Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ന്യൂഡല്‍ഹിയില്‍ നടന്ന പതിനൊന്നാമത് അന്തര്‍ സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്ത്കൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍

ന്യൂഡല്‍ഹിയില്‍ നടന്ന പതിനൊന്നാമത് അന്തര്‍ സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്ത്കൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍


മുഖ്യമന്ത്രിമാരേ, സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ലെഫ്റ്റനന്റ് ഗവര്‍ണര്‍മാരേ, മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരേ,

അന്തര്‍ സംസ്ഥാന സമിതയുടെ പ്രധാനപ്പെട്ട ഈ യോഗത്തിലേക്കു നിങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു.

കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍ ഒരുമിച്ചുകൂടുന്ന സന്ദര്‍ഭങ്ങള്‍ വിരളമാണ്. സഹകരണാടിസ്ഥാനത്തിലുള്ള ഫെഡറലിസത്തിന്റെ ഈ വേദി, ജനതാല്‍പര്യത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാനും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനും ആവശ്യമായ സംയുക്തവും ദൃഢവുമായ തീരുമാനങ്ങള്‍ കൈക്കൊള്ളാനുമുള്ള ഫലപ്രദമായ സംവിധാനമാണ്. ഇതു നമ്മുടെ ഭരണഘടനാ നിര്‍മാതാക്കളുടെ കാഴ്ചപ്പാടിനെ ഉയര്‍ത്തിപ്പിടിക്കുന്നു.

16 വര്‍ഷം മുമ്പ് നമ്മുടെ പ്രിയപ്പെട്ട മുന്‍ പ്രധാനമന്ത്രി ശ്രീ. അടല്‍ ബിഹാരി വാജ്‌പേയി ഇതേ വേദിയില്‍ പറഞ്ഞ കാര്യം ഓര്‍ത്തുകൊണ്ടു തുടങ്ങട്ടെ: ‘നമ്മുടേതുപോലെ വലുതും വൈജാത്യം നിറഞ്ഞതുമായ ഒരു രാഷ്ട്രത്തില്‍ സംവാദങ്ങളും ചര്‍ച്ചകളും യാഥാര്‍ഥ്യങ്ങള്‍ക്കനുസൃതമായുള്ള നയങ്ങള്‍ രൂപീകരിക്കപ്പെടുന്നതിന് സഹായകമാകും. അതിലുപരി, അത്തരം നയങ്ങള്‍ ഫലപ്രദമായി നടപ്പാക്കപ്പെടുന്നതിന് ഗുണകരമാകുകയും ചെയ്യും.

നയങ്ങള്‍ രൂപപ്പെടുത്തുന്നതിനും അവയുടെ നടത്തിപ്പ് ഉറപ്പുവരുത്തുന്നതിനും ഉപയോഗപ്പെടുത്താവുന്ന ഗവണ്‍മെന്റുകള്‍ ചേര്‍ന്നുള്ള സംവിധാനമാണ് അന്തര്‍സംസ്ഥാന സമിതി. അതുകൊണ്ടുതന്നെ, നമ്മുടെ ജനാധിപത്യത്തെയും സമൂഹത്തെയും ഭരണസംവിധാനത്തെയും ശക്തിപ്പെടുത്താനുള്ള ഉപകരണമായി ഇതിനെ കാണണമെന്നു സംസ്ഥാനങ്ങളോട് ആഹ്വാനം ചെയ്യുകയാണ്.’

അന്തര്‍സംസ്ഥാന സമിതി കേന്ദ്ര-സംസ്ഥാനബന്ധവും സംസ്ഥാനങ്ങള്‍ തമ്മിലുള്ള ബന്ധവും ശക്തിപ്പെടുത്തുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട വേദിയാണ്. 2006 മുതല്‍ നീണ്ട ഇടവേളയുണ്ടായെങ്കിലും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ജി നടത്തിയ ശ്രമങ്ങളുടെ ഫലമായി പ്രവര്‍ത്തനം പുനരുജ്ജീവിപ്പിക്കാന്‍ സാധിച്ചതില്‍ എനിക്കു സന്തോഷമുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അഞ്ചു മേഖലാ യോഗങ്ങള്‍ അദ്ദേഹം വിളിച്ച് കൂട്ടിയിട്ടുണ്ട്. ആശയവിനിമയവും പരസ്പരബന്ധവും സജീവമായതാണ് ഇന്നത്തെ ഈ കൂട്ടായ്മയിലേക്കു നയിച്ചത്.

കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകള്‍ തോളോടുതോള്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചാല്‍ മാത്രമേ രാജ്യത്തിനു പുരോഗതി നേടാനാകൂ. ഏതൊരു ഗവണ്‍മെന്റിനും മറ്റു സഹായങ്ങളില്ലാതെ സ്വയം ഒരു പദ്ധതിയും പ്രാവര്‍ത്തികമാക്കാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ, മതിയായ സാമ്പത്തിക സ്രോതസ്സുകളെന്നപോലെ പ്രധാനമാണു പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാനുള്ള ഉത്തരവാദിത്തവും.

പതിനാലാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശകള്‍ അംഗീകരിക്കപ്പെട്ടതോടെ കേന്ദ്ര നികുതികളിലെ സംസ്ഥാനവിഹിതം 32ല്‍നിന്നു 42 ശതമാനമായി ഉയര്‍ന്നു. ഇതിന്റെ അര്‍ഥം സംസ്ഥാനങ്ങള്‍ കൂടുതല്‍ സാമ്പത്തിക സ്രോതസ്സുകള്‍ ലഭിച്ചുവെന്നാണ്. 2014-15ല്‍ ലഭിച്ചതിലും 21 ശതമാനം കൂടുതലാണ് 2015-16ല്‍ സംസ്ഥാനങ്ങള്‍ക്കു കേന്ദ്രത്തില്‍നിന്നു ലഭിച്ച തുകയെന്നറിയിക്കുന്നതില്‍ എനിക്കു സന്തോഷമുണ്ട്. അതുപോലെ, പതിനാലാം ധനകാര്യ കമ്മീഷന്‍ കാലയളവില്‍ പഞ്ചായത്തുകള്‍ക്കും നഗരപ്രദേശങ്ങളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും 2.87 ലക്ഷം കോടി രൂപ ലഭിക്കും. ഇതു കഴിഞ്ഞ തവണ ലഭിച്ചതിലും ഏറെ കൂടുതലാണ്.

പ്രകൃതിവിഭവങ്ങളുടെ ലേലത്തില്‍നിന്നു ലഭിക്കുന്ന തുകയില്‍ പോലും സംസ്ഥാനങ്ങള്‍ക്ക് അവയ്ക്കു മേലുള്ള അവകാശം പരിഗണിച്ചിട്ടുണ്ട്. വരുംവര്‍ഷങ്ങളില്‍ കല്‍ക്കരിപ്പാടം ലേലത്തിലൂടെ സംസ്ഥാനങ്ങള്‍ക്ക് 3.35 ലക്ഷം കോടി രൂപ ലഭിക്കും. മറ്റു ഖനികളില്‍നിന്ന് 18,000 കോടി രൂപയും ലഭിക്കും. അതുപോലെ, കാംപ നിയമത്തിലൂടെ ബാങ്കുകളില്‍ നിഷ്‌ക്രിയാസ്തിയായി കിടക്കുന്ന 40,000 കോടി രൂപ സംസ്ഥാനങ്ങള്‍ക്കു കൈമാറാന്‍ ശ്രമം നടത്തിവരികയാണ്.

സുതാര്യത നടപ്പാക്കുകവഴി ലഭിക്കുന്ന നേട്ടത്തിന്റെ പങ്ക് സംസ്ഥാനങ്ങള്‍ക്കു കൈമാറാനും കേന്ദ്ര ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നു. മണ്ണെണ്ണ ഒരു ഉദാഹരണമാണ്. ഗ്രാമങ്ങളില്‍ വൈദ്യുതി കണക്ഷന്‍ വര്‍ധിച്ചുവരികയാണ് കേന്ദ്രഗവണ്‍മെന്റ് വരുന്ന മൂന്നു വര്‍ഷത്തിനകം അഞ്ചു കോടി ഗ്യാസ് കണക്ഷനുകള്‍ നല്‍കും. ദ്രവീകൃത പ്രകൃതിവാതകത്തിന്റെ വിതരണം കൂടുതല്‍ വ്യാപിപ്പിക്കും. ഇതെല്ലാം മണ്ണെണ്ണയുടെ ഉപയോഗത്തില്‍ പ്രത്യക്ഷമായി പ്രതിഫലിക്കും. അടുത്തിടെ, ചണ്ഡീഗഢ് ഭരണകൂടം നഗരത്തെ മണ്ണെണ്ണവിമുക്തമായി പ്രഖ്യാപിച്ചു. മണ്ണെണ്ണ ഉപയോഗം കുറച്ചുകൊണ്ടുവരുന്ന സംസ്ഥാനങ്ങള്‍ക്ക് അതില്‍നിന്നുണ്ടാകുന്ന സാമ്പത്തിക നേട്ടത്തിന്റെ 75 ശതമാനം കൈമാറുന്ന പദ്ധതി കേന്ദ്രം നടപ്പാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ പരിശ്രമം നടത്തുന്ന കര്‍ണാടക ഗവണ്‍മെന്റ് പെട്രോളിയം മന്ത്രാലയത്തിനു പദ്ധതിനിര്‍ദേശം സമര്‍പ്പിച്ചിരുന്നു. ഇത് അംഗീകരിച്ച് ഗ്രാന്റ് അനുവദിച്ചു. എല്ലാ സംസ്ഥാനങ്ങളും മണ്ണെണ്ണ ഉപയോഗം 25 ശതമാനം വെട്ടിക്കുറയ്ക്കുന്നതില്‍ വിജയിച്ചാല്‍ അവര്‍ക്കു പ്രതിവര്‍ഷം 1,600 കോടി രൂപ ഗ്രാന്റായി ലഭിക്കും.

കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ക്കപ്പുറം, നമ്മുടെ ജനസംഖ്യയിലെ വലിയ വിഭാഗങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യാനുള്ള വേദി കൂടിയാണ് അന്തര്‍സംസ്ഥാന സമിതി. നയരൂപീകരണഘട്ടത്തില്‍ നമുക്കെങ്ങനെ സമവായത്തിലെത്താന്‍ സാധിക്കും? പരസ്പരം താല്‍പര്യമുള്ള കാര്യങ്ങള്‍ നാമെങ്ങനെ ചര്‍ച്ച ചെയ്യും?

അതിനാല്‍, ഈ അന്തര്‍സംസ്ഥാന സമിതി യോഗത്തില്‍ പൂഞ്ചി കമ്മീഷന്‍ റിപ്പോര്‍ട്ടിന് പുറമെ അജണ്ടയില്‍ മൂന്നു പ്രധാന കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതിലൊ ആധാറാണ്. ആധാര്‍ നിയമം- 2016 പാര്‍ലമെന്റ് പാസാക്കിയതാണ്. ഇതോടെ സബ്‌സിഡിക്കും മറ്റു സേവനങ്ങള്‍ക്കുമായുള്ള നേരിട്ടുള്ള ആനുകൂല്യ വിതരണത്തിനായി ആധാര്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കും.
128 കോടി ജനസംഖ്യയുള്ള രാജ്യത്ത് ഇതുവരെ 102 കോടി ആധാര്‍ കാര്‍ഡുകള്‍ വിതരണം ചെയ്തുകഴിഞ്ഞു. മുതിര്‍വരില്‍ 96 ശതമാനം പേര്‍ക്കും ആധാര്‍ കാര്‍ഡുണ്ട്. നിങ്ങളുടെ പിന്തുണയോടെ, ഈ വര്‍ഷാവസാനത്തോടെ രാജ്യത്തെ ഓരോ പൗരനും ആധാര്‍ കാര്‍ഡ് ലഭ്യമാക്കും.

ആധാര്‍ കാര്‍ഡ് ഇപ്പോള്‍ ശാക്തീകരണത്തിന്റെ ഒരു ചിഹ്നമാണ്. പണം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കാണു കൈമാറപ്പെടുതെു വതോടെ ആനുകൂല്യങ്ങള്‍ അര്‍ഹരായ വ്യക്തികളിലേക്കു നേരിട്ടെത്തുന്ന സാഹചര്യമുണ്ടായി. ഇതു സുതാര്യത ഉറപ്പാക്കും എന്ന മാത്രമല്ല, ആയിരക്കണക്കിനു രൂപ ലാഭിക്കാന്‍ സഹായിക്കുകയും ചെയ്തു. ആ പണം വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുകയാണ്.

സുഹൃത്തുക്കളേ, ബാബാ സാഹേബ് അംബേദ്കര്‍ എഴുതിയിട്ടുണ്ട്: ‘സ്വര്‍ഗത്തിലേക്കുള്ള പാതയെ പോലെ, ഇന്ത്യയില്‍ സാമൂഹികപരിഷ്‌കാരത്തിലേക്കുള്ള പാത ബുദ്ധിമുട്ടുകള്‍ നിറഞ്ഞതാണ്. ഇന്ത്യയില്‍ സാമൂഹികപരിഷ്‌കാരത്തിനു വളരെ ചുരുക്കം സുഹൃത്തുക്കളും ഒട്ടേറെ വിമര്‍ശകരുമാണ് ഉള്ളത്.’

