പിഎം ഇന്ത്യ

ആദരണീയ സുമിത്ര തായിജി, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ശ്രീ ആനന്ദ് കുമാര്‍, ഡെപ്യൂട്ടി സ്പീക്കര്‍ ശ്രീ തമ്പി ദുരൈ, രാജ്യമെമ്പാടുനിന്നുള്ള നിയമസഭാ സ്പീക്കര്‍മാര്‍, എംപിമാര്‍, എംഎല്‍എമാര്‍, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുമുള്ള മുതിര്‍ന്ന നേതാക്കളേ,
ഈ പരിപാടി സംഘടിപ്പിച്ചതിന് സുമിത്രാ ജിയെ ആദ്യംതന്നെ ഞാന്‍ നന്ദി അറിയിക്കട്ടെ. തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് രക്ഷിതാക്കള്‍ക്കൊപ്പം പോയ അനുഭവമാണ് നമുക്കെല്ലാം. തീര്‍ത്ഥാടന കേന്ദ്രത്തില്‍ പോകുമ്പോള്‍ നാമെല്ലാവരും ജീവിതത്തില്‍ വിവിധ കാര്യങ്ങള്‍ക്കു വേണ്ടിയോ കുടുംബത്തിനു വേണ്ടിയോ വിവിധ തരം പ്രതിജ്ഞകളെടുക്കാറുണ്ട്.
ഇന്ന് നിങ്ങളെല്ലാവരും ഇവിടെ സന്നിഹിതരായിരിക്കുന്നത് ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനു മാത്രമായല്ല. സങ്കല്‍പ്പിച്ചു നോക്കൂ- എവിടെയാണ് നിങ്ങള്‍ ഇരിക്കുന്നത്? 2014 മേയില്‍ ഞാന്‍ ജീവിതത്തില്‍ ആദ്യമായി പ്രവേശിച്ച സഭയാണ് ഇത്; അതിനു മുമ്പ് ഞാന്‍ സെന്‍ട്രല്‍ ഹാള്‍ കണ്ടിട്ടേയില്ല. മുഖ്യമന്ത്രിമാര്‍ക്ക് ഇവിടെ പ്രവേശനം അനുവദിച്ചിട്ടുണ്ട്., മുഖ്യമന്ത്രിമാര്‍ക്ക് ഇവിടെ യാതൊരു വിലക്കുമില്ല. പക്ഷേ, എനിക്ക് ഒരിക്കലും അത്തരമൊരു അവസരമുണ്ടായില്ല. ഞങ്ങളുടെ പാര്‍ട്ടിയെ ജനങ്ങള്‍ തെരഞ്ഞെടുക്കുകയും നേതാവിനെ തെരഞ്ഞെടുക്കാന്‍ വേണ്ടി സമ്മേളിക്കുകയും ചെയ്തപ്പോഴാണ് ഞാന്‍ ആദ്യമായി സെന്‍ട്രല്‍ ഹാളില്‍ എത്തിയത്. ഇതാണ് സെന്‍ട്രല്‍ ഹാള്‍. ഇവിടെയാണ് നിരവധി വര്‍ഷം ഭരണഘടനാ നിര്‍മാണ സഭയുടെ മീറ്റിംഗ് ചേര്‍ന്നത്. ഒരിക്കല്‍ പണ്ഡിറ്റ് നെഹ്‌റു, ബാബാ സാഹബ് അംബേദ്കര്‍, സര്‍ദാര്‍ വല്ലഭ് ഭായി പട്ടേല്‍, രാജഗോപാലാചാരി, ഡോ രാജേന്ദ്രപ്രസാദ്, കെ എം മുന്‍ഷി എന്നിവരൊക്കെ ഒരിക്കല്‍ ഇരുന്ന ഇരിപ്പിടങ്ങളിലാണ് ഇപ്പോള്‍ നിങ്ങള്‍ ഇരിക്കുന്നത്.
അവര്‍, രാജ്യത്തെ പ്രചോദിപ്പിച്ച മഹദ് വ്യക്തികള്‍ ഇവിടെ സന്നിഹിതരായിരുന്നിട്ടുണ്ട്. അവര്‍ ഇവിടെ ഉപവിഷ്ഠരാവുകയും ചര്‍ച്ചയും സംവാദവും നടത്തുകയും ചെയ്തിട്ടുണ്ട്. ആ വേളകള്‍ ഓര്‍ത്തെടുക്കുക എന്നത് ഗൃഹാതുരത നിറഞ്ഞ അനുഭവമാണ്.
നമ്മുടെ ഭരണഘടനാ ശില്‍പ്പികള്‍, പ്രത്യേകിച്ച് ബാബാ സാഹബ് അംബേദ്കര്‍ നമ്മുടെ ഭരണഘടനയെ ഒരു സാമൂഹിക രേഖയായാണ് വിശേഷിപ്പിച്ചത്, അത് ശരിയുമാണ്. നമ്മുടെ ഭരണഘടനയ്ക്ക് ലോകത്ത് ഒരു പ്രത്യേക സ്ഥാനമുണ്ട്. വിവിധ വിഭാഗങ്ങളുടെയോ അവകാശങ്ങളുടെയോ ജോലി വിഭജനത്തിന്റെയോ പേരിലല്ല അത്; മറിച്ച്, സാമൂഹിക തിന്മകളില്‍ നിന്ന് രാജ്യത്തെ മോചിപ്പിച്ച് സ്വാതന്ത്ര്യത്തിന്റെ മധു അനുഭവവേദ്യമാക്കി രാജ്യത്തിന് ആദരം നല്‍കിയത് നമ്മുടെ ഭരണഘടനയ്ക്ക് ഒരു ഇടം ഉറപ്പാക്കിയിട്ടുണ്ട്. അത് സാമൂഹിക നീതിയുടെ വിഷയമാണ്. എപ്പോഴൊക്കെ നാം സാമൂഹിക നീതിയെക്കുറിച്ചു ചര്‍ച്ച ചെയ്യുമ്പോഴും സമൂഹത്തിന്റെ പദവിയോട് ചേര്‍ന്ന് നില്‍ക്കേണ്ടത് അനിവാര്യമായി വരുന്നു. എന്നാല്‍ ചിലപ്പോള്‍ സാമൂഹിക നീതിക്ക് മഹത്തായ അവസരം കാണുകയും ചെയ്യുന്നു.
പറയൂ, ഒരു വീട്ടില്‍ വൈദ്യുതി ഉണ്ടായിരിക്കുകയും അടുത്ത വീട്ടില്‍ അത് ഇല്ലാതിരിക്കുകയും ചെയ്താല്‍ സാമൂഹിക നീതിയുടെ ഭാഗമായി അടുത്ത വീട്ടില്‍ക്കൂടി വൈദ്യുതി ഉറപ്പാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമല്ലേ? ഒരു ഗ്രാമത്തില്‍ വൈദ്യുതി ഉണ്ടായിരിക്കുകയും അടുത്ത ഗ്രാമത്തില്‍ ഇല്ലാതിരിക്കുകയും ചെയ്താല്‍ അവിടെക്കൂടി വൈദ്യുതി ലഭ്യമാക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ നമ്മോടു പറയുന്ന സന്ദേശമല്ലേ സാമൂഹിക നീതി? ഒരു ജില്ല കാര്യമായി വികസിക്കുകയും അടുത്ത ജില്ല അതിനു പിറകിലായിരിക്കുകയും ചെയ്താല്‍ ആ ജില്ലയെക്കൂടി വികസിപ്പിക്കുകയും മറ്റേ ജില്ലയുടെ നിലയിലേക്ക് ഉയര്‍ത്തുകയെങ്കിലും ചെയ്യാനുള്ള കടമ നമുക്കില്ലേ? ഈ കടമ പൂര്‍ത്തീകരിക്കാന്‍ സാമൂഹിക നീതിയുടെ തത്വം നമ്മെ പ്രചോദിപ്പിക്കുന്നു.
പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ രാജ്യത്തിനു കഴിഞ്ഞിട്ടില്ലായിരിക്കും. പക്ഷേ ഒരു സംസ്ഥാനത്തെ അഞ്ച് ജില്ലകള്‍ പുരോഗതിയിലെത്തിയാല്‍ പിന്നാക്കം നില്‍ക്കുന്ന മൂന്നു ജില്ലകള്‍ക്ക് ആ അഞ്ച് ജില്ലകള്‍ക്കൊപ്പം എത്താന്‍ സാധിക്കും. ഒരു സംസ്ഥാനത്തെ ചില ജില്ലകള്‍ക്ക് നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നുവെങ്കില്‍ അതിന്റെ അര്‍്ത്ഥം നന്നായി കാര്യങ്ങള്‍ ചെയ്യാനുള്ള ശേഷി ആ സംസ്ഥാനത്തിനുണ്ട് എന്നാണ്.
നമ്മുടെ രാജ്യത്തെ ജനങ്ങളുടെ സ്വഭാവമെന്താണ്? സ്‌കൂള്‍ പരീക്ഷാ കാലത്ത് നാം ചിന്തിക്കുന്നത് ഭൂമിശാസ്ത്രത്തില്‍ പിന്നിലാണെങ്കില്‍ ഗണിതശാസ്ത്രത്തിന് ഊന്നല്‍ നല്‍കാമെന്നും അതുവഴി ഭൂമി ശാസ്ത്രത്തിലെ കുറഞ്ഞ മാര്‍ക്കിന് പകരം കാണാമെന്നുമാണ്. എല്ലാവരും ചിന്തിക്കുന്നത് ഇതുപോലെയാണ്. കാരണം നമ്മള്‍ ഈ മനോഭാവത്തോടെയാണ് വളര്‍ന്നത്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഗവണ്‍മെന്റിനും ഇത്തരം ചില ലക്ഷ്യങ്ങള്‍ നല്‍കിയാല്‍ അവര്‍ എന്തായിരിക്കും ചെയ്യുക? ആരാണോ കൂടുതല്‍ ഉല്‍പ്പാദനക്ഷമതയുള്ളവര്‍ അവര്‍ മുന്നിലെത്തും. നന്നായി പ്രവര്‍ത്തിക്കുന്നവര്‍ സ്ഥിരമായി നല്ല ഫലമുണ്ടാക്കുകയും സ്ഥിതിവിവരക്കണക്ക് മെച്ചപ്പെടുകയും ചെയ്യും. ലക്ഷ്യമിട്ട നേട്ടമുണ്ടാക്കാനാകുമ്പോള്‍ നമുക്ക് സന്തോഷം അനുഭവപ്പെടും. എന്നാലോ പിന്നിലുള്ളവര്‍ താഴ്ന്ന നിലയില്‍ തുടരുകയായിരിക്കും. അതുകൊണ്ട് തന്ത്രമെന്ന നിലയില്‍ നാം നമ്മുടെ വികസന മാതൃക കൂടുതല്‍ ശ്രദ്ധയൂന്നുന്നതാക്കണം. സംസ്ഥാനങ്ങളിലേക്ക് നാം നോക്കിയാല്‍ സഹകരണാത്മക ഫെഡറലിസത്തിലൂടെ ഒരു മല്‍സരാധിഷ്ഠിത അന്തരീക്ഷം ഉണ്ടായിരിക്കുന്നത് നല്ലതാണ്; ഞാനും ആ കാഴ്ചപ്പാട് അംഗീകരിക്കുന്നു. പാര്‍ലമെന്റ് അംഗങ്ങളും നിയമസഭാംഗങ്ങളും ഒന്നിച്ചിരിക്കുകയും രാജ്യത്തേയും സംസ്ഥാനങ്ങളിലേയും അവരുടെ മേഖലകളേക്കുറിച്ചുള്ള ഉത്കണ്ഠകള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യുന്നത് ഫെഡറലിസത്തിന്റെ ജീവിക്കുന്ന ഉദാഹരണമാണ്. ഈ ഫെഡറലിസം അതില്‍ നിന്ന് പുതിയ ഒരു കാഴ്ചപ്പാട് നേടുന്നു.
സംസ്ഥാനങ്ങള്‍ താരതമ്യം ചെയ്യപ്പെടുന്നു; ഏറെ പിന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ സഹകരണാത്മക ഫെഡറലിസത്തിനു കീഴില്‍ വിമര്‍ശിക്കപ്പെടുന്നു. നിശ്ചയമായും മല്‍സരത്തിന്റെയും പുരോഗതിയുടെയും പരിസ്ഥിതി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. നമ്മള്‍ പതിവു രീതികളില്‍ മുന്നോട്ടു പോയാല്‍ ജനങ്ങളുടെ പ്രതീക്ഷകള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുകയില്ല.
ശുചിത്വ പ്രചാരണ പരിപാടിയുടെ കാര്യമെടുക്കുക. ശുചിത്വ റാങ്കിനായി നഗരങ്ങള്‍ക്കും പട്ടണങ്ങള്‍ക്കും ഇടയില്‍ ഒരു മല്‍സരം സൃഷ്ടിക്കപ്പെട്ടു. ഒരു മെട്രോപൊളിറ്റനോ, നഗരമോ പിന്നിലായാല്‍ അതിനു കാരണമായ ഇഴഞ്ഞുനീങ്ങലിനെതിരേ ഗ്രാമങ്ങളിലെ ജനങ്ങള്‍ ശബ്ദമുയര്‍ത്തും. ഒരു മുന്നേറ്റവും ഒരു മല്‍സരവും തുടങ്ങിയിരിക്കുന്നു.
