Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ദ്വാരകയില്‍ ഒഖയ്ക്കും ബെത്ദ്വാരകയ്ക്കും മധ്യേ നിര്‍മ്മിക്കുന്ന പാലത്തിന്റെ ശിലാസ്ഥാപനച്ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം.


ഇവിടെ സന്നിഹിതരായിരിക്കുന്ന എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ,

ദ്വാരകയിലെ ജനങ്ങളെ ഇന്ന് വ്യത്യസ്തമായ മാനസിക അവസ്ഥയിലാണ് ഞാന്‍ കാണുന്നത്. എല്ലായിടത്തും വലിയ ഉത്സാഹം. നല്ല പ്രസരിപ്പ്, ദ്വാരകയില്‍ പുതിയ ചൈതന്യം അനുഭവപ്പെടുന്നതു പോലെ എന്നിക്കു തോന്നുന്നു. ദ്വാരകയിലെ എല്ലാ ജനങ്ങളെയും എന്റെ ഹൃദ്യമായ സ്‌നേഹാദരങ്ങള്‍ ഞാന്‍ അറിയിക്കുന്നു. ഞാന്‍ അവര്‍ക്കു നന്ദി പറയുന്നു. ഇന്ന് ദ്വാരക നഗരിയില്‍ ആരംഭിക്കുന്ന ജോലി ബേത് ദ്വാരകയില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന പാലത്തിന്റെ നിര്‍മ്മാണം മാത്രമല്ല. കമ്പിയും സിമന്റും കട്ടകളും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന വെറും ഘടനയല്ല അത്. മറിച്ച് ബേത് ദ്വാരകയുടെ സാംസ്‌കാരിക പൈതൃകവുമായി ആയിരക്കണക്കിനു വര്‍ഷം പഴക്കമുള്ള ബന്ധത്തെ കൂട്ടിയോജിപ്പിക്കുന്ന ജോലിയാണ് ഈ പാലത്തിന്റെ നിര്‍മ്മിതിയിലൂടെ ഇന്ന് സംഭവിക്കുന്നത്.

എപ്പോഴൊക്കെ ഞാന്‍ ബെത് സന്ദര്‍ശിച്ചിട്ടുണ്ടോ അപ്പോഴൊക്കെ ഞാന്‍ ഈ പാലം കാണാറുണ്ട്, ഇതിനടിയിലൂടെ ഒഴുകുന്ന തെളിഞ്ഞ വെള്ളം കാണാറുണ്ട്, അവിടെത്തെ അനന്തമായ വിനോദസഞ്ചാര സാധ്യതകള്‍ കാണാറുണ്ട്. എന്നാല്‍ കേന്ദ്ര ഗവണ്‍മെന്റിന് കഴിഞ്ഞ കാലങ്ങളില്‍ ഗുജറാത്തിനോടുള്ള താല്പര്യം എന്തായിരുന്നു എന്ന് നിങ്ങള്‍ക്കു നന്നായി അറിയാമല്ലോ? എത്രമാത്രം പ്രതിസന്ധികള്‍ നാം നേരിട്ടു. ബേത്തിലെ ജനങ്ങളുടെ അവസ്ഥ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. സൂര്യാസ്തമയത്തിനു മുമ്പെ അവര്‍ എല്ലാ ജോലികളും തീര്‍ക്കും. രാത്രിയായാല്‍ പിന്നെ യാത്രകളുണ്ടാവില്ല. കാരണം ജലപാതകള്‍ മാത്രമാണ് യാത്രകള്‍ക്ക് ആശ്രയം. അത് ക്ലേശങ്ങളുടെയും നിര്‍ബന്ധങ്ങളുടെയും ജീവിതമായിരുന്നു. ആര്‍ക്കെങ്കിലും ഒരാള്‍ക്ക് രോഗം കലശലായാല്‍ ആ രാത്രി തന്നെ അയാളെ ആശുപത്രിയിലെത്തിക്കാനുള്ള ബുദ്ധിമുട്ട് എത്രമാത്രം ഉണ്ടായിരുന്നു എന്ന് ബെത്തിലെ എന്റെ് പ്രിയ സഹോദരീ സഹോദരന്മാര്‍ക്ക് നല്ലവണ്ണം അറിയാം. അതുകൊണ്ടാണ് ഈ സൗകര്യം രാജ്യമെമ്പാടുമുള്ള യാത്രക്കാര്‍ക്ക് വലിയ സമ്മാനമാകുന്നത്.