അദ്ദേഹം എഴുതിയ വാക്കുകള്‍ ഇപ്പോള്‍ പ്രസക്തമാകുകയാണ്. അതുകൊണ്ട്, വിമര്‍ശനത്തെ തള്ളി, പരസ്പര സഹകരണത്തിലൂടെ സാമൂഹിക പരിഷ്‌കരണ പദ്ധതികള്‍ പ്രോല്‍സാഹിപ്പിക്കുതിനു നാം ഊല്‍ നല്‍കണം. നിതി ആയോഗിനു കീഴില്‍ മുഖ്യമന്ത്രിമാരുടെ ചെറു ഗ്രൂപ്പുകളാണ് ഇതില്‍ പല പദ്ധതികളും വിഭാവനം ചെയ്തത്.

അന്തര്‍സംസ്ഥാന സമിതിയുടെ മറ്റൊരു പ്രധാന ചര്‍ച്ചാവിഷയം വിദ്യാഭ്യാസമാണ്. ഇന്ത്യയുടെ ഏറ്റവും വലിയ സ്വത്ത് യുവത്വമാണ്. 30 കോടിയിലേറെ കുട്ടികള്‍ സ്‌കൂള്‍വിദ്യാഭ്യാസ പ്രായക്കാരാണ്. അതിനാല്‍, വരുംവര്‍ഷങ്ങളില്‍ ലോകത്തിനു നൈപുണ്യമുള്ള മനുഷ്യവിഭവം പ്രദാനം ചെയ്യാനുള്ള കഴിവ് നമ്മുടെ രാജ്യത്തിനുണ്ട്. തങ്ങളുടെ നൈപുണ്യം വികസിപ്പിക്കുതിനും കാലത്തിന്റെ ആവശ്യങ്ങള്‍ക്കനുസൃതമായി സ്വയം സജ്ജരാകാനും നമ്മുടെ കുട്ടികളെ പ്രാപ്തരാക്കുന്ന അന്തരീക്ഷം ലഭ്യമാക്കാന്‍ കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ചു പ്രവര്‍ത്തിക്കണം.

പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ പറഞ്ഞിട്ടുണ്ട്: ‘വിദ്യാഭ്യാസം ഒരു നിക്ഷേപമാണ്. വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുമ്പോള്‍ നാം അവയില്‍നിന്നു ഫീ ഈടാക്കുന്നില്ല. ഈ വൃക്ഷങ്ങള്‍ ഭാവിയില്‍ ഓക്‌സിജന്‍ തരുമെന്നും പരിസ്ഥിതിയെ മെച്ചപ്പെടുത്തുമെന്നും നമുക്കറിയാം. ഇതുപോലെ, സമൂഹത്തിനു നേട്ടമുണ്ടാക്കുന്ന നിക്ഷേപമാണു വിദ്യാഭ്യാസവും.’

പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ ജീ ഇതു പറഞ്ഞത് 1965ലാണ്. അന്നു മുതല്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നാം ഏറെ ദൂരം മുന്നോട്ടുപോയി. പക്ഷേ, വിദ്യാഭ്യാസ നിലവാരത്തിന്റെ കാര്യത്തില്‍ ഏറെ ചെയ്യാനുണ്ട്. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം കുട്ടികള്‍ക്കു യഥാര്‍ഥത്തില്‍ എത്രത്തോളം വിദ്യ പകരുന്നുണ്ടെത് ചര്‍ച്ച ചെയ്യണം.

വിദ്യാര്‍ഥികളുടെ പഠന നിലവാരം ഉയര്‍ത്താനുള്ള ഏറ്റവും നല്ല പോംവഴി അവരെ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചു ബോധവല്‍ക്കരിക്കുക എതാണ്. കേവലം സ്‌കൂളില്‍ പോകലല്ല, വിദ്യാഭ്യാസം. വിദ്യാഭ്യാസം കുട്ടികളില്‍ ജിജ്ഞാസ വളര്‍ത്തണം. അറിവു നേടേണ്ടതും വര്‍ധിപ്പിക്കേണ്ടതും എങ്ങനെയെന്ന് അത് അവരെ പഠിപ്പിക്കണം. ജീവിതകാലം മുഴുവന്‍ പഠിച്ചുകൊണ്ടേയിരിക്കാന്‍ അത് അവരെ പ്രേരിപ്പിക്കണം.

