പിഎം ഇന്ത്യ
നോര്‍ത്ത് ഈസ്‌റ്റേണ്‍ കൗണ്‍സിലിന്റെ പ്ലീനറി സമ്മേളനത്തിനെത്താനായതില്‍ ഞാന്‍ വളരെയധികം സന്തോഷിക്കുന്നു. നിങ്ങളെയെല്ലാം യോഗത്തിലേക്കു സ്വാഗതം ചെയ്യാന്‍ ഞാന്‍ ഈ അവസരം ഉപയോഗപ്പെടുത്തുകയാണ്. ഇന്നലെ മുതല്‍ നടന്നതും ഇന്നു നടക്കുന്നതുമായ ചര്‍ച്ചകള്‍ ഈ മേഖലയുടെ അതിവേഗമുള്ള വികസനത്തിനു സഹായകമാകുമെന്നാണു ഞാന്‍ പ്രതീക്ഷിക്കുന്നത്.
വടക്കുകിഴക്കന്‍ മേഖലയുടെ വികസനത്തിനു പിന്തുണയേകാന്‍ നോര്‍ത്ത് ഈസ്‌റ്റേണ്‍ കൗണ്‍സിലിനു സാധിച്ചുവെന്നതില്‍ ആഹ്ലാദമുണ്ട്. ഈ മേഖലയില്‍ ഏറെ സ്ഥാപനങ്ങളും രം അടിസ്ഥാനസൗകര്യ വികസന പദ്ധതികളും ആരംഭിക്കാന്‍ കൗണ്‍സിലിനു സാധിച്ചു.
1972ല്‍ രൂപീകൃതമായതു മുതല്‍ നോര്‍ത്ത് ഈസ്‌റ്റേണ്‍ കൗണ്‍സില്‍ വടുക്കുകിഴക്കന്‍ മേഖലയുടെ വികസനത്തിനു സംഭാവനകള്‍ നല്‍കുന്നുണ്ട്. ജനങ്ങളുടെ വളരുന്ന പ്രതീക്ഷകള്‍ നിറവേറ്റാന്‍, ലക്ഷ്യത്തിലേക്കെത്തുന്നതില്‍ എത്രത്തോളം വിജയിച്ചിട്ടുണ്ടെന്ന് നോര്‍ത്ത് ഈസ്‌റ്റേണ്‍ കൗണ്‍സില്‍ ആത്മപരിശോധന നടത്തേണ്ടതു പ്രധാനമാണ്. കൗണ്‍സില്‍ പുനഃക്രമീകരിക്കുകയും അതിന്റെ പദവി ഉയര്‍ത്തുകയും വേണം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ അഭിവൃദ്ധിക്കായി പ്രവര്‍ത്തിക്കുന്നതിന് അവശ്യംവേണ്ട വിഭവങ്ങളും അറിവും നൈപുണ്യവുമുള്ള വിഭവകേന്ദ്രമായി കൗണ്‍സിലിനെ വികസിപ്പിക്കുന്നതു പരിഗണിക്കാവുന്നതാണ്. അങ്ങനെ ചെയ്താല്‍, പദ്ധതികള്‍ നടപ്പാക്കാനും ഗവേഷണം പ്രോല്‍സാഹിപ്പിക്കാനും പുതുമകള്‍ തേടാനും തന്ത്രപരമായ നയരേഖ രൂപപ്പെടുത്താനും സംസ്ഥാനങ്ങളെയും പദ്ധതി നടപ്പാക്കുന്ന ഏജന്‍സികളെയും സഹായിക്കാന്‍ സാധിക്കും.
വികസനാസൂത്രണത്തിലും പ്രശ്‌നപരിഹാരത്തിലും കേന്ദ്ര, സംസ്ഥാന മന്ത്രാലയങ്ങളെ സഹായിക്കാവുന്ന വിധം സ്വയമോ ഏജന്‍സിയെന്ന രൂപത്തിലോ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് നോര്‍ത്ത് ഈസ്‌റ്റേണ്‍ കൗണ്‍സിലിനു ചിന്തിക്കാവുന്നതാണ്. മേഖലയില്‍ നല്ല ഭരണവും പദ്ധതിനടത്തിപ്പും ഉറപ്പാക്കാന്‍ ഇതിലൂടെ സാധിക്കും. ഉപജീവനമാര്‍ഗം, സംരംഭകത്വം, വെഞ്ച്വര്‍ ഫണ്ടുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍, നൈപുണ്യവികസനം തുടങ്ങിയ മേഖലകളിലും കൗണ്‍സിലിനു ശ്രദ്ധ പതിപ്പിക്കാവുന്നതാണ്. ഇതെല്ലാം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.
