പിഎം ഇന്ത്യ
കേന്ദ്ര മന്ത്രിസഭയിലെ ബഹുമാന്യരായ സഹപ്രവർത്തകർ – അന്നപൂർണ്ണ ദേവി, സാവിത്രി താക്കൂർ, രവ്നീത് സിംഗ്, ഡൽഹി സർക്കാരിന്റെ ബഹുമാന്യ മന്ത്രി ഹർഷ് മൽഹോത്ര, മറ്റ് വിശിഷ്ട വ്യക്തികൾ, രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള അതിഥികളെ , എന്റെ പ്രിയപ്പെട്ട കുട്ടികളെ !
ഇന്ന്, രാജ്യം വീർ ബാൽ ദിവസ് ആഘോഷിക്കുകയാണ്. ഇപ്പോഴാണ്, വന്ദേമാതരം ആലപിക്കുന്നത് വളരെ മനോഹരമായി അനുഭവപ്പെട്ടത് – നിങ്ങളുടെ കഠിനാധ്വാനം ഇതിൽ വ്യക്തമായി കാണാം.
സുഹൃത്തുക്കളേ,
ഇന്ത്യയുടെ അഭിമാനമായ ആ ധീരരായ *സാഹിബ്‌സാദമാരെ ഇന്ന് നമ്മൾ ഓർക്കുന്നു. അവർ ഇന്ത്യയുടെ അദമ്യമായ ധൈര്യത്തിന്റെയും, ശൗര്യത്തിന്റെയും, വീരത്വത്തിന്റെയും പരകോടിയെ പ്രതിനിധീകരിക്കുന്നു. ഈ സാഹിബ്‌സാദമാർ പ്രായത്തിന്റെയും സാഹചര്യത്തിന്റെയും അതിരുകൾ ലംഘിച്ചു, ക്രൂരമായ മുഗൾ സാമ്രാജ്യത്തിനെതിരെ ഒരു പാറപോലെ നിന്നു, മതഭ്രാന്തിന്റെയും ഭീകരതയുടെയും നിലനിൽപ്പിനെ തന്നെ ഇളക്കിമറിച്ചു. ഇത്രയും മഹത്തായ ഭൂതകാലമുള്ള ഒരു രാഷ്ട്രത്തിലെ,അത്തരം പ്രചോദനം പാരമ്പര്യമായി നേടിയെടുത്ത യുവത്വത്തിന് എന്തും നേടാൻ കഴിയും.
*(പത്താമത്തെ സിഖ് ഗുരുവായ ഗുരു ഗോബിന്ദ് സിംഗിന്റെ നാല് പുത്രന്മാരായിരുന്നു സാഹിബ്‌സാദമാർ: ബാബ അജിത് സിംഗ്, ബാബ ജുജാർ സിംഗ്, ബാബ സോറാവർ സിംഗ്, ബാബ ഫത്തേ സിംഗ് എന്നിവരാണവർ)
സുഹൃത്തുക്കളേ,
എല്ലാ വർഷവും ഡിസംബർ 26 എന്ന ഈ ദിവസത്തിൽ , സാഹിബ്‌സാദമാരുടെ ധീരതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നമ്മുടെ സർക്കാർ വീർ ബാൽ ദിവസ് ആഘോഷിക്കാൻ തുടങ്ങിയതിൽ എനിക്ക് അതിയായ സംതൃപ്തി തോന്നുന്നു. കഴിഞ്ഞ നാല് വർഷത്തിനിടയിൽ, ഈ പുതിയ പാരമ്പര്യം സാഹിബ്‌സാദമാരുടെ പ്രചോദനം യുവതലമുറയിലേക്ക് എത്തിച്ചിട്ടുണ്ട്. ധീരരും കഴിവുള്ളവരുമായ യുവാക്കളെ വളർത്തിയെടുക്കുന്നതിനുള്ള ഒരു വേദിയും വീർ ബാൽ ദിവസ് സൃഷ്ടിച്ചിട്ടുണ്ട്. എല്ലാ വർഷവും, രാജ്യത്തിനായി വ്യത്യസ്ത മേഖലകളിൽ ശ്രദ്ധേയമായ എന്തെങ്കിലും നേടുന്ന കുട്ടികളെ പ്രധാനമന്ത്രിയുടെ ദേശീയ ബാല അവാർഡ് നൽകി ആദരിക്കുന്നു. ഈ വർഷവും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 20 കുട്ടികൾക്ക് ഈ അവാർഡ് ലഭിച്ചു. അവരെല്ലാം നമുക്കിടയിൽ ഉണ്ട്, അവരുമായി ഇടപഴകാൻ എനിക്ക് അവസരം ലഭിച്ചു. ചിലർ അസാധാരണമായ ധൈര്യം പ്രകടിപ്പിച്ചിട്ടുണ്ട്, ചിലർ സാമൂഹിക സേവനത്തിലും പരിസ്ഥിതി സംരക്ഷണത്തിലും പ്രശംസനീയമായ പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്. ചിലർ ശാസ്ത്ര സാങ്കേതിക വിദ്യയിൽ പുതുമ കണ്ടെത്തിയിട്ടുണ്ട്, അതേസമയം നിരവധി യുവ സുഹൃത്തുക്കൾ കായികം, കല, സംസ്കാരം എന്നിവയിൽ സംഭാവനകൾ നൽകുന്നു. അവാർഡ് ജേതാക്കളോട് എനിക്ക് ഒന്നേ പറയാനുള്ളൂ – ഈ ബഹുമതി നിങ്ങൾക്കുള്ളത് മാത്രമല്ല, നിങ്ങളുടെ മാതാപിതാക്കൾക്കും, അധ്യാപകർക്കും, ഉപദേഷ്ടാക്കൾക്കും കൂടിയാണ്. അവരുടെ കഠിനാധ്വാനത്തിനുള്ള അംഗീകാരമാണിത്. എല്ലാ അവാർഡ് ജേതാക്കൾക്കും അവരുടെ കുടുംബങ്ങൾക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങളും ശോഭനമായ ഭാവിയും നേരുന്നു.
സുഹൃത്തുക്കളേ,
ഈ വീർ ബാൽ ദിവസ് വികാരഭരിതവും ആദരവും നിറഞ്ഞതാണ്. സാഹിബ്‌സാദ അജിത് സിംഗ് ജി, സാഹിബ്‌സാദ ജുഝർ സിംഗ് ജി, സാഹിബ്‌സാദ സോറാവർ സിംഗ് ജി, സാഹിബ്‌സാദ ഫത്തേ സിംഗ് ജി – ഇത്രയും ചെറുപ്പത്തിൽ, അവർക്ക് അക്കാലത്തെ ഏറ്റവും
ബലവത്തായ ശക്തിയെ നേരിടേണ്ടിവന്നു. ഇന്ത്യയുടെ അടിസ്ഥാന മൂല്യങ്ങൾക്കും മതഭ്രാന്തിനും ഇടയിലുള്ള പോരാട്ടമായിരുന്നു അത്; സത്യവും അസത്യവും തമ്മിലുള്ള പോരാട്ടം. ഒരു വശത്ത് പത്താമത്തെ ഗുരുവായ ശ്രീ ഗുരു ഗോബിന്ദ് സിംഗ് ജിയും മറുവശത്ത് ഔറംഗസേബിന്റെ ക്രൂരമായ ഭരണകൂടവുമായിരുന്നു. അന്ന് നമ്മുടെ സാഹിബ്‌സാദമാർ വളരെ ചെറുപ്പമായിരുന്നു. എന്നാൽ തന്റെ ക്രൂരതയിൽ ഔറംഗസേബ് അവരുടെ പ്രായത്തെക്കുറിച്ച് ശ്രദ്ധിച്ചില്ല. ഇന്ത്യക്കാരെ ഭയപ്പെടുത്തി മതം മാറ്റണമെങ്കിൽ ആദ്യം അവരുടെ മനോവീര്യം തകർക്കണമെന്ന് ഔറംഗസേബിനറിയാമായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം സാഹിബ്‌സാദമാരെ ലക്ഷ്യം വച്ചത്.
