അർദ്ധനാരീശ്വരനായ ശിവൻ തന്നെയും പൂർണ്ണനാകുന്നത് ശക്തിയോടൊപ്പം ചേരുമ്പോൾ മാത്രമാണ്. ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യം വിജയിച്ചപ്പോൾ ചന്ദ്രനിൽ റോവർ ഇറങ്ങിയ സ്ഥലത്തിന് നമ്മൾ “ശിവശക്തി പോയിന്റ്” എന്ന് പേരിട്ടത് നിങ്ങൾ ഓർക്കുന്നുണ്ടാകാം. നമ്മുടെ വിശ്വാസത്തിൽ ചന്ദ്രൻ ശിവനുമായും ശിവൻ ശക്തിയുമായും ബന്ധപ്പെട്ടിരിക്കുന്നു. ഈ ജ്യോതിർലിംഗം സോമനാഥ്—അതായത് അമൃതവും ചന്ദ്രനുമായ ‘സോമ’നുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നത് എത്ര അത്ഭുതകരമാണ്.
സുഹൃത്തുക്കളേ,
ശിവ-ശക്തി ആരാധനയെക്കുറിച്ചുള്ള നമ്മുടെ തത്വശാസ്ത്രം ഇപ്പോൾ രാജ്യത്തിന്റെ ശാസ്ത്ര പുരോഗതിക്കും ഒരു പ്രചോദനമായി മാറിയിരിക്കുന്നു. ഈ ശുഭവേളയിൽ സോമനാഥ് ഭഗവാന്റെ പവിത്രമായ പാദങ്ങളിൽ നിന്നുകൊണ്ട്, ഓപ്പറേഷൻ ശക്തിയുടെ വാർഷിക ദിനത്തിൽ എല്ലാ പൗരന്മാർക്കും ഞാൻ ആശംസകൾ നേരുന്നു.
സുഹൃത്തുക്കളേ,
കഴിഞ്ഞ തവണ ഞാൻ ഇവിടെ വന്നപ്പോൾ പറഞ്ഞിരുന്നു: അമൃതവും അമരത്വവും എന്നർത്ഥം വരുന്ന “സോമം” എന്ന വാക്ക് സ്വന്തം പേരിൽ തന്നെയുള്ള ഒന്നിനെ എങ്ങനെ തകർക്കാൻ കഴിയും? ചരിത്രത്തിലുടനീളം ഈ ക്ഷേത്രം നിരവധി അധിനിവേശങ്ങളെ നേരിട്ടു. മഹ്മൂദ് ഗസ്‌നി, അലാവുദ്ദീൻ ഖിൽജി തുടങ്ങിയ അധിനിവേശകർ സോമനാഥിന്റെ പ്രതാപം ഇല്ലാതാക്കാൻ ശ്രമിച്ചു. അവർ സോമനാഥിനെ കേവലം ഒരു ഭൗതിക നിർമ്മിതിയായി മാത്രം കാണുകയും വീണ്ടും വീണ്ടും ആക്രമിക്കുകയും ചെയ്തു. വീണ്ടും വീണ്ടും ക്ഷേത്രം തകർക്കപ്പെട്ടു. എന്നാൽ ഓരോ തവണയും അത് കൂടുതൽ കരുത്തോടെ ഉയിർത്തെഴുന്നേറ്റു. അത് തകർക്കാൻ ശ്രമിച്ചവർക്ക് നമ്മുടെ സംസ്കാരത്തിന്റെ പ്രത്യയശാസ്ത്രപരമായ കരുത്ത് മനസ്സിലായിരുന്നില്ല. നാം