Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജി.എസ്.ടി. ടീം ഇന്ത്യയുടെ മഹത്തായ ചുവടുവെപ്പെന്നും മാറ്റത്തിലേക്കുള്ള വലിയ ചുവടുവെപ്പെന്നും പ്രധാനമന്ത്രി


ജി.എസ്.ടി. പാസാക്കിയത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിജയമെന്നു പ്രധാനമന്ത്രി

ചരക്കുസേവന നികുതി (ജി.എസ്.ടി.) ടീം ഇന്ത്യയുടെ മഹത്തായ കാല്‍വെപ്പാണെന്നും മാറ്റത്തിലേക്കും സുതാര്യതയിലേക്കുമുള്ള വലിയ ചുവടുവെപ്പാണെന്നും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വ്യക്തമാക്കി. ലോക്‌സഭയില്‍ ജി.എസ്.ടി. ബില്ലിന്‍മേല്‍ നടന്ന ചര്‍ച്ചയില്ലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 1942ല്‍ ഇതേ ദിവസമാണ്, അതായത് ഓഗസ്റ്റ് എട്ടിനാണ് മഹാത്മാഗാന്ധി ക്വിറ്റ് ഇന്ത്യ സമരം പ്രഖ്യാപിച്ചതെന്നു പ്രധാനമന്ത്രി അനുസ്മരിച്ചു. ഇപ്പോള്‍ രാജ്യം നികുതി തീവ്രവാദത്തില്‍നിന്നു രക്ഷ നേടാനായി മാര്‍ച്ച് നടത്തേണ്ട സ്ഥിതിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജി.എസ്.ടി. ബില്‍ പാസ്സാക്കപ്പെട്ടത് കേവലം ചില രാഷ്ട്രീയപ്പാര്‍ട്ടികളുടെ മാത്രം വിജയമല്ല, മറിച്ച് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ തന്നെ വിജയമാണെന്നു പ്രധാനമന്ത്രി പറഞ്ഞു.

ചരക്കുസേവന നികുതി സംബന്ധിച്ചു നടന്ന ചര്‍ച്ചകളും കൂടിക്കാഴ്ചകളും സംബന്ധിച്ചു വിശദീകരിച്ച ശ്രീ. മോദി, ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ശ്രീമതി സോണിയ ഗാന്ധിയെയും മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനെയും ക്ഷണിച്ചിരുന്നതായി വെളിപ്പെടുത്തി. അവരില്‍ ഒരാള്‍ ലോക്‌സഭ എം.പിയും മറ്റേയാള്‍ രാജ്യസഭാ എം.പിയുമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ജി.എസ്.ടിയില്‍ സമവായത്തിലെത്താന്‍ സാധിച്ചു എന്നതു വ്യക്തമാക്കുന്നത് രാഷ്ട്രീയത്തേക്കാള്‍ പ്രധാനമാണ് ദേശീയപ്രശ്‌നങ്ങള്‍ എന്നാണെന്ന് അദ്ദേഹം പറഞ്ഞു. റെയില്‍വേ, അഖിലേന്ത്യാ സര്‍വീസുകള്‍, ഭാരത് നെറ്റ്, സാഗര്‍മാല തുടങ്ങിയ ദീര്‍ഘവീക്ഷണത്തോടുകൂടിയ പദ്ധതികള്‍ എന്നിവയ്ക്കു സമാനമായി ഏകീകൃത ഭാരതത്തിന്റെ മാലയിലെ മറ്റൊരു മുത്തായാണ് ചരക്കുസേവന നികുതിയെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.

പുതിയ സംവിധാനത്തില്‍ ഉപഭോക്താവായിരിക്കും രാജാവെന്നു വ്യക്തമാക്കിയ ശ്രീ. മോദി ചരക്കുസേവന നികുതിയിലൂടെ ലക്ഷ്യം വെക്കുന്നത് നികുതി ഏകീകരിക്കാനാണെന്നു ചൂണ്ടിക്കാട്ടി. മനുഷ്യാധ്വാനം, പണം, യന്ത്രം, വസ്തുക്കള്‍, സമയം എന്നിവയുടെ നീതിയുക്തമായ ഉപയോഗമാണ് ഫലപ്രദമായ സാമ്പത്തിക നയത്തിന് അനിവാര്യമെന്നും ചരക്കുസേവന നികുതി ഈ ദിശയിലുള്ള നീക്കമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

സാങ്കേതികവിദ്യയുടെ പിന്‍ബലമുള്ളതിനാല്‍ നികുതി സംബന്ധിച്ച വിശദാംശങ്ങള്‍ അതാതു സമയം അറിയാന്‍ സാധിക്കുമെന്നതും ചരക്കു സേവന നികുതിയുടെ നേട്ടമായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉപഭോക്തൃ പണപ്പെരുപ്പം വര്‍ധിപ്പിക്കാനിടയുള്ള വസ്തുക്കള്‍ ചരക്കു സേവന നികുതിയുടെ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. നികുതിശേഖരണത്തിലെ അഴിമതി കുറച്ചുകൊണ്ടുവരാനും നികുതിശേഖരണ ചെലവു കുറയ്ക്കാനും ചരക്കുസേവന നികുതി സമ്പ്രദായം സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ചെറുകിട വാണിജ്യ സ്ഥാപനങ്ങള്‍ക്കു ചരക്കുസേവന നികുതി ഏറെ ഗുണം ചെയ്യുമെന്നും കൂടുതല്‍ സുരക്ഷിതത്വം ലഭിക്കുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

പാവങ്ങളുടെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ ശാക്തീകരണത്തിനാണു ഗവണ്‍മെന്റ് ഊന്നല്‍ നല്‍കുന്നതെന്നും ദാരിദ്ര്യം കുറച്ചുകൊണ്ടുവരാനാണു ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.