Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നഗര വാതക വിതരണ പദ്ധതിയ്ക്കു ശിലാസ്ഥാപനം നിര്‍വഹിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം


വേദിയിലിരിക്കുന്ന എന്റെ മന്ത്രിസഭാ സഹപ്രവര്‍ത്തകരായ ധര്‍മേന്ദ്ര പ്രധാന്‍ജി, ഡോ. ഹര്‍ഷ്‌വര്‍ദ്ധന്‍ ജി, സാങ്കേതിക വിദ്യയുടെ സഹായത്തോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ ചടങ്ങുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്ന വിശിഷ്ടാതിഥികളെ, ലേലത്തില്‍ പങ്കുകൊള്ളാന്‍ എത്തിയിരിക്കുന്ന വ്യവസായികളെ, ഇന്ന് ഇവിടെ സന്നിഹിതരായിരിക്കുന്ന വിശിഷ്ട വ്യക്തികളെ,

സഹോദരീ സഹോദരന്മാരെ,

ഭാവി ഇന്ത്യ എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി എപ്രകാരമാണ് വന്‍ കാര്യങ്ങള്‍ നടപ്പിലാക്കുന്നത് എന്നതിന് ഇന്ന് നാം സാക്ഷ്യം വഹിക്കുകയാണ്. അടുത്ത തലമുറയിലെ ഇന്ത്യയ്ക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള നിര്‍ണായക ചുവടുവയ്പ്പാണ് നാം ഇന്ന് ഇവിടെ അടയാളപ്പെടുത്തുന്നത്. ഈ ഒമ്പതാം വട്ട ലേലത്തോടെ രാജ്യത്തെ 129 ജില്ലകളിലെ നഗര വാതക വിതരണ ശൃംഖലയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. അതിനിടെ പത്താം വട്ട ലേലത്തിനുള്ള നടപടികളും ആരംഭിച്ചു കഴിഞ്ഞു.

ഈ തുടക്കങ്ങള്‍ വളരെ നിര്‍ണായകമാണ്. കാരണം ജോലി പൂര്‍ത്തിയായി കഴിഞ്ഞാല്‍ അതിന്റെ അനന്തരഫലം വളരെ ഉറപ്പുള്ളതായിരിക്കും. പൂര്‍ത്തിയാകാന്‍ പോകുന്ന പത്താം ലേലത്തിനു ശേഷം ജോലികള്‍ തുടങ്ങുമ്പോള്‍ തന്നെ രാജ്യത്തെ 400 ജില്ലകള്‍ നഗര വാതക വിതരണ പദ്ധതിയുടെ പരിധിക്കുള്ളിലാകും. രാജ്യത്തെ 70 ശതമാനം ജനങ്ങള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും എന്നാണ് ഞാന്‍ മനസിലാക്കുന്നത്. രാജ്യത്തിന്റെ വികസനവുമായി, ജനജീവിതം കൂടുതല്‍ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വലിയ നേട്ടം തന്നെയാണ് ഇത്.

സുഹൃത്തുക്കളെ,

2014 വരെ വെറും 66 ജില്ലകളില്‍ മാത്രമാണ് വാതക വിതരണ ശൃംഖല ഉണ്ടായിരുന്നത്. ഇന്ന് രാജ്യത്തെ 174 ജില്ലകളിലെ നഗര വാതക വിതരണ ജോലികള്‍ പുരോഗമിക്കുന്നു. അടുത്ത 2-3 വര്‍ഷത്തിനുള്ളില്‍ അത് ഏകദേശം 400 ജില്ലകളില്‍ എത്തും.