ഭൗതിക ശരീരത്തെ നശ്വരമായി കാണുന്നു. എന്നാൽ അതിനുള്ളിലെ ആത്മാവിന് അനശ്വരമാണെന്ന് നമുക്കറിയാം. ശിവൻ എന്നത് പ്രപഞ്ചത്തിന്റെ തന്നെ ആത്മാവാണ്. അതുകൊണ്ട് ശിവൻ വിവിധ യുഗങ്ങളിൽ വിവിധ മനുഷ്യരുടെ ദൃഢനിശ്ചയത്തിലൂടെ പ്രകടമായി. ഭോജൻ, ഭീംദേവ് ഒന്നാമൻ, കുമാരപാലൻ, മഹിപാലൻ ഒന്നാമൻ, റാവു ഖംഗാർ തുടങ്ങിയ രാജാക്കന്മാർ സോമനാഥ് ക്ഷേത്രം നിരന്തരം പുനർനിർമ്മിച്ചു. ലകുലീഷ്, സോമശർമ്മ തുടങ്ങിയ മഹാൻമാരായ ചിന്തകർ പ്രഭാസ് പാടന്റെ പൈതൃകം സംരക്ഷിക്കുകയും അതിനെ ശൈവ തത്വശാസ്ത്രത്തിന്റെയും ആത്മീയ സാധനകളുടെയും വലിയൊരു കേന്ദ്രമാക്കി മാറ്റുകയും ചെയ്തു. ഭാവ ബൃഹസ്പതി, പാശുപത ആചാര്യന്മാർ, കൂടാതെ നിരവധി പണ്ഡിതന്മാർ ഈ തീർത്ഥാടന കേന്ദ്രത്തിന്റെ ആത്മീയ പാരമ്പര്യങ്ങളെ സജീവമായി നിലനിർത്തി. വിശാൽദേവൻ, ത്രിപുരാന്തകൻ തുടങ്ങിയ വ്യക്തിത്വങ്ങൾ ഈ പ്രദേശത്തിന്റെ ബൗദ്ധിക ചൈതന്യത്തെ സംരക്ഷിച്ചു.
സുഹൃത്തുക്കളേ,
വീർ ഹമീർജി ഗോഹിൽ, വീർ വേഗദ്ജി ഭീൽ, പുണ്യശ്ലോക് അഹല്യാബായി ഹോൾക്കർ, ബറോഡയിലെ ഗെയ്ക്‌വാദുകൾ, ജാം സാഹിബ് മഹാരാജ ദിഗ്‌വിജയ് സിംഗ് ജി ഇങ്ങനെ എത്രയോ മഹത് വ്യക്തിത്വങ്ങളാണ് സോമനാഥിനെ സേവിക്കാനായി തങ്ങളുടെ സർവ്വസ്വവും സമർപ്പിച്ചത്. ഇന്ന് ഞാൻ സർദാർ വല്ലഭായ് പട്ടേൽ, ഡോ.രാജേന്ദ്ര പ്രസാദ്, ശ്രീ കെ.എം.മുൻഷി, കൂടാതെ അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ എല്ലാ പുണ്യാത്മാക്കൾക്കും മുന്നിൽ ആദരവോടെ ശിരസ്സ് നമിക്കുന്നു. അവരുടെ സ്മരണകൾ നമ്മുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനും മുന്നോട്ട് കൊണ്ടുപോകുന്നതിനും മാത്രമല്ല, ഈ ഉത്തരവാദിത്തം വരുംതലമുറകൾക്ക് കൈമാറുന്നതിനും നമുക്ക് പ്രചോദനമേകുന്നു.