സേവനബോധത്തോടെ നടപ്പാക്കിയ ‘ആക്റ്റ് ഈസി പോളിസി’യിലൂടെ വടക്കുകിഴക്കന്‍ മേഖലയുടെ വികസനത്തിനു ഗവണ്‍മെന്റ് പ്രത്യേക ശ്രദ്ധ നല്‍കിവരികയാണ്. റോഡ്, റെയില്‍, ടെലികോം, വൈദ്യുതി, ജലഗതാഗതം എന്നീ മേഖലകള്‍ വികസിപ്പിക്കുക വഴി വടക്കുകിഴക്കന്‍ പ്രദേശങ്ങള്‍ ഒറ്റപ്പെട്ടുകഴിയുന്ന ദുരവസ്ഥയ്ക്കു പരിഹാരമുണ്ടാക്കാനുള്ള ശ്രമത്തിലാണു നാം. രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയ്ക്കും മറ്റു മേഖലകള്‍ക്കും വികസിക്കാമെങ്കില്‍ വടക്കുകിഴക്കന്‍ മേഖലയുടെ വികസനം സാധ്യാമാകാതിരിക്കാന്‍ ഞാനൊരു കാരണവും കാണുന്നില്ല. വടക്കുകിഴക്കന്‍ മേഖലയുള്‍പ്പെടെ വികസിച്ചാല്‍ ഇന്ത്യക്ക് ഏറെ മുന്നോട്ടുപോകാന്‍ സാധിക്കുമെന്നു വിശ്വസിക്കുകയും ചെയ്യുന്നു. ഈ മേഖല തന്ത്രപരമായ കാരണങ്ങളാല്‍ നമുക്കു പരമപ്രധാനമാണ്. ഈ പ്രദേശത്തെ വികസിതമായ മറ്റു മേഖലകള്‍ക്കു സമാനം വികസിപ്പിക്കണമെന്നാണ് എന്റെ ദൃഢമായ ചിന്ത.
ഈ ബജറ്റില്‍ വടക്കുകിഴക്കന്‍ മേഖലയ്ക്കായി 30,000 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ഈ മേഖലയുടെ വികസനത്തിനായി ഈ തുക ഉപയോഗപ്പെടുത്തുന്നുവെന്നു ശ്രദ്ധാപൂര്‍വം നാം ഉറപ്പു വരുത്തണം.
മല്‍സരാധിഷ്ഠിതവും സഹകരണാടിസ്ഥാനത്തിലുള്ളതുമായ ഫെഡറലിസത്തിലാണു നാം വിശ്വസിക്കുന്നത്. കരുത്തേറിയതും ഇനിയും വളര്‍ച്ച നേടേണ്ടതുമായ സംസ്ഥാനങ്ങള്‍ക്ക് ആവശ്യത്തിന് അധികാരവും വിഭവങ്ങളും ലഭ്യമാക്കണം. ശക്തമല്ലാത്ത സംസ്ഥാനങ്ങള്‍ക്ക് അവര്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കണം. ഈ നയം പിന്തുടര്‍ന്നാണ് മുഖ്യമന്ത്രിമാരുടെ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രധാന കേന്ദ്രപദ്ധതികള്‍ക്കായി 90:10 എന്ന അനുപാതത്തിലും അപ്രധാന പദ്ധതികല്‍ക്ക് 80:20 എന്ന അനുപാതത്തിലും സഹായം നല്‍കാന്‍ തീരുമാനിച്ചത്.