ഇത്തരത്തിലൊരു സൗകര്യം ബെത്തിലെ സാധാരണക്കാരായ ജനങ്ങളുടെ അനുദിന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ഉപകരിക്കും. ബെത്തിന്റെ ബീച്ചുകളിലെയും കടല്‍ തീരങ്ങളിലെയും വിനോദസഞ്ചാര സാധ്യതകളുടെ വികസനത്തെയും ഈ സൗകര്യം ശക്തിപ്പെടുത്തും. ഒരു സഞ്ചാരി ഇവിടെയെത്തി ഠാക്കൂര്‍ജിക്ക് നേര്‍്ച്ച കാഴ്ച്ചയര്‍പ്പിച്ച് അപ്പോള്‍ തന്നെ മടങ്ങിയാല്‍ അതുകൊണ്ട് ദ്വാരകയുടെ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ പ്രയോജനം ഒന്നും ലഭിക്കില്ല. എന്നാല്‍ അയാള്‍ ഇവിടെ ഒരു രാത്രിയും രണ്ടു പകലും താമസിച്ച് ആയിരമോ രണ്ടായിരമോ രൂപ ചെലവഴിച്ചാല്‍ അത് ദ്വാരകയുടെ സമ്പദ് വ്യവസ്ഥയിലുള്ള പാവപ്പെട്ടവരില്‍ പാവപ്പെട്ടവരുടെ ഉപജീവനത്തെ സഹായിക്കും. ദ്വാരകാധീശന്റെ കൃപ തേടിായാണ് ആളുകള്‍ ദ്വാരകയിലേയ്ക്കു വരുന്നത്. പക്ഷെ നാം അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ നല്കിയാല്‍ തീര്‍ച്ചായായും അവര്‍ ദ്വാരകയില്‍ താമസിക്കും. അതിനാണ് ഇവിടുത്തെ വിനോദ സഞ്ചാര വികസനത്തിന് നാം മുഖ്യ പരിഗണന നല്കുന്നത്. അതുകണ്ട് ഒരു സഞ്ചാരി ഇവിടെ വരുമ്പോള്‍ ഇവിടെ ഒന്നേ രണ്ടോ ദിവസം താമസിക്കാന്‍ ഇഷ്ടപ്പെടും. ഇവിടെ കടല്‍ക്കരയില്‍ സായാഹ്നം ആസ്വദിക്കാന്‍ അയാള്‍ ഇഷ്ടപ്പെടും. ഇവിടെ നിന്നുള്ള സൂര്യാസ്തമയദൃശ്യം അയാളെ വസ്മയിപ്പിക്കും. അത്തരത്തിലുള്ള സൗകര്യങ്ങള്‍ ഇവിടെ ഒരുക്കാനാണ് ഗവണ്‍മെന്റ് ശ്രമിച്ചുകണ്ടിരിക്കുന്നത്.

എട്ടു പത്തു വര്‍ഷങ്ങള്‍ മുമ്പുള്ള ദ്വാരകയെ ഒന്നു സങ്കല്പിച്ചു നോക്കൂ. ഒപ്പം ഇപ്പോഴത്തെ ദ്വാരകയെയും. കാര്യങ്ങള്‍ എത്രത്തോളം മാറിയിരിക്കുന്നു. ഒറ്റപ്പെട്ട ഒരു മുക്കോ മൂലയോ വികസിച്ചതുകൊണ്ട് വിനോദ സഞ്ചാരം വികസിക്കില്ല. അതിന് വേണ്ടത് ഗതാഗത സൗകര്യമാണ്. ആദ്യസ്ഥലത്തെ രണ്ടാമത്തെ സ്ഥലവുമായി ബന്ധിപ്പിക്കണം. അതിനെ മൂന്നാമത്തെ സ്ഥലവുമായി ബന്ധിപ്പിക്കണം. അങ്ങിനെ അങ്ങിനെ. ഗിര്‍ വനങ്ങളിലെ സിംഹങ്ങളെ കാണന്‍ ലോകം മുഴുവന്‍ എത്തുന്നു. ഗിര്‍ വനം കണ്ടു മടങ്ങുന്ന സഞ്ചാരിക്ക് മുന്നില്‍ പോര്‍ബന്ദറിലേയ്ക്കും ദ്വാരകയിലേയ്ക്കും നല്ല നിലവാരമുള്ള രണ്ടു വരിപ്പാതകളോ നാലുവരിപ്പാതകളോ ആറുവരിപ്പാതകളോ ഉണ്ടെങ്കില്‍ അയാള്‍ക്ക് അത് വലിയ സൗകര്യമാകും. ഇങ്ങോട്ടേയ്ക്കുള്ള സന്ദര്‍ശന യാത്രകള്‍ അയാള്‍ ഇഷ്ടപ്പെടും. അതുകൊണ്ട് ഗിര്‍ സിംഹങ്ങളെ കാണാന്‍ വരുന്നവര്‍ക്ക് ദ്വാരകാധീശനെ കൂടി ദര്‍ശിച്ചു മടങ്ങുന്നതിനുള്ള സൗകര്യങ്ങള്‍ നാം ഒരുക്കണം. അതുപോലെ ദ്വാരകാധീശനെ ദര്‍ശിച്ച് അനുഗ്രഹം തേടി മടങ്ങുന്നവര്‍ക്ക് ഗീര്‍ സിംഹങ്ങളെ കാണാനുള്ള സൗകര്യങ്ങളും ഒരുക്കണം. ഇതിനൊക്കെ വേണ്ടിയാണ് ഇന്ത്യ ഗവണ്‍മെന്റ് റോഡു നിര്‍മ്മാണങ്ങള്‍ക്കൊപ്പം ദേശീയ പാതാ ശൃംഖലകളും നവീകരിക്കുന്നത്. വേഗതയും മറ്റു സൗകര്യങ്ങളും ലഭ്യമാക്കുന്നതിനൊപ്പം സാമ്പത്തിക പ്രവര്‍ത്തനങ്ങളുമായിട്ടാവണം അത് നേരിട്ട് ബന്ധപ്പെട്ടിരിക്കേണ്ടത്.