സുഹൃത്തുക്കളേ,
നമ്മുടെ സാംസ്കാരിക കേന്ദ്രങ്ങൾ ആയിരക്കണക്കിന് വർഷങ്ങളായി ഇന്ത്യയുടെ അടയാളമാണ്. ഇത്രയും സമ്പന്നമായ ഒരു പൈതൃകമാണ് നമുക്ക് പാരമ്പര്യമായി ലഭിച്ചത്, എന്നിട്ടും വൈരുദ്ധ്യമെന്ന് പറയട്ടെ, പതിറ്റാണ്ടുകളായി അതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിൽ നമ്മൾ പരാജയപ്പെട്ടു. വിദേശ അധിനിവേശകർ ഒരു രാജ്യത്തിന്റെ ദേശീയ വ്യക്തിത്വവുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ തകർത്തതിന് ലോകമെമ്പാടും നിരവധി ഉദാഹരണങ്ങളുണ്ട്. എന്നാൽ ആ രാജ്യങ്ങളിലെ ജനങ്ങൾക്ക് അവസരം ലഭിച്ചപ്പോൾ, അവർ ആ ചിഹ്നങ്ങളെ വീണ്ടെടുക്കാനും വീണ്ടും ആദരിക്കാനുമായി ഒന്നിച്ചു മുന്നോട്ടുവന്നു. എന്നാൽ നമ്മുടെ രാജ്യത്താകട്ടെ, ദേശീയ പതാകയും അഭിമാനവും പോലും രാഷ്ട്രീയത്തിന്റെ വിഷയങ്ങളായി മാറി. സോമനാഥ് തന്നെയാണ് ഇതിന് ഏറ്റവും വലിയ ഉദാഹരണം. സ്വാതന്ത്ര്യാനന്തരം ഏറ്റവും ആദ്യത്തെ ഉത്തരവാദിത്തങ്ങളിൽ ഒന്ന് സോമനാഥ് ക്ഷേത്രത്തിന്റെ പുനരുദ്ധാരണമായിരിക്കണമായിരുന്നു. അതുകൊണ്ടാണ് സർദാർ വല്ലഭായ് പട്ടേലും ഡോ.രാജേന്ദ്ര പ്രസാദും അതിനായി ദൃഢമായ ശ്രമങ്ങൾ നടത്തിയത്. എന്നാൽ നെഹ്‌റു ജിയിൽ നിന്ന് അവർക്ക് എത്രമാത്രം എതിർപ്പാണ് നേരിടേണ്ടിവന്നതെന്ന് നമുക്കെല്ലാവർക്കും അറിയാം. ഞാൻ ഇന്ന് അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല, എന്നാൽ എല്ലാ എതിർപ്പുകൾക്കിടയിലും സർദാർ പട്ടേലിന്റെ ദൃഢനിശ്ചയം ഒട്ടും പതറിയില്ല. സോമനാഥ് ക്ഷേത്രം പുനർനിർമ്മിക്കപ്പെട്ടു, രാജ്യം നൂറ്റാണ്ടുകളുടെ അപമാനം തുടച്ചുനീക്കി.
സുഹൃത്തുക്കളേ,
നിർഭാഗ്യവശാൽ, ദേശീയ അഭിമാനത്തേക്കാൾ പ്രീണനത്തിന് പ്രാധാന്യം നൽകുന്ന ശക്തികൾ ഇന്നും രാജ്യത്തുണ്ട്. രാമക്ഷേത്ര നിർമ്മാണ വേളയിലും ഇതിനെതിരെ എതിർപ്പുകൾ ഉയർന്നപ്പോൾ നമ്മൾ ഇത് കണ്ടതാണ്. ഇത്തരം മനോഭാവങ്ങളെക്കുറിച്ച് നാം ജാഗ്രത പാലിക്കേണ്ടതുണ്ട്. ഇത്തരം ഇടുങ്ങിയ രാഷ്ട്രീയത്തിന് അപ്പുറത്തേക്ക് നാം വളരേണ്ടതുണ്ട്. വികസനത്തെയും പൈതൃകത്തെയും ഒരുമിച്ച് ചേർത്തുകൊണ്ട് നമ്മൾ മുന്നേറണം.
സുഹൃത്തുക്കളേ,
സമീപ വർഷങ്ങളിൽ സോമനാഥ് ട്രസ്റ്റിന്റെ ചെയർമാൻ എന്ന നിലയിൽ സോമനാഥ് ദാദയെ സേവിക്കാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ഈ ക്ഷേത്രത്തിന്റെയും ഈ പ്രദേശത്തിന്റെയും വികസനത്തിനായി നടത്തിയ ചരിത്രപരമായ പ്രവർത്തനങ്ങൾ ഇന്ന് നമുക്കെല്ലാവർക്കും ദൃശ്യമാണ്. അതോടൊപ്പം തന്നെ ഈ സേവനം എനിക്ക് വ്യക്തിപരമായും അനുഗ്രഹമായി മാറി. രാജ്യത്തുടനീളമുള്ള പവിത്രമായ തീർത്ഥാടന കേന്ദ്രങ്ങൾ വികസിപ്പിക്കാൻ എനിക്കിപ്പോൾ ലഭിച്ചിരിക്കുന്ന അവസരം സോമനാഥ് ഭഗവാന്റെ കാരുണ്യം തന്നെയാണ്.