പക്ഷേ സുഹൃത്തുക്കളേ,
നമ്മുടെ ഗുരു ഒരു സാധാരണ മനുഷ്യനല്ലെന്ന് ഔറംഗസേബും അദ്ദേഹത്തിന്റെ സൈന്യാധിപന്മാരും മറന്നുപോയിരുന്നു – അദ്ദേഹം തപസ്സിന്റെയും ത്യാഗത്തിന്റെയും മൂർത്തീഭാവമായിരുന്നു. ധീരരായ സാഹിബ്‌സാദാസിന് ഈ പാരമ്പര്യം അവരുടെ പിതാവിൽ നിന്ന് ലഭിച്ചു. അതുകൊണ്ടാണ്, മുഴുവൻ മുഗൾ സാമ്രാജ്യവും അവരെ പിന്തുടർന്നിട്ടും, നാല് സാഹിബ്‌സാദാസുകളിൽ ഒരാൾ പോലും പതറിയില്ല. സാഹിബ്‌സാദ അജിത് സിംഗ് ജിയുടെ വാക്കുകൾ ഇപ്പോഴും അദ്ദേഹത്തിന്റെ ധൈര്യത്തിന്റെ കഥ പ്രതിധ്വനിക്കുന്നു: “ഞാൻ പേര് കൊണ്ട് അജിത്താണ്, എന്നെ ഒരിക്കലും കീഴടക്കില്ല. എന്നെ കീഴടക്കിയാലും ഞാൻ ഒരിക്കലും കീഴടങ്ങില്ല!”
സുഹൃത്തുക്കളേ,
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ശ്രീ ഗുരു തേജ് ബഹദൂർ ജിയുടെ ത്യാഗത്തിന്റെ 350-ാം വാർഷികത്തിൽ നമ്മൾ അദ്ദേഹത്തെ അനുസ്മരിച്ചു. ആ ദിവസം കുരുക്ഷേത്രയിൽ ഒരു പ്രത്യേക പരിപാടിയും നടന്നു. ഗുരു തേജ് ബഹദൂർ ജിയുടെ ത്യാഗത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട സാഹിബ്‌സാദമാർ മുഗൾ അതിക്രമങ്ങളെ ഭയപ്പെടുമെന്ന് കരുതുന്നത് തന്നെ ഒരു തെറ്റാണ്.
സുഹൃത്തുക്കളേ,
മാതാ ഗുജ്രി, ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജി, നാല് സാഹിബ്‌സാദമാർ- ഇവരുടെ വീര്യവും ആദർശങ്ങളും ഇന്നും ഓരോ ഇന്ത്യക്കാരനും ശക്തി പകരുന്നു; അവ നമ്മുടെ പ്രചോദനമായി തുടരുന്നു. സാഹിബ്‌സാദമാരുടെ ത്യാഗത്തിന്റെ കഥ രാജ്യത്തെ ഓരോ പൗരന്റെയും ചുണ്ടുകളിൽ ഉണ്ടാകേണ്ടതായിരുന്നു. എന്നാൽ നിർഭാഗ്യവശാൽ, സ്വാതന്ത്ര്യത്തിനു ശേഷവും അടിമത്തത്തിന്റെ മാനസികാവസ്ഥ ആധിപത്യം തുടർന്നു. ഈ മാനസികാവസ്ഥയുടെ വിത്ത് 1835-ൽ ബ്രിട്ടീഷ് രാജ്യതന്ത്രജ്ഞനായ മക്കാളെ വിതച്ചു, സ്വാതന്ത്ര്യത്തിനു ശേഷവും രാഷ്ട്രത്തിന് അതിൽ നിന്ന് സ്വയം മോചിതമാകാൻ അനുവാദമുണ്ടായില്ല. അതുകൊണ്ടാണ്, സ്വാതന്ത്ര്യത്തിനു ശേഷവും പതിറ്റാണ്ടുകളായി, അത്തരം സത്യങ്ങളെ അടിച്ചമർത്താൻ ശ്രമങ്ങൾ നടന്നത്.
