പിഎം ഇന്ത്യ
ദക്ഷിണേഷ്യന്‍ സമുദ്ര മേഖലയിലെ എണ്ണ, രാസ മലിനീകരണ വിഷയത്തില്‍ സഹകരിക്കുന്നതിനായി ഇന്ത്യയും ദക്ഷിണേഷ്യ സഹകരണ പരിസ്ഥിതി പദ്ധതിയും തമ്മിലുള്ള ധാരണാപത്രത്തിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി.
ഫലം:
ഇന്ത്യയും ദക്ഷിണേഷ്യന്‍ സമുദ്ര മേഖലയിലെ രാജ്യങ്ങളായ ബംഗ്ലാദേശ്, മാലിദ്വീപ്, പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നിവയും തമ്മില്‍ മേഖലയിലെ സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിനായി മെച്ചപ്പെട്ട സഹകരണം ഉറപ്പുവരുത്താന്‍ ഉദ്ദേശിച്ചുള്ളതാണു ധാരണാപത്രം.
നടത്തിപ്പ്:
ധാരണാപത്രമനുസരിച്ച് മേഖലാതല യാദൃച്ഛിക എണ്ണ ചോര്‍ച്ച പദ്ധതി നടപ്പാക്കാനുള്ള ചുമതല ഇന്ത്യാ ഗവണ്‍മെന്റിനുവേണ്ടി നിര്‍വഹിക്കാന്‍ ചുമതലപ്പെട്ട ദേശീയ അതോറിറ്റി ഇന്ത്യന്‍ തീരസംരക്ഷണ സേന(ഐ.സി.ജി.) ആയിരിക്കും. എണ്ണയുടെയും രാസവസ്തുക്കളുടെയും ചോര്‍ച്ച സംബന്ധിച്ച കാര്യങ്ങളില്‍ ഇന്ത്യാ ഗവണ്‍മെന്റിനുവേണ്ടി പ്രതികരിക്കുന്നതും ഐ.സി.ജി ആയിരിക്കും. അതിനപ്പുറം, സമുദ്രങ്ങളില്‍ ഉണ്ടാകുന്ന ആകസ്മിക സംഭവങ്ങളില്‍ ഉടന്‍ പ്രതികരിക്കുന്നതിനുള്ള ദേശീയ കേന്ദ്രം ഐ.സി.ജി. മാരിടൈം റെസ്‌ക്യു കോ-ഓഡിനേഷന്‍ സെന്ററുകളായിരിക്കും.
പശ്ചാത്തലം:
ദക്ഷിണേഷ്യന്‍ മേഖലയിലെ പരിസ്ഥിതി സംരക്ഷണവും നടത്തിപ്പും മെച്ചപ്പെടുത്തുന്നതിനും പ്രോല്‍സാഹിപ്പിക്കുന്നതിനും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പിന്‍തുണ നല്‍കുന്നതിനും അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, ഇന്ത്യ, മാലിദ്വീപ്, നേപ്പാള്‍, പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നീ രാഷ്ട്രങ്ങള്‍ ചേര്‍ന്ന് 1982ല്‍ എസ്.എ.സി.ഇ.പി. സ്ഥാപിച്ചു. സമുദ്രാതിര്‍ത്തിയുള്ള രാഷ്ട്രങ്ങളായ ബംഗ്ലാദേശ്, ഇന്ത്യ, മാലിദ്വീപ്, പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ക്കു ചുറ്റുമുള്ള സമുദ്രത്തിലുണ്ടായ വന്‍ എണ്ണ മലിനീകരണ സംഭവത്തോടു പ്രതികരിക്കുന്നതിനും രാജ്യാന്തര തലത്തില്‍ പരസ്പരം സഹകരിക്കുന്നതിനുമായി രാജ്യാന്തര നാവിക സംഘടന(ഐ.എം.ഒ.)യുമായി ചേര്‍ന്ന് എസ്.എ.സി.ഇ.പി. എണ്ണ ചോര്‍ച്ച പ്രശ്‌നം ഉടനടി നേരിടുന്നതിനുള്ള മേഖലാതല പദ്ധതിക്കു രൂപം നല്‍കി.