ഇന്ന് ഖനുതക്ക് വരെയുള്ള ദേശീയ പാതകളുടെ വീതി വര്‍ധിപ്പിക്കുന്ന ജോലികള്‍ നടക്കുമ്പോള്‍, എപ്പോഴൊക്കെ ഞാന്‍ ഖനുവിനെ ഓര്‍ക്കുന്നുവോ അപ്പോഴെല്ലാം ഞാന്‍ എന്റെ കുട്ടികളെ ഓര്‍ക്കുന്നു, അവിടെ നമുക്ക് വളരെ പഴയ ധാരാളം കര്‍ഷകരുണ്ട്….ഇക്കാര്യങ്ങളെല്ലാം അവര്‍ ഓര്‍മ്മിക്കാറുണ്ട്…ഇതു ചെയ്താല്‍ നന്നായിരിക്കും, അല്ലെങ്കില്‍ അതു ചെയ്താല്‍ നന്നായിരിക്കും എന്ന് അവര്‍ പറയാറുണ്ട്. ഇക്കാര്യങ്ങളെല്ലാം അവര്‍ സ്ഥിരമായി ഓര്‍മ്മിപ്പിക്കാറുള്ളതാണ്.

ഖനു വരെയ്ക്കുള്ള ആ പാതയുടെ വിസ്തൃതി വര്‍ധിപ്പിക്കുന്നതിന് വന്‍ തുകയാണ് നാം ചെലവഴിക്കാന്‍ പോകുന്നത്. ഇന്ന് ഈ പരിപാടിയില്‍ ഒരു ജില്ലയെ, ജുനഗഡിനെ കൂടി പോര്‍ബന്ദറുമായി നാം ബന്ധിപ്പിക്കുകയാണ്. ഇതിനായി ഏകദേശം 6000 കോടിയാണ് ചെലവഴിക്കുക. മാധവ് സിംഗ് സോളങ്കി ഇവിടെ മുഖ്യമന്ത്രിയായിരുന്ന കാലം ഓര്‍ക്കുക. അക്കാലത്ത് ഒരിക്കല്‍ ഒരു പത്രത്തിന്റെ ഒന്നാം പേജില്‍ ഒരു ഫോട്ടോഗ്രാഫ് അച്ചടിച്ചു വരികയുണ്ടായി. ആ ചിത്രം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. അന്നു ഞാന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചിട്ടില്ല. വെറും സാമൂഹ്യപ്രവര്‍ത്തകന്‍ മാത്രം. അന്നു മുഖ്യമന്ത്രി മാധവ് സിംഗ് ജാംനഗര്‍ ജില്ലയിലെവിടെയോ ഒരു ജലസംഭരണി ഉദ്ഘാടനത്തിനു വന്നു. അന്നത്തെ അദ്ദേഹത്തിന്റെ ഗവണ്‍മെന്റിന്റെ സങ്കല്പങ്ങള്‍ ഓര്‍ക്കുക, ഇപ്പോഴത്തെ ഗവണ്‍മെന്റിന്റെ വികസന സങ്കല്പങ്ങള്‍ നോക്കുക. ഏതു തരത്തിലുള്ള റോഡുകളും പാലങ്ങളുമാണ് ഈ ഗവണ്‍മന്റ് നിര്‍മ്മിച്ചിക്കുന്നത്. ഒരു ജലസംഭരണിയുടെ ഉദ്ഘാടനത്തിന് പത്രങ്ങളുടെ ഒന്നാം പേജു നിറയെ സ്വന്തം ഫോട്ടോയുള്ള പരസ്യം, അവരുടെ വികസന സങ്കല്പം അതില്‍ മാത്രം ഒതുങ്ങുന്നതായിരുന്നു.