ഇത് നിസാരമായ കണക്കല്ല. കഴിഞ്ഞ നാലുവര്‍ഷമായി വാതാകാധിഷ്ഠിത സമ്പദ് വ്യവസ്ഥയിലേയ്ക്ക് എങ്ങിനെ നമ്മുടെ നഗരങ്ങള്‍ ശക്തമായ ചുവടു വച്ചു എന്നതിന്റെ വലിയ ചിത്രമാണ് ഇത്. 2014 ല്‍ രാജ്യത്തെ 25 ലക്ഷം വീടുകളില്‍ മാത്രമെ പൈപ്പു വഴിയുള്ള വാതക വിതരണം ഉണ്ടായിരുന്നുള്ളു. എന്നാല്‍ ഇക്കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ ഈ സംഖ്യ രണ്ടിരട്ടിയായിട്ടുണ്ട്. ഇന്ന് ഈ നഗരങ്ങളില്‍ എല്ലാം ജോലികള്‍ ആരംഭിച്ചതിനു ശേഷം ഈ സംഖ്യ രണ്ടു കോടി പിന്നിടുമെന്നാണ് കണക്കാക്കുന്നത്. അതുപോലെ തന്നെ 2014 ല്‍ രാജ്യത്ത് ആകെ 947 സിഎന്‍ജി സ്റ്റേഷനുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. രാജ്യത്ത് 25 വര്‍ഷം മുമ്പ് ഡല്‍ഹി, മുംബെ, സൂററ്റ് എന്നീ മൂന്നു നഗരങ്ങളില്‍ സിഎന്‍ജി സ്റ്റേഷനുകള്‍ പ്രവര്‍ത്തനം തുടങ്ങിയതാണ് എന്ന കാര്യം നാം മറക്കരുത്. പക്ഷെ, 2014 എല്‍ എത്തിയിട്ടും നമ്മുടെ സിഎന്‍ജി സ്റ്റേഷനുകള്‍ 947 മാത്രമായിരുന്നു. അതായത് വര്‍ഷം ശരാശരി 40 സ്റ്റേഷനുകള്‍ മാത്രമാണ് സ്ഥാപിക്കപ്പെട്ടത്. ഇന്ന് ഈ സ്റ്റേഷനുകളുടെ എണ്ണം 1470 ആയിരിക്കുന്നു. ഒരു കണക്കു പ്രകാരം ഈ ദശകത്തിന്റെ ഒടുവില്‍ സിഎന്‍ജി സ്റ്റേഷനുകളുടെ എണ്ണം പതിനായിരമാകും.

സഹോദരീ സഹോദരന്മാരെ,

കഴിഞ്ഞ നാലു വര്‍ഷം കേന്ദ്ര ഗവണ്‍മെന്റു നടത്തിയ അക്ഷീണ പരിശ്രമം വഴി രാജ്യത്ത് നഗര വാതക വിതരണ ശൃംഖല എന്നത്തെക്കാളും വേഗത്തില്‍ പുരോഗമിക്കുകയാണ്. വിതരണക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ ഈ മേഖലയിലെ ഓരോ ബുദ്ധിമുട്ടുകളും ഒന്നൊന്നായി പരിഹരിക്കാന്‍ നാം പരിശ്രമിച്ചു വരുന്നു. ഞാന്‍ പറയാറുള്ളതുപോലെ ‘പരിഷ്‌കരിക്കുക, പ്രകടനം കാഴ്ചവെക്കുക, മാറ്റുക’ എന്നതാണ് നമ്മുടെ മുദ്രാവാക്യം. അതിനുള്ള ഉത്തമ ഉദാഹരണമാണ് ഈ മേഖല. കഴിഞ്ഞ നാലുവര്‍ഷമായി ഗവണ്‍മെന്റ് സ്വീകരിച്ചിട്ടുള്ള എല്ലാ ചുവടുവയ്പ്പുകളും ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണ്. അതുവഴി ഇതാ നാം മാറ്റത്തിന്റെ പുതുയുഗത്തിലേയക്ക് പ്രവേശിക്കാന്‍ തുടങ്ങുന്നു.

സുഹൃത്തുക്കളെ,

നമ്മുടെ രാജ്യം 2022 ല്‍ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കും. പുതിയ ഒരു ഇന്ത്യയുടെ, ആധുനിക സാങ്കേതിക വിദ്യകള്‍ സ്വന്തമായ, കാലഹരണപ്പെട്ട സംവിധാനങ്ങളില്‍ നിന്നു സ്വതന്ത്രമായ ഒരു ഇന്ത്യയുടെ സൃഷ്ടിക്കായി രാജ്യത്തെ 130 കോടി ജനങ്ങളും ഒരുമയോടെ പ്രവര്‍ത്തിക്കുകയാണ്. ഈ കാഴ്ച്ചപ്പാടോടെയാണ് രാജ്യത്തെ ഊര്‍ജ്ജ മേഖലയുടെ പുനരുജ്ജീവനം നടന്നു വരുന്നത്.

