പിഎം ഇന്ത്യ
നമ്മുടെ സഹപ്രവര്‍ത്തകരെല്ലാം ഒരേ ശബ്ദവും വികാരവുമാണു പ്രകടിപ്പിച്ചത് എന്നതില്‍ ഞാന്‍ വളരെയധികം സന്തോഷിക്കുന്നു.
ഇപ്പോള്‍ നാം ജമ്മു കശ്മീരിനെക്കുറിച്ചു സംസാരിക്കുമ്പോള്‍ ജമ്മു കശ്മീര്‍ സംസ്ഥാനത്തിന്റെ നാലു ഭാഗങ്ങളെക്കുറിച്ചും സംസാരിക്കണം: ജമ്മു, കശ്മീര്‍ താഴ്‌വര, ലഡാക്ക്, പാക്ക് അധീന കശ്മീര്‍.
ജമ്മു കശ്മീരിലെ വിവിധ പ്രദേശങ്ങളിലെ ഇപ്പോഴത്തെ സ്ഥിതിയെക്കുറിച്ച് തങ്ങള്‍ക്കുള്ള ആശങ്ക വ്യക്തമാക്കിയതിന് എല്ലാ പാര്‍ട്ടികളുടെയും നേതാക്കളോട് നന്ദിയുണ്ട്. നമ്മുടെ ജനാധിപത്യം പുലര്‍ത്തിവന്ന വിലയേറിയ പാരമ്പര്യമാണ് ഈ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഏറ്റവും വലിയ കരുത്ത്. നമുക്കു മറ്റു പല വിഷയങ്ങളിലും അഭിപ്രായഭിന്നത ഉണ്ടായിരിക്കാം; പക്ഷേ, രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും സംബന്ധിച്ച കാര്യങ്ങളില്‍ നാമെല്ലാം ഒറ്റക്കെട്ടാണ്.
ഏതൊരു ഇന്ത്യക്കാരനെയുമെന്നപോലെ, ജമ്മു കശ്മീരില്‍ അടുത്തിടെയുണ്ടായ സംഭവങ്ങള്‍ എന്നെയും വല്ലാതെ വേദനിപ്പിച്ചിരുന്നു. കുട്ടികള്‍ക്കു പഠിക്കാനോ വിളഞ്ഞുനില്‍ക്കുന്ന ആപ്പിളുകള്‍ അങ്ങാടിയില്‍ എത്തിക്കാനോ കച്ചവടക്കാര്‍ക്കു നിത്യവരുമാനം നേടാനോ ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്കു ജോലി ചെയ്യാനോ സാധിക്കുന്നില്ലെന്നതു വളരെ ദുഃഖകരമാണ്. ഈ അവസ്ഥ ഏറ്റവും ദോഷകരമായി ബാധിക്കുന്നതു ദരിദ്രരെയാണ്.
നമുക്കു രാഷ്ട്രീയപ്രവര്‍ത്തകരായി നിലകൊള്ളാന്‍ സാധിക്കുന്നത് ജനങ്ങള്‍ ഉള്ളതുകൊണ്ടാണ്. അവരാണു നമ്മുടെ കരുത്ത്, ഊര്‍ജ സ്രോതസ്സും. യഥാര്‍ഥത്തില്‍ ജനശക്തി നമ്മുടെ പൊതുജീവിതത്തിന്റെ നിര്‍ണായക ഘടകമാണ്. ഒരു പൗരനോ സുരക്ഷാ ഉദ്യോസ്ഥനോ കൊല്ലപ്പെട്ടാല്‍ നമുക്കെല്ലാം ദുഃഖം അനുഭവപ്പെടുന്നു. ഉറ്റവരെ നഷ്ടപ്പെട്ട എല്ലാ കുടുംബങ്ങളോടും എനിക്ക അനുകമ്പയുണ്ട്. പരുക്കേറ്റവര്‍ക്കു പരമാവധി നല്ല ചികില്‍സ നല്‍കാന്‍ നാം ബാധ്യസ്ഥരാണ്. പറ്റാവുന്നിടത്രോളം നേരത്തേ താഴ്‌വരയില്‍ സമാധാനം പുനഃസ്ഥാപിക്കുക വഴി ജനങ്ങള്‍ക്കു സാധാരണ ജീവിതം നയിക്കാനും ഉപജീവനമാര്‍ഗം കണ്ടെത്താനും കുട്ടികളെ സ്‌കൂളുകളിലേക്ക് അയക്കാനും രാത്രികളില്‍ സമാധാനത്തോടെ ഉറങ്ങാനും സാഹചര്യമൊരുക്കുകയും വേണം.
ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങള്‍ക്കു വിധേയമായി ജമ്മു കശ്മീര്‍ പ്രശ്‌നത്തിനു ശാശ്വതവും സമാധാനപൂര്‍ണവുമായ പരിഹാരം കാണാന്‍ നാം ബാധ്യസ്ഥരാണ്. ഇക്കാര്യത്തില്‍ തുറന്ന മനസ്സാണെന്നു മാത്രമല്ല, നമ്മുടെ വാതിലുകള്‍ എപ്പോഴും തുറന്നിട്ടിരിക്കുകയുമാണ്. ജമ്മു കശ്മീര്‍ സംസ്ഥാനത്തിലെ എല്ലാ പൗരന്മാര്‍ക്കും ക്ഷേമം ഉറപ്പാക്കാന്‍ നാം പ്രതിജ്ഞാബദ്ധരാണ്. ഈ പ്രശ്‌നത്തിനു പരിഹാരം കാണാന്‍ ശ്രീ. അടല്‍ ബിഹാരി വാജ്‌പേയി ജി കാട്ടിത്തന്ന പാതയാണു നാം പിന്‍തുടരുന്നത്.
ഇന്ത്യയുടെ കീരിടമെന്നാണു ജമ്മു കശ്മീര്‍ അറിയപ്പെടുന്നത്. നൂറ്റാണ്ടുകളായി ഹിന്ദുക്കളും സിഖുകാരും ബുദ്ധമതക്കാരും മുസ്ലീംകളും ഒരുമിച്ചുജീവിച്ചിരുന്നതും എല്ലാ വിഭാഗത്തിനും തുല്യ പരിഗണന ലഭിച്ചിരുന്നതുമായ പാരമ്പര്യമുള്ള പ്രദേശമാണ് ജ്മ്മു ക്ശ്മീര്‍. നാനാത്വത്തിനിടയിലും നാം ഇന്ത്യക്കാരായി അംഗീകരിക്കപ്പെടുന്നതിന് കാരണമായ നമ്മുടെ രാഷ്ട്രശില്‍പികളുടെ വിശ്വാസദാര്‍ഢ്യത്തിന്റെ പ്രതീകമാണു ജമ്മു കശ്മീര്‍ സംസ്ഥാനം. ജമ്മു കശ്മീര്‍ നമ്മുടെ ഭൂമിശാസ്ത്രപരമായ അവിഭാജ്യതയുടെ പ്രതീകം മാത്രമല്ല, മറിച്ച് അതു നമ്മുടെ ദേശീയതയെ നിര്‍വചിക്കുക തന്നെ ചെയ്യുന്നു. സുരക്ഷാസേനാംഗങ്ങള്‍ക്കു വളരെയധികം പരുക്കുകള്‍ സംഭവിച്ചിട്ടുണ്ടെന്നതു നമുക്കു നിഷേധിക്കാന്‍ സാധിക്കില്ല. കാരണം, അവരെ ലക്ഷ്യംവെച്ചായിരുന്നു ആസൂത്രിത ആക്രമണങ്ങള്‍. എന്നിട്ടുപോലും സംയമനം പാലിക്കാന്‍ നമ്മുടെ സുരക്ഷാസേനകള്‍ക്കു സാധിച്ചിട്ടുമുണ്ട്. ഏറെയധികം സുരക്ഷാ ഭടന്മാര്‍ക്കു പരുക്കേറ്റിട്ടുണ്ടെന്നു സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു.
