പിഎം ഇന്ത്യ
പ്രസിഡന്റ് മാക്രോൺ,
മറ്റ് വിശിഷ്ട വ്യക്തിത്വങ്ങളെ,
ഫ്രാൻസിന്റെ ജി7 അധ്യക്ഷപദം എല്ലാവരെയും ഉൾക്കൊള്ളുന്നതും സുസ്ഥിരമായ വളർച്ചയ്ക്ക് സവിശേഷ പ്രാധാന്യം നൽകുന്നതുമാണ് എന്നതിൽ എനിക്ക് സന്തോഷമുണ്ട്. ലോകം നിരവധി വെല്ലുവിളികളും അനിശ്ചിതത്വങ്ങളും നേരിടുന്ന ഈ സമയത്ത്, ഈ കൂട്ടായ്മയിൽ നിന്ന് ഉയർന്നുവരുന്ന സന്ദേശം മുഴുവൻ മനുഷ്യരാശിയുടെയും ക്ഷേമത്തിനും ഭാവിക്കും ഏറെ പ്രധാനപ്പെട്ടതാണ്.
ഇന്ന്, വളർച്ചയെക്കുറിച്ചുള്ള ചോദ്യം കേവലം ജിഡിപിയിലോ (GDP) വ്യാപാരക്കണക്കുകളിലോ മാത്രം ഒതുങ്ങുന്നില്ല. യഥാർത്ഥ ചോദ്യം ഇതാണ്: ഈ വളർച്ചയുടെ ഗുണഫലം ആർക്കാണ് ലഭിക്കുന്നത്? ഇതിൽ ആരെയൊക്കെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്? ഇത് ഏത് ദിശയിലേക്കാണ് നീങ്ങുന്നത്?
സുഹൃത്തുക്കളെ,
പങ്കിട്ട വികസനം എന്നത് ഒരു ആഗ്രഹത്തിൽ നിന്ന് യാഥാർത്ഥ്യത്തിലേക്ക് മാറ്റാൻ കഴിയുമെന്ന് ഇന്ത്യയുടെ അനുഭവം കാണിച്ചുതരുന്നു. ഇന്ത്യ പുരോഗമിക്കുമ്പോൾ, മനുഷ്യരാശിയുടെ ആറിൽ ഒരു ഭാഗമാണ് അതിനൊപ്പം പുരോഗമിക്കുന്നത്. അതുകൊണ്ടുതന്നെ, ഇന്ത്യയുടെ വളർച്ചയുടെ കഥ എന്നത് കേവലം സാമ്പത്തിക വികസനം മാത്രമല്ല—അത് എല്ലാവരെയും ഉൾക്കൊള്ളുന്നതിന്റെയും, അതിന്റെ വ്യാപ്തിയുടെയും, ജനാധിപത്യപരമായ ശാക്തീകരണത്തിന്റെയും കഥയാണ്.
കഴിഞ്ഞ പന്ത്രണ്ട് വർഷങ്ങളായി, “സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്” (ഏവർക്കുമൊപ്പം, ഏവരുടെയും വികസനം, ഏവരുടെയും വിശ്വാസം, ഏവരുടെയും പരിശ്രമം) എന്ന നയപരമായ തത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ മുന്നേറുന്നത്. ഞങ്ങളുടെ ആഗോള ഇടപെടലുകളുടെ വഴികാട്ടിയും ഇതുതന്നെയാണ്.
ഇന്ത്യയുടെ ജി20 അധ്യക്ഷകാലത്ത് “ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി” എന്ന സന്ദേശമാണ് ഞങ്ങൾ ലോകത്തിന് നൽകിയത്. ഇതൊരു വെറും മുദ്രാവാക്യമായിരുന്നില്ല; ലോകത്തെ മുഴുവൻ ഒരൊറ്റ കുടുംബമായി കാണുന്ന ഞങ്ങളുടെ സാംസ്കാരിക മൂല്യങ്ങളുടെ പ്രതിഫലനമായിരുന്നു അത്.