ഈയിടെ, ആസാമില്‍ ബ്രഹ്മപുത്ര ക്രാക്കര്‍ ആന്‍ഡ് പോളിമെര്‍ ലിമിറ്റഡ്, നുമാലിഗഢ് റിഫൈനറി ലിമിറ്റഡിന്റെ വാക്‌സ് യൂണിറ്റ് എന്നീ രണ്ടു പ്രധാന പദ്ധതികള്‍ നാം ആരംഭിച്ചിട്ടുണ്ട്. വടക്കുകിഴക്കന്‍ മേഖലയില്‍ ഏറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ബൃഹദ്പദ്ധതികളാണിവ. പക്ഷേ, ഈ പദ്ധതികള്‍ പൂര്‍ത്തിയാകാന്‍ ഏറെ വര്‍ഷങ്ങള്‍ വേണ്ടിവന്നു.
ചെലവുകൂടാത്ത വിധം പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നുവെന്നുറപ്പിക്കാന്‍ നമുക്കു സാധിക്കണം. അപ്പോഴേ ഈ പദ്ധതികള്‍കൊണ്ടുള്ള നേട്ടങ്ങള്‍ ശരിയാംവണ്ണം ലഭ്യമാകൂ.
തെക്കുകിഴക്കന്‍ ഏഷ്യയിലേക്കുള്ള പ്രവേശനകവാടമാണ് വടക്കുകിഴക്കന്‍ മേഖല. ഇതിന്റെ നേട്ടം നമുക്കു കൊയ്യേണ്ടിയിരിക്കുന്നു. റോഡ്, റെയില്‍ മാര്‍ഗങ്ങള്‍ നാം അയല്‍രാജ്യങ്ങളിലേക്കു തുറന്നിടുകയാണ്. ഇത് ഈ മേഖലയുടെ സാമ്പത്തികവളര്‍ച്ചയ്ക്ക് ഉണര്‍വേകും.
2014 ജൂലൈ 18നു നാം വടക്കുകിഴക്കന്‍ മേഖലയില്‍ പ്രത്യേക തരം ഹൈവേകള്‍ നിര്‍മിക്കുന്നതിനായി നാഷണല്‍ ഹൈവേസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലെപ്‌മെന്റ് കോര്‍പറേഷന്‍ ആരംഭിച്ചിട്ടുണ്ട്. മേഖലയിലെ എല്ലാ സംസ്ഥാനങ്ങളിലും കോര്‍പറേഷന് ഓഫീസുകള്‍ ഉണ്ട്. ഇപ്പോള്‍ 35 പ്രോജക്ടുകളിലായി 1001 കിലോമീറ്റര്‍ റോഡിന്റെ പ്രവര്‍ത്തനം നടത്തിവരികയാണ്. പതിനായിരം കോടി രൂപയുടെ പദ്ധതികളാണു നടപ്പാക്കുന്നത്.
റോഡ് നിര്‍മാണത്തിന്റെ കാര്യത്തില്‍ ഈ പ്രദേശത്തെ കാലാവസ്ഥ വിലയിരുത്തേണ്ടതുണ്ട്. ഇവിടെ മിക്ക പ്രദേശങ്ങളിലും നല്ല മഴയുണ്ടാകും. പ്രകൃതിദുരന്തങ്ങള്‍ക്കും ഉരുള്‍പൊട്ടലിനും സാധ്യത ഏറെയാണ്. ഈ സാഹചര്യത്തില്‍, റോഡുകള്‍ നിര്‍മിക്കുന്നതിനു സവിശേഷമായ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തേണ്ടതുണ്ട്.
അടുത്തിടെ, ബംഗ്ലാദേശുമായി സഹകരിച്ച് വടക്കുകിഴക്കന്‍ മേഖലയ്ക്കായി വേഗംകൂടിയ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഏര്‍പ്പെടുത്തിയിട്ടുണ്ട്. തടസ്സമില്ലാതെ 10 ജിബി ബാന്‍ഡ്‌വിഡ്ത് ഇതോടെ ലഭ്യമാകും.
എട്ടു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കായി പതിനായിരം കോടി രൂപ ചെലവില്‍ വൈദ്യുതിവിതരണപദ്ധതി നടപ്പാക്കിവരികയാണ്. ഇതുവഴി കൂടുതല്‍ സ്ഥലങ്ങളില്‍ വൈദ്യുതി എത്തിക്കാന്‍ സാധിക്കും. അടുത്തിടെ പ്രവര്‍ത്തനമാരംഭിച്ച വിശ്വനാഥ്-ചാരിയാലി-ആഗ്ര പ്രസരണലൈന്‍ 500 മെഗാവാട്ട് വൈദ്യുതി അധികമായി മേഖലയില്‍ എത്തിക്കുന്നുണ്ട്.