ഇത് അനിവാര്യമാണ്. കാരണം രാജ്യത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ വളര്‍ച്ച ഊര്‍ജ്ജത്തിനുള്ള ആവശ്യം വലിയതോതില്‍ വര്‍ധിപ്പിച്ചിരിക്കുന്നു. ഊര്‍ജ്ജത്തിന്റെ വര്‍ധിച്ചു വരുന്ന ഈ ആവശ്യം നിറവേറ്റുന്നതിനൊപ്പം ശുദ്ധമായ ഊര്‍ജ്ജം ലഭ്യമാക്കുക എന്നപ്രതിജ്ഞ കൂടി പാലിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. അതോടൊപ്പം പരിസ്ഥിതിയെ ദ്രോഹിക്കാതെ വികസനം നടപ്പിലാക്കാന്‍ സാധിക്കും എന്നു ലോകത്തിനു കാണിച്ചു കൊടുക്കേണ്ടതും നമ്മുടെ ആവശ്യമാണ്. ഈ സാഹചര്യത്തില്‍ പ്രകൃതി വാതകത്തിന്റെ കൂടുതലായ ഉപയോഗം രാജ്യത്തിന്റെ ഊര്‍ജ്ജ ആവശ്യത്തെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമാണ്.

അടുത്ത ദശകത്തിന്റെ അവസാനത്തോടെ രാജ്യത്തെ പ്രകൃതി വാതക ഉപഭോഗം രണ്ടര ഇരട്ടിയില്‍ കൂടുതല്‍ വര്‍ധിപ്പിക്കുന്നതിന് നാം പരിശ്രമിക്കുകയാണ്. അതിനാല്‍ വാതകാധിഷ്ഠിത സമ്പദ് വ്യവസ്ഥയുടെ എല്ലാ മാനങ്ങളിലും ഗവണ്‍മെന്റ് ശ്രദ്ധിക്കുന്നു. വാതകാധിഷ്ഠിത അടിസ്ഥാനസൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി രാജ്യത്തെ എല്‍.എന്‍.ജി ടെര്‍മിനലുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നു. അതിനായി ദേശീയ വാതക ഗ്രിഡ്, നഗര വാതക വിതരണം എന്നിവയ്ക്കുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നു. ദ്രവീകൃത പ്രകൃതി വാതകത്തിന്റെ ഇറക്കുമതി ശേഷി വര്‍ധിപ്പിക്കുന്നതിനായി പഴയ ടെര്‍മിനലുകള്‍ നവീകരിക്കുകയും പുതിയ എല്‍.എന്‍.ജി ടെര്‍മിനുകള്‍ സ്ഥാപിക്കുകയും ചെയ്തുവരുന്നു.

തമിഴ്‌നാട്ടിലെ എണ്ണോര്‍, ഒഡിഷയിലെ ധര്‍മ എന്നിവിടങ്ങളില്‍ പതിനായിരം കോടി രൂപ ചെലവിട്ടു നിര്‍മ്മിക്കുന്ന എല്‍.എന്‍.ജി ടെര്‍മിനലുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരണ ഘട്ടത്തിലാണ്. അതുപോലെ രാജ്യത്തെ പരമാവധി ജില്ലകളിലും പ്രകൃതി വാതകം വിതരണം ചെയ്യുന്നതിനായി പ്രകൃതി വാതക ചട്ടക്കൂടിന്റെ പ്രവര്‍ത്തന സംവിധാനവും വികസിപ്പിച്ചു വരുന്നു.

ഇതു പ്രകാരം ജഗ്ദീശ്പൂര്‍ – ഹാല്‍ദിയ, ബൊക്കാറോ – ധര്‍മ്മ പൈപ്പ് ലൈന്‍ പദ്ധതികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ബറൗണിയില്‍ നിന്ന് ഈ പദ്ധതി ഗുവാഹത്തിയിലേയ്ക്കു നീട്ടി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ കൂടി ഗ്യാസ് ഗ്രിഡുമായി ബന്ധിപ്പിക്കും. ഏകദേശം 13000 കോടി രൂപയാണ് ഈ പദ്ധതിക്കു വേണ്ടി ചെലവാക്കാന്‍ ഉദ്ദേശിക്കുന്നത്. ഗോരഖ്പൂര്‍, ബറൗണി, സിന്ദ്രി എന്നീ മൂന്നു വളം നിര്‍മ്മാണ ശാലകള്‍ക്ക് ഈ പദ്ധതി നവജീവന്‍ നല്കും. സിക്കിം ഉള്‍പ്പെടെയുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ ഈ വാതക ചട്ടക്കൂടുമായി ബന്ധിപ്പിക്കുന്നതിന് ഇന്ദ്രധനുഷ് ഗ്യാസ് ഗ്രിഡ് എന്ന പേരില്‍ 9200 കോടി രൂപ ചെലവു വരുന്ന ഒരു സംയുക്ത സംരംഭവും ആരംഭിച്ചിട്ടുണ്ട്.