ഈ വിഷയത്തേക്കുറിച്ചു നിങ്ങള്‍ ചിന്തിക്കുകയാണെങ്കില്‍ രാജ്യത്തിനു പുരോഗതിയുണ്ടായെങ്കില്‍ പോലും എന്തുകൊണ്ടാണ് രാജ്യം കൂടുതല്‍ വളരാത്തത് എന്ന് നിങ്ങള്‍ അത്ഭുതപ്പെടും. എന്തുകൊണ്ടാണ് സ്ഥിതിഗതികള്‍ മാറാത്തത്? അതുകൊണ്ട് രാജ്യത്തെ ജില്ലകളെ ഇനം തിരിക്കുന്ന ഒരു ആശയം ഞങ്ങളുടെ ആലോചനയിലുണ്ട്. ചില മനദണ്ഡങ്ങള്‍ നിശ്ചയിക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഒരേ തരം മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുകയും ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്ന ആ മാതൃകപ്രകാരം പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. 2011ലെ മാനദണ്ഡം അനുസരിച്ചായിരിക്കും ചില കണക്കുകള്‍. മറ്റു വിവരശേഖരണമൊന്നുമുണ്ടാകില്ല. ആ ജില്ലകളില്‍ ലഭ്യമായത് എന്തൊക്കെയാണെന്നും എന്തൊക്കെയാണ് ഇല്ലാത്തതെന്നും നോക്കി അതില്‍ നിന്ന് 48 മാനദണ്ഡങ്ങള്‍ നാം കണ്ടെത്തും. അത് ഈ ജില്ലകള്‍ക്ക് ബാധകമാക്കും. അഞ്ചു മുതല്‍ പത്തുവരെ മാനദണ്ഡങ്ങളില്‍ പിറകില്‍ നില്‍ക്കുന്ന ജില്ലകള്‍ മറ്റ് മാനദണ്ഡങ്ങളിലും അതേ സ്ഥിതിയിലായിരിക്കും എന്നാണ് അനുഭവത്തില്‍ നിന്നു മനസ്സിലാക്കാനായത്.
ചിലപ്പോള്‍ പത്ത് ജില്ലകള്‍ മുന്നോട്ടു കുതിക്കുമെങ്കിലും അഞ്ച് ജില്ലകള്‍ പിന്നാക്കമാകും. പിന്നാക്കം നില്‍ക്കുന്നവ പുരോഗമിച്ചവയെ പുറകോട്ടു വലിക്കും. അതായത് വികസനത്തിനു വേണ്ടി എല്ലാ ജില്ലകളും ശ്രമിക്കണം. പ്രവര്‍ത്തിക്കേണ്ട പ്രത്യേക മാനദണ്ഡങ്ങള്‍ ജില്ലകള്‍ കണ്ടെത്തണം. ഈ ഗൃഹപാഠം ഏകദേശം ഒരു വര്‍ഷത്തോളമായി നടക്കുന്നുണ്ട്. ചര്‍ച്ചകളും യോഗങ്ങളും നടക്കുകയും വ്യത്യസ്ഥ തലങ്ങളില്‍ കണ്ടെത്തലുകള്‍ നടക്കുകയും ചെയ്തു. പിന്നീട്, കണ്ടെത്തിയ ആ 115 ജില്ലകളിലെ ജില്ലാ മജിസ്‌ട്രേട്ടുമാരെ ഇവിടെ വിളിച്ചുചേര്‍ത്ത് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് രണ്ടു ദിവസത്തെ ശില്‍പശാല സംഘടിപ്പിച്ചു.
നാം ഇപ്പോള്‍ രാഷ്ട്രീയം പറയുകയാണെങ്കില്‍ നിങ്ങളില്‍ നിന്ന് വ്യത്യസ്തരാകില്ല.. നാമെല്ലാം ഒന്നാണ്. ജനങ്ങളുടെ സ്ഥിതിയെന്താണ്? ശരി, എന്നോട് ബജറ്റിനേക്കുറിച്ചു പറയൂ, പണമെവിടെ? നിങ്ങള്‍ സൂക്ഷിച്ചു നോക്കുകയാണെങ്കില്‍ ലഭ്യമായ പണം കൊണ്ടുതന്നെ ഒരു ജില്ല വികസിക്കുകയും അതേപോലെ വിഭവങ്ങള്‍ ഉണ്ടായിട്ടും മറ്റൊരു ജില്ല പിന്നിലാവുകയും ചെയ്യുന്നത് മനസ്സിലാക്കാന്‍ കഴിയും. പണത്തിന്റെ ലഭ്യതയല്ല പ്രശ്‌നമെന്നാണ് ഇതിന്റെ അര്‍ത്ഥം; ഭരണനിര്‍വഹണമാണു പ്രശ്‌നം, നേതൃത്വമാണു പ്രശ്‌നം, ഏകോപനമാണ് പ്രശ്‌നം, ഫലപ്രദമായ നടപ്പാക്കലാണ് പ്രശ്‌നം. അതുകൊണ്ട് നാം എങ്ങനെ ഈ കാര്യങ്ങള്‍ക്കു മാറ്റമുണ്ടാക്കും. എല്ലാ കളക്ടര്‍മാരും മുതിര്‍ന്ന ഗവണ്‍മെന്റ് ഉദ്യോഗസ്ഥരോടും ഈ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു.
ഒരു കാര്യം എന്റെ ശ്രദ്ധയില്‍ വന്നു. ഞാന്‍ ആരെയും വിമര്‍ശിക്കാന്‍ ചോദിക്കുകയല്ല. പക്ഷേ, സഭകളിലൊന്നില്‍, ഞാന്‍ ചിലതിനേക്കുറിച്ച് തുറന്നു സംസാരിക്കുകയാണെങ്കില്‍, അതൊരു മോശം ആശയമായിത്തീരില്ല. സാധാരണഗതിയില്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് ശരാശരി 27, 28, 30 വയസ്സേ ഉള്ളൂവെന്നു കണ്ട് ഞാന്‍ അമ്പരന്നു. മൂന്നും നാലും വര്‍ഷത്തേക്ക് യുവ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് അവസരം ലഭിക്കാറുണ്ടെങ്കിലും ഈ 115 ജില്ലകളില്‍ 80 ശതമാനത്തിനു മുകളിലും കളക്ടര്‍മാരായി 40 വയസ്സിനു മുകളിലുള്ളവരെയാണു ഞാന്‍ പരിചയപ്പെട്ടത്, ചിലര്‍ക്ക് 45 വയസ്സിനു മുകളില്‍ പോലുമുണ്ടായിരുന്നു.
പറയൂ, ആ ജില്ലകളിലെ കളക്ടര്‍മാര്‍ 40-45 വയസ്സുകാരാണെങ്കില്‍ എന്തായിരിക്കും സംഭവിക്കുക? അവരുടെ കുട്ടികള്‍ വളരുകയും അവരുടെ വിദ്യാഭ്യാസത്തേക്കുറിച്ച് അവര്‍ ചിന്തിക്കുകയും ചെയ്യും; കുട്ടിക്ക് നല്ല സ്‌കൂളില്‍ പ്രവേശനം ലഭിക്കാന്‍ പറ്റിയ ഏതെങ്കിലും വലിയ നഗരത്തില്‍ നിയമനം കിട്ടണമെന്ന് ഉറപ്പായും അവര്‍ ചിന്തിക്കും. രണ്ടാമതായി, സംസ്ഥാന സര്‍വീസുകളില്‍ നിന്നും സ്ഥാനക്കയറ്റം കിട്ടി നിയമിക്കപ്പെടുന്നവരില്‍ ബഹുഭൂരിപക്ഷവും ഈ ജില്ലകളിലാണ് എത്തുന്നത്. ജില്ല പിന്നാക്കമാണെന്ന് അവര്‍ എപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കും. പ്രശ്‌നം അവിടെ തുടങ്ങും. നാം യുവാക്കളും പുതിയവരുമായ ഉദ്യോഗസ്ഥരെ ഈ ജില്ലകളില്‍ അടുത്ത അഞ്ചു വര്‍ഷത്തേക്കു നിയമിച്ചാല്‍ കാര്യങ്ങള്‍ മാറാന്‍ തുടങ്ങും. സ്വയം വെല്ലുവിളി എന്ന നിലയില്‍ തങ്ങളെത്തന്നെ വിശ്വസിക്കണമെന്നാണ് ഞാന്‍ മുഖ്യമന്ത്രിമാരോടു പറയാറുള്ളത്. ഉദ്യോഗസ്ഥര്‍ തമ്മില്‍ നടത്തുന്ന ചര്‍ച്ചയില്‍ പറയുന്നത്- താങ്കളെ അങ്ങോട്ട് അയച്ചു എന്നതിനര്‍ത്ഥം താങ്കള്‍ ഒതുക്കപ്പെട്ടിരിക്കുന്നു എന്ന മട്ടിലാണ്. എന്താണു ചെയ്യുക? ഇതിലൊരു രാഷ്ട്രീയ ബന്ധവുമില്ല സുഹൃത്തേ. എന്താണു സംഭവിച്ചത്? എന്തുകൊണ്ടാണ് നിങ്ങളെ അങ്ങോട്ട് അയച്ചത? അതാണ് ചിന്തകള്‍ക്കു പിന്നിലുള്ള മനശ്ശാസ്ത്രം.