ചില കേന്ദ്രങ്ങള്‍ തെറ്റായ പ്രചരണം നടത്തുന്നുണ്ടെങ്കിലും അശാന്തിയും ആശയക്കുഴപ്പവും പ്രചരിപ്പിക്കുന്നവരും യുവാക്കളെ വഴിതെറ്റിക്കുന്നവരും കാശ്മീരില്‍ വളരെ ചുരുക്കമേ ഉള്ളൂ. ഓരോ കാശ്മീരിയും സമാധാനം കാംക്ഷിക്കുന്നു; ജനാധിപത്യത്തില്‍ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ ഓരോ ഇലക്ഷനിലും വിഘടനശക്തികളുടെ ഭീഷണിയെ അതിജീവിച്ച് ഇന്ത്യന്‍ ജനാധിപത്യത്തില്‍ വിശ്വാസമര്‍പ്പിച്ചിട്ടുണ്ട് (ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആഘോഷമാണിത്). ഈയടുത്തുണ്ടായ പ്രശ്‌നങ്ങള്‍ക്കു തൊട്ടുപിറകെ മുഖ്യമന്ത്രി മെഹ്ബൂബ ജിയുടെ മണ്ഡലത്തില്‍ കനത്ത പോളിങ്ങായിരുന്നു. അതുകൊണ്ടുതന്നെ, പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന ഇതൊരു പൊതുസമരമാണെന്ന സ്ഥിരംപല്ലവി അവാസ്തവമാണ്.
ചില മേഖലകളില്‍ ക്രമസമാധാനം ഉറപ്പുവരുത്താനായി ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്രമസമാധാനം ഉറപ്പിക്കാനുള്ള ഭരണപരമായ രീതിയാണിത്. ഇങ്ങനെ ചെയ്യാത്തപക്ഷം സമാധാനം കാംക്ഷിക്കുന്ന ജനങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കും. വാസ്തവത്തില്‍ ഇത്തരം നിയന്ത്രണങ്ങള്‍, വിഭാഗീയശക്തികള്‍ തുടര്‍ച്ചയായി പ്രഖ്യാപിക്കുന്ന സമരങ്ങള്‍ സൃഷ്ടിക്കുന്നത്ര കുഴപ്പം സാധാരണക്കാരന് ഉണ്ടാക്കുന്നില്ല.
ഈ കാലഘട്ടത്തില്‍ അമര്‍നാഥ് യാത്ര സമാധാനപരമായി നടന്നു. ഇതിനുപുറമേ, സംസ്ഥാന ഗവണ്‍മെന്റ് ലഡാക്ക് മേഖലയില്‍ സൗരോര്‍ജരംഗത്ത് കുറേ പദ്ധതികള്‍ ആരംഭിച്ചു. നീറ്റ്, സി.ഇ.ടി., യു.പി.എസ്.സി. സിവില്‍ സര്‍വീസസ് എന്നീ പരീക്ഷകള്‍ നിശ്ചയിച്ച പ്രകാരം നടത്തി. പൗരന്മാര്‍ക്ക് അവശ്യവസ്തുക്കളെല്ലാം ലഭ്യമാക്കി. നാം വിനോദസഞ്ചാരത്തിന്റെ നിര്‍ണായകമായ കാലത്തേക്കു കടന്നുചെല്ലുകയാണ്. ആപ്പിള്‍ വിളവെടുപ്പിനു സമയമാകുകയും ചെയ്തു. ഈ സാഹചര്യം മുതലെടുത്തു ചില വിഭാഗീയശക്തികല്‍ കാശ്മീരിനെ അശാന്തമാക്കാനും സമാധാനം കാംക്ഷിക്കുന്ന പൗരന്മാരെ ബുദ്ധിമുട്ടിക്കാനും ശ്രമിക്കുകയാണ്.