കേവലം പുസ്തകപഠനമല്ല വിദ്യാഭ്യാസമെന്ന് സ്വാമി വിവേകാനന്ദനും പറയാറുണ്ടായിരുന്നു. സ്വഭാവരൂപീകരണമാണു വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ഒരാള്‍ക്കു സ്വാശ്രയത്വമാര്‍ജിക്കാന്‍ സാധിക്കുംവിധം മനസ്സിനെ ശക്തിപ്പെടുത്തുകയും ഒരാളുടെ ബുദ്ധിശക്തി വര്‍ധിപ്പിക്കുകയുമാണ് വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത്.

ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ സമ്പദ്‌വ്യവസ്ഥയില്‍ ആവശ്യമായ കഴിവും കാര്യപ്രാപ്തിയും പരിഗണിക്കുമ്പോള്‍, ചില മേഖലകളിലെങ്കിലും നമ്മുടെ യുവാക്കള്‍ക്കു നൈപുണ്യമുണ്ടെന്ന് ഉറപ്പു വരുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. യുക്തിപൂര്‍വവും വ്യത്യസ്തമായ രീതിയിലും ചിന്തിക്കാനും സൃഷ്ടിപരമായി പ്രവര്‍ത്തിക്കാനും നമ്മുടെ യുവാക്കളെ സജ്ജരാക്കേണ്ടതുണ്ട്.
ഇന്നത്തെ അജണ്ടയിലെ മറ്റൊരു പ്രധാനപ്പെട്ട കാര്യം ആഭ്യന്തര സുരക്ഷയാണ്. രാജ്യം നേരിടുന്ന ആഭ്യന്തര സുരക്ഷാ വെല്ലുവിളികളും അവയ്ക്കുള്ള പരിഹാരങ്ങളും ഇക്കാര്യത്തില്‍ ആവശ്യമായ പരസ്പര സഹകരണവും സംബന്ധിച്ച് നമുക്കു ചര്‍ച്ച ചെയ്യേണ്ടതുണ്ട്. രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കുവെക്കുകയും അന്വേഷണ ഏജന്‍സികള്‍ക്കിടയില്‍ ഫലപ്രദമായ ഏകോപനമുണ്ടാവുകയും പുതിയ രീതികളും സാങ്കേതികവിദ്യയുമായി നമ്മുടെ പൊലീസിനെ സജ്ജരാക്കുകയും ചെയ്യാതെ രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷ കരുത്തുറ്റതാക്കാന്‍ സാധിക്കില്ല. ഈ രംഗത്ത് ഏറെ നേട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും കഴിവും ശേഷിയും തുടര്‍ച്ചയായി വര്‍ധിപ്പിക്കേണ്ടതുണ്ട്. നാം എപ്പോഴും ജാഗ്രത പുലര്‍ത്തുകയും എല്ലാ കാര്യങ്ങളും അറിഞ്ഞിരിക്കുകയും വേണം.

മറയില്ലാതെ വളരെ സ്വതന്ത്രമായി സംസാരിക്കുന്നതിനുള്ള അവസരമാണ് അന്തര്‍ സംസ്ഥാന സമിതി പ്രദാനം ചെയ്യുന്നത്. അജണ്ടയിലെ എല്ലാ ഇനങ്ങളെ സംബന്ധിച്ചും തുറന്ന് സംസാരിക്കാന്‍ നിങ്ങള്‍ തയ്യാറാകുമെന്ന് എനിക്കുറപ്പാണ്. അതു വളരെ വിലയേറിയ കാര്യമാണു താനും.

ഈ പ്രധാന വിഷയങ്ങളില്‍ എത്രത്തോളം സമവായമുണ്ടാക്കാന്‍ നമുക്കു സാധിക്കുന്നുവോ അവയെ നേരിടുന്നതില്‍ അത് അത്രത്തോളം സഹായകമായിരിക്കും. അങ്ങനെ ചെയ്യുകവഴി, സഹകരണാടിസ്ഥാനത്തിലുള്ള ഫെഡറലിസമെന്ന ആശയത്തെയും കേന്ദ്ര-സംസ്ഥാന ബന്ധത്തെയും ശക്തിപ്പെടുത്തുക മാത്രമല്ല, നമ്മുടെ പൗരന്‍മാര്‍ക്കു മെച്ചമാര്‍ന്ന ഭാവി ഉറപ്പാക്കുക കൂടി ചെയ്യുകയാണ്.