ലോകം മാറിയിരിക്കുന്നു. മാറിയ ഈ ലോകത്തെ ആത്മവിശ്വാസത്തോടെ ഓരോ ഇന്ത്യക്കാരനും അഭിമുഖീകരിക്കുന്നതിന് നമുക്ക് വികസനത്തിന്റെ പുതിയ ഉയരങ്ങള്‍ തേടണം. ഇത്തരത്തിലുള്ള ഒരു ഇന്ത്യയുടെ സൃഷ്ടിയാണ് ഓരോ ഇന്ത്യക്കാരന്റെയും സ്വപ്നം. ഇതു നരേന്ദ്ര മോദിയുടെ മാത്രം സ്വപ്‌നമല്ല.നിങ്ങളുടെ സ്വ്പനങ്ങള്‍ക്ക് നിറങ്ങള്‍ നല്കാന്‍ മാത്രമാണ് ഞാന്‍ ശ്രമിക്കുന്നത്. ഈ കാര്യങ്ങള്‍ യാഥ്രാത്ഥ്യമാക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. ഇതിനായി ഞാന്‍ കഠിനാധ്വാനം ചെയ്യുന്നു. അല്പം മുമ്പ് നിതിന്‍ജി നിങ്ങളോടു പറഞ്ഞതുപോലെ, സമുദ്ര സമ്പദ് വ്യവസ്ഥയുടെ ഈ പശ്ചാത്തലത്തില്‍ ഗുജറാത്തിന്റെയും ഈ രാജ്യത്തിന്റെ തന്നെയും മൂലധന ശേഖരത്തിന് വന്‍ ശക്തി പകരാന്‍ ശേഷിയുള്ള ഒരു മേഖല നമുക്കുണ്ട്. ഗുജറാത്തിന് 1600 കിലോമീറ്റര്‍ കടല്‍ തീരമുണ്ട്. ഈ തീരമേഖലയിലാണ് നമ്മുടെ മത്സ്യത്തൊഴിലാളി സഹോദരങ്ങള്‍ ജീവിക്കുന്നത്. നമ്മുടെ ഈ കടല്‍ തീരങ്ങളില്‍ സമുദ്ര സമ്പദ് വ്യവസ്ഥയുടെ പൂര്‍ണമായ സാധ്യതകള്‍ ലഭ്യമാണ്. നമ്മുടെ തുറമുഖങ്ങള്‍ വികസിപ്പിക്കാന്‍ നാം ആഗ്രഹിക്കുന്നു. പക്ഷെ തുറമുഖാധിഷ്ഠിത വികസന മാതൃക പിന്തുടരാനാണ് നാം ആഗ്രഹിക്കുന്നത്. രാജ്യത്തെ റോഡുകളും വ്യോമപാതകളുമായി ഈ തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന തരത്തിലുള്ള അടിസ്ഥാന സൗകര്യാധിഷ്ഠിത വികസനമാണ് നാം ആഗ്രഹിക്കുന്നത്. തുറമുഖങ്ങളോടനുബന്ധിച്ച് പണ്ടകശാലകളും ശീത സംഭരണികളും സ്ഥാപിച്ച് രാജ്യത്തെ കൃഷിക്കാര്‍ ഉത്പാദിപ്പിക്കുന്ന വിളകളും ധാന്യങ്ങളും മറ്റ് പച്ചക്കറി പഴ വര്‍ഗ്ഗങ്ങളും അവിടെ സംഭരിച്ച്, ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ അവ ലോക കമ്പോളത്തില്‍ എത്തിക്കുന്നതിനുള്ള സൗകര്യങ്ങളാണ് നാം ഒരുക്കുന്നത്. അപ്പോള്‍ നമ്മുടെ കൃഷിക്കാര്‍ക്ക് അവരുടെ ഉത്പ്പന്നങ്ങള്‍ക്ക് പരമാവധി ഉയര്‍ന്ന വില ലഭിക്കും. അതിനാണ് പടിപടിയായുള്ള ഇത്തരം വികസന നടപടികള്‍ നാം സ്വീകരിക്കുന്നത്. രാജ്യത്തെ മത്സ്യത്തൊഴിലാളി സഹോദരങ്ങള്‍ക്കായി സമുദ്രസമ്പദ് വ്യവസ്ഥയ്ക്കു കീഴില്‍ നാം ഒരു പുതിയ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതാണ് ആ പദ്ധതി: ഇന്ന് നമ്മുടെ മത്സ്യത്തൊഴിലാളികള്‍ക്ക് ചെറിയ വള്ളങ്ങളാണ് ഉള്ളത്.

അതുകൊണ്ട് കടലില്‍ 10-12 നോട്ടിക്കല്‍ മൈല്‍ ദൂരത്തിനപ്പുറം അവര്‍ക്കു പോകാനാവില്ല. ഈ മേഖലയില്‍ മത്സ്യ സമ്പത്തു കുറവാണ്. അതുകൊണ്ടു തന്നെ അവര്‍ മണിക്കൂറുകളോളം കഠിനാധ്വാനം ചെയ്താലും കുറച്ചു മീനുകളെ ലഭിക്കാറുള്ളു. മത്സ്യത്തൊഴിലാളികളായ എന്റെ സഹോദരങ്ങള്‍ ഇത്തരത്തില്‍ കഷ്ടപ്പാടുകള്‍ നിറഞ്ഞ ഒരു ജീവിതം നയിക്കുന്നത് ഞാന്‍ അനുവദിക്കണമോ? അല്ലെങ്കില്‍ അവരെ അവരുടെ വിധിക്കു വിടണമോ? അവരും നല്ല ജീവിതം ആഗ്രഹിക്കുന്നില്ലേ? സ്വന്തം മക്കള്‍ക്കു നല്ല വിദ്യാഭ്യാസം കൊടുക്കാന്‍ അവരും ആഗ്രഹിക്കുന്നില്ലേ? കുടിലുകളില്‍ നിന്നു പുറത്തു വന്ന്, നല്ല വീടുകളില്‍ താമസിച്ചുകൊണ്ടുള്ള ജീവിതം മത്സ്യത്തൊഴിലാളികളായ എന്റെ സഹോദരീ സഹോദരന്മാര്‍ ആഗ്രഹിക്കുന്നില്ലേ? ഇതെല്ലാം അവര്‍ക്കു നല്കണമെങ്കില്‍ സാമ്പത്തികമായി അവരെ നാം ശാക്തീകരിക്കണം. നാം അവരെ ശക്തരാക്കണം. അതിനാണ് നാം ഒരു പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്. നമ്മുടെ മത്സ്യത്തൊഴിലാളികള്‍ (സ്വശ്രയ) സംഘങ്ങള്‍ രൂപീകരിച്ച് മുന്നോട്ടു വന്നാല്‍ ഗവണ്‍മെന്റ് അവര്‍ക്ക് സൗജന്യ നിരക്കില്‍ ഒന്നര മുതല്‍ രണ്ടു കോടിവരെ രൂപയുടെ വായ്പകള്‍ ലഭ്യമാക്കാം. ആ തുക ഉപയോഗിച്ച് അവര്‍ക്ക് വലിയ ഫിഷിംങ് ബോട്ടുകള്‍ വാങ്ങാം. ഇതിനുള്ള ക്രമീകരണങ്ങളും ഗവണ്‍മെന്റ് ചെയ്തു കൊടുക്കും. ആധുനിക സൗകര്യങ്ങളുള്ള ഇത്തരം ബോട്ടുകള്‍ക്ക് 10-12 നോട്ടിക്കല്‍ മൈലുകള്‍ക്കപ്പുറം പോകാനും ആഴക്കടലില്‍ മത്സ്യബന്ധനം നടത്താനും സംവിധാനമുണ്ട്. സാധാരണ വള്ളത്തില്‍ പോയി മൂന്നു നാലു ദിവസം അധ്വാനിച്ചാല്‍ ലഭിക്കുന്നതിന്റെ മൂന്നു നാലിരട്ടി മീന്‍ ഇത്തരം ബോട്ടുപയോഗിച്ച് അര ദിവസം കൊണ്ട് ശേഖരിക്കാനാവും. ഈ ബോട്ടുകളില്‍ ശീത സംഭരണികള്‍ പോലുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഈ തരം സംവിധാനങ്ങളാണ് നമ്മുടെ മത്സ്യത്തൊഴിലാളികള്‍ക്ക് ലഭ്യമാക്കാന്‍ നമ്മള്‍ ആഗ്രഹിക്കുന്നത്. ഈ പദ്ധതിയുമായി ഞങ്ങള്‍ മുന്നോട്ടു പോവുകയാണ്. രാജ്യത്തെ ഓരോ മത്സ്യ തൊഴിലാളിക്കും ഇതിന്റെ പ്രയോജനം ലഭിക്കണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. അത് ഇവിടുത്തെ മത്സ്യതൊഴിലാളി കുടുംബങ്ങളുടെ ജീവിതങ്ങളെ മാറ്റത്തിലേയ്ക്കു നയിക്കും.