പക്ഷേ സുഹൃത്തുക്കളേ,
ഇപ്പോൾ ഇന്ത്യ അടിമത്തത്തിന്റെ ഈ മാനസികാവസ്ഥയിൽ നിന്ന് സ്വയം മോചിതമാകാൻ തീരുമാനിച്ചിരിക്കുന്നു. നമ്മുടെ ത്യാഗങ്ങളുടെയും വീരത്വത്തിന്റെയും ഓർമ്മകൾ ഇനി കുഴിച്ചുമൂടപ്പെടില്ല. നമ്മുടെ രാജ്യത്തെ നായകന്മാരെയും നായികമാരെയും ഇനി ആരും തള്ളിക്കളയില്ല. അതുകൊണ്ടാണ് നമ്മൾ പൂർണ്ണ ഭക്തിയോടെ വീർ ബാൽ ദിവസ് ആഘോഷിക്കുന്നത്. നമ്മൾ ഇവിടെ നിർത്തില്ല . മക്കാളെ നടത്തിയ ഗൂഢാലോചന 2035-ൽ 200 വർഷം പൂർത്തിയാകും – വെറും 10 വർഷം കഴിഞ്ഞ്. ഈ 10 വർഷത്തിനുള്ളിൽ, രാഷ്ട്രം അടിമത്തത്തിന്റെ മാനസികാവസ്ഥയിൽ നിന്ന് പൂർണ്ണമായും മുക്തമാണെന്ന് ഞങ്ങൾ ഉറപ്പാക്കും. ഇത് 1.4 ബില്യൺ ഇന്ത്യക്കാരുടെ ദൃഢനിശ്ചയമായിരിക്കണം. കാരണം, രാഷ്ട്രം ഈ മാനസികാവസ്ഥയിൽ നിന്ന് സ്വയം മോചിതമാകുമ്പോൾ, അത് അതിന്റെ തദ്ദേശീയ സ്വത്വത്തിൽ അഭിമാനിക്കുകയും സ്വാശ്രയത്വത്തിന്റെ പാതയിൽ കൂടുതൽ മുന്നേറുകയും ചെയ്യും.
സുഹൃത്തുക്കളേ,
അടിമത്തത്തിന്റെ മാനസികാവസ്ഥയിൽ നിന്ന് നമ്മെ മോചിപ്പിക്കാനുള്ള ഈ പ്രചാരണത്തിന്റെ ഒരു നേർക്കാഴ്ച അടുത്തിടെ നമ്മുടെ പാർലമെന്റിൽ കാണാൻ കഴിഞ്ഞു. ശൈത്യകാല സമ്മേളനത്തിൽ, പാർലമെന്റ് അംഗങ്ങൾ ഹിന്ദിയും ഇംഗ്ലീഷും ഒഴികെയുള്ള ഇന്ത്യൻ ഭാഷകളിൽ ഏകദേശം 160 പ്രസംഗങ്ങൾ നടത്തി. ഏകദേശം 50 പ്രസംഗങ്ങൾ തമിഴിലും 40-ലധികം മറാത്തിയിലും 25-ഓളം ബംഗാളിയിലുമായിരുന്നു. ലോകത്തിലെ ഏതൊരു പാർലമെന്റിലും ഇത്തരമൊരു രംഗം അപൂർവമാണ്. ഇത് നമുക്കെല്ലാവർക്കും അഭിമാനകരമായ കാര്യമാണ്. ഇന്ത്യയുടെ ഭാഷാ വൈവിധ്യത്തെ തകർക്കാൻ മക്കാളെ ശ്രമിച്ചിരുന്നു, എന്നാൽ ഇപ്പോൾ, നമ്മുടെ രാഷ്ട്രം അടിമത്തത്തിന്റെ മാനസികാവസ്ഥയിൽ നിന്ന് സ്വയം മോചിതമാകുമ്പോൾ, ഭാഷാ വൈവിധ്യം നമ്മുടെ ശക്തിയായി മാറുകയാണ്.
