പിഎം ഇന്ത്യ
രാജ്യത്തെ ജുഡീഷ്യറിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതി പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി കാലത്തിന് ശേഷവും അതായത് (1-4-2017 മുതല്‍ 31-3-2020 വരെ) തുടരുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. നീതി നിര്‍വ്വഹണത്തിനും, നിയമ പരിഷ്‌ക്കരണത്തിനുമായുള്ള ദേശീയ ദൗത്യം വഴിയാണ് മൊത്തം 3320 കോടി രൂപ ചെലവ് വരുന്ന പദ്ധതി നടപ്പിലാക്കുന്നത്.
നിര്‍മ്മാണത്തിലിരിക്കുന്ന കോടതി മുറികള്‍, ഭവന യൂണിറ്റുകള്‍ എന്നിവയുടെ പുരോഗതിയുമായി ബന്ധപ്പെട്ട വിവര ശേഖരണത്തിന് നീതി നിര്‍വ്വഹണ മന്ത്രാലയത്തിന്റെ ജിയോ ടാഗിംഗ് സംവിധാനത്തോട് കൂടിയ ഓണ്‍ലൈന്‍ നിരീക്ഷണ സംവിധാനം സ്ഥാപിക്കുന്നതിനും കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി. ഭാവിയില്‍ രാജ്യത്തൊട്ടാകെ നിര്‍മ്മിക്കേണ്ടി വരുന്ന കേടതി മുറികളുടെയും ഭവന യൂണിറ്റുകളുടെയും മാനദണ്ഡങ്ങള്‍ക്ക് രൂപം നല്‍കുന്നതിനും അവയുടെ കാര്യക്ഷമമായ നടത്തിപ്പിനും കൂടി വേണ്ടിയാണ് ഈ നിരീക്ഷണ സംവിധാനം.
പദ്ധതിയുടെ പ്രയോജനങ്ങള്‍ :
ജില്ല, ഉപജില്ല താലൂക്ക്, തഹസീല്‍, ഗ്രാമപഞ്ചായത്ത്, ഗ്രാമ തലങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തൊട്ടാകെയുള്ള ജില്ലാ, സബോര്‍ഡിനേറ്റ് കോടതികളിലെ കോര്‍ട്ട് ഹാളുകള്‍, ജഡ്ജിമാര്‍ / ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ എന്നിവരുടെ താമസ സൗകര്യം മുതലായവയുടെ ലഭ്യത ഈ പദ്ധതി വഴി ഗണ്യമായി വര്‍ദ്ധിക്കും. രാജ്യത്തെ ഒരോ പൗരനിലേയ്ക്കും എത്തിച്ചേരാനുള്ള ജുഡീഷ്യറിയുടെ പ്രവര്‍ത്തനങ്ങള്‍ ഇത് മെച്ചപ്പെടുത്തും.
സാമ്പത്തിക സഹായം
കോടതി മുറികളുടെയും, ജില്ലാ, സബോര്‍ഡിനേറ്റ് കോടതികള്‍ എന്നിവയിലെ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ / ജഡ്ജിമാര്‍ എന്നിവരുടെ ഭവന സമുച്ചയങ്ങളുടെയും അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതി പ്രകാരം സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കും, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര ഗവണ്‍മെന്റാണ് സഹായം ലഭ്യമാക്കുന്നത്. വടക്ക് കിഴക്കന്‍, ഹിമാലയന്‍ സംസ്ഥാനങ്ങളിലൊഴികെ പദ്ധതിക്കാവശ്യമായ തുക കേന്ദ്രവും, സംസ്ഥാനവും 60:40 അനുപാതത്തിലാണ് വഹിക്കുന്നത്. കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നൂറ് ശതമാനവും കേന്ദ്ര വിഹിതമാണ്. ജില്ലാ, സബോഡിനേറ്റ് കോടതികളില്‍ നിര്‍മ്മാണത്തിലിരിക്കുന്ന 3,000 കോര്‍ട്ട് ഹാളുകളുടെയും, ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കായുള്ള 1,800 ഭവന യൂണിറ്റുകളുടെയും നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ ഇത് സഹായിക്കും.
പദ്ധതിയുടെ നിരീക്ഷണം
കോടതി മുറികളുടെയും ഭവന നിര്‍മ്മാണ യൂണിറ്റുകളുടെയും നിര്‍മ്മാണ പുരോഗതി സംബന്ധിച്ച വിവര ശേഖരണത്തിനും മെച്ചപ്പെട്ട ധനവിനിയോഗത്തിനും നീതി നിര്‍വ്വഹണ വകുപ്പ് ഒരു ഓണ്‍ലൈന്‍ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തും.
വേഗത്തിലും നല്ല രീതിയിലുള്ള നിര്‍മ്മാണം ഉറപ്പ് വരുത്താന്‍ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുമായുള്ള കൃത്യമായ യോഗങ്ങള്‍ മോണിറ്ററിംഗ് കമ്മറ്റി സംഘടിപ്പിക്കും. കേന്ദ്രം അനുവദിക്കുന്ന ഫണ്ടുകള്‍ താമസം കൂടാതെ സംസ്ഥാന ഗവണ്‍മെന്റുകള്‍ പൊതുമരാമത്ത് വകുപ്പിന് കൈമാറുന്നുണ്ടോ എന്നും നിരീക്ഷിക്കും.
പശ്ചാത്തലം
ജുഡീഷ്യറിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് സംസ്ഥാനങ്ങളെ സഹായിക്കുന്ന ഈ കേന്ദ്രാവിഷ്‌കൃത പദ്ധതി 1993-94 മുതലാണ് നടപ്പാക്കി വരുന്നത്. കോടതി മുറികള്‍, ജില്ലാ കോടതികളിലെയും സബോര്‍ഡിനേറ്റ് കോടതികളിലെയും ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ / ജഡ്ജിമാര്‍ എന്നിവരുടെ ഭവന യൂണിറ്റുകള്‍ മുതലായവയുടെ നിര്‍മ്മാണത്തിന് സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ഈ പദ്ധതി മുഖേനയാണ് സഹായം ലഭ്യമാക്കുന്നത്.
Cabinet approves Rs 3,320 cr plan to boost judicial infrastructure. https://t.co/G8puncR4x3
— PMO India (@PMOIndia) November 17, 2017
via NMApp pic.twitter.com/abUsyqvHHw