Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഡല്‍ഹിയിലെ താക്കത്തോറ സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ പോസ്റ്റ് പെയ്‌മെന്റസ് ബാങ്കിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ഡല്‍ഹിയിലെ താക്കത്തോറ സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ പോസ്റ്റ് പെയ്‌മെന്റസ് ബാങ്കിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ഡല്‍ഹിയിലെ താക്കത്തോറ സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ പോസ്റ്റ് പെയ്‌മെന്റസ് ബാങ്കിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ഡല്‍ഹിയിലെ താക്കത്തോറ സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ പോസ്റ്റ് പെയ്‌മെന്റസ് ബാങ്കിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം


ഇന്ത്യന്‍ പോസ്റ്റ് പെയ്‌മെന്റ് ബാങ്കിന് ഡല്‍ഹിയിലെ താക്കത്തോറ സ്‌റ്റേഡിയത്തില്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തുടക്കം കുറിച്ചു. ഡല്‍ഹിയില്‍ നടന്ന മുഖ്യ ചടങ്ങ്, രാജ്യത്തെ വിവിധ ഭാഗങ്ങളിലെ 3000 കേന്ദ്രങ്ങളില്‍ വീക്ഷിക്കപ്പെട്ടു.

ഇന്ത്യ പോസ്റ്റ് പെയ്‌മെന്റ്‌സ് ബാങ്കിലൂടെ രാജ്യത്തെ വിദൂര ഗ്രാമങ്ങളിലേയ്ക്കും അവിടുത്തെ ജനങ്ങളിലേയ്ക്കും ബാങ്കിംങ് സേവനങ്ങള്‍ സുഗമമായി എത്തുമെന്ന് തദവസരത്തില്‍ പ്രസംഗിക്കവെ പ്രധാനമന്ത്രി പറഞ്ഞു.

സാമ്പത്തിക സന്നിവേശനത്തിനായി കേന്ദ്ര ഗവണ്‍മെന്റ് നേരത്തെ ജന്‍ ധന്‍ യോജന നടപ്പിലാക്കിയ കാര്യം പ്രധാനമന്ത്രി അനുസ്മരിച്ചു. ഈ ലക്ഷ്യം നേടുന്നതിനുള്ള മറ്റൊരു കാല്‍വയ്പാണ് ഇന്ന് ആരംഭിക്കുന്ന ഇന്ത്യന്‍ പോസ്റ്റ് പെയ്‌മെന്റ് ബാങ്കെന്ന് (ഐ.പി.പി.ബി) അദ്ദേഹം പറഞ്ഞു. രാജ്യത്തെ 650 ജില്ലകളില്‍ ഇന്ന് ഐ.പി.പി.ബിയുടെ ശാഖകള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാലങ്ങളായി ഗ്രാമങ്ങളില്‍ ഏറ്റവുമധികം ആദരിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്ന വ്യക്തിയാണ് പോസ്റ്റ്മാനെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആധുനിക സാങ്കേതിക വിദ്യകള്‍ പലതും രംഗപ്രവേശം ചെയ്തിട്ടും പോസ്റ്റ്മാനില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ഇന്നും നിലനില്‍ക്കുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നിലവിലുള്ള ചട്ടക്കൂടുകളും ഘടനകളും പരിഷ്‌കരിക്കുക എന്നതാണ് ഗവണ്‍മെന്റിന്റെ സമീപനമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. അതിനാല്‍ അവയെ കാലത്തിന്റെ ആവശ്യകതകള്‍ക്കനുസരിച്ച് രൂപാന്തരപ്പെടുത്തണം. രാജ്യത്ത് നിലവില്‍ 1.5 ലക്ഷം പോസ്റ്റ് ഓഫീസുകള്‍ ഉണ്ട്. രാജ്യത്തെ ജനങ്ങളുമായി നേരിട്ടു ബന്ധമുള്ള ഏകദേശം മൂന്നു ലക്ഷം പോസ്റ്റ്‌മെന്‍മാരും ഗ്രാമീണ ഡാക് സേവകുമാരുമുണ്ട്. ജനങ്ങള്‍ക്ക് സാമ്പത്തിക സേവനങ്ങള്‍ കൂടി ലഭ്യമാക്കുന്നതിനായി സ്മാര്‍ട്ട് ഫോണുകളും ഡിജിറ്റല്‍ ഉപകരണങ്ങളും നല്‍കി അവരെ ശാക്തീകരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പണം കൈമാറുന്നതിനും ഗവണ്‍മെന്റില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും ബില്ലുകള്‍ അടയ്ക്കുന്നതിനും ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള നിക്ഷേപങ്ങള്‍ നടത്തുന്നതിനും ഈ സംവിധാനം ഉപകരിക്കുമെന്ന് ഇന്ത്യന്‍ പോസ്റ്റ് പെയ്‌മെന്റ് ബാങ്കിന്റെ പ്രയോജനങ്ങള്‍ വിവരിക്കവെ, പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ സേവനങ്ങള്‍ എല്ലാം പോസ്റ്റ്മാന്‍ ഇനി വീട്ടുപടിക്കല്‍ എത്തിക്കും. ഇനി ഡിജിറ്റല്‍ പണമിടപാടുകളും കൃഷിക്കാര്‍ക്കുള്ള ധനസഹായമായ പ്രധാന്‍ മന്ത്രി ഫസല്‍ ബിമ യോജനയുടെ വിതരണവും ഇന്ത്യന്‍ പോസ്റ്റ് പെയ്‌മെന്റ് ബാങ്കു വഴി നടത്താന്‍ സാധിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