സുഹൃത്തുക്കളെ,

ഈ മേഖലയില്‍ നിക്ഷേപം നടത്തുന്നവരുടെ താല്‍പര്യങ്ങളും സംരക്ഷിക്കപ്പെടുന്നു. ആഭ്യന്തര വാതക വിപണിയിലെ വിലകളെ ആഗോള വാതക വിപണിയിലെ വിലകളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. പ്രാദേശിക ഉത്പാദനം, വിപണനം, വില വര്‍ധന തുടങ്ങിയ മേഖലകളില്‍ കമ്പനികള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്കിയിരിക്കുകയാണ്. വാതക ചട്ടക്കൂടിന്റെ പ്രവര്‍ത്തനം, വില നിരക്കുകള്‍ എന്നിവ നിരീക്ഷിക്കുന്നതിനായി ഒരു സ്വതന്ത്ര സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം രാജ്യത്ത് സ്വതന്ത്രമായ വാതക വിപണി സാഹചര്യം സൃഷ്ടിക്കുന്നതിനും ഈ മേഖലയില്‍ സുതാര്യത നിലനിര്‍ത്തുന്നതിനുമായി വാതക വ്യാപാര എക്‌സ്‌ചേഞ്ച് വികസിപ്പിക്കുന്നതിനും ഗവണ്‍മെന്റ് പരിശ്രമിച്ചു വരുന്നു.

സഹോദരീ, സഹോദരന്മാരെ,

ഈ സാങ്കേതിക നേട്ടങ്ങളും കണക്കുകളും നാം അത്യാവശ്യമായി അറിയണം. കാരണം ഈ പ്രവര്‍ത്തനങ്ങളും പദ്ധതികളും രാജ്യത്ത് ആനുകൂലമായ സ്വാധീനം ജനങ്ങളില്‍ ഉളവാക്കിയിരിക്കുന്നു. രാജ്യത്തെ സാമൂഹ്യ സാമ്പത്തിക പാരിസ്ഥിതിക ഘടനയില്‍ ഇത് വലിയ മാറ്റങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്.

സുഹൃത്തുക്കളെ,

ഏതെങ്കിലും പ്രദേശത്ത് പുതിയ ഒരു സംവിധാനം വരുമ്പോള്‍, അത് ചുറ്റുമുള്ള പ്രദേശങ്ങളിലും അതിന് അനുബന്ധമായ സാഹചര്യം സൃഷ്ടിക്കും. ഉദാഹരണത്തിന് ഒരു സ്ഥലത്ത് ഒരു ആശുപത്രി നിര്‍മ്മിക്കുന്നു. അപ്പോള്‍ ആ പ്രദേശത്ത് , മെഡിക്കല്‍ സ്റ്റോറുകള്‍, ചായക്കടകള്‍, ലഘു ഭക്ഷണശാലകള്‍, ഹോട്ടലുകള്‍, ധര്‍മശാലകള്‍ തുടങ്ങിയവ ഉയര്‍ന്നു വരും. ഓട്ടോ സ്റ്റാന്റുകളും ടാക്‌സി സ്റ്റാന്റുകളും വരെ ഉണ്ടാകും. അവര്‍ സ്വതന്ത്രരായിട്ടാണ് പ്രവര്‍ത്തിക്കുന്നത് എങ്കിലും അവരുടെ നിലനില്‍പ്പ് ആശുപത്രിയെ അടിസ്ഥാനമാക്കിയാണ്.