സുഹൃത്തുക്കളേ,
യുവ ഭാരത് സംഘാതനുമായി ബന്ധപ്പെട്ട നിരവധി യുവാക്കളെ ഞാൻ ഇവിടെ കാണുന്നു. ഒരു തരത്തിൽ പറഞ്ഞാൽ, നിങ്ങൾ ‘ജൻ-സി’ ആണ് , ഒരു പക്ഷെ ‘ജൻ- ആൽഫ’ പോലും ആകാം . ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കുക എന്ന ലക്ഷ്യത്തിലേക്ക് കൊണ്ടുപോകുന്നത് നിങ്ങളുടെ തലമുറയാണ്.’ജൻ-സി’ യുടെ കഴിവും ആത്മവിശ്വാസവും ഞാൻ കാണുകയും മനസ്സിലാക്കുകയും ചെയ്യുന്നു, അതുകൊണ്ടാണ് ഞാൻ നിങ്ങളിൽ വലിയ വിശ്വാസം അർപ്പിക്കുന്നത്. നമ്മുടെ പാരമ്പര്യം പറയുന്നത്:बालादपि ग्रहीतव्यं युक्तमुक्तं मनीषिभिः അതായത്, ഒരു ചെറിയ കുട്ടി ബുദ്ധിപൂർവ്വം സംസാരിച്ചാലും അത് അംഗീകരിക്കപ്പെടണം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, പ്രായത്തിനനുസരിച്ച് ആരും ചെറുതോ വലുതോ അല്ല; പ്രവൃത്തികളിലൂടെയും നേട്ടങ്ങളിലൂടെയും ഒരാൾ മഹാനാകുന്നു. ചെറുപ്പത്തിൽത്തന്നെ, മറ്റുള്ളവരെ പ്രചോദിപ്പിക്കുന്ന കാര്യങ്ങൾ നിങ്ങൾക്ക് നേടാൻ കഴിയും. നിങ്ങൾ ഇത് ഇതിനകം കാണിച്ചുതന്നിട്ടുണ്ട്. എന്നാൽ ഈ നേട്ടങ്ങളെ ഒരു തുടക്കമായി മാത്രമേ കാണാവൂ. നിങ്ങൾ ഇനിയും ഒരുപാട് മുന്നോട്ട് പോകണം. നിങ്ങളുടെ സ്വപ്നങ്ങളെ ആകാശത്തേക്ക് കൊണ്ടുപോകണം.നിങ്ങളുടെ കഴിവുകകളെ രാജ്യം ഉറച്ചു പിന്തുണയ്ക്കുന്ന ഒരു തലമുറയിൽ ജനിക്കാൻ കഴിഞ്ഞത് നിങ്ങളുടെ ഭാഗ്യമാണ്.