പതിനായിരം കോടിയുടെ വികസനപദ്ധതിയാണു റെയില്‍വേ വടക്കുകിഴക്കന്‍ പ്രദേശങ്ങള്‍ക്കായി ആരംഭിച്ചിട്ടുള്ളത്. 2014 നവംബറില്‍ അരുണാചല്‍ പ്രദേശും മേഘാലയയും ഇന്ത്യന്‍ റെയില്‍ഭൂപടത്തില്‍ ഇടം നേടി. ത്രിപുരയിലെ അഗര്‍ത്തലയിലേക്കു ബ്രോഡ്‌ഗേജ് പാത ആരംഭിക്കുകയും ചെയ്തു. എല്ലാ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും റെയില്‍ബന്ധമെത്തിക്കാനുള്ള പ്രവര്‍ത്തനത്തിലാണു നാം.
900 കിലോമീറ്റര്‍ പാതയാണു കഴിഞ്ഞ രണ്ടു വര്‍ഷത്തിനകം ബ്രോഡ്‌ഗേജ് ആക്കിയത്. ഇനി 50 കിലോമീറ്റര്‍ മാത്രമേ ഈ വര്‍ഷം മാറ്റാനായി ബാക്കിയുള്ളൂ.
മേഖലയുടെ വളര്‍ച്ചയ്ക്കായി ഉപയോഗപ്പെടുത്താവുന്ന സാധ്യതകള്‍ ഈ പ്രദേശത്തുതന്നെ ഏറെയുണ്ട്. ഈ ഭാഗത്തെ എല്ലാ സംസ്ഥാനങ്ങളും പ്രകൃതിഭംഗിയാലും വ്യതിരിക്തമായ ചരിത്രപരവും സാംസ്‌കാരികവും പ്രാദേശികവുമായ പാരമ്പര്യത്താലും അനുഗൃഹീതമാണ്. ഇത് അനന്തമായ ടൂറിസം സാധ്യതകളാണു തുറന്നിടുന്നത്. പര്‍വതാരോഹണത്തിനും ട്രക്കിങ്ങിനും സാഹസിക വിനോദസഞ്ചാരത്തിനും സൗകര്യങ്ങളേറെയുണ്ട്. ശരിയാംവിധം വികസിപ്പിച്ചെടുക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യാമെങ്കില്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങളുള്ള മേഖലയായി ഇതു മാറും. പ്രദേശത്തിന്റെയാകെ വരുമാനം വര്‍ധിക്കാനും ഇതു സഹായകമാകും.
വടക്കുകിഴക്കന്‍ മേഖലയ്ക്കായി ഒരു തീമാറ്റിക് റൂട്ട് ടൂറിസം മന്ത്രാലയം കണ്ടെത്തിയിട്ടുണ്ടെന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. ലോകം മുഴുവനുള്ള സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഉതകുംവിധം പദ്ധതി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഉപയോഗപ്പെടുത്തുമെന്നാണു ഞാന്‍ പ്രതീക്ഷിക്കുന്നത്. ടൂറിസം പദ്ധതിയിലേക്ക് അയല്‍രാഷ്ട്രങ്ങളിലെ ചില സ്ഥലങ്ങള്‍കൂടി ഉപയോഗപ്പെടുത്തിയുള്ള പദ്ധതി തയ്യാറാക്കാവുന്നതാണ്.
ഈ മേഖലയിലെ യുവാക്കളേറെയും ഇംഗ്ലീഷ് സംസാരിക്കുന്നവരാണ്. കണക്ടിവിറ്റി വര്‍ധിപ്പിക്കുകയും ഭാഷാനൈപൂണ്യം വികസിപ്പിക്കുകയുംവഴി ബി.പി.ഒ. വ്യവസായം ഈ മേഖലയില്‍ വ്യാപകമാക്കാവുന്നതാണ്. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയില്‍ വടക്കുകിഴക്കന്‍ മേഖലയില്‍ ബി.പി.ഒകളെ പ്രോല്‍സാഹിപ്പിക്കാനുള്ള പദ്ധതിക്ക് ഗവണ്‍മെന്റ് അംഗീകാരം നല്‍കിയിട്ടുണ്ട്. സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ബി.പി.ഒകള്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യമുണ്ടാക്കാന്‍ സംസ്ഥാനങ്ങള്‍ക്കു സാധിക്കണം. ഇതു തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കും.