കാശ്മീരിലെ പ്രശ്‌നങ്ങള്‍ക്കുള്ള അടിസ്ഥാന കാരണം നമ്മുടെ അയല്‍രാജ്യം പ്രോല്‍സാഹിപ്പിക്കുന്ന അതിര്‍ത്തി കടന്നുള്ള തീവ്രവാദമാണ്. തീവ്രവാദം നിമിത്തം കാശ്മീര്‍ താഴ്‌വരയില്‍ ജനജീവിതം ഭദ്രമല്ലാതായിരിക്കുകയാണ്.
34,000ലേറെ എ.കെ.47 തോക്കുകള്‍ പിടിച്ചെടുക്കപ്പട്ടു.
അയ്യായിരത്തിലേറെ ഗ്രനേഡ് ലോഞ്ചറുകള്‍ പിടിച്ചെടുത്തു.
തൊണ്ണൂറോലം എല്‍.എം.ജികള്‍ പിടിച്ചെടുത്തു.
12,000ലേറെ റിവോള്‍വറുകള്‍ പിടിച്ചെടുത്തു.
മൂന്ന് ആന്റി ടാങ്ക് തോക്കുകളും നാല് ആന്റി എയര്‍ക്രാഫ്റ്റ് തോത്കുകളും പിടിച്ചെടുത്തു.
350ലേറെ മിസൈല്‍ ലോഞ്ചറുകള്‍ പിടിച്ചെടുത്തു.
ആര്‍.ഡി.എസ്. ഉള്‍പ്പെടെ 63,000 കിലോഗ്രാം സ്‌ഫോടകവസ്തുക്കളും ഒരു ലക്ഷത്തിലേറെ ഗ്രനേഡുകളും പിടിച്ചെടുത്തു.
ഈ കാലത്തിനിടെ അയ്യായിരത്തിലേറെ വിദേശ ഭീകരവാദികള്‍ കൊല്ലപ്പെട്ടു. ഇത് അഞ്ച് ബറ്റാലിയനുകളില്‍ ഉള്ളതിലേറെ അംഗസംഖ്യ വരും.
ഇത്രയധികം ആയുധങ്ങള്‍ പിടിച്ചെടുക്കപ്പെടുകയും ആള്‍നാശവും മറ്റു നാശനഷ്ടങ്ങളും വിതയ്ക്കാന്‍ ഇത്രയധികം വിദേശ തീവ്രവാദികള്‍ നുഴഞ്ഞുകയറുകയും ചെയ്തിട്ടുള്ള സാഹചര്യത്തില്‍ ആയിരക്കണക്കിനു നുണകള്‍ പറയാന്‍ പാക്കിസ്ഥാന്‍ തയ്യാറായാലും ലോകം തെറ്റായ പ്രചരണം സ്വീകരിക്കാന്‍ തയ്യാറാകില്ല.
സ്വന്തം പൗരന്‍മാരെ തന്നെയണ് യുദ്ധവിമാനങ്ങള്‍ കൊണ്ട് എതിരിടുന്നതെന്നു പാക്കിസ്ഥാന്‍ മറന്നുപോകുന്നു. ബലൂചിസ്ഥാനിലെയും പാക്കധീന കശ്മീരിലെയും ജനങ്ങള്‍ക്കു നേരെ നടത്തുന്ന അതിക്രമങ്ങള്‍ക്കു പാക്കിസ്ഥാന്‍ ലോകത്തോട് ഉത്തരം പറയേണ്ട കാലം സമാഗതമായിരിക്കുന്നു.
ജനങ്ങളുടെ മൗലികാവകാശങ്ങള്‍ ഉറപ്പാക്കാന്‍ നാം ബാധ്യസ്ഥരാണ്. നമ്മുടെ തീവ്രവാദ വിരുദ്ധ നിയമങ്ങള്‍ മറ്റേതു ജനാധിപത്യ രാജ്യത്തുള്ളതിനേക്കാളും മാനുഷികത നിറഞ്ഞതാണ്. ഇത്തരം സംഭവങ്ങള്‍ നേരിടുന്നതില്‍ നമ്മുടെ ഗവണ്‍മെന്റുകളും സുരക്ഷാ സേനകളും എന്നും സംയമനം പാലിച്ചിട്ടുണ്ട്.