സുഹൃത്തുക്കളേ,
ഇന്ന് നൂറ്റാണ്ടുകൾക്ക് ശേഷം കാശി വിശ്വനാഥ് ധാം ഒരു വലിയ വിപുലീകരണത്തിന് സാക്ഷ്യം വഹിച്ചിരിക്കുന്നു. ഇന്ന് നാം ഉജ്ജയിനിയിൽ ഗംഭീരമായ മഹാകാൽ മഹാലോകിന് സാക്ഷ്യം വഹിക്കുകയാണ്. കേദാർനാഥ് ധാമും പുനർനിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഞാൻ നേരത്തെ പറഞ്ഞതുപോലെ അയോധ്യയിലെ 500 വർഷത്തെ കാത്തിരിപ്പ് ഒടുവിൽ അവസാനിക്കുകയും ശ്രീരാമ ലല്ല ഇപ്പോൾ അവിടുത്തെ പ്രൗഢ ഗംഭീരമായ ക്ഷേത്രത്തിൽ കുടികൊള്ളുകയും ചെയ്യുന്നു.
സുഹൃത്തുക്കളേ,
പുരാണങ്ങളിൽ മാത്രം നമ്മൾ കേട്ടറിഞ്ഞിട്ടുള്ള പ്രതാപമുള്ള, എണ്ണമറ്റ പവിത്രമായ തീർത്ഥാടന കേന്ദ്രങ്ങളും മഠങ്ങളും ക്ഷേത്രങ്ങളും ആത്മീയ പ്രദേശങ്ങളും ഇന്ന് നമ്മുടെ സ്വന്തം കണ്ണുകൾ കൊണ്ട് കാണാൻ നമുക്ക് സാധിക്കുന്നുണ്ട്. ഇതെല്ലാം വെറും 10-12 വർഷങ്ങൾക്കുള്ളിലാണ് സംഭവിച്ചത്.
സുഹൃത്തുക്കളേ,
നമ്മുടെ സാംസ്കാരിക കേന്ദ്രങ്ങളോടുള്ള അവഗണന ഇന്ത്യയുടെ വികസനത്തിന് വലിയൊരു തടസ്സമായിരുന്നു. നമ്മുടെ തീർത്ഥാടന കേന്ദ്രങ്ങൾ ഇന്ത്യയുടെ ആത്മീയവും സാമൂഹികവുമായ വ്യവസ്ഥിതിയുടെ കേന്ദ്രങ്ങൾ മാത്രമല്ല, മറിച്ച് സാമ്പത്തിക പുരോഗതിയുടെ സ്രോതസ്സുകൾ കൂടിയാണ്. ഇന്ന് ചാർ ധാം ഹൈവേ പ്രോജക്റ്റ്, ഗോവിന്ദ്ഘട്ടിൽ നിന്ന് ഹേമകുണ്ഡ് സാഹിബിലേക്കുള്ള റോപ്‌വേ, കർത്താർപൂർ ഇടനാഴി, ബുദ്ധ സർക്യൂട്ടിന്റെ വികസനം തുടങ്ങിയ പദ്ധതികൾ തീർത്ഥാടന മേഖലകളിലെ സാമ്പത്തിക പ്രവർത്തനങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. സോമനാഥ് സമുച്ചയം തന്നെ ഇതിന് കരുത്തുറ്റ ഒരു ഉദാഹരണമാണ്. നൂറുകണക്കിന് കുടുംബങ്ങളാണ് ഇന്ന് സോമനാഥ് ക്ഷേത്ര ട്രസ്റ്റുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്. ആയിരക്കണക്കിന് ഉപജീവനമാർഗ്ഗങ്ങളാണ് ഈ പ്രദേശവുമായി ബന്ധപ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ലോകമെമ്പാടു നിന്നും ഇവിടെയെത്തുന്ന ആളുകൾ ഗുജറാത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും യാത്ര ചെയ്യുന്നു. ഇത് സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും പുരോഗതിക്കായി പുതിയ വാതിലുകൾ തുറക്കുന്നു.