ആകര്‍ഷകമായ പഴങ്ങള്‍ക്കും പൂക്കള്‍ക്കും പച്ചക്കറിക്കും സുഗന്ധമുള്ള ചെടികള്‍ക്കും കുറ്റിച്ചെടികള്‍ക്കും പ്രശസ്തമാണ് വടക്കുകിഴക്കന്‍ മേഖല. ജൈവകൃഷി നടപ്പാക്കാമെങ്കില്‍ അത് ഈ പ്രദേശങ്ങള്‍ക്ക് ഏറെ ഗുണകരമായിരിക്കും.
ഏതാനും മാസങ്ങള്‍ക്കു മുമ്പ് സിക്കിമിനെ ആദ്യ ജൈവ സംസ്ഥാനമായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ ഞാന്‍ സംബന്ധിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങള്‍ക്കു സിക്കിമിനെ മാതൃകയാക്കാവുന്നതാണ്. ഇക്കാര്യത്തില്‍ നോര്‍ത്ത് ഈസ്റ്റ് കൗണ്‍സിലിനും വളരെയേറെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. രാജ്യത്തിന്റെ ജൈവഭക്ഷണക്കലവറയായിത്തീരാന്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കു സാധിക്കും. ജൈവ ഉല്‍പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടിവരുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ വരുമാനം ഗണ്യമായി ഉയരാന്‍ ഇതു സഹായകമാകും.
ഈ പ്രദേശങ്ങളില്‍ വലിയൊരു ജനവിഭാഗം കഴിയുന്നുണ്ട്. ആസാമിന്റെ കാര്യമെടുക്കുകയാണെങ്കില്‍ ആകെ ജനസംഖ്യയുടെ 86 ശതമാനവും കഴിയുന്നതു ഗ്രാമപ്രദേശങ്ങളിലാണ്. ക്ലസ്റ്റര്‍ മാതൃകയില്‍ ഗ്രാമപ്രദേശങ്ങളില്‍ വികസനം യാഥാര്‍ഥ്യമാക്കുന്നതിനായി നാം ശ്യാമപ്രസാദ് മുഖര്‍ജി മിഷനു തുടക്കമിട്ടിട്ടുണ്ട്. ഗ്രാമങ്ങളുടെ വികസനത്തിനായി മിഷനെ ഉപയോഗപ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ ഉല്‍സാഹം കാട്ടണം.
അവസാനമായി, പ്ലീനറി സമ്മേളനം ഷില്ലോങ്ങില്‍ വിജയകരമായി സംഘടിപ്പിച്ചതിന് നോര്‍ത്ത ഈസ്‌റ്റേണ്‍ കൗണ്‍സില്‍ ചെയര്‍മാനും അംഗങ്ങള്‍ക്കും നന്ദി അറിയിക്കുകയാണ്.
ഈ യോഗത്തിന് ആതിഥ്യമരുളിയതിന് ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും പ്രത്യേക നന്ദി. ഈ സമ്മേളനത്തിലെ ചര്‍ച്ചകള്‍ മേഖലയുടെ വികാസത്തിനു ദിശാബോധം പകരുമെന്ന് എനിക്കുറപ്പാണ്.
നന്ദി.
Spoke at length about development issues in the North east during the Northeastern Council Plenary meet in Shillong. https://t.co/jUGXr8cSBc
— Narendra Modi (@narendramodi) May 27, 2016
Emphasised on need to re-orient & upgrade the Northeastern Council & focus on areas like skill development, entrepreneurship & job creation
— Narendra Modi (@narendramodi) May 27, 2016
Centre’s focus on Northeast is manifested in our ‘Act East Policy.’ We want to particularly improve connectivity, infrastructure & tourism.
— Narendra Modi (@narendramodi) May 27, 2016
I am particularly keen to see the Northeast shine in the organic farming sector. Northeast can become the organic food basket of India!
— Narendra Modi (@narendramodi) May 27, 2016