ഇപ്പോള്‍ പറയൂ, രോഗപ്രതിരോധ മരുന്നു വിതരണം ഒരു ജില്ലയില്‍ നന്നായി നടക്കുകയും അടുത്ത പ്രദേശത്ത് അങ്ങനെയല്ലാതിരിക്കുകയും ചെയ്യുന്നതിനേക്കുറിച്ച്. എന്താണ് കുറവ്? എന്തെങ്കിലും തരത്തിലുള്ള വിഭവ പരിമിതിയില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. പ്രചോദനമാണ് ആവശ്യം, കൃത്യമായ ആസൂത്രണവും ജനകീയ പങ്കാളിത്തവും. പ്രതിരോധ മരുന്നു വിതരണം നടന്നില്ലെങ്കില്‍ രോഗങ്ങള്‍ക്കു പ്രവേശിക്കാനുള്ള വാതില്‍ തുറക്കുകയാണെന്നും രോഗങ്ങള്‍ തുടര്‍ന്നും ബാധിച്ചുകൊണ്ടിരിക്കുമെന്നുമാണ് നാം മനസ്സിലാക്കേണ്ടത്.
സ്‌കൂളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക്- നമുക്ക് സ്‌കൂളുകളും അധ്യാപകരും കെട്ടിടങ്ങളുമുണ്ട്. എല്ലാമുണ്ട്. ബജറ്റ് വിഹിതം പോലും കിട്ടുന്നു. എന്നിട്ടും കൊഴിഞ്ഞു പോക്കുണ്ട്. രണ്ടു കാഴ്ചപ്പാടുകളാണ് അതിലുള്ളത്. ചുരുക്കിപ്പറഞ്ഞാല്‍ വിഭവക്കുറവിന്റെയല്ല കാര്യം.
രണ്ടാമതായി, എവിടെയെല്ലാം ഉദ്യോഗസ്ഥരും പ്രാദേശിക നേതൃത്വവും ചേര്‍ന്ന് പൊതുജന പങ്കാളിത്തത്തോടെ ഒരു ജോലി ഏറ്റെടുത്തുവോ, അവിടെയെല്ലാം തല്‍ക്ഷണം ഫലമുണ്ടാകുന്നത് നിങ്ങള്‍ കണ്ടിരിക്കും. ജനങ്ങള്‍, പഞ്ചായത്ത് മേധാവികള്‍, പഞ്ചായത്ത് അംഗങ്ങള്‍, നഗരസഭാംഗങ്ങള്‍, നഗരസഭാ അധ്യക്ഷര്‍, ജില്ലാ പഞ്ചായത്തുകള്‍, തെഹസില്‍ പഞ്ചായത്തുകള്‍, സ്വന്തം സമൂഹത്തിലെ പൊതുജീവിതത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നവര്‍ ആരൊക്കെയാണോ അവരെല്ലാം, നിയമസഭാ സാമാജികനോ എംപിയോ, ആരായാലും ജില്ലയ്ക്കു വേണ്ടി ഒരേ ദിശയില്‍ നീങ്ങണം. കൂടുതല്‍ ജനങ്ങളെ ചേര്‍ത്ത് നാം പൂര്‍ണ ശേഷിയിലും കരുത്തിലും പ്രവര്‍ത്തിക്കും. മാറ്റങ്ങള്‍ വരുന്നത് നമുക്ക് കാണാം.
ചിലപ്പോള്‍ വളരെ അടുത്ത് പങ്കാളിത്തം വഹിക്കുന്നതില്‍ നിന്ന് മാറ്റങ്ങള്‍ വരും. ആരോഗ്യവാനായ, ശാരീരികക്ഷമതയുള്ള, ശരിയായി ഭക്ഷണം കഴിക്കുകയും നല്ല കുടുംബജീവിതം നയിക്കുകയും മറ്റു പ്രശ്‌നങ്ങളൊന്നുമില്ലാത്ത ആള്‍ ക്രമേണ തന്റെ ഭാരം കുറയുന്നതായി ശ്രദ്ധിക്കുന്നു. ഡയറ്റിംഗിലാണെന്നും മുമ്പത്തേക്കാള്‍ തനിക്ക് ശാരീരികക്ഷമയും ആരോഗ്യവും അനുഭവപ്പെടുന്നുണ്ട് എന്നുമൊക്കെ പറഞ്ഞ് തുടക്കത്തില്‍ അവഗണിക്കുന്നു. പിന്നെ ഭാരം കുറയാന്‍ തുടങ്ങുകയും എന്താണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് അയാള്‍ അത്ഭുതപ്പെടാന്‍ തുടങ്ങുകയും ചെയ്യുന്നു. അതിന്റെ തുടര്‍ച്ചയായി ക്ഷീണിക്കുന്നതായി അയാള്‍ക്കു തോന്നിത്തുടങ്ങുകയും പ്രശ്‌നം അറിയാനാകാതെ ജീവിതം നന്നായി ആസ്വദിക്കാനാകാതെ വരികയും ചെയ്യുന്നു. എന്നാല്‍ അനുഭവ പരിചയമുള്ള ഒരു ഡോക്ടര്‍ അയാളോട് പരിശോധന നടത്താന്‍ നിര്‍ദേശിക്കുകയും തനിക്ക് പ്രമേഹമാണെന്ന് അയാള്‍ മനസ്സിലാക്കുകയും ചെയ്യുന്നു. പ്രമേഹം നിയന്ത്രിക്കാന്‍ വേഗംതന്നെ മരുന്നുകള്‍ കഴിച്ചു തുടങ്ങുന്നു. പ്രമേഹം ഭേദമാകുന്നില്ലെങ്കിലും മറ്റെല്ലാ കാര്യങ്ങളും മെച്ചപ്പെടുന്നു. നമ്മുടെ ജില്ലകളുടേത് ഇതേ സ്ഥിതിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ ജില്ലകള്‍ക്കു ക്ഷീണമുണ്ടാക്കുന്ന പ്രശ്‌നത്തിന്റെ വേര് ഒരിക്കല്‍ കണ്ടെത്തിയാല്‍ അത് അഭിമുഖീകരിക്കാനും മാറ്റമുണ്ടാക്കാനും ശ്രമിക്കാന്‍ സാധിക്കും. ഒരു ജില്ലയും ദീര്‍ഘകാലം പിന്നിലായിരിക്കില്ലെന്നു നിങ്ങള്‍ക്കു കാണാനാകും.