കണ്ട്‌ലാ തുറമുഖം നാം വികസിപ്പിച്ചതെങ്ങിനെ എന്നു കാണുക. ഞാന്‍ ഗുറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോഴും കണ്ട്‌ലാ തുറമുഖം അവിടെ ഉണ്ടായിരുന്നു. അന്നത്തെ അതിന്റെ അവസ്ഥയും എനിക്ക് നന്നായി അറിയാമായിരുന്നു. അതിന് അല്പം മുന്‍ഗണന നല്കണമെന്ന് നാം അന്ന് ഗവണ്‍മെന്റിനോട് പതിവായി അഭ്യര്‍ത്ഥിച്ചിരുന്നു. വലിയ സാധ്യതകള്‍ ഉണ്ടായിരുന്നിട്ടും കണ്ട്‌ലാ തുറമുഖം അവരുടെ മുന്‍ഗണനാ പട്ടികില്‍ സ്ഥാനം പിടിച്ചില്ല. എന്നാല്‍ കേന്ദ്ര ഭരണം നമുക്കു ലഭിക്കുകയും നമ്മുടെ ഗവണ്‍മെന്റ് അധികാരത്തില്‍ എത്തുകയും ചെയ്തപ്പോള്‍ നാം ഗുജറാത്തിലെ തുറമുഖങ്ങളുടെ വികസനത്തിനും തുല്യ പ്രാധാന്യം നല്കി. അങ്ങനെയാണ് കഴിഞ്ഞ 25 വര്‍ഷത്തെക്കാള്‍ വികസനം കണ്ട്‌ലാ തുറമുഖത്തിന് ഉണ്ടായത്. അനേകം ആളുകള്‍ക്ക് ഇതുവഴി അവിടെ ജോലിയും ലഭിച്ചു. നമ്മുട അലാങ്ങ് എത്രയോ വര്‍ഷങ്ങളായി അലാങ് പരാതിപ്പെടുന്നു. അലാങ്ങിന്റെ വികസനവും ചര്‍ച്ച ചെയ്യപ്പെട്ടു. ഒപ്പം അലങ്ങിന്റെ ശുചിത്വവും. ഒരു തരത്തില്‍ പറഞ്ഞാല്‍ ഭവന്‍നഗറിലെ അലാങ്ങാണ് ഇന്നു ലോകത്തില്‍ നമ്മുടെ പ്രത്യേകമായ വ്യക്തിത്വത്തിനു കാരണം തന്നെ. അതെ സമയം പരിസ്ഥിതിയുടെ പേരില്‍ ഒരു നൂറു ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുമുണ്ട്. ദേശീയ, രാജ്യാന്തര സംഘടനകള്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. അതെ കുറിച്ചു ചിന്തിക്കുക എന്നത് കേന്ദ്ര ഗവണ്‍മെന്റിന്റെ ഉത്തരവാദിത്വമാണ്. അലാങ്ങില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കായി എന്തെങ്കിലും ചെയ്യുക, അവരെ സഹായിക്കുക, അവരുടെ ജീവിതത്തില്‍ മാറ്റം ഉണ്ടാക്കുക എന്നത്. ആ കാലത്ത് നിരന്തരമായി പരിശ്രമിച്ചിട്ടും കേന്ദ്ര ഗവണ്‍മെന്റിനെ ഉണര്‍ത്താന്‍ എനിക്കു കഴിഞ്ഞില്ല. എന്നാല്‍ ഇപ്പോള്‍ നമുക്ക് അവസരം ലഭിച്ചപ്പോള്‍ ജപ്പാന്റെ സഹായത്തോടെ നാം ഒരു ബൃഹത് പദ്ധതി തയാറാക്കി. ജപ്പാനെ ജനങ്ങള്‍ ഓര്‍ക്കുക ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ പേരില്‍ മാത്രമാണ്. എന്നാല്‍ അലാങ്ങിന്റെ വികസനത്തിനായി ജപ്പാന്‍ സഹകരണത്തോടെ വന്‍ പദ്ധതി ആവിഷ്‌കരിച്ച നടപ്പാക്കുന്ന കാര്യം ജനങ്ങള്‍ മറന്നു പോയിരിക്കുന്നു. അതുവഴി അലാങ്ങിലെ എന്റെ തൊഴിലാളി സഹോദരീ സഹോദരങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പോവുകയാണ്.

