Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ദുഖകരമായ നിര്യാണത്തില്‍ കേന്ദ്ര മന്ത്രിസഭ അനുശോചിച്ചു.


ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ നിര്യാണത്തില്‍ പ്രധാന മന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുശോചനം രേഖപ്പെടുത്തി. മനോഹര്‍ പരീക്കറോടുള്ള സ്മരണയില്‍ മന്ത്രിസഭ രണ്ടു മിനിറ്റ് മൗനം ആചരിച്ചു. പരേതനോടുള്ള ആദരസൂചകമായി രാജ്യമെമ്പാടും ഒരു ദിവസത്തെ ദുഖാചരണം നടത്താനും, 2019 മാര്‍ച്ച് 18 ന് സംസ്ഥാനങ്ങളുടെയും ഡല്‍ഹി ഉള്‍പ്പെടെയുള്ള കേന്ദ്ര ഭരണപ്രദേശങ്ങളുടെയും തലസ്ഥാനങ്ങളിലും ഗോവയില്‍ മുഴുവനും ദേശീയ പതാക പകുതി താഴ്ത്തി കെട്ടുവാനും മന്ത്രിസഭ നിര്‍ദ്ദേശിച്ചു.
മനോഹര്‍ പരീക്കറിന്റെ സ്മരണയില്‍ കേന്ദ്ര മന്ത്രിസഭ താഴെപ്പറയുന്ന അനുശോചന പ്രമേയവും പാസാക്കി.
‘ഗോവയിലെ പനാജിയില്‍ 2019 മാര്‍ച്ച് 17 വൈകിട്ട് സംഭവിച്ച ഗോവ മുഖ്യമന്ത്രി മനോഹര്‍ പരേക്കറുടെ ദുഖകരമായ വേര്‍പാടില്‍ മന്ത്രി സഭ അനുശോചിക്കുന്നു. അദ്ദേഹത്തിന്റെ വേര്‍പാടു മൂലം രാജ്യത്തിനു നഷ്ടമായത് സാധാരണക്കാരുട മുഖ്യമന്ത്രി എന്ന് സ്‌നേഹപൂര്‍വം വിളിക്കപ്പെട്ടിരുന്ന അനുഭവ സമ്പന്നനും പ്രമുഖനുമായ നേതാവിനെയാണ്.
1955 ഡിസംബര്‍ 13 ന് ഗോവയിലെ മപുസയില്‍ ജനിച്ച പരീക്കര്‍ മര്‍ഗോവയിലെ ലയോള സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പിന്നീട് 1978 ല്‍ മുംബൈ ഐഐടിയില്‍ നിന്ന് മെറ്റലര്‍ജിക്കല്‍ എന്‍ജിനിയറിംങ്ങില്‍ ബിരുദം നേടി. ചെറുപ്പ പ്രായത്തില്‍ തന്നെ ഭാരതീയ സ്വയം സേവക് സംഘത്തില്‍ അംഗമായ പരീക്കര്‍ സ്‌കൂള്‍ പഠനത്തിന്റെ അവസാന കാലത്തു തന്നെ സംഘത്തിന്റെ മുഖ്യ ശിക്ഷക് ആയി. ഐഐടി പഠനത്തിനു ശേഷം അദ്ദേഹം വീണ്ടും മപുസയില്‍ ആര്‍എസ്എസില്‍ പ്രവര്‍ത്തനം തുടരുകയും 26-ാം വയസില്‍ സംഘചാലക് ആയി ഉയരുകയും ചെയ്തു.
ഭാരതീയ ജനതാ പാര്‍ട്ടി അംഗമായി 1994ല്‍ അദ്ദേഹം ഗോവ നിയമ സഭയിലേയ്ക്കു തെരഞ്ഞെടുക്കപ്പെട്ടു. 2000 ഒക്ടോബര്‍ 24 ന് പരീക്കര്‍ ആദ്യമായി ഗോവയുടെ മുഖ്യമന്ത്രിയായി. 2002 ഫെബ്രുവരി 27 വരെ അധികാരത്തില്‍ തുടര്‍ന്നു. 2002 ജൂണ്‍ 3 ന് അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുകയും 2005 ഫെബ്രുവരി 2 വരെ ആ പദവിയില്‍ തുടരുകയും ചെയ്തു. 2012 മാര്‍ച്ച് 9 ന് മൂന്നാം തവണയും ഗോവയുടെ മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയ പരീക്കര്‍ 2014 നവംബര്‍ 8 വരെ തത് സ്ഥാനം വഹിക്കുകയും 2014 നവംബര്‍ 9 ന് കേന്ദ്ര പ്രതിരോധ സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും 2017 മാര്‍ച്ച് 13 വരെ കേന്ദ്ര മന്ത്രിയായി തുടരുകയും ചെയ്തു. 2017 മാര്‍ച്ച് 14 – ന് വീണ്ടും ഗോവ മുഖ്യമന്ത്രിയായി അധികാരത്തിലേറി.
പ്രഗത്ഭനായ ഭരണാധികാരി എന്ന നിലയില്‍ പരീക്കര്‍ എക്കാലത്തും സ്മരിക്കപ്പെടും. ഒപ്പം അദ്ദേഹം ജീവിതത്തില്‍ പുലര്‍ത്തി പോന്ന ലാളിത്യം, കര്‍മ്മശേഷി എന്നീ സ്വഭാവ ഗുണങ്ങളുടെ പേരിലും. നവീന ഗോവയുടെ ശില്പി എന്ന നിലയ്ക്കു മാത്രമല്ല ഇന്ത്യന്‍ സായുധ സേനയെ ആധുനികവത്ക്കരിക്കുകയും, വിമുക്ത ഭടന്മാരുടെ ജീവിതനിലവാരം ഉയര്‍ത്തുകയും ചെയ്ത ഭരണാധികാരി എന്ന നിലയ്ക്കും അദ്ദേഹം അനുസമരിക്കപ്പെടും.
പ്രഗത്ഭനായ പൂര്‍വ വിദ്യാര്‍ത്ഥികള്‍ക്കു നല്കുന്ന പുരസ്‌കാരം നല്കി മുംബൈ ഐഐടി 2001 ല്‍ അദ്ദേഹത്തെ ആദരിക്കുകയുണ്ടായി. ഗോവയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി 2018 ല്‍ അദ്ദേഹത്തിനു ഓണററി ഡോക്ടറേറ്റ് നല്കി. 2018 ലെ ഡോ.എസ്പി മുഖര്‍ജി അവാര്‍ഡിനും അദ്ദേഹം അര്‍ഹനായി. രണ്ടു പുത്രന്മാര്‍ ഉണ്ട്.
അദ്ദേഹത്തിന്റെ വിരഹത്തില്‍ ദുഖിക്കുന്ന കുടുംബാംഗങ്ങളെയും ഗോവന്‍ ജനതയെയും ഗവണ്‍മെന്റിന്റെയും രാഷ്ട്രത്തിന്റെയും പേരിലുള്ള അനുശോചനം മന്ത്രിസഭ അറിക്കുന്നു.