സുഹൃത്തുക്കളേ,
നമ്മുടെ വിശ്വാസം നമ്മെ എങ്ങനെ ജീവിക്കണമെന്നും പഠിപ്പിക്കുന്നു. നാം വിശ്വസിക്കുന്നു:
“സർവം ഖല്വിദം ബ്രഹ്മ.”
എന്നുവെച്ചാൽ സൃഷ്ടിയുടെ ഓരോ ഘടകവും പ്രകൃതിയും ദൈവത്തിന്റെ തന്നെ ആവിഷ്കാരമാണ്. അതുകൊണ്ട് നമ്മുടെ വിശ്വാസം നദികളിലും മരങ്ങളിലും കുടികൊള്ളുന്നു. നമ്മൾ വനങ്ങളെ ആദരവോടെയാണ് വീക്ഷിക്കുന്നത്. പർവതങ്ങളിലും നമ്മൾ പവിത്രത കാണുന്നു. ഇന്ന് ലോകം സ്വാഭാവികമായ ജീവിതശൈലിയിലേക്ക് മടങ്ങുമ്പോൾ നമ്മളും നമ്മുടെ ഈ കരുത്ത് തിരിച്ചറിയേണ്ടതുണ്ട്. നമ്മുടെ തീർത്ഥാടന കേന്ദ്രങ്ങളും ക്ഷേത്രങ്ങളും വികസിപ്പിക്കുന്നതോടൊപ്പം തന്നെ, അവയുടെ അന്തസ്സ് കാത്തുസൂക്ഷിക്കുന്നതിലും നമ്മൾ ബോധവാന്മാരായിരിക്കണം. പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്ന ജീവിതശൈലികൾ നമ്മൾ സ്വീകരിക്കണം. അതോടൊപ്പം തന്നെ, നമ്മുടെ പുണ്യ കേന്ദ്രങ്ങളെ ലോകത്തിന് മുഴുവൻ മാതൃകയാക്കാവുന്ന രീതിയിൽ നമ്മൾ വികസിപ്പിക്കണം. ഈ ദൃഢനിശ്ചയങ്ങളെ നമ്മുടെ വിശ്വാസവുമായി ബന്ധിപ്പിക്കുകയും അതനുസരിച്ച് ജീവിക്കുകയും വേണം.