തീവ്രവാദത്തിനെതിരെ നല്ല കരുത്തോടും പ്രതിജ്ഞാബദ്ധതയോടുംകൂടി ഇന്ത്യ പൊരുതും. അതു നമ്മുടെ ദേശത്തോടുള്ള കടമയാണ്. നിയമവ്യവസ്ഥ പാലിച്ചുകൊണ്ടു പ്രവര്‍ത്തിക്കുകയെന്ന ഇന്ത്യയുടെ രീതിയെ എതിരാളികള്‍ ഒരു ദൗര്‍ബല്യമായി വിലയിരുത്തുന്നത് അബദ്ധമായിരിക്കും. തീവ്രവാദത്തിന് അന്ത്യം കുറിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. നമ്മെ സംബന്ധിച്ചിടത്തോളം മാര്‍ഗവും ലക്ഷ്യവും പ്രധാനമാണെന്നു മാത്രമല്ല, ഈ രണ്ടു കാര്യത്തിലും ഫലപ്രദമായി പ്രവര്‍ത്തിക്കാനുള്ള ശേഷിയുണ്ടുതാനും.
കാശ്മീരി പണ്ഡിറ്റുകളെ കാശ്മീര്‍ താഴ്‌വരയിലെ പരമ്പരാഗത കേന്ദ്രങ്ങളില്‍നിന്നു നീക്കിയെന്നതു വസ്തുതയാണ്. ഇത്തരം അതിക്രമങ്ങള്‍ നടത്തുന്നത് പാക്കിസ്ഥാന്‍ പരിശീലനം നല്‍കി ആയുധങ്ങളുമായി പറഞ്ഞുവിട്ട തീവ്രവാദികളും അവര്‍ക്കൊപ്പം നില്‍ക്കുന്നവരുമാണ്. ‘കശ്മീരിയത്തി’ല്‍ വിശ്വസിക്കുന്നവര്‍ ഇങ്ങനെ ചെയ്യാന്‍ സാധ്യതയില്ല.
കാശ്മീരിന്റെ സര്‍വതോമുഖമായ വികസനത്തിനായി 80,000 കോടി രൂപയുടെ വികസന പാക്കേജ് നടപ്പാക്കാന്‍ സംസ്ഥാന ഗവണ്‍മെന്റുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷം തീരുമാനിച്ചിട്ടുണ്ട്. ഈ പാക്കേജില്‍ റോഡുകള്‍ക്കും വൈദ്യുതപദ്ധതികള്‍ക്കുമുള്ള നിര്‍ദേശങ്ങള്‍ മാത്രമല്ല, ജമ്മു കശ്മീരിലെ എല്ലാ പ്രദേശങ്ങളിലും എല്ലാ വിഭാഗങ്ങള്‍ക്കിടയിലും വികസനം എത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കുട്ടികള്‍ക്കു മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കുന്നതിനുള്ള സൗകര്യം, യുവാക്കള്‍ക്കു തൊഴിലവസരങ്ങള്‍, ചികില്‍സയ്ക്കായി ആധുനിക സംവിധാനങ്ങള്‍, വിനോദസഞ്ചാരം പ്രോല്‍സാഹിപ്പിക്കാനുള്ള സൗകര്യങ്ങള്‍, പഴക്കൃഷി ഉല്‍പാദനത്തിനു പ്രത്യേക സംവിധാനങ്ങള്‍ എന്നിവ ഇതില്‍ പെടും.
തൊഴിലവസരങ്ങള്‍ പെട്ടെന്നു ലഭ്യമാക്കാനായി പതിനായിരം സ്‌പെഷല്‍ പോലീസ് ഓഫീസര്‍മാരെയും അഞ്ച് ഐ.ആര്‍. ബറ്റാലിയനുകളിലായി 1,200 പാരാ മിലിട്ടറിക്കാരെയും 4000 യുവാക്കളെയും നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഉഡാന്‍, ഹിമായത് പദ്ധതികള്‍ക്കു കീഴില്‍ 1,25,000 പേര്‍ക്കു പരിശീലനം നല്‍കാനും അതുവഴി തൊഴില്‍രഹിതര്‍ക്ക് അനുയോജ്യമായ തൊഴില്‍ ലഭിക്കുന്ന സാഹചര്യമുണ്ടാക്കാനും പദ്ധതിയുണ്ട്.