ഇതുപോലെ ഒരു നഗരത്തില്‍ ഗ്യാസ് എത്തുമ്പോള്‍, അതിനോടനുബന്ധിച്ച് ഒരു അന്തരീക്ഷം സൃഷ്ടിക്കപ്പെടും. ഇത്തരം നഗരങ്ങളില്‍ ചെറുതും വലുതുമായ വാതകാധിഷ്ഠിത യൂണിറ്റുകള്‍ ധാരാളമായി ഉണ്ടാകും. വീടുകളിലേയ്ക്ക് പൈപ്പ് ലൈന്‍ വഴി നേരിട്ട് പാചക വാതകം എത്തുന്നത് അവരുടെ ജീവിതം കൂടുതല്‍ ആയാസരഹിതമാക്കും. സി.എന്‍.ജി അല്ലെങ്കില്‍ പി.എന്‍.ജി പൈപ്പ് ലൈനിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ആ മേഖലയിലെ ലക്ഷക്കണക്കിനു ചെറുപ്പക്കാര്‍ക്ക് തൊഴില്‍ ലഭിക്കും. ആ നഗരത്തില്‍ ഓടുന്ന ഓട്ടോകള്‍, ടാക്‌സികള്‍, കാറുകള്‍ എന്നിവയ്ക്ക് ആധുനിക ബദല്‍ ഇന്ധനം ലഭിക്കും. വാതക അടിസ്ഥാനസൗകര്യങ്ങളുമായി ബന്ധപ്പെട്ട ഈ പദ്ധതികളെല്ലാം രാജ്യത്ത് നടപ്പാക്കുന്നത് ലക്ഷക്കണക്കിനാളുകള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കും.

ഒന്‍പതാം ലേലത്തിനു കീഴില്‍ ആരംഭിച്ചിരിക്കുന്ന പ്രവൃത്തികള്‍ മാത്രം ഏകദേശം മൂന്നു ലക്ഷം ചെറുപ്പക്കാര്‍ക്ക് നേരിട്ട് തൊഴില്‍ ലഭ്യമാക്കും. കൂടാതെ ബാക്കിയുള്ള സൗകര്യങ്ങള്‍ കൂടി വികസിക്കുമ്പോള്‍ അത് അനേകലക്ഷം ആളുകള്‍ക്കു കൂടി പുതിയ തൊഴിലവസരങ്ങള്‍ തുറന്നു നല്‍കും. ഇതിന്റെ പ്രയോജനം പ്രത്യേകമായി ലഭിക്കുന്നത് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കുമാണ്. ചുരുക്കത്തില്‍ വാതകാധിഷ്ഠിത സംവിധാനം വ്യവസായങ്ങളെ മാത്രമല്ല മാറ്റുക, അതുമായി ബന്ധപ്പെട്ട ജില്ലകളിലെ ജനങ്ങളുടെ ജീവിത രീതിയെക്കൂടിയാണ്.

വരും വര്‍ഷങ്ങളില്‍ സംഭവിക്കുന്ന ഈ മാറ്റങ്ങള്‍ക്ക് നിങ്ങള്‍ എല്ലാവരും സാക്ഷികളാകും. ആ മാറ്റത്തചന്റ നിങ്ങള്‍ പങ്കാളികളുമാകും. നമ്മുടെ ജീവിതകാലത്തു തന്നെ ഈ മാറ്റം കാണുക എന്നത് നമുക്ക് ലഭിക്കുന്ന വലിയ ഭാഗ്യമാണ്. വീട്ടിലേയ്ക്ക് ഒരു ഗ്യാസ് കണക്ഷ്ന്‍ ലഭിക്കുന്നതിനുള്ള ശിപാര്‍ശക്കത്തിനായി പാര്‍ലമെന്റ് അംഗങ്ങളുടെ ഓഫീസ് പടിക്കല്‍ വരിനില്ക്കുന്ന സാധാരണക്കാരുടെ ചിത്രം ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു. ആ അവസ്ഥയില്‍ നിന്ന് രാജ്യം ബഹുദൂരം സഞ്ചരിച്ചിരിക്കുന്നു.

2014 ല്‍ രാജ്യത്തെ ജനം ഗവണ്‍മെന്റിനെ മാത്രമല്ല ഗവണ്‍മെന്റിന്റെ പ്രവര്‍ത്തന സംസ്‌കാരത്തെയും പദ്ധതികള്‍ നടപ്പിലാക്കുന്ന രീതിയെയും കൂടിയാണ് മാറ്റിയത് എന്നു പറഞ്ഞാല്‍ തെറ്റാവില്ല എന്നു തോന്നുന്നു. ഇന്ന് ഈ അവസരത്തില്‍ ഈ മേഖലയിലെ മറ്റൊരു ഉദാഹരണം കൂടി ഞാന്‍ നിങ്ങളോട് പറയാം. വാതകാധിഷ്ഠിത സമ്പദ് വ്യവസ്ഥയെ കുറിച്ച് നാം സംസാരിക്കുന്നു. പക്ഷെ 1955 മുതല്‍ രാജ്യത്ത് എല്‍.പി.ജി കണക്ഷന്‍ നല്കാന്‍ തുടങ്ങിയതാണ്. എന്നിട്ടും 2014 വരെ 13 കോടി കണക്ഷനുകള്‍ മാത്രമാണ് നല്കിയത്. അതായത് 60 വര്‍ഷം കൊണ്ട് 13 കോടി. ഇപ്പോഴും എല്ലാ വിഭവങ്ങളും, ജനങ്ങളും, ഫയലുകളും, ഓഫീസുകളും, ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തന ശൈലിയും അതു തന്നെ. എന്നിട്ടും നാലു വര്‍ഷത്തിനുള്ളില്‍ 12 കോടി കണക്ഷനുകള്‍ നല്കാന്‍ ഈ ഗവണ്‍മെന്റിനു സാധിച്ചു.

