പിഎം ഇന്ത്യ
ഡല്‍ഹിയിലെ അനധികൃത കോളനികളിലെ നാല്‍പ്പത് ലക്ഷം താമസക്കാര്‍ക്ക് അവരുടെ ഭവന ഉടമസ്ഥാവകാശം പണയപ്പെടുത്തുകയും കൈമാറുകയും ചെയ്യുന്നതിനുള്ള അവകാശം സംബന്ധിച്ച വ്യവസ്ഥകള്‍ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ ഇതു സംബന്ധിച്ച ഒരു ബില്‍ കൊണ്ടുവരാനും മന്ത്രിസഭ അനുമതി നല്‍കി.
ഡല്‍ഹിയിലെ അനധികൃത കോളനി നിവാസികള്‍ക്ക് ഉണ്ടാകുന്ന പ്രധാന ഫലപ്രാപ്തിയും മെച്ചവും;
· ഡെല്‍ഹിയില്‍ ഏകദേശം 175 ചതുരശ്ര കിലോമീറ്ററായി പരന്നു കിടക്കുന്ന അനധികൃത കോളനികളിലെ 40 ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് ഈ തീരുമാനത്തിന്റെ മെച്ചം ലഭിക്കും; വൃത്തിയുള്ളതും സുരക്ഷിതവും ആരോഗ്യകരവുമായ ജീവിത ചുറ്റുപാടുകള്‍ സാധ്യമാക്കുന്ന വിധം വികസനവും പുനര്‍വികസനവും ഇതുമൂലം അവര്‍ക്ക് ലഭിക്കും.
· അനധികൃത കോളനികളില്‍ ഉടമസ്ഥാവകാശവും കൈമാറ്റ അവകാശങ്ങളും അടിസ്ഥാന സൗകര്യങ്ങളും നാഗരിക ജീവിത സാഹചര്യങ്ങളുമില്ലാതെ കഴിയുന്ന കുടുംബങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നത്തെയാണ് ഈ സുപ്രധാന തീരുമാനം അഭിസംബോധന ചെയ്യുന്നത്.
· സ്ഥലത്തിന്റെ അവകാശ രേഖ ലഭിക്കുന്നതോടെ ഈ കോളനികളിലെ താമസക്കാര്‍ക്ക് നിയമവിധേയമായ ഭൂമി കൈമാറ്റം നടത്താന്‍ കഴിയും. ഈ ഭൂമിക്ക് നിയമപരമായ സാധുത കിട്ടുന്നതിനു പുറമേ സുരക്ഷിതമായ കെട്ടിടങ്ങള്‍ ഇവിടെ നിര്‍മ്മിക്കാനും അതുവഴി ജീവിത സാഹതചര്യങ്ങള്‍ മെച്ചപ്പെടുത്താനും ഇവര്‍ക്ക് സാധിക്കും.
· സമൂഹത്തിലെ താഴ്ന്ന വരുമാനക്കാരായ ആളുകള്‍ ജീവിക്കുന്ന 1,797 അനധികൃത കോളനികള്‍ക്കാണ് ഈ തീരുമാനം ബാധകമാവുക. സൈനിക് ഫാം, മഹേന്ദ്ര എന്‍ക്ലേവ്, അനന്ത് റാം ഡയറി എന്നിവ ഉള്‍പ്പെടെ ഡല്‍ഹി വികസന അതോറിറ്റിയുടെ പട്ടികയിലുള്ള 69 സമ്പന്ന കോളനികള്‍ക്ക് ഈ തീരുമാനം ബാധകമല്ല.
· കാര്‍പെറ്റ് ഏരിയ അല്ലെങ്കില്‍ പ്ലോട്ട് സൈസ് അടിസ്ഥാനത്തില്‍ കുറഞ്ഞ നിരക്ക് ഈടാക്കി ഉടമസ്ഥാവകാശം കൈമാറാം. 0.5% ( 100 ചതുരശ്ര മീറ്ററില്‍ താഴെ), 1% ( 100 മുതല്‍ 250 വരെ ചതുരശ്ര മീറ്ററിന്), 2.5% ( 250 ചതുരശ്ര മീറ്ററിനു മുകളില്‍) എന്നിങ്ങനെയാണ് അനധികൃത കോളനികളുടെ ചുറ്റുപാടുമായി ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ള ഭൂമിയിലെ കോളനികളില്‍ ഉയര്‍ന്ന വിലയുള്ള പ്രദേശങ്ങളിലെ നിരക്ക്.
· സ്വകാര്യ ഭൂമികളിലെ കോളനികള്‍ക്ക് ഗവണ്‍മെന്റ് ഭൂമികളിലേതിന്റെ പകുതിയാണ് നിരക്ക്.
വിശദാംശങ്ങള്‍:
· ഭൂമിയുടെ ആധാരം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ ഡല്‍ഹി വികസന അതോറിറ്റി ലളിതമാക്കും.