മാറ്റത്തിന്റെ ദിശയില്‍ നാം പിന്തുടര്‍ന്നിരുന്നതും, പുതിയ മേഖലകളില്‍ വികസനം നടപ്പാക്കുന്നതിന് നാം നടത്തിയതുമായ പരിശ്രമങ്ങളുടെ ഫലങ്ങള്‍ സാധാരണക്കാരുടെ ജീവിതങ്ങളില്‍ പ്രതിഫലിച്ചു തുടങ്ങിയിരിക്കുന്നു. മന്‍ഗ്രോള്‍, വെരവല്‍ എന്നിവ നമ്മുടെ പരമ്പാരഗത മത്സ്യബന്ധന കേന്ദ്രങ്ങളാണ്. അടുത്ത കാലത്ത് ഇന്ത്യയുടെ രാഷ്ട്രപതി ഈ സ്ഥലം സന്ദര്‍ശിക്കുകയുണ്ടായി. ഈ വന്‍ പദ്ധതി വേഗത്തിലാക്കാന്‍ മന്‍ഗ്രോളില്‍ അതിനു ശിലാസ്ഥാപനം നിര്‍വഹിച്ചതിന് ഞാന്‍ അദ്ദേഹത്തോട് അത്യധികം കൃതജ്ഞതയുള്ളവനാണ്. വരും കാലത്ത് ഈ കേന്ദ്രം ബേത് മേഖലയിലെ മത്സ്യബന്ധന വ്യവസായത്തില്‍ ശക്തമായ ഘടകമായി ഉയരാന്‍ പോവുകയാണ്. ഈ സമുദ്ര – വിനോദസഞ്ചാരാധിഷ്ഠിത സമ്പദ് വ്യവസ്ഥയുടെ പശ്ചാത്തലത്തില്‍ നമ്മുടെ തീരമേഖല മുഴുവന്‍ വികസനത്തിന്റെ പാതയിലാണ്. തന്മൂലം മനുഷ്യ വിഭവ വികസനവും വന്‍ തോതില്‍ സംഭവിക്കുന്നുണ്ട്.

ഇന്ന് ഗുജറാത്തിലെ ജനങ്ങള്‍ക്കായി ഒരു പാരിതോഷികം പ്രഖ്യാപിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഗുജറാത്തിനു മാത്രമല്ല രാജ്യത്തിനു മുഴുവന്‍ പ്രയോജനപ്പെടുന്ന കാര്യമാണ് ഇത്. അത് നമ്മുടെ തീര മേഖലയിലാണ് നടപ്പിലാക്കുക, നമ്മുടെ പുണ്യഭൂമിയായ ദ്വാരകയില്‍. നമ്മുടെ തീര ദേശ അതിര്‍ത്തിയുടെ സംരക്ഷണത്തിനായി മറൈന്‍ പോലീസ് സേനയെ ആധുനികവത്ക്കരിക്കാന്‍ ഇന്ത്യ പരിശ്രമിച്ചു വരികയാണ്. സാധാരണ പോലീസ് സേനയുടെതില്‍ നിന്നു വ്യത്യസ്തമാണ് ഈ വിഭാഗത്തിനു നല്കുന്ന പരിശീലനം. കാരണം തീരത്തു നിന്ന അഞ്ചു കിലോമീറ്റര്‍ വരെ സമുദ്രത്തിലുള്ള അതിര്‍ത്തിമേഖലയുടെ സുരക്ഷിതത്ത്വ ചുമതല പൂര്‍ണമായും ഇവരിലാണ് നിക്ഷിപ്തമായിരിക്കുന്നത്. അതിനാല്‍ രാജ്യത്തെ മുഴുവന്‍ മറൈന്‍ പോലീസ് സേനയ്ക്കും പരിശീലനം നല്കാനും ഈ മേഖലയില്‍ ഗവേഷണങ്ങള്‍ നടത്താനുമുള്ള പ്രഥമ കേന്ദ്രം പുണ്യഭൂമിയായ ദ്വാരകയിലെ മോജപ്പിനു മീപം സ്ഥാപിക്കുന്നതാണ്. രാജ്യമെമ്പാടുമുള്ള വ്യോമസേനാംഗങ്ങള്‍ക്കു പരിശീലനം നല്കുന്നതിനായി ഇപ്പോള്‍ നമുക്ക് ജാംനഗര്‍ വ്യോമതാവളത്തിനുള്ളില്‍ ഒരു പരിശീലന കേന്ദ്രം ഉണ്ട്. അതുപോലെയാണ് ദ്വാരകയില്‍ സ്ഥാപിക്കുന്ന മറൈന്‍ പോലീസ് പരിശീലന കേന്ദ്രവും. ആയിരക്കണക്കിനു സേനാംഗങ്ങള്‍ക്ക് താമസിച്ച് പരിശീലനം നേടാന്‍ ഇവിടെ സൗകര്യം ഒരുക്കും. മാത്രവുമല്ല രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ ഇവിടെ പരിശീലകരായും പരിശീലനാര്‍ത്ഥികളായും എത്തും. ഇതുമായി ബന്ധപ്പെട്ട് ഈ മേഖലയില്‍ സംഭവിക്കാന്‍ പോകുന്ന സാമ്പത്തിക കുതിപ്പിനെ കുറിച്ച് ആലോചിച്ചു നോക്കുക.