മാനദണ്ഡമില്ലാതെ അനുവദിച്ച വായ്പകള്‍ മൂലം ഇന്ത്യന്‍ ബാങ്കിംങ് മേഖലയില്‍ ഉണ്ടായിക്കൊണ്ടിരുന്ന പ്രശ്‌നങ്ങളും അപഭ്രംശങ്ങളും 2014 മുതല്‍ കേന്ദ്ര ഗവണ്‍മെന്റ് കാര്യക്ഷമമായി പരിഹരിച്ചു വരികയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. നിലവിലുള്ള വായ്പകള്‍ പുനപരിശോധിച്ച് ബാങ്കിംങ് മേഖലയില്‍ പ്രൊഫഷണല്‍ സമീപനം കൊണ്ടുവന്നിരിക്കുന്നു. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പാക്കാന്‍ ഫുജിറ്റിവ് ഇക്കണോമിക്ക് ഒഫന്റേഴ്‌സ് ബില്‍ പോലുള്ള മറ്റു നടപടികളും സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

സ്വയം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനായി ഗവണ്‍മെന്റ് 13 ലക്ഷം കോടി രൂപ മുദ്ര വായ്പ വഴി പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ന് ഏഷ്യന്‍ ഗെയിംസില്‍ ഏറ്റവും മികച്ച പ്രകടമാണ് ഇന്ത്യ കാഴ്ച്ചവെച്ചിരിക്കുന്നത്. നമ്മുടെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയും മികച്ചതാണ്. രാജ്യം മുഴുവന്‍ പുതിയ ഒരാത്മ വിശ്വാസത്തിലാണ് മുന്നേറുന്നത്- പ്രധാനമന്ത്രി പറഞ്ഞു. ഇതെല്ലാം ജനങ്ങളുടെ കൂട്ടായ പരിശ്രമഫലമാണ്. ഇന്ന് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥമാത്രമല്ല അതിവേഗത്തില്‍ ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്ന രാജ്യം കൂടിയാണ് ഇന്ത്യയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എല്ലാ വീടുകളിലേയ്ക്കും, എല്ലാ കൃഷിക്കാര്‍ക്കും, ഗ്രാമങ്ങളിലെ എല്ലാ ചെറുകിട വ്യവസായ സംരംഭങ്ങള്‍ക്കും ആവശ്യമായ സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ 3 ലക്ഷം ഗ്രാമീണ ഡാക് സേവകുമാര്‍ക്ക് സുപ്രധാന പങ്കാണുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഡാക് സേവകരുടെ ക്ഷേമത്തിനായി അവരുടെ ദീര്‍ഘകാലമായുള്ള ആവശ്യങ്ങള്‍ അനുവദിച്ചതുള്‍പ്പെടെ നിരവധി നടപടികള്‍ സമീപകാലത്ത് ഗവണ്‍മെന്റ് സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം തുടര്‍ന്നു. ഇത് അവരുടെ വേതനം ഗണ്യമായി വര്‍ധിപ്പിക്കും. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ രാജ്യമെമ്പാടുമുള്ള തപാല്‍ ഓഫീസുകളില്‍ ഇന്ത്യന്‍ പോസ്റ്റ് പെയ്‌മെന്റ് ബാങ്കിന്റെ പ്രവര്‍ത്തനം എത്തുമെന്ന് പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.