ഈയൊരു മനോഭാവത്തോടെയാണ് ചരിത്രപരമായ ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇക്കണോമിക് കോറിഡോറിന് (IMEC) ഞങ്ങൾ തുടക്കം കുറിച്ചത്. തന്ത്രപ്രധാനമായ ഈ ഇടനാഴി ഏഷ്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ് എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്നു; ഇത് വ്യാപാരം വേഗത്തിലാക്കുകയും, വിതരണ ശൃംഖലകളെ ശക്തിപ്പെടുത്തുകയും, പങ്കാളിത്ത രാജ്യങ്ങളിലുടനീളം നിക്ഷേപം, തൊഴിൽ, നൂതനാശയങ്ങൾ എന്നിവയ്ക്കുള്ള പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. പ്രാദേശിക ഉടമസ്ഥത, സുതാര്യമായ ധനസഹായം, ദീർഘകാല സുസ്ഥിരതയ്ക്കായുള്ള വ്യക്തമായ കാഴ്ചപ്പാട് എന്നിവയോടുകൂടിയ ഇത്തരം സംരംഭങ്ങളെ ഇന്ന് കൂടുതൽ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്.
സുഹൃത്തുക്കളെ,
പശ്ചിമേഷ്യയിലെ പ്രതിസന്ധികൾ കാരണം ഇന്ധനം, വളം, ഭക്ഷ്യ വിതരണ ശൃംഖലകൾ എന്നിവയിലുണ്ടായ തടസ്സങ്ങൾ ഗ്ലോബൽ സൗത്ത് രാജ്യങ്ങളിൽ ഇനിയും കുറച്ചുകാലത്തേക്ക് വലിയ സ്വാധീനം ചെലുത്തും. അന്താരാഷ്ട്ര ഐക്യദാർഢ്യം ശക്തിപ്പെടുത്താൻ നമ്മൾ ആത്മാർത്ഥമായി ആഗ്രഹിക്കുന്നുവെങ്കിൽ, ഏറ്റവും ദുർബലരായ രാജ്യങ്ങളെ ഈ പ്രതിസന്ധികളുടെ ഭാരം തനിച്ചു ചുമക്കാൻ നമ്മൾ വിട്ടുകൊടുക്കരുത് .
ഇത്തരം ആഘാതങ്ങളെ പ്രതിരോധിക്കാനും തങ്ങളുടെ സാമ്പത്തിക ശേഷി നിലനിർത്താനും വികസ്വര രാജ്യങ്ങളെ സഹായിക്കുന്ന പിന്തുണാ സംവിധാനങ്ങൾ നമ്മുടെ അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങൾ വികസിപ്പിച്ചെടുക്കേണ്ടതുണ്ട്.
സുഹൃത്തുക്കളെ,
ഐ.എം.ഇ.സി (IMEC) കാഴ്ചപ്പാടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, പസഫിക് ദ്വീപ് മേഖലകളിലെ രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന കണക്റ്റിവിറ്റി പ്രോജക്ടുകളിൽ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാവുന്നതാണ്.
ജി7-ന്റെ മൂലധനവും, ഇന്ത്യയുടെ പ്രതിഭയും, ഗ്ലോബൽ സൗത്ത് രാജ്യങ്ങളുടെ ഉടമസ്ഥതയും ഒന്നിപ്പിച്ചുകൊണ്ട്, കണക്റ്റിവിറ്റിയും വ്യാപാരവും വേഗത്തിലാക്കുന്നതിനായി ‘ഇന്റർനാഷണൽ മൊബിലൈസേഷൻ പാർട്ണർഷിപ്പ് ഫോർ ആക്സിലറേറ്റിംഗ് കണക്റ്റിവിറ്റി ആൻഡ് ട്രേഡ്’ (IMPACT) രൂപീകരിക്കുന്നത് നമുക്ക് പരിഗണിക്കാം. വ്യാപാരം, സാങ്കേതികവിദ്യ, ഊർജ്ജം, അവസരങ്ങൾ എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്ന ഇടനാഴികൾ സൃഷ്ടിക്കുക എന്നതായിരിക്കണം ഇതിന്റെ ലക്ഷ്യം.
സുഹൃത്തുക്കളെ,
ഇന്ന് വികസിത രാജ്യങ്ങൾ വാർദ്ധക്യമേറുന്ന ജനസംഖ്യയുടെ വെല്ലുവിളിയെ നേരിടുമ്പോൾ, ഇന്ത്യയും മറ്റ് ഗ്ലോബൽ സൗത്ത് രാജ്യങ്ങളും യുവപ്രതിഭകൾ, സംരംഭകത്വം, കഴിവുകൾ എന്നിവയാൽ വൻ സാധ്യതകളാണ് കൈവരിച്ചിരിക്കുന്നത്.
പരസ്പര പൂരകമായ ഈ സ്വാഭാവിക സാധ്യതകളെ പ്രയോജനപ്പെടുത്തുന്നതിനായി, നമുക്കൊരു ‘ഗ്ലോബൽ സ്കിൽസ് പാർട്ണർഷിപ്പ്’ (Global Skills Partnership) രൂപീകരിക്കുന്നത് ആലോചിക്കാവുന്നതാണ്. ഈ ചട്ടക്കൂടിന് കീഴിൽ, തൊഴിൽ നൈപുണ്യ മാപ്പിംഗിലും വിശ്വസനീയവും വൈദഗ്ധ്യമുള്ളതുമായ തൊഴിലാളികളുടെ സുഗമമായ കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിലും നമുക്ക് ഒന്നിച്ച് പ്രവർത്തിക്കാം.
സുഹൃത്തുക്കളെ,
പങ്കിട്ട ആഗോള സമൃദ്ധിയോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത വെറും വാക്കുകളിൽ മാത്രം ഒതുങ്ങുന്നതല്ല; അത് ഞങ്ങളുടെ പ്രവൃത്തികളിലും പ്രതിഫലിക്കുന്നുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ, ഈ യോഗത്തിൽ പങ്കെടുക്കുന്ന ഭൂരിഭാഗം രാജ്യങ്ങളുമായും ഇന്ത്യ വ്യാപാര കരാറുകളിൽ ഒപ്പുവെച്ചിട്ടുണ്ട്.
ഇവിടെ വിഘടിപ്പിക്കലിലല്ല, മറിച്ച് കൂട്ടിച്ചേർക്കലിലാണ് ഇന്ത്യ വിശ്വസിക്കുന്നത് എന്നതിന്റെ തെളിവാണ്; സംരക്ഷണവാദത്തിലല്ല , മറിച്ച് പങ്കാളിത്തത്തിലാണ്, അനിശ്ചിതത്വത്തിലല്ല, മറിച്ച് പങ്കിട്ട സമൃദ്ധിയിലാണ് ഇന്ത്യ വിശ്വസിക്കുന്നത്.
വരും വർഷങ്ങളിലും, നമ്മുടെ പങ്കിട്ട സാമ്പത്തിക പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും കൂടുതൽ സുസ്ഥിരവും വിശ്വസനീയവും സമൃദ്ധവുമായ ഒരു ആഗോള സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും നിങ്ങൾ ഏവരോടുമൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ഇന്ത്യ തുടർന്നും പ്രതിജ്ഞാബദ്ധമായിരിക്കും.
നന്ദി.
നിരാകരണം -പ്രധാനമന്ത്രിയുടെ പ്രസ്താവനയുടെ ഏകദേശ വിവർത്തനമാണിത്. യഥാർത്ഥ പ്രസ്താവന ഹിന്ദിയിലാണ് നടത്തിയത്.
***
SK
At the G7 Summit in Evian, addressed the Outreach Session on ‘Reviving a Balanced, Shared and Sustainable Economic Growth for All.’ It is good that the French G7 Presidency has given importance to this topic.
— Narendra Modi (@narendramodi) June 17, 2026
The reality today is- when it comes to growth, the question should… pic.twitter.com/qGQpCLbQPA
Like the vision of IMEC, can we work on connectivity projects with countries in Africa, Latin America and the Pacific Islands?
— Narendra Modi (@narendramodi) June 17, 2026
By combining G7 capital, India’s talent and the ownership of Global South countries, we may also consider establishing an International Mobilisation…
Today, many societies are becoming ageing societies while India and other countries of the Global South have abundance of young talent, entrepreneurship and skills.
— Narendra Modi (@narendramodi) June 17, 2026
To harness this natural complementarity, called for the creation a Global Skills Partnership, where we can work…