ഈ 115 ജില്ലകളില്‍ 30-35 എണ്ണം ഇടതുപക്ഷ തീവ്രവാദ ബാധിത ജില്ലകളാണ്. ആ ജില്ലകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കാന്‍ ഞാന്‍ ആഭ്യന്തര മന്ത്രാലയത്തോട് പറഞ്ഞു. എങ്ങനെ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നമുക്കു കഴിയും? അവശേഷിക്കുന്ന 80-90 ജില്ലകളെ അഭിമുഖീകരിക്കാന്‍ എളുപ്പമാണ്. ഈ ജില്ലകള്‍ക്കു വേണ്ടി ഇപ്പോള്‍ ആസൂത്രണം നടത്തേണ്ടത് എങ്ങനെയാണ്? ഒരു ജില്ലയിലെത്തന്നെ ഒരു താലൂക്കില്‍ വളരെ നന്നായി പ്രതിരോധ മരുന്നു വിതരണം നടക്കുകയും മറ്റൊരു താലൂക്കില്‍ സ്‌കൂളില്‍ നിന്നുള്ള കൊഴിഞ്ഞു പോക്കിനു നല്ല മാറ്റമുണ്ടാവുകയും ചെയ്യുന്നതായി നിങ്ങള്‍ക്കു കാണാനാകും. ഓരോ പ്രദേശത്തിനും ചില ശക്തികളുണ്ട്. എന്നാല്‍ ദൗര്‍ബല്യങ്ങളുള്ള പ്രദേശങ്ങളെ നാം അഭിമുഖീകരിക്കണം; ഒരു ഗ്രാമത്തിന് മൂന്നു ശക്തികളും രണ്ട് ദൗര്‍ബല്യങ്ങളുമുണ്ടെങ്കില്‍ ആ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളിലേക്കു നാം മുന്നേറണം.
ഈ പ്രവര്‍ത്തനം അത്രയ്‌ക്കൊന്നും ബുദ്ധിമുട്ടുള്ളതല്ല. നിതി ആയോഗില്‍ നിന്നുള്ളവര്‍ നിങ്ങള്‍ക്കു മുന്നിലൊരു അവതരണം നടത്തും. ഞാന്‍ രണ്ടു ദിവസം മുമ്പ് എല്ലാ മന്ത്രിമാര്‍ക്കുമൊപ്പം ഈ അവതരണം കണ്ടു. കഴിഞ്ഞ ഇരുപത് വര്‍ഷമായി ഞാന്‍ ഗവണ്‍മെന്റുകളുടെ അവതരണം കാണുകയാണ്. പക്ഷേ, ഇത് വളരെ സൂക്ഷ്മവും സാധാരണക്കാരനു പോലും മനസ്സിലാക്കാനാകുന്നതുമാണ്. അമിതാഭ്കാന്ത് ജി ഒരു മനോഹരമായ അവതരണം തന്നിരിക്കുന്നു! ഞാന്‍ ശരിക്കും ആകൃഷ്ടനായി. നിങ്ങളെയും അവര്‍ അത് കാണിക്കാന്‍ പോവുകയാണ്.
ഒരു പ്രത്യേക ജില്ല, സംസ്ഥാന ശരാശരിയേക്കാളും സംസ്ഥാനത്തെ നന്നായി പ്രവര്‍ത്തിക്കുന്ന ജില്ലകളെക്കാളും ദേശീയ ശരാശരിയേക്കാളും മാറുന്നുവെന്ന് മനസ്സിലാക്കാന്‍ ഒരു രീതിയുണ്ട്. നാല് മാനദണ്ഡങ്ങള്‍ ഇതിനായി ഉപയോഗിക്കുന്നു. രാജ്യത്തെ 200 ജില്ലകള്‍ക്ക് വളരാമെങ്കില്‍ നിങ്ങളുടെ ജില്ലയ്ക്കും മുന്നേറാനാകും എന്ന തോന്നല്‍ നിങ്ങള്‍ക്കുണ്ടാകുന്നു. രാജ്യത്തെ ആയിരക്കണക്കിനു താലൂക്കുകള്‍ക്ക് മുന്നേറാമെങ്കില്‍ നിങ്ങളുടെ താലൂക്കിനും മുന്നേറാനാകും. വ്യത്യസ്ഥ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ളവര്‍ ഇവിടെ എത്തിയിട്ടുണ്ട്. കടുത്ത രാഷ്ട്രീയത്തിന്റെയും മുന്നേറ്റ രാഷ്ട്രീയത്തിന്റെയും പ്രസ്താവനാ രാഷ്ട്രീയത്തിന്റെയും ഏറ്റുമുട്ടല്‍ രാഷ്ട്രീയത്തിന്റെയും ഒരു കാലം രാജ്യത്തുണ്ടായിരുന്നു. ഇപ്പോള്‍ കാലം മാറിയിരിക്കുന്നു; നിങ്ങള്‍ ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടിയുള്ള നിങ്ങളുടെ പ്രവര്‍ത്തനങ്ങളേക്കുറിച്ച് അവര്‍ ഏറെ ശ്രദ്ധയുള്ളവരാണ്.
നിങ്ങളുടെ പോരാട്ടങ്ങളും നിങ്ങളുടെ ജാഥകളും നിങ്ങളുടെ ജയില്‍ സന്ദര്‍ശനങ്ങളും ഉള്‍പ്പെടെ 20 വര്‍ഷം മുമ്പ് നിങ്ങളുടെ രാഷ്ട്രീയ വളര്‍ച്ചയുടെ കാരണമായ എല്ലാം ഇതിലുണ്ട്. ചുറ്റുപാടുകള്‍ ഇന്ന് മാറിയിരിക്കുന്നു. ചില പ്രതിനിധികള്‍ വീണ്ടും വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നത് നിങ്ങള്‍ കാണുന്നുണ്ടാവും. രാഷ്ട്രീയ പോരാട്ടങ്ങള്‍ കൊണ്ടല്ല അതെന്നും രാഷ്ട്രീയ അധികാര മല്‍സരവുമായി തീരെ ബന്ധമില്ലാത്ത മറ്റു ചില കാരണങ്ങളാലാണ് എന്നും വിശകലനം ചെയ്താല്‍ നിങ്ങള്‍ക്ക് മനസ്സിലാകും. അത് പൊതുജനത്തിന്റെ ക്ഷേമവുമായി ബന്ധപ്പെട്ടിരിക്കുന്നു. എല്ലായ്‌പ്പോഴും ഒരു പ്രശ്‌നവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ പുതുതായി അവര്‍ ചെയ്യുന്നു; സ്ഥിരമായി ആശുപത്രി സന്ദര്‍ശനം നടത്തുന്നുണ്ടാകാം, അല്ലെങ്കില്‍ ജനങ്ങളെ കാണുന്നുണ്ടാകാം. ഈ പ്രതിഛായ അവരെ രാഷ്ട്രീയ ത്തിലും സഹായിക്കുന്നു.
