പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം തമിഴ്‌നാട് മുഖ്യമന്ത്രി ശെല്‍വി ജെ.ജയലളിത 5.12.2016ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ മരിക്കാനിടയായതില്‍ അനുശോചിച്ചു.
ആദരസൂചകമായി രണ്ടു മിനുട്ട് മൗനം ആചരിച്ചശേഷം അനുശോചന പ്രമേയം പാസാക്കി. പ്രമേയത്തിന്റെ ഉള്ളടക്കം:
‘തമിഴ്‌നാട് മുഖ്യമന്ത്രി ശെല്‍വി ജെ.ജയലളിത 5.12.2016ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ മരിക്കാനിടയായതില്‍ മന്ത്രിസഭ അനുശോചിക്കുന്നു. അവരുടെ നിര്യാണത്തിലൂടെ അമ്മയെന്നു സ്‌നേഹപൂര്‍വം വിളിക്കപ്പെട്ടിരുന്ന മുതിര്‍ന്ന വിശിഷ്ട നേതാവിനെയാണു രാജ്യത്തിനു നഷ്ടമായത്.’
1948 ഫെബ്രുവരി 24നു മൈസൂരില്‍ ജനിച്ച ശെല്‍വി ജെ.ജയലളിത ബംഗളുരു ബിഷപ് കോട്ടണ്‍സ് ഗേള്‍സ് ഹൈസ്‌കൂളിലും ചെന്നൈയിലെ പ്രസന്റേഷന്‍ കോണ്‍വെന്റിലും വിദ്യാഭ്യാസം നേടി. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, മലയാളം ചലച്ചിത്രങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചു. ഭരതനാട്യം, മോഹിനിയാട്ടം, കഥക്, മണിപ്പൂരി തുടങ്ങിയ ശാസ്ത്രീയ നൃത്തങ്ങളില്‍ നിപുണയായിരുന്നു. തമിഴ്‌നാട് ഗവണ്‍മെന്റ് 1972ല്‍ കലൈമാമണി അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്.
1982ലാണ് എ.ഐ.എ.ഡി.എം.കെ. അംഗമായി അവര്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. 1984ല്‍ രാജ്യസഭാ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടു. 1989ല്‍ തമിഴ്‌നാട് നിയമസഭാംഗമായി. 1984ല്‍ പൊതു തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും എ.ഐ.എ.ഡി.എം.കെയെ അവര്‍ വിജയത്തിലേക്കു നയിച്ചു. 1989ല്‍ തമിഴ്‌നാട്ടിലെ പ്രഥമ വനിതാ പ്രതിപക്ഷനേതാവായി.
1991 ജൂണില്‍ തമിഴ്‌നാട് മുഖ്യമന്ത്രിപദമേറ്റ അവര്‍ 1996 മെയ് വരെ അധികാരത്തില്‍ തുടര്‍ന്നു. 2001 മെയ് മുതല്‍ 2001 സെപ്റ്റംബര്‍ വരെയും 2002 മാര്‍ച്ച് മുതല്‍ 2006 മെയ് വരെയും 2011 മെയ് മുതല്‍ 2014 സെപ്റ്റംബര്‍ വരെയും 2015 മെയ് മുതല്‍ 2016 ഡിസംബര്‍ അഞ്ചു വരെയും മുഖ്യമന്ത്രിയായിരുന്നു.
തമിഴ്‌നാട് ജനതയ്ക്ക് അവരുടെ ഏറ്റവും ജനപ്രിയ നേതാവിനെയാണു നഷ്ടമായിരിക്കുന്നത്. ഗവണ്‍മെന്റിനും രാഷ്ട്രത്തിനും വേണ്ടി തമിഴ്‌നാട് ജനതയെ മന്ത്രിസഭ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു.’