· അനധികൃത കോളനികളുടെയും അനധികൃത കോളനിക്കൂട്ടങ്ങളുടെയും അതിര്‍ത്തി ഡല്‍ഹി വികസന അതോറിറ്റി രേഖപ്പെടുത്തും.
· മുഴുവന്‍ അനധികൃത കോളനികള്‍ക്കും ലോക്കല്‍ ഏരിയ പ്ലാന്‍ ഡല്‍ഹി വികസന അതോറിറ്റി തയ്യാറാക്കും.
· പിഴയോ ബാഹ്യ വികസന നിരക്കുകളോ ഈടാക്കില്ല.
· ബഹുതല വസ്തുക്കളുടെയും ഫ്ളാറ്റുകളുടെയും ഉടമകള്‍ക്ക് എല്ലാ വസ്തുക്കളും ചേര്‍ത്തുള്ള നിരക്കായിരിക്കും ബാധകം.
· വര്‍ഷത്തില്‍ മൂന്ന് തുല്യ ഗഡുക്കളായി നിരക്ക് നല്‍കാന്‍ സാധിക്കും. ഒറ്റ ഗഡുവായി നല്‍കുന്നവര്‍ക്ക് ഉടമസ്ഥാവകാശം വേഗം ലഭ്യമാക്കും. രണ്ട് ഗഡുക്കളായി നല്‍കുന്നവര്‍ക്ക് താല്‍ക്കാലിക ഉടമസ്ഥാവകാശം നല്‍കും. മുഴുവന്‍ പണവും നല്‍കിക്കഴിയുമ്പോള്‍ ഇത് സ്ഥിരം അവകാശമായി മാറ്റും.
· വെറും 8% മാത്രമായിരിക്കും വൈകി തുക നല്‍കുന്നവര്‍ക്കുള്ള വാര്‍ഷിക അധിക നിരക്ക്.
· ഉപയോഗിക്കുന്നത് എന്തിനായാലും ആധാരം രജിസ്റ്റര്‍ ചെയ്തു നല്‍കുന്നത് ഭവന ഉപയോഗത്തിനു വേണ്ടിയായിരിക്കും.
പശ്ചാത്തലം:
നിലവിലുള്ള 2008ലെ നിയന്ത്രണ നിയമപ്രകാരം ഡല്‍ഹി ഗവണ്മെന്റാണ് വ്യാപക പ്രചാരം നല്‍കിക്കൊണ്ട് ഇതു സംബന്ധിച്ച നിയന്ത്രണ പ്രക്രിയ മുഴുവന്‍ ഏകോപിപ്പിക്കുന്നതും മേല്‍നോട്ടം വഹിക്കുന്നതും. നിയന്ത്രണാധികാര പ്രകാരം അനധികൃത കോളനികളുടെ അതിര്‍ത്തി നിര്‍ണയിക്കലാണ് ആദ്യത്തെ പ്രക്രിയ. പതിനൊന്ന് വര്‍ഷമായി ഡല്‍ഹി ഗവണ്‍മെന്റ് ഈ കോളനികളുടെ അതിര്‍ത്തി നിര്‍ണയിച്ചിട്ടില്ല; മാത്രമല്ല ഈ പ്രക്രിയ പൂര്‍ത്തിയാക്കുന്നതിന് 2021 വരെ സാവകാശം ചോദിച്ചിരിക്കുകയുമാണ്.
വസ്തുവിന്റെ അംഗീകൃത ലേയൗട്ട് പ്ലാനിന്റെ അഭാവത്തില്‍ കോളനികളിലെ അന്തേവാസികള്‍ക്ക് സുരക്ഷിത ഭവനങ്ങള്‍ നിര്‍മിക്കുന്നതിന് പണം മുടക്കാനോ ഗവണ്‍മെന്റിന് സാമൂഹിക ഭവന പദ്ധതികളേതെങ്കിലും ഇവിടെ നടപ്പാക്കി വികസനം കൊണ്ടുവരാനോ സാധിക്കുന്നില്ല. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തില്‍ കോളനി നിവാസികള്‍ വാസയോഗ്യമല്ലാത്ത വീടുകളിലാണ് ജീവിക്കുന്നത്.
ഡല്‍ഹിയിലെ അനധികൃത കോളനി നിവാസികളുടെ വസ്തു ഉടമസ്ഥാവകാശം പണയപ്പെടുത്തുകയോ കൈമാറുകയോ ചെയ്യുന്നതിനുള്ള അവകാശത്തിന് ഡെല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറുടെ നേതൃത്വത്തില്‍ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തോടെ ഒരു സമിതി രൂപീകരിച്ചിരുന്നു.
ഈ സമിതിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍, പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിനുള്ള ബില്‍ തയ്യാറാക്കുമ്പോള്‍ വിശദമായ ചര്‍ച്ചകള്‍ നടത്തും.