കടുത്ത രാഷ്ട്രീയം പൂര്‍ണമായി വിടണമെന്ന് ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നില്ല. പക്ഷേ, നിങ്ങള്‍ അതുപേക്ഷിക്കണമെന്ന് ജനങ്ങള്‍ നിര്‍ബന്ധിക്കുന്നു. സമൂഹത്തിന്റെ അവബോധം നമ്മെ അതുപേക്ഷിക്കാന്‍ നിര്‍ബന്ധിക്കുന്നു. നാം എല്ലായ്‌പ്പോഴും അവര്‍ക്കു വേണ്ടി നിലകൊള്ളണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അവരുടെ ജീവിതത്തില്‍ ഒരു മാറ്റമുണ്ടാക്കാന്‍ ഒപ്പമുണ്ടാകുന്നത് ആരാണെന്ന് അവര്‍ ആകാംക്ഷയോടെ നോക്കുന്നു. അതിനൊരു വലിയ ഫലപ്രാപ്തിയുണ്ട്. നമ്മുടെ പ്രദേശങ്ങളില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നൂറ് ശതമാനവും നടപ്പാക്കുമെന്ന് നാം തീരുമാനിക്കണം. നീം തീരുമാനിക്കണം- എന്റെ ശ്രമഫലമായി ഒരു മാറ്റമെങ്കിലും ഞാനുണ്ടാക്കുമെന്ന്. കാര്യങ്ങള്‍ സ്വയം മാറിത്തുടങ്ങും.
സന്നദ്ധ പ്രവര്‍ത്തകരും ജനങ്ങളും ഇന്ദ്രധനുഷ് പദ്ധതിക്കു കീഴില്‍ രോഗപ്രതിരോധ മരുന്നു കൊടുക്കുന്ന ദിവസം രംഗത്തുണ്ടാകുമെന്നും പ്രതിരോധ മരുന്നു വിതരണം പൂര്‍ത്തിയാക്കുമെന്നും ചിലര്‍ക്ക് തീരുമാനിക്കാം. നേരത്തേ നാം 30 ശതമാനവും 40 ശതമാനവും 50 ശതമാനവുമൊക്കെയാണ് പ്രതിരോധ മരുന്ന് വിതരണം പൂര്‍ത്തിയാക്കിയിരുന്നത്. ഗവണ്‍മെന്റ് ചെലവഴിച്ചില്ലെന്നല്ല; തീര്‍ച്ചയായും ബജറ്റിനു പുറത്തുനിന്നാണ് ചെലവഴിച്ചിരുന്നത്. ഗുലാം നബി ജി ആരോഗ്യമന്ത്രിയായിരുന്നപ്പോഴാണ് അത് തുടങ്ങിയത്. എന്നാല്‍ പൊതുജന പങ്കാളിത്തത്തിന്റെ അഭാവത്തില്‍ ആ കാര്യങ്ങള്‍ റദ്ദാക്കപ്പെട്ടു.
ഇന്ദ്രധനുഷ് പദ്ധതിക്കു കീഴില്‍ ഒരു പ്രത്യേക യത്‌നം നടക്കുകയും ഇപ്പോള്‍ പ്രതിരോധ മരുന്നു വിതരണം 70-75 ശതമാനം വരെ എത്തുകയും ചെയ്തു. എന്നാല്‍ നമുക്ക് അത് 90 ശതമാനമാക്കാന്‍ കഴിയുമോ? ഒരിക്കല്‍ നാം 90 ശതമാനം നേടിയാല്‍ പിന്നെ ലക്ഷ്യം 100 ശതമാനത്തിലേക്ക് എത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും പ്രതിരോധ മരുന്നു കൊടുത്താല്‍ ഗൗരവമുള്ള രോഗങ്ങള്‍ പ്രതിരോധിക്കാനാകും.
ഒരു സംവിധാനവും ആസൂത്രണവും ഉണ്ട്. പുതിയ ബജറ്റിന്റെ ആവശ്യമില്ല. ഒരു ദൗത്യമായി ഏറ്റെടുത്തു ചെയ്യാന്‍ കഴിഞ്ഞാല്‍ നിലവിലുള്ള ബജറ്റും ലഭ്യമായ വിഭവങ്ങളും മനുഷ്യ ശേഷിയും കൊണ്ട് ഉറപ്പായും നാം ആഗ്രഹിക്കുന്ന ഫലങ്ങളില്‍ എത്താന്‍ കഴിയും. ഈ പങ്കാളിത്തം മാറ്റം ആഗ്രഹിക്കുന്ന ജില്ലകളില്‍ പ്രയോഗിക്കാം. ‘പിന്നാക്കാവസ്ഥ’ എന്ന വാക്ക് ഉപയോഗിക്കരുത് എന്ന് എല്ലാവരോടും ഞാന്‍ പറഞ്ഞിട്ടുണ്ട്. അല്ലെങ്കില്‍ മനോഭാവം വീണ്ടും നിഷേധാത്മകമായി മാറും.
റെയില്‍വേയില്‍ നേരത്തേ മൂന്നു ക്ലാസുകളാണ് ഉണ്ടായിരുന്നതെന്ന് നിങ്ങള്‍ക്ക് അറിയാം- ഒന്നാം ക്ലാസ്, രണ്ടാം ക്ലാസ്, മൂന്നാം ക്ലാസ്. പിന്നീട്, 20-25 വര്‍ഷങ്ങള്‍ക്കു മുമ്പ് ഗവണ്‍മെന്റ് മൂന്നാം ക്ലാസ് റദ്ദാക്കി. കോച്ചുകളില്‍ വ്യത്യാസമൊന്നുമില്ലെങ്കിലും മനോഭാവത്തില്‍ മാറ്റമുണ്ടായിരുന്നു. മുമ്പ് മൂന്നാം ക്ലാസില്‍ യാത്ര ചെയ്യുന്നവരെ താഴ്ന്നവരായാണ് കണ്ടിരുന്നത്. ഇപ്പോള്‍ അത് മാറി. കോച്ചുകള്‍ ഒന്നുതന്നെയാണ്. അതുപോലെതന്നെ, ‘പിന്നാക്കാവസ്ഥ’ എന്ന വാക്ക് നാം ഉപയോഗിച്ചാല്‍ മനോഭാവം വീണ്ടും നിഷേധാത്മകമാകും. ഓ, താങ്കള്‍ ആ പിന്നാക്ക ജില്ലയില്‍ നിന്നുള്ള എംഎല്‍എ ആണോ! താങ്കളും പിന്നാക്കമാണോ? എല്ലാം അവിടെയാണു തുടങ്ങുക. രാജ്യത്ത് പിന്നാക്കാവസ്ഥയ്ക്കു വേണ്ടിയല്ല വികസനത്തിനു വേണ്ടിയാകണം നാം മല്‍സരിക്കേണ്ടത്. ഈ ജില്ലകള്‍ വികസിക്കുകയാണെങ്കില്‍ സാമൂഹികനീതിയുടെ ലക്ഷ്യവും സ്വയം നടപ്പാകും.