സഹോദരീ സഹോദരന്മാരെ,

നിങ്ങളെല്ലാവരും ദീപാവലിക്കുള്ള തയാറെടുപ്പിലാണല്ലോ. ഗുജറാത്തില്‍, പ്രത്യേകിച്ച് ഇവിടുത്തെ വ്യാപാരി സമൂഹത്തിന് ദീപാവലി ആഘോഷം വളരെ പ്രത്യേകതയുള്ളതാണ്. ഞാന്‍ ഇന്നത്തെ പത്രങ്ങള്‍ മുഴുവന്‍ നോക്കിയപ്പോള്‍ ഒരു തലക്കെട്ടു കണ്ടു, ദീപാവലി ഈ വര്‍ഷം 15 ദിവസം മുമ്പെ വരുന്നു എന്ന്. ഇന്നലെ ജിഎസ്ടി സംബന്ധിച്ച ചില സുപ്രധാന തീരുമാനങ്ങള്‍ നാം സ്വീകരിച്ചതോടെ എല്ലായിടത്തും ദീപാവലിയുടെ ഉത്സവാന്തരീക്ഷമാണ്. ഇക്കാര്യം അതായത്, ജിഎസ്ടി നടപ്പിലാക്കി ആദ്യ മൂന്നു മാസം നാം ജിഎസ്ടി സംബന്ധമായ പ്രയാസങ്ങള്‍ പഠിക്കുമെന്നും അതിന്റെ സാങ്കേതിക പ്രശ്‌നങ്ങളും നിയമങ്ങളും നിരക്കുകളും മൂലം വ്യാപാരികള്‍ അഭിമുഖീകരിക്കുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്നും നിയമം പ്രാബല്യത്തിലായ അന്നു തന്നെ വ്യക്തമാക്കിയിരുന്നതാണ്. കാരണം ഇവിടുത്തെ വ്യാപാരി സമൂഹത്തെ ചുവപ്പു നാടയില്‍ കുരുക്കാന്‍ ഗവണ്‍മെന്റ് ആഗ്രഹിക്കുന്നില്ല. ഫയലുകളില്‍ തളച്ചിടാനോ, ഉദ്യോഗസ്ഥരെ പ്രസാദിപ്പിക്കാനോ ഉള്ള സാഹചര്യം ഇന്ത്യയില്‍ ഇനി ഉണ്ടായി കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് കഴിഞ്ഞ മൂന്നു മാസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ജിഎസ്ടി കൗണ്‍സില്‍ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ധനമന്ത്രി സുപ്രധാനമായ പല തീരുമാനങ്ങള്‍ക്കും അംഗീകാരം നല്കിയത്. രാജ്യമെമ്പാടും ഈ തീരുമാനങ്ങളെ ഏകസ്വരത്തില്‍ സ്വാഗതം ചെയ്തു കാണുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഇതാണ് രാജ്യത്തിന്റെ ശക്തി. ജനങ്ങള്‍ക്ക് ഗവണ്‍മെന്റില്‍ വിശ്വാസം ഉണ്ടെങ്കില്‍ തീരുമാനങ്ങള്‍ക്കു പിന്നില്‍ സത്യസന്ധത പ്രതിഫലിക്കുമ്പോള്‍, എന്തു പ്രതിസന്ധികള്‍ ഉണ്ടെങ്കിലും രാജ്യം ഗവണ്‍മെന്റിനെ പൂര്‍ണമായും പിന്തുണയ്ക്കും. ഇതാണ് എന്റെ അനുഭവം. അതുകൊണ്ടാണ് ലളിതമായ ചരക്കു സേവന നികുതി കൂടുതല്‍ ലളിതമാക്കാനുള്ള ശ്രമങ്ങളെ സ്വാഗതം ചെയ്ത ഈ രാജ്യത്തെ എന്റെ സഹപൗരന്മാരോട് ഞാന്‍ കൃതജ്ഞനായിരിക്കുന്നതും, ഞാന്‍ അവരെ സ്വാഗതം ചെയ്യുന്നതും.