അറുപതു വര്‍ഷം കൊണ്ട് 13 കോടി കണക്ഷനുകള്‍ നല്കിയ സ്ഥാനത്താണ് വെറും നാലു വര്‍ഷം കൊണ്ട് 12 കോടി കണക്ഷനുകള്‍ ലഭ്യമാക്കിയത്. നേരത്തെയുള്ള രീതിയിലാണ് ജോലികള്‍ പുരോഗമിച്ചിരുന്നത് എങ്കില്‍ രണ്ടു തലമുറ കഴിഞ്ഞാലും രാജ്യത്ത് സാധാരണ വീടുകളില്‍ പാചക വാതകത്തിന്റെ പ്രയോജനം സ്വപ്‌നമായി അവശേഷിക്കുമായിരുന്നു. 2014 നു മുമ്പ് ഗാര്‍ഹിക ഗ്യാസ് ലഭിച്ചിരുന്നത് 55 ശതമാനം വീടുകളിലായിരുന്നു. ഇന്ന് അത് 90 ശതമാനം വീടുകളിലും എത്തിയിരിക്കുന്നു. തീര്‍ച്ചയായും ഉജ്ജ്വല യോജന ഇക്കാര്യത്തില്‍ വളരെ നിര്‍ണായകമായ ഒരു പങ്ക് വഹിച്ചിട്ടുണ്ട്. 2016 മെയ് 1 ന് ആരംഭിച്ചതിനു ശേഷം ആ പദ്ധതി വഴി, ഇതുവരെ രാജ്യത്തെ ആറു കോടി വീട്ടമ്മമാര്‍ക്ക് സൗജന്യമായി ഗ്യാസ് കണക്ഷന്‍ ലഭ്യമാക്കാന്‍ സാധിച്ചു. ഗ്രാമീണരുടെ ജീവിതം തന്നെ ഈ പദ്ധതി പരിവര്‍ത്തനപ്പെടുത്തി.

ലേല പ്രക്രിയയുടെയും ശിലാസ്ഥാപന പരിപാടിയുടെയും മധ്യേ നാം നമ്മുടെ അടുക്കളകളിലെ വിറകടുപ്പുകളെക്കുറിച്ചും അതിലെ പുക കൊണ്ടു ശ്വാസം മുട്ടിയിരുന്ന നമ്മുടെ അമ്മമാരെക്കുറിച്ചും ഒന്ന് ഓര്‍മ്മിക്കണം. ഈ അമ്മമാര്‍ അവരുടെ ജീവിതം പണയം വച്ചാണ് കുടുംബത്തെ മുഴുവനും തീറ്റി പോറ്റിയിരുന്നത്. വാതാകാധിഷ്ഠിത സമ്പദ് വ്യവസ്ഥ എന്ന പദത്തിന്റെ അര്‍ത്ഥം പോലും ഈ വീട്ടമ്മമാര്‍ക്ക് അറിയില്ല. പക്ഷെ വാതകാധിഷ്ഠിത സമ്പദ് വ്യവസ്ഥയിലേയ്ക്കുള്ള രാജ്യത്തിന്റെ ചുവടുവയ്പ് തീര്‍ച്ചയായും അവരുടെ ജീവിതങ്ങളെ മാറ്റിയിരിക്കുന്നു.