നമ്മുടെ പ്രദേശത്തെ എല്ലാ വിദ്യാര്‍ത്ഥികളെയും വിദ്യാഭ്യാസം ചെയ്യിക്കുക എന്നത് സാമൂഹികനീതിയുമായി വളരെ അടുത്തുനില്‍ക്കുന്ന കാര്യമാണ്. എല്ലാ വീടുകളിലും വൈദ്യുതി എത്തുക എന്നത് സാമൂഹികനീതിയിലേക്ക് ഒരു ചുവട് കൂടി അടുക്കലാണ്. നമ്മുടെ വലിയ വ്യക്തിത്വങ്ങള്‍ ഹാളിലോ സഭയിലോ വച്ചിട്ട് പുതിയൊരു ഭാവം കൈക്കൊണ്ടാല്‍ നാമെല്ലാം ലക്ഷ്യം വയ്ക്കുന്ന മഹത്തായ ഫലങ്ങള്‍ സാമൂഹികനീതി അടിസ്ഥാനപ്പെടുത്തി നേടാന്‍ നമുക്ക് സാധിക്കും. ഏറ്റുമുട്ടല്‍ സാധ്യതകള്‍ വളരെ കുറയുകയും ചെയ്യും.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കള്‍ ഇവിടെ എത്തിയിട്ടുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരേ പ്രദേശത്തുനിന്നുള്ള എംഎല്‍എമാരും എംപിമാരും ഇവിടെയുണ്ട്. പരിവര്‍ത്തനം ആഗ്രഹിക്കുന്ന ജില്ലകളില്‍ നിന്ന് രണ്ടു മാസം മുമ്പ് സ്ഥലം മാറിപ്പോയ ചില ഉദ്യോഗസ്ഥരെ കാണുമെന്നും യഥാര്‍ത്ഥ സ്ഥിതിയേക്കുറിച്ച് ഞാന്‍ അവരോടു ചോദിക്കുമെന്നും ഇപ്പോള്‍ ഉറപ്പിക്കുക.
അടുത്തയിടെ ഞാന്‍ രാജസ്ഥാനിലെ ജുന്‍ജുനു ജില്ല സന്ദര്‍ശിച്ചു. പരിവര്‍ത്തനം ആഗ്രഹിക്കുന്ന രാജസ്ഥാനിലെ അഞ്ച് ജില്ലകളിലേയും ഹരിയാനയിലെ ഒരു ജില്ലയിലേയും ഉദ്യോഗസ്ഥരുമായി ഞാന്‍ കൂടിക്കാഴ്ച നടത്തി. അര മണിക്കൂര്‍ അവര്‍ക്കൊപ്പം ചെലവഴിക്കുകയും നിലവിലെ സ്ഥിതിയിലെ മാറ്റങ്ങള്‍ അറിയിക്കാന്‍ അവരോട് ആവശ്യപ്പെടുകയും ചെയ്തു. ഒരു കൈത്താങ്ങ് കൊടുത്തുകൊണ്ട് അവര്‍ക്കൊപ്പം നമ്മളും പ്രവര്‍ത്തിക്കണം എന്ന് എനിക്ക് തോന്നുന്നു. പ്രവൃത്തി പൂര്‍ത്തിയാകാത്തതിനെച്ചൊല്ലി നാം അവരോട്, ‘ എന്താണ് ഇത് ഇതുവരെ പൂര്‍ത്തിയാകാത്തത്, എന്താണ് കാരണം’ എന്നൊക്കെ കയര്‍ത്താല്‍ അവര്‍കഷീണിതരാകും- അതൊക്കെ കൊള്ളാം, രാഷ്ട്രീയത്തിന്റെ രീതിയുമാണ്- പക്ഷേ, വിഷമിക്കേണ്ട,ഞാന്‍ കൂടെയുണ്ട്, വരൂ എന്നൊരു നല്ല വാക്ക് പറഞ്ഞാല്‍ അത് അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസം നാം വര്‍ദ്ധിപ്പിച്ചേ തീരൂ.
പൊതുജനപങ്കാളിത്തം നാം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. നാം എന്തുകൊണ്ട് സന്നദ്ധ സംഘടനകളെയും ആ പ്രദേശത്തെ യുവജനങ്ങളെയും കൂടെക്കൂട്ടുന്നില്ല? ഈ സാഹചര്യം നാം മാറ്റണം. നമുക്ക് വിഭവങ്ങളുണ്ടെങ്കിലും ആഗ്രഹിക്കുന്ന ഫലം കൈവരുന്നില്ല. നമുക്ക് പഴുതുകള്‍ അടയ്ക്കണം; നമുക്കതു കഴിയും! ഫലം ലഭിക്കാന്‍ തുടങ്ങിയാല്‍ ആത്മവിശ്വാസം തനിയെ ശക്തിപ്പെടുന്നതുകൊണ്ട് ഭരണനിര്‍വഹണ സംവിധാനം തനിയെ മെച്ചപ്പെടാന്‍ തുടങ്ങും.115 ജില്ലകളില്‍ ചില ജില്ലകള്‍ നിശ്ചയമായും നിങ്ങളെ അത്ഭുതപ്പെടുത്തും. ഈ ജില്ലകള്‍ എങ്ങനെയാണ് പിന്നാക്കമായിരുന്നത് എന്ന് നിങ്ങള്‍ അത്ഭുതപ്പെടും. അത് വ്യാവസായികമായി വികസിച്ചിട്ടും പിന്നാക്ക ജില്ലകളുടെ കൂട്ടത്തില്‍ തന്നെയാണ്. ആ പ്രമേഹ രോഗിയെപ്പോലെതന്നെ ഈ ജില്ലകള്‍ ഒരു മാനദണ്ഡപ്രകാരം വികസിക്കുകയും പ്രശസ്തി നേടുകയും ചെയ്യുന്നു. പക്ഷേ, മറ്റു മാനദണ്ഡങ്ങളില്‍ പിന്നിലായിപ്പോകുന്നു. ഒരു മാനദണ്ഡത്തില്‍ പിടിച്ച് എല്ലാവരും ആശ്ചര്യം പ്രകടിപ്പിക്കുന്നു. ‘വൗ! അത് ഗംഭീരമാണ്!’. പക്ഷേ, മറ്റു മാനദണ്ഡങ്ങളില്‍ ജില്ല പിന്നിലായിരിക്കുകയും ചെയ്യും.
സ്വന്തം ജില്ലകള്‍ പുറത്താകുന്നതായി ചില ആളുകള്‍ക്ക് തോന്നലുണ്ട്. 2011ലെ മാതൃകയുടെ അടിസ്ഥാനത്തിലാണ് ജില്ലകള്‍ തെരഞ്ഞെടുക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നു. ചില മാതൃകകള്‍ പിന്നീടായിരിക്കും ലഭിച്ചിരിക്കുക. നിങ്ങളുടെ ചില ജില്ലകള്‍ തെരഞ്ഞെടുത്തിട്ടുണ്ട് എന്നും അവ മാറണം എന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍ മാറ്റാമെന്നും സംസ്ഥാനങ്ങളോടു പറഞ്ഞു. ഏകദേശം അഞ്ചോ ആറോ സംസ്ഥാനങ്ങള്‍ ജില്ലകള്‍ മാറ്റി.