സംസ്ഥാനത്തിന്റെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ ശ്രീമതി മെഹ്ബൂബ മുഫ്തി നയിക്കുന്ന പി.ഡി.പി.-ബി.ജെ.പി. ഗവണ്‍മെന്റ് എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. തീര്‍ത്തും പ്രതികൂല സാഹചര്യമായിരുന്നിട്ടും കഴിഞ്ഞ ഒരു മാസത്തിനിടെ എല്ലാ പ്രശ്‌നങ്ങളും വളരെ സൂക്ഷ്മതയോടെയാണു സംസ്ഥാന ഗവണ്‍മെന്റ് കൈകാര്യം ചെയ്തത്. രാഷ്ട്രം മുഴുവന്‍ ഐക്യദാര്‍ഢ്യവുമായി അവര്‍ക്കൊപ്പം നില്‍ക്കുകയാണ്.
ജനങ്ങളുടെ ശരിയായ സങ്കടങ്ങള്‍ പരിഹരിക്കാനും സംസ്ഥാനത്തു സമാധാനം പുനഃസ്ഥാപിക്കാനും കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകള്‍ പ്രതിജ്ഞാബദ്ധമാണെന്ന് ആവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഹിംസ, ഭീകരപ്രവര്‍ത്തനം, ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയെ ശക്തമായി നേരിടും. അതേസമയം, ഓരോ വ്യക്തിയും നേരിടേണ്ടിവരുന്ന യഥാര്‍ഥ സങ്കടങ്ങള്‍ക്കു കാതോര്‍ക്കുകയും അവ പരിഹരിക്കുകയും ചെയ്യും.
തീവ്രവാദത്തിനും വിധ്വംസകശക്തികള്‍ക്കും എതിരെ പോരാടാന്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും എല്ലാ ഇന്ത്യക്കാരും ഒന്നിച്ചുനില്‍ക്കേണ്ടതുണ്ടെന്ന് ആവര്‍ത്തിക്കാന്‍ ഞാന്‍ ്ആഗ്രഹിക്കുന്നു. തീവ്രവാദം ലോകത്തു ചിറകു വിരിക്കുകയും നമ്മുടെ അയല്‍രാജ്യം അതിനെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അതിനെതിരെയുള്ള യുദ്ധം നാം ഒന്നിച്ചുനയിക്കണം. ഇക്കാര്യത്തില്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ക്രിയാത്മക സഹകരണം പകരുമെന്ന പ്രതീക്ഷ ഗവണ്‍മെന്റിന് ഉണ്ട്. സംസ്ഥാനത്തു സമാധാനവും അഭിവൃദ്ധിയും പുനഃസ്ഥാപിക്കുന്നതിനായി മറ്റ് അഭിപ്രായഭിന്നതകള്‍ മാറ്റിവെച്ചു സഹകരിക്കാന്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും തയ്യാറാകണം. സംസ്ഥാന ഗവണ്‍മെന്റ് നടത്തുന്ന സജീവമായ ശ്രമങ്ങള്‍ക്കൊപ്പം നിങ്ങളുടെയൊക്കെ സമ്പൂര്‍ണ സഹകരണംകൂടി ഉണ്ടെങ്കില്‍ ജമ്മു കശ്മീരിനെ ഉടനെത്തന്നെ സാധാരണ നിലയിലേക്കു തിരികെ കൊണ്ടുവരാന്‍ നമുക്കു സാധിക്കുമെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു.