സഹോദരീ സഹോദരന്മാരെ,

അല്പസമയം മുമ്പ് ഞാന്‍ പരിസ്ഥിതിയെ കുറിച്ച് പറഞ്ഞല്ലോ. നാം മുന്നേറുന്ന വാതകാധിഷ്ഠിത സമ്പദ് വ്യവസ്ഥയ്ക്ക് പരിസ്ഥിതിയില്‍ വലുതും അനുകൂലവുമായ സ്വാധീനമാണ് ചെലുത്താന്‍ സാധിക്കുക. രാജ്യത്ത് അനേകായിരം സിഎന്‍ജി സ്റ്റേഷനുകള്‍ ഉണ്ടാകുമ്പോള്‍ വ്യവസായ ശാലകള്‍ക്ക് സ്ഥിരമായി ഗ്യാസ് ലഭിക്കും, രാജ്യത്തെ ഭൂരിഭാഗം ജില്ലകളിലും ഓടുന്ന ടാക്‌സികള്‍ക്കും ഓട്ടോകള്‍ക്കും കാറുകള്‍ക്കും ആവശ്യത്തിന് സിഎന്‍ജി ലഭിക്കും. ഇത് പരിസര മലിനീകരണത്തിന്റെ തോത് ഗണ്യമായി കുറയ്ക്കും. ഇത് കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച കോണ്‍ഫറണ്‍സ് ഓഫ് പാര്‍ട്ടീസിന്റെ പ്രഖ്യാപനം (സിഒപി 21) നടപ്പാക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ ശക്തിപ്പെടുത്തുകയും ചെയ്യും. ഇത് ലോക പരിസ്ഥിതി പരിരക്ഷിക്കാനുള്ള ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തും. ലോകത്തെ നയിച്ചുകൊണ്ട്, ആഗോള വേദിയില്‍ ഇത് ഇന്ത്യയുടെ തിളക്കം കൂട്ടും.

സുഹൃത്തുക്കളെ,

ശുദ്ധ ഊര്‍ജ്ജത്തിനുള്ള ഗവണ്‍മെന്റിന്റെ പരിശ്രമങ്ങള്‍ വിശാലവും ബൃഹത്തുമാണ്. കാര്‍ഷികാവശിഷ്ടങ്ങളും മാലിന്യങ്ങളും കമ്പ്രസ്ഡ് ബയോഗ്യാസ് ആക്കി മാറ്റാനുള്ള ശ്രമങ്ങള്‍ ഗവണ്‍മെന്റ് ആരംഭിച്ചിട്ടുണ്ട്. ഈ പദ്ധതി പ്രകാരം രാജ്യത്ത് അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 5000 കമ്പ്രസ്ഡ് ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നതാണ്.

ഇത് കാര്‍ഷിക മാലിന്യങ്ങളും കച്ചിയും മറ്റും കത്തിക്കുന്നതു മൂലം സംജാതമാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുക മാത്രമല്ല കൃഷിക്കാരുടെ വരുമാനം ഗണ്യമായി വര്‍ധിക്കുകയും ചെയ്യും. പതിനായിരം കോടി രൂപ ചെലവില്‍ ജൈവ മാലിന്യങ്ങള്‍ ജൈവ ഇന്ധനമാക്കി മാറ്റാനുള്ള 12 ആധുനിക ജൈവ ശുദ്ധീകരണശാലകള്‍ നിര്‍മ്മിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. എഥനോള്‍ മിശ്രണവുമായി ബന്ധപ്പെട്ട് ഈ ഗവണ്‍മെന്റ് കൊണ്ടുവന്ന എല്ലാ നയ പരിഷ്‌കാരങ്ങളും ആ മേഖലയില്‍ വന്‍ മുന്നേറ്റം സൃഷ്ടിച്ചിരിക്കുന്നു.