സുഹൃത്തുക്കളേ,
പുതിയ തലമുറകൾ അവരുടെ ചരിത്രത്തോടും വിശ്വാസത്തോടും സാംസ്കാരിക മൂല്യങ്ങളോടും ബന്ധപ്പെടുമ്പോൾ രാജ്യത്തിന്റെ ആത്മവിശ്വാസം കൂടുതൽ ശക്തമാകുന്നു. ഇന്ന് ഇന്ത്യ മുന്നേറുന്ന ആത്മവിശ്വാസം ഈ സാംസ്കാരിക തുടർച്ചയുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യയിൽ ആധുനികതയും പൈതൃകവും പരസ്പരവിരുദ്ധമല്ല; അവ ഒരുമിച്ച് നീങ്ങുകയും പരസ്പരം ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഒരു രാജ്യം അതിന്റെ വേരുകളുമായി ബന്ധപ്പെട്ടിരിക്കുമ്പോൾ മാത്രമാണ്, അതിന്റെ പൈതൃകം അതേ വിശ്വാസത്തോടും ഭക്തിയോടും കൂടി വരുംതലമുറകൾക്ക് കൈമാറുമ്പോൾ മാത്രമാണ്, അത് ദീർഘകാലം ശക്തമായി നിലകൊള്ളുകയെന്ന് സോമനാഥ് നമ്മെ ഓർമ്മിപ്പിക്കുന്നു. എഴുപത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പ്, പുനർനിർമ്മിച്ച സോമനാഥ് ക്ഷേത്രത്തിന്റെ വിഗ്രഹ പ്രതിഷ്ഠ നടന്നപ്പോൾ ബോധമണ്ഡലത്തിന്റെ ഒരു പുതിയ യാത്രയ്ക്ക് ഇന്ത്യ തുടക്കം കുറിച്ചു. ഇന്ന് 75 വർഷങ്ങൾക്ക് ശേഷം അതേ യാത്ര വളരെ വിപുലമായ രീതിയിൽ നമ്മുടെ മുന്നിൽ നിൽക്കുകയാണ്. നമുക്ക് അതിനെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കേണ്ടതുണ്ട്. നമ്മുടെ ദൃഢനിശ്ചയങ്ങൾ നിറവേറ്റുന്നതിൽ സോമനാഥ് ദാദയുടെ അനുഗ്രഹം എപ്പോഴും നമ്മളോടൊപ്പം ഉണ്ടായിരിക്കട്ടെ. ഈ ശുഭവേളയിൽ എല്ലാ പൗരന്മാർക്കും പൈതൃകത്തിൽ വിശ്വസിക്കുന്ന ഏവർക്കും, നിങ്ങൾക്കെല്ലാവർക്കും ഞാൻ ഒരിക്കൽ കൂടി എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു.
എന്നോടൊപ്പം പറയൂ –
സോമനാഥ് കീ ജയ്!
സോമനാഥ് കീ ജയ്!
ഹർ ഹർ മഹാദേവ്!
നിരാകരണം: ഇത് പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ പരിഭാഷ മാത്രമാണ്. യഥാർത്ഥ പ്രസംഗം ഹിന്ദിയിലായിരുന്നു നടത്തിയത്.
***
SK
Speaking at the Somnath Amrut Mahotsav. The Somnath Temple stands as a beacon of unwavering faith, divinity and a sacred symbol of India’s eternal soul. https://t.co/otO2YOCCUL
— Narendra Modi (@narendramodi) May 11, 2026
75 साल पहले... आज के ही दिन सोमनाथ मंदिर की पुनर्स्थापना... ये कोई साधारण अवसर नहीं था।
— PMO India (@PMOIndia) May 11, 2026
अगर 1947 में भारत आजाद हुआ था... तो, 1951 में सोमनाथ की प्राण प्रतिष्ठा ने... भारत की स्वतंत्र चेतना का उद्घोष किया था: PM @narendramodi pic.twitter.com/CG3x0dTXbz
सोमनाथ अमृत-महोत्सव... ये अगले एक हजार वर्षों के लिए भारत की प्रेरणा है। pic.twitter.com/HypSK96Oai
— PMO India (@PMOIndia) May 11, 2026
लुटेरों ने सोमनाथ मंदिर का वैभव मिटाने का प्रयास किया। वो सोमनाथ को एक भौतिक ढांचा मानकर उससे टकराते रहे! बार-बार इस मंदिर को तोड़ा गया...
— PMO India (@PMOIndia) May 11, 2026
ये बार-बार बनता रहा... हर बार उठ खड़ा होता रहा! pic.twitter.com/LVlASBovVF
सोमनाथ मंदिर का पुनर्निर्माण भी हुआ... और देश ने सदियों के कलंक को भी धो दिया: PM @narendramodi pic.twitter.com/Q1Cm09oXuz
— PMO India (@PMOIndia) May 11, 2026
सोमनाथ हमें याद दिलाता है कि कोई भी राष्ट्र तभी लंबे समय तक मजबूत रह सकता है, जब वो अपनी जड़ों से जुड़ा रहे: PM @narendramodi pic.twitter.com/8bFkJ1c4Fg
— PMO India (@PMOIndia) May 11, 2026