പിഎം ഇന്ത്യ
ഇന്ത്യയും, പരാഗ്വെയും തമ്മില്‍ ടൂറിസം രംഗത്തെ സഹകരണം ശക്തിപ്പെടുത്താന്‍ ഒപ്പുവച്ച ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കി. 2019 സെപ്റ്റംബര്‍ 27 നാണ് ന്യൂഡല്‍ഹിയില്‍ ധാരണാപത്രം ഒപ്പുവച്ചത്.
ധാരണാപത്രത്തിന്റെ പ്രധാന സവിശേഷതകളും, മുഖ്യ ലക്ഷ്യങ്ങളും :
1. ടൂറിസം രംഗത്തെ ഉഭയകക്ഷി സഹകരണം വിപുലപ്പെടുത്തല്‍
2. ടൂറിസവുമായി ബന്ധപ്പെട്ട വിവരങ്ങളും, ഡാറ്റകളും കൈമാറ്റം ചെയ്യല്‍
3. ടൂറിസം രംഗവുമായി ബന്ധപ്പെട്ട ഹോട്ടലുകാര്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, എയര്‍ലൈനുകള്‍ എന്നിവ തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കല്‍.
4. മനുഷ്യശേഷി വികസനത്തിലെ സഹകരണത്തിന് വിനിമയ പരിപാടികള്‍ സംഘടിപ്പിക്കല്‍.
5. ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ നിക്ഷേപം വളര്‍ത്തല്‍
6. ഇരുഭാഗത്തേക്കുമുള്ള വിനോദ സഞ്ചാരം പരിപോഷിപ്പിക്കുന്നതിന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ / മാധ്യമ പ്രവര്‍ത്തകര്‍/ അഭിപ്രായ രൂപകര്‍ത്താക്കള്‍ എന്നിവരുടെ പരസ്പര സന്ദര്‍ശനം.
7. പ്രചാരണം, വിപണനം, വികസനം, മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിലെ അനുഭവ സമ്പത്ത് കൈമാറല്‍.
8. ഇരു രാജ്യങ്ങളിലേയും യാത്രാമേളകള്‍, പ്രദര്‍ശനങ്ങള്‍ മുതലായവയില്‍ പങ്കുകൊള്ളല്‍.
9. സുരക്ഷിതവും, മാന്യവും സുസ്ഥിരവുമായ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കല്‍.
പ്രയോജനങ്ങള്‍ :
ഇന്ത്യയും, പരാഗ്വെയും തമ്മിലുള്ള ധാരണാപത്രം ടൂറിസം രംഗത്തെ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് ഒരു വ്യവസ്ഥാപിത സംവിധാനം സൃഷ്ടിക്കാന്‍ രണ്ടു രാജ്യങ്ങളെയും സഹായിക്കും. ഇതിനു പുറമെ, പാരഗ്വെയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിദേശ വിനോദ സഞ്ചാരികളുടെ വരവ് വര്‍ദ്ധിപ്പിക്കും. ഇത് സാമ്പത്തിക വികസനത്തിനും, തൊഴിലവസര സൃഷടിക്കും വഴിയൊരുക്കും. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും പരസ്പരം ഗുണപ്രദമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കാനും, ടൂറിസം രംഗത്തെ ദീര്‍ഘകാല സഹകരണത്തിനും സഹായിക്കും. ഇരു രാജ്യങ്ങളിലെയും മികച്ച സമ്പ്രദായങ്ങള്‍ ഉള്‍പ്പെടുത്തി ധാരണാപത്രത്തിന്റെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിനും, ഇതിലൂടെ കഴിയും.