മുമ്പ്, യുവാക്കൾക്ക് സ്വപ്നം കാണാൻ പോലും ഭയമായിരുന്നു, കാരണം പഴയ സംവിധാനങ്ങൾ നല്ലതൊന്നും സാധ്യമല്ലെന്ന് തോന്നിപ്പിക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിച്ചിരുന്നു. എല്ലായിടത്തും നിരാശ പടർന്നു, ആളുകൾ പോലും ചിന്തിക്കാൻ തുടങ്ങി – കഠിനാധ്വാനം ചെയ്തിട്ട് എന്താണ് പ്രയോജനം? എന്നാൽ ഇന്ന്, രാഷ്ട്രം പ്രതിഭകളെ അന്വേഷിക്കുന്നു, അതിന് ഒരു വേദി നൽകുന്നു, 1.4 ബില്യൺ പൗരന്മാരുടെ ശക്തി അവരുടെ സ്വപ്നങ്ങൾക്ക് പിന്നിൽ പ്രതിഷ്ഠിക്കുന്നു.
ഡിജിറ്റൽ ഇന്ത്യയുടെ വിജയത്തോടെ, നിങ്ങൾക്ക് ഇപ്പോൾ ഇന്റർനെറ്റിന്റെ ശക്തിയുണ്ട്, പഠനത്തിനുള്ള വിഭവങ്ങളുണ്ട്. ശാസ്ത്രം, സാങ്കേതികവിദ്യ, സ്റ്റാർട്ടപ്പ് ലോകം എന്നിവയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്ക് സ്റ്റാർട്ടപ്പ് ഇന്ത്യ പോലുള്ള ദൗത്യങ്ങളുണ്ട്. കായികരംഗത്ത് മുന്നേറുന്നവർക്ക് ഖേലോ ഇന്ത്യ പോലുള്ള ദൗത്യങ്ങളുണ്ട്. രണ്ട് ദിവസം മുമ്പ്, ഞാൻ സൻസദ് ഖേൽ മഹോത്സവത്തിലും പങ്കെടുത്തു. മുന്നോട്ട് പോകാൻ നിങ്ങളെ സഹായിക്കുന്നതിന് എണ്ണമറ്റ പ്ലാറ്റ്‌ഫോമുകളുണ്ട്. നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കണം. ഇതിനായി, ഹ്രസ്വകാല ജനപ്രീതിയുടെ തിളക്കത്തിൽ നിങ്ങൾ കുടുങ്ങിപ്പോകാതിരിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ ചിന്ത വ്യക്തതതയുള്ളതാകുമ്പോൾ, നിങ്ങളുടെ തത്വങ്ങൾ വ്യക്തതതയുള്ളതാകുമ്പോൾ ഇത് സംഭവിക്കും. അതുകൊണ്ടാണ് നിങ്ങളുടെ ആദർശങ്ങളിൽ നിന്ന്, നമ്മുടെ രാജ്യത്തെ മഹാന്മാരിൽ നിന്ന് നിങ്ങൾ പഠിക്കണം എന്ന് പറയുന്നത് . നിങ്ങളുടെ വിജയം നിങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്നതായി നിങ്ങൾ കാണരുത്. നിങ്ങളുടെ വിജയം രാജ്യത്തിന്റെ വിജയമായി മാറുക എന്നതായിരിക്കണം നിങ്ങളുടെ ലക്ഷ്യം.
സുഹൃത്തുക്കളേ,
ഇന്ന്, യുവജന ശാക്തീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പുതിയ നയങ്ങൾ രൂപീകരിക്കപ്പെടുന്നു. യുവാക്കളെ രാഷ്ട്രനിർമ്മാണത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റിയിരിക്കുന്നു. മേരാ യുവ ഭാരത് പോലുള്ള വേദികളിലൂടെ, യുവാക്കളെ ബന്ധിപ്പിക്കാനും, അവർക്ക് അവസരങ്ങൾ നൽകാനും, അവരിൽ നേതൃത്വപരമായ കഴിവുകൾ വികസിപ്പിക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ട്. ബഹിരാകാശ സമ്പദ്‌വ്യവസ്ഥയുടെ പുരോഗതിയായാലും, കായിക വിനോദങ്ങൾ പ്രോത്സാഹിപ്പിക്കുന്നതായാലും, ഫിൻടെക്, നിർമ്മാണ മേഖലകൾ വികസിപ്പിക്കുന്നതായാലും, നൈപുണ്യ വികസനത്തിനും ഇന്റേൺഷിപ്പുകൾക്കും അവസരങ്ങൾ സൃഷ്ടിക്കുന്നതായാലും – അത്തരം ഓരോ ശ്രമത്തിന്റെയും കാതൽ എന്റെ യുവ കൂട്ടാളികളാണ്. എല്ലാ മേഖലയിലും, യുവാക്കൾക്കായി പുതിയ അവസരങ്ങൾ തുറക്കപ്പെടുന്നു.
