പിഎം ഇന്ത്യ
നമാമി ഗംഗേ പദ്ധതി നടപ്പിലാക്കുന്നതിലെ പുരോഗതി പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി അവലോകനം ചെയ്തു.
വിവിധ ഗവണ്‍മെന്റ് വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഇതുവരെ പദ്ധതിയുടെ കീഴില്‍ സ്വീകരിച്ച നടപടികളും കൈവരിച്ച പുരോഗതിയും പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
ഗംഗാനദിയുടെ തീരത്തുള്ള പട്ടണങ്ങളിലെ മലിനജല സംസ്‌കരണ ശേഷിയില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടായതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഗംഗ കടന്നു പോകുന്ന പ്രധാന കേന്ദ്രങ്ങളായ ഹരിദ്വാര്‍, കാണ്‍പൂര്‍, അലഹബാദ്, വാരണാസി, പട്‌ന, ഭഗല്‍പൂര്‍, ഹൗറ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ മലിനജല സംസ്‌കരണത്തിന് പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്.
വ്യാപക മലിനീകരണം സൃഷ്ടിക്കുന്ന വ്യവസായങ്ങളുടെ പരിശോധനയും നിരീക്ഷണവും നടക്കുന്നുണ്ട്. ഇതു കാരണം ഗംഗയുടെ ചില പോഷക നദികളിലെ ജലത്തിന്റെ ഗുണ നിലവാരത്തില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിശോധനയുടെ ഭാഗമായി ജലത്തിലെ ഓക്‌സിജന്റെ അളവ്, ബയോളജിക്കല്‍ ഓക്‌സിജന്‍ ഡിമാന്റ് എന്നിവ പഠന വിധേയമാക്കി.
ഗംഗയുടെ തീരത്തുള്ള ഗ്രാമങ്ങളില്‍ ശുചിത്വത്തിന്റെ കാര്യത്തില്‍ കൈവരിച്ച പുരോഗതി ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ഗംഗാ നദി ശുചീകരിക്കുന്നതിന് ബോധവത്കരണം നടത്തേണ്ടതിന്റെയും പൊതുജന പങ്കാളിത്തം വര്‍ദ്ധിപ്പിക്കേണ്ടതിന്റെയും ആവശ്യം പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
പ്രധാനന്ത്രിയുടെ ഓഫീസ്, നിതി ആയോഗ്, ജല വിഭവ മന്ത്രാലയം, കുടിവെള്ള-ശുചീകരണ മന്ത്രാലയം, ഗംഗാ ശുചീകരണത്തിനുള്ള ദേശീയ ദൗത്യം, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവിടങ്ങളില്‍നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.