2014 ല്‍ ഏകദേശം 40 കോടി ലിറ്റര്‍ എഥനോളാണ് മിശ്രണത്തിന് ഉപയോഗിച്ചിരുന്നത്. ഇന്ന് അത് നാലിരട്ടിയായി. എഥനോളാള്‍ മിശ്രണം പത്തു ശതമാനമാക്കുകയാണ് ഈ ഗവണ്‍മെന്റിന്റെ ലക്ഷ്യം. അടുത്ത വര്‍ഷം 2014 നെ അപേക്ഷിച്ച് എട്ടിരട്ടി അളവ് എഥനോളാണ് മിശ്രണം ചെയ്യപ്പെടുക. ശുദ്ധമായ ഊര്‍ജ്ജത്തില്‍ നിന്നു ശുദ്ധമായ പരിസ്ഥിതിക്കായി മുന്നേറുന്ന ഗവണ്‍മെന്റ് രാജ്യത്തെ ഇന്ധന നിലവാരം ബിഎസ് – 4 ല്‍ നിന്ന് നേരിട്ട് ബിഎസ് 6-ലേയ്ക്കു മാറ്റും. ടെലികോം മേഖലയില്‍ നാം 2 ജിയില്‍ നിന്നു 4 ജി യിലേയ്ക്കും 4 ജിയില്‍ നിന്നു 5 ജിയിലേയ്ക്കുമാണ് മാറിയത്, പക്ഷേ ബിഎസ് 4 ല്‍ നിന്നു ബിഎസ് 6 ലേയ്ക്കു നേരിട്ടാണ് മാറ്റം. മാത്രവുമല്ല, എല്‍.ഇ.ഡി ബള്‍ബുകളുടെ വില കുറച്ചതും, 32 കോടി എല്‍.ഇ.ഡി ബള്‍ബുകള്‍ വിതരണം ചെയ്തതും വഴി കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ ബഹിര്‍ഗമനം ഏതാണ്ട് മൂന്നു കോടി ടണ്ണോളം കുറയ്ക്കാന്‍ സാധിച്ചു.

2022 ആകുമ്പോഴേക്ക് 175 ജിഗാവാട്ട് പാരമ്പര്യേതര ഊര്‍ജ്ജം ഉത്പാദിപ്പിക്കുക എന്നതാണ് ഗവണ്‍മെന്റിന്റെ ലക്ഷ്യം. ഇതില്‍ 100 ജിഗാവാട്ട് എങ്കിലും സൗരോര്‍ജ്ജത്തില്‍ നിന്നായിരിക്കും. അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ 28 ലക്ഷം സൗരോര്‍ജ്ജ പമ്പുകള്‍ കര്‍ഷകര്‍ക്കു വിതരണം ചെയ്യുന്ന ദൗത്യം ഇപ്പോള്‍ നടന്നു വരുന്നു. വാതകാധിഷ്ഠിത അടിസ്ഥാന സൗകര്യങ്ങള്‍ വികസിക്കുന്നതോടുകൂടി ആഗോളാടിസ്ഥാനത്തില്‍ നാം സ്വീകരിച്ചിരിക്കുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങള്‍ കുറെക്കൂടി എളുപ്പമാകും.

എന്തായാലും ഒരു കാര്യം, 2030 ല്‍ എത്തുമ്പോള്‍ ഇന്ത്യ പുറത്തു വിടുന്ന ഹരിതഗൃഹ ബഹിര്‍ഗമനത്തിന്റെ തീവ്രത 33-35 ശതമാനമായി കുറയും . മറ്റൊന്ന് രാജ്യത്ത് ആവശ്യമുള്ള 40 ശതമാനം ഊര്‍ജ്ജവും പാരമ്പര്യേതര സ്രോതസില്‍ നിന്ന് നാം ഉത്പാദിപ്പിക്കും.

സഹോദരീ സഹോദരന്മാരെ,

വാതകാധിഷ്ഠിത സമ്പദ് വ്യവസ്ഥ അല്ലെങ്കില്‍ ശുദ്ധമായ ഊര്‍ജ്ജവുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. അതു നാം നേടുകയും ചെയ്യും. ഈ പ്രതിജ്ഞകള്‍ നമുക്കു വേണ്ടി മാത്രമുള്ളവയല്ല, മറിച്ച് മുഴുവന്‍ മനുഷ്യരാശിക്കും വേണ്ടിയുള്ളതാണ്. അതിനാല്‍ ഈ പ്രതിജ്ഞകള്‍ പാലിക്കുക എന്ന ഉത്തരവാദിത്തം നാം എല്ലാവരുടേതുമാണ്.

വാതകവിതരണ ശൃംഖലയുടെ പ്രവൃത്തികള്‍ക്ക് തുടക്കം കുറിച്ച, പത്താം ലേലവുമായി ബന്ധപ്പെട്ട പ്രതിനിധികള്‍ സഹകരിക്കുന്ന നഗരങ്ങളിലെ ജനങ്ങള്‍ക്ക് ഒരിക്കല്‍ കൂടി എന്റെ ശുഭാശംസകള്‍. ഇതോടു കൂടി ഞാന്‍ എന്റെ പ്രസംഗം ഉപസംഹരിക്കുകയാണ്.

വളരെ നന്ദി !