കാശ്മീരിന്റെ കാര്യത്തില്‍ കൈക്കൊണ്ട പ്രധാന നടപടികളും പിന്തുടരുന്ന നയങ്ങളും ആവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
1) ക്രമസമാധാനം നിലനിര്‍ത്തുകയെന്നതു ഗവണ്‍മെന്റിന്റെ ചുമതലയാണ്. തീവ്രവാദവുമായി സന്ധിയില്ല.
2) ഇക്കാലഘട്ടത്തില്‍, ജനാധിപത്യ പാരമ്പര്യത്തിനു വിധേയമായി, പൗരസമൂഹത്തിന്റ പങ്കാളിത്തത്തെ പ്രോല്‍സാഹിപ്പിക്കും.
3) ജനാധിപത്യ പാരമ്പര്യത്തിനു വിധേയമായി രാഷ്ട്രീയ പ്രക്രിയ നാം മുന്നോട്ടു കൊണ്ടുപോകും.
4) സംസ്ഥാനത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങളുമായി കശ്മീരിലെ യുവാക്കളെ ബന്ധപ്പെടുത്തുന്ന പ്രക്രിയ വേഗത്തിലാക്കും.
5) ജമ്മു കശ്മീരുകാരായ ഹിന്ദുക്കളോ മുസ്ലീങ്ങളോ സിഖുകാരോ ബുദ്ധമതക്കാരോ എന്നു വേണ്ട ഏതു മതസ്ഥരുമാകട്ടെ മറ്റു സംസ്ഥാനങ്ങളില്‍ താമസിക്കുന്നുണ്ടെങ്കില്‍ അവരെ സമീപിച്ച് ജമ്മു കശ്മീരിലുള്ള അവരുടെ ബന്ധുക്കളുമായി ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കണം. മറ്റു സംസ്ഥാനങ്ങളില്‍ കഴിയുന്ന കശ്മീരികള്‍ക്കുണ്ടായിട്ടുള്ള പുരോഗതിയും കശ്മീരില്‍ കഴിയുന്നവര്‍ക്കുണ്ടായിട്ടുള്ള പുരോഗതിയും താരതമ്യം ചെയ്യുന്നതിനാണിത്.
6) വിദേശകാര്യ മന്ത്രാലയം ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ കഴിയുന്ന പാക്കധീന കശ്മീരുകാരായ വ്യക്തികളെ കണ്ടെത്താന്‍ ശ്രമിക്കുകയും അതുവഴി പാക്കധീന കശ്മീരിലെ ദുരിതപൂര്‍ണമായ സാഹചര്യങ്ങള്‍ മനസ്സിലാക്കി അതു ലോകസമൂഹത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയും വേണം.
യോഗത്തില്‍ പങ്കെടുത്തു നിങ്ങളുടെ വിലപ്പെട്ട കാഴ്ചപ്പാടുകള്‍ പങ്കുവെക്കുകയും അഭിപ്രായങ്ങള്‍ മുന്നോട്ടുവെക്കുകയും ചെയ്തതിന് ഒരിക്കല്‍ക്കൂടി ഞാന്‍ നന്ദി പറയുന്നു. ഗവണ്‍മെന്റിനു നല്‍കുന്ന പിന്തുണയ്ക്കു ഞാന്‍ നിങ്ങളെയെല്ലാം നന്ദി അറിയിക്കുന്നു. ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ അഖണ്ഡതയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ സാധിക്കില്ലെന്ന ദേശീയബോധം നിലനിര്‍ത്താന്‍ നാമെല്ലാം പ്രതിജ്ഞാബദ്ധമാണ്. ഭരണഘടനയുടെ ചട്ടക്കൂടിനകത്തു നിന്നുകൊണ്ട് എല്ലാ വിഭാഗങ്ങളുടെയും സങ്കടങ്ങള്‍ക്കു പരിഹാരം കാണാന്‍ നാം തയ്യാറാണ്.
നന്ദി.
An all-party meeting on Kashmir being chaired by PM @narendramodi. pic.twitter.com/5rQ5IcvyeL
— PMO India (@PMOIndia) August 12, 2016