യാതൊരു രാഷ്ട്രീയ നിറവും നോക്കാതെയും മനസ്സിലൊരു വിദ്വേഷവും ഇല്ലാതെയും നാമൊന്നിച്ച് ഒരു വര്‍ഷം പ്രവര്‍ത്തിക്കണം; ഞാന്‍ കൂടുതല്‍ സമയം ആവശ്യപ്പെടുന്നില്ല, വെറും ഒരു വര്‍ഷം. നാം കഠിനാധ്വാനം ചെയ്ത് സംസ്ഥാനത്തെ സമവാക്യങ്ങള്‍ മാറ്റിയാല്‍ രാജ്യത്തിന്റെ മൊത്തം ചിത്രം മാറും. മാനവ വികസന സൂചികയില്‍ ലോകത്ത് നമ്മുടെ സ്ഥാനം 131-ാമത് ആണ്.
ഇന്ന് ലോകത്തിന് ഇന്ത്യയില്‍ പ്രത്യാശയും പ്രതീക്ഷകളുമുണ്ട്. നാം മാനവ വികസന സൂചികയില്‍ മെച്ചപ്പെടുകയും ഈ 115 ജില്ലകള്‍ മെച്ചപ്പെടുത്തുകയും ചെയ്താല്‍ രാജ്യം തനിയെ മെച്ചപ്പെടും. നാം അധികമായി ഒന്നും ചെയ്യേണ്ടി വരില്ല.
ഈ മാര്‍ഗ്ഗത്തില്‍ നമുക്ക് പദ്ധതിയുടെ നേട്ടമുണ്ടാക്കാന്‍ സാധിക്കും. തൊഴിലില്ലാത്ത പാവങ്ങള്‍ക്കു വേണ്ടിയുള്ള എംജിഎന്‍ആര്‍ഇജിഎ പോലുള്ള പദ്ധതികള്‍ നോക്കൂ. തൊഴില്‍ ലഭിക്കുക എന്നതാണ് അവരുടെ അടിസ്ഥാന ലക്ഷ്യം. കൂടുതല്‍ ദാരിദ്രമുള്ളിടത്ത് എംജിഎന്‍ആര്‍ഇജിഎ കുറഞ്ഞ തോതിലും സമൃദ്ധിയുള്ള സ്ഥലങ്ങളില്‍ എംജിഎന്‍ആര്‍ഇജിഎയുടെ ഉയര്‍ന്ന തോതിലുള്ള നടപ്പാക്കലും എന്നതാണ് അനുഭവം. എന്തുകൊണ്ട്? സമൃദ്ധിയുള്ള സംസ്ഥാനങ്ങളിലെ സദ്ഭരണത്തിന്റെ നേട്ടം സ്വാഭാവികമായും എംജിഎന്‍ആര്‍ഇജിഎയ്ക്കും ലഭിക്കുന്നു എന്നതാണ് കാരണം. ഉയര്‍ന്ന തോതില്‍ ദാരിദ്ര്യമുള്ളതും കൂലി ആവശ്യമുള്ളതുമായ സംസ്ഥാനങ്ങളിലും എംജിഎന്‍ആര്‍ഇജിഎ ഫണ്ട് ലഭിക്കുന്നുണ്ട്. പക്ഷേ, ഭരണനിര്‍വഹണം മോശമായതുകൊണ്ട് പണം പാവങ്ങളില്‍ എത്തുന്നില്ല.
യഥാര്‍ത്ഥത്തില്‍ സാമ്പത്തിക സമൃദ്ധിയുള്ള സംസ്ഥാനങ്ങള്‍ക്ക് എംജിഎന്‍ആര്‍ഇജിഎയുടെ കുറഞ്ഞ ഫണ്ടും പാവപ്പെട്ട സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ ഫണ്ടുമാണ് കൊടുക്കേണ്ടത്. പക്ഷേ, പ്രശ്‌നം വിഭവ പരിമിതിയുടേതല്ല. നല്ല ഭരണനിര്‍വഹണത്തിന്റെ അഭാവം ഒരു പ്രശ്‌നമാണ്, ഏകോപനത്തിന്റെ അഭാവം ഒരു പ്രശ്‌നമാണ്, കൃത്യമായ ഊന്നല്‍ ഇല്ലാത്തതും ഒരു പ്രശ്‌നമാണ്. ഈ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ നമുക്ക് നല്ല ഫലമുണ്ടാകും.
ഈ 115 ജില്ലകളുടെ വിധി മാറ്റുന്നതിന്‌രണ്ടു ദിവസത്തെ ചര്‍ച്ച ഇവിടെ സംഘടിപ്പിച്ചതിന് ഒരിക്കല്‍ക്കൂടി ഞാന്‍ സുമിത്രാ ജിയോട് ഹൃദയംഗമമായ നന്ദി പറയുന്നു. നമ്മുടെ ഭരണഘടനാ സഭ ചേരുകയും മഹാരഥന്മാര്‍ രാജ്യത്തിനു വേണ്ടി നീണ്ട സംവാദങ്ങളിലും ചര്‍ച്ചകളിലും ഏര്‍പ്പെടുകയും, സ്വപ്‌നം കാണുകയും ചെയ്ത സ്ഥലത്ത് നാം രണ്ടു ദിവസം നടത്തുന്ന ഈ ചര്‍ച്ചകളും പ്രചോദന്മക സംവാദങ്ങളും പുതിയ ഒരു ദിശയിലേക്കുള്ള നമ്മുടെ കുതിപ്പാണ്; അതേ സഭയില്‍ ഇരുന്നുകൊണ്ട്. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞാന്‍ നന്മകള്‍ നേരുന്നു. ഇവിടെ സന്നിഹിതരായതിന് ഹൃദയത്തില്‍ നിന്നുള്ള നന്ദി നിങ്ങളെ വീണ്ടും അറിയിക്കുന്നു.
നിങ്ങള്‍ക്കു നന്ദി.
****
In every state there are a few districts where development parameters are strong. We can learn from them and work on weaker districts: PM @narendramodi
— PMO India (@PMOIndia) March 10, 2018
A spirit of competitive and cooperative federalism is very good for country: PM @narendramodi
— PMO India (@PMOIndia) March 10, 2018
Public participation always helps. Wherever officials have worked with people and involved them with the development process, the results are transformative: PM @narendramodi
— PMO India (@PMOIndia) March 10, 2018
Essential to identify the areas where districts need improvement and then address the shortcomings: PM @narendramodi
— PMO India (@PMOIndia) March 10, 2018
Once we decide to change even one aspect in the districts, we will get the momentum to work on the other shortcomings: PM @narendramodi
— PMO India (@PMOIndia) March 10, 2018
We have the manpower, we have the skills and the resources. We need to work in a Mission Mode and bring a positive change. Our aim is social justice: PM @narendramodi
— PMO India (@PMOIndia) March 10, 2018
Working on the aspirational districts will improve India's standing in the HDI: PM @narendramodi
— PMO India (@PMOIndia) March 10, 2018
This conference of Legislators is a commendable initiative by Speaker @S_MahajanLS Ji. It is good to have Legislators from various states coming together to discuss important issues: PM @narendramodi
— PMO India (@PMOIndia) March 10, 2018