ദ്വാരകയിലെ സഹോദരീ സഹോദരന്മാരെ,

ശ്രീകൃഷ്ണന്റെ ദ്വാരകാപുരി സമുദ്രത്തില്‍ അന്തര്‍ധാനം ചെയ്തുപോയി. എന്നാല്‍ സമുദ്രത്തില്‍ മുങ്ങിയിട്ടാണെങ്കിലും ആ യഥാര്‍ത്ഥ ദ്വാരകയെ ഒന്ന് സ്പര്‍ശിച്ച് സ്വയം വിശുദ്ധി പ്രാപിക്കാന്‍ ഈ ഇന്ത്യക്ക് അകത്തും പുറത്തുമുള്ള ജനങ്ങളുടെ ആഗ്രഹമായിരുന്നു. ഇതിന്റെ സാധ്യത സംബന്ധിച്ച് അതായത്, ശ്രീകൃഷ്ണ ഭഗവാന്‍ ജീവിക്കുകയും രാജ്യഭരണം നിര്‍വഹിക്കുകയും ചെയ്ത ആ പഴയ ദ്വാരകയുടെ ഒരു ശിലയിലെങ്കിലും സ്പര്‍ശിക്കാന്‍ ജനങ്ങള്‍ക്ക് അവസരമുണ്ടാക്കുന്നതിന് സാധിക്കുമോ എന്ന് ഞാന്‍ പല വിദഗ്ധരോടും ചര്‍ച്ച ചെയ്തതാണ്. അങ്ങിനെ സംഭവിച്ചാല്‍ ഈ രാജ്യം മുഴുവന്‍ ദ്വാരകയുടെ മുന്നില്‍ ക്യൂ നില്ക്കും. വെറുതെ സംസാരിച്ചതുകൊണ്ടു മാത്രം വികസനം വരില്ല. അതിന് വീക്ഷണം വേണം, ദീര്‍ഘവീക്ഷണം. അതിന് പാവനമായ ഒരു പ്രതിജ്ഞ മനസില്‍ സ്വീകരിക്കണം. ആ പ്രതിജ്ഞ പൂര്‍ത്തീകരിക്കുന്നതിന് പൂര്‍ണമായി തന്റെ സര്‍വശക്തിയും വിനിയോഗിക്കുമെന്ന് സ്വയം സമര്‍പ്പിക്കണം. ഇന്ന് രാജ്യത്തെ ഏതു കോണിലും ജീവിക്കുന്ന സാധാരണക്കാര്‍ക്കു പോലും ഈ ഗവണ്‍മെന്റില്‍ വിശ്വാസമുണ്ട്, വികസനം സംബന്ധിച്ച് പ്രതീക്ഷയുണ്ട്, ആ വികസനത്തില്‍ നിന്ന് പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷയുണ്ട്. ദാരിദ്ര്യത്തിന്റെ വിഷമവൃത്തത്തില്‍ കിടന്ന് ഭാവി തലമുറ നട്ടം തിരിയരുത് എന്നും കഷ്ടപ്പാടിന്റെ ജീവിതം നയിക്കരുത് എന്നും അവര്‍ ആഗ്രഹിക്കുന്നു. ഇപ്പോഴത്തെ തലമുറ കഷടപ്പാടിന്റെ ജീവിതം നയിക്കാന്‍ നിര്‍ബന്ധിതരായി എങ്കിലും, അവരുടെ മക്കള്‍ ദാരിദ്ര്യം അനുഭവിക്കാന്‍ പാടില്ല. അതിനായിട്ടാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഇത്തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. വികസനത്തില്‍ പുത്തന്‍ മാനദണ്ഡങ്ങള്‍ ഞങ്ങള്‍ സ്ഥാപിക്കുകയാണ്. ഇന്ന് ലോകശ്രദ്ധ മുഴുവന്‍ ഇന്ത്യയിലേയ്ക്ക് തിരിഞ്ഞിരിക്കുന്നു. ഇവിടെ നിക്ഷേപം നടത്തുന്നതിന് ലോകമെമ്പാടും നിന്ന് ആളുകള്‍ എത്തുന്നു. ഇതിന്റെ ഫലമായി നമ്മുടെ രാജ്യത്തെ യുവാക്കള്‍ക്ക് പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. രാജ്യത്തെ കൃഷിക്കാരുടെ ജീവിതനിലവാരം ഉയരാനുള്ള സാധ്യതയും തെളിഞ്ഞുവരുന്നു.ഗുജറാത്തിന്റെ ഗ്രാമങ്ങളെ ശാക്തീകരിക്കാനുള്ള നിരവധി സംരംഭങ്ങള്‍ക്കു തുടക്കമിട്ടു കഴിഞ്ഞു. സ്വന്തം വികസന പാതയിലും രാജ്യത്തിന്റെ തന്നെ വികസനത്തിലും ഗുജറാത്ത് സുപ്രധാന പങ്ക് വഹിക്കുന്നു. ഇതിന് ഞാന്‍ ഗുജറാത്തിലെ ലക്ഷോപലക്ഷം ജനങ്ങളുടെ മുന്നില്‍ ശിരസ് കുനിക്കുന്നു. അവരോട് നന്ദി പറയുന്നു. ഈ വികസന പ്രക്രിയയെ മുന്നോട്ടു നയിക്കുന്ന ഗുജറാത്ത് ഗവണ്‍മന്റിനേയും ഞാന്‍ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു.

ജയ് ദ്വാരകാധീശ്

ജയ് ദ്വാരകാധീശ്

ജയ് ദ്വാരകാധീശ്