സുഹൃത്തുക്കളേ,
ഇന്ത്യ ഇന്ന് അഭൂതപൂർവമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നു. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രങ്ങളിൽ ഒന്നാണ് ഇന്ത്യ. വരുന്ന ഇരുപത്തിയഞ്ച് വർഷങ്ങൾ നമ്മുടെ രാജ്യത്തിന്റെ ദിശ നിർണ്ണയിക്കും. സ്വാതന്ത്ര്യത്തിനുശേഷം ആദ്യമായി ഇന്ത്യയുടെ കഴിവുകൾ, ഇന്ത്യയുടെ അഭിലാഷങ്ങൾ, ഇന്ത്യയിൽ നിന്നുള്ള ലോകത്തിന്റെ പ്രതീക്ഷകൾ എന്നിവയെല്ലാം ഒരുമിച്ച് വരുന്നു. ഇന്നത്തെ യുവാക്കൾ മുമ്പെന്നത്തേക്കാളും അവസരങ്ങൾ കൂടുതലുള്ള ഒരു കാലഘട്ടത്തിലാണ് വളർന്നു വരുന്നത്. ഇന്ത്യയിലെ യുവാക്കളുടെ കഴിവുകൾ, ആത്മവിശ്വാസം, നേതൃത്വപരമായ കഴിവുകൾ എന്നിവയ്ക്ക് മികച്ച മാർഗ്ഗങ്ങൾ നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.
എന്റെ യുവ സുഹൃത്തുക്കളെ,
ഒരു വികസിത ഇന്ത്യയുടെ ശക്തമായ അടിത്തറ പാകുന്നതിന്, നമ്മുടെ വിദ്യാഭ്യാസ നയത്തിലും കാര്യമായ പരിഷ്കാരങ്ങൾ വരുത്തിയിട്ടുണ്ട്. പുതിയ ദേശീയ വിദ്യാഭ്യാസ നയം 21-ാം നൂറ്റാണ്ടിലെ പുതിയ പഠന രീതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇന്ന്, പ്രായോഗിക പഠനത്തിലാണ് ഊന്നൽ നൽകുന്നത് – മനഃപാഠമാക്കുന്നതിനുപകരം ചിന്തിക്കുന്ന ശീലം വികസിപ്പിക്കുക, ചോദ്യങ്ങൾ ചോദിക്കാനും പരിഹാരങ്ങൾ തേടാനും കുട്ടികളെ പ്രോത്സാഹിപ്പിക്കുക. ആദ്യമായി, ഈ ദിശയിൽ അർത്ഥവത്തായ ശ്രമങ്ങൾ നടക്കുന്നു. ബഹുമുഖ പഠനങ്ങൾ, നൈപുണ്യ അധിഷ്ഠിത പഠനം, കായിക വിനോദങ്ങളുടെ പ്രോത്സാഹനം, സാങ്കേതികവിദ്യയുടെ ഉപയോഗം എന്നിവ വിദ്യാർത്ഥികളെ വളരെയധികം സഹായിക്കുന്നു. രാജ്യത്തുടനീളം, ദശലക്ഷക്കണക്കിന് കുട്ടികൾ അടൽ ടിങ്കറിംഗ് ലാബുകൾ വഴി നവീകരണത്തിലും ഗവേഷണത്തിലും ഏർപ്പെടുന്നു. സ്കൂളുകളിൽ പോലും, കുട്ടികളെ റോബോട്ടിക്സ്, AI, സുസ്ഥിരത, ഡിസൈനിങ് എന്നിവയിലേക്ക് പരിചയപ്പെടുത്തുന്നു. ഈ ശ്രമങ്ങൾക്കൊപ്പം, ദേശീയ വിദ്യാഭ്യാസ നയം മാതൃഭാഷയിൽ പഠിക്കാനുള്ള അവസരവും നൽകിയിട്ടുണ്ട്. ഇത് കുട്ടികൾക്ക് പഠനം എളുപ്പമാക്കുകയും അവരുടെ വിഷയങ്ങൾ നന്നായി മനസ്സിലാക്കാൻ സഹായിക്കുകയും ചെയ്യുന്നു.
സുഹൃത്തുക്കളേ,
ധീരരായ സാഹിബ്‌സാദമാർ,പാത എത്ര ദുഷ്‌കരമാണെന്ന് നോക്കിയില്ല; പാത ശരിയാണോ എന്ന് മാത്രമാണ് അവർ നോക്കിയത്. ഇന്ന്, അതേ മനോഭാവം ആവശ്യമാണ്. ഇന്ത്യയിലെ യുവാക്കൾ വലിയ സ്വപ്നങ്ങൾ കാണുകയും, കഠിനാധ്വാനം ചെയ്യുകയും, അവരുടെ ആത്മവിശ്വാസം ഒരിക്കലും ദുർബലമാകാൻ അനുവദിക്കാതിരിക്കുകയും ചെയ്യണമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ ഭാവി അതിന്റെ കുട്ടികളുടെയും യുവാക്കളുടെയും ഭാവിയിലൂടെ മാത്രമേ പ്രകാശിക്കുകയുള്ളൂ. അവരുടെ ധൈര്യം, അവരുടെ കഴിവ്, അവരുടെ സമർപ്പണം എന്നിവ രാജ്യത്തിന്റെ പുരോഗതിയെ നയിക്കും. ഈ വിശ്വാസത്തോടെ, ഈ ഉത്തരവാദിത്തത്തോടെ, ഈ തുടർച്ചയായ ആക്കം കൊണ്ട്, ഇന്ത്യ അതിന്റെ ഭാവിയിലേക്ക് മുന്നേറും. ഒരിക്കൽ കൂടി, സാഹിബ്‌സാദമാരെ ഞാൻ ആദരപൂർവ്വം വണങ്ങുന്നു. എല്ലാ അവാർഡ് ജേതാക്കൾക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ. നിങ്ങൾക്കെല്ലാവർക്കും വളരെ നന്ദി.
-SK-
Addressing a programme on Veer Baal Diwas. We remember the exemplary courage and sacrifice of the Sahibzades.
— Narendra Modi (@narendramodi) December 26, 2025
https://t.co/kQPb0RmaIj
Today, we remember the brave Sahibzades, the pride of our nation. They embody India's indomitable courage and the highest ideals of valour. pic.twitter.com/gOoSf5FQlE
— PMO India (@PMOIndia) December 26, 2025
The courage and ideals of Mata Gujri Ji, Sri Guru Gobind Singh Ji and the four Sahibzades continue to give strength to every Indian. pic.twitter.com/9mwfF0VL00
— PMO India (@PMOIndia) December 26, 2025
India has resolved to break free from the colonial mindset once and for all. pic.twitter.com/9l6Dt3F0XI
— PMO India (@PMOIndia) December 26, 2025
As India frees itself from the colonial mindset, its linguistic diversity is emerging as a source of strength. pic.twitter.com/6TA3P9JzA9
— PMO India (@PMOIndia) December 26, 2025
Gen Z… Gen Alpha… will lead India to the goal of a Viksit Bharat. pic.twitter.com/XzwUt2nvtt
— PMO India (@